തീൻമേശയിൽ ചൂടുദോശയും ചമ്മന്തിയും എടുത്തു വച്ച ശേഷം നന്ദിനി വിപിൻ ചന്ദ്രനെ വിളിച്ചു. കുട്ടികളെ വിളിച്ചാലും അവർ ഉടനെയൊന്നും കഴിക്കാൻ സാധ്യതയില്ല.
“വേഗം വന്നു കഴിക്കൂ. ചൂടാറിയാ പിന്നെ ടേസ്റ്റ് ഇല്ലാന്നു പറഞ്ഞ് കുറ്റം പറയരുത്.”
നന്ദിനി ചെറിയൊരു പരിഭവത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞ ശേഷം അടുക്കളയിലേക്ക് തിരക്കിട്ടു നടന്നു. മൂന്നുപേർക്കും ലഞ്ച് ബോക്സ് നിറയ്ക്കണം. അതും കൂടി കൊടുത്തു വിട്ടാലേ നന്ദിനിയുടെ തിരക്ക് തീരൂ. രാവിലെ ഇവരൊക്കെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ രാത്രിയാവും മടങ്ങിയെത്താൻ.
വിപിൻ വേഗം വന്നു ദോശ കഴിക്കാൻ തുടങ്ങി. പേപ്പർ വായിച്ചു കൊണ്ടാണ് കഴിക്കൽ. അൽപനേരം കഴിഞ്ഞപ്പോൾ ബ്രേയ്ക്ക് ഫാസ്റ്റ് കഴിക്കാൻ വന്നിരിക്കുമ്പോഴും രണ്ട് ആൺമക്കളുടെയും കണ്ണുകൾ മൊബൈൽ ഫോണിൽ തന്നെ. അവരെല്ലാം കഴിച്ച് വീട്ടിൽ നിന്നിറങ്ങിയ ശേഷം ആഘോഷമായി ഭക്ഷണം കഴിക്കാനാണ് നന്ദിനിക്കിഷ്ടം.
സോനുവും രാഹുലും ഫോണിൽ നിന്ന് കണ്ണെടുക്കുന്നതേയില്ല. അതു കണ്ടപ്പോൾ നന്ദിനിയ്ക്ക് അരിശം വന്നു. “ഭക്ഷണം കഴിക്കുമ്പോഴെങ്കിലും ഇതൊന്നു മാറ്റി വച്ചു കൂടെ? ദിവസം മുഴുവൻ പുറത്താണ്. അപ്പോഴൊക്കെ ഫോൺ നോക്കാലോ?”
ഇതുകേട്ടപ്പോൾ വിപിന് കുറച്ച് ദേഷ്യം വന്നു. “നീ എന്താ രാവിലെ എല്ലാവരെയും ദേഷ്യം പിടിപ്പിക്കാനുള്ള ശ്രമമാണോ? അവർ ഫോണിലോ എന്തു കുന്തത്തിലോ ചെയ്യട്ടെ…”
പക്ഷേ, നന്ദിനിക്ക് അത് കൂടുതൽ പ്രകോപനമാണ് ഉണ്ടാക്കിയത്.
“നിങ്ങൾ മൂന്നുപേരും ഇനി രാത്രിയല്ലേ വീട്ടിൽ വന്നു ഭക്ഷണം കഴിക്കുന്നത്. രാവിലെ ഒരൽപം സമാധാനമായി കഴിച്ചു കൂടെ?”
“ഹൊ… ഞങ്ങൾ വളരെ റിലാക്സായാണ് കഴിക്കുന്നത്. നീ അല്ലേ ഇപ്പോൾ ബഹളം വയ്ക്കുന്നത്?” വിപിൻ ചിരിച്ചു.
കുട്ടികൾ അച്‌ഛന്‍റെ ഡയലോഗ് ആസ്വദിച്ച് അവരും ചിരിയിൽ പങ്കുചേർന്നു. “അതേ, പപ്പ… യു സെഡ് ഇറ്റ്!”
നന്ദിനി മൂന്നു പേർക്കുള്ള ടിഫിനും മേശപ്പുറത്തെടുത്തു വച്ചിട്ട് നിശബ്ദം അടുക്കളയിലേക്ക് പോയി. ദിവസം മുഴുവനും തനിച്ചാണു താൻ. ഇവർ വീട്ടിലുള്ള നേരത്തെങ്കിലും ഒന്നു മിണ്ടുകയോ ചിരിക്കുകയോ ചെയ്‌തു കൂടെ!
വൈകുന്നേരമാകുമ്പോൾ ആകെ ക്ഷീണിച്ച് വീട്ടിലെത്തും. പിന്നെ ടിവിയുടെ മുന്നിലാണ്. അല്ലെങ്കിൽ ഫോണിൽ. ആർക്കും പരസ്പരം സംസാരിക്കാൻ നേരമില്ല. ഇവർ മൂവരും അവരുടെ ജീവിതത്തിലെ 10 മിനിട്ട് വീതം എനിക്ക് തന്നിരുന്നെങ്കിൽ എന്‍റെ ജീവിതം ഇത്രയും ബോറടിക്കുമായിരുന്നോ?
സൗഹൃദവലയങ്ങൾ ഇല്ലാതെ, സോഷ്യൽ നെറ്റ്‍വർക്കിൽ സമയം ചെലവഴിക്കാതെ, അയൽവക്കത്തെ കുന്നായ്മക്കൂട്ടങ്ങൾക്ക് ചെവി കൊടുക്കാതെ കഴിയുന്നത് ഒരു കുറ്റമാണോ? സമയം കളയാനാണെങ്കിൽ ഇതൊക്കെ മതിയാവുമല്ലോ. പക്ഷേ തനിക്ക് അതിലൊന്നും താൽപര്യം തോന്നിയിട്ടില്ല. ഫേസ് ബുക്കിലെ ഫ്രണ്ട്സിനു വേണ്ടി ചെറിയ കാര്യങ്ങൾ പോലും പെരുപ്പിച്ച് പങ്കുവയ്ക്കുന്നവർ, ഇവർക്ക് എനിക്കുവേണ്ടി ചെലവിടാൻ അഞ്ചുമിനിട്ടു പോലും ഇല്ലെന്നോ?
മൂന്നുപേരും പോയിക്കഴിഞ്ഞു. വീട്ടിൽ അസഹ്യമായ നിശബ്ദത ചേക്കേറിക്കഴിഞ്ഞു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ നന്ദിനി തന്‍റെ ജീവിതം എത്ര വിരസമായിട്ടാണ് പോകുന്നത് എന്ന് ആലോചിച്ചു കൊണ്ടിരുന്നു.
അൽപം കഴിഞ്ഞപ്പോഴേക്കും അലക്കാനും തുടയ്ക്കാനും ഒക്കെയായി ശ്യാമ വന്നു. അവൾ വന്നതോടെ നന്ദിനി വീണ്ടും തന്‍റെ ജോലികളിലേക്കു ചിന്തയെ വഴി തിരിച്ചു വിട്ടു.
ശ്യാമ പോയിക്കഴിഞ്ഞപ്പോൾ വീടൊക്കെ ഒന്നു കൂടി നന്ദിനി ഒതുക്കി. പകൽ മുഴുവനും ഓരോ ദിവാസ്വപ്നത്തിൽ മുഴുകിയും വൈകിട്ട് ടിവി കണ്ടും രാത്രിയിൽ ഫോണിൽ മുഴുകിയും തനിക്ക് ജീവിതം അടിച്ചു പൊളിക്കാമല്ലോ. പക്ഷേ അതിനു തയ്യാറാവാതെ, വീട്ടിലുള്ളവരെ കുറ്റം പറയുന്നത് എന്തിനാണ്?
ഇങ്ങനെ പലരീതിയിൽ ഓടുന്ന ചിന്തകളെ അതിന്‍റെ വഴിക്കു വിട്ട് നന്ദിനി തന്‍റെ പ്രിയപ്പെട്ട സ്‌ഥലത്ത് വന്നു നിന്നു. ബാൽക്കണിയിൽ നിന്ന് കുറേ കാഴ്ചകൾ കണ്ട് നിൽക്കുമ്പോഴാണ് കുറച്ച് ആശ്വാസം തോന്നുക.
ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് വന്നിട്ട് ഒരു വർഷമാകാൻ പോകുന്നു. കൊച്ചിയിലേക്ക് വിപിന് സ്‌ഥലം മാറ്റം കിട്ടിയപ്പോഴാണ് ഇങ്ങോട്ട് പോന്നത്. കൊച്ചിയിൽ തന്നെ മക്കൾക്കും അഡ്മിഷൻ റെഡിയാക്കുകയായിരുന്നു.
ബാൽക്കണിയിലെ ചെറിയ പൂന്തോട്ടത്തിൽ മുല്ലപ്പൂക്കൾ വിരിഞ്ഞു നറുമണം പരക്കുന്നു. അവിടെ അങ്ങനെ നിന്നാൽ തൊട്ടപ്പുറത്തെ കൂറ്റൻ ഫ്ളാറ്റുകൾ കാണാം. മറുവശത്ത് കൊച്ചിക്കായലിന്‍റെ ഒരു ഭാഗം കാണാം. മറൈൻഡ്രൈവിലൂടെ ആളുകൾ ഉല്ലാസത്തോടെ നടക്കുന്നതു കാണാം. ദിവസവും അൽപനേരം നടക്കാറുണ്ട് എന്ന തൊഴിച്ചാൽ പുറത്തേക്ക് ഇറങ്ങാറില്ല നന്ദിനി.
ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നോക്കി കുറച്ചു സമയം നിന്നിട്ട്, നന്ദിനി സ്റ്റോർ റൂമിലേക്ക് പോയി. അവിടെ നിറയെ സാമഗ്രികളാണ്. കുട്ടികളുടെ കളിപ്പാട്ടങ്ങൾ മുതൽ ന്യൂസ്പേപ്പർ കെട്ടു വരെ. കുറെയൊക്കെ ഒതുക്കി വച്ചപ്പോഴാണ് കളിപ്പാട്ടങ്ങൾക്കിടയിൽ അതു കണ്ടത്.
ഒരു വലിയ പെട്ടി. അതു തുറന്നു നോക്കിയപ്പോൾ ഒരു ബൈനോക്കുലർ. 3 വർഷം മുമ്പ് നൈനിറ്റാളിൽ യാത്ര പോയപ്പോൾ കാഴ്ചകൾ കാണാൻ വാങ്ങിയതാണ്. നന്ദിനി ബൈനോക്കുലർ എടുത്തു നോക്കി.
പെട്ടെന്ന് ഉദിച്ച ഒരു കൗതുകം. നന്ദിനി അതുമായി ബാൽക്കണിയിലേക്ക് നടന്നു. അവൾ അതിന്‍റെ ലെൻസ് അഡ്ജസ്റ്റ് ചെയ്‌ത് പുറത്തേക്ക് കാഴ്ചകളിലേക്ക് കണ്ണുനട്ടു.
തൊട്ടപ്പുറത്തുള്ള ഫ്ളാറ്റ് പണിതിട്ട് അധികകാലമായിട്ടില്ലെന്ന് തോന്നുന്നു. കുറേ വർക്കുകൾ കൂടി അവിടെ നടക്കുന്നുണ്ട്. ടെലസ്കോപ്പിലൂടെ നോക്കുമ്പോൾ ഒരു ഫ്ളാറ്റിന്‍റെ ബാൽക്കണിയും ഡ്രോയിംഗ് റൂമും ശരിക്കും കാണാൻ പറ്റുന്നുണ്ടായിരുന്നു.
തന്‍റെ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ അവിടെ ഡ്രോയിംഗ് റൂമിൽ എന്തോ ചെയ്‌തു കൊണ്ടിരിക്കുന്നു. പാട്ട് ഉച്ചത്തിൽ വച്ചിട്ടുണ്ടെന്ന് തോന്നുന്നു. ജോലിക്കിടയിൽ അവർ പാട്ട് കേട്ട് ആസ്വദിക്കുന്നതായിരിക്കാം. ആ സ്ത്രീ തല നന്നായി കുലുക്കി കൊണ്ടിരിക്കുകയാണ്.
പെട്ടെന്ന് അങ്ങോട്ട് ഒരു പെൺകുട്ടിയും കടന്നു വന്നു. അവരുടെ മകളാണെന്നു തോന്നുന്നു. അവൾ കൂടി വന്നപ്പോൾ പാട്ടിനൊപ്പം ചെറുതായി ചുവടുവയ്‌ക്കാനും തുടങ്ങി. ആ കാഴ്ച കണ്ടപ്പോൾ നന്ദിനിയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു. അവളുടെ മനസ്സിൽ നിശബ്ദമായൊരു ആനന്ദം നിറഞ്ഞു.
അന്തരീക്ഷത്തിൽ വ്യാപിച്ച മുല്ലപ്പൂഗന്ധവും അകലെ അമ്മയും മകളും കൂടിയുള്ള ആട്ടവും പാട്ടും ഒക്കെ കൂടി, ആഹ്ലാദകരമായ അവസ്‌ഥ. നന്ദിനി അകത്തേക്ക് പോയി സമയമെത്രയായെന്ന് നോക്കി. 12 മണിയായിരിക്കുന്നു.
വീണ്ടും ബാൽക്കണിയിൽ വന്നിരുന്ന് ബൈനോക്കുലറിലൂടെ നോക്കിക്കൊണ്ടിരുന്നു. ഭൂരിഭാഗം ഫ്ളാറ്റുകളും അടഞ്ഞു കിടക്കുകയാണ്. അവിചാരിതമായി അവളുടെ കണ്ണുകൾ മറ്റൊരു ഫ്ളാറ്റിലെ ഒരു കാഴ്ചയിലേക്ക് ഉടക്കി വലിച്ചു.
നല്ല ഉയരമുള്ള ഒരു യുവാവ് ബാൽക്കണിയുടെ ഭാഗത്തു നിന്ന് മുടി ചീകുകയാണ്. കുളി കഴിഞ്ഞു വന്നതാണെന്ന് തോന്നുന്നു. ഷോർട്സ് മാത്രമാണ് വേഷം. പിന്നിലൂടെ സുന്ദരിയായി ഒരു പെൺകുട്ടി അയാളെ പിന്നിലൂടെ കെട്ടിപ്പിടിക്കുന്നുണ്ട്.
അയാൾ അതിവേഗം പിന്തിരിഞ്ഞ് അവളെ പിടിച്ച് അകത്തേ മുറിയിലേക്ക് എടുത്തു കൊണ്ടു പോകുന്നു. അവർ സോഫയിൽ ഇരുന്ന് അതിതീവ്രമായ ചുംബനങ്ങൾ കൈമാറുന്നതു കണ്ടപ്പോൾ നന്ദിനിയുടെ തൊണ്ട വറ്റിവരണ്ടു. അവൾക്ക് ശരീരം വിറച്ചു പോയി.
വല്ലാത്തൊരു താപം ഉള്ളിലൂടെ കടന്നു പോകുന്നത് നന്ദിനി അറിഞ്ഞു. ഒപ്പം തന്നെ അവൾക്ക് ചിരിയും വന്നു. ഈ കാഴ്ച ഇനിയും നോക്കി നിൽക്കുന്നത് മോശമാണല്ലോ എന്നോ
ർത്ത് അവൾ ബൈനോക്കുലർ മടക്കി വച്ചു. ഒരു മണിയായിരിക്കുന്നു. നന്ദിനി ചോറും കറിയും എടുത്തു കഴിക്കാൻ തുടങ്ങി. ഭക്ഷണം കഴിക്കുമ്പോഴും നന്ദിനിയുടെ ചിന്തകൾ വർഷങ്ങൾ പിന്നോക്കം പാഞ്ഞു. ഊണു കഴിഞ്ഞ് കുറച്ചു മയങ്ങിയശേഷം വീണ്ടും ബൈനോക്കുലർ എടുത്ത് നന്ദിനി ബാൽക്കണിയിൽ എത്തി.
അമ്മയും മകളുമുള്ള വീട്ടിൽ നിന്ന് ഒച്ചയും അനക്കമൊന്നും ഇപ്പോൾ കാണുന്നില്ല. പക്ഷേ യുവ മിഥുനങ്ങളെ പിന്നെയും കാണാൻ കഴിഞ്ഞു.
പുതിയ വീട്ടുകാരായിരിക്കും. സാധനങ്ങളൊക്കെ വീട്ടിൽ ഒതുക്കി വയ്ക്കുകയാണ്. ജോലിക്കിടയിലും രണ്ടാളുടെയും റൊമാൻസും നടക്കുന്നുണ്ട്. ഒരുവേള ആ യുവാവ് കുസൃതിയോടെ ആ യുവതിയെ എടുത്തുയർത്തുന്നതും അവർ ഒച്ച വയ്‌ക്കുന്നതും നന്ദിനി അമർത്തിയ ചിരിയോടെ നോക്കി നിന്നു.
കുറച്ചു നേരം കൂടി അവിടെ ഇരുന്ന ശേഷം നന്ദിനി ഉത്സാഹത്തോടെ അടുക്കളയിലേക്ക് നടന്നു. പതിവില്ലാത്തൊരു സന്തോഷഭാവം ആ മുഖത്തുണ്ട്. എത്ര വേഗമാണ് ഒരു ദിവസം കടന്നു പോയത്.
ഏറ്റവും നല്ല കാര്യം ഭർത്താവിന്‍റെയും കുട്ടികളുടെയും സ്വഭാവങ്ങളോർത്തിരിക്കാനോ ദേഷ്യം പിടിക്കാനോ അവസരം ഉണ്ടായില്ല എന്നതാണ്. ഇന്ന് മനസ്സിൽ ഒരു ദേഷ്യമോ കനമോ തോന്നുന്നില്ല. അഞ്ചു മണിയായി. നന്ദിനി വൈകിട്ട് ഒരു മണിക്കൂർ നടക്കാറുണ്ട്. മറൈൻഡ്രൈവിലെ വാക്ക് വേയിലൂടെ അരമണിക്കൂർ അങ്ങോട്ടും അരമണിക്കൂർ ഇങ്ങോട്ടും.
മനസ്സിലും ശരീരത്തിലും നിറയുന്ന ഊർജ്ജത്തിന് കാരണം ആ ബൈനോക്കുലറാണ്. ഈ രഹസ്യം എന്തായാലും വീട്ടിൽ ആരോടും വെളിപ്പെടുത്തുന്നുമില്ല.
അന്യന്‍റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നത് നല്ല ശീലമല്ല എന്ന സത്യം തനിക്കറിയാഞ്ഞിട്ടല്ല. എങ്കിലും മടുപ്പിക്കുന്ന ദിനചര്യകൾക്കിടയിൽ അവിചാരിതമായി കിട്ടിയ ഒരു സന്തോഷം.
ആറുമണിക്ക് വീട്ടിൽ തിരിച്ചെത്തിയ ശേഷം അടുക്കളയിൽ കയറി രാത്രി ഭക്ഷണം തയ്യാറാക്കി. ബൈനോക്കുലർ തന്‍റെ സാരി അലമാരയ്ക്കുള്ളിൽ ഒളിച്ചു വയ്ക്കാനും നന്ദിനി മറന്നില്ല.
വിപിനും കുട്ടികളും വന്നശേഷം നന്ദിനി അവർക്ക് സന്തോഷത്തോടെ ഭക്ഷണം എടുത്തു കൊടുത്തു.
കോളേജിലെ വിശേഷങ്ങൾ കൂടെക്കൂടെ ചോദിക്കുന്നതു കേട്ട് രാഹുൽ അമ്മയെ അതിശയത്തോടെ നോക്കി. “അമ്മയ്ക്കെന്തു പറ്റി. ഒന്നു മിണ്ടാതിരി, ഞാൻ കഴിക്കട്ടെ.”
രാഹുൽ ഇങ്ങനെ പറഞ്ഞെങ്കിലും നന്ദിനിക്ക് ഒട്ടും ദേഷ്യം വന്നില്ല. അവൾ ചിരിക്കുക മാത്രം ചെയ്‌തു. മകന്‍റെ സംസാരം കേട്ടിട്ട് ഇന്ന് തനിക്ക് ദേഷ്യമൊന്നും വന്നില്ലല്ലോ എന്ന് നന്ദിനി ഒട്ടൊരു അതിശയത്തോടെ ആലോചിച്ചു. അവൾ മനസ്സിൽ തോന്നിയ കാര്യങ്ങൾ സന്തോഷത്തോടെ പറഞ്ഞു കൊണ്ട് തന്‍റെ ജോലികൾ ചെയ്‌തു കൊണ്ടിരുന്നു.
ഭക്ഷണം കഴിഞ്ഞ് വിപിൻ ടിവി കാണാനിരുന്നു. കുട്ടികൾ അവരവരുടെ മുറിയിലേക്കും പോയി. നന്ദിനിക്ക് ബൈനോക്കുലർ എടുത്ത് പുത്തൻ കാഴ്ചകളിലേക്ക് കണ്ണോടിക്കാൻ തോന്നിയെങ്കിലും അവൾ മനം നിയന്ത്രിച്ചു. ഈ സമയത്ത് അത് ചെയ്യാൻ പറ്റില്ലല്ലോ.
നന്ദിനി പ്രണയം നിറഞ്ഞ മനസ്സോടെ വിപിന്‍റെ അടുത്തു വന്നിരുന്നു തോളിൽ തല ചേർത്തു. “നമുക്ക് അൽപനേരം പുറത്തു പോയാലോ…” വിപിൻ ശരിക്കും അദ്ഭുതപ്പെട്ടു. നന്ദിനിയെ സൂക്ഷിച്ചു നോക്കിക്കൊണ്ട് അയാൾ പുഞ്ചിരിച്ചു.
“നിനക്ക് എന്താ പറ്റിയേ?”
“അതാ എനിക്കും ചോദിക്കാനുള്ളത്.” നന്ദിനിയും ചിരിച്ചു.
“ഭാര്യ, ഭർത്താവിനോട് ഒന്നു പുറത്തേക്ക് വാ നടക്കാം എന്നു പറയുന്നതിൽ കുഴപ്പമുണ്ടോ?”
വിപിൻ ചിരിയോടെ ടിവി ഓഫ് ചെയ്ത് എഴുന്നേറ്റു.
രണ്ടാളും പുറത്തേക്ക് നടന്നു. നന്ദിനി നല്ല മൂഡിലാണ്. ആ യുവമിഥുനങ്ങളുടെ പ്രണയലീലകൾ കണ്ടിട്ടാവാം മനസ്സിനകത്ത് എവിടെയോ ഒരു ചലനം സംഭവിച്ചിട്ടുണ്ട്.
കുറച്ചു നേരം പുറത്തു നടന്ന ശേഷം ഇരുവരും വീട്ടിലേക്ക് മടങ്ങി. വളരെ ദിവസങ്ങൾക്കു ശേഷം അന്നു രാത്രി രണ്ടുപേരും പ്രണയപൂർവ്വം ഒരുമിച്ചുറങ്ങി.
പിറ്റേന്ന് രാവിലെ മൂന്നുപേരും വീട്ടിൽ നിന്ന് പോയ ശേഷം നന്ദിനി ബൈനോക്കുലറുമായി ബാൽക്കണിയിലേക്ക് ഓടി. അമ്മയും മകളും മാത്രമുള്ള ഫ്ളാറ്റിലേക്കാണ് നന്ദിനി ആദ്യം ശ്രദ്ധിച്ചത്.
അമ്മ ഉദ്യോഗസ്‌ഥയാണെന്ന് തോന്നുന്നു. രാവിലെ സാരി ഉടുത്ത് പോകാൻ ഒരുങ്ങുകയാണ്. മകൾ കോളേജിൽ പഠിക്കുന്ന പ്രായമാണ്. രണ്ടാളും ഒരുങ്ങി ഇറങ്ങിക്കഴിഞ്ഞു. ഇനി അവർ വൈകിട്ടേ വരാനിടയുള്ളൂ. രണ്ടുപേരും വളരെ സന്തോഷത്തോടെയാണ് പുറത്തേക്ക് പോകുന്നത് കണ്ടത്.
നന്ദിനി അടുത്ത ഫ്ളാറ്റിലേക്ക് ബൈനോക്കുലർ തിരിച്ചു. അവിടത്തെ കാഴ്ചകൾ കണ്ടപ്പോൾ നന്ദിനിക്ക് ചിരിയൊതുക്കാൻ കഴിഞ്ഞില്ല. നായകൻ ഓഫീസിൽ പോകാൻ റെഡി ആവുകയാണ്. നായിക ബ്രേയ്ക്ക് ഫാസ്റ്റ് ഉണ്ടാക്കുന്ന തിരക്കിലും. പക്ഷേ അതിനിടയിലും റൊമാൻസ് നടക്കുന്നുണ്ട്. നന്ദിനി അവരെ ആനന്ദത്തോടെ കുറച്ചു നേരം നോക്കി നിന്നു.
ശ്യാമ വരാറായല്ലോ എന്നോർത്തപ്പോൾ അവൾ ബൈനോക്കുലർ അലമാരയിൽ ഒളിപ്പിച്ചു. അവരുടെ പ്രണയം കണ്ടതിന്‍റെ ഹാംഗ്ഓവർ നന്ദിനിക്ക് വിട്ടുമാറിയിരുന്നില്ല. അവൾ വിപിന്‍റെ ഫോണിലേക്ക് വാട്സാപ്പ് മെസേജ് അയച്ചു.
“ഐ ലവ് യൂ…”
വിപിൻ അതിനു മറുപടിയായി ഒരു അത്ഭുതചിഹ്നം ആദ്യമയച്ചു. “സെയിം ടു യു ഡിയർ.”
വർണ്ണലോകത്ത് പാറി നടക്കുന്ന പൂമ്പാറ്റയെപ്പോലെ നന്ദിനിയുടെ മനസ്സ് ചുറ്റി നടന്നു. അവൾ ഉച്ചയൂണ് കഴിഞ്ഞ് ബ്യൂട്ടിപാർലറിൽ പോയി. ഫേഷ്യലും, ഹെയർകട്ടും ചെയ്‌തു. കണ്ണാടിയിൽ തന്‍റെ പുതിയ രൂപം നോക്കി നന്ദിനി മനം നിറഞ്ഞു പുഞ്ചിരിച്ചു. അതിനു ശേഷം പുതിയൊരു കുർത്തയും വാങ്ങി നന്ദിനി.
വീട്ടിലെത്തിയ ശേഷം ബൈനോക്കുലർ എടുത്തു പുറത്തേക്കു നോക്കി. പക്ഷേ ഒരു ഫ്ളാറ്റിലും ആരെയും പുറത്തേക്ക് കണ്ടില്ല. വൈകുന്നേരമായപ്പോൾ നമ്മുടെ നായികയെ ബാൽക്കണിയിൽ കണ്ടു. നായകനെ അക്ഷമയോടെ കാത്തിരിക്കുകയാണ് അവൾ. നന്ദിനി ഗൂഢ സ്മിതത്തോടെ ബൈനോക്കുലർ അലമാരയിൽ ഒളിപ്പിച്ചു.
വൈകിട്ട് സോനുവും രാഹുലും വീട്ടിൽ വന്നപ്പോൾ അമ്മയുടെ പുതിയ ലുക്ക് കണ്ട് അന്തം വിട്ടു നിന്നു.
“ഹായ് അമ്മ ഇന്ന് അടിപൊളിയായല്ലോ. പുതിയ ഹെയർ കട്ട് കലക്കി.” സോനു പൊട്ടിച്ചിരിച്ചു കൊണ്ട് ഓടി വന്നു നന്ദിനിയെ കെട്ടിപ്പിടിച്ചു.
“കൊള്ളാം അമ്മ, ഇങ്ങനെ വേണം” രാഹുലും അമ്മയെ അഭിനന്ദിച്ചു.
നന്ദിനിയുടെ മാറ്റം വിപിൻ ഇന്നലെ മുതൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. “സബാഷ് ഡിയർ. ലുക്കിംഗ് ഗുഡ്” ഭാര്യയെ പുകഴ്ത്താൻ വിപിൻ മടിച്ചില്ല. നന്ദിനിക്കും സന്തോഷം തോന്നി. അപ്പോഴാണ് വിപിന്‍റെ വക സർപ്രൈസ്.
“അപ്പോൾ നമുക്ക് ഇന്ന് പുറത്തു നിന്ന് ഭക്ഷണം കഴിക്കാം. ഈ മേക്ക് ഓവറിനു ചെലവ് ചെയ്യണമല്ലോ?” വിപിൻ ക്ഷണിച്ചു.
“നൈസ് ഐഡിയ പപ്പ!” കുട്ടികൾ ആർത്തു ചിരിച്ചു.
നാലുപേരും പുറത്തു നിന്നു ഭക്ഷണം കഴിച്ച് ഐസ്ക്രീം ആസ്വദിച്ച് വീട്ടിൽ മടങ്ങിയെത്തി.
നന്ദിനിക്ക് വിസ്മയം തോന്നി. സ്വന്തം മനസ്സിന്‍റെ മാറ്റം. ഭർത്താവിനോടും മക്കളോടും എപ്പോഴും പിണങ്ങുകയും ദേഷ്യപ്പെടുകയും ചെയ്‌തിരുന്ന താൻ തന്നെയോ ഇത്!
ഒരു ദിവസം കൊണ്ട് ജീവിതത്തെ താൻ ഇത്രയും സ്നേഹിക്കാൻ തുടങ്ങിയല്ലോ. ആ സന്തോഷം പ്രവൃത്തിയിലും വാക്കിലും പ്രതിഫലിക്കുന്നുണ്ടാകണം. വീട്ടിലും ഇപ്പോൾ സന്തോഷം നിറഞ്ഞ അന്തരീക്ഷമുണ്ട്.
എപ്പോഴും പരാതിയും പരിഭവവും പറഞ്ഞ്, സ്വന്തം സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കും കാരണം മറ്റുള്ള വരാണെന്ന് കരുതി ഇത്രയും കാലം താൻ ജീവിച്ചു.
സ്വന്തം സന്തോഷത്തിന്‍റെ താക്കോൽ സ്വന്തം ഹൃദയത്തിലുണ്ടെന്ന് താൻ അറിയാൻ വൈകിയല്ലോ! തന്നിലെ ഊർജം കണ്ടെത്താൻ ഒരു ബൈനോ ക്കുലർ വേണ്ടി വന്നു. നന്ദിനിക്ക് അതോർത്ത് ചിരി പൊട്ടി.
രാവിലത്തെ ജോലികളൊക്കെ കഴിഞ്ഞ് ബൈനോക്കുലറുമായി കാഴ്ച കാണാനിരിക്കുന്നത് നന്ദിനിയുടെ പതിവായി. അതൊരു നല്ല ശീലമല്ലെന്നറിയാം. പക്ഷേ മനസ്സിൽ കിട്ടുന്ന പുതിയ ഊർജം സ്വന്തം കുടുംബജീവിതത്തിലും ഹാപ്പിനസ് തരുമ്പോൾ എന്തിനു വേണ്ടെന്നു വയ്‌ക്കണം?
മുല്ലപ്പൂഗന്ധം നിറഞ്ഞ ബാൽക്കണിയിലെ പൂച്ചെടികൾക്കിടയിലിരുന്ന് ആ ഇണക്കുരുവികളുടെ പ്രേമലീലകൾ കാണുമ്പോൾ മനസ്സിൽ നിറയുന്ന പ്രണയോർജ്ജമാണ് തന്‍റെ സന്തോഷത്തിന്‍റെ കാരണം. അവരുടെ പ്രണയകേളികളുടെ വൈവിധ്യം മനസ്സിൽ കാമമോഹം ഉണർത്തുന്നു. വിപിനുമൊത്ത് ആ മോഹം പങ്കിടാനുള്ള ആഗ്രഹം വർദ്ധിച്ചു വരുന്നു.
ഇതിനിടെ വിപിൻ ഒരാഴ്ച ഓഫീസ് ആവശ്യത്തിനായി ചെന്നൈയ്ക്കു പോയിരിക്കുകയാണ്. ഈ സമയത്ത് മുൻപൊക്കെ വല്ലാത്ത പ്രയാസം തോന്നാറുണ്ട്. ഇപ്രാവശ്യം കുട്ടികൾക്കൊപ്പം സിനിമയ്ക്കു പോയി. മറ്റൊരു ദിവസം പുറത്തു നിന്ന് ലഞ്ച് കഴിച്ചും നന്ദിനി സന്തോഷവതിയായി.
നവദമ്പതികളുടെ പ്രണയം മാത്രമല്ല, തൊട്ടെതിർവശത്തെ ഫ്ളാറ്റിലെ അമ്മയും മകളും തമ്മിലുള്ള കൂട്ടും അവരുടെ ആഹ്ലാദവും കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. പക്ഷേ അവരെക്കുറിച്ച് കൂടുതൽ അറിയണമെന്ന് ആഗ്രഹമുണ്ട്. ആ വീട്ടിൽ അമ്മയും മകളും തനിച്ചായിട്ടും, അവർ എത്ര സന്തുഷ്ടരാണ്!
പണി പൂർത്തിയായ ഫ്ളാറ്റിലേക്ക് കൂടുതൽ പേർ താമസക്കാർ വരുന്നുണ്ട്. ബൈനോക്കുലറിലൂടെ അവരെ എല്ലാം മനസ്സിലാക്കി വയ്ക്കാനും രസമാണ്. നാലുമാസങ്ങൾ ഇങ്ങനെ കടന്നു പോയത് നന്ദിനി അറിഞ്ഞതേയില്ല.
നായകന്‍റെയും നായികയുടെയും പ്രണയ സല്ലാപമാണ് തന്‍റെ ജീവിതത്തിലേക്ക് ഈ മാറ്റം കൊണ്ടു വന്നത്. രാവിലെ പണിയൊതുക്കിയ ശേഷം തന്‍റെ ബൈനോക്കുലറുമായി നന്ദിനി ബാൽക്കണിയിലെത്തി. യുവമിഥുനങ്ങളുടെ ഫ്ളാറ്റിലേക്കാണ് ആദ്യം നോക്കിയത്.
ഹൊ… അവളുടെ കയ്യിലിരുന്ന് ബൈനോക്കുലർ വിറച്ചു. അവർ വീടൊഴിയുകയാണ്. താഴെ റോഡിൽ കാത്തുകിടക്കുന്ന ലോറിയിലേക്ക് സാധനങ്ങൾ എടുത്തു വയ്ക്കുകയാണ് നായകൻ. ഡ്രോയിംഗ് റൂമിൽ നായിക ഓടിപ്പാഞ്ഞു നടന്ന് കാര്യങ്ങൾ ശരിയാക്കുന്നു. അപ്പോൾ ഇവർ സ്‌ഥലം വിടുന്നു. തന്‍റെ സന്തോഷത്തിന്‍റെ ഉറവിടം.നന്ദിനിക്ക് നിരാശ തോന്നി.
ഇവർ എന്നും കണ്മുന്നിൽ ഉണ്ടായിരുന്നെങ്കിൽ. അത് ഒരു അനാവശ്യ ആഗ്രഹമാണല്ലോ. അതിൽ തന്‍റെ സ്വാർത്ഥതയും കഴിവുകേടും ഇല്ലേ?
അവർ കാറിൽ കയറിപ്പോകുന്നത് ദു:ഖത്തോടെ നന്ദിനി നോക്കി നിന്നു. പ്രണയം ഒഴിഞ്ഞ ആ ഫ്ളാറ്റിലേക്ക് പിന്നെ അവൾക്കു നോക്കാൻ തോന്നിയില്ല. ബൈനോക്കുലർ അലമാരിയിൽ തിരിച്ചുകൊണ്ടു വച്ചു കിടക്കയിൽ വിഷാദവതിയായി നന്ദിനി തിരിഞ്ഞും മറിഞ്ഞും കിടന്നു. അവർ അറിയുന്നോ ഇക്കാര്യം?
ആ സന്തോഷത്തിൽ സന്തോഷിച്ച മറ്റൊരു ഹൃദയത്തെ! ആ വേർപാടിൽ നോവുന്ന മറ്റൊരു മനം അൽപം ദൂരെയുണ്ടെന്ന്! ഇനിയും തന്‍റെ ബോറിംഗ് ദിനചര്യകളിൽ പെട്ട് ഉള്ള സന്തോഷം പടിയിറങ്ങിപ്പോകുമോ?
വൈകുന്നേരം നന്ദിനിയുടെ ഉദാസീനമായ മുഖം കണ്ട് വിപിൻ ആശങ്കപ്പെട്ടു. എന്തുപറ്റി ആൾക്ക്? ആ ഒരാഴ്ച നന്ദിനിയുടെ മൂഡ് വല്ലാതെ താളം തെറ്റി.
തൊട്ടടുത്ത ഫ്ളാറ്റിലെ അമ്മയും മകളും അപ്പോഴും ആട്ടവും പാട്ടവും തുടരുന്നുണ്ടായിരുന്നു. അവരെ കാണുന്നതാണ് ഇപ്പോൾ ആകെയുള്ള സന്തോഷം. ബൈനോക്കുലർ നോട്ടം വല്ലപ്പോഴും മാത്രമായി എന്നു മാത്രം.
വിരസമായ മറ്റൊരു ദിനത്തിൽ നന്ദിനി, ബൈനോക്കുലറുമായി വീണ്ടും ആ ഫ്ളാറ്റിലേക്ക് നോക്കി. അവിടെ പുതിയ താമസക്കാർ. നാലുയുവാക്കളാണ് ഇപ്പോൾ അവിടെ താമസം. വീട്ടിലെ സാമഗ്രികളൊക്കെ ഒതുക്കുകയാണ്.
അതിലൊരാൾ പുറത്തു നിന്ന് പൊടി തട്ടുകയാണ്. തൊട്ടടുത്ത ഫ്ളാറ്റിലെ ബാൽക്കണിയിലേക്കാണ് അവന്‍റെ ശ്രദ്ധ. നന്ദിനി ബൈനോക്കുലർ അങ്ങോട്ട് തിരിച്ചു. സമപ്രായക്കാരിയായ ഒരു പെൺകുട്ടി അവിടെ ചെടിയ്ക്ക് വെള്ളം ഒഴിക്കുന്നു. അവളുടെ കണ്ണുകളും ആ പയ്യനിൽ ആണല്ലോ.
നന്ദിനിയുടെ ചുണ്ടിൽ ചിരി. വീണ്ടും ഒരു പ്രണയ കാലം നാമ്പിടുന്നതിന്‍റെ ആഹ്ലാദത്തിൽ നന്ദിനിയുടെ മുഖം കൂടുതൽ തുടുത്തു.