സുന്ദരിയായി കാണപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം. മേക്കപ്പിലെ ഏറ്റവും പുതിയ ട്രെന്‍റ്സ് അപ്ഡേറ്റ് ചെയ്യാൻ സ്വന്തം സ്മാർട്ട് ഫോണിനെ ഒരു ബ്യൂട്ടി എക്സ്പെർട്ട് ആക്കി മാറ്റിയാൽ മതി.
മോഡിഫേസ്
ഏത് സെലിബ്രിറ്റി ഹെയർ സ്റ്റൈലാണ് സ്വന്തം മുഖത്തിന് ഇണങ്ങുകയെന്ന് സ്വന്തം സെൽഫിയിലൂടെ മനസ്സിലാക്കി തരുന്ന ആപ്പാണിത്. ഏതാനും നിമിഷങ്ങൾ കൊണ്ട് ഇതെല്ലാം നിങ്ങൾക്ക് ബ്യൂട്ടി ആപ്പിലൂടെ മനസ്സിലാക്കാവുന്നതാണ്. ഇതോടൊപ്പം ഏത് ഹെയർ കളർ ആണ് നിങ്ങൾക്ക് ഇണങ്ങുന്നതെന്നും ഏതിലാവും നിങ്ങൾ ഏറ്റവും സുന്ദരിയാവുകയെന്നും ഈ ആപ്പിലൂടെ അറിയാനാവും.
ബ്യൂട്ടിഫുൾ മി
നിങ്ങളുടെ ചർമ്മം എങ്ങനെയുള്ളതാണ്. നിങ്ങളുടെ ചർമ്മത്തെ ഏജിംഗ് ബാധിച്ചോ, ചർമ്മത്തിന് തിളക്കം പകരാൻ ഏത് തരം ഷെയിഡിലുള്ള ഫൗണ്ടേഷൻ ഉപയോഗിക്കണം തുടങ്ങിയ വിവരങ്ങൾ, നിങ്ങളുടെ ഫോട്ടോ വിശദമായി പഠിച്ച ശേഷം ഈ ആപ്പ് പറഞ്ഞ് തരും. മാത്രമോ മുടി സുന്ദരമാക്കാനുള്ള ടിപ്സുകളെപ്പറ്റിയും പുതിയ ബ്യൂട്ടി പ്രൊഡക്റ്റുകളെപ്പറ്റിയും ട്രെൻഡ്സുകളെപ്പറ്റിയുമൊക്കെ ഈ ആപ്പിലൂടെ നിങ്ങൾക്കറിയാൻ സാധിക്കും.
ബ്യൂട്ടിലിഷ്
ഏറ്റവും ലേറ്റസ്റ്റായ മേക്കപ്പ്, ഹെയർ സ്റ്റൈൽ തുടങ്ങിയ വിവരങ്ങൾ നൽകുന്ന ആപ്പാണ് ബ്യൂട്ടിലിഷ്. അത് മാത്രമല്ല ഇത്തരം ലേറ്റസ്റ്റ് ട്രെന്‍റുകളെ എങ്ങനെ ഫോളോ ചെയ്യണം എന്ന ഉപദേശവും ഈ ആപ്പിലൂടെ നേടാം. ഒപ്പം ബ്യൂട്ടി ടിപ്സുകളും. ബ്യൂട്ടി പ്രൊഡക്റ്റുകളുടെ റിവ്യൂവും അത് ഷോപ്പിംഗ് ചെയ്യാനുള്ള ഓപ്ഷനുകളും ഈ ആപ്പിന്‍റെ മറ്റൊരു വലിയ പ്രത്യേകതയാണ്.
ഐ മേക്കപ്പ് ട്യൂട്ടോറിയൽ
മുഖത്തിനാകെ സ്വന്ദര്യവും തിളക്കവും പകരുന്ന ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ് കണ്ണുകളുടെ മേക്കപ്പ്. അതുകൊണ്ട് കണ്ണുകളുടെ മേക്കപ്പ് ആകർഷണീയമായിരിക്കണം. ഐ മേക്കപ്പ് ട്യൂട്ടോറിയലിലൂടെ വ്യത്യസ്ത തരത്തിൽ ഐ മേക്കപ്പ് ചെയ്‌ത് ഏറ്റവും മികച്ചത് കണ്ടുപിടിക്കാം.
ട്രൈ ഇറ്റ് ഓൺ മേക്കപ്പ്
ഓരോരുത്തരേയും സംബന്ധിച്ച് യോജിച്ച ലിപ്സ്റ്റിക്ക്, ഐഷാഡോ, ഫൗണ്ടേഷൻ എന്നിവ തെരഞ്ഞെടുക്കുകയെന്നത് വെല്ലുവിളി നിറഞ്ഞ ജോലിയാണ്. എന്നാൽ ഈ കിടിലൻ ആപ്പ് ഇത്തരം പ്രശ്നങ്ങൾ നിഷ്പ്രയാസം പരിഹരിച്ച് തരും. ഇത്ര മാത്രം ചെയ്താൽ മതി. സ്വന്തം മുഖച്ചിത്രം എടുത്ത് നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന പ്രൊഡക്‌റ്റുകളുടെ ബാർകോഡ് സ്കാൻ ചെയ്യുക. സ്കാൻ ചെയ്യുമ്പോൾ ആ ഉൽപന്നം ഉപയോഗിച്ച ശേഷമുള്ള ചിത്രം ലഭിക്കും. അതനുസരിച്ച് യോജിച്ച പ്രൊഡക്റ്റ് നിങ്ങൾക്ക് ഈസിയായി തെരഞ്ഞെടുക്കാം.
ഹെയർ ഡിസൈൻ
വ്യത്യസ്‌തതരത്തിലുള്ളതും മികച്ചതുമായ ഹെയർ സ്റ്റെലുകൾ പരീക്ഷിക്കാവുന്ന ഒരു ആപ്പാണിത്. ഹെയർ സ്റ്റൈലുമായി ബന്ധപ്പെട്ട് പലതരം ട്യൂട്ടോറിയലുകൾ ഈ ആപ്പിൽ ലഭ്യമാണ്. ഒപ്പം ഓരോ ഹെയർസ്റ്റൈലും തയ്യാറാക്കുന്ന രീതി. സ്റ്റെപ്പ് ബൈ സ്റ്റെപ്പായി വിവരിച്ചു തരുന്നു. സ്വയം ഒരുക്കിയ ഹെയർ സ്റ്റൈലിന്‍റെ ചിത്രം എടുക്കാനുള്ള ഒരു സ്മാർട്ട് മിററും ഇതിലുണ്ട്. ചിത്രം കൂട്ടുകാർക്കോ ബന്ധുക്കൾക്കോ ഷെയർ ചെയ്യാം.
മൈ സ്കിൻ
സ്വന്തം സ്കിൻ ടൈപ്പിനനുസരിച്ച് ഏത് പ്രൊഡക്റ്റാണ് യോജിച്ചതെന്ന് കാട്ടിത്തരുന്ന ആപ്പാണിത്. ഇത് കൂടാതെ ചർമ്മതെ സംബന്ധിച്ചുള്ള സംശയങ്ങൾക്ക് എക്സ്പെർട്ടിന്‍റെ മാർഗ്ഗ നിർദ്ദേശങ്ങൾ തേടണോ അതിനും ഈ ആപ്പ് സൗകര്യമൊരുക്കും.
ചെക്ക് യുവർ കോസ്മെറ്റിക്
നിങ്ങൾ സൗന്ദര്യം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ബ്യൂട്ടി പ്രൊഡക്റ്റുകൾ ഉപയോഗയോഗ്യമാണോ അല്ലയോയെന്ന് ഈ ആപ്പ് പറഞ്ഞു തരും. ബ്യൂട്ടി ഉൽപന്നത്തിന്‍റെ ബാച്ച് കോഡും ബ്രാൻഡും നൽകുക വഴി അതിന്‍റെ എക്സ്പയറി ഡേറ്റും മനസ്സിലാക്കാം. ഇനി എന്തിന് താമസിക്കണം. സ്വന്തം മൊബൈലിൽ ഈ ബ്യൂട്ടി ആപ്പ് ഡൗൺലോഡ് ചെയ്‌ത് സുന്ദരിയാകൂ…