ബുഷ്റ എന്ന പേരിന്‍റെ അർത്ഥം സന്തോഷവാർത്ത അറിയിക്കുന്നവൾ എന്നാണ്. ഈ ബുഷ്റയും അങ്ങനെ തന്നെ. സംസാരത്തിലും പെരുമാറ്റത്തിലും ആർക്കും സന്തോഷം തോന്നും. പക്ഷേ ബുഷ്റ അബ്ദു സ്വന്തം ജീവിതത്തിൽ സന്തോഷത്തെ തിരിച്ചു പിടിച്ചത് എത്ര എളുപ്പത്തിലല്ല. കഠിനമായ സങ്കടങ്ങളിൽ നിന്ന് സന്തോഷങ്ങളുടെ പൂക്കൂടാരത്തിലേക്ക് നിമിഷങ്ങളെ ശലഭങ്ങളെ പോലെ വലിച്ചടുപ്പിച്ചത് കഠിന പ്രയത്നം കൊണ്ടു മാത്രം.

ദാമ്പത്യത്തിൽ പ്രതിസന്ധികൾ മാത്രം അനുഭവിക്കേണ്ടി വന്ന വീട്ടമ്മയുടെ റോളിൽ നിന്ന് ഒരു യുവ സംരംഭകയുടെയും ബൈക്ക് റൈഡറുടെയും മേക്കപ്പ് ആർട്ടിസ്റ്റിന്‍റേയും റോളിലേക്ക് ബുഷ്റ കടന്നു വന്നത് ആത്മവിശ്വാസം ചേർത്തു പിടിച്ചാണ്. ഇളംകുളത്ത് ബുഷ്റാസ് മേക്കപ്പ് സ്റ്റുഡേിയോ നടത്തുകയാണ് ബുഷ്റ അബ്ദു.

ജീവിതം തിരിച്ചുപിടിച്ച വഴി

“ഞാൻ ചിറ്റേത്തുകരയിലെ ത്സാൻസി റാണിയാണ്” ഇങ്ങനെ ബുഷ്റ സ്വയം വിശേഷിപ്പിക്കാൻ ഇഷ്‌ടപ്പെടുമ്പോൾ അതൊരു തമാശയായി മാത്രമേ അവർ കരുതിയിട്ടുണ്ടാവൂ. എന്നാൽ ഒരു യുദ്ധം ജയിക്കുന്നതു പോലെ തന്നെയാണ് അവർ തന്‍റെ പ്രതിസന്ധികളെ മറികടന്നത്.

“ഡിഗ്രിക്കു പഠിക്കുമ്പോൾ വിവാഹിതയായി വർഷങ്ങൾക്കുള്ളിൽ മൂന്ന് കുട്ടികളുടെ അമ്മയുമായി. പിന്നീട് താളം തെറ്റിയ ദാമ്പത്യ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയതോടെ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുണ്ട് ഞാൻ.”

“വാപ്പയും ഉമ്മയും മൂന്നു പെണ്മക്കളും അടങ്ങുന്ന കുടുംബം. ഞാനാണ് മൂത്ത പെൺകുട്ടി. വീട്ടിൽ ഞങ്ങൾ എല്ലാ സ്വാതന്ത്യ്രത്തോടെയുമാണ് വളർന്നത്. വാപ്പ അബദുവും ഉമ്മ റംലയും അക്കാര്യത്തിൽ വളരെ മുന്നിലായിരുന്നു. വീട്ടിൽ ഗ്യാസ് തീർന്നാൽ അതു മാറ്റിയിടാനും ഫ്യൂസ് പോയാൽ കെട്ടി ശരിയാക്കാനുമൊക്കെ ഞാൻ അന്നും ഇഷ്‌ടപ്പെട്ടിരുന്നു.”

ഡിഗ്രിക്കു പഠിക്കുമ്പോഴായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞാൽ ആദ്യത്തെ രണ്ടു മാസമെങ്കിലും സ്ത്രീകൾ വളരെ സന്തോഷത്തോടെ ജീവിക്കും. എനിക്ക് പക്ഷേ വിവാഹത്തിന്‍റെ മൂന്നാം നാൾ മുതൽ തുടങ്ങിയ പ്രയാസങ്ങളാണ്. ഇതിനിടയിൽ മൂന്നു കുട്ടികളെ എനിക്ക് കിട്ടി എന്ന സന്തോഷം മാത്രം.

മറ്റുള്ളവരോട് സംസാരിക്കുന്നതു പോലും ഇഷ്‌ടമില്ലാത്ത ഒരാളോടൊപ്പമുള്ള ജീവിതം, ദുസ്സഹമായിരുന്നു. പിന്നീടൊരു ദിവസം ഞാൻ ആ ജീവിതം വേണ്ടെന്നു വച്ചു സ്വന്തം വീട്ടിലേക്കു മടങ്ങി. വീട്ടിൽ ഞാനും എന്‍റെ മൂന്നുമക്കളും കൂടി എത്തുമ്പോൾ വാപ്പയും ഉമ്മയും കഷ്ടപ്പെടുമല്ലോ എന്ന വിഷമം ഉണ്ടായിരുന്നു. പക്ഷേ എന്‍റെ പാരന്‍റ്സ് ആണ് ഏറ്റവും വലിയ സപ്പോർട്ട്. അവളെ കൊള്ളില്ല എന്നു തോന്നുന്നെങ്കിൽ വിട്ടേക്ക് എന്നു ഭർതൃവീട്ടുകാരോട് പറഞ്ഞ് സ്വീകരിക്കാനുള്ള മനസ്സ് എന്‍റെ വാപ്പയും ഉമ്മയും കാണിച്ചു. ഒരു ജോലി കിട്ടിയിട്ട് വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് വാപ്പ വിവാഹത്തിന് മുമ്പും ചിന്തിച്ചിരുന്നു. പക്ഷേ അത് അന്ന് പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ല. പക്ഷേ ഇനി ഒരു ജോലി ഇല്ലാതെ പറ്റില്ല.

പുതിയ ജീവിതം

എന്‍റെ അനുജത്തിയുടെ ശ്രമത്തിൽ ഞാൻ കളർലാബ് എന്ന സ്‌ഥാപനത്തിൽ മാനേജർ ആയി ജോലിയിൽ കയറി. വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി, ആൽബം മേക്കിംഗ് ഇങ്ങനെ ഞാൻ അറിയാത്ത ഒരു മേഖലയായിരുന്നു അതെങ്കിലും ആത്മവിശ്വാസത്തോടെ ഞാൻ ഏറ്റെടുത്തു. കുട്ടികളുടെ ഫീസ് അടയ്ക്കാനുള്ള പണമെങ്കിലും എനിക്ക് പണിയെടുത്തുണ്ടാക്കിയേ പറ്റൂ. അഞ്ചു വർഷത്തോളം അവിടെ ജോലി ചെയ്‌തു. ആ സമയത്താണ് സ്വന്തമായൊരു ബാങ്ക് അക്കൗണ്ട് പോലും ഞാൻ ഉണ്ടാക്കിയത്. ഇതിനിടെ രാവിലെ 7 മുതൽ 9.30 വരെ മോണിംഗ് ക്ലാസ്സിൽ ചേർന്നു പഠിച്ചു ഡിഗ്രി പഠനം പൂർത്തിയാക്കിയിരുന്നു. ഡിഗ്രിക്കു പഠിക്കുന്ന സമയത്ത് സ്കിൻ ആന്‍റ് ഹെയർ ബ്യൂട്ടി ട്രീറ്റ്മെന്‍റ് സംബന്ധിച്ച് ഒരു കോഴ്സ് ചെയ്‌തിരുന്നു.

ഇഷ്ടപ്പെട്ട പ്രൊഫഷൻ

കുട്ടിക്കാലം മുതൽ മേക്കപ്പ് എനിക്ക് ഇഷ്‌ടമുള്ള വിഷയമായിരുന്നു. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ടീച്ചർ എന്‍റെ ബാഗു പരിശോധിച്ചപ്പോൾ പുറത്തെടുത്ത സാമഗ്രികൾ ഏതെന്നറിയുമോ? കണ്മഷിയും ലിപ്സ്റ്റിക്കും. അന്നു തൊട്ടേ ഞാൻ അറിയാതെ ഉള്ളിൽ കൊണ്ടു നടന്ന ആഗ്രഹമാണ് മേക്കപ്പ് ആർട്ടിസ്‌റ്റാവുക എന്നത്. പട്ടണം റഷീദിന്‍റെ മേക്കപ്പ് സ്റ്റുഡിയോയിൽ ചേർന്ന് മേക്കപ്പ് കോഴ്സും പഠിച്ചു. പിന്നീടാണ് ബുഷ്റാസ് മേക്കപ്പ് സ്റ്റുഡിയോ എന്ന സ്‌ഥാപനം തുടങ്ങിയത്.

ഫിലിം മേക്കപ്പ് എന്ന രീതിയിലേക്കൊന്നും ഇപ്പോൾ പോകാൻ താൽപര്യമില്ല. അർച്ചന കവി, രഞ്ജിനി ഇവർക്കൊക്കെ മേക്കപ്പ് ചെയ്‌തിട്ടുണ്ട്. വീഡിയോ ആൽബത്തിനു വേണ്ടിയും സൗന്ദര്യമത്സരങ്ങൾക്ക് വേണ്ടിയും മേക്കപ്പ് ചെയ്‌തിട്ടുണ്ട്. എന്നാൽ വീട്ടിൽ എല്ലാ ദിവസവും മടങ്ങിയെത്താൻ കഴിയുന്ന വർക്കുകൾ ആണ് ഇപ്പോൾ ചെയ്യുന്നത്. കാരണം എന്‍റെ കുട്ടികൾക്ക് ഇപ്പോൾ എന്‍റെ സാന്നിധ്യം ആവശ്യമാണ്.

ബ്രൈഡൽ മേക്കപ്പുകളിലാണ് ബുഷ്റ കൂടുതൽ ശ്രദ്ധിക്കുന്നത്. പരമ്പരാഗതമായി ലഭിച്ച സൗന്ദര്യ ചികിത്സാരീതി കൂടി ഉപയോഗിക്കുന്നുണ്ട് ബുഷ്റ. 7 മുതൽ 17 ദിവസം വരെ ചെയ്യാവുന്ന സൗന്ദര്യ ചികിത്സയാണ്. ഇത് വീട്ടിൽ ചെന്ന് ചെയ്‌തു കൊടുക്കും. സസ്യഭക്ഷണം മാത്രം കഴിച്ച്, പ്രാർത്ഥനയോടെയാണ് ഈ ട്രീറ്റ്മെന്‍റ് ചെയ്യിക്കുന്നത്. മുഖത്തെ പാടുകൾ മാറ്റാൻ സഹായിക്കുന്ന ഒരു സൗന്ദര്യക്കൂട്ട് തന്‍റെ പേരിൽ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ബുഷ്റ ഇപ്പോൾ.

ബൈക്ക് റൈഡിംഗ് പാഷൻ

ഇതിനിടയിൽ ബുഷ്റ കുട്ടിക്കാലം മുതൽ മനസ്സിൽ സൂക്ഷിച്ച ആ ആഗ്രഹവും സഫലീകരിക്കാനുള്ള ശ്രമങ്ങളിലാണ്. സ്പോർട്സ് ബൈക്ക് റൈഡർ ആവണം. ഡ്രൈവിംഗ് അറിയാമെങ്കിലും ഇതുവരെ സ്പോർട്സ് ബൈക്ക് ഓടിക്കാൻ ശ്രമിച്ചിരുന്നില്ല. ഇപ്പോൾ അതും സാധിച്ചു. ട്രംഫ് സ്പോർട്സ് ബൈക്കിൽ ബുഷ്റ പറക്കുന്നതു കണ്ടിട്ട് സ്വന്തം കുട്ടികൾ പോലും പറഞ്ഞു ഉമ്മ സൂപ്പറാണ്! ഉമ്മയുടെ ബൈക്ക് റൈഡിൽ ഏറ്റവും അഭിമാനം മകൻ മഹർ സെയിനിനാണ്.

bushra abdu

ഒരു ലേഡി റൈഡറെ കൂടി കിട്ടിയാൽ സ്പോർട്സ് ബൈക്കിൽ ഒരു യാത്ര ബൈക്ക് കമ്പനി ഓഫർ ചെയ്‌തിരിക്കുകയാണ്. 500 സിസിയുടെ ബൈക്ക് ഓടിച്ചു ശീലിച്ചതോടെ ഇനി ഏതു ബൈക്കും ഓടിക്കാൻ പറ്റും എന്ന വിശ്വാസമുണ്ട്. പൾസറും, ബുള്ളറ്റുമെല്ലാം ഓടിച്ചിട്ടുണ്ട് ബുഷ്റ. ഹൈവേ വഴിയുള്ള റൈഡിംഗ് ആവേശം തരും. കാണുന്നവരൊക്കെ ഇത് ഏതു വണ്ടി എന്ന മട്ടിൽ നോക്കുന്നതു തന്നെ രസമല്ലേ…

ബ്രൈഡൽ മേക്കപ്പിനൊപ്പം വിവാഹഫോട്ടോ വീഡിയോ വർക്കുകൾ കൂടി ബുഷ്റ ഏറ്റെടുത്തു നടത്താറുണ്ട്. മകൾ ഫാത്തിമ മെഹ്നാസ് മെഹന്ദി വർക്കും ചെയ്യും. ഫ്ളവേഴ്സ് ചാനലിനു വേണ്ടി മെഹന്ദി ചെയ്‌തിട്ടുണ്ട്. ഒരു മകൾ കൂടിയുണ്ട്. ഖദീജ മെഹ്റിൻ.

ജീവിതത്തിൽ നിന്ന് ഒരുപാട് പഠിച്ചും അനുഭവിച്ചും ഞാൻ ഇപ്പോൾ തന്‍റേടമുള്ള ഒരു സ്ത്രീയായി മാറിക്കഴിഞ്ഞു. പല രക്ഷിതാക്കളുടെയും ചിന്ത, പെൺകുട്ടിയെ ഒരാൾക്കു കല്യാണം കഴിച്ചു കൊടുത്താൽ അവിടെ അവരുടെ ഉത്തരവാദിത്തം തീർന്നു എന്നാണ്. സ്വന്തമായി സമ്പാദിച്ച് ജീവിക്കാൻ ആണിനെയും പെണ്ണിനെയും പ്രാപ്തമാക്കുന്നതിനാണ് അച്‌ഛനമ്മമാർ മുൻതൂക്കം നൽകേണ്ടത്. കഠിനാധ്വാനം ചെയ്യുക, അതിന്‍റെ ഫലം കിട്ടും. സ്നേഹം മാത്രം കൊടുക്കുക, ആ സ്നേഹം, എവിടെ നിന്നെങ്കിലുമൊക്കെ തിരിച്ചു കിട്ടും. ജീവിതത്തിൽ എങ്ങും തളരാതെ ബുഷ്റയെ മുന്നോട്ടു നയിക്കുന്ന സൂത്രവാക്യം ഇതുമാത്രമാണ്.

കൊറോണക്കാലത്ത് ഏഴു മാസം മേക്കപ്പ് സ്റ്റുഡിയോ അടച്ചിടേണ്ടി വന്നുവെങ്കിലും വീണ്ടും ശക്തിതമായി തിരിച്ചു വരാനും സാധിച്ചു.

और कहानियां पढ़ने के लिए क्लिक करें...