അന്യ സംസ്ഥാന തൊഴിലാളികൾ നിറഞ്ഞ ഒരു നഗര സന്ധ്യയിലെ കാഴ്ചയായിരുന്നു അത്. അച്‌ഛനും അമ്മയും നാലു പിഞ്ചു കുഞ്ഞുങ്ങളും ഉൾപ്പെട്ട ഒരു കുടുംബം ബസ് കാത്തു നിൽക്കുകയാണ്. കുസൃതി കാട്ടുന്ന കുഞ്ഞുങ്ങളെ അടക്കിയൊതുക്കി നിർത്താൻ അച്‌ഛൻ കാണിച്ച സൂത്രം എന്തെന്നോ. ചുണ്ടിൽ എരിയുന്ന സിഗററ്റിന്‍റെ പുകച്ചുരുളുകളെ വായിൽ ഒളിപ്പിച്ചു വയ്‌ക്കും. പിന്നെ അത് അൽപാൽപമായി പല ആകൃതിയിൽ കുഞ്ഞുങ്ങളുടെ മുഖത്തേക്കും മറ്റും ഊതിക്കൊടുക്കും. നിഷ്കളങ്കമായ ചിരിയോടെ പുകച്ചുരുളുകൾ കൈവെള്ളയിൽ പിടിക്കാൻ ശ്രമിക്കുന്ന കുരുന്നുകൾ. അതുകണ്ട് നിൽക്കാൻ കഴിയാത്തതു കൊണ്ട് അയാളുടെ അടുത്ത് ചെന്ന് അങ്ങനെ ചെയ്യരുത്, കുഞ്ഞുങ്ങൾക്ക് കേടാണ്, മാത്രമല്ല ഇത് പൊതു സത്യമാണ് എന്ന് സൂചിപ്പിച്ചപ്പോൾ അജ്ഞതയും ലേശം പരിഹാസവും കലർന്ന ഒരു നോട്ടം.
പുകവലിക്കാത്തവരെയും രോഗികളാക്കുന്ന പാസീവ് സ്മോക്കിംഗ് ഇപ്പോഴും ഒളിച്ചിരിക്കുന്ന വില്ലൻ തന്നെയാണ്. ബസ്സ്റ്റാന്‍റുകളിൽ, തീയറ്ററുകളിൽ, പൊതുശൗചാലയങ്ങളിൽ, നിരത്തുകളിലൊക്കെ പുകവലിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എന്നാൽ മുമ്പ് ഇതൊന്നുമായിരുന്നില്ല അവസ്‌ഥ. പുകവലിക്ക് നിയന്ത്രണങ്ങളില്ലാതിരുന്ന സമയത്തും അതിന്‍റെ ദുരിതങ്ങൾ കൂടുതൽ അനുഭവിച്ചിരുന്ന് വലിക്കാത്തവർ തന്നെയായിരുന്നു. സിഗരറ്റ് വിൽക്കാമെങ്കിൽ പുകവലിക്കാനുള്ള സ്വാത്രന്ത്യം ഉണ്ട് എന്ന മട്ടിലൊക്കെയായിരുന്നു വർഷങ്ങൾക്കു മുമ്പ് പൊതു മനോഭാവം. ഇതിനു മാറ്റം വന്നത് 1998 മുതലാണ്. പുകവലി നിരോധന നിയമം പ്രാബല്യത്തിൽ വന്ന ആദ്യ സംസ്ഥാനമാണ് കേരളം. 1999 ലാണ് അത്. അന്ന് അത് സംഭവിക്കാൻ ഇടയാക്കിയത് ഒരു വനിതയാണ്, പ്രൊഫ. മോനമ്മ കോക്കാട്.
“ഔദ്യോഗികാവശ്യത്തിന് ധാരാളം തീവണ്ടി യാത്രകൾ ചെയ്‌തു കൊണ്ടിരുന്ന 1998 കാലയളവിലാണ് ഞാൻ പുകവലിയുടെ ദുരിതം ശരിക്കും അനുഭവിച്ചത്. അന്നൊന്നും തീവണ്ടികളിൽ ലേഡീസ് കമ്പാർട്ടുമെന്‍റുകൾ ഇല്ല. ജനറൽ കമ്പാർട്ടുമെന്‍റുകളിൽ പുകവലിക്കാർ കൂടുതലും. മഴയൊക്കെയുള്ളപ്പോൾ അടച്ചിട്ട കമ്പാർട്ടുമെന്‍റുകളിലെ യാത്ര അസഹനീയമായിരുന്നു. പരാതിപ്പെട്ടപ്പോൾ അവർക്ക് വലിക്കാനുള്ള അവകാശമുണ്ടെന്നാണ് പറഞ്ഞത്. ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം പുകവലിക്കാത്തവർക്കുമില്ലേ എന്ന ചിന്ത വന്നത് അപ്പോഴാണ്. അങ്ങനെയാണ് 98 ൽ ഞാൻ കൊടുത്ത പൊതുതാൽപര്യ ഹർജിയിലൂടെ പൊതുസ്ഥലങ്ങളിലും പുകവലി കോടതി നിരോധിച്ചത്. ഇപ്പോൾ പുകവലി വളരെ കുറഞ്ഞു. ഡയറക്‌ട് സ്മോക്കിംഗും പാസീവ് സ്മോക്കിംഗും ഇപ്പോഴും ഉണ്ടാകും. എന്നാലും മുമ്പുണ്ടായിരുന്നത്ര ഭീകരമല്ല.”
പുകവലി ശീലം മാറ്റുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലാത്തതിനാലും നിരോധനം ഉള്ളതിനാലും സ്വകാര്യ സ്‌ഥലങ്ങൾ കണ്ടെത്തി വലിക്കും. ഇങ്ങനെ കണ്ടെത്തുന്ന സ്‌ഥലങ്ങളിൽ ചിലത് കാറുകളും ടോയ് ലെറ്റും മറ്റുമാണ്. നഗരത്തിലെ ഒരു പ്രമുഖ വസ്‌ത്രശാലയിലെ കാർ പാർക്കിംഗിൽ ആണ് സംഭവം.
വണ്ടി പാർക്ക് ചെയ്ത് താക്കോൽ സെക്യൂരിറ്റിയെ ഏൽപിച്ച് ഭാര്യയും ഭർത്താവും ഷോപ്പിംഗിന് കയറി. സാധാരണ ഷോപ്പിംഗിന് പോയാൽ കുറേ സമയം എടുക്കാറുണ്ട്. എന്നാൽ അന്ന് അരമണിക്കൂറിനകം തിരിച്ചു വന്നു. കാർ അപ്പോൾ പാർക്കിംഗ് ഏരിയയിൽ ഇല്ലായിരുന്നു. സെക്യൂരിറ്റിക്കാരനോട് ചോദിച്ചപ്പോൾ ആരെയോ ഫോണിൽ വിളിച്ചു. അപ്പോൾ തന്നെ കാർ എത്തുകയും ചെയ്‌തു.
പുകവലിയെ കുറിച്ച് പറയുമ്പോൾ ഈ സംഭവത്തിനെന്തു പ്രസക്‌തി എന്നു തോന്നാം. ഇനിയാണ് ശരിക്കും ശ്രദ്ധിക്കേണ്ട സംഗതി. ആ വണ്ടി തുറന്ന് അകത്തു കയറിയപ്പോൾ സിഗററ്റിന്‍റെ നാറ്റം. വണ്ടിയുടെ ഉടമ പുകവലിക്കാരനല്ല. ആ വണ്ടിയിൽ പുകവലിക്കാൻ അറിഞ്ഞു കൊണ്ട് ആരെയും അനുവദിക്കാറുമില്ല.
ആ വാഹനം ഉടമ അറിയാതെ എടുത്തു കൊണ്ടു പോയതും ഉപയോഗിച്ചതും വലിയൊരു തെറ്റാണ്. ആ തെറ്റിന് പ്രേരിപ്പിച്ചത് സ്വസ്ഥമായി പുകവലിക്കാൻ ഉള്ള സങ്കേതം കാർ ആണെന്ന ചിന്തയും. ഇതിന്‍റെ പുകയും ഗന്ധവും, മാരകമായ രാസകണങ്ങളും കാറിൽ തങ്ങി നിൽക്കുമെന്ന കാര്യം ഇവരൊന്നും കണക്കിലെടുക്കുകയുമില്ല.
“കേരളത്തിൽ ഇത്ര പ്രകടമായി ചായക്കടകളുടെ മുന്നിലും മറ്റും പുകവലി കാണാറില്ല. നിരോധനം ഇന്ത്യ മുഴുവൻ ഉണ്ടെങ്കിലും ഇവിടത്തെ അത്ര ഫലപ്രദമല്ല മറ്റൊരിടത്തും. ബാംഗ്ലൂരിലെ തിരക്കേറിയ റോഡുകളിൽ പോലും രാവിലെയും വൈകിട്ടും ചായ കുടിക്കാൻ വരുന്നവർ ഒപ്പം പുകവലിക്കുന്നതും കാണാം. വലിയ അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. എന്നാൽ അവിടെ ആരും പരാതിപ്പെട്ടു കണ്ടിട്ടില്ല.” ബാംഗ്ലൂരിൽ ബിരുദ വിദ്യാർത്ഥിയായ ഗീതാഞ്ജലി പറയുന്നു.
നിയമ സംവിധാനം കൊണ്ടും ബോധവൽക്കരണം കൊണ്ടും ഉണ്ടായ ഗുണമാണിത്. കട്ടൻ ചായയും ബീഡിയും ഇല്ലെങ്കിൽ സോഷ്യലിസം പോലും ഇല്ലെന്ന് ചിന്തിച്ചിരുന്ന സമൂഹത്തിലേക്കാണ് ഈ നിരോധനം കടന്നു വന്നത്. പൊതു സ്ഥലത്തെ പുകവലിയും മദ്യപാനവും നിരോധിച്ചതോടെ സ്വന്തം വീട്ടിലിരുന്ന് ഇവ രണ്ടും നിർവഹിക്കാനുള്ള പ്രവണത വർദ്ധിക്കുമെന്നും അത് കുട്ടികളിലും സ്ത്രീകളിലും ആരോഗ്യ പ്രശ്നങ്ങൾ കൂടുതൽ ഉണ്ടാക്കുമെന്നും കുറേപേർ അന്നും വാദിച്ചിരുന്നു. തുടർച്ചയായ പരസ്യങ്ങളും നിയമ നടപടികളും മൂലം, ഇതൊരു കുറ്റകൃത്യം എന്നതിലുപരി ആരോഗ്യ പ്രശ്നമായി ജനം തിരിച്ചറിഞ്ഞു. പക്ഷേ തലമുറകൾ മാറി വരുമ്പോഴും ബോധവൽക്കരണം തുടരേണ്ടതുണ്ട്.
അടുത്തയിടെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നടത്തിയ സർവ്വേ പ്രകാരം എറണാകുളം ജില്ലയിലെ വിദ്യാർത്ഥികളിൽ 56 ശതമാനത്തോളം പേർ പാസീവ് സ്മോക്കിംഗ് അനുഭവിക്കുന്നുണ്ട്. വീട്ടിലോ സ്ക്കൂൾ പരിസരത്തോ ആണ് ഇത്. ഇങ്ങനെ പാസീവ് സ്മോക്കിംഗിന് ഇരയാവുന്നവരിൽ 15 ശതമാനം പേർക്കും ഗുരുതരമായ ശ്വാസകോശ രോഗങ്ങൾ ഉണ്ടത്രേ!
“പാസീവ് സ്മോക്കിംഗ് അഥവാ നിഷ്ക്രിയ പുകവലി അത്ര വലിയ പ്രശ്നമായി പുകവലിക്കാർക്ക് തോന്നാറില്ല. പുകവലിക്കുന്നവർക്കു മാത്രമല്ല, അതേക്കുറിച്ച് ധാരണ കുറവുള്ള ഭൂരിഭാഗം പേർക്കും പാസീവ് പുകവലി ഉണ്ടാക്കുന്ന സാമൂഹ്യ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ഗൗരവമായ ചിന്തയില്ല.” കാൻസർ രോഗ വിദഗ്ധൻ ഡോ. സി എൻ മോഹനൻ നായർ ചൂണ്ടിക്കാട്ടുന്നു.
“സിഗററ്റ് പുകയുമ്പോൾ അതിൽ 6000 ത്തോളം രാസവസ്‌തുക്കൾ അന്തരീക്ഷത്തിലെത്തുന്നുണ്ട്. അവയിൽ 60 ഓളം കെമിക്കലുകൾ കാർസിനോജെനസ്, അതായത് കാൻസർ ഉണ്ടാക്കാൻ സാധ്യതയുള്ളവയാണ്. ഇങ്ങനെ പലതരം മാരകമായ രാസകണങ്ങൾ അടിഞ്ഞു കൂടുന്ന അന്തരീക്ഷത്തിൽ കഴിയേണ്ടി വരുന്നതിനെ തേഡ്ഹാന്‍റ് സ്മോക്കിംഗ് എന്ന് പറയാറുണ്ട്. സ്വന്തം കാറിലിരുന്ന് പുകവലിക്കുന്നവരുണ്ട്.
കിടപ്പുമുറിയിലും, കുളിമുറിയിലും അടച്ചിട്ടിരുന്ന് വലിക്കുന്ന വരുണ്ട്. എന്നാൽ ഇങ്ങനെ ചെയ്‌ത ശേഷം ഫാൻ ഇട്ടതു കൊണ്ടോ കാറിന്‍റെ വിൻഡോ തുറന്നിട്ടതുകൊണ്ടോ കാര്യമില്ല. അടച്ചിരിക്കുമ്പോൾ കെമിക്കലുകളുടെ സാന്ദ്രത കൂടും. തുറന്നിട്ടാലും പുകവലിയെ തുടർന്ന് അന്തരീക്ഷത്തിൽ ഉണ്ടാകുന്ന രാസകണങ്ങൾ ആ സ്പേസിൽ കെട്ടിക്കിടക്കുന്നുണ്ട്. ഇത്തരം സ്‌ഥലങ്ങളിൽ കുഞ്ഞുങ്ങൾ കഴിയേണ്ടി വന്നാൽ ആരോഗ്യത്തെ ബാധിക്കും.
നവ ജാതശിശുക്കളിൽ പെട്ടെന്നുള്ള മരണത്തിനു (സഡൻ ഡെത്ത് സിൻഡ്രോം) വരെ കാരണമായേക്കാം. ആസ്മ അസുഖമുള്ള കുഞ്ഞുങ്ങൾക്ക് ഇതിനുള്ള സാധ്യത കൂടുതലാണ്. ശ്വാസകോശ അണുബാധ, ബ്രോങ്കൈറ്റിസ്, ഹൃദ്രോഗം, ക്ഷയം, അലർജി, നാഡീ ന്യൂനതകൾ, മാനസിക ശേഷിക്കുറവ്, ഉറക്കമില്ലായ്മ ഇങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാകാം.
ഡയറക്‌ട് സ്മോക്കിംഗിലൂടെയും പാസീവ് സ്മോക്കിംഗിലൂടെയും കാൻസർ ബാധ ഉണ്ടാകാം. എന്നാൽ ഇത് കൂടുതലായി കാണുന്നത് മുതിർന്നവരിലാണ്. തൊണ്ട, നാസാരന്ധ്രങ്ങൾ, ശ്വാസകോശം, അന്നനാളം ഇവിടെയൊക്കെ രോഗം ബാധിക്കാം” ഡോക്‌ടർ ചൂണ്ടിക്കാട്ടുന്നു.
പാസീവ് സ്മോക്കിംഗ് കൂടുതലും ബാധിക്കുക കുട്ടികളെയാണ്. വർക്ക് പ്ലെയ്സ്, ടോയ് ലെറ്റുകൾ, ഓഫീസ് കാബിനുകൾ ഇവിടെ നിന്നൊക്കെയാണ് മുതിർന്നവർക്ക് സംഭവിക്കുന്നതെങ്കിൽ കുട്ടികൾക്കും സ്ത്രീകൾക്കും പുകവലിയുടെ ദൂഷ്യഫലം കൂടുതൽ കിട്ടുന്നത് സ്വന്തം വീടുകളിൽ നിന്നു തന്നെയായിരിക്കും.
“വീട്ടിൽ അച്‌ഛൻ കടുത്ത പുകവലിക്കാരനായിരുന്നു. ഒരിക്കലും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. അതിന്‍റെ പ്രത്യാഘാതം അനുഭവിച്ചത് അമ്മയാണ്.” എറണാകുളത്ത് സ്വകാര്യ സ്‌ഥാപനത്തിൽ ജോലി ചെയ്യുന്ന പറവൂർ സ്വദേശിനി ഷൈനി പറയുന്നു.
ഷൈനിയുടെ അമ്മ മഹിള ശ്വാസകോശാർബുദത്തിന് ചികിത്സയിലാണിപ്പോൾ. “കൈകാൽ തളർന്നതിനെ തുടർന്ന് ഡോക്‌ടറെ കാണാൻ പോയപ്പോഴാണ് അർബുദബാധയാണെന്ന് വ്യക്‌തമായത്. ശ്വാസകോശം, തലച്ചോറ്, ഇവിടെ എല്ലായിടത്തും പടർന്നതിനു ശേഷമാണ് തിരിച്ചറിഞ്ഞത്.”
പുകയില ഉൽപന്നങ്ങളൊന്നും ഉപയോഗിക്കുന്ന ആളല്ല മഹിള. പിന്നെങ്ങിനെ ശ്വാസകോശാർബുദം ഉണ്ടാകും എന്ന ചോദ്യത്തിന്‍റെ ഉത്തരം ചെന്നെത്തുന്നത് ഭർത്താവ് കലാധരന്‍റെ കലശലായ പുകവലി ശീലത്തിലാണ്.
“പാസീവ് സ്മോക്കിംഗിന്‍റെ ഇരയാണ് മഹിള. നൂറു ശ്വാസകോശാർബുദ രോഗികളെ കണക്കിലെടുത്താൻ 99 പേരും പുകവലിക്കാരായിരിക്കും. അല്ലെങ്കിൽ പാസീവ് സ്മോക്കിംഗിന്‍റെ ഇരയായിരിക്കും.” മഹിളയെ ചികിത്സിക്കുന്ന ഡോ മോഹൻ ചൂണ്ടിക്കാട്ടുന്നു. മഹിളയ്ക്ക് രോഗം ഉണ്ടായതിനു ശേഷം, മകൾ ഷൈനിക്ക് ഒരു വർഷത്തോളം ജോലിക്കു പോകാൻ കഴിഞ്ഞില്ല.
പുകവലിക്കാരുടെ വീട്ടിൽ ചിലപ്പോൾ ഗുരുതരമായ രോഗങ്ങളൊന്നും ഉണ്ടായെന്നു വരില്ല. എന്നാൽ അവിടെ പലതരത്തിലുള്ള ശാരീരികാസ്വസ്ഥ്യങ്ങൾ, പഠനവൈകല്യങ്ങൾ, ഇതൊക്കെ ഉണ്ടാകാം. പലരും അതൊന്നും ശ്രദ്ധിക്കാറില്ല.
പുകവലിയും, മദ്യപാനവുമൊക്കെ പൊതുസ്ഥലങ്ങൾ വിട്ട് വീടിന്‍റെ സ്വകാര്യതയിലേക്ക് കടന്നു കയറി, കിടപ്പുമുറിയും പങ്കിട്ടു. ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്. നിശബ്ദമായി ഈ പുക എവിടെയും കൊലയാളിയായി മാറാം.