ആഹ്ലാദകരമായ ദാമ്പത്യജീവിതത്തിൽ അല്ലറ ചില്ലറ സൗന്ദര്യപ്പിണക്കങ്ങൾ ഉണ്ടാവുക സാധാരണമാണ്. പിണക്കങ്ങളും ഇണക്കങ്ങളുമാണ് ദാമ്പത്യ ജീവിതത്തെ സജീവമാക്കി തീർക്കുന്നത്. സൗന്ദര്യ പിണക്കങ്ങളുണ്ടാക്കുന്ന സന്ദർഭങ്ങളും കാരണങ്ങളും അറിയാം.
സർപ്രൈസുകൾ നൽകാൻ ഇഷ്‌ടപ്പെടുന്നവരാണ് സ്ത്രീകൾ. ഒരു പക്ഷേ ഇക്കാര്യത്തിൽ സ്ത്രീകൾക്കൽപം കിറുക്കുണ്ടെന്ന് തന്നെ പറയാം. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർ സർപ്രൈസുകൾ നൽകുന്ന കാര്യത്തിൽ പിന്നിലാണ്. അതുകൊണ്ട് ദാമ്പത്യ ജീവിതത്തിൽ കലഹത്തിന് ഇതൊരു നല്ല കാരണവുമാകും. ചിലപ്പോൾ ഭർത്താവ് സർപ്രൈസ് നൽകുന്നത് തന്നെ നിർത്തിക്കളയും. ഇത് വളരെ നിസ്സാര കാര്യമാണെങ്കിലും ഒരു കൊച്ചു പിണക്കത്തിന് ഇത് മതി. ചിലപ്പോഴത് ഗുരുതരമായ കലഹത്തിനും കാരണമാകും.
അമിതമായ തിരക്ക്
ഭർത്താവിന്‍റെ അമിതമായ തിരക്കിനെ ചൊല്ലിയും ഭാര്യ അസ്വസ്ഥപ്പെടാറുണ്ട്. ഭർത്താവിന് അവധി ദിവസമുള്ളപ്പോഴും ഭാര്യയുടെ കാര്യങ്ങൾ ശ്രദ്ധിക്കാത്തതിനെ ചൂണ്ടിക്കാട്ടി ഭാര്യ കലഹിക്കാറുണ്ട്. ഭാര്യവീട്ടിലെ ഏതെങ്കിലും ആവശ്യത്തിന് അവധിയെടുക്കാൻ ഭർത്താവിന് കഴിയാതെ വന്നാൽ സംഗതിയാകെ കുഴയും. പിന്നെ വലിയൊരു യുദ്ധമായിരിക്കും പൊട്ടി പുറപ്പെടുക.
സാധന സാമഗ്രികൾ വച്ചിടത്ത് കാണാതെ വന്നാൽ
സ്വന്തം വസ്‌തുക്കൾ വച്ചിടത്ത് കാണാതെ വരികയാണെങ്കിൽ ഭർത്താവ് കലിതുള്ളും. ഭാര്യ ചിലപ്പോഴത് കൂടുതൽ സുരക്ഷിതമായി വയ്ക്കാനോ അതുമല്ലെങ്കിൽ വൃത്തിയാക്കാനോ വേണ്ടി വച്ചതാണെങ്കിൽ പോലും ഈ കലഹമൊഴിയില്ല.
ആദ്യത്തെ സ്നേഹം ഇപ്പോഴില്ലെങ്കിൽ
ഇതൊരു സാധാരണ പ്രശ്നമാണ്. ഭാര്യയും ഭർത്താവും ഉദ്യോഗസ്‌ഥരാണെങ്കിൽ അമിതമായ തിരക്കുകൾ ഇരുവരുടെയും ഇടയിലുള്ള റൊമാൻസിനെ ഇല്ലാതാക്കാം. ഇരുവരും ഇക്കാര്യത്തെ ചൊല്ലി പരസ്പരം ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. ഈ കലഹം തന്നെ പരസ്പരം മനസ്സിൽ സൂക്ഷിക്കുന്ന സ്നേഹത്തെയാണ് സൂചിപ്പിക്കുന്നത്.
വസ്ത്രങ്ങൾ അലക്ഷ്യമായി ഇടുക
ഇത് നിത്യവും കലഹത്തിനുള്ള ഒരു വിഷയമാണ്. നനഞ്ഞ തോർത്ത്, മുഷിഞ്ഞ സോക്സ് അല്ലെങ്കിൽ വസ്ത്രങ്ങൾ അവിടവിടായി അലക്ഷ്യമായി ഇടുന്നതൊക്കെ പലപ്പോഴും കലഹ കാരണങ്ങളിലൊന്നാണ്.
സുഹൃത്തുക്കളെ സ്നേഹിക്കുക
ഭർത്താവിന്‍റെ സുഹൃദ്സ്നേഹമാണ് ഭാര്യയെ ഏറ്റവും ചൊടിപ്പിക്കുന്ന ഒരു കാര്യം. സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുന്ന ഭർത്താവ് പലപ്പോഴും ഭാര്യയെ അവഗണിക്കാറുണ്ട്. ഈ സാഹചര്യത്തിൽ ഭാര്യ പരാതി പറയുന്നത് തുടരും. എനിക്കു വേണ്ടി ചെലവഴിക്കാൻ നിങ്ങൾക്ക് സമയമില്ലാ… എന്നിങ്ങനെ പറഞ്ഞ് ഭാര്യ പിണങ്ങും.
എപ്പോഴും പിണങ്ങിയിരിക്കുക
മിക്കപ്പോഴും ഉന്നയിക്കപ്പെടുന്ന പരാതിയാണിത്. വീട്ടിലിരിക്കുന്ന സമയത്ത് ഭാര്യയും ഭർത്താവും പിണങ്ങിയിരിക്കും. എന്നാൽ പുറത്തിറങ്ങിയാലോ, മറ്റുള്ളവരോട് ചിരിച്ച് കളിച്ച് നിർത്താതെ വർത്തമാനം പറഞ്ഞു കൊണ്ടിരിക്കും.
പാചക കാര്യത്തിലും
സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും തലവേദനയുണ്ടാക്കുന്ന കാര്യമാണിത്. ഇനി എന്തെങ്കിലുമൊരു വിഭവം ഉണ്ടാക്കിയാൽ തന്നെ എന്നും ഇതേ ഉണ്ടാക്കുകയുള്ളോയെന്നാവും വീട്ടിലുള്ളവരുടെ പരാതി. അല്ലെങ്കിൽ ഇഷ്‌ടമില്ലെന്ന് പറഞ്ഞ് ആ വിഭവം ഒഴിവാക്കികളയും. മിക്ക വീടുകളിലും കലഹത്തിന് കാരണമാകുന്ന സ്‌ഥിരം കാര്യമാണിത്.
ഒരു ബന്ധവും പെർഫക്റ്റല്ല
ഏത് ബന്ധവും സമ്പൂർണ്ണമല്ലെന്നതാണ് വാസ്തവം. തങ്ങളുടെ ബന്ധം ഏതെങ്കിലും സിനിമാക്കഥ പോലെയായിരിക്കണമെന്നാവും ഓരോരുത്തരും ആഗ്രഹിക്കുക. ഓരോ ബന്ധവും മറ്റൊന്നിൽ നിന്നും തീർത്തും വ്യത്യസ്‌തമായിരിക്കും. ഇത് മാത്രമല്ല ഓരോ ബന്ധത്തിനും സ്നേഹവും സമർപ്പണവും പരിശ്രമവും ത്യാഗവുമൊക്കെ ആവശ്യമാണ്. മിക്ക ബന്ധങ്ങളും തകരുന്നതിന് കാരണം ഇതൊന്നും ഇല്ലാത്തതാണ്.
അദ്ദേഹം എപ്പോഴും ശരിയായ കാര്യങ്ങൾ പറയട്ടെ
ഇത് സംഭവ്യമല്ല. അതുകൊണ്ട് ഇത്തരം പ്രതീക്ഷ വച്ചു പുലർത്തരുത്. ആരും പെർഫക്റ്റല്ല എന്നതാണ് ഇതിന് കാരണം. എപ്പോഴും നല്ല നല്ല കാര്യങ്ങൾ പറയാൻ ഭർത്താവ് ഏതെങ്കിലും റൊമാന്‍റിക് സിനിമയിലെ നായകനല്ല. പങ്കാ ളിയും ഒരു മനുഷ്യനാണ്. തെറ്റുകൾ സംഭവിക്കാം. ചിലപ്പോൾ പറയാൻ പാടില്ലാത്ത കാര്യങ്ങൾ വരെ പരസ്പരം പറഞ്ഞെന്നു വരാം. ഇത്തരം അനിഷ്ട സംസാരം മനസ്സിലേറ്റരുത്. ഇങ്ങനെ പതിവായി സംഭവിക്കുകയാണെങ്കിൽ തീർച്ചയായും ചിന്തിക്കേണ്ട കാര്യമാണ്.
എന്നും സന്തോഷത്തോടെയിരിക്കാം
ഇങ്ങനെയായിരിക്കുകയെന്നത് ഏറ്റവും വലിയ കാര്യമാണ്. ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കുമറിയില്ല. ജീവിതത്തിൽ വളരെ വിചിത്രങ്ങളായ കാര്യങ്ങൾ സംഭവിക്കാം. ഒരു പക്ഷേ നിങ്ങളിലൊരാൾക്ക് അസുഖം പിടിപെടാം. അതുകൊണ്ട് ജീവിതത്തിൽ വീണു കിട്ടുന്ന ഏത് നിമിഷവും സന്തോഷപ്രദമാക്കുക. ജീവിതം ഒരു സിനിമാക്കഥ പോലെ സ്വപ്ന സദൃശ്യമാകണമെന്നില്ല. ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകാം. നിങ്ങൾ അതിനു വേണ്ടി തയ്യാറായിരിക്കുകയാണ് ഏറ്റവും പ്രധാനം.