ഉപ്പ് തൊട്ട് കർപ്പൂരം വരെ ആ കടയിൽ കിട്ടുന്നൊക്കെ പറയാറില്ലേ. അതുപോലെയാണ് ദീപാങ്കുരൻ എന്ന സംഗീതഞ്‌ജന്‍റെ ജീവിതം. അച്ഛൻ കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രശസ്തനായ ഗാനരചയിതാവ്, ഗായകൻ, സംഗീതസംവിധായകൻ. അമ്മ മനോഹരമായി വീണ വായിക്കും. ചെറിയച്ഛൻ കൈതപ്രം വിശ്വനാഥും പേരുകേട്ട സംഗീതഞ്‌ജൻ. ദീപാങ്കുരന്‍റെ അനിയൻ ഡോക്ടറാണെങ്കിലും നന്നായി പാടും. ഇങ്ങനെയൊരു സംഗീത വീട്ടിൽ ജനിച്ച ദീപാങ്കുരൻ ജന്മസിദ്ധമായി അപാരമായ കഴിവുള്ള ഒരാൾ കൂടിയായാൽ പിന്നെ പറയാനുണ്ടോ..

തന്‍റെ സംഗീതസംവിധാനത്തിൽ ഹിറ്റായ തട്ടും പുറത്ത് അച്യുതനിലെ ഗാനങ്ങൾ സമ്മാനിച്ച സന്തോഷവും ഇതുവരെയുള്ള സംഗീതയാത്രയും പങ്ക് വയ്ക്കുന്നു, മലയാള സിനിമാലോകത്തെ പുതുമുഖ സംഗീതസംവിധായകരിൽ ശ്രദ്ധേയനായ ദീപാങ്കുരൻ.

മറക്കാനാവാത്ത ആദ്യ ചിത്രം

ദീപാങ്കുരൻ എന്ന കൊച്ചുപയ്യന് സോപാനത്തിൽ അഭിനയിച്ച് പാടിയത് അത്രയ്ക്കൊന്നും ഓർത്തെടുക്കാനാവില്ലെങ്കിലും ആദ്യ ചിത്രമായി മനസ്സിൽ മറക്കാതെ കിടക്കുന്നത് ദേശാടനം എന്ന ഹിറ്റ് സിനിമയാണ്. അക്കാലത്തെ ഏറ്റവും അധികം ഹിറ്റായ പാട്ടുകളുള്ള ചിത്രം. നാവാമുകുന്ദഹരേ എന്ന ഗാനം കുഞ്ഞുദീപാങ്കുരന്‍റെ സ്വരത്തിൽ കേരളത്തിൽ എങ്ങും അലയടിച്ചു.

സിനിമയുടെ പൂജകൾക്ക് അച്ഛന്‍റെ കൂടെ പോയി പലപ്പോഴും ഈശ്വരപ്രാർത്ഥന ചൊല്ലാൻ ദീപുവാകും നിയോഗിക്കപ്പെടുക. അത്തരത്തിൽ ചൊല്ലിയ ഒരു പ്രാർത്ഥനയാണ് ഈ ഗാനത്തിലേക്ക് ദീപാങ്കുരനെ എത്തിച്ചത്. ദീപുവിന്‍റെ തന്നെ ഭാഷയിൽ പറഞ്ഞാൽ പിന്നണി പാട്ടുകാരനാക്കിയ ആദ്യഗാനം. അതും അച്ഛൻ കൈതപ്രം തിരുമേനിയുടെ സംഗീതത്തിൽ.

റെക്കോർഡിംഗ് വേളയിൽ തെറ്റുകൾ ഒരുപാട് വരുത്തിയ കുഞ്ഞുദീപുവിനെ അച്ഛൻ ശാസിച്ചപ്പോൾ കൂടെ പാടിയ ഗായിക മഞ്‌ജുമേനോൻ ആണ് അങ്കിൾ പോയ്ക്കോളൂ എന്നും ഇവനെ ഞാൻ പാടിച്ചോളാമെന്നും പറഞ്ഞ് കോഴിക്കോട് മ്യൂസിക് സിറ്റിയുടെ സ്റ്റുഡിയോയിൽ ഗാനം റെക്കോർഡ് ചെയ്തത്. ഒരുപാട് പ്രിയപ്പെട്ടവരുടെ കൂടെ തുടക്കം കുറിച്ച ആ ഓർമ്മയാണ് ദീപുവിനെ ഇന്നും ആവേശം കൊള്ളിക്കുന്നത്.

ബ്രേക്ക് നൽകിയ പ്രിയപ്പെട്ട പാട്ടുകൾ

ലതാ മങ്കേഷ്ക്കർ ആലപിച്ച ഹിന്ദിയിലെ ഹിറ്റ് ഗാനം ദീപുവിന്‍റെ ശബ്ദത്തിൽ വന്നപ്പോൾ അതിലേറെ ഹിറ്റ്. ദീപു പ്ലസ് വണിന് ചെന്നൈയിൽ പഠിക്കുമ്പോഴാണ് സത്യം ശിവം സുന്ദരത്തിൽ പാട്ടെഴുതാൻ കൈതപ്രം ചെന്നൈയിൽ എത്തുന്നത്. അന്ന് അച്ഛനെ കാണാനെത്തിയ ദീപാങ്കുരനെ കൊണ്ട് അച്ഛന്‍റെ കൂടെ മുറിയിലുണ്ടായിരുന്ന സിയാദ്കോക്കറും രജപുത്രാ രഞ്‌ജിത്തും ഒക്കെ ചേർന്ന് ഒരു പാട്ട് പാടാൻ ആവശ്യപ്പെട്ടു.

തിരിച്ച് പോരാൻ ഇറങ്ങിയപ്പോൾ ഈ ഗാനം ദീപുവിനോട് പഠിച്ച് വയ്ക്കാൻ പറയുകയും ചെയ്തു. പിന്നീട് ആ സിനിമയുടെ സംഗീതസംവിധായകൻ വിദ്യാസാഗറിന്‍റെ വർഷവല്ലഗിയെന്ന സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്യുകയും ചെയ്തു. ഇതിനുശേഷമാണ് ജയരാജിന്‍റെ സെൻസേഷണൽ ഹിറ്റായ ഫോർ ദി പ്യൂപ്പിൾ സംഭവിക്കുന്നത്. അതിലെ ലജ്‌ജാവതിയോളം ഹിറ്റായ മറ്റൊരു ഗാനമാണ് ദീപാങ്കുരന്‍റെ ശബ്ദത്തിൽ പിറന്ന ലോകാസമസ്താ എന്ന ഗാനം. ഈ ഗാനത്തേക്കാൾ കൂടുതൽ ദീപാങ്കുരന് പറയാനുള്ളത് ജാസിഗിഫ്റ്റുമായുള്ള ബന്ധത്തെക്കുറിച്ചാണ്. അന്നും ഇന്നും പ്രശസ്തിയുടെ കളങ്കം ഏൽക്കാത്ത സഹോദരതുല്യനായ ഒരാളാണ് ദീപുവിന് ജാസിഗിഫ്റ്റ്. പ്രൊഫഷണലി വരാറുള്ള എത്ര ചെറിയ സംശയങ്ങൾക്കുപോലും ഇപ്പോഴും ദീപാങ്കുരൻ ആദ്യം വിളിക്കുന്നത് തന്‍റെ ജാസിയേട്ടനെ തന്നെ!

സംഗീതത്തിലെ ഇഷ്ടം

തീർച്ചയായും ദീപാങ്കുരൻ എന്നുള്ള ഗായകൻ നല്ല പ്രശസ്തിയിൽ നിൽക്കുമ്പോഴും ഉള്ളിന്‍റെയുള്ളിൽ സംഗീത സംവിധാനത്തോടായിരുന്നു ആദ്യം മുതലേ താൽപര്യം. ലക്ഷ്യവും മ്യൂസിക് ഡയറക്ടർ ആകുകയെന്നുള്ളത് തന്നെയായിരുന്നു.

deepankuran

ആദ്യ കാലങ്ങളിൽ അച്ഛന്‍റെ കൂടെ അസിസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് ദീപാങ്കുരന് അന്ന് സ്റ്റുഡിയോ ഉണ്ട്. വളരെ രസകരമായ ഒരു സംഗതി, കൈതപ്രം തന്‍റെ വർക്കുകൾ പലതും മകനെ കൊണ്ട് ചെയ്യിക്കുകയും ഒരു നല്ല തുടക്കം മകന് വേണം എന്നാഗ്രഹിച്ചിരുന്ന കൈതപ്രം വർക്കുകളിൽ തന്‍റെ പേര് തന്നെ വയ്ക്കുകയും ചെയ്യുമായിരുന്നുവത്രേ. അന്നേ മകന്‍റെ പ്രതിഭ തിരിച്ചറിഞ്ഞ അച്ഛന്‍റെ മനസ്സാണ് ഇതിൽനിന്ന് നമുക്ക് വ്യക്‌തമാകുന്നത്. ഇപ്പോഴും അതൊക്കെ പറയുമ്പോൾ ദീപാങ്കുരൻ ഒരുപാട് വാചാലനാകുന്നു.

പ്രതിഭാധനരായ സംഗീതസംവിധായകർക്കൊപ്പം ജോലി ചെയ്തിട്ടുള്ള കൈതപ്രം ദാമോദരൻ എന്ന തന്‍റെ അച്ഛന്‍റെ കൂടെയുള്ള പഠനകാലമാണ് സംഗീതത്തിനെക്കുറിച്ചുള്ള ഒരു തെളിഞ്ഞ കാഴ്ച മനസ്സിൽ ഒരുക്കിത്തന്നതെന്ന് ദീപാങ്കുരൻ പറയുന്നു.

യുകെയിലെ പഠനം

എംബിഎകാരനാണ് ദീപാങ്കുരൻ. പക്ഷേ അക്കാഡമിക്കലി തന്‍റെ വകുപ്പല്ല എംബിഎ എന്ന് ദീപാങ്കുരൻ എടുത്ത് പറയുന്നു. എങ്ങനെയൊക്കെയോ താൻ പാസായി എന്നു മാത്രം. പക്ഷേ വളരെ ഉൾവലിഞ്ഞുള്ള തന്‍റെ സ്വഭാവത്തെ പാകപ്പെടുത്താൻ എംബിഎ പഠനം സഹായിച്ചെന്നും ദീപാങ്കുരൻ ഓർക്കുന്നു.

പ്ലസ് വണ്ണിന് ചേർക്കാൻ മകനെ ചെന്നൈയിൽ പഠനത്തിനായി കൊണ്ടു ചെന്നാക്കിയ കൈതപ്രം തിരിച്ചു പോരാൻ നേരം കാറിനടുത്ത് വച്ച് ദീപാങ്കുരനെ വിളിച്ചു പറഞ്ഞുവത്രേ. “നീയൊരു സിഗരറ്റ് വലിച്ച് കണ്ടാമതി എനിക്ക്” ഈ ഓർമ്മ പങ്ക് വയ്ക്കുമ്പോൾ ദീപാങ്കുരന് ചിരിയടക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. പക്ഷേ ആ മോഹം അച്ഛന് ഇപ്പോഴും സാധിച്ച് കൊടുക്കാൻ കഴിഞ്ഞിട്ടില്ല. കാരണം ഒരു സിഗരറ്റ് വലിക്കാനുള്ള ധൈര്യം ഇപ്പോഴും കക്ഷിയ്ക്ക് കൈവന്നിട്ടില്ല.

എംബിഎ പഠനത്തിനുശേഷമാണ് യുകെയിലേക്ക് ദീപാങ്കുരൻ വണ്ടി കയറിയത്. യുകെയിലെ പഠനം ദീപാങ്കുരൻ എന്ന സംഗീതസംവിധായകനെ വളരാൻ ഒരുപാട് സഹായിച്ചു. അതിന് കാരണക്കാരൻ ഔസേപ്പച്ചൻ സാറായിരുന്നു.

വളരെ സാമ്പ്രദായികമായ ഇന്ത്യൻ സംഗീതം കൈവശമുള്ള ദീപാങ്കുരന്‍റെ മനസ്സിൽ ലോകസംഗീതത്തെക്കുറിച്ചുള്ള അറിവ് പകർന്നത് സംഗീതസംവിധായകൻ ഔസേപ്പച്ചനുമായുള്ള ഒരു ഫോൺ സംഭാഷണമാണ്.

യുകെയിൽ മ്യൂസിക് പ്രൊഡക്ഷൻ എന്ന കോഴ്സാണ് ചെയ്തത്. അവിടെ എവിടെയും സംഗീതമാണെന്ന് ദീപാങ്കുരൻ പറയുന്നു. അവിടെയുള്ള ഏറ്റവും നല്ല മ്യുസിഷൻസായിരിക്കും ചിലപ്പോൾ സ്ട്രീറ്റിൽ നിന്ന് സംഗീതം അവതരിപ്പിക്കുന്നത്. അത് വല്ലാത്തൊരു പുതിയ ലോകമാണ് ദീപാങ്കുരന് തുറന്നു നൽകിയത്. കേൾവിക്കാരും അത്രത്തോളം തന്നെ പ്രോത്സാഹിപ്പിക്കുന്നവരാണ്.

മദ്യപിക്കാറില്ലെങ്കിലും പലപ്പോഴും ദീപാങ്കുരൻ ബാറിൽ പോകാറുണ്ടായിരുന്നു. അവിടെ നടക്കാറുള്ള സംഗീതവിരുന്നുകൾ ആസ്വദിക്കുകയെന്നുള്ളതാണ് ലക്ഷ്യം. ബാറിൽ പോയാൽ എന്തെങ്കിലുമൊക്കെ ഓർഡർ ചെയ്യാതെ പറ്റില്ലല്ലോ. അങ്ങനെ ഓർഡർ ചെയ്ത് അതും മുന്നിൽ വച്ച് സംഗീതവും ആസ്വദിച്ച് അങ്ങനെയിരിക്കും. അപ്പോഴും മദ്യം നുണയാൻ തോന്നാത്ത ഒരു ലഹരിക്ക് മുകളിലാണ് ദീപാങ്കുരന് സംഗീതമെന്ന ലഹരി.

deepankuran

സംഗീതസംവിധായകനായപ്പോൾ…

തുടക്കം സുരേഷ് പാലഞ്ചേരി സംവിധാനം ചെയ്ത ശലഭം എന്ന ചിത്രമായിരുന്നു. അതിൽ ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്തു. അതിനുശേഷം ബാബു ജനാർദ്ദനന്‍റെ ലിസമ്മയുടെ വീട് ചെയ്തു. അതിലും പശ്ചാത്തലസംഗീതമായിരുന്നു. പിന്നീട് വന്ന ക്യാമൽ സഫാരിയായിരുന്നു ദീപാങ്കുരന്‍റെ സംഗീതസവിധാനത്തിൽ പാട്ടുകൾ പുറത്തിറങ്ങിയ ആദ്യ ചിത്രം. അതിലെ പാട്ടുകൾ അന്ന് അത്രയ്ക്ക് ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഇപ്പോഴും പലരും അതിലെ പാട്ടുകൾ നന്നായിരുന്നുവെന്ന് പറഞ്ഞ് വിളിക്കാറുണ്ട്. അതിനുശേഷം വെള്ളിവെളിച്ചത്തിൽ, ഹലോ നമസ്തേ തുടങ്ങിയ ഒരുപിടി ചിത്രങ്ങൾ. ശേഷം പരസ്യസംവിധായകൻ സെന്തിലിന്‍റെ ചിത്രം കടംകഥയിലേക്ക് എത്തുന്നത്. അ സിനിമയ്ക്ക് ശേഷം ഒരുപാട് പരസ്യചിത്രങ്ങൾക്കും ദീപാങ്കുരൻ സംഗീതം നിർവ്വഹിച്ചു. ഇതിനിടയിൽ 2017 ൽ കേരള സംസ്ഥാന ടെലിവിഷൻ അവാർഡും ദീപാങ്കുരനെ തേടിയെത്തുകയുണ്ടായി.

ഇതിനൊക്കെ ശേഷമാണ് തട്ടും പുറത്ത് അച്യുതൻ എന്ന ചിത്രത്തിലേക്ക് ദീപാങ്കുരൻ ചെയ്യുന്നത്. സംഗീതത്തിന് കൂടുതൽ പ്രാധാന്യം നൽകാറുള്ള ലാൽജോസിനെപ്പോലുള്ള ഒരു സംവിധായകന്‍റെ ചിത്രം ചെയ്യാൻ ദീപാങ്കുരന് ആഗ്രഹം തോന്നുകയും അദ്ദേഹത്തിന് വേണ്ടി തന്നെയുള്ള ഒരു പരസ്യചിത്രത്തിൽ ഒരുമിച്ച് വർക്ക് ചെയ്ത പരിചയം പുതുക്കാൻ ലാൽജോസിനെ പോയി കാണുകയും ചെയ്തു. ദീപാങ്കുരന് ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അച്യുതന്‍റെ സംഗീതം ചെയ്യാൻ ലാൽജോസ് ക്ഷണിച്ചു. അന്ന് ഉണ്ടായ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ദീപാങ്കുരൻ പങ്കുവച്ചതിങ്ങനെ.

“അന്ന് ആ സിനിമ എനിക്ക് ഓഫർ ചെയ്തപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടണമെന്നുണ്ടായിരുന്നു. പക്ഷേ ലാൽജോസിന്‍റെ മുന്നിലായിപ്പോയില്ലേ. കണ്ട് പുറത്തിറങ്ങിയതിനുശേഷം തുള്ളിച്ചാടി ഞാൻ ആ നിമിഷങ്ങൾ ആസ്വദിച്ചു”

ഇൻഡസ്ട്രിയിൽ ദീപാങ്കുരന് നല്ലപേര് സമ്മാനിച്ച ഒരു ചിത്രമായി പിന്നീട് അച്യുതൻ മാറി. ലാൽജോസിന്‍റെ ചിത്രമായത് കൊണ്ട് മാത്രമാണ് അതിലെ പാട്ടുകൾ ഇത്രയും ഹിറ്റായതെന്ന് ദീപാങ്കുരൻ പറയുന്നു.

പല പ്രമുഖ വ്യക്‌തികളും പലയിടങ്ങളിൽ വച്ച് ഈ സിനിമയിലെ പാട്ടുകളെക്കുറിച്ചും താൻ എന്ന സംഗീത സംവിധായകനെക്കുറിച്ചും സംസാരിക്കുന്നു… ഇതെല്ലാം ദീപാങ്കുരന് ഒരുപാട് ആവേശം നൽകുന്നു…

മുന്നോട്ടും ഒരുപാട് സിനിമകൾ ദീപാങ്കുരന്‍റെ പണിപ്പുരയിൽ ഒരുങ്ങുന്നു. എറണാകുളത്ത് ഭാര്യ ദേവി ശരണ്യയും, 4 വയസ്സായ ദേവാംഗിനുമൊപ്പം താമസിക്കുന്നു. ഭാര്യയും നന്നായി പാടും.

തനിക്ക് കിട്ടിയ സംഗീതം പുതു തലമുറയ്ക്ക് പകരാൻ എറണാകുളത്ത് തന്നെ ഇൻസ്റ്റിറ്റ്യൂഷനും നടത്തുന്ന ദീപാങ്കുരന് സംഗീതമില്ലാത്ത ഒരു ദിവസം പോലും മുന്നോട്ടില്ല.

और कहानियां पढ़ने के लिए क्लिक करें...