ഡോർബെൽ മുഴങ്ങിയതും എനിക്ക് അരിശം വന്നു. “ദേ പിന്നേയും ആരോ വന്നിരിക്കുന്നു. പാൽക്കാരനും പത്രക്കാരനും വന്നു പോയതല്ലേയുള്ളൂ. ഇനി ആരാണ്? 5-10 മിനിറ്റ്. വീണ്ടും വെറുതെ പോകും. ഇന്ന് അൽപം കുഴപ്പം പിടിച്ച പണികളാണുള്ളത്. ചപ്പാത്തി കുഴച്ച് മാവ് കൈയ്യിലുണ്ട്. ഇപ്പോൾ തന്നെ സമയം ഒമ്പത് മണിയായി. ഇനി സന്ദീപിന് ചപ്പാത്തി ഉണ്ടാക്കണം. 9.05 ആകുമ്പോൾ പുള്ളി ഓഫീസിൽ പോകും. അപ്പോഴേക്കും കറിയും റെഡിയാക്കണം.” ഞാൻ കൈ കഴുകി ഡോർ തുറക്കാൻ ചെല്ലുമ്പോഴേക്കും വീണ്ടും ബെൽ മുഴങ്ങിയിരുന്നു. ഇങ്ങനെ ഡോർബെൽ മുഴങ്ങിക്കൊണ്ടിരുന്നാൽ എന്‍റെ പണിയൊന്നും നടക്കില്ല.
ഞാൻ കൈ തുടച്ചു കൊണ്ട് പോയി ഡോർ തുറന്നു. നീണ്ട കറുത്ത, മനോഹര യ കണ്ണുകളുള്ള ഒരു സ്‌ത്രീ മുറ്റത്ത് നിൽക്കുകയാണ്.
“ശർമിള ചേച്ചി പറഞ്ഞിട്ട് വന്നതാണ്.”
പുതിയ ജോലിക്കാരിയെ വേണമെന്ന് ഞാൻ ശർമിള ചേച്ചിയോട് പറഞ്ഞിരുന്നു. ഞാൻ ജോലിക്കാരിയോട് പേര് ചോദിച്ചു. സരസ്വതി അവർ പറഞ്ഞു.
ഞാനവരോട് അൽപനേരം ഇരിക്കാൻ പറഞ്ഞ് അടുക്കളയിലേക്കു പോയി. അടുക്കള ജോലിയെല്ലാം തീർത്തു. സന്ദീപിന് ബ്രേക്‌ഫാസറ്റ് കൊടുത്തു. സന്ദീപിറങ്ങിയ ശേഷം ഞാൻ സരസ്വതിയുടെ അടുത്തേയ്‌ക്ക് ചെന്നു.
മനോഹരമായ കണ്ണുകൾ കൊണ്ട് അവളെന്നെ മിഴിച്ചു നോക്കി.
മുറുക്കുന്ന സ്വഭാവമുണ്ടെന്ന് ചുണ്ടുകൾ കണ്ടപ്പോൾ തോന്നി. നരച്ച സാരിയാണെങ്കിലും നന്നായി ഉടുത്തിട്ടുണ്ട്. നല്ല വൃത്തിയും വെടിപ്പുമുള്ളയാളാണെന്ന് വിളിച്ചോതുന്ന തരത്തിലായിരുന്നു. മുടിയെല്ലാം നന്നായി കെട്ടി വച്ചിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് ആളെ പിടിച്ചു.
അടുക്കളയിൽ സഹായിക്കാൻ നല്ലൊരാളെ കിട്ടുന്നതിന്‍റെ സന്തോഷം എനിക്കുണ്ടായിരുന്നു. ചിലരെ കാണുമ്പോൾ എനിക്ക് അടുക്കളയിലേയ്‌ക്ക് കയറ്റാൻ പോലും തോന്നാറില്ല. പക്ഷേ സരസ്വതിയ്‌ക്ക് ഐശ്വര്യമൊക്കെയുണ്ട്. കണ്ടിട്ട് ഒരു പാവമാണെന്നാണ് തോന്നുന്നത്.
ഞാൻ അടുക്കളയിൽ നിന്ന് പുറത്തേയ്‌ക്ക് വരുമ്പോൾ അവൾ ഹാളിന്‍റെ ഒരു മൂലയിൽ ഇരിക്കുകയായിരുന്നു. വീട് മുഴുവൻ നിരീക്ഷിച്ചു കാണും.
“മാഡം, നിങ്ങൾ വീടെല്ലാം നല്ല വൃത്തിയായി സൂക്ഷിക്കുന്നുണ്ടല്ലോ” എന്നെ കണ്ടതും അവൾ പറഞ്ഞു.
“അപ്പോൾ എന്‍റെ വീട്ടിലെ പണിയെല്ലാം ചെയ്യാൻ റെഡിയാണോ?”
“അതിനെന്താ, ഇവിടെ ജോലി ചെയ്യാൻ എനിക്ക് ഇഷ്‌ടമാണ്. എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞാൽ മതി.”
“പാത്രങ്ങൾ കഴുകണം, വീട് അടിച്ചു തുടയ്‌ക്കണം, പിന്നെ വല്ലപ്പോഴും വസ്‌ത്രങ്ങളും അലക്കേണ്ടി വരും.”
“അതു ചെയ്യാൻ എനിക്ക് വിരോധമില്ല. വർഷങ്ങളായി എന്‍റെ പണി തന്നെ അതാണല്ലോ?”
“എത്ര കാശ് വേണം, ഏതു സമയത്ത് വരും എന്നെല്ലാം ഇപ്പോഴേ തീരുമാനിക്കണം.”
“കാശ് നിങ്ങള് തന്നെ പറഞ്ഞാൽ മതി മാഡം, മുമ്പുണ്ടായിരുന്നവൾക്ക് കൊടുത്തതിനേക്കാൾ കൂടുതലോ കുറവോ വേണ്ട. ഇപ്പോഴത്തെ നിലവാരം മാഡത്തിനും അറിയാമായിരിക്കുമല്ലോ. നേരത്തെ വരണമെന്നുണ്ടെങ്കിൽ ഞാൻ ആദ്യം ഇവിടെ വരാം. ഒരു ഏഴുമണിയ്‌ക്ക് വന്നാൽ മതിയോ?”
“അതു നല്ല കാര്യമായിരിക്കും. എനിക്ക് രാവിലെയാണിവിടെ തിരക്ക്. ഏഴ് മണിയ്‌ക്ക് വന്നാൽ നന്ന്” ഞാൻ സന്തോഷത്തോടെ പറഞ്ഞു.
“വരാം മാഡം, പക്ഷേ രാവിലെ എനിക്ക് ഒരു കപ്പ് ചായ തരേണ്ടി വരും.”
“അതു കുഴപ്പമില്ല, ഒന്നോ രണ്ടോ ഗ്ലാസ് ചായ ആവാം. പക്ഷേ ജോലി വൃത്തിയോടെ ചെയ്യണം. അതെനിക്ക് നിർബന്ധമാണ്. അങ്ങനെയാണെങ്കിൽ ന്യായമായ കാശ് തരുന്നതിൽ എനിക്കൊരു വിരോധവുമില്ല.”
“അതു മാഡം പേടിക്കണ്ട, എന്‍റെ ജോലിയിൽ ഒരിക്കലും ഞാൻ വെള്ളം ചേർക്കില്ല. കാശ് കിട്ടുമെങ്കിൽ ആരെങ്കിലും ജോലിയിൽ ഉഴപ്പുമോ? എന്നെപ്പറ്റി ഒരു പരാതിയും ആർക്കും കാണില്ല. സ്‌നേഹം തന്നാൽ ജീവൻ കൊടുക്കും അതാണ് എന്‍റെ സ്വഭാവം” സരസ്വതി പറഞ്ഞു.
“അതെന്തായാലും നല്ല കാര്യം തന്നെ.”
ഇത്രയും ആയപ്പോഴേക്കും അവളെ എനിക്ക് പിടികിട്ടിയിരുന്നു. അൽപം സംസാരപ്രിയ ആണെന്നേയുള്ളൂ, പറയുന്നതെല്ലാം കാര്യമായിരുന്നു.
എനിക്ക് പക്ഷേ ഒരുപാട് സംസാരിക്കുന്നവരെ അത്ര ഇഷ്‌ടമല്ല. പക്ഷേ ഇവിടെ ഒരു ജോലിക്കാരിയെ കിട്ടാനില്ലാത്തതു കൊണ്ട് ഇഷ്‌ടം നോക്കിയിട്ട് ആളെ നിർത്താനും പറ്റില്ലല്ലോ. എന്തായാലും വേണ്ടില്ല. ഞാനവളോട് അടുത്ത ദിവസം മുതൽ വരാനായി ആവശ്യപ്പെട്ടു.
സരസ്വതി പോയി കഴിഞ്ഞപ്പോൾ ഞാൻ വീട് മുഴുവൻ ഒന്നു നോക്കി. എല്ലാം അലങ്കോലമായി കിടക്കുകയാണ്. സോഫയുടെ കുഷ്യൻ നിലത്ത് കിടക്കുന്നു. പത്രം കട്ടിലിന്‍റെ മേലെ വാരിവലിച്ചിട്ടിരിക്കുന്നു. ഡൈനിംഗ് ടേബിളിൽ ചായ കുടിച്ച കപ്പുകൾ ഇരിക്കുന്നു…
കോകിലയുടെ ചെരിപ്പുകളും പുസ്‌തകങ്ങളും ഹാളിൽ അവിടെയും ഇവിടെയും കിടക്കുന്നു.. ഇതെല്ലാം കണ്ട് എനിക്ക് ചിരിയാണ് വന്നത്. ഈ അവസ്‌ഥ കണ്ടിട്ടും വീട് വൃത്തിയായി സൂക്ഷിച്ചിട്ടുണ്ടെന്നല്ലേ സരസ്വതി പറഞ്ഞത്!
ഇനി എന്നെ പരിഹസിക്കാൻ വേണ്ടി പറഞ്ഞതാവുമോ? ഏയ്.. വന്ന് കയറിയ ഉടൻ മുഷിപ്പിക്കുന്ന കാര്യം പറയേണ്ട വല്ല കാര്യവും അവൾക്കുണ്ടോ? അത് നല്ലത് ഉദ്ദേശിച്ച് തന്നെ പറഞ്ഞതാവും പാവം.
മുഷിഞ്ഞ തുണികളും അലങ്കോലപ്പെട്ട് കിടക്കുന്ന കിടക്കവിരികളും നിലത്ത് വീണ് കിടക്കുന്ന പാത്രങ്ങളും മറ്റും എനിക്ക് ഒട്ടും ഇഷ്‌ടമല്ല. എല്ലാം അടുക്കി വച്ചത് അലങ്കോലമാക്കിയാൽ എനിക്ക് ദേഷ്യം വരും. വീട്ടിൽ മറ്റ് ഒഴിച്ചുകൂടാനാവാത്ത ജോലി ഉള്ളതിനാലാണ് എനിക്ക് ഇതൊന്നും ഓർഡറാക്കി വയ്‌ക്കാൻ കഴിയാത്തത്.
ഉടനെ ഹാളിലെ വസ്‌തുക്കളെല്ലാം നേരെയാക്കി ഞാൻ മുറിയിലേയ്‌ക്ക് കയറി. അവിടെയും കോകില മോൾ പലതും അവിടെയും ഇവിടെയും ഇട്ടിരിക്കുകയായിരുന്നു. ഞാൻ മുറിയെല്ലാം വൃത്തിയാക്കി..
നനഞ്ഞ തോർത്ത് കിടക്കയിൽ ഇടരുതെന്ന് പറഞ്ഞാൽ അച്‌ഛനും മോളും കേൾക്കില്ല. അത് ജനലിലോ വരാന്തയിലെ അയയിലോ ഇടാൻ പറഞ്ഞാൽ കേൾക്കില്ല രണ്ടാളും. എല്ലാം വൃത്തിയാക്കി വയ്‌ക്കാൻ ഇവിടെ ഒരു മെഷീനുണ്ടല്ലോ അതാണല്ലോ ഈ ഞാൻ…
ഇനി ഡ്രസ്സിംഗ് ടേബിൾ വൃത്തിയാക്കുന്നതാണ് മറ്റൊരു പണി. അവിടെ പൗഡറും ക്രീമും ചീർപ്പും എല്ലാം പരന്ന് കിടക്കുകയാണ്. എല്ലാം ഒതുക്കിക്കഴിഞ്ഞപ്പോഴേക്കും ക്ലോക്കിൽ പതിനൊന്ന് മണി അടിച്ചു.
അയ്യോ… ഇനി അടുക്കളയിൽ കയറി ചോറ് വയ്‌ക്കണമല്ലോ. 12.30 ആകുമ്പോൾ മോള് സ്‌ക്കൂളിൽ നിന്ന് വരും. 1.20 ആകുമ്പോൾ അദ്ദേഹവും ഇങ്ങെത്തും. രണ്ടാൾക്കും ഭക്ഷണം കൊടുക്കണ്ടേ? ഞാൻ ഉടനെ അടുക്കളയിൽ കയറി പണി തുടങ്ങി…
അടുത്ത ദിവസം ഏഴ് മണിയ്‌ക്ക് തന്നെ കുളിച്ചൊരുങ്ങി, എന്നെ അദ്‌ഭുതപ്പെടുത്തിക്കൊണ്ട് സരസ്വതി എത്തി. എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഇനി പണിയെല്ലാം വളരെ എളുപ്പമാകുമല്ലോ.
പാത്രം കഴുകുന്നതാണ് എന്നെ ഏറ്റവും മുഷിപ്പിച്ചിരുന്നത്. ഇനി അതിൽ നിന്ന് മോചനം ആയല്ലോ. ഇത്രയും കൃത്യനിഷ്‌ഠയുള്ള ഒരു വീട്ട് ജോലിക്കാരിയെ എനിക്കിതുവരെ കിട്ടിയിരുന്നില്ല.
ദിവസങ്ങൾ കടന്നുപോയി. സരസ്വതി എന്നും കൃത്യസമയത്തു തന്നെ എത്തുമായിരുന്നു. മോളാണ് സരസ്വതിയുമായി ഏറ്റവും എളുപ്പത്തിൽ ഇണങ്ങിയത്. അവർ രണ്ടാളും നല്ല കൂട്ടായി.
രാവിലെ അധികം സമയം കിട്ടാറില്ല. പക്ഷേ ഉച്ചയ്‌ക്ക് വരുമ്പോൾ കോകിലയുമായി കളിക്കും. സരസ്വതി കോകിലയ്‌ക്ക് മിക്കപ്പോഴും കഥകൾ പറഞ്ഞുകൊടുക്കും. ചിലപ്പോൾ മുടി ചീകി കെട്ടി കൊടുക്കും.
ഞാൻ കോകിലയെ പഠിപ്പിക്കാൻ ഇരിക്കുമ്പോൾ പലപ്പോഴും വഴക്ക് പറയാറുണ്ട്. ഇതുകേൾക്കുമ്പോൾ സരസ്വതി പറയും “എന്തിനാ മാഡം വഴക്ക് പറയുന്നത്. അവൾ ചെറിയ കുട്ടിയല്ലേ. നിങ്ങൾ നോക്കിക്കോ അവൾ മിടുക്കിയായി എല്ലാം പഠിച്ചോളും. വളർന്ന് വലിയ ഓഫീസറാകും. ഇപ്പോൾ അവളെ കളിക്കാൻ വിട്ടോളൂ, നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ എപ്പോഴും ഇരുത്തി പഠിപ്പിക്കുന്നതെന്തിനാണ്?”
ഒരു ദിവസം സരസ്വതിയോട് ഇങ്ങനെ പറഞ്ഞു. “ഇപ്പോൾ പഠിക്കാനുള്ള താൽപര്യം കാണിച്ചിട്ടില്ലെങ്കിൽ പിന്നെ ഭാവിയിൽ എങ്ങനെ അതുണ്ടാവും. ഇപ്പോൾ എല്ലാ മേഖലയിലും കടുത്ത മത്സരമാണ്. പിറകിലായി പോയാൽ പിന്നെ കര കയറാനാവില്ല. പഠിക്കേണ്ട സമയത്ത് പഠിക്കുക തന്നെ വേണം.”
“എനിക്കെല്ലാം മനസ്സിലാവുന്നുണ്ട് മാഡം. നിങ്ങളുടെ ഭാഗം ശരിയാണ്. പക്ഷേ നിങ്ങൾ നിങ്ങളുടെ ചെറുപ്രായത്തിൽ ഇത്രയൊക്കെ പഠിച്ചിരുന്നോ? എന്നിട്ടിപ്പോൾ നിങ്ങൾക്ക് വല്ല കുറവും ഉണ്ടോ? എല്ലാ സുഖസൗകര്യങ്ങളും ഇല്ലേ… ഇതുപോലെ കോകില മോളും സുഖമായി കഴിഞ്ഞോളും. പിന്നെ മാഡം ഒരാൾക്ക് ഭാവിയിൽ എത്ര സുഖം ലഭിക്കും എത്ര ദുഃഖം അനുഭവിക്കേണ്ടി വരും എന്നൊന്നും ആർക്കും പറയാനാവില്ലല്ലോ. ചുരുങ്ങിയ പക്ഷം അവരുടെ ബാല്യത്തിലെ സന്തോഷമെങ്കിലും നമ്മൾ ഉറപ്പാക്കണം.”
സരസ്വതിയുടെ വാക്കുകൾ തന്‍റെ ഹൃദയത്തെ വല്ലാതെ സ്‌പർശിച്ചു. ശരിയാണത്. ഭാവി എന്താകുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. ഇപ്പോൾ കളിച്ച് ചിരിച്ച് കഴിയട്ടെ.. ഇങ്ങനെ പല കാര്യത്തിലും സരസ്വതി പറയുന്ന കാര്യങ്ങൾ എനിക്ക് ജീവിതത്തിൽ നടപ്പിലാക്കേണ്ടി വന്നു.
അവൾ ജീവിതത്തെ എത്ര ഈസിയായാണ് കാണുന്നത്. അനാവശ്യമായ ഒരു സംഘർഷവും അവളുടെ ജീവിതത്തിലില്ല. എന്നെക്കാൾ പ്രായം കുറഞ്ഞ അവളുടെ ജീവിതാനുഭവങ്ങൾക്ക് മുന്നിൽ എന്‍റെ ചിന്തകൾ അർത്ഥശൂന്യമായപോലെ…
മാഡം എനിക്കെല്ലാം അറിയാം എന്ന തരത്തിലാണ് അവളുടെ മറുപടികളെല്ലാം. ഞാൻ ഒട്ടും വിദ്യഭ്യാസമില്ലാത്തവളല്ല, വിദ്യാസമ്പന്നരേക്കാൾ ബുദ്ധി എനിക്കുണ്ട്. അവളുടെ മനസ്സ് ഇങ്ങനെ പറയുന്നതായാണ് എനിക്ക് പലപ്പോഴും തോന്നാറുള്ളത്.
അങ്ങനെ പതുക്കെ പതുക്കെ സരസ്വതി എന്‍റെ കുടുംബത്തിന്‍റെ ഭാഗമായി തീർന്നു. ജോലിയിൽ ഒരിക്കലും അവൾ ഉഴപ്പിയില്ല. എന്നും ഉത്സാഹത്തോടെ എല്ലാം ചെയ്‌തു തീർത്തു.
ഒരു ദിവസം പോലും അനാവശ്യമായി ലീവ് ചോദിച്ചിട്ടില്ല. മറ്റ് പലയിടങ്ങളിലും പോകാത്ത ദിവസം പോലും എന്‍റെ വീട്ടിൽ അവൾ വന്നു. എന്നെയും അവൾക്ക് ഒത്തിരി ഇഷ്‌ടമായിരുന്നു എന്നാണ് തോന്നുന്നത്. ആവശ്യം വരുമ്പോൾ ഞാനവളെ സഹായിക്കാനും മടിച്ചിരുന്നില്ല.
ഒരു ജോലിക്കാരി എന്ന നിലയിൽ നിന്ന് മാറി ഒരു കുടുംബാംഗത്തെപ്പോലെ അവളെന്നോട് പെരുമാറാൻ തുടങ്ങി. ഞാൻ അധികം അണിഞ്ഞൊരുങ്ങാൻ ശ്രദ്ധിച്ചിരുന്നില്ല. പ്രത്യേകിച്ചും വീട്ടിൽ തന്നെ ഉണ്ടാവുന്ന സമയത്ത്. വെളിയിൽ പോകുമ്പോൾ മാത്രമാണ് അൽപം മേക്കപ്പ് ചെയ്യുന്നതുതന്നെ.
ഒരിക്കൽ സരസ്വതി എന്‍റെ കൈ പിടിച്ചുകൊണ്ട് ചോദിച്ചു. “എന്താണിത് മാഡം, കുറച്ച് അണിഞ്ഞൊരുങ്ങി നിന്നുകൂടെ. ഞാൻ നിങ്ങൾക്കായി എന്നും കനകാംബര മാല കൊണ്ടു വന്നു തരുന്നത് കോകില മോൾക്ക് വച്ചു കൊടുക്കും.”
“എന്താ എന്നെ കാണാൻ ഈ കോലത്തിലും സുന്ദരിയല്ലേ?” ഞാൻ ചിരിച്ചുകൊണ്ടു ചോദിച്ചു.
“അല്ലാ, അതൊന്നുമല്ല കാര്യം. മാഡം സുന്ദരിയാണ്. പക്ഷേ കുറച്ച് മേക്കപ്പ് ചെയ്‌താലെന്താ കുഴപ്പം. അതിന്‍റെ ഗുണവും കിട്ടും. അടുത്ത വീട്ടിലെ മെഹ്‌റാ മാഡം എല്ലാ ദിവസവും അണിഞ്ഞൊരുങ്ങിയാണ് നടപ്പ്. സിനിമയിലെ നായികമാരെ പോലെ…”
“അവർക്ക് അതിനുള്ള സമയം കാണും സരസ്വതി… അങ്ങനെയാവാനൊന്നും എനിക്ക് പറ്റില്ല.”
“സമയത്തിന്‍റെ കാര്യമൊക്കെ വിട് മാഡം. അവർ ടിവി കണ്ട് കൊണ്ടിരിക്കുമ്പോഴാണ് നെയിൽ പോളിഷിടുന്നത്, മുടികെട്ടുന്നത്, മാനിക്യൂർ ചെയ്യുന്നത്. നിങ്ങളാണെങ്കിൽ ടിവി കാണാറുപോലുമില്ല. എപ്പോൾ നോക്കിയാലും പുസ്‌തകം വായിച്ചിരിക്കും. നല്ല നല്ല പരിപാടിയാണിപ്പോൾ ഉള്ളത് മാഡം. മാത്രമല്ല അതിനിടയിൽ പച്ചക്കറിപോലും അരിയാനും കഴിയും. അല്ലാതെ ഈ പത്രത്തിലൊക്കെ എന്താണുള്ളത്? എന്നും ഒരേ വാർത്തകൾ… ആ നേതാവ് ഈ നേതാവിനെ കുറ്റം പറഞ്ഞു, വിലക്കയറ്റം, പെട്രോൾ വില വർദ്ധനവ്, പാലിനു വിലകൂടി, അയാളുടെ ഭാര്യ അയൽക്കാരനൊപ്പം ഒളിച്ചോടി, സ്വത്ത് തർക്കം സഹോദരനെ കുത്തി, കൂട്ട ബലാത്സംഗം നടന്നു… ഇങ്ങനെയുള്ള കാര്യങ്ങളാണ് നിത്യവും വായിക്കാനുണ്ടാവുക. മാഡം കുറച്ച് സമയം നമ്മളുടെ സ്വന്തം കാര്യത്തിനായി മാറ്റി വയ്‌ക്കണ്ടേ…”
സരസ്വതി എന്നും എന്തെങ്കിലുമൊക്കെ എന്നെ പഠിപ്പിച്ചോണ്ടിരിക്കും. പുസ്‌തകവും പത്രവും വായിക്കുമ്പോൾ എനിക്ക് മനസ്സുഖം ലഭിക്കുന്നുണ്ടെന്ന് ഞാനവളെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കും.
ഒരു ദിവസം സരസ്വതി വന്നയുടനെ ബാഗിൽ നിന്ന് രണ്ട് കനകാംബര മാല പുറത്തെടുത്തു കൊണ്ട് പറഞ്ഞു. “ഇതാ മാഡം, ഇന്ന് ഞാൻ രണ്ടാൾക്കുമായി മാല കൊണ്ടു വന്നിട്ടുണ്ട്. മാഡത്തിനും കോകില മോൾക്കും വേറെ വേറെ.
ഇന്ന് മാഡത്തിന് ഈ മാല ചൂടാതിരിക്കാനാവില്ല.”
“ശരി സരസ്വതി, ഞാൻ അണിഞ്ഞോളാം.”
“മാഡം മറ്റൊന്നും വിചാരിക്കില്ലെങ്കിൽ ഞാൻ തന്നെ ചൂടി തരാം. മാഡത്തിനെ അണിയിച്ചൊരുക്കാൻ എനിക്കിഷ്‌ടമാണ്” നാണിച്ചു കൊണ്ടാണ് അവളത് പറഞ്ഞത്.
“അയ്യോ.. അതിലെനിക്കൊരു എതിർപ്പുമില്ല സരസ്വതി… പക്ഷേ നീ എന്നെ എന്തു ചെയ്യാൻ പോകുകയാ?” ഞാൻ കുലുങ്ങിച്ചിരിച്ചുകൊണ്ട് ചോദിച്ചു.
“അതൊക്കെ മാഡം കണ്ടോളൂ” എന്നുപറഞ്ഞ് അവൾ എന്നെ ഒരുക്കാൻ തുടങ്ങി. അന്ന് സരസ്വതിയുടെ ആഗ്രഹം നടക്കട്ടെയെന്ന് ഞാനും കരുതി.
ആദ്യം അവളെന്‍റെ വിരലുകൾ മനോഹരമായി നെയിൽപോളിഷ് ഇട്ടുതന്നു. എന്നിട്ട് എന്‍റെ വിരലുകളിലേയ്‌ക്ക് നോക്കി പറഞ്ഞു.
“ഇപ്പോൾ ഈ വിരലുകൾ എത്ര മനോഹരമായിരിക്കുന്നു. ഇന്ന് സാറ് നിങ്ങളുടെ വിരലുകളിൽ നിന്ന് നോട്ടമെടുക്കില്ല.”
“സരസ്വതി, നെറ്റിയിലെ പൊട്ട് പോലും അദ്ദേഹം ശ്രദ്ധിക്കാറില്ല. പിന്നെങ്ങനെയാണ് കൈവിരലുകളിലെ സൗന്ദര്യം കാണുന്നത്. നിന്‍റെ സാറിന് സിംപിൾ ലുക്കാണ് ഇഷ്‌ടം” ഞാൻ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.
“സാറിന്‍റെ ശ്രദ്ധ മേക്കപ്പിൽ മാത്രമായിരിക്കും എന്നല്ല ഞാൻ പറയുന്നത് മാഡം. എന്‍റെ മാഡം ഒരു ദേവി തന്നെയല്ലേ. ഞാനെത്രയോ കാലമായി പല വീടുകളിലും ജോലി ചെയ്യുന്നു. ഇതുപോലൊരു ഐശ്വര്യമുള്ള മാഡത്തിനെ ഞാനിതുവരെ കണ്ടിട്ടില്ല.
അണിഞ്ഞൊരുങ്ങുന്നത് അത്ര തെറ്റായ കാര്യമൊന്നുമല്ല മാഡം. ഒരുങ്ങി നിൽക്കുന്ന പെണ്ണുങ്ങളെ ആണുങ്ങൾക്ക് വലിയ ഇഷ്‌ടമാണുതാനും. നന്നായി ഒരുങ്ങിയതിന്‍റെ പേരിൽ ഒരു സ്‌ത്രീയേയും ആണുങ്ങൾ വഴക്ക് പറഞ്ഞിട്ടുണ്ടാവില്ല.
നന്നായി മുടി ചീകി, പൂവ് ചൂടി, വൃത്തിയുള്ള ചേല ചുറ്റി ജോലി കഴിഞ്ഞെത്തുന്ന ഭർത്താവിനെ എതിരേറ്റാൽ അദ്ദേഹത്തിന്‍റെ എല്ലാം മുഷിപ്പും ഉടനെ പറ പറക്കും മാഡം.”
ഞാൻ മറുപടിയൊന്നും പറയാതെ അവളുടെ നിർത്താതെയുള്ള സംസാരം കേട്ട് കൊണ്ടിരുന്നു. കാരണം ഞാനെന്തെങ്കിലും പറഞ്ഞാൽ ഉടനെ അവൾ പറയും ഞാൻ അത്ര മണ്ടിയൊന്നുമല്ല, വിദ്യാഭ്യാസമുള്ളവളാണെന്ന്…
ഇതിനിടയിൽ അവൾ എന്‍റെ കയ്യിലെ വളയും മാറ്റി ഇട്ടു തന്നു. നല്ല പൊട്ട് കുത്തി തന്നു. പുരികം ത്രെഡ് ചെയ്‌ത ശേഷം നന്നായി മുഖം വൃത്തിയാക്കി പൗഡറും ഇടാൻ മറന്നില്ല. മേക്കപ്പിന്‍റെ കാര്യത്തിൽ അവൾക്ക് സംതൃപ്‌തി വന്നപ്പോൾ അവൾ പറയുകയാണ്.
“ഹെയർ സ്‌റ്റൈലു കൂടി മാറ്റിയാൽ വളരെ നന്നായേനേ…” അത് കഴിഞ്ഞ് അവൾ ജോലിയെല്ലാം തീർത്ത് വീട്ടിലേയ്‌ക്ക് പോയി. ഞാനും എന്‍റെ മറ്റ് പണികളിൽ മുഴുകി. അതിനിടയിൽ ഞാനക്കാര്യം മറന്നുപോയിരുന്നു. ഇന്ന് സ്‌പെഷ്യലായി ഒരുങ്ങിയത്!
ഡോർബെൽ മുഴങ്ങി. സന്ദീപ് വന്നിരിക്കുന്നു. ഞാൻ ചായ വേണോ എന്ന് ചോദിക്കാൻ ചെന്നപ്പോൾ അദ്ദേഹം എന്നെ ഇമവെട്ടാതെ നോക്കുന്നത് കണ്ടു. “ചായ എടുക്കട്ടെ ” ഞാൻ ചോദിച്ചു.
“നീ കുറച്ച് നേരം എന്‍റെ അടുത്ത് ഇരിക്കടോ” സന്ദീപ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഇന്ന് നീ പതിവിലധികം സുന്ദരിയായിട്ടുണ്ടല്ലോ. ഇന്ന് ചായയൊന്നും വേണ്ട. നിന്നെ കണ്ടിരിക്കുമ്പോൾ തന്നെ ഞാൻ റീഫ്രഷ് ആകുന്നുണ്ട്. ഒരു ദിവസത്തെ എല്ലാ മടുപ്പും പമ്പകടക്കുന്ന പോലെ…”
ഈ അടുത്ത കാലത്തൊന്നും സന്ദീപിൽ നിന്ന് ഒരു വലിയ കോംപ്ലിമെന്‍റ് കിട്ടിയതായി എന്‍റെ ഓർമ്മയിൽ ഇല്ല. ഇന്ന് മനസ്സ് തുറക്കാൻ സന്ദീപീന് ഇതെന്തുപറ്റി!
ഞാൻ സന്ദീപിന്‍റെ കണ്ണുകളിലേയ്‌ക്ക് തന്നെ നോക്കിയിരുന്നു. അപ്പോൾ സരസ്വതി പിറുപിറുക്കുന്നതായി എനിക്ക് കേൾക്കാനായി.
“നോക്കു മാഡം, ഞാനത്ര മണ്ടിയൊന്നുമല്ല, വിദ്യാഭ്യാസമുള്ളവളാണ്.”