യാത്രകളെ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയായിട്ടാണ് സായ ഡേവിഡ് എന്ന പുതുമുഖം തന്‍റെ കന്നിച്ചിത്രത്തിൽ കാൽ വച്ചത്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പ്രണവിന്‍റെ കാമിനിയായി സായ എത്തിയപ്പോൾ നിരവധി പ്രത്യേകതകൾ പ്രേക്ഷകർ ആ നായികയിൽ കണ്ടു. പ്രണവ് എന്ന അപ്പുവിന്‍റെ ആദ്യത്തെ നായിക എന്ന പ്രത്യേകത തന്നെയാണ് നമ്പർ വൺ! മലയാളം അത്ര വഴങ്ങില്ലെങ്കിലും മലയാളിയായ സായയ്ക്ക് വീണ്ടും നായിക ആവാൻ അവസരം ലഭിച്ചിരിക്കുന്നത് ആദിലിനൊപ്പമാണ്. അതേ! പെൺകുട്ടികളുടെ പ്രിയപ്പെട്ട ആങ്കറായ ആദിൽ തന്നെ അടുത്ത നായകൻ. അരുൺ ഗോപി എന്ന സംവിധായകനിലൂടെ മികച്ച എൻട്രി മലയാള സിനിമാ രംഗത്തു നേടിയ സായ ഡേവിഡ് മനസ്സ് തുറക്കുന്നു.

സിനിമാ രംഗത്തേക്ക് കടന്നു വന്നത്

മോഡലിംഗിലൂടെയാണ് സിനിമയിലേക്ക് ഞാൻ വന്നത്. കല്യാൺ സിൽക്സ്, എം ഫോർ മാരിക്കൊക്കെ വേണ്ടി ചില പരസ്യ ചിത്രങ്ങളിൽ അവസരം കിട്ടിയിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ കാസ്റ്റിംഗ് കോൾ ഫേസ്ബുക്കിൽ കണ്ടപ്പോൾ എന്‍റെ മമ്മിയാണ് അത് അപ്ലൈ ചെയ്യാൻ പറഞ്ഞത്. അങ്ങനെ അതു ചെയ്‌തുവെങ്കിലും അത്രയും വലിയ ഒരു പ്രോജക്ടിൽ സെലക്ടാവില്ലെന്ന് പറഞ്ഞു തന്നെയാണ് ഞാൻ അപ്ലൈ ചെയ്തത്. പക്ഷേ എന്‍റെ ചിന്തകളെ തിരുത്തി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു എന്ന് മെയിൽ വന്നു. കൊച്ചിയിൽ വച്ച് സ്ക്രീൻ ടെസ്റ്റിന് ചെല്ലുമ്പോഴും പ്രതീക്ഷ ഇല്ലായിരുന്നു. ഒരുപാട് പെൺകുട്ടികൾ അവിടെ ഉണ്ടായിരുന്നു. പക്ഷേ എനിക്ക് സെലക്ഷൻ കിട്ടി. ഒരു വലിയ ടീമിന്‍റെ കൂടെ തുടക്കം കുറിക്കാൻ കഴിഞ്ഞത് വലിയ അനുഗ്രഹമാണ്.

ആദ്യ ചിത്രത്തിലെ അനുഭവം

യാത്രാ സ്നേഹിയായ ഒരു പെൺകുട്ടി അതാണ് സായ. ചിത്രം മുഴുവൻ യാത്രയാണ്. കൊച്ചി, വാഗമൺ, വർക്കല, ഗോവ, ബാലി ഇങ്ങനെ പല സ്ഥലങ്ങളിലായിരുന്നു ഷൂട്ടിംഗ്. എന്‍റെ യഥാർത്ഥ പേര് റേച്ചൽ ഡേവിഡ് എന്നായിരുന്നു. ചിത്രത്തിലെ നായികയുടെ പേര് സ്വന്തം പേരായി സ്വീകരിക്കാൻ സജസ്റ്റ് ചെയ്തത് സംവിധായകൻ അരുൺ ഗോപി സാറാണ്. എനിക്കും സായ എന്ന പേര് ഇഷ്ടപ്പെട്ടു. ഈ ചിത്രത്തിൽ പ്രണവിന്‍റെ അപ്പു എന്ന നിക്ക് നെയിം തന്നെയാണ് നായകനും നൽകിയത്. ഷൂട്ടിംഗ് യഥാർത്ഥത്തിൽ ഫണ്ണി എക്സ്പീരിയൻസായിട്ടാണ് എനിക്ക് ഫീൽ ചെയ്‌തത്. ഒരു പാട് ട്രാവൽ ഉണ്ടെന്ന് പറഞ്ഞല്ലോ. ഗോവയാണ് വളരെ ഇഷ്ടപ്പെട്ടത്.

പ്രണവുമൊത്തുള്ള അഭിനയം

ആദ്യം ഞങ്ങൾ രണ്ടുപേരും വളരെ ഷൈ ആയിരുന്നു. അതു മാറ്റാനായി ഒരു വർക്ക് ഷോപ്പിൽ ഏതാനും ദിവസം ഒരുമിച്ച് ആക്ടിംഗ് പരിശീലിച്ചിരുന്നു. ഫോട്ടോ ഷൂട്ട്, യോഗാസെഷൻ ഇങ്ങനെ പലതും ഉണ്ടായി. അതിനു ശേഷമാണ് ശരിക്കും ഷൂട്ടിംഗ് ആരംഭിച്ചത്. ഷൂട്ടിലെ ഏറ്റവും തമാശ എന്‍റെ മലയാളം തന്നെയായിരുന്നു. എന്‍റെ വിചാരം ഞാൻ പറയുന്നത് നല്ല മലയാളം ആണെന്നായിരുന്നു. ഒരിക്കൽ ഇതെന്തു ഭാഷയാണ് നീ പറയുന്നത് എന്ന് അരുൺ ഗോപി സാർ കളിയാക്കി. അപ്പുവും എന്‍റെ മലയാളം കേട്ട് ചിരിക്കും.

പ്രണവ് വളരെ ഡെഡിക്കേറ്റഡ് ആയ വ്യക്‌തിയാണ്. ഒരുപാട് ടാലന്‍റുകൾ ഉണ്ട്. ഡ്യൂപ്പ് ഒന്നും ഇല്ലാതെയാണ് എല്ലാ അഡ്വഞ്ചറസ് സീനുകളും ചെയ്യുന്നത്. യാത്രയും, വായനയും ഫിലോസഫിയും ഒക്കെയായി വണ്ടർ ഫുൾ ഹ്യൂമൻ ബീയിംഗ്. സൂപ്പർ സ്റ്റാറിന്‍റെ മകനാണെന്ന ഭാവമൊന്നും ഒട്ടുമില്ല.

ബാംഗ്ലൂർ ഡേയ്സ്

എന്‍റെ കുടുംബം ബാംഗ്ലൂരിൽ സെറ്റിൽ ആയിട്ട് വർഷങ്ങളായി. ഡാഡിയുടെ വീട് കോഴിക്കോടും, മമ്മിയുടെ വീട് ചെങ്ങന്നൂരുമാണ്. ബിസിനസ്സ് കുടുംബമാണ്. ഞാൻ ജനിച്ചതും വളർന്നതും എല്ലാം ബാംഗ്ലൂരാണ്. ക്രൈസ്റ്റ്, സെന്‍റ് ജോസഫ് കോളേജുകളിലായിരുന്നു പഠനം. അതു കഴിഞ്ഞ് മുംബൈയിൽ ആക്ടിംഗ് കോഴ്സും ചെയ്‌തിരുന്നു. 16 വയസ്സു മുതൽ മോഡലിംഗ് രംഗത്തുണ്ട്. കല്യാൺ സിൽക്സിനു വേണ്ടി പൃഥ്വിരാജിനൊപ്പം ചെയ്‌ത പരസ്യ ചിത്രത്തിലൂടെയാണ് ആദ്യമായി ഒരു താരത്തിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചത്.

പഠിക്കുന്ന വേളയിൽ എന്‍റെ പ്രിയപ്പെട്ട മേഖല സ്പോർട്സ് ആയിരുന്നു. ഓട്ടം, ചാട്ടം ഇങ്ങനെ എല്ലാ ഇനങ്ങളിലും പങ്കെടുക്കാറുണ്ട്. ഇപ്പോഴും ആ ഇഷ്ടം ഉണ്ട്. കരിയറായി സിനിമ തെരഞ്ഞെടുക്കാനാണ് ഇഷ്‌ടം.

കുട്ടിക്കാലം മുതലുള്ള ചങ്ങാതിമാർ ഒരുപാടുണ്ട് ബാംഗ്ലൂരിൽ. ഇപ്പോൾ അവരെല്ലാം വ്യത്യസ്തമായ മേഖലകളിലാണ്. ഞങ്ങളെല്ലാവരും കൂടിയാണ് എന്‍റെ ആദ്യ ചിത്രം കാണാൻ തീയറ്ററിൽ പോയത്. എല്ലാവരും വളരെ ആവേശത്തിലാണ്.

മാറ്റി മറിച്ച ഇരുപത്തൊന്നാം നൂറ്റാണ്ട്

ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ചിത്രം എന്നെ പലതരത്തിലും സ്വാധീനിച്ചു എന്നു പറയാം. എനിക്ക് സ്പോർട്സ് ഇഷ്ടമാണെന്നതൊഴിച്ചാൽ മറ്റു ഹോബികളൊന്നും ഉണ്ടായിരുന്നില്ല. ഈ മൂവിക്കു ശേഷം ഞാൻ യാത്ര ചെയ്യാൻ ഇഷ്ടപ്പെട്ടു തുടങ്ങി. കൂടാതെ ഡാൻസ് പഠിക്കുന്നുണ്ട്. മലയാളവും പഠിക്കുന്നു. മറ്റുള്ളവർ പറയുന്നത് മനസിലാകുമെങ്കിലും എന്‍റെ മലയാളം ശരിയല്ലെന്ന് കേൾക്കുന്നവർ കളിയാക്കുന്നുണ്ട്. ഇപ്പോൾ കൂടുതൽ മലയാളം സിനിമകൾ കാണാനും തുടങ്ങിയിട്ടുണ്ട്. മംഗ്ലീഷ് എഴുതിയാണ് സിനിമയ്ക്കു വേണ്ടി സ്ക്രിപ്റ്റ് പഠിച്ചത്. ഇനി അതു മാറ്റണം. ആരോഗ്യം, സൗന്ദര്യ സംരക്ഷണം എന്നൊക്കെ കരുതി ഒരു കാര്യവും ചെയ്‌തു തുടങ്ങിയിട്ടില്ല. നേരത്തെ ഓട്ടവും ചാട്ടവും ഒക്കെ ഉണ്ടായിരുന്നല്ലോ. ഇപ്പോൾ യോഗ ചെയ്യാറുണ്ട്. പിന്നെ ധാരാളം വെള്ളം കുടിക്കും.

പൊറോട്ടയും ബീഫും

കേരളത്തിൽ ഇടയ്ക്കിടെ വരുന്നത് തന്നെ ഇവിടത്തെ ചില രുചികളെ ഓർത്തിട്ടു കൂടിയാണ്. പൊറോട്ടയും ബീഫും ആണ് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം. അതാണെങ്കിൽ ബാംഗ്ലൂരിൽ കിട്ടുകയുമില്ല. പിന്നെ തട്ടുകടയിൽ നിന്ന് കട്ടൻ ചായയൊക്കെ കുടിക്കാൻ വലിയ ഇഷ്ടമാണ്. ഷൂട്ടിന്‍റെ സമയത്ത് ഞാനും അരുൺ ഗോപി സാറും, അപ്പുവും (പ്രണവ്) കൂടി പുറത്തിറങ്ങും. കട്ടൻ ചായ കുടിക്കാൻ. ആളുകൾ പ്രണവിനെ തിരിച്ചറിഞ്ഞു കൂട്ടമായി വന്നു തുടങ്ങുമ്പോഴേക്കും കടന്നു പോരുമായിരുന്നു.

ക്രഷ് ടൊവിനോ

എന്‍റെ പ്രിയതാരം, ടൊവിനോ തോമസ് ആണ്. അദ്ദേഹത്തിന്‍റെ കൂടെ അഭിനയിക്കാൻ മോഹമുണ്ട്. ദുൽഖറും പ്രണവുമെല്ലാം പ്രിയ താരങ്ങളാണ്. എങ്കിലും ടൊവിനോയുടെ ലുക്കിനോട് ഒരു ക്രഷ് ഉണ്ട്.

അരുൺസാർ എന്ന മോട്ടിവേഷൻ

അരുൺ ഗോപി സാർ ആണ് എന്‍റെ മെന്‍റർ. ഇത്രയും വലിയ പ്രോജക്ടിൽ എന്നെ വിശ്വസിച്ച് പങ്കെടുപ്പിച്ചല്ലോ. ആർട്ടിസ്റ്റിന് വളരെ പിന്തുണ നൽകുന്ന ഡയറക്ടർ ആണ് അദ്ദേഹം. പോസിറ്റീവ് നേച്ചറാണ്. ഒത്തിരി മോട്ടിവേഷൻ നൽകി. ക്ഷമയോടെ ഓരോ കാര്യവും മനസ്സിലാക്കിത്തരും.

और कहानियां पढ़ने के लिए क्लिक करें...