സൗത്ത് ഇന്ത്യൻ ഫാഷൻ ഇൻഡസ്ട്രിയിലെ സൂപ്പർ സ്റ്റാറായ ഡാലു കൃഷ്ണദാസ് ഫാഷൻ ഇൻഡസ്ട്രിയിലെ അനുഭവങ്ങളും ജീവിതവും ഗൃഹശോഭ മാഗസിൻ വായനക്കാർക്കായി പങ്കു വയ്ക്കുകയാണ്.
ആദ്യം പഠിച്ചത് ഹോട്ടൽ മാനേജ്മെന്‍റ്
കോഴിക്കോടാണ് ജനിച്ചതെങ്കിലും ഊട്ടിയിലും ചെന്നൈയിലും ആയിരുന്നു പഠനം. ബിഎസ്സി. ഹോട്ടൽ മാനേജ്മെന്‍റ് കഴിഞ്ഞതിനു ശേഷം ചെന്നൈ താജ് ഹോട്ടലിൽ ജോലി ചെയ്യുന്ന കാലത്താണ് ഐഎഫ്എഫ്ടി ഫാഷൻ ഡിസൈനിംഗിൽ പാർട്ട് ടൈം ആയി പുതിയ കോഴ്സുകൾ ആരംഭിക്കുന്ന വിവരം അറിയുന്നത്. ഇന്നത്തെപ്പോലെ ഫാഷൻ മേഖലയ്ക്ക് വലിയ സാധ്യത ഒന്നും ഇല്ലാതിരുന്ന കാലത്തും ചെറുപ്പത്തിലെ ഇത്തരം മേഖലയോട് മനസ്സിന്‍റെ ഉള്ളിൽ ഉണ്ടായിരുന്ന ആഗ്രഹം ഒന്നു കൊണ്ടു മാത്രം ജോലിയ്ക്ക് ശേഷമുള്ള സമയം ഉപയോഗപ്പെടുത്തി കോഴ്സ് കംപ്ലീറ്റ് ചെയ്തു. അവിടെ എനിക്ക് വലിയൊരവസരം ഫാഷൻ മേഖലയിൽ ലഭിച്ചിരുന്നു.
ഡൽഹിയിൽ വച്ചു നടന്ന നാഷണൽ ലെവൽ കോളേജ് ഫാഷൻ കോമ്പറ്റീഷനിൽ ഞങ്ങളുടെ കോളേജ് ഒന്നാം സ്‌ഥാനം നേടി. ആ ടീമിനെ കൊറിയോഗ്രാഫി ചെയ്‌ത വ്യക്‌തി എന്ന നിലയിൽ എനിക്ക് വലിയ തോതിൽ അഭിനന്ദനങ്ങൾ ലഭിക്കുകയും ചെയ്തു. ആ അഭിനന്ദനങ്ങൾ ആണ് കൊറിയോഗ്രാഫി ഗ്രൂമിംഗ് മേഖലയിൽ കൂടുതൽ പഠിക്കാനുള്ള താൽപ്പര്യം എന്നിലുളവാക്കിയത്.
ജോലിയും പാഷനും
ഒരു നിത്യ വരുമാനവും സ്‌ഥിരതയാർന്ന ജോലിയും ആവശ്യമുള്ളതിനാൽ ഞാൻ പിന്നീട് ദുബായിലേക്ക് പോകുകയാണ് ഉണ്ടായത്. ദുബായിൽ ജോലി ചെയ്‌തു കൊണ്ടിരിക്കെ അച്‌ഛൻ ആകസ്മികമായി മരണപ്പെട്ടു. അതുകൊണ്ട് തിരികെ നാട്ടിലേക്ക് വരേണ്ടതായും വന്നു. അമ്മയെ തനിച്ചാക്കി എങ്ങും പോകണ്ട എന്നു കരുതി നാട്ടിൽ ജോലിക്ക് ശ്രമിച്ചുവെങ്കിലും അത് ലഭിക്കാതെ വന്നപ്പോൾ മനസ്സില്ലാമനസ്സോടെ ചെന്നൈയിലേക്ക് വീണ്ടും വണ്ടി കയറി. അന്നത്തെ സാമ്പത്തിക പ്രതിസന്ധിയിൽ ഒരു ജോലി അത്യാവശ്യമായിരുന്നു.
എല്ലാ ഞായറാഴ്ചകളിലെയും ക്ലാസിഫെഡ് പരസ്യങ്ങൾ നോക്കി. അങ്ങനെ ഒരു കോൾ സെന്‍റർ ഇന്‍റർവ്യൂവിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചു. ഐടി കമ്പനി നടത്തിയ ഇന്‍റർവ്യൂവിൽ പങ്കെടുത്ത അറുന്നൂറ് പേരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരിൽ ഒരാളായി മാറാൻ എനിക്ക് സാധിച്ചു. അതിന് ഞാൻ 100 ശതമാനം നന്ദി പറയുന്നത് നല്ല വിദ്യാലയത്തിൽ വിട്ടു എന്നെ പഠിപ്പിച്ച എന്‍റെ മാതാപിതാക്കളോടാണ്.
ഈ സമയത്തും എന്‍റെ സ്വപ്നത്തെ ഞാൻ കൈവെടിഞ്ഞിരുന്നില്ല. കോൾ സെന്‍ററിലെ ജോലി രാത്രികാലങ്ങളിൽ മാത്രം ചെയ്തു. പകൽ സമയങ്ങളിൽ എന്‍റെ സ്വപ്ന സാക്ഷാത്കാരത്തിനായി ഫാഷൻ മേഖലയിലെ അവസരങ്ങൾ തേടി കൊണ്ടിരുന്നു. ഒരു വർഷക്കാലം കഷ്ടപ്പാടുകളുടെ നാളുകളായിരുന്നു. നേരത്തെ പരിചയമുണ്ടായിരുന്ന ട്യൂഷൻ ടീച്ചറുടെ വീടിനോട് ചേർന്നുള്ള ചായ്പിൽ കിടന്നുറങ്ങി ജോലി ചെയ്യുകയും ഫാഷൻ മേഖലയിലെ അവസരങ്ങൾ തേടി അലയുകയും ചെയ്‌തു.
ടേണിംഗ് പോയിന്‍റ്
അങ്ങനെയിരിക്കെ വളരെ യാദൃശ്ചികമായാണ് ഞാൻ പഠിച്ച ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ എന്‍റെ ജൂനിയറായി പഠിച്ച ഒരു വ്യക്‌തി ഒരു വലിയൊരു ഫാഷൻ ഷോ സംഘടിപ്പിക്കുന്നത്. അതിന്‍റെ ഭാഗമായി ഒന്ന് നിൽക്കാമോയെന്ന് ചോദിച്ചു. പ്രത്യേകിച്ച് എന്തെങ്കിലും പൊസിഷനോ വരുമാനമോ ഒന്നും നൽകില്ല എന്ന് തുറന്നു പറഞ്ഞു കൊണ്ട് അദ്ദേഹം നൽകിയ ക്ഷണം ഞാൻ 100 ശതമാനം മനസ്സിൽ സ്വീകരിക്കുകയാണ് ചെയ്‌തത്.
അത്രയും വലിയൊരു ഷോയിൽ ഫാഷൻ മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ധാരാളം ആളുകളെ പരിചയപ്പെടാൻ ഉള്ള ഒരവസരമായി ഞാൻ കണ്ടു. ചെന്നൈയിലെ ടോപ്പ് മോഡലുകളും പുതിയ മോഡലുകളുമായി 60തിലേറെ പേർ ആ ഷോയിൽ പങ്കാളിയായിരുന്നു.
കൊറിയോഗ്രാഫർക്ക് മുഴുവൻ മോഡൽസിനെയും മാനേജ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് ഗ്രൂമിംഗ് സെഷൻ നീണ്ടു പോകാൻ കാരണമായി. ഈ അവസരത്തിൽ എന്തും വരട്ടെയെന്നു കരുതി ഞാൻ കൊറിയോഗ്രാഫി ചെയ്യട്ടെയെന്ന് എന്‍റെ സുഹൃത്തിനോട് ചോദിച്ചു. അന്ന് അവൻ നൽകിയ അവസരമാണ് ഫാഷൻ ഇൻഡസ്ട്രിയിൽ എന്‍റെ ജീവിതത്തിലെ വഴിത്തിരിവായത്.
ഗ്രൂമിംഗും കൊറിയോഗ്രാഫിയും 3 ദിവസം മനോഹരമായി ഞാൻ ചെയ്തു. എങ്കിലും ഷോയിൽ എന്നെ അവർ പരിചയപ്പെടുത്തിയില്ല. പക്ഷേ ഷോയ്ക്ക് ശേഷം നടന്ന മാധ്യമ ഇന്‍റർവ്യൂവിൽ പങ്കെടുത്ത എല്ലാ ടോപ്പ് മോഡലുകളും എന്നെപ്പറ്റിയും എന്‍റെ കൊറിയോഗ്രാഫിയെപ്പറ്റിയും പ്രതിപാദിക്കുകയുണ്ടായി.
തുടർന്ന് ഒരു പ്രമുഖ മാധ്യമം എന്‍റെ ഇന്‍റർവ്യൂ എടുക്കുകയും അത് ചെന്നൈയിലെ മികച്ച ഇവന്‍റ് ഗ്രൂപ്പായ മായ ഇവന്‍റ്സിലെ മദൻ സാർ കാണുകയും മിസ് സൗത്ത് ഇന്ത്യ എന്ന പെജന്‍റ് ചെയ്യാൻ എന്നെ ക്ഷണിക്കുകയും ചെയ്തു. അമ്മയുടെ പ്രാർത്ഥന കൊണ്ട് ആ പെജന്‍റ് ചെന്നൈ മുഴുവൻ അറിയപ്പെട്ടു. ധാരാളം മാധ്യമ പ്രശംസ നേടുകയും ചെയ്‌തു. അതിലൂടെ ഞാനും ചെന്നൈ ഫാഷൻ മേഖലയിൽ പതിയെ വളരുവാൻ തുടങ്ങി.
സെലിബ്രിറ്റി ഗ്രൂമിംഗ്
തുടർന്നിങ്ങോട്ട് ആയിരത്തിലധികം ഫാഷൻ ഷോകളും അഞ്ഞൂറിലധികം ബ്യൂട്ടി പെജന്‍റുകളും നൂറോളം ഫാഷൻ വീക്കുകളും വിജയകരമായി പൂർത്തിയാക്കാൻ എനിക്ക് സാധിച്ചു. അയ്യായിരത്തോളം ഫീമെയിൽ മോഡൽസിനേയും ആയിരത്തഞ്ഞൂറോളം മെയിൽ മോഡൽസിനേയും ഗ്രൂം ചെയ്ത് കൊറിയോഗ്രാഫി ചെയ്യാനും അവരിൽ പലർക്കും ഫാഷൻ, മോഡലിംഗ്, സിനിമ മേഖലയിലേക്ക് കടന്നു വരുവാനും ഞാനൊരു നിമിത്തമായി മാറി എന്നുള്ളത് ഏറെ ചാരിതാർത്ഥ്യം നൽകുന്ന ഒന്നാണ്.
ഇന്ത്യയിലെ ഒട്ടുമിക്ക സെലിബ്രിറ്റി ആർട്ടിസ്റ്റുകൾക്ക് ഒപ്പം പ്രവർത്തിക്കാൻ അവസരം കിട്ടി. ഞാൻ ഗ്രൂമിംഗ് ചെയ്‌ത തൃഷ, റിമ കല്ലിംഗൽ, അമല പോൾ, ഐശ്വര്യ ലക്ഷ്മി, നൂറിൻ ഷെരീഫ് പ്രിയ.പി.വാര്യർ, ജോൺ കയ്പള്ളി, സന്ദീപ് മേനോൻ, രാജീവ് പിള്ള തുടങ്ങി ധാരാളം കുട്ടികളെ സിനിമയിലേക്ക് എത്തിക്കുവാനും കഴിഞ്ഞു.
മലയാളി ഹൗസും കൊച്ചിയും
ഇതിനൊപ്പം എന്‍റെ ജീവിതത്തിൽ എടുത്തു പറയേണ്ടതായ അനുഭവം സൂര്യ ടിവിയുടെ ജനപ്രിയ റിയാലിറ്റി ഷോ ആയ മലയാളി ഹൗസിൽ പങ്കെടുക്കുവാൻ സാധിച്ചു എന്നുള്ളതാണ്. അന്നു വരെ ഫാഷൻ മേഖലയിൽ മാത്രം അറിയപ്പെട്ടിരുന്ന ഞാൻ ആ ഷോയിലൂടെ മലയാളികളുടെ മനസ്സിൽ ഒരു സ്ഥാനം നേടിയെടുത്തു. ഇതിനു ശേഷം ഏതു പൊതു ഇടങ്ങളിൽ ചെന്നാലും മലയാളികൾ എന്നെ തിരിച്ചറിയാനും സ്നേഹത്തോടെ എന്നോട് സംസാരിക്കാനും തുടങ്ങി. ഈ സമയത്താണ് കേരളത്തിലേക്ക് വരണമെന്നുള്ള ആഗ്രഹം എന്‍റെ മനസ്സിൽ ഉണ്ടാകുന്നത്.
കൊച്ചിയിൽ ഫാഷൻ ഇവന്‍റുകൾ ആരംഭം കുറിച്ച ഒരു സമയം കൂടി ആയിരുന്നു അത്. അങ്ങനെ 6 വർഷം മുമ്പ് ഞാൻ കൊച്ചിയിലേക്ക് സ്ഥിര താമസം തുടങ്ങി. പിന്നീട് കേരളം എനിക്ക് നൽകിയത് ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തങ്ങൾ മാത്രമായിരുന്നു.
മലയാള ഫാഷൻ ഫിലിം ഇൻഡസ്ട്രിയലിലെ മുഴുവൻ ആളുകൾക്കും ഞാൻ സുപരിചിതനായി മാറി. അവരിൽ പലരേയും റാമ്പ് വാക്ക് ചെയ്യിച്ചു. ഈ അനുഭവങ്ങളൊന്നും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അവരിൽ പലരും എന്നെ വിളിക്കുന്നത് ഡാലു ബേബി എന്നാണ്. എന്നെ സ്നേഹിക്കുന്നവരും എന്നെ വിളിക്കുന്നതും ഇതേ പേരിലാണ്.
ഫാഷൻ മേഖലയിലും ഓരോ മലയാളി വീടുകളും അവരുടെ ബേബി ആയി ഇരുന്നു കൊണ്ട് കേരളത്തിൽ തുടരാനാണ് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത്. ഫാഷൻ മോഡലിംഗ് മേഖല എന്നു പറയുമ്പോൾ നെറ്റി ചുളിച്ചിരുന്ന കാലത്തു നിന്നും ദിവസേന ആയിരക്കണക്കിനു ആളുകൾ അവസരം തേടി വരുന്ന മേഖലയായി ഇത് മാറിയത് നമുക്കെല്ലാവർക്കും അറിയാം. എങ്കിലും ഈ മേഖലയിൽ വിജയം കൈവരിക്കാൻ ഓരോ വ്യക്‌തിയും നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും ഞാൻ നേടിയെടുത്ത ചെറിയ വിജയത്തെക്കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിൽ കൂടെയാണ് ഞാനിപ്പോൾ.