തടി കുറയ്ക്കാനും ഫിറ്റായിരിക്കാനും അഴകളവിനും ഭാവിയിൽ അസുഖങ്ങളെ അകറ്റി നിർത്താനുമാണ് പലരും വ്യായാമം ചെയ്യുന്നത്. നിത്യവും വ്യായാമം ചെയ്യുന്നത് നല്ലതു തന്നെ. മനസ്സിനും ശരീരത്തിനും അത് ഉണർവ്വും ആരോഗ്യവും നൽകുമെന്ന കാര്യത്തിൽ സംശയമില്ല.
ശരീരത്തിലെ കലോറി എരിച്ചു കളയാനാണ് വ്യായാമം ചെയ്യുന്നത്. എന്നാൽ ഒരു കാര്യം പലർക്കും അറിയില്ല. കഠിന വ്യായാമം കഴിഞ്ഞ് അര മണിക്കൂറിനുള്ളിൽ എന്തെങ്കിലും ലഘുഭക്ഷണം കഴിച്ചിരിക്കണം. ലഘു വ്യായാമം ആണെങ്കിൽ ഭക്ഷണം രണ്ടു മണിക്കൂറിനുള്ളിൽ മതി.
വ്യായാമ ശേഷം എന്ത് എപ്പോൾ കഴിക്കണം എന്നതിനെ പറ്റി അറിയാം.
• വ്യായാമം ചെയ്യാനും ഊർജ്ജം ആവശ്യമാണ് എന്നു കരുതി വ്യായാമത്തിന് തൊട്ടു മുമ്പ് വയറു നിറയെ കഴിക്കരുത്. ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിയാതെ വ്യായാമം പാടില്ല.
• വ്യായാമ ശേഷം ഊർജ്ജം ലഭിക്കാനും പേശികൾക്ക് ബലം കിട്ടാനുമായി ലഘുവായി ആഹാരം കഴിക്കണം. ജ്യൂസ്, പഴങ്ങൾ എന്നിവ ആവാം.
• മസിൽ ബിൽഡിംഗിനായി വ്യായാമം ചെയ്യുന്നവർ അധിക പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക, കൊഴുപ്പു നീക്കിയ പാൽ, മുട്ട എന്നിവ ആവാം.
• കട്ട തൈരിൽ വിവിധ പഴങ്ങൾ അരിഞ്ഞിട്ട് കഴിക്കുക.
• ഏത്തപ്പഴം, ഒരു വലിയ സ്പൂൺ പീനട്ട് ബട്ടർ എന്നിവ മിക്സിയിൽ അടിച്ചെടുത്ത് കഴിക്കാം. കഠിന വ്യായാമ ശേഷം ഇത് ഉത്തമമാണ്.
• വ്യായാമ ശേഷം പയർ മുളപ്പിച്ചതോ കടല മുളപ്പിച്ചതോ കഴിക്കുന്നത് നല്ലതാണ്. വ്യായാമം ചെയ്യുന്നവർക്ക് സ്പ്രൗട്ട് ഏറ്റവും മികച്ച ഫലം നൽകുന്നു.
• വർക്കൗട്ടിനു ശേഷം ചിലർക്ക് കഴിക്കാൻ മൂഡ് ഉണ്ടാവുകയില്ല. ഇത്തരക്കാർ എന്തെങ്കിലും കഴിക്കുക. വെള്ളം, സ്മൂത്തി, ജ്യൂസ് തുടങ്ങി ഇഷ്ടമുള്ളത് എന്തും കഴിക്കാം. ഇളം ചൂടുള്ള കഞ്ഞി വെള്ളവും നന്ന്. കഞ്ഞി വെള്ളത്തിൽ നേരിയ തോതിൽ ഉപ്പ് ചേർത്ത് കുടിക്കുക.
• വ്യായാമം കഴിഞ്ഞ് പത്തു മിനിറ്റിനുള്ളിൽ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കോശങ്ങളിൽ ഓക്സിജൻ എത്തിക്കാനും മസിലുകളുടെ കരുത്തിനും സഹായിക്കുന്നു. കഴിവതും മധുരം ചേർക്കാത്ത ജ്യൂസ് ആണ് ഉത്തമം.
• വ്യായാമം ചെയ്ത് വിയർപ്പാറും മുമ്പെ നല്ല തണുത്ത വെള്ളം ഒരിക്കലും കഴിക്കരുത്.
• ലഘു വ്യായാമ ശേഷം പ്രോട്ടീനും കാർബോ ഹൈട്രേറ്റും നിറഞ്ഞ ലഘു ഭക്ഷണം കഴിക്കണം. ഒരു ഹോൾവീറ്റ് ബ്രെഡിൽ ബട്ടർ പുരട്ടി കഴിക്കാം. പുഴുങ്ങിയ മുട്ടയുടെ വെള്ള, ബ്രൗൺ ബ്രൈഡ് കഴിക്കാം.
• വ്യായാമം ചെയ്ത ശേഷം ഓട്സ് കഴിക്കുന്നതും നന്ന്. ഇതിൽ ഉണക്കമുന്തിരി ചേർക്കാൻ മറക്കണ്ട.
• വെള്ളം കുടിക്കുക. തണ്ണിമത്തൻ തിന്നുന്നതും വളരെ നല്ലതാണ്.