പറയുന്നത് കേൾക്കൂ നികിതാ… അഭിനവിനെ ഇന്ന് മീറ്റ് ചെയ്യൂ. മൾട്ടി നാഷണൽ കമ്പനിയുടെ മാനേജരാണ്. ഫോട്ടോ കണ്ടിട്ട് നല്ല ലുക്കുമുണ്ട്. നിനക്ക് ഇഷ്ടമാവാനാ ചാൻസ്. അവർ വിളിച്ചിട്ടുണ്ടായിരുന്നു. കാണാൻ താൽപര്യം പറഞ്ഞു.”

മീനാക്ഷി, മകളെ നിർബന്ധിച്ചു. “അമ്മേ, ഞാൻ എത്രവട്ടം പറഞ്ഞു, എനിക്കിപ്പോ കല്യാണം വേണ്ട! അതിനുള്ള മൈൻഡ് ഇല്ല. അമ്മയ്ക്ക് അറിയാലോ കാര്യങ്ങൾ.”

നികിതയുടെ സ്വരം നൈരാശ്യം കൊണ്ട് തണുത്തു മരവിച്ചിരുന്നു.

“നീയിതെത്ര നാൾ കണ്ണടച്ച് ഇരുട്ടാക്കും കുട്ടീ. പപ്പ എത്രമാത്രം ശ്രമിക്കുന്നുണ്ട്. നീ ആ വേണ്ടാത്ത കാര്യോക്കെ തലേന്നു കള.”

“എങ്ങനെ ചെയ്യണമെന്നാണ് അമ്മ തന്നെ പറയൂ” അവൾ തെല്ലൊരു ദേഷ്യഭാവത്തോടെ ലാപ്ടോപ്പിലേക്ക് കൂടുതൽ സൂക്ഷ്മമായി നോക്കിയിരുന്നു.

“ശരി നിനക്ക് കാര്യങ്ങൾ അറിയാലോ. ഇന്ന് അവരോട് തൽക്കാലം വരാൻ പറയാം.” അത്രമാത്രം മതി.

മീനാക്ഷി, നികിതയുടെ ശിരസ്സിൽ തലോടി ആശ്വസിപ്പിച്ചു.

കുറച്ചു വർക്ക് ചെയ്തു തീർത്ത ശേഷം വൈകിട്ട് ധരിക്കാനുള്ള വസ്ത്രങ്ങൾ എടുത്തു വയ്ക്കാനായി അവൾ തന്‍റെ മുറിയിലേക്ക് നടന്നു. അതിഥികളുടെ വരവു കണക്കിലെടുത്ത് വീട്ടിൽ അത്യാവശ്യം ഒരുക്കങ്ങളൊക്കെ നടക്കുന്നുണ്ട്. വീടിനു വന്ന തിളക്കത്തിന്‍റെ വ്യതിചലനം സന്തോഷിന്‍റെ മുഖത്തുമുണ്ട്. മകൾ രണ്ട് വർഷമായി അനുഭവിക്കുന്ന സങ്കടം അയാൾക്ക് നന്നായിട്ടറിയാം. ഇന്നാണ് അതിൽ നിന്ന് മോചനം കിട്ടുന്ന ചെറിയൊരു പ്രതീക്ഷ അയാളിലുണ്ടായത്.

വൈകുന്നേരം അതിഥികൾ പറഞ്ഞ സമയത്തു തന്നെ എത്തിച്ചേർന്നു. പയ്യൻ മിടുക്കനാണ്. അഭിനവ് പ്രശസ്തമായ പബ്ലിഷിംഗ് കമ്പനിയിലെ കണ്ടെന്‍റ് റൈറ്ററാണ്. സന്തോഷിനും മീനാക്ഷിക്കും അഭിനവിനെ വളരെ ഇഷ്ടപ്പെട്ടു. നികിതയ്ക്ക് നന്നായി ചേരുന്ന പയ്യൻ. രൂപം കൊണ്ടും പെരുമാറ്റം കൊണ്ടും യോഗ്യൻ.

നികിതയെ, അഭിനവിന്‍റെ അച്‌ഛനമ്മമാർക്കും ഇഷ്‌ടമായി. ഡിന്നറിനു ശേഷം രണ്ടു കുടുംബങ്ങളിലെയും മുതിർന്നവർ ചേർന്ന് ബന്ധം ഇഷ്ടപ്പെട്ടതായി നയം വ്യക്തമാക്കി. കുട്ടികൾക്ക് പരസ്പരം ഇഷ്‌ടപ്പെട്ടെങ്കിൽ ബന്ധം മുന്നോട്ടു കൊണ്ടു പോകാം എന്ന ചിന്തയിലാണ് രണ്ടുപേരുടെയും അച്‌ഛനമ്മമാർ. അവർ പോയതിനു ശേഷം സന്തോഷിനും മീനാക്ഷിക്കും മകളുടെ മനസ് ചോദിച്ചറിയാൻ വെമ്പലായിരുന്നു.

നികിതയാവട്ടെ, നാളെ ആലോചിച്ചു മറുപടി നൽകാം എന്നു പറഞ്ഞ് മുറിയിലേക്ക് പോയി. പക്ഷേ ഉറങ്ങാൻ കിടന്നിട്ട്, ഉറക്കം വന്നതേയില്ല. പലതരം ചിന്തകളിലൂടെ മനസ് വട്ടമിട്ടു പറന്നു കൊണ്ടിരുന്നു. അച്‌ഛനും അമ്മയും തന്‍റെ വിവാഹം ആഗ്രഹിച്ചിരിക്കുകയാണ്. പക്ഷേ എങ്ങനെ സമ്മതം മൂളും.

അച്‌ഛനും അമ്മയും പറയുന്നത് അഭിനവിനൊപ്പം ഞാൻ വളരെ സന്തോഷവതിയായിരിക്കുമെന്നാണ്. പക്ഷേ എല്ലാ രാത്രിയിലും രാജൻ അങ്കിളിനെ ഓർമ്മ വന്നാൽ? അവൾ സ്വയമറിയാതെ പഴയ ചിന്തകളിലേക്ക് വീണ്ടും മുങ്ങിത്താഴ്ന്നു. എംഎ കഴിഞ്ഞ് ഒരു നല്ല കമ്പനിയിൽ ജോലിയായപ്പോൾ അമ്മയ്ക്ക് ഒട്ടും ഇഷ്‌ടമല്ലായിരുന്നു പൂനെയിലേക്ക് അയക്കാൻ. പക്ഷേ ജോലിക്കാര്യമായതു കൊണ്ട് അച്ഛൻ കുറച്ചു കൂടി ക്ഷമയോടെ ചിന്തിക്കാൻ പറഞ്ഞു.

അച്‌ഛന്‍റെ പഴയ സഹപ്രവർത്തകൻ പൂനെയിൽ ഉള്ളതു കൊണ്ടാണ്. രാജീവ് എന്നാണ് പേര്. നികിതയ്ക്ക് പേയിംഗ് ഗസ്റ്റ് സൗകര്യം ഏർപ്പെടുത്തിയ ശേഷം സന്തോഷ്, നികിതയേയും കൂട്ടി രാജീവിന്‍റെ അടുത്തേക്കു പോയി. രാജീവിന്‍റെ ഒരേയൊരു മകൻ യുകെയിലാണ്. ഭാര്യയും കുറച്ചു നാളായി മകനൊപ്പമാണ്. നികിതയ്ക്ക് ഇത് സ്വന്തം വീടാണെന്നു കണക്കാക്കി എപ്പോൾ വേണമെങ്കിലും വരികയും പോവുകയും ചെയ്യാം എന്ന ഉറപ്പും രാജീവ് നൽകിയതോടെ സന്തോഷ് ആശ്വാസത്തോടെയാണ് പൂനെയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്.

നികിതയും രാജീവും ഫോണിലൂടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു കൊണ്ടിരുന്നു. നികിതയുടെ തിരക്കു കാരണം രണ്ടാമത് കാണാനുള്ള സാഹചര്യം ഉണ്ടായിട്ടില്ലായിരുന്നു. ഇതിനിടെ ഭാര്യയ്ക്കു സുഖമില്ലാത്തതിനാൽ ഉടനെ യുകെയ്ക്കു പോകണം എന്ന് ഒരു ദിവസം രാജീവ് അറിയിച്ചു. പോകുന്നതിനു മുമ്പ് നികിതയെ കാണണമെന്ന ആഗ്രഹം രാജീവ് പ്രകടിപ്പിച്ചു. നികിത പിന്നെ ഒട്ടും വൈകിയില്ല.

വൈകുന്നേരം രാജീവിന്‍റെ വീട്ടിലേക്ക് യാത്രയായി. ചെന്നു കയറിയ ഉടനെ തന്നെ രാജീവിന്‍റെ പെരുമാറ്റത്തിലെ അസ്വാഭാവികത, നികിത തിരിച്ചറിഞ്ഞു. അവൾ ഗുഡ് ഈവനിംഗ് പറഞ്ഞപ്പോൾ അടുത്തേക്കു വന്ന് ചേർത്തു പിടിച്ചു. വിഷ് ചെയ്തു. അവൾക്ക് ചെറിയൊരു അമ്പരപ്പ് തോന്നിയെങ്കിലും കുറച്ചുനേരം സംസാരിച്ച ശേഷം നികിത മടങ്ങാനൊരുങ്ങി. അപ്പോൾ അയാൾ കോഫി തയ്യാറാക്കാനായി അടുക്കളയിലേക്ക് പോയി.

അഞ്ചു മിനിട്ടിനകം കോഫിയുമായി അയാൾ നികിതയുടെ അടുത്തേക്കു വന്നു. കോഫി കൊടുത്ത ശേഷം അയാൾ അവളിരിക്കുന്ന സോഫയിലേക്കു വന്നിരുന്നു. കോഫി കുടിക്കുന്ന നികിതയെ നോക്കി അയാൾ മന്ദഹസിച്ചു.

“ഏയ്… എന്തെങ്കിലും പറയെടോ…! എങ്കിൽ ശരി, എന്നെ കുറിച്ച് നികിതയുടെ അഭിപ്രായം എന്താ?”

“അങ്കിൾ വളരെ നല്ലയാളാണ്.” കോഫി കുടിക്കണോ വേണ്ടയോ എന്ന ചിന്ത പെട്ടെന്ന് അവളുടെ മനസ്സിലേക്ക് ഒരു ആധിയായി കടന്നു വന്നു.

“ഈ കാപ്പിയിൽ വല്ല ലഹരിയും ചേർത്തിട്ടുണ്ടാവുമോ?” എന്ന ചിന്തയോടെ പാതി കുടിച്ച് ഗ്ലാസ് അവൾ ടേബിളിൽ വച്ചു.

“നീ എന്തിനാണ് എന്നെ അങ്കിൾ എന്നു വിളിക്കുന്നത്?” രാജീവ് വില്ലന്‍റെയൊരു ചിരിയോടെ അവളെ നോക്കി ചോദിച്ചു.

“എല്ലാവരും പറയുന്നത് എന്നെ കണ്ടാൽ ബോളിവുഡ് ഹീറോയെ പോലെയുണ്ടെന്നാണ്.”

“അത് നല്ലതല്ലേ, ശരീരം ഫിറ്റായി സൂക്ഷിക്കുന്നതു കൊണ്ടാണത്.” അവൾ ഉള്ളിലെ ഭയം ഒതുക്കി, സാധാരണ പോലെ മറുപടി കൊടുക്കാൻ ശ്രമിച്ചു.

എന്നിട്ടെന്തൊ ഇത്രയും കാലം എന്നെ കാണാൻ വന്നില്ല. എഴുന്നേൽക്കാൻ ശ്രമിച്ച നികിതയെ ബലമായി സീറ്റിൽ പിടിച്ചിരുത്തി അയാൾ പരിഭവം പറഞ്ഞു.

പക്ഷേ നികിത ഭയത്തോടെ അയാളുടെ കൈ വിടുവിച്ച് ഓടാൻ ശ്രമിച്ചു. പക്ഷേ രാജീവ് അവളെ പിന്നാലെ ചെന്ന് പൂണ്ടടക്കം പിടിച്ചു. ശരീരം തളരുന്നതായി അവൾക്ക് തോന്നി. തലകറങ്ങുന്നതായും. കാപ്പിയിൽ എന്തെങ്കിലും? അവൾക്കത്രയേ ആലോചിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

“നിനക്കെന്നെ ഇഷ്ടമാണ്. എനിക്കറിയാം. പെണ്ണുങ്ങളിങ്ങനെയാ, വേണ്ട എന്നൊക്കെ പറയും. അവൾക്ക് ബലമായി പുരുഷൻ ചെയ്യുന്നതാ ഇഷ്ടം.”

“അങ്കിൾ … വിടൂ…” അവൾ കരയാൻ തുടങ്ങി.

“പെണ്ണ് നോ പറഞ്ഞാൽ യെസ് എന്നാണ്… നീ വാ മോളേ…”

അയാൾ കാമാവേശിതനായി നികിതയെ സോഫയിലേക്ക് വീഴ്ത്തി. പിന്നീടൊന്നും അവൾ അറിഞ്ഞതേയില്ല.

രാവിലെ കണ്ണു തുറക്കുമ്പോൾ സോഫയിൽ സ്ഥാനം തെറ്റിയ വസ്ത്രങ്ങളോടെ താൻ കിടക്കുന്നതാണ് അവൾ തിരിച്ചറിഞ്ഞത്. നിലത്ത് രാജീവ് കൂർക്കം വലിച്ചുറങ്ങുന്നു. അവൾ ഭയപ്പോടേ അയാളെ ഉണർത്താതെ മെല്ലെ പുറത്തേക്കിറങ്ങി.

അവളുടെ മനസ് ആകെ താളം തെറ്റിയിരുന്നു. ഹോസ്റ്റലിൽ എങ്ങനെയൊക്കെയോ എത്തിപ്പെട്ടു. കൂട്ടുകാരി ആരിഫയുടെ ചോദ്യങ്ങൾക്ക് അവൾ ചില സൂചനകൾ മാത്രം നൽകി. മൗനിയായി. ഭയന്നു പോയ ആരിഫ മീനാക്ഷിയെ ഫോണിൽ വിളിച്ചു.

മണിക്കൂറുകൾക്കകം സന്തോഷും മീനാക്ഷിയും പൂനെയിലെത്തി. കാര്യങ്ങളറിഞ്ഞ സന്തോഷ്, രാജീവിനെ വകവരുത്താനുള്ള പകയോടെ വീട്ടിലെത്തിയെങ്കിലും അയാൾ അന്നു തന്നെ വിദേശത്തേക്കു കടന്നിരുന്നു. പോലീസിൽ വിവരമറിയിച്ചെങ്കിലും, നടപടി സാധ്യമായിരുന്നില്ല. നികിതയേയും കൂട്ടി രണ്ടുപേരും നാട്ടിലേക്ക് മടങ്ങി.

സന്തോഷും മീനാക്ഷിയും, നികിതയ്ക്ക് രാപ്പകലില്ലാതെ പിന്തുണ നൽകി. ഏകദേശം രണ്ടുമാസമെടുത്തു ആ ഷോക്കിൽ നിന്ന് മുക്തയാവാൻ. കൂട്ടുകാരി ആരിഫയുടെ സഹോദരൻ ഡൽഹിയിൽ നല്ല പരിചയവും പിടിപാടുമുണ്ട്. അയാളുടെ സഹായത്തോടെ ഒരു പബ്ലിഷിംഗ് ഹൗസിൽ കണ്ടന്‍റ് റൈറ്റർ ആയി നികിത ഒരു ജോലിയിൽ പ്രവേശിച്ചപ്പോഴാണ് സന്തോഷിനും മീനാക്ഷിയ്ക്കും ഒട്ടൊന്ന് ആശ്വാസമായത്.

നികിത ജോലിയിൽ പ്രവേശിച്ച ശേഷം രണ്ടു വർഷത്തോളം വേണ്ടി വന്നു സാധാരണ നിലയിലേക്ക് തിരിച്ചു വരാൻ. എങ്കിലും വിവാഹത്തെക്കുറിച്ച് പറയുമ്പോൾ അവൾക്ക് അത് സ്വീകാര്യമായിരുന്നില്ല.

പപ്പയെ നിരാശപ്പെടുത്തേണ്ട എന്നു കരുതിയാണ് അഭിനവിനെ കാണാൻ സമ്മതിച്ചത്. അയാളെ കണ്ടു സംസാരിച്ചപ്പോൾ ഇഷ്ടക്കേടൊന്നും തോന്നിയില്ല.

ദാമ്പത്യ ബന്ധത്തെ കുറിച്ച് ആലോചിച്ചപ്പോഴാണ് നികിത അസ്വസ്ഥയായത്. ഈ ശരീരം എവിടെ ഒളിപ്പിക്കും പിന്നെ! നികിത അതോർത്തു വേവലാതിപ്പെട്ടു. ആ രാത്രി ഉറക്കം വരാതെ ഓർമ്മകളിൽ മുങ്ങിയമർന്നു പുലർന്നു.

രാവിലെ ഓഫീസിലേക്ക് ഇറങ്ങും മുന്നേ മീനാക്ഷി അവളെ വീണ്ടും ഓർമ്മപ്പെടുത്തി.

“ഇപ്പോൾ സമയം വൈകിയല്ലോ, നമുക്ക് വൈകിട്ട് സംസാരിക്കാം.”

നികിത തൽക്കാലം മറുപടി നൽകി. പ്രതിസന്ധിയിൽ നിന്ന് ഒഴിവായി. ഓഫീസിൽ ഒരുപാട് വർക്ക് ഉണ്ടായിരുന്നു. നിരവധി വിഷയങ്ങളിൽ എഴുതാനുണ്ടെങ്കിലും മനസ് ഒന്നിലും ഉറയ്ക്കുന്നില്ല.

ഒരു തരത്തിൽ മനസ് കേന്ദ്രീകരിച്ച് എഴുതാൻ തുടങ്ങിയതേയുള്ളൂ, അമ്മയുടെ കോൾ വന്നു.

“മോനേ, നീ എന്താണിത്ര ആലോചിക്കുന്നത്. നിന്‍റെ പ്രയാസം മനസിലാവാഞ്ഞിട്ടല്ല. ഇതിന്‍റെ പേരിൽ ഏകാകിയായി ജീവിക്കാനുള്ള തീരുമാനം ഗുണം ചെയ്യില്ല.” അമ്മയുടെ സ്വരം വളരെ ദുർബലമായി തോന്നിച്ചു.

“മോൾക്കറിയാലോ എന്‍റെ ആരോഗ്യം ഇനി നന്നാവാൻ പോവുകയല്ല, അച്‌ഛനും അമ്മയും പ്രായമായി വരികയാണ്.”

നികിത കൂടുതലൊന്നും ആലോചിക്കാതെ ഉടനെ മറുപടി നൽകി.

“അമ്മേ ഞാൻ ഫോൺ ചെയ്യാനിരിക്കുകയായിരുന്നു. എനിക്ക് അഭിനവിനെ ഇഷ്ടമാണ്.” ഇത്രയും പറഞ്ഞ് അവൾ ഫോൺ പെട്ടെന്ന് വച്ചു.

“ഇനി വേറെന്ത് ചെയ്യാനാണ്? അച്‌ഛനും അമ്മയും സന്തോഷമായിരിക്കട്ടെ.” കസേരയിലേക്ക് അമർന്നിരിക്കവേ നികിത ആ സന്തോഷത്തെക്കുറിച്ച് മാത്രം ചിന്തിച്ചു.

സന്തോഷും മീനാക്ഷിയും കൂടി അഭിനവിന്‍റെ വീട്ടിൽ സമ്മതം അറിയിക്കാനായി വൈകിട്ട് തന്നെ എത്തി. അവിടെ ചെന്നപ്പോൾ അഭിനവിന്‍റെ മുത്തച്ഛനെ ആശുപത്രിയിൽ കൊണ്ടു പോകാൻ ഒരുങ്ങി നിൽക്കുകയാണ് അഭിനവിന്‍റെ അചഛൻ. എന്തായാലും മുത്തച്ഛനെയും കൂട്ടി അഭിനവിന്‍റെ അച്‌ഛനും സന്തോഷും ആശുപത്രിയിലേക്ക് തിരിച്ചു.

ആരോഗ്യനില മോശമായതിനാൽ അവിടെ അഡ്മിറ്റ് ചെയ്യുകയും ചെയ്‌തു. അസുഖം ഒരുവിധം മാറിയപ്പോൾ മുത്തച്ഛനെ വീട്ടിലേക്ക് മാറ്റി. ഇനി സമയം കളയാതെ വിവാഹം എത്രയും വേഗം നടത്തണമെന്നാണ് മുത്തച്ഛന്‍റെ ആഗ്രഹം. അതിനാൽ രണ്ടുമാസത്തിനകം വിവാഹം നടത്താനാണ് കുടുംബങ്ങൾ തീരുമാനിച്ചത്. ഇതിനിടയിലെ തിരക്കുകൾ നിമിത്തം അഭിനവിനും നികിതയ്ക്കും കൂടുതൽ സംസാരിക്കാനും സാധിക്കുന്നുണ്ടായില്ല.

ഓഫീസ് സമയത്തെ ഫോൺ കോളുകൾ ഔപചാരികതയുടെ മൂടുപടം ഇട്ടുകൊണ്ടായിരിക്കും. വിവാഹശേഷം ഒരു പ്രൊജക്ടിന്‍റെ ഭാഗമായി ഫ്രാൻസിൽ പോകാൻ ഉദ്ദേശമുണ്ട് അഭിനവിന്.

രണ്ടു കുടുംബങ്ങളും പറഞ്ഞതനുസരിച്ച് ഫ്രാൻസിലേക്കുള്ള ആ യാത്ര നികിതയ്ക്കും ബുക്ക് ചെയ്‌തു. രണ്ടുമാസം ചിറകേറി പറന്നു പോയി. അഭിനവും നികിതയും വിവാഹിതരായി. അന്നു വൈകിട്ട് അഭിനവിന്‍റെ വീട്ടിലേക്ക് ചടങ്ങുകൾ എല്ലാം കഴിഞ്ഞ് കുടിവയ്ക്കുകയും ചെയ്‌തു.

രാത്രി ഭക്ഷണം കഴിഞ്ഞ് മുറിയിൽ ആലോചനയിൽ മുഴുകിയിരുന്നു നികിത.

അപ്പോഴാണ് മുത്തച്ഛന് ശ്വാസതടസമുണ്ടെന്ന് പറഞ്ഞു കൊണ്ട് അഭിനവ് മുറിയിലേക്ക് വന്നത്. പിറ്റേന്ന് പാരീസിലേക്ക് പോകാനുള്ളതു കൊണ്ട് നികിത പറഞ്ഞതനുസരിച്ച് അഭിനവ് ഉറങ്ങാൻ പോയി.

നികിത വസ്ത്രം മാറി ഉറങ്ങാൻ കിടന്നു. മാതാപിതാക്കളുടെ സന്തോഷത്തിനായിട്ടാണ് നികിത വിവാഹത്തിനു തയ്യാറായത്. എന്നാൽ അഭിനവും സമാനമായ മാനസിക സംഘർഷത്തിലാണെന്ന് നികിത അറിഞ്ഞില്ല. യഥാർത്ഥത്തിൽ അയാൾക്കും വിവാഹം ഉടനെ നടത്താൻ താൽപര്യം ഇല്ലായിരുന്നു.

ഒരു പെൺകുട്ടി ജീവിതത്തിലേക്ക് കടന്നു വരുന്നതിനെകുറിച്ച് ആലോചിക്കാൻ പറ്റിയ അവസ്‌ഥയിലായിരുന്നില്ല. മറ്റൊരിടത്ത് ജോലി ചെയ്യുന്നതിനിടയിൽ ഉണ്ടായ ഒരു അനുഭവത്തിൽ നിന്ന് മനസ് മുക്‌തമായിട്ടില്ല.

സോണിയ എന്നു പേരുള്ള ഒരു പെൺകുട്ടി. അഭിനവിന്‍റെ സഹപ്രവർത്തകയാണ്. ജോലിയിൽ അവൾ മോശമായിരുന്നു. അഭിനവാണ് ടീം ലീഡർ. പ്രമോഷൻ കിട്ടാനായി അഭിനവിനെ വശത്താക്കാൻ അവൾ കിണഞ്ഞു ശ്രമിച്ചു. പക്ഷേ അഭിനവ് അവളെ പരമാവധി ഒഴിവാക്കുകയും ചെയ്‌തു. അതിൽ ദേഷ്യം മൂത്ത്, സോണിയ കാട്ടിക്കൂട്ടിയ കുടില തന്ത്രം നിമിത്തം അഭിനവിനെ സ്ത്രീകളെ കാണുന്നതോ നോക്കുന്നതോ പോലും ഭയമായിരുന്നു.

പ്രമോഷൻ ചോദിച്ച് ലെറ്റർ കൊടുത്തത് റിജക്ട് ചെയ്‌തതിന്‍റെ പേരിൽ സോണിയ അഭിനവിനെതിരെ പീഡനശ്രമം ആരോപിച്ച് കമ്പനി ഹെഡിന് പരാതിയും കൊടുത്തു. കമ്പനി മാനേജ്മെന്‍റ് കൂടുതൽ ചോദ്യത്തിനു നിൽക്കാതെ ടെർമിനേഷൻ നൽകുകയും ചെയ്തു.

അതിനുശേഷം അഭിനവ് വല്ലാത്തൊരു മാനസികാവസ്‌ഥയിലായിരുന്നു. അച്‌ഛനും അമ്മയും തനിക്ക് തിരക്കിട്ട് കല്യാണമാലോചിക്കുന്നത് മുത്തച്ഛന്‍റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് എന്ന് അറിയാവുന്നതു കൊണ്ട് നികിതയുടെ ആലോചന വന്നപ്പോൾ പ്രത്യേകിച്ച് ഒന്നും നോക്കാതെ യെസ് മൂളുകയായിരുന്നു.

ആദ്യ രാത്രിയായിട്ടും രോഗം മൂർഛിച്ച മുത്തച്ഛന്‍റെ മുറിയിൽ അഭിനവ് ഇരിക്കുന്നതു കണ്ട് അമ്മയാണ് അയാളെ നികിതയുടെ മുറിയിലേക്ക് നിർബന്ധിച്ച് പറഞ്ഞയച്ചത്. പക്ഷേ നികിത അപ്പോഴേക്കും ഉറക്കം പിടിച്ചിരുന്നു. പിറ്റേന്ന് രണ്ടുപേർക്കും പാരീസ് പോകാനുള്ളതു കൊണ്ട് ഉറക്കം മുറിയാതെ അഭിനവും കിടപ്പു പിടിച്ചു.

പാരീസിലേക്ക് 15 ദിവസത്തെ ട്രിപ്പാണ്. അഭിനവിന് പാരീസിന കത്തു നിൽക്കുന്ന ജോലികളെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഈ അവസരം കണക്കിലെടുത്ത് യാത്ര ഫീച്ചർ റെഡിയാക്കാൻ കമ്പനി നിർദ്ദേശം നൽകിയതു കൊണ്ട് നികിത ഫ്രാൻസിലെ മറ്റു സ്‌ഥലങ്ങൾ കൂടി സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു.

പാരീസിലെത്തിയ ശേഷം അഭിനവ് തന്‍റെ പ്രൊജക്ടും ഓഫീസുമായി രണ്ടു ദിവസം തിരക്കിലായി. നികിത ആ ദിവസങ്ങളിൽ ടൂർ ആരംഭിച്ചു. ഒരു വനിതാ ഗൈഡിനെയും കൂട്ടിയാണ് യാത്ര.

ഉറങ്ങാൻ കിടന്നപ്പോഴാണ് അഭിനവും നികിതയും ഒരുമിച്ചു വന്നത്. പക്ഷേ രണ്ടുപേരും കടുത്ത ക്ഷീണത്തിലായതിനാലും, ജാള്യത വിട്ടുപോകാത്തതിനാലും ഭാര്യാഭർതൃബന്ധത്തിന് മുതിർന്നതേയില്ല. പക്ഷേ അഭിനവിന്‍റെ സാമീപ്യം നികിതയ്ക്കും, നികിതയുടെ സാമീപ്യം അഭിനവിനും പരസ്പരമുള്ള സൗഹൃദത്തിന്‍റെ തീവ്രത കൂട്ടിയിട്ടുണ്ടെന്ന് രണ്ടാളും തിരിച്ചറിഞ്ഞു.

അതാതു ദിവസത്തെ ജോലികളെക്കുറിച്ച്, യാത്രകളെക്കുറിച്ച് പരസ്പരം ഫോണിലൂടെ വിവരങ്ങൾ കൈമാറാൻ രണ്ടുപേരും ഉത്സാഹിച്ചു. അന്യരാജ്യത്ത്, പരസ്പരം താങ്ങും തണലുമാണെന്ന ചിന്ത രണ്ടുപേർക്കിടയിൽ വൈകാരികമായ ബന്ധം സ്‌ഥാപിച്ചിട്ടുണ്ട്.

രണ്ടു ദിവസം വളരെ വേഗം പറന്നു പോയി. പാരീസിൽ നികിതയുടെ ഡ്യൂട്ടി അവസാനിക്കുകയാണ്. ഇനി ഗൈഡിനൊപ്പം ഫ്രഞ്ച് റിവിയേരയിലേക്കാണ് യാത്ര. ഫ്രാൻസിന്‍റെ തെക്കു കിഴക്കൻ ഭാഗത്തായിട്ടാണ് ഫ്രഞ്ച് റിവേറ, അവിടെ നടക്കാറുള്ള കാൻസ് ഫിലിം ഫെസ്റ്റിവൽ, കളി മൈതാനം, മനം മയക്കുന്ന ബീച്ച്, ഇതൊക്കെ അവളുടെ മനസിലേക്ക് കടന്നു വന്നു. ഗൈഡിന്‍റെ സ്‌ഥാനത്ത് അഭിനവ് ആയിരുന്നെങ്കിൽ എന്ന് ആദ്യമായി അവളുടെ മനസിലേക്ക് ഒരു ചിന്ത കടന്നു വന്നു.

നോൺസ്റ്റോപ്പ് ഫളൈറ്റിൽ ഏകദേശം രണ്ടര മണിക്കൂർ വേണ്ടി വന്നു ഡെസ്റ്റിനേഷൻ എത്താൻ. എയർപോർട്ടിൽ ഇറങ്ങി ഹോട്ടലിലേക്ക് പോകാൻ ടാക്സി വിളിച്ചു. ടാക്സിയിൽ ഇരുന്ന് പുറം കാഴ്ചകളിലേക്ക് ദൃഷ്ടി പായിക്കാൻ തുടങ്ങിയതേയുള്ളൂ. അവളുടെ മനസിലേക്ക് വീണ്ടും അഭിനവ് കയറി വന്നു. ഈ കാഴ്ചകൾ കാണാൻ അഭിനവ് ഉണ്ടായിരുന്നെങ്കിൽ അവൾ അദ്ഭുതത്തോടെ ആലോചിച്ചു. പേരിട്ടു വിളിക്കാൻ പറ്റാത്ത ഒരിഷ്ടം ഉള്ളിലുണ്ട്. ഭാര്യാ ഭർതൃബന്ധം എന്നു പറയാറായിട്ടില്ല. സൗഹൃദവുമല്ല.

ആലീസ് നല്ല ഗൈഡാണ്. നല്ല പെരുമാറ്റവുമാണ്. പക്ഷേ അവരേക്കാളും ഇപ്പോൾ തനിക്കൊപ്പം അഭിനവായിരുന്നു യാത്ര ചെയ്യേണ്ടത്.

നികിത ഇങ്ങനെ ആലോചിക്കവേ അഭിയുടെ കോൾ വന്നു. ഫ്ളൈറ്റിറങ്ങിയ ശേഷം വിളിക്കണമെന്നു ഓർത്തിരുന്നു. പക്ഷേ അക്കാര്യം വിട്ടു പോയി. സംസാരം അവസാനിപ്പിക്കുമ്പോൾ അഭിയിൽ നിന്ന് മിസിംഗ് യൂ എന്ന് കേട്ടപ്പോൾ നികിതയ്ക്ക് ഒരു പ്രത്യേക സന്തോഷം അനുഭവപ്പെട്ടു. അവളുടെ ചുണ്ടുകളിൽ അവളറിയാതെ ഒരു മന്ദഹാസം തങ്ങി നിന്നു.

പാരീസിൽ അഭിയുടെ അവസ്‌ഥയും മറിച്ചായിരുന്നില്ല. ഭക്ഷണ പ്രശ്നം കൊണ്ട് വയറിന് അസ്വസ്ഥത തോന്നിയപ്പോൾ അഭി ഹോട്ടലിലേക്ക് മടങ്ങി. വാഷ്റൂമിൽ കയറിയപ്പോൾ നികിതയുടെ വസ്ത്രങ്ങൾ അവിടെ നിലത്തു വീണു കിടക്കുന്നത് കണ്ട് അയാൾ എടുത്തു അയയിലേക്കിട്ടു. ആ വസ്ത്രങ്ങൾക്ക് നികിതയുടെ ഗന്ധം ഉണ്ടായിരുന്നു. ആ ഗന്ധം അയാളെ ഉത്തേജിതനാക്കി. കിടക്കയിൽ വിശ്രമിക്കുമ്പോഴും അയാൾക്ക് നികിതയെ വല്ലാതെ മിസ് ചെയ്‌തു.

അതിനാൽ അഭി കുറച്ചു വിശ്രമിച്ചു ക്ഷീണം മാറിയ ശേഷം ടാക്സിയെടുത്ത് ഈഫൽ ടവർ കാണാൻ പുറപ്പെട്ടു. അവിടെ ചെന്നപ്പോഴും കൈകോർത്തു നടക്കുന്ന യുവമിഥുനങ്ങളുടെ കാഴ്ച!

നികിത എത്തിയ ശേഷം ഹോട്ടൽ മുറിയിൽ ഒരു മണിക്കൂർ വിശ്രമിച്ച ശേഷം ആലീസുമൊത്ത് പുറത്ത് പായി. അതിസുന്ദരമായ നാടാണ്. വിനോദ സഞ്ചാരികൾ ഒരു സ്വർഗ്ഗത്തിലെത്തിയ പോലെ ആഹ്ലാദഭരിതരായി ചുറ്റി നടക്കുന്നു. യുവമിഥുനങ്ങൾ കൈയ്മെയ് ചേർന്ന് സന്തോഷം പങ്കിടുന്നു. അതെല്ലാം കണ്ടപ്പോൾ നികിതയ്ക്ക് അഭിയെ ഒരുപാട് മിസ് ചെയ്യുന്നതായി തോന്നി.

സ്‌ഥലത്തെക്കുറിച്ചുള്ള യാത്രികരുടെ അഭിപ്രായങ്ങൾ ഡയറിയിൽ കുറിച്ചിട്ട ശേഷം അവർ അവിടത്തെ വിഖ്യാതമായ മാർക്കറ്റിലേക്ക് തിരിച്ചു. പഴയ സാമഗ്രികൾ വാങ്ങാൻ കിട്ടുന്ന ഒരു പ്രത്യേക മാർക്കറ്റ് ആണത്. നികിത അവിടെ നിന്ന് റിപ്പോർട്ട് ചെയ്യുകയായിരുന്നു.

ഗൈഡ് ആലീസ് അവിടെ കണ്ട ഒരു വലിയ ക്ലോക്കിൽ ആകർഷിതയായി. ക്ലോക്ക് കയ്യിലെടുത്ത് വിശദമായി നോക്കുമ്പോൾ അടുത്ത് കിടന്ന സോഫയിൽ കാൽമുട്ടി ബാലൻസ് തെറ്റി വീണു. ഒപ്പം കയ്യിലിരുന്ന ഭാരമുള്ള ക്ലോക്കിന്‍റെ ഒരു കൂർത്ത ഭാഗം തുളച്ചു കയറി. നികിത ഞെട്ടിത്തരിച്ചു പോയി. അന്യനാട്ടിലാണ് എന്തു ചെയ്യും? ആലീസിന്‍റെ അവസ്‌ഥ കണ്ട് അവിടെ ഉണ്ടായിരുന്നവർ ആംബുലൻസ് വിളിച്ചു വരുത്തി. ആശുപത്രിയിൽ ഓപ്പറേഷൻ തീയറ്ററിൽ പ്രവേശിപ്പിച്ച ശേഷം നികിത പബ്ലിഷിംഗ് ഹൗസിൽ വിളിച്ച് ആലീസിന്‍റെ ഭർത്താവിന്‍റെ നമ്പർ സംഘടിപ്പിച്ചു. അയാൾക്ക് വിവരം നൽകിയ ശേഷം ആശുപത്രിയിൽ തന്നെ കാത്തു നിന്നു. ആലീസിന്‍റെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിയ ശേഷമാണ് നികിത അവിടെ നിന്നു പുറത്തേക്കിറങ്ങിയത്. റൂമിലേക്ക് പോകുന്നതിനു മുമ്പ് അവൾ അഭിനവിനെ വിളിച്ച് കാര്യം പറഞ്ഞു. കേട്ട മാത്രയിൽ അഭി, വരാമെന്നു പറയുകയും ചെയ്‌തു.

“അയ്യോ ഞാൻ എന്‍റെ വർക്ക് ഫിനിഷ് ചെയ്‌ത് എത്തിക്കോളാം. എന്നെക്കുറിച്ച് ഭയം വേണ്ട” ഇത്രയും ദൂരം അഭി യാത്ര ചെയ്‌ത് എത്തണമല്ലോ എന്നാലോചിച്ചപ്പോൾ അവൾ നിരുത്സാഹപ്പെടുത്തി.

“ഇല്ല നിക്കി, നിനക്ക് ഒട്ടും പരിചയമില്ലാത്ത സ്‌ഥലം. പുതിയ ഗൈഡിനെ കിട്ടിയിട്ടുമില്ലല്ലോ…”

“അഭിയ്ക്ക് പാരീസിൽ വർക്കുണ്ടാവുമല്ലോ. പിന്നെങ്ങനെ? എനിക്ക് ഇവിടെ പേടിയൊന്നുമില്ല.”

“അതേ പേടി നിനക്കല്ല, എനിക്കാണെടോ… നിങ്ങൾ ആശുപത്രിയിൽ ആണെന്നു പറഞ്ഞപ്പോഴേ എന്‍റെ മനസിൽ 2016 ലെ ടെററിസ്റ്റ് ആക്രമണമൊക്കെയാണ് മനസ്സിലേക്ക് വന്നത്. നീ ഇനി ഒന്നും പറയണ്ട. ഞാൻ വരുന്നു.”

നികിത മറുത്തൊന്നും പറഞ്ഞില്ല. സത്യത്തിൽ അഭി കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് പലവട്ടം മനസിൽ വന്നതാണ്. ഇപ്പോൾ ആലീസ് ആശുപത്രിയിലായ ശേഷം അപരിചിതമായ ഈ നാട്ടിൽ വലിയ ഒറ്റപ്പെടൽ അനുഭവപ്പെടുന്നു.

താമസിച്ചിരുന്ന ഹോട്ടലിലേക്ക് കുറച്ചധികം ദൂരം ഉണ്ടായിരുന്നു. ഭാഷാപ്രശ്നമൊക്കെ ഉണ്ടെങ്കിലും ധൈര്യം സംഭരിച്ച് നികിത അങ്ങോട്ട് യാത്ര പുറപ്പെട്ടു. ഹോട്ടലിലെത്തിയ പാടേ അഭിയുടെ ഫോൺ വന്നു. ഫ്ളൈറ്റ് ടിക്കറ്റിലാത്തതിനാൽ ട്രെയിനാണ് വരുന്നത്. 7 മണിക്കൂർ യാത്രയുണ്ട്. രാത്രിയാവുമ്പോൾ എത്തും.

പരിചയമില്ലാത്ത സ്‌ഥലമായതിനാൽ നികിത. കൂടെകൂടെ അഭിയെ ഫോണിൽ വിളിച്ചു കൊണ്ടിരുന്നു. അവൾക്ക് അഭി വരുന്ന എന്ന ചിന്ത വലിയ ഊർജ്ജമാണ് നൽകിയത്.

രാത്രിയിൽ അഭി എത്തുമ്പോൾ എന്തെങ്കിലും പ്രയാസം നേരിടുമോ എന്ന ചിന്ത അവളെ അലട്ടി. അതേക്കുറിച്ച് കൂടെക്കൂടെ അയാളോട് പറഞ്ഞു കൊണ്ടിരുന്നു. നികിതയുടെ ഭയം മനസിലാക്കി അയാൾ വിഷയം മാറി.

“നീ ടെൻഷനാവാതെ, ഈ ട്രെയിനിൽ ഒരുപാട് യാത്രക്കാരുണ്ട്. പ്രത്യേകിച്ചും എനിക്കൊപ്പം അതിസുന്ദരിയായ ഒരു ലേഡിയുണ്ട്. നിനക്കറിയാലോ ഫ്രാൻസിലെ പെണ്ണുങ്ങളുടെ സൗന്ദര്യത്തെ കുറിച്ച്. ഞാൻ ഇവരോടൊക്കെ സംസാരിച്ചിരിക്കട്ടെ…” അഭി തമാശയായി അവളോട് ഇങ്ങനെ പറഞ്ഞപ്പോൾ നികിത ഓകെ പറഞ്ഞ് ഫോൺ കട്ട് ചെയ്‌തു.

അഭി, മറ്റൊരു സ്ത്രീയോട് സംസാരിക്കുന്നു എന്നു കേട്ടപ്പോൾ സ്ത്രീ സഹജമായ കുശുമ്പ് നികിതയിൽ ഉടലെടുത്തു. അതോർത്തപ്പോൾ അവൾ ഒട്ടൊന്ന് അദ്ഭുതപ്പെട്ടു. അഭി വന്ന ശേഷം രാജീവ് അങ്കിളിൽ നിന്നുണ്ടായ ദുരനുഭവത്തെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. അഭി അടുത്തു വരുമ്പോൾ, ആ ഓർമ്മകളൊന്നുമില്ല.

അഭി ഒന്നു വന്നെങ്കിൽ എന്നു മാത്രമാണ് ഇപ്പോൾ ഉള്ളിലുള്ള ചിന്ത. ഉറങ്ങാൻ പോലും കഴിയുന്നില്ല. അഭിയുടെ സാമീപ്യത്തിനായി തന്‍റെ മനസ് മാത്രമല്ല, ശരീരവും ദാഹിക്കുന്നു.

രാത്രി ഒരു മണിയായപ്പോഴാണ് അഭി ഹോട്ടലിലെത്തിയത്. പിങ്ക് നിറത്തിലുള്ള നിശാവസ്ത്രം ധരിച്ച് പ്രേമം നിറഞ്ഞ മുഖത്തോടെ മുറി തുറന്ന നികിതയെ കണ്ട് അഭിയ്ക്ക് ആഹ്ലാദമൊതുക്കാനായില്ല. അയാൾ ബാഗ് ഒരു വശത്ത് ഒതുക്കി വച്ചിട്ട്, അവളെ മെല്ലെ ചേർത്തു പിടിച്ചു. “പേടിച്ചു പോയോ… പൊന്നേ!” അയാൾ കളിയായും കാര്യമായും ചോദിച്ചപ്പോൾ അവൾ ചിരിയോടെ ചേർന്നു നിന്നു.

“ഞാൻ ഡ്രസ് മാറി വരാം. ഫുഡ് കഴിക്കണോ?” ഫുഡ് നമുക്ക് മുറിയിലേക്ക് വരുത്താം. ഇനി പുറത്തേക്ക് പോകണ്ട. അത്രയും സമയം ഈ മുറിയിൽ നമുക്ക് മാത്രമായിട്ട് ഇരിക്കാമല്ലോ.”

അഭി, ഫ്രഷ് ആവാൻ വാഷ്റൂമിൽ കയറിയപ്പോൾ, നികിത റിസപ്ഷനിൽ വിളിച്ച് ഫുഡ് ഓർഡർ ചെയ്‌തു. അഭി കുളിച്ചു വന്ന ശേഷം രണ്ടുപേരും കൂടി കോഫിയും ഒനിയൻ ടാർട്ടും കഴിച്ചു. നികിതയോട് തന്‍റെ മനസ് തുറക്കാൻ അഭിനവ് ആഗ്രഹിച്ചു.

“നിക്കി, നിനക്കറിയോ, ഞാൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നില്ല.” അതുകേട്ട് അവിശ്വസനീയതോടെ നികിത അഭിയെ നോക്കി.

“അതെന്താ?”

സോണിയയുടെ പേരിൽ ഓഫീസിൽ താൻ നേരിട്ട ആരോപണങ്ങളും പ്രശ്നങ്ങളും എങ്ങനെ തന്നെയൊരു സ്ത്രീ വിരോധിയാക്കിത്തീർത്തു, ഇടറിയ കണ്ഠത്തോടെ വെളിപ്പെടുത്തുമ്പോൾ, നികിത, സ്വന്തം ജീവിതത്തിന്‍റെ ഏടുകളിലൂടെ സഞ്ചരിക്കുകയായിരുന്നു.

“അഭി, എന്ന പുരുഷനെ മനസിലാക്കാൻ അവന്‍റെ കണ്ണുകൾ മാത്രം മതി നിങ്ങളുടെ കണ്ണുകളിൽ ഞാൻ കണ്ടത് നല്ലൊരു വ്യക്‌തിത്വമാണ്. വിവാഹം കഴിഞ്ഞ് ഇത്ര ദിവസമായിട്ടും, എന്‍റെ ഇഷ്ടമില്ലാതെ എന്നെ ഒന്നു സ്പർശിക്കാൻ പോലും ശ്രമിച്ചിട്ടില്ല എന്നതും എനിക്ക് ആ വിശ്വാസം വർദ്ധിപ്പിച്ചു.”

“ഈ വിശ്വാസം അതാണ്?എനിക്ക് ഏറ്റവും പ്രധാനം. നിന്‍റെ ഈ വാക്കുകൾ തന്നെയാണ് എന്‍റെ മനസിനേറ്റ മുറിവിന്‍റെ മരുന്ന്.”

“അഭി, ഞാനും ചില കാര്യങ്ങൾ തുറന്നു പറയാൻ ആഗ്രഹിക്കുന്നു. എനിക്കും വിവാഹ ജീവിതം താൽപര്യമില്ലായിരുന്നു.” ഇത്രയും പറഞ്ഞിട്ട് നികിത അസ്വസ്ഥമായ മുഖം മറച്ചു പിടിക്കാൻ ശ്രമിച്ചു.

“എനിക്ക് എല്ലാമറിയാം നിക്കി. നീ ഒന്നും പറയണ്ട.”

“എങ്ങനെ? നികിത അമ്പരന്ന് അയാളെ നോക്കി.

“നിന്‍റെ കൂട്ടുകാരി ആരീഫയുടെ സഹോദരൻ ഹാഷിം എന്‍റെ ഫ്രണ്ട് ആണ്. അവൻ എന്നോട് സഹോദരിയുടെ കൂട്ടുകാരിയ്ക്ക് സംഭവിച്ച ദുരനുഭവം സൂചിപ്പിച്ചിരുന്നു. ഒരു ജോലിക്കാര്യം അന്വേഷിച്ചാണ് അവൻ എന്‍റെ അടുത്തു വന്നത്. എത്രയും വേഗം ആ പെൺകുട്ടിയ്ക്ക് ഒരു ജോലി ശരിയാക്കാനായിരുന്നു അന്ന് അവൻ ഓടി നടന്നത്. അതിനിടയിൽ എപ്പോഴോ ആരീഫയ്ക്കൊപ്പം ഹാഷിമിനെ കാണാൻ ഓഫീസിൽ വന്നപ്പോൾ ഞാൻ നിന്നെ കണ്ടിട്ടുണ്ട്.

രണ്ടു വർഷം കഴിഞ്ഞ് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പെണ്ണു കാണാൻ വന്നപ്പോൾ ഞാൻ പെട്ടെന്ന് നിന്നെ തിരിച്ചറിഞ്ഞു. നിന്നെ കണ്ടപ്പോൾ എനിക്കു മനസ്സിലായി. നീ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന്. പക്ഷേ രണ്ടു ദിവസത്തിനകം നിന്‍റെ സമ്മതം വന്നപ്പോൾ ഞാൻ പിന്നെ ഒന്നും ചിന്തിച്ചില്ല. യെസ് എന്നു പറയുകയായിരുന്നു. എന്തായാലും ഈ ദുരനുഭവത്തിന്‍റെ ഓർമ്മ പോലും ഇനി മനസിൽ വയ്ക്കണ്ട.” അയാൾ അത്രയും പറഞ്ഞിട്ട് നികിതയുടെ കൈ പിടിച്ച് കിടക്കയിൽ തന്നോട് ചേർത്തിരുത്തി. അവളാഗ്രഹിച്ച നിമിഷങ്ങൾ ആയിരുന്നു അത്. ശരീരവും മനസും പ്രണയാഗ്നിയിൽ ഉരുകുന്നത് അവർ രണ്ടുപേരും തിരിച്ചറിഞ്ഞു. പുലർച്ചെ മൂന്നുമണിയായിട്ടും അവർക്ക് ഉറങ്ങാൻ തോന്നിയില്ല.

അഭിയുടെ കണ്ണുകളിൽ നിദ്രയുടെ ലാഞ്‌ജന പോലുമില്ല. പ്രണയഭരിതമായ ആ കണ്ണുകൾ നികിതയുടെ ഹൃദയത്തിന്‍റെ ആഴങ്ങളിലേക്കിറങ്ങി ചെന്നിരിക്കുന്നു. ഒരു നിമിഷം പോലും ഇനി അകന്നിരിക്കാൻ കഴിയാത്ത പോലെ രണ്ടുപേരും ബന്ധത്തിലായി കഴിഞ്ഞു.

“നിക്കി, നീ ഫ്രാൻസിൽ വന്നത് എഴുതാനല്ലേ? ശരിക്കും നീ ഫ്രഞ്ച് കിസിനെ കുറിച്ചാണ് നാളെ എഴുതേണ്ടത്.” അഭി, കള്ളച്ചിരിയോടെ അവളെ ചേർത്തു പിടിച്ചു.

“ഫ്രഞ്ച് കിസ്? എനിക്കറിയില്ലല്ലോ… അതെന്താണ്?” നികിതയും ഇളം നാണത്തോടെ പൊട്ടിച്ചിരിച്ചു.

“ശരി എന്നാൽ ഇപ്പോൾ പറഞ്ഞു തരാം. അഭി അവളെ വീണ്ടും ചേർത്തു പിടിച്ചു. ചുണ്ടുകളിലേക്ക് തന്‍റെ ചുണ്ടുകൊരുത്തു.

और कहानियां पढ़ने के लिए क्लिक करें...