സ്ത്രീകളിൽ വജൈനൽ ഇൻഫെക്ഷൻ സാധാരണ കണ്ടുവരുന്ന ഒരു രോഗമാണ്. ശരാശരി 70 ശതമാനം സ്ത്രീകൾക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും വജൈനൽ അണുബാധ ഉണ്ടായിട്ടുണ്ടാകാനിടയുണ്ട്. ഇതുകൊണ്ട് ഉണ്ടാകുന്ന അസ്വസ്ഥത കൂടുതലോ കുറവോ എന്നതിലുപരി ഇത്തരം അണുബാധകൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ഇൻഫെക്ഷൻ ഗർഭാശയം, സർവ്വിക്കൽ, തുടങ്ങി ജനനേന്ദ്രിയ ഭാഗങ്ങളെ കൂടുതൽ ബാധിച്ചാൽ കാൻസർ വരാനുള്ള സാദ്ധ്യത കൂടുതലാണ്. ഡൽഹി മുൽചന്ദ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.മിതാ വർമ്മ പറയുന്നത് കേൾക്കാം.

ഏതെല്ലാം തരത്തിലുള്ള വജൈനൽ ഇൻഫെക്ഷൻ ഉണ്ടാകാറുണ്ട്? കാരണം എന്താണ്?

ബാക്ടീരിയൽ, ഫംഗൽ അതല്ലെങ്കിൽ രണ്ടും കൂടിയായി അണുബാധ ഉണ്ടാവാ റുണ്ട്. യോനിയിൽ നല്ല ബാക്ടീരിയകളുണ്ട്. അവയെ ഫ്ളോറാസ് എന്നാണ് വിളിക്കുക. ഈ ബാക്ടീരിയകളാണ് വജൈനൽ ഏരിയയ്ക്ക് മോയ്സ്ചുറൈസിംഗ് അഥവാ ഈർപ്പം നൽകുന്നത്. യോനി ഭാഗത്ത് ഈർപ്പം ആവശ്യമാണ്. സാധാരണ ഈ ബാക്ടീരിയയെ ഹെൽത്തി ആന്‍റ് ഫ്രണ്ട് ലി  ബാക്ടീരിയ എന്നാണ് വിളിക്കുന്നത്. വജൈനയുടെ പിഎച്ച് ബാലൻസ് നിലനിർത്തുന്നത് ഈ ബാക്ടീരിയയാണ്. ഈ ബാക്ടീരിയകൾക്ക് ഏതെങ്കിലും തരത്തിലുള്ള പ്രയാസം നേരിടുമ്പോഴാണ് വജൈനൽ ഇൻഫെക്ഷൻ ആയി മാറുന്നത്. യോനിയുടെ പിഎച്ച് സന്തുലനം നഷ്ടമാകുന്നതോടെ വജൈന പലതരം ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും. ഇതിനെയാണ് നമ്മൾ ഇൻഫെക്ഷൻ എന്നു വിളിക്കുന്നത്. ചൊറിച്ചിൽ, പുകച്ചിൽ, ഡിസ്ചാർജ് കൂടുക, ഡ്രൈനസ്, റെഡ്നസ് തുടങ്ങി പല ലക്ഷണങ്ങളും ഉണ്ടാകാം.

വജൈനൽ അണുബാധ ഉണ്ടാകുന്നത് ഏതു പ്രായക്കാരെയാണ്?

ഇത് ഏതു പ്രായക്കാരിലും ഉണ്ടാകാം. എന്നാൽ പൊതുവേ ചെറിയ പ്രായത്തിലുള്ള സ്ത്രീകളിലാണ് കൂടുതലായും കണ്ടുവരുന്നത്. ആർത്തവ വിരാമം വന്നതിനുശേഷം വജൈനൽ ഇൻഫെക്ഷൻ കുറയുന്നതായിട്ടാണ് കണ്ടുവരുന്നത്. എന്നാൽ പ്രതേിരോധശേഷി കുറയുന്നതിനാൽ ഇൻഫെക്ഷൻ വന്നാൽ കൂടെ കൂടെ ഉണ്ടാകാനും സാദ്ധ്യത ഉണ്ട്. പ്രമേഹരോഗമുണ്ടെങ്കിലും പ്രതിരോധ ശേഷി കുറയും. ഇൻഫെക്ഷൻ പിടിപെടാം.

വജൈനൽ ഇൻഫെക്ഷൻ കൊണ്ടുണ്ടാകുന്ന പ്രയാസങ്ങൾ എന്തൊക്കെയാണ്?

വേദന, വരൾച്ച, ചൊറിച്ചിൽ, പുകച്ചിൽ ഇവയൊക്കെ വജൈനൽ ഭാഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാൽ സദാസമയം അസ്വസ്ഥത തോന്നാം. ഗർഭാശയമുഖത്തുനിന്ന് അണുബാധ അകത്തേക്ക് പ്രവേശിക്കുമ്പോഴാണ് യോനിയിൽ വരൾച്ച അനുഭവപ്പെടുന്നത്. ഇങ്ങനെ വരുമ്പോൾ മൂത്രനാളിയും അണ്ഡവാഹിനിക്കുഴലും അടയുകയും ചെയ്യും. ഇതിനെ പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസ് എന്നാണ് വിളിക്കുക. അണ്ഡവാഹിനിക്കുഴലിനെയും അണുബാധ പിടികൂടുന്നതോടെ റിപ്രോഡക്ടീവ് സിസ്റ്റം പൂർണ്ണമായും തകരാറിലാവും. ഇങ്ങനെ സംഭവിക്കുമ്പോൾ ഗർഭധാരണ സാദ്ധ്യതയും കുറയുന്നു. തുടർന്ന് ഗർഭാശയത്തിലേക്കും അണുബാധ പടരുന്നു. ഇങ്ങനെ കുറേ ദിവസങ്ങൾ ഇൻഫെക്ഷൻ തുടർന്നാൽ ഗർഭാശയമുഖത്ത് കോശങ്ങൾ നശിക്കുകയും കാൻസർ വരാനുള്ള സാദ്ധ്യത വർദ്ധിക്കുകയും ചെയ്യുന്നു. ഭാരതത്തിൽ ഏറ്റവും മരണ നിരക്കുള്ള കാൻസറിൽ ഗർഭാശയ കാൻസറിന് രണ്ടാം സ്ഥാനമാണെന്നറിയുക.

വജൈനൽ ഇൻഫെക്ഷനും അടിവസ്ത്രങ്ങളുടെ ഉപയോഗവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

ഇന്‍റിമേറ്റ് ഏരിയ വൃത്തിയായിരിക്കാൻ സഹായിക്കുന്ന തരത്തിലുള്ള അടിവസ്ത്രങ്ങൾ ധരിക്കേണ്ടത് പ്രധാനമാണ്. സ്വകാര്യഭാഗങ്ങൾ വൃത്തിയോടെ സൂക്ഷിക്കേണ്ടതും അനിവാര്യമാണ്. അടിവസ്ത്രം കോട്ടൺ മെറ്റീരിയലിന്‍റെ ആവുന്നതാണ് നല്ലത്. വാഷ് റൂം പോകുന്ന വേളയിലെല്ലാം വെള്ളം ഉപയോഗിച്ച് സ്വകാര്യഭാഗം വൃത്തിയാക്കുക. തുടർന്ന് അവിടെ നനവില്ലാത്ത വിധം സൂക്ഷിക്കുക. ഇങ്ങനെ ചെയ്താൽ ഫംഗൽ ഇൻഫെക്ഷൻ ഉണ്ടാവില്ല.

വെള്ളം കുടിക്കുന്നത് കുറഞ്ഞാൽ വജൈനൽ അണുബാധ ഉണ്ടാകുമോ?

വെള്ളം കുടിക്കാത്തതുകൊണ്ട് വജൈനൽ ഇൻഫെക്ഷൻ ഉണ്ടാവില്ല. എന്നാൽ യൂറിൻ ബേണിംഗ് ഉണ്ടാകാം. മൂത്രമൊഴിക്കുമ്പോൾ തടസ്സവും വേദനയും അനുഭവപ്പെടുന്നുണ്ടെങ്കിൽ വെള്ളം കുടിക്കുന്നതിലെ കുറവുകൊണ്ടാണെന്ന് കരുതാം.

ഭക്ഷണശീലവും വജൈനൽ ഇൻഫെക്ഷനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

തീർച്ചയായും, മധുരം കൂടുതലടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നതെങ്കിൽ ശരീരം അസിഡിക് ആവുന്നു. അതിന്‍റെ പ്രഭാവം ശരീരത്തിലുടനീളം ഉണ്ടാവുന്നു. വജൈനയിൽ പുകയുന്നതുപോലുള്ള അവസ്ഥ ഇങ്ങനെ ഉണ്ടാകാം. പുളിച്ച ഭക്ഷണങ്ങൾ അഥവാ ഫെർമെന്‍റഡ് ഭക്ഷണം കഴിച്ചാൽ ശരീരത്തിന്‍റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നു. അതുപോലെ മഴക്കാലത്ത് വേവിക്കാത്ത ഭക്ഷണം കഴിക്കുന്നതും നല്ലതല്ല. ഇതുകൊണ്ടൊക്കെ വജൈനൽ ഇൻഫെക്ഷൻ വർദ്ധിക്കാം. ഡീപ് ഫ്രൈ ചെയ്തതും, റോസ്റ്റ് ചെയ്തതുമായ ഭക്ഷണങ്ങളും അണുബാധ ഉള്ളപ്പോൾ നല്ലതല്ല.

നവവിവാഹിതരായ സ്ത്രീകൾക്ക് യൂറിനറി ഇൻഫെക്ഷൻ വരാൻ കാരണമെന്താണ്?

വിവാഹത്തിന്‍റെ തുടക്കത്തിൽ അവരുടെ സെക്സ് ലൈഫ് വളരെ ആക്ടീവാകുന്നു. മാത്രമല്ല കൂടുതൽ പ്രാവശ്യം സെക്സിൽ ഏർപ്പെടുകയും ചെയ്യുന്നു. ഇതേത്തുടർന്ന് വജൈനൽ ഏരിയയിൽ സമ്മർദ്ദം കൂടുന്നതിനാൽ കൂടുതൽ മൃദുലമാകുന്നു. ഇവിടെ ചുവന്നു തടിക്കാനും സാദ്ധ്യതയുണ്ട്. ഗർഭാശയത്തോട് ചേർന്നാണ് മൂത്രസഞ്ചി സ്ഥിതി ചെയ്യുന്നത്. അതിനാൽ അവിടെയും സമ്മർദ്ദം സംഭവിച്ച് കൂടെക്കൂടെ മൂത്രമൊഴിക്കാനുള്ള പ്രവണത ഉണ്ടായേക്കാം. മൂത്രം പരിശോധിച്ചിട്ട് അണുബാധ കാണുന്നില്ല, എന്നാൽ ലക്ഷണങ്ങൾ ഉണ്ട് എങ്കിൽ ഹണിമൂൺ സിസ്റ്റയ്സിസ് എന്ന അവസ്ഥ ആണ് എന്ന് ഉറപ്പിക്കാം. മാത്രമല്ല, ഈ സമയത്ത് നല്ല ഭക്ഷണം കഴിക്കേണ്ടത് വളരെ അനിവാര്യമാണ്.

സെക്സിലേർപ്പെടുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ശുചിത്വം വളരെ പ്രധാനപ്പെട്ട സംഗതിയാണ്. രണ്ടു പങ്കാളികളും സ്വകാര്യഭാഗങ്ങൾ ശുചിത്വത്തോടെ സൂക്ഷിക്കുക. അസാധരാണമായ പോസ്ച്ചറുകളും അസ്വാഭാവിക സെക്സും ഒഴിവാക്കുക.

വജൈനൽ ഇൻഫെക്ഷൻ ഇല്ലാതിരിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം?

ഇന്‍റിമേറ്റ് ഏരിയ ഹൈജീനിക് ആയി സൂക്ഷിക്കുക. അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. അണുബാധ ഇല്ലാതിരിക്കാൻ വായുസഞ്ചാരം ആവശ്യമാണ്. വായുസഞ്ചാരം കൃത്യമാകുന്നതിനായി രാത്രിയിൽ നൈറ്റി പോലുള്ള അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. ബാത്ത് ടബ് ഉപയോഗിക്കുന്നതിന് പകരം ഷവർ ബാത്ത് ഉപയോഗിക്കുക. ബാത്ത് ടബിലെ കുളി കൊണ്ട് വജൈനൽ ഇൻഫെക്ഷൻ സംഭവിക്കാം. ബാത്ത് ടബിൽ ഇടുന്ന ജെൽ യോനിയ്ക്ക് അസ്വസ്ഥത സൃഷ്ടിക്കാം. നോർമൽ ഷവർ ആണ് നല്ല രീതി.

വിപണിയിൽ ധാരാളം വജൈനൽ വാഷുകൾ ലഭ്യമാണ്. പക്ഷേ അതൊന്നും ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. യോനിയുടെ പിഎച്ച് ബാലൻസ് പ്രകൃതിദത്തമായി സംഭവിക്കേണ്ടതാണ്. വജൈനൽ വാഷുകൾ കെമിക്കലുകളാണ്. അവ ഒഴിവാക്കുക. ഉപയോഗിക്കുന്നുണ്ടെങ്കിൽ തന്നെ നിത്യവും ഉപയോഗിക്കാതിരിക്കുക. പാന്‍റി ലൈനേഴ്സ് സ്ഥിരമായി ഉപയോഗിക്കുന്നതും നല്ലതല്ല. യോനിയുടെ സ്വാഭാവികമായ ഈർപ്പം, പാന്‍റി ലൈനേഴ്സ് ആഗിരണം ചെയ്യും. ഇതും നല്ലതല്ല. ഡ്രൈ ഫീൽ കിട്ടാൻ വേണ്ടി പാഡ്സ് വയ്ക്കുന്നതും ഒഴിവാക്കണം. യോനിയുടെ ഉൾഭാഗം വരണ്ടു പോകുമെന്നു മാത്രമല്ല സ്കിന്നിൽ ഉരസി നിറം മാറാനും സാദ്ധ്യതയുണ്ട്. അതോടെ ഇൻഫെക്ഷൻ സാദ്ധ്യത വർദ്ധിക്കുന്നു. വജൈനൽ ഏരിയയിലെ മോയിസ്ചുറൈസിംഗ് നിലനിർത്താൻ കോട്ടൻ പാഡുകൾ ഉപയോഗിക്കാവുന്നതാണ്. തിരക്കുമൂലം പാഡ് നീക്കം ചെയ്യാതിരിക്കുന്നതും ഇൻഫെക്ഷൻ ഉണ്ടാക്കുമെന്നും മറക്കാതിരിക്കുക.

വൈറ്റ് ഡിസ്ചാർജ് ഉണ്ടാകുന്നത് എന്തുകൊണ്ടാണ്?

സാധാരണ നിലയിൽ കൊഴുത്ത ഒരു ദ്രാവകം ഡിസ്ചാർജ് ആയി കാണപ്പെടാറുണ്ട്. ഇതിനെ ഓവുലേറ്ററി ഡിസ്ചാർജ് എന്നാണ് വിളിക്കുന്നത്. അണ്ഡോൽപാദനത്തിന്‍റെ ലക്ഷണമാണിത്. ഇത് സ്വാഭാവികമാണ്. എന്നാൽ ക്രമാതീതമായ ഡിസ്ചാർജ് നിറം മാറിയോ ദുർഗന്ധത്തോടെയോ വരികയാണെങ്കിൽ ഡോക്ടറെ കാണുക. വജൈനൽ ഇൻഫെക്ഷൻ ആണ് കാരണം.

കൂടെക്കൂടെ വജൈനൽ ഇൻഫെക്ഷൻ വരുന്നതിന് എന്താണ് പ്രതിവിധി?

അടുപ്പിച്ച് വജൈനൽ ഇൻഫെക്ഷൻ ഉണ്ടാവുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന അനിവാര്യമാണ്. വച്ചു വൈകിപ്പിക്കരുത്. ആദ്യം സൂചിപ്പിച്ചതുപോലെ അണ്ഡവാഹിനിക്കുഴൽ അടഞ്ഞുപോകാനിടയുണ്ട്. പ്രജനനാവയവങ്ങൾക്ക് എല്ലാം അണുബാധയേറ്റാൽ തുടർച്ചയായി അണുബാധയുടെ ലക്ഷണം ഉണ്ടായിക്കൊണ്ടിരിക്കും.

അണുബാധയ്ക്ക് ഗൃഹവൈദ്യം ഉപയോഗിക്കുന്നത് നല്ലതാണോ?

രോഗാവസ്ഥകൾ നേരിടാൻ വേണ്ടി ആയുർവ്വേദത്തിൽ പല കാര്യങ്ങളും പറയുന്നുണ്ടാകും. അതിനാൽ പലതരത്തിൽ ആളുകൾ ഈ അവസ്ഥയെ തരണം ചെയ്യാൻ ഉപയോഗിക്കുന്നുണ്ടാകാം. അതൊന്നും എനിക്ക് നല്ലതോ ചീത്തയോ എന്ന് വ്യക്‌തമാക്കാൻ കഴിയുന്നതല്ല.

അണുബാധ ഉള്ളപ്പോൾ സെക്സ് ചെയ്താൽ പങ്കാളിയെ ബാധിക്കുമോ?

തീർച്ചയായും. അങ്ങോട്ടും ഇങ്ങോട്ടും ഇതിനുള്ള സാദ്ധ്യത കൂടുതലാണ്. അതിനാൽ രണ്ടുപേരും ചികിത്സ തേടുന്നതും നല്ലതാണ്.

– ഡോ.മിതാ വർമ്മ, ഗൈനക്കോളജിസ്റ്റ് മുൽചന്ദ് ഹോസ്പിറ്റൽ, ഡൽഹി

और कहानियां पढ़ने के लिए क्लिक करें...