ഐ ലൈനറിനും ഐ ഷാഡോയ്ക്കും പുറമെ മിഴിയിണകൾക്ക് ഭംഗി പകരാൻ യെല്ലോ, ഗ്രീൻ, ബ്ലൂ, പിങ്ക് തുടങ്ങി വിവിധ ഷെയ്ഡുകളിലായി മസ്ക്കാരകളുടെ ഒരു കളക്ഷൻ തന്നെയുണ്ട്. പതിവായി ബ്ലാക്ക്, ട്രാൻസ്പേരന്‍റ് ഷെയ്ഡിലുള്ള മസ്ക്കാരയിട്ട് മടുത്തവർക്ക് കളർഫുൾ മസ്‌ക്കാര ട്രൈ ചെയ്‌ത് നോക്കാം. കളർഫുൾ ഷെയിഡുകൾ കണ്ണുകൾക്ക് വലിപ്പം തോന്നിക്കാനും ബ്രൈറ്റ് ലുക്ക് പകരാനും സഹായിക്കും. ബ്ലാക്ക് മസ്ക്കാരയെ അപേക്ഷിച്ച് കണ്ണുകളെ ഇത് ഒന്നു കൂടി സുന്ദരമാക്കും. മസ്ക്കാര തെരഞ്ഞെടുക്കുമ്പോൾ സ്വന്തം സ്കിൻ ടോണിനനുസരിച്ചുള്ള മസ്ക്കാര തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കാം.
ബ്ലൂ മസ്ക്കാര
ഗ്രേ, ബ്രൗൺ അല്ലെങ്കിൽ ലൈറ്റ് ഗ്രീനിലുള്ള കണ്ണുകളാണെങ്കിൽ ബ്ലൂ ഷെയ്ഡിലുള്ള മസ്‌ക്കാര ബാഗിൽ കരുതാം. വിപണിയിൽ ബ്ലൂവിന്‍റെ വിവിധതരം ഷെയിഡുകളിലുള്ള മസ്‌ക്കാര ലഭ്യമാണ്. ഉദാ: റോയൽ ബ്ലൂ, നേവി ബ്ലൂ, സി ബ്ലൂ മുതലായവ. ബ്ലൂവിന്‍റെ ഇത്തരം ഷെയ്ഡുകൾ വെളുത്തവർക്ക് മാത്രമല്ല ഡാർക്ക്, മീഡിയം കോംപ്ലക്ഷനിലുള്ളവർക്കും ചേരും. ബ്ലൂ ഷെയിഡ് മസ്ക്കാര ഡേ പാർട്ടിക്കാണ് കൂടുതൽ ഇണങ്ങുക.
ഗ്രീൻ മസ്ക്കാര
ഡാർക്ക് ബ്രൗൺ ഷെയിഡിലുള്ള കണ്ണുകൾക്ക് ഗ്രീൻ ഷെയിഡിലുള്ള മസ്‌ക്കാര നന്നായി ഇണങ്ങും. സ്കിൻ ടോണിനനുസരിച്ച് ബ്ലൂവിനേ പോലെ തന്നെ ഗ്രീൻ ഷെയിഡ് എല്ലാ നിറക്കാർക്കും യോജിക്കും. ഗ്രീൻ മസ്ക്കാര ഹൈലൈറ്റ് ചെയ്ത് കാണണമെന്നുള്ളവർ ഗ്രീൻ മസ്ക്കാരയിടുമ്പോൾ അതിനൊപ്പം ഡാർക്ക് ഷെയിഡിലുള്ള ഐഷാഡോ അല്ലെങ്കിൽ ഐലൈനർ കൂടി പുരട്ടാൻ മറക്കരുത്. അല്ലെങ്കിൽ ഡാർക്ക് ഷെയിഡിന് മുന്നിൽ മസ്ക്കാരയ്ക്ക് മങ്ങിയ പ്രതീതിയാവും ഉണ്ടാവുക.
ബ്രൗൺ മസ്‌ക്കാര
ബ്ലാക്ക് മസ്ക്കാര ഉപയോഗിച്ച് ശീലിച്ചവർക്ക് കളർഫുൾ മസ്ക്കാരയിടാൻ മടി തോന്നുന്നുവെങ്കിൽ ബ്രൗൺ മസ്‌ക്കാരയിട്ട് തുടങ്ങാം. ബ്ലാക്ക് ഷെയ്ഡിനെ അപേക്ഷിച്ച് അൽപം ലൈറ്റാണിത്. ഇതിന് നാച്ചുറൽ ഇഫക്റ്റ് ഉണ്ടാകും. മീഡിയം, ഫെയർ കോംപ്ലക്ഷനിലുള്ള സ്ത്രീകൾക്കും ബ്രൗൺ കണ്ണുകൾ ഉള്ളവർക്കും ബ്രൗൺ ഷെയ്ഡിലുള്ള മസ്ക്കാര നന്നായി ഇണങ്ങും. ഡേ പാർട്ടിക്കും വിശേഷാവസരങ്ങളിലും ബ്രൗൺ മസ്ക്കാര ഇടാം. ഡേ ആന്‍റ് നൈറ്റിലും ഇത് ഉപയോഗിക്കാം.
ഗോൾഡൻ മസ്‌ക്കാര
നൈറ്റ് പാർട്ടി പോലുള്ള അവസരങ്ങളിൽ ഗ്രീൻ, ബ്ലൂ, പർപ്പിൾ തുടങ്ങിയ ഷെയ്ഡിലുള്ള മസ്ക്കാരയ്ക്ക് പകരം ഗോൾഡൻ ഷെയ്ഡിലുള്ള മസ്ക്കാര തെരഞ്ഞെടുക്കാം. ഇത് എല്ലാ കണ്ണുകൾക്കും ഇണങ്ങും. ഡാർക്ക് തുടങ്ങി മീഡിയം, ഫെയർ സ്കിൻ ടോണിലുള്ളവർക്കും ഗോൾഡൻ ഷെയിഡ് മസ്‌ക്കാര നന്നായി ഇണങ്ങും. പാർട്ടിയിലെ ആകർഷണ കേന്ദ്രമാകാൻ ഗോൾഡൻ ഷെയിഡ് മസ്‌ക്കാര വാനിറ്റി ബോക്‌സിൽ കരുതാം.
പർപ്പിൾ മസ്ക്കാര
ചെറിയ കണ്ണുകളുള്ളവർ വലിപ്പം തോന്നിക്കാൻ പർപ്പിൾ ഷെയിഡ് മസ്ക്കാര ടച്ച് ചെയ്യാം. ഗ്രീൻ, ബ്രൗൺ, ബ്ലൂ എന്നീ നിറങ്ങളിലുള്ള കണ്ണുകൾക്ക് ഇത് നന്നായി ഇണങ്ങും. പ്രത്യേകിച്ചും ഇതിന്‍റെ 3 ഷെയിഡുകള്‍ റോയൽ പർപ്പിൾ, പ്ലം, വയലറ്റ് എന്നിവ. സ്കിൻ ടോൺ ഡാർക്ക് ആയിട്ടുള്ളവർ പർപ്പിൾ ഷെയ്ഡിലുള്ള മസ്ക്കാര ടച്ച് ചെയ്യാം. ഫെയർ കോംപ്ലക്ഷനിലുള്ളവർക്ക് വയലറ്റ് ഷെയിഡും മീഡിയം കോംപ്ലക്ഷൻ ഉള്ളവർക്ക് പ്ലം ഷെയിഡും നന്നായി യോജിക്കും. നൈറ്റ് പാർട്ടിയെ അപേക്ഷിച്ച് ഡേ പാർട്ടിക്കാണ് പർപ്പിൾ ഷെയിഡ് മസ്‌ക്കാര നന്നായി യോജിക്കുക.