കുഞ്ഞ് അതിഥി പിറവി കൊള്ളുന്നതോടെ വീടാകെ ഉണരുകയാണ് ചെയ്യുക. കുഞ്ഞിച്ചിരികളും കൊഞ്ചലും കൊണ്ട് വീടിന്‍റെ അന്തരീക്ഷമാകെ മാറുന്നു. കുഞ്ഞിന്‍റെ വരവ് കുടുംബാംഗങ്ങളിലെല്ലാം നിറഞ്ഞ ഉത്സാഹവും സന്തോഷവും പകരുന്നു. കുഞ്ഞിന്‍റെ മാതാപിതാക്കൾക്കാകട്ടെ തങ്ങളുടെ ജീവിതത്തിൽ പുതിയ ഊർജ്ജം നിറഞ്ഞ പ്രതീതിയാണ് ഉണ്ടാകുക. കുഞ്ഞിന്‍റെ വരവിൽ തങ്ങളുടെ ജീവിതരീതി പൂർണ്ണമായും മാറും പോലെ. കുഞ്ഞിന്‍റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും നമ്മുടെ ദിനചര്യകളും മാറും. റൂട്ടീനിലുണ്ടാവുന്ന മാറ്റം അവരുടെ ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നു. ജീവിതത്തിലുണ്ടാകുന്ന ഈ പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ ചില ചിട്ടകൾ പാലിക്കുക.

ഭക്ഷണക്രമത്തിൽ അലസത

മുഴുവൻ ദിവസവും ശിശുസംരക്ഷണക്കാര്യത്തിൽ വ്യാപൃതരാവുന്നതിനാൽ മാതാപിതാക്കൾ ഭക്ഷണ കാര്യത്തിൽ വേണ്ട ശ്രദ്ധ നൽകാറില്ല. സമയമില്ലാത്തതിനാൽ കയ്യിൽ കിട്ടുന്നത് കഴിച്ച് വിശപ്പടക്കുകയാണ് ചെയ്യുക. ചിലപ്പോൾ ഫാസ്റ്റ് ഫുഡായിരിക്കും അവർ കഴിക്കുക. ഇത്തരം ഈറ്റിംഗ് ഹാബിറ്റ് തന്നെ പലതരം ശാരീരികാസ്വസ്ഥതകൾക്ക് കാരണമാകാം.

എങ്ങനെ ഭക്ഷണരീതി ക്രമീകരിക്കാം

ജീവിതത്തിൽ പുതുതായി എന്തെങ്കിലും സംഭവിച്ചാൽ മാറ്റം സ്വഭാവികമായും ഉണ്ടാവും. എന്നാൽ ആ മാറ്റത്തിനനുസരിച്ച് സ്വയം അഡ്ജസ്റ്റ് ചെയ്യേണ്ടി വരുന്നത് വെല്ലുവിളിയായിരിക്കും. നിങ്ങൾ തനിച്ചാണ് കഴിയുന്നതെങ്കിൽ ഭക്ഷണ സംബന്ധമായ ടൈംടേബിൾ തയ്യാറാക്കി അതിനനുസരിച്ച് ജീവിക്കാം. എന്നാൽ അതിൽ അനാരോഗ്യകരമായ ഭക്ഷണം ഉണ്ടാകാൻ പാടില്ല.

ബ്രേക്ക് ഫാസറ്റായി സ്പ്രൗട്ട്സ്, മുട്ട, ഏത്തപ്പഴം എന്നിവ കഴിക്കാം. ഇപ്രകാരം ലഞ്ചിൽ പരിപ്പ്, ചപ്പാത്തി, തൈര്, മോര് അല്ലെങ്കിൽ പുഴുങ്ങിയ കടല എന്നിവ ഉൾപ്പെടുത്താം. ഡിന്നറായി ഓട്സ് മുതലായവ ഉൾപ്പെടുത്താം. ഇവയൊക്കെയും ഹൈ ഫൈബർ റിച്ച് ഡയറ്റാണ്. ഇതിനിടെ വിശപ്പ് തോന്നുമ്പോൾ ഫ്രൂട്ട്സ്, കടല മുതലായവ കഴിക്കാം. വിശപ്പടക്കുന്നതിനൊപ്പം ഹെൽത്തിയുമായിരിക്കും അവ.

ഉറങ്ങാനുള്ള സമയക്കുറവ്

കുഞ്ഞ് ജനിക്കുന്നതോടെ പല മാതാപിതാക്കൾക്കും ശരിയാംവണ്ണം ഉറങ്ങാൻ കഴിയാറില്ല. കുഞ്ഞുങ്ങളുടെ ഉറക്ക ക്രമമനുസരിച്ച് മാതാപിതാക്കൾക്ക് ഉണരുകയും ഉറങ്ങുകയും ചെയ്യേണ്ടി വരും. അത് തളർച്ചയ്ക്കൊപ്പം മാനസികപിരിമുറുക്കവും സൃഷ്ടിക്കും. വ്യക്‌തി ജീവിതത്തെ മാത്രമല്ല പ്രൊഫഷണൽ ജീവിതത്തേയും അത് ബാധിക്കും.

എങ്ങനെ നേരിടാം

ഈ സാഹചര്യത്തിൽ മാതാപിതാക്കൾ ഒരുമിച്ച് ഉത്തരവാദിത്തങ്ങൾ നിറവേറ്റുകയാണ് വേണ്ടത്. വീട്ടിലായിരിക്കുമ്പോൾ ഭാര്യയും ഭർത്താവും ഒരുമിച്ച് വീട്ടുജോലികൾ ചെയ്‌ത് തീർക്കാം. കുഞ്ഞ് ഉറങ്ങുന്ന സമയത്ത് മാതാപിതാക്കൾക്ക് വേണ്ട വിശ്രമവും ലഭിക്കും. രാത്രിയിലും ഇപ്രകാരം മാനേജ് ചെയ്യുകയാണെങ്കിൽ റൂട്ടീൻ കുറേക്കൂടി സുഖകരമാവും.

ഇമോഷണൽ ബാലൻസ്

വർക്കിംഗ് കപ്പിൾ ആയിരുന്നപ്പോൾ ഇടവേളകളിൽ സമയം ചെലവഴിക്കാൻ രണ്ടുപേർക്കും വേണ്ടത്ര സമയം മുമ്പ് കിട്ടിയിരിക്കാം. എന്നാൽ കുഞ്ഞിന്‍റെ വരവോടെ ഇരുവരുടെയും തിരക്കുകളും ഏറുന്നു. പരസ്പരം സമയം ചെലവഴിക്കാൻ കഴിയാതെ വരുന്നു. പഴയ സന്തോഷകരമായ നിമിഷങ്ങൾ ഇല്ലാതെ വരുന്നു. ഇത്തരം സാഹചര്യങ്ങൾ ഇരുവർക്കുമിടയിലെ ഇമോഷണൽ അറ്റാച്ച്മെന്‍റിൽ കുറവ് വരുത്തും.

എങ്ങനെ നേരിടാം

മാതാപിതാക്കളായതിനാൽ പഴയതു പോലെ പരസ്പരം റൊമാന്‍റിക്കാവാൻ പാടില്ലാ എന്നൊന്നുമില്ല. പഴയതു പോലെ തന്നെ ഇരുവർക്കും സമയം ചെലവിടാം. കളിച്ചിരികൾ പറയാം. സിനിമ കാണാം. ഇടയ്ക്ക് ചെറിയ ഔട്ടിംഗുകൾക്ക് പോകാം. ഭർത്താവ് ഭാര്യയുടെയും ഭാര്യ ഭർത്താവിന്‍റെയും ഫീലിംഗുകൾ മനസിലാക്കുകയും ഉൾക്കൊള്ളുകയും വേണം.

ചിട്ടവട്ടങ്ങൾ ഇല്ലാതിരിക്കുക

എല്ലാത്തിനും ഒരു അടുക്കും ചിട്ടയും ഉണ്ടായിരിക്കുകയെന്നത് എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. ഉദാ: സമയത്ത് എഴുന്നേൽക്കുക, സമയത്ത് കഴിക്കുക, കൃത്യസമയത്ത് ഓഫീസിലെത്തുക, പതിവായി വ്യായാമം ചെയ്യുക എന്നിങ്ങനെ… എന്നാൽ കുഞ്ഞിന്‍റെ മാതാപിതാക്കളായതോടെ പഴയ ചിട്ടയിലേക്ക് വരാൻ കഴിയാത്തത് ഉള്ളിൽ അസ്വസ്ഥതകൾ സൃഷ്ടിക്കും.

എങ്ങനെ നേരിടാം

തുടക്കത്തിൽ 1-2 ആഴ്ച കുഞ്ഞിനെ പരിചരിക്കലും മറ്റ് കാര്യങ്ങളുമായി വളരെ തിരക്കുകളിലാവുന്നത് സ്വഭാവികമാണ്. എന്നാൽ പിന്നീട് കാര്യങ്ങൾ ഷെഡ്യൂളിലാക്കി ജീവിതത്തെ ചിട്ടപ്പെടുത്താം. ഉദാ: വ്യായാമം ചെയ്യാൻ പുറത്തു പോകാനാവുന്നില്ലെങ്കിൽ വീട്ടിൽ ചെയ്യാം ഡിന്നർ കൃത്യസമയത്ത് കഴിക്കാൻ പറ്റുന്നില്ലെങ്കിൽ കൃത്യസമയത്ത് കഴിക്കാനായി ഓട്സ്, സൂപ്പ്, സലാദ്, കിച്ചടി എന്നിവ ഡിന്നറിൽ ഉൾപ്പെടുത്താം.

और कहानियां पढ़ने के लिए क्लिक करें...