പെണ്ണ് തേച്ചിട്ട് പോയി എന്ന് പറയുമ്പോൾ മിക്കവരും പറയുന്ന കാരണം എന്തായിരിക്കുമെന്നറിയാലോ. അവൾക്ക് അവനെക്കാൾ നല്ല ചെക്കനെ കിട്ടിക്കാണും. അതാണീ മനം മാറ്റം. പക്ഷേ ആളുകൾ പൊതുവേ പറയുന്ന ഈ കാര്യങ്ങൾക്കപ്പുറം മറ്റ് ഇഞ്ചു സംഗതികൾ കൂടിയുണ്ട് അതറിഞ്ഞു വച്ചാൽ ചിലപ്പോൾ അങ്ങനെ പറയാൻ നിങ്ങൾക്കും തോന്നിയേക്കില്ല. അതെന്തൊക്കെ ആണെന്നറിയേണ്ടേ? സ്നേഹിക്കപ്പെടുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് ഏറ്റവും വലിയ അനുഭൂതിയാണ്.
പ്രണയത്തിലകപ്പെട്ടവൾ പാട്ടറിയില്ലെങ്കിലും പാട്ടുപാടുകയും ഡാൻസ് അറിയാതെ നൃത്തം വയ്ക്കുകയും ചെയ്യും. മണ്ടത്തരം എന്ന് മറ്റുള്ളവർ ചിന്തിക്കുന്ന പല കാര്യങ്ങളം അവൾ ചെയ്തെന്നിരിക്കും. പ്രിയപ്പെട്ടവനുമൊത്തുള്ള നിമിഷങ്ങളായിരിക്കും അവളുടെ മനസ്സിലെപ്പോഴും. യഥാർത്ഥ സ്നേഹം ഉള്ള മനസ്സ് ഏറ്റവും ഉദാരതയും വിനയവും പ്രകടിപ്പിക്കുകയും ചെയ്യും. പല പെൺകുട്ടികൾക്കും തന്‍റെ ട്രൂ ലവിനെ കണ്ടുമുട്ടാൻ കഴിഞ്ഞെന്നു വരും. പക്ഷേ, ചിലർക്കെങ്കിലും ഉണ്ടാവുന്ന പ്രശ്നങ്ങൾ വേറെ ചിലതാണ്.
കാമുകൻ പഴയ സ്നേഹം കാണിക്കാത്തതിന്‍റെ പേരിൽ പിരിയാൻ നിർബന്ധിതരാകുന്നവരും ധാരാളം. അകൽച്ചയുടെയും താൽപര്യക്കുറവിന്‍റെയും ലക്ഷണങ്ങൾ ആണിന്‍റെ ഭാഗത്തു നിന്നുണ്ടാകുമ്പോഴാണ് പെണ്ണ് മെല്ലെ പിന്മാറിത്തുടങ്ങുന്നത്. ഒരു പക്ഷേ അണിന്‍റെ താൽപര്യക്കുറവ് വേറെ പ്രശ്നങ്ങൾ കൊണ്ടുള്ള താൽക്കാലിക സംഗതി മാത്രമായിരിക്കാം. അത്രയും സ്നേഹിച്ചിട്ട് ഒരു ദിനം പെണ്ണ് ഇട്ടിട്ട് പോയി എന്നു പറയുന്നവർ ഈ കാരണങ്ങൾ കൂടി അറിഞ്ഞിരുന്നാൽ നന്നായിരിക്കും.
ഇന്‍റിമസി പ്രകടിപ്പിക്കാതിരിക്കുമ്പോൾ
പ്രണയത്തിൽ സ്നേഹത്തിനും ലൈംഗീകാകർഷണത്തിനും ഒരുപോലെ സ്‌ഥാനമുണ്ട്. തന്നോട് കടുത്ത അഭിനിവേശം തന്‍റെ പുരുഷന് ഉണ്ടെന്ന് തോന്നുന്ന പ്രകടനങ്ങൾ കിട്ടാതെ വരുമ്പോൾ സ്ത്രീ ഒരു പക്ഷേ മെല്ലെ പിന്നോക്കം പോകാനിടയുണ്ട്. പ്രത്യേകിച്ചും ബന്ധത്തിന്‍റെ തുടക്കത്തിൽ അതു കാണിക്കുകയും പിന്നീട് കുറേശേ ഇല്ലാതാവുകയും ചെയ്യുമ്പോൾ തീർച്ചയായും സ്ത്രീയുടെ ഭാഗത്ത് പിൻവലിയാനുള്ള പ്രേരണ ഉണ്ടാകും.
ഒന്നു ചേർത്തു പിടിക്കാനോ, വിരൽ കോർക്കാനോ പോലും പുരുഷൻ തയ്യാറാവുന്നില്ലെങ്കിൽ തന്നോടുള്ള താൽപര്യം നഷ്‌ടപ്പെട്ടതായി സ്ത്രീക്കു തോന്നും. ഇതിന്‍റെ പേരിൽ പെട്ടെന്ന് ഒഴിവാകുന്നത് പരിഹാരമല്ലെങ്കിൽ കൂടി ഇത്തരം അകൽച്ചകൾ കാണിക്കുമ്പോൾ സ്ത്രീ സംസാരിക്കാൻ ശ്രമിച്ചാൽ അതിനോട് പോസിറ്റീവായി പ്രതീകരിച്ചാൽ ബന്ധം തകരാതിരിക്കാൻ സാധ്യതയുണ്ട്. കമിതാവ് സെക്ഷ്വൽ അട്രാക്ഷൻ പ്രകടിപ്പിക്കാത്തതിന് മാനസികമായ മറ്റ് കാരണങ്ങൾ ഉണ്ടാവാമെങ്കിൽ കൂടി (ഉദാഹരണം വീട്ടിൽ അമ്മയ്ക്ക് കടുത്ത രോഗം) അത് തുറന്നു പറയാതിരിക്കുമ്പോൾ സംഗതി വഷളാവുന്നു. പെണ്ണ് മെല്ലെ അകലാൻ തുടങ്ങുന്നു. ഇതിനെ തേപ്പ് എന്നു വിളിക്കാൻ പറ്റുമോ?
ഷോപ്പിംഗ് ഇല്ലെങ്കിൽ
ബോയ്ഫ്രണ്ടുമായി വല്ലപ്പോഴുമൊക്കെ ഒരു ഷോപ്പിംഗിനോ ഔട്ടിംഗിനോ പോകാൻ ആഗ്രഹിക്കാത്ത പെണ്ണുണ്ടാവില്ല. അതിന്‍റെ അർത്ഥം അവൾക്ക് വില പിടിച്ച സാധനങ്ങൾ വാങ്ങിക്കൊടുക്കണമെന്നല്ല. കയ്യിലെ പണത്തിനനുസരിച്ച് അത് തനിക്കായി ചെലവിടാൻ പുരുഷന് മടിയില്ല എന്ന തോന്നൽ തന്നെ അവളെ ഏറെ സന്തുഷ്ടയാക്കും. ഇങ്ങനെ പോകാത്ത അവസരങ്ങളിൽ പുരുഷൻ ഹൃദയപൂർവ്വം പെരുമാറിയില്ലെങ്കിൽ തന്നോട് താൽപര്യക്കുറവുണ്ട് എന്നാണ് സ്ത്രീ മനസ്സിലാക്കുക.
തന്‍റെ പെണ്ണിനെ സന്തോഷിപ്പിക്കാൻ മനസ്സുണ്ടെങ്കിൽ ഒരു മടുപ്പും അവൻ കാണിക്കില്ല എന്നാണ് പെണ്ണിന്‍റെ വിചാരം. ബന്ധത്തിന്‍റെ തുടക്കത്തിലൊക്കെ പലയിടങ്ങളിലും പോകുകയും, പിന്നീട് മെല്ലെ ഒഴിവാക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ രണ്ട് സാധ്യതകളാണ് സംശയിക്കേണ്ടത്. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഉള്ള ആളാണെങ്കിൽ അത് തുറന്നു പറയാതിരിക്കുന്നത് നല്ലതല്ല. സാമ്പത്തിക പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ കൂടി പുരുഷൻ അതിനു തയ്യാറാവുന്നില്ലെങ്കിൽ അവൻ മറ്റൊരാൾക്കൊപ്പം ആ കാര്യം ചെയ്‌തു തുടങ്ങി എന്ന് അവൾ ചിന്തിക്കും. മിക്കവാറും ഇത് സത്യവുമായിരിക്കും. അതോടെ അവൾ പിൻവാങ്ങുകയല്ലാതെ വേറെന്തെു വഴി?
വ്യക്‌തി ശുചിത്വം
സ്വന്തം പുരുഷന് നല്ല വൃത്തിയുണ്ടായിരിക്കണം എന്നാഗ്രഹിക്കാത്ത പെണ്ണില്ല. ഭൂരിഭാഗം പുരുഷന്മാരും വ്യക്‌തിശുചിത്വത്തിലും ഗ്രൂമിംഗിലും വളരെ താൽപര്യം കാണിക്കുന്നവരാണ്. പക്ഷേ അങ്ങനെ അല്ലാത്തവരും ഉണ്ട്. തങ്ങളുടെ സ്നേഹം മാത്രം മതി, പെണ്ണിനെ പിടിച്ചു നിർത്താൻ എന്നു ചിന്തിക്കും. പക്ഷേ അതു വലിയൊരു തെറ്റിദ്ധാരണയാണ്. ഒപ്പം നടക്കുമ്പോൾ വിയർപ്പുനാറ്റവും, വായ്നാറ്റവുമൊക്കെ അസഹ്യമായാൽ അവളുടെ താൽപര്യം കുറഞ്ഞു വരും.
സ്വന്തം വ്യക്‌തിശുചിത്വത്തിന് ഒപ്പമോ, അതിനു മേലെയോ നിൽക്കുന്നവരെയാണ് സ്ത്രീകൾക്കു താൽപര്യം. ഇത്തരം കേസുകളിൽ സ്ത്രീക്ക് ഒരു കാര്യം ചെയ്യാവുന്നതാണ്. പുരുഷനോട് തന്‍റെ പ്രശ്നം പറയാം. അത് മനസ്സിലാക്കി പരിഹരിക്കാൻ അവൻ തയ്യാറാവുന്നില്ലെങ്കിൽ വേറെ വഴിയില്ല, വിട്ടു പോവുകയാവും ഉത്തമം.
വഞ്ചന
ഏതു ബന്ധത്തിലും ഉലച്ചിൽ ഉണ്ടാക്കാവുന്ന ഒരു പ്രധാന വില്ലൻ വഞ്ചന തന്നെ. രണ്ടു വ്യക്‌തികൾക്കിടയിലെ ബന്ധം നിലനിൽക്കാൻ വിശ്വസ്തവും ആവശ്യമാണ്. ഒരു പരിപാടിക്ക് രണ്ടുപേരും കൂടി പോവുകയും അവിടെ ചെല്ലുന്നതിനു ശേഷം പുരുഷൻ മറ്റുള്ളവരോട് കൂടുതൽ പരിഗണന കാണിക്കുകയും ചെയ്‌താൽ അവൾ മെല്ലെ പിൻവലിയാൻ ശ്രമിച്ചേക്കാം. ഇത് ഒരു ഉദാഹരണം മാത്രമാണ്.
പുറത്തിറങ്ങുമ്പോൾ തന്നെക്കാൾ കൂടുതൽ മറ്റുള്ളവരോടാണ് ശ്രദ്ധ എന്നു കണ്ടാൽ അവൾക്ക് അനിഷ്ടം തോന്നുക സ്വാഭാവികമാണ്. പുരുഷന്മാർ സ്ത്രീകളോട് വഞ്ചന കാണിക്കുന്നതിനും പല കാരണങ്ങളുണ്ട്. വിരസത, ലൈംഗിക താൽപര്യങ്ങൾ നടക്കാതെ വരിക, വേറെ സ്ത്രീകളോട് താൽപര്യം തോന്നുക ഇതൊക്കെയാണ്. കാരണമെന്നു മനസ്സിലായാൽ ഉടനെ വിട്ടു പോവുക അല്ലാതെ വേറെ വഴിയില്ല. ചിലരെ കണ്ടിട്ടില്ലേ, സ്ത്രീ കൂടെക്കൂടെ വിളിച്ചാലും ഫോൺ എടുക്കാതിരിക്കും. ആളെ കിട്ടാതെ വരുമ്പോൾ അവളുടെ ആകാംക്ഷയും ഭയവും വർദ്ധിച്ച് വല്ലാത്തൊരവസ്‌ഥയിലാണ് തന്‍റെ സ്നേഹഭാജനം കഴിയുക എന്നറിയാമെങ്കിൽ പോലും, അതിന് യാതൊരു പരിഗണനയും നൽകിയെന്ന് വരില്ല. ഈ പ്രയാസം പവലട്ടം നേരിടുകയും അതേക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടും, കക്ഷിക്ക് കുലുക്കമൊന്നുമില്ലെങ്കിൽ തേച്ചിട്ട് പോവുക തന്നെ.
പെട്ടെന്നൊരു മാറ്റം
ആദ്യമൊക്കെ ഭയങ്കര സ്നേഹം ശ്രദ്ധ, പിന്തുണ, സഹതാപം. പക്ഷേ പെട്ടെന്നൊരു ദിനം ആള് വേറെ ലെവൽ ആവുന്നു. ഒന്നിനും താൽപര്യമില്ലാത്ത പോലെ സംസാരിക്കുന്നു. പ്രണയിനിയുടെ ജീവിതത്തെ കുറിച്ചോ അവളെക്കുറിച്ചോ ചോദിക്കാനും പറയാനും പോലും മറക്കുന്നു. അങ്ങനെ കണ്ടാൽ ഒരു കാര്യം തീരുമാനിക്കാം. നിലവിലുള്ള ബന്ധം തുടരണമോ വേണ്ടയോ എന്നതിനെക്കുറിച്ച് ആൾ കൺഫ്യൂഷനിലാണ്. തനിക്ക് ഈ പെൺകുട്ടി പോര എന്ന തോന്നലോ, അല്ലെങ്കിൽ അവൾക്ക് തന്നെക്കാൾ നല്ല വ്യക്‌തിയെ കിട്ടുമെന്ന തോന്നലൊക്കെയാവാം കാരണം.
സ്ത്രീയെ അപേക്ഷിച്ച് പുരുഷൻ സങ്കീർണ്ണമായ സ്വഭാവമുള്ള ജീവിയാണ്. ജീവിതത്തിലെ ഓരോ ഘട്ടങ്ങളിൽ അവർ പല രീതിയിൽ പ്രതികരിക്കും. ഗേൾഫ്രണ്ടിനോട് തണുപ്പൻ മട്ട് പ്രകടിപ്പിക്കുന്നതും ഈ ഒരു കാരണം കൊണ്ടാണ്. ഇത്തരം സാഹചര്യങ്ങളും സ്നേഹ ബന്ധത്തിൽ നിന്ന് സ്വയം പിൻവാങ്ങാൻ പെണ്ണിനെ പ്രേരിപ്പിക്കാറുണ്ടെന്നറിയുക.