വീട്ടിലായാലും പുറത്തായാലും കീടാണുക്കളും ബാക്ടീരിയയും വൈറസുമെല്ലാം നമ്മൾ അറിഞ്ഞാലും ഇല്ലെങ്കിലും വസ്ത്രത്തിലും മുടിയിലും ദേഹത്തുമെല്ലാം പറ്റിപ്പിടിക്കാറുണ്ട്. ഏതെങ്കിലുമൊരിടം സ്പർശിക്കുമ്പോൾ, കാറ്റിലൂടെ, ചുമരിൽ പിടിക്കുമ്പോൾ, ആരെയെങ്കിലും കെട്ടിപ്പിടിക്കുമ്പോൾ, ചുമയ്ക്കുമ്പോൾ എല്ലാം അണുക്കൾ പറ്റിപ്പിടിക്കുന്നുണ്ട്. ഇത് നമ്മുടെ വസ്ത്രങ്ങളിലും എത്തപ്പെടുന്നു. വസ്ത്രങ്ങൾ നന്നായി കഴുകിയില്ലെങ്കിൽ രോഗങ്ങൾ വരാൻ സാധ്യത കൂടുതലാണ്. നാം സേഫ് ആയിരിക്കാൻ വസ്ത്രങ്ങളും സേഫ് ആകേണ്ടതുണ്ട്. അറിയാം എങ്ങനെ വസ്ത്രങ്ങളെ അണുവിമുക്തമാക്കാമെന്ന്.

അഴുക്ക് വസ്ത്രങ്ങൾ കൂട്ടിയിടരുത്

മിക്ക വീടുകളിലും ആഴ്ചയിലൊരിക്കലാണ് വസ്ത്രങ്ങളെല്ലാം ഒരുമിച്ച് വാഷ് ചെയ്യുന്നത്. ആ ഒരാഴ്ച മുഴുവൻ ഒരു സ്ഥലത്ത് അഴുക്കുവസ്ത്രങ്ങൾ കൂട്ടി വയ്ക്കുകയും ചെയ്യുന്നു. മഴ സീസണാണെങ്കിൽ വസ്ത്രങ്ങളിൽ ഈർപ്പം ഉണ്ടാകും. രോഗാണുക്കൾക്ക് വളരാൻ അനുകൂല സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു. കൊറോണ വൈറസ് ബാധയുടെ ഈ കാലത്ത് സ്‌ഥിതി കൂടുതൽ അപകടകരമാവുകയും ചെയ്യും.

ചില ബാക്ടീരിയകൾക്ക് കേവലം മണിക്കൂറുകൾ മാത്രമാണ് ആയുസ്. എന്നാൽ ഇ കോളി, സാൽമൊണല്ല, സ്റ്റെഫിലോ കോക്കസ് തുടങ്ങിയ ബാക്ടീരിയകൾക്ക് ആഴ്ചകളോളം ജീവിക്കാൻ കഴിയും. അതുകൊണ്ടാണ് വസ്ത്രങ്ങൾ കുന്നുകൂട്ടിയിടരുത് എന്നു പറയുന്നത്.

കുട്ടികളുടെ വസ്ത്രങ്ങൾ

വീട്ടിൽ ചെറിയ കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അവരുടെ വസ്ത്രങ്ങൾ അലക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. അവർ മണ്ണിലും ചെളിയിലും കളിക്കുകയും കളിപ്പാട്ടങ്ങളും മറ്റും ധരിച്ച വസ്ത്രം കൊണ്ട് തുടയ്ക്കുകയും എല്ലാം ചെയ്യും. അതിനാൽ കുട്ടികളുടെ വസ്ത്രങ്ങളിലാണ് ഏറ്റവും കൂടുതൽ അണുക്കൾ കാണാൻ സാധ്യതയുള്ളത്. അത്തരം തുണികൾ മറ്റു തുണികൾക്കൊപ്പം അലക്കുമ്പോൾ അണുക്കൾ വ്യാപിക്കാനിടയാക്കുന്നു. കെമിക്കലുകൾ കുറഞ്ഞ ലിക്വിഡ്, പൗഡർ, സോപ്പ് ഉപയോഗിച്ച് കുട്ടികളുടെ വസ്ത്രങ്ങൾ വേറിട്ട് അലക്കുക. ഡിസിൻഫക്ടന്‍റ് ഉപയോഗിച്ച് അണുവിമുക്‌തമാക്കുകയും ചെയ്യുക.

പുറത്തു പോയി വന്നാൽ

എത്ര ക്ഷീണമാണെങ്കിലും തിരക്കാണെങ്കിലും ധരിച്ച വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കുക. കൊറോണ വൈറസിന് ദിവസങ്ങളോളം വസ്ത്രങ്ങളിൽ ജീവനോടെ തങ്ങാൻ കഴിയുമെന്നാണ് പഠനം പറയുന്നത്. ഈർപ്പം കൂടി ഉണ്ടായാൽ വൈറസ് കൂടുതൽ കാലം ശക്തിയോടെ വളരുകയും ചെയ്യും. പുറത്തു പോയി വന്നാൽ വസ്ത്രങ്ങൾ ഡിസിൻഫക്ടന്‍റ് ചെയ്യേണ്ടതുണ്ടെന്ന് പറയുന്നതിന്‍റെ കാരണമിതാണ്.

കഴുകുന്ന രീതി

ബക്കറ്റിൽ ഡിറ്റർജന്‍റ് ഇട്ടിളക്കി അതിൽ അൽപനേരം വസ്ത്രം മുക്കി വച്ച് ഉരച്ചു കഴുകുന്നതാണ് നല്ല രീതി. അണുക്കൾ പൂർണ്ണമായും ഇല്ലാതാകാൻ ഇത് സഹായിക്കും. വാഷിംഗ് മെഷീനിൽ തുണി കഴുകുമ്പോൾ ആദ്യം തന്നെ മെഷീനിൽ വെള്ളം ഉപയോഗിച്ച് വൃത്തിയായി കഴുകിയ ശേഷം 15 മിനിറ്റ് വസ്ത്രങ്ങൾ ഡിറ്റർജന്‍റിൽ മുക്കി വയ്ക്കണം. എന്നാലേ വസ്ത്രം പൂർണ്ണമായും ക്ലീൻ ആവുകയുള്ളൂ.

ചൂടുവെള്ളത്തിൽ കഴുകുക

സെന്‍റർ ഫോർ ഡിസീസ് കൺട്രോളിന്‍റെ റിപ്പോർട്ടനുസരിച്ച് ഇളം ചൂടു വെള്ളത്തിൽ വസ്ത്രങ്ങൾ കഴുകുന്നത് രോഗാണുക്കൾ പൂർണ്ണമായി നശിക്കാൻ സഹായിക്കും. അതുപോലെ ഡിറ്റർജന്‍റ് ക്വാളിറ്റി ഉള്ളതുമായിരിക്കണം. ചില വസ്ത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകാൻ പാടില്ല എന്നുണ്ടെങ്കിൽ അതും ശ്രദ്ധിക്കുക.

ടവ്വലുകളുടെ വൃത്തി

കുളി കഴിഞ്ഞാൽ ടവ്വലുകൾ മാത്രമായി പ്രത്യേകം ബക്കറ്റിൽ മുക്കി വച്ച് കഴുകിക്കളയണം. ഏറ്റവും കൂടുതൽ വൃത്തിയോടെ സൂക്ഷിക്കേണ്ട തുണിയാണിത്. ചില ടവ്വലുകൾക്ക് കനം കൂടുതലായിരിക്കും. അതിനാൽ ഉണങ്ങാൻ സമയമെടുക്കുകയും ചെയ്യും. ബാത്ത്റൂം, കിച്ചൻ ടവലുകൾ അഴുക്കുമായി കൂടുതൽ സമ്പർക്കം വരുന്നതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. സാൽമൊണെല്ല, ഇ കോളി ബാക്ടീരിയകളാണ് ഇവയിലുണ്ടാകുക. ചൂടുവെള്ളത്തിൽ ഡിറ്റർജെന്‍റ് ഇട്ട് കഴുകിയെടുക്കുക. ബാക്ടീരിയകളെല്ലാം നശിക്കും.

ബ്ലീച്ച് ചെയ്യാം

 നല്ലൊരു ഡിസിൻഫക്ടർ ആണ് ബ്ലീച്ച്. പക്ഷേ തുണികളിൽ നേരിട്ട് ബ്ലീച്ച് പ്രയോഗിക്കുന്നതും നല്ലതല്ല. വസ്ത്രങ്ങൾക്കു വേണ്ടി പ്രത്യേകം ബ്ലീച്ച് ഉപയോഗിക്കണം. ഓരോ വസ്ത്രത്തിനും എത്ര അളവ് ബ്ലീച്ച് വേണം എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

സ്റ്റീമിംഗ്

ബാക്ടീരിയകളെ നശിപ്പിക്കാനുള്ള മറ്റൊരു ഉപാധിയാണ് സ്റ്റീമിംഗ്. വസ്ത്രങ്ങൾക്ക് നല്ല ഫിനിഷിംഗ് ലഭ്യമാക്കാനും ഇതു സഹായിക്കും. സ്റ്റീമർ ടെക്നോളജിയുള്ള വാഷിംഗ് മെഷീനുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. 90 ശതമാനം ബാക്ടീരിയയെ കൊല്ലാൻ ഇതു ഉപകരിക്കും. സ്റ്റീം ക്ലീനിങ്ങ് എന്ന ഓപ്ഷൻ വളരെ നല്ല മാർഗമാണ്.

വാഷറും ബക്കറ്റും

വാഷിംഗ് മെഷീനിലായാലും ബക്കറ്റിലായാലും വസ്ത്രം കഴുകുന്നതിന് മുമ്പ് അവ രണ്ടും വൃത്തിയാക്കണം. വാഷിംഗ് മെഷീന്‍റെ അകത്തും അതിന്‍റെ അടപ്പിനോടു ചേർന്ന ഭാഗത്തുമെല്ലാം ബാക്ടീരിയകളുടെ കേന്ദ്രമാകാം. നന്നായി കഴുകിയ ശേഷം മാത്രം ഇവ അലക്കാൻ ഉപയോഗിക്കുക.

ഡിറ്റർജന്‍റ് തെരഞ്ഞെടുക്കുമ്പോൾ

സോപ്പുപൊടിയോ ലിക്വിഡ് സോപ്പോ തെരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

  • ലിക്വിഡ് ഡിറ്റർജന്‍റ് പൗഡർ ഡിറ്റർജന്‍റിനെ അപേക്ഷിച്ച് വില കൂടുതലാണ്. പക്ഷേ ലിക്വിഡ് ഡിറ്റർജൻറിന്‍റെ അളവ് എത്ര വേണമെന്ന് നിശ്ചയമില്ലെങ്കിൽ പൗഡർ ഡിറ്റർജന്‍റeണ് ലാഭകരം.
  • മാർക്കറ്റിൽ കോമ്പിനേഷൻ ഡിറ്റർജന്‍റുകൾ ലഭ്യമാണ്. ബ്ലീച്ചും ഫാബ്രിക് സോഫ്റ്റ് സോപ്പു പൊടിയും ചേർന്നതാണിത്. എല്ലാം വെവ്വേറെ വാങ്ങുവാൻ പണമില്ലെങ്കിൽ ഈ കോമ്പിനേഷൻ പാക്കുകൾ ഉപയോഗിക്കാം.
  • കുട്ടികളുടെ വസ്ത്രങ്ങൾക്ക് വീര്യം കുറഞ്ഞ ഡിറ്റർജന്‍റ് വാങ്ങുക.
  • ഫാബ്രിക് സോഫ്റ്റ്നർ ആവശ്യമുള്ളതാണോ എന്ന് തോന്നുമെങ്കിലും ബജറ്റിനനുസരിച്ച് ഇത് ഉപയോഗിക്കാം. വസ്ത്രങ്ങൾ ഡെലിക്കേറ്റായി രിക്കും.
और कहानियां पढ़ने के लिए क्लिक करें...