സൗഹൃദമെന്നത് നമ്മുടെ ദൗർബല്യമാണ്. നല്ല സുഹൃത്തുക്കൾ ഉണ്ടായിരിക്കുകയെന്നത് ജീവിതത്തിൽ മികച്ചൊരു സമ്പാദ്യമാണ്. എന്നാൽ നല്ല സൗഹൃദത്തിൽ വിള്ളൽ ഉണ്ടാകുന്നതെപ്പോഴായിരിക്കും? ആ സൗഹൃദത്തിൽ എന്തെങ്കിലും വിശ്വാസക്കുറവ് സംഭവിക്കുമ്പോഴായിരിക്കുമല്ലോ. 24 മണിക്കൂറും ഓരോന്ന് വാതോരാതെ സംസാരിച്ചിരുന്നവർ പിന്നീട് ആ സംസാരമേ വേണ്ടാന്നു വയ്ക്കുന്നു. അകലം കൂടുന്നു. പരസ്പരമൊന്ന് വ്യാജമായ ചിരിയിൽ പരിചയം ഒതുക്കുന്നതിലേക്ക് ഫ്രണ്ട്ഷിപ്പ് ചുരുങ്ങുന്നു. എന്തായിരിക്കും സൗഹൃദത്തെ അവസാനിക്കാൻ കാരണം?

അതെ, മറ്റൊന്നുമല്ല കാരണം. വിശ്വാസവഞ്ചന തന്നെ! 98 ശതമാനം സൗഹൃദങ്ങൾക്കും അവസാനം കുറിക്കുന്നത് ഈ വിശ്വാസവഞ്ചന തന്നെയാണ്. എങ്ങനെയിത് സംഭവിക്കുന്നു?

ആ സൗഹൃദത്തിലേക്ക് മൂന്നാമതൊരാളുടെ തെറ്റായ മനോഭാവത്തോടെയുള്ള കടന്നുകയറ്റം തന്നെയാണ് വലിയൊരു കാരണം. ഫ്രണ്ടിന്‍റെ ഫ്രണ്ടിനെ ഫ്രണ്ടാക്കുന്നവർ നല്ല മനോഭാവമുള്ളവരല്ലെങ്കിൽ തീർച്ചയായും ചില സൗഹൃങ്ങളെങ്കിലും നശിച്ച് മണ്ണടിയും. ഏതെങ്കിലും കാര്യത്തിനായി ഫ്രണ്ട് പരിചയപ്പെടുത്തിക്കൊടുക്കാതെ ഉറ്റ സുഹൃത്തിനെ സ്വന്തം സുഹൃത്താക്കി ഫ്രണ്ടിന്‍റെ ജീവിത രഹസ്യങ്ങൾ ചോർത്തിയാസ്വദിക്കുന്നവർ അപകടകാരികളാണ്. അത്തരം ഫ്രണ്ടുകളെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

സുഹൃത്ത് വില്ലനാകുന്നത് എപ്പോൾ…

ചിലർക്കെങ്കിലും സൗഹൃദങ്ങൾ വില്ലനാകാറുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കുക. സ്വന്തം സുഹൃത്തിനെ മറ്റൊരു സുഹൃത്തിന് പരിചയപ്പെടുത്തി കൊടുക്കുമ്പോൾ ചില കാര്യങ്ങൾ ഉറപ്പ് വരുത്തുക. ആ സുഹൃത്ത് ആത്മാർത്ഥതയുള്ളവരും നല്ല മനസ്സിനുടമയാണെന്നും. മികച്ച വ്യക്‌തിത്വത്തിനുടമയായിട്ടുള്ളവരും നല്ല നിലപാടുകൾ ഉള്ളവരും ഒരിക്കലും മറ്റൊരു സൗഹൃദത്തിൽ കളങ്കം സൃഷ്ടിക്കുകയില്ല. സുഹൃത്തിന്‍റെ സൗഹൃദത്തെ മാനിച്ചുകൊണ്ട് സ്വയം പരിക്കേൽപ്പിച്ചുകൊണ്ടായിരിക്കും ഫ്രണ്ടിന്‍റെ ഫ്രണ്ടിനോട് ഇടപെടുക. സുഹൃത്ത് ജോലിക്കാര്യത്തിനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും സഹായത്തിനോ വേണ്ടി ഏർപ്പെടുത്തി കൊടുക്കുന്ന ഉറ്റചങ്ങാതിയെ ഉപയോഗിച്ചശേഷം നേരെ തിരിച്ച് ചങ്ങാതിയ്ക്ക് തന്നെ വേല വയ്ക്കുന്ന അത്തരം ചങ്ങാതിമാരെ ആർക്കാണ് വച്ചു പൊറുപ്പിക്കാനാവുക.

അതിനാൽ ഇത്തരക്കാർക്ക് സഹായങ്ങൾ ചെയ്യുമ്പോൾ സ്വന്തം സൗഹൃദത്തിന് കോട്ടം തട്ടാതെ കണ്ടും കേട്ടും വേണം ചെയ്യാൻ. സ്വഭാവഗുണമില്ലാത്ത സുഹൃത്താണെങ്കിൽ സ്വന്തം സുഹൃത്തുക്കളെ അവർക്ക് പരിചയപ്പെടുത്തിക്കൊടുക്കാതിരിക്കുന്നതാണ് നല്ലത്. നമുക്ക് മുന്നിലുള്ള ആളെ നന്നായി മനസ്സിലാക്കി വേണം ഏത് പ്രവൃത്തിയും ചെയ്യാൻ. അല്ലെങ്കിൽ നഷ്ടം സ്വയമനുഭവിക്കേണ്ടിവരും.

സൗഹൃദമെന്നാലെന്താണ്?

സൗഹൃദത്തിന് പല പല സാമവാക്യങ്ങൾ ഉണ്ടാവാം. എന്നാലും അതിലെല്ലാം അടിസ്ഥാനപരമായി നാം കാണുന്നത് പരസ്പരം 100 ശതമാനം വിശ്വാസവും സുതാര്യതയും ആത്മാർത്ഥതയും സ്നേഹവും സംഭാവനയും സമർപ്പിച്ചുള്ള ബന്ധം തന്നെയായിരിക്കും.

ഏത് സന്തോഷത്തിലും സന്താപത്തിലും നമ്മുടെ കൂടെയുള്ള സന്തതസഹചാരികൾ, വഴികാട്ടി. സങ്കടങ്ങളിൽ കൂടെ ചങ്കായി നിൽക്കുന്നവർ, ആഹ്ലാദിക്കുമ്പോൾ നമ്മേക്കാൾ കൂടുതലായി അതിൽ ആഹ്ലാദവും ആവേശവും കാട്ടുന്നവർ. ഇങ്ങനെയുള്ള ചങ്ക് ഫ്രണ്ട്സ് ഓരോരുത്തരുടേയും ജീവിതത്തിൽ ഉണ്ടാകും. നമ്മുടെ നിലക്കണ്ണാടികളായി എന്നാൽ ഇങ്ങനെ മറ്റൊരാളുടെ ചങ്ക് ഫ്രണ്ടിനെ ഫ്രണ്ടാക്കി ഫ്രണ്ട്ഷിപ്പ് ചെയ്യുന്നവരെ സൂക്ഷിക്കുക.

നല്ല സൗഹൃദങ്ങൾ ആഗ്രഹിക്കുന്നവരാണെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാം. പുതിയ ആളുകളെ പരിചയപ്പെടുമ്പോൾ അവരോട് ആത്മാർത്ഥമായി സംഭാഷണങ്ങൾക്ക് തുടക്കം കുറിക്കാം. ഒപ്പം ആരോഗ്യപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തി സ്വന്തം ജീവിതം മെച്ചപ്പെടുത്താം.

സൗഹൃദങ്ങൾ എന്തുകൊണ്ട് വിഷപ്പെട്ടതാകുന്നു?

ഒരു വ്യക്‌തിയുടെ മാനസികാരോഗ്യത്തിനും സന്തോഷത്തിനും മികച്ച സൗഹൃദങ്ങൾ നിർണായകമായ പങ്ക് വഹിക്കുന്നു. മനസ്സ് കനം വച്ച് സങ്കടപ്പെട്ടിരിക്കുമ്പോൾ ഒരു ഫോൺ കോളിന്‍റെ അപ്പുറത്ത് ഏറ്റവും അടുത്ത ചങ്ക് ഫ്രണ്ടിനോട് ഒന്ന് സംസാരിച്ചു നോക്കിക്കേ… എന്താ മാറ്റം അല്ലേ… കാറ്റഴിച്ചു വിട്ട ബലൂൺ പോലെ മനസ്സ് ഒരു തൂവൽ പോലെ ആർദ്രമാകും. പിന്നെ നിറഞ്ഞ ആശ്വാസം. അതാണ് സൗഹൃദം.

ഒറ്റപ്പെടൽ, ഏകാന്തത ഒക്കെ മാറ്റി സ്ട്രസ് റിലീവ് തരുന്നവയാണ് നല്ല സൗഹൃദങ്ങൾ. മാനസികാരോഗ്യത്തിനും മാത്രമല്ല നല്ല സൗഹൃദങ്ങൾ ഗുണം ചെയ്യുക. ശാരീരികാരോഗ്യത്തിനും മികച്ച ഫലമുണ്ടാക്കുന്നു. ശാരീരിക പ്രവർത്തനങ്ങൾക്കൊപ്പം മികച്ച സൗഹൃദങ്ങളുടെ ശ്യംഖലയുണ്ടായിരിക്കുന്നത് നമ്മുടെ ആയുസ് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

എല്ലാവർക്കും പ്രാപ്യമായ ഒന്നാവണമെന്നില്ല ക്ലോസ് ഫ്രണ്ട്ഷിപ്പ് എന്നുള്ളത്. അത്തരം മികച്ച സൗഹൃദങ്ങൾ ബിൽഡ് അപ് ചെയ്യാൻ പലർക്കും കഴിഞ്ഞെന്നും വരില്ല. എന്നാലും പ്രായവും സാഹചര്യവും ഒന്നിനും ഒരു തടസ്സമല്ല. മനസ്സ് തുറന്ന് സൗഹൃദങ്ങൾ കണ്ടെത്തൂ. അല്ലെങ്കിൽ തിരക്കുപിടിച്ച ജീവിത സാഹചര്യത്തിൽ പണ്ടെങ്ങോ കൈവിട്ടുപോയ സൗഹൃദങ്ങളെ തിരികെപ്പിടിച്ച് ഹൃദയത്തോട് ചേർത്തുപിടിക്കൂ.

നല്ല സൗഹൃദങ്ങൾ

മികച്ച സൗഹൃദങ്ങൾ സൃഷ്ടിക്കുക. അത് മെയിന്‍റയിൻ ചെയ്യുകയെന്നത് സമയമെടുക്കുന്ന കാര്യമാണ്. എന്നാൽ അത്തരം സൗഹൃദങ്ങൾ ഓരേുത്തരുടേയും ജീവിതത്തിൽ ഉണ്ടാക്കുന്ന ഫലങ്ങൾ വാക്കുകൾക്കതീതമാണ്.

നല്ല സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുമ്പോൾ നമ്മുടെ മൊത്തത്തിലുള്ള മൂഡ് പോസിറ്റീവ് ആകും. കാഴ്ചപ്പാട് ശക്‌തിയാർജിക്കും. ഒരു വ്യക്‌തിയിലെ തെറ്റായ ശീലങ്ങളെ തടയിടുന്നതിനും മികച്ച വഴിയിലേക്ക് നയിക്കുന്നതിനും നല്ല കൂട്ടുകാർ ഒപ്പം നിൽക്കും. കൂട്ടുകാരന്‍റെയോ കൂട്ടുകാരിയുടേയോ പ്രേരണ വ്യക്‌തിയിൽ മന:ശക്‌തി വർദ്ധിപ്പിച്ച് ജീവിതത്തിൽ നല്ല നല്ല കാര്യങ്ങൾ നടപ്പിലാക്കും.

ലക്ഷ്യങ്ങളിലേക്ക് വേഗത കൂടും

തീർച്ചയായും നല്ല കൂട്ടുകാർ മന:സംഘർഷം കുറയ്ക്കുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. അതുപോലെ പരോക്ഷമായി രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കും. ഒറ്റയ്ക്കല്ല ഒപ്പമുണ്ടെന്ന നല്ല കൂട്ടുകാരുടെ ഓർമ്മപ്പെടുത്തൽ ഡിപ്രഷൻ കുറയ്ക്കും. സങ്കടങ്ങളിൽ പോലും കൂടെ നിൽക്കുന്നവരും ഉറ്റ ചങ്ങാതിമാരായിരിക്കുമെന്നത് ഉറപ്പാണ്.

സൗഹൃദമെന്നത് പരസ്പരമുള്ള ഗിവ് ആന്‍റ് ടേക്ക് പോലെയാണ്. പരസ്പരം പൂരകമായ ഒന്ന്. സുഹൃത്തുക്കൾക്ക് ആവശ്യം വരുമ്പോൾ ഒപ്പം നിൽക്കുന്നത് സ്വന്തം പ്രസക്‌തിയും വിലയും വർദ്ധിപ്പിക്കും. ഇനിയെന്നും ജീവിതത്തിൽ നല്ല സൗഹൃദങ്ങളുടെ വസന്തകാലമുണ്ടാകട്ടെ…

और कहानियां पढ़ने के लिए क्लिक करें...