ജീവിതത്തിൽ സന്തോഷം അനുഭവിക്കാൻ കഴിയുന്നതിന്‍റെ അത്രയൊന്നും നമ്മൾ സന്തോഷിപ്പിക്കാറില്ല. കാരണം നമ്മൾ ജീവിതത്തെ അതേ സ്വാഭാവികതയോടെ സ്വീകരിക്കാറില്ല. പലപ്പോഴും സന്തോഷം നശിപ്പിക്കുന്നതിലാണ് നമ്മൾ സ്വയം ഏർപ്പെടുന്നത്. നിങ്ങളുടെ ജീവിതത്തിലെ സന്തോഷത്തിന്‍റെ ഡ്രൈവർ നിങ്ങൾ തന്നെയാവണം. ആ സീറ്റിലിരുന്ന് ഈ മാറ്റങ്ങൾ വരുത്തി നോക്കൂ. ആനന്ദം ചുറ്റിലും നിറയുന്നതു കാണാം…
17 കാരിയെപ്പോലെ ഇടപ്പെടാം
തുളസി ഹെൽത്ത് കെയർ ഡയറക്‌ടർ ഡോ. ഗൗരവ് ഗുപ്ത പറയുന്നത്, “നിങ്ങളുടെ കുട്ടികൾ 17-18 വയസ്സുള്ളവരാണെങ്കിൽ അവരുടെ അടുത്ത് അമ്മയെപ്പോലെ ഇടപ്പെടരുതെന്നാണ്. അമ്മയായിരിക്കുമ്പോൾ തന്നെ സുഹൃത്തിനെപ്പോലെ ഇടപ്പെടാം. അല്ലെങ്കിൽ മൂത്ത ചേച്ചിയെപ്പോലെ പെരുമാറാം. ഇങ്ങനെ ചെയ്യുന്നതിലൂടെ ജനറേഷൻ ഗ്യാപ് ഇല്ലാതാക്കാൻ കഴിയും. മാത്രമല്ല നിങ്ങളുടെ പ്രായത്തെപ്പറ്റിയുള്ള ആശങ്കകളും അകലും. കുട്ടികളുടെ പക്കൽ നിന്നും അധിക ബഹുമാനം കിട്ടുകയും ചെയ്യും.” ഇതിന്‍റെ ഏറ്റവും വലിയ ഗുണം എന്താണെന്ന് വച്ചാൽ കുട്ടികൾ യാതൊരു കാര്യവും നിങ്ങളിൽ നിന്ന് ഒളിക്കുകയില്ല എന്നതാണ്.
ടീനേജ് വല്ലാത്തൊരു കാലഘട്ടമാണ്. ഒരുപാട് വൈകാരികതയിലൂടെ കടന്നു പോകുന്ന പ്രായം ആത്മവിശ്വാസവും വിജയിക്കാനുള്ള ത്വരയും അവരിൽ സൃഷ്ടിക്കേണ്ടതും ഈ പ്രായത്തിലാണ്. ലക്ഷ്യത്തിൽ നിന്ന് അകലാതെ അവരെ നേർവഴിക്ക് നയിക്കുകയും വേണം.
കുട്ടികളിൽ നിങ്ങളുടെ ചിന്തകൾ അടിച്ചേൽപ്പിക്കാനും പാടില്ല. 17-18 വയസ്സിൽ അവരുടേതായ ചിന്ത വികസിച്ചിട്ടുണ്ടാവും. അവരെ അവരുടെ രീതിയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും വിടുക. പക്ഷേ നല്ലതും ചീത്തയും വേർതിരിച്ചു കൊടുക്കണമെന്ന് മാത്രം. ആ ഉത്തരവാദിത്വം സൗഹൃദ മനോഭാവത്തോടെ നിർവ്വഹിക്കുക.
ഉള്ളിലെ കുട്ടിയെ സൂക്ഷിച്ചു വയ്ക്കാം
വലുതാകുതോറും നാം ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ നിന്ന് ആർജ്‌ജിക്കുന്ന കാര്യങ്ങളിൽ നിന്ന് ചില നിയമങ്ങൾ പഠിച്ചു വയ്‌ക്കും. ഈ സ്വഭാവം നമ്മുടെ ക്രിയാത്മകമായ സ്വഭാവത്തെ ഇല്ലാതാക്കാം. അതിനാൽ ഉള്ളിലെ കുട്ടിയെ ഒരിക്കലും കളഞ്ഞ് കുളിക്കരുത്. എല്ലാ മനുഷ്യരുടെയും ഉള്ളിൽ ഒരു കുസൃതി കുരുന്നുണ്ടാവും. ചിലപ്പോഴെങ്കിലും അവനെപ്പോലെ കുസൃതി കാണിക്കാം. ജീവിതത്തിൽ ബലം പിടിച്ചു നിന്നതു കൊണ്ട് വലിയ പ്രയോജനം ഒന്നും ഇല്ല. സ്വയം റിലാക്‌സാകാൻ ഉള്ളിലെ കുട്ടിത്തം സഹായകമാവും. ഏതു പ്രായത്തിലുള്ളവരായാലും ഈ തിയ്യറി സ്വീകരിച്ചോളൂ.
മനസ്സും ശരീരവും ആരോഗ്യകരമാക്കാം
നിങ്ങൾ 25 കാരിയോ 55 കാരിയോ ആയിക്കോട്ടെ. മനസ്സും ശരീരവും ആരോഗ്യത്തോടെ നിലനിർത്താൻ തീർച്ചയായും ശ്രമിക്കണം. മാനസിക ആരോഗ്യം കാത്തു സൂക്ഷിക്കാൻ മെന്‍റൽ എക്സർസൈസ് ശീലമാക്കുക. മസ്‌തിഷ്കത്തിന് വെല്ലുവിളികൾ നൽകാം. പുതിയ വാക്കുകൾ പഠിക്കാം. പുതിയ കാര്യങ്ങൾ ഓർത്തു വയ്ക്കാം. പുതിയ കാര്യങ്ങൾ ഗ്രഹിക്കാനുള്ള ശ്രമം തുടരണം. ഇടയ്ക്ക് ജോലിയിൽ നിന്ന് ബ്രേക്ക് എടുത്തിട്ട് കുടുംബ സഹിതം യാത്ര പോകാം. ഭക്ഷണ കാര്യത്തിൽ നല്ല ശ്രദ്ധ കൊടുക്കണം. പുഞ്ചിരിക്കാനുള്ള മനസ്സ് കൈമോശം വരരുത്. സാമൂഹികമായ ബന്ധങ്ങളും വളർത്തിയെടുക്കണം. വ്യായാമം മുടക്കരുത്. ഇതെല്ലാം ജീവിതത്തിൽ സന്തോഷം നിറയ്ക്കുന്ന കാര്യങ്ങളാണ്.
ക്രിയാത്മകമായി സമയം വിനിയോഗിക്കുക
24 മണിക്കൂറിനുള്ളിൽ 7 മണിക്കൂർ നാം ഉറങ്ങാനാണ് ഉപയോഗിക്കുന്നത്. ബാക്കി വരുന്ന 17 മണിക്കൂർ ക്രിയാത്മകമായി വിനിയോഗിക്കാനുള്ള ടിപ്സാണ് താഴെ
- വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇമെയിൽ തുടങ്ങിയവയൊക്കെ ഓഫീസിലെ ലഞ്ച് ബ്രേക്കിൽ മാത്രമ നോക്കുക, കാരണം രാവിലെയാണ് നിങ്ങളുടെ എനർജി ഏറ്റവും നന്നായി ഉണർന്നിരിക്കുക. അത് പരമാവധി ഉപയോഗപ്പെടുത്താം.
- ചുരുങ്ങിയ സമയത്തിനുള്ളിൽ വീട്ടിലെയോ ഓഫീസിലെയോ ജോലി ചെയ്‌തു തീർക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ കൃത്യനിഷ്ഠ പാലിക്കുക. സാധനങ്ങൾ തെരഞ്ഞ് അധികം സമയം കളയരുത്. എല്ലാം അടുക്കും ചിട്ടയോടും എടുത്തു വച്ചാൽ പകുതി ജോലി എളുപ്പമാകും.
- ജോലി ചെയ്യുന്നതിനിടയിൽ ശരീരത്തിനു വിശ്രമവും നൽകണം. 20 മിനിറ്റ് ജോലി ചെയ്‌താൽ 1.0 മിനിറ്റ് ബ്രേക്ക് നിങ്ങളെ റിഫ്രഷ് ആക്കും.
- എപ്പോഴും എല്ലാവർക്കും അവേലബിൾ ആയിരിക്കരുത്. നോ പറയാനും പഠിക്കണം. ജീവിതത്തിന്‍റെ തിരക്കുകളിൽ നിന്നൊക്കെ ഒഴിഞ്ഞ് ഏകനായി ഏകാന്തതയനുഭവിക്കാനും ശ്രമിക്കാം. ഈ സന്ദർഭത്തിൽ മൊബൈൽ, കമ്പ്യൂട്ടർ എന്നിവ ഓഫാക്കി ധ്യാനനിരത്തനാവാം.
- ടെൻഷനടിക്കരുത്. അത് നിങ്ങളെ മൊത്തത്തിൽ ബാധിക്കും. നാം എത്രനേരം ഒരാളുമായി തർക്കിക്കും? അല്ലെങ്കിൽ ജോലി പങ്കിടുന്നതിനെപറ്റി വേവലാതിപ്പെടും? ഇത്തരം കാര്യങ്ങളിൽ ഇഗോ വെടിഞ്ഞ് സ്ട്രെസ് ഒഴിവാക്കാനാവും. എല്ലാവരുമായി ക്വാളിറ്റി ടൈം ചെലവഴിക്കാം.
ചുറുചുറുക്കോടെ പണിയെടുക്കാം
തങ്ങളുടെ മുൻഗണനകൾ മനസ്സിലാക്കി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം. പ്രായം കൂടുംതോറും നമ്മുടെ പ്രയോറിറ്റികൾ മാറി വരാം. ചെറുപ്രായത്തിൽ തങ്ങളുടെ ലക്ഷ്യം നേടാൻ അഹോരാത്രം പണിയെടുക്കും. ഈ ചുറുചുറുക്ക് ജീവിതത്തിന്‍റെ മധ്യവയസ്സിലും നിലനിർത്തണം. മിക്കവരും പ്രായം കൂടിവരും തോറും അലസരായി മാറാറുണ്ട്. ഇതു പാടില്ല. പ്രായം ഒന്നിനും ഒരു തടസ്സമല്ല. 65-ാം വയസ്സിലൊക്കെ ബിസിനസ്സ് തുടങ്ങി വൻ വ്യവസായികളായി തീർന്നവർ ഒക്കെയുണ്ട്.
ഭാര്യാ പദവിയിലും കാമുകിയാകാം
പ്രായം കൂടുംതോറും സ്ത്രീകൾ സുഖങ്ങൾ അനുഭവിക്കുന്നത് കുറയ്ക്കാറുണ്ട്. അതിനു പ്രധാന കാരണം ഉത്തരവാദിത്വങ്ങളുടെ അമിതഭാരമാണ്. സെക്സിനു പോലും സമയം കണ്ടെത്താൻ കഴിയാതെയോ താൽപര്യം കാണിക്കാതെയോ ഓക്കെയിരിക്കുന്നവർ, ജീവിതത്തിന്‍റെ അർത്ഥം ശരിക്കും മനസ്സിലാക്കാത്തവരാണ്. പ്രണയവും മനസ്സിൽ കുഴിച്ചു മൂട്ടും. ഇതു പാടില്ല. പങ്കാളിയെ റൊമാന്‍റിക് ആയി നിലനിർത്താൻ നിങ്ങളടെ ഉള്ളിലെ പ്രണയം പുറത്തെടുക്കുക. കുട്ടികൾ വലുതായാല്ലോ, നര വീണാല്ലോ എന്നെന്നും ചിന്തിക്കേണ്ട. പ്രണയത്തിനും പ്രായം തടസ്സമല്ല. മാനസികമായി ഫിറ്റായിരിക്കുക. തങ്ങളുടെ ലുക്ക് ശ്രദ്ധിക്കണം. ഫാഷനബിൾ ആവാം. ട്രെന്‍റി വസ്‌ത്രങ്ങൾ ധരിക്കാം. ഭർത്താവിനൊപ്പം പുറത്ത് കറങ്ങാൻ പോകാം. മുമ്പ് കല്ലാണം കഴിഞ്ഞ സമയത്തെ അതേ വൈകാരികതയോടെ.
സന്തോഷം കണ്ടെത്താൻ ശ്രമിക്കാം
കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങൾ പോലും നിങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കും. അതിനാൽ ചെറിയ കാര്യങ്ങളിൽപ്പോലും സന്തോഷം കണ്ടെത്താൻ ശ്രമിക്കാം. ഒരു പ്രശ്നം ഉണ്ടാവുമ്പോൾ അതിൽ നിന്ന് ഒളിച്ചോടാതെ സധൈര്യം അതിലേക്കിറങ്ങുക. പ്രശ്നം നിങ്ങളെ വിട്ട് പോയി കൊള്ളും. ഒളിച്ചോടുമ്പോഴാണ് തലവേദന കൂടി വരിക.
നിങ്ങളുടെ കൈയ്യിൽ ഇല്ലാത്തതിനെപ്പറ്റി ഓർക്കാതെ നിങ്ങളുടെ പ്ലസ് പോയിന്‍റിനെ പറ്റി ചിന്തിക്കുക. സന്തോഷത്തിലേക്കുള്ള എളുപ്പവഴി കൂടിയാണിത്. പോസിറ്റീവ് എനർജി തരുന്ന ആൾക്കാരുമായി കൂട്ട് കൂടാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂട്ടുകാരുമൊത്ത് ഉല്ലാസ യാത്ര പോകാം. പഴയ കൂട്ടുകാരുടെ വീട് സന്ദർശിക്കാം. ഹോബികൾ ഡവലപ്പ് ചെയ്യാം. വെറുതെ ഇരുന്ന് ഒരിക്കലും ബോറടിക്കാൻ സമയം കണ്ടെത്തരുത്.
ഭർത്താവിന്‍റെ ആരോഗ്യം ശ്രദ്ധിക്കണം
ഭർത്താവിന്‍റെ കാര്യത്തിലും ശ്രദ്ധ വേണം. അദ്ദേഹത്തിന്‍റെ ഡ്രസ്സിംഗ്, ഭക്ഷണം, ആരോഗ്യം എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കുക. പോഷക സമ്പന്നമായ ഭക്ഷണം വച്ച് വിളമ്പാം. ഷുഗർ, കൊളസ്ട്രോൾ നില കൂടുന്ന ഭക്ഷണം നൽകാതിരിക്കുക. ശരിയായ സമയത്ത് ശരിയായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുക. പുള്ളിയുടെ ലുക്ക് മാറ്റി മറിക്കുന്ന വസ്ത്രങ്ങൾ അണിയാൻ പറയാം. അത് അദ്ദേഹത്തിന്‍റെ പേഴ്സണാലിറ്റിയ്ക്ക് മാറ്റ് കൂട്ടുന്നത് ആയിരിക്കുകയും വേണം. രാവിലെ ഇരുവർക്കും ഒന്നിച്ചു നടക്കാൻ പോവാം.
തർക്കിക്കുന്നതും നല്ലതാണ്
ക്ലിനിക്കല്‍ സൈക്കളോജിസ്റ്റായ ഡോ അതുൽ പറയുന്നത്” ചെറുപ്രായത്തിൽ നമ്മൾ ബോധ്യം വരാത്ത സംഗതികൾക്ക് വേണ്ടി തർക്കത്തിൽ ഏർപ്പെടാറുണ്ട്. ആ പ്രായത്തിൽ എന്താണ് തെറ്റ് ഏതാണ് ശരി എന്ന് ഗൗരവമായി ആലോചിക്കും. സാമൂഹിക കെട്ട്പാടുകളും നാട്ടുനടപ്പും ഒക്കെ മറികടന്ന് നമ്മൾക്ക് ശരിയാണെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യും. ഏതു കാര്യത്തിലും തർക്കിച്ചതിനു ശേഷമാവും തീരുമാനത്തിലെത്തുക. പക്ഷേ പ്രായം കൂടുംതോറും ഈ സ്വഭാവത്തിൽ കാര്യമായ മാറ്റം വരുന്നു. അനുഭവപാഠങ്ങളും പക്വതയും തീരുമാനമെടുക്കുന്നതിൽ സ്വാധീനം ചെലത്തുന്നു. ഈ അവസ്‌ഥയിൽ സ്വയം ബാലൻസ് ചെയ്യാൻ ശ്രമിക്കണം. പഴയ തർക്കകാരിയുടെ മനസ്സ് വീണ്ടെടുക്കണം. അങ്ങനെ ചെയ്യുമ്പോൾ മാത്രമേ ഏറ്റവും നല്ല തീരുമാനം പുറത്ത് വരൂ. ഇത് ജീവിതത്തെ കൂടുതൽ അർത്ഥപൂർണ്ണമായിക്കി തീർക്കും.
കുടുംബത്തിൽ സന്തോഷം നിറയ്ക്കാനുള്ള വഴികൾ
- ഓഫീസിൽ നിന്ന് വീട്ടിലേയ്‌ക്ക് മടങ്ങും വഴി ചിലപ്പോഴെങ്കിലും കുട്ടികൾക്ക് കഴിക്കാൻ സ്നാക്സോ മറ്റോ വാങ്ങാം. കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ, ബുക്സ് ഒക്കെ ഇങ്ങനെ വാങ്ങി നൽകാം.
- ഭർത്താവിനും സർപ്രൈസ് ഗിഫ്റ്റ് നൽകണം.
- കുടുംബ വഴക്ക് അനുഭാവപൂർവ്വം കൈകാര്യം ചെയ്യണം.
- കുടുംബാംഗങ്ങൾക്ക് അവർ അർഹിക്കുന്ന ബഹുമാനം നൽകുക.
- ഒഴിവു ദിവസം പൂർണ്ണമായും കുടുംബത്തിനായി നീക്കി വയ്‌ക്കുക. മൊബൈൽ, ഇന്‍റർനെറ്റ് ഒഴിവാക്കി കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കാം.
- വല്ലപ്പോഴുമൊക്കെ അടുക്കളയ്ക്ക് ബ്രേയ്ക്ക് നൽകി. കുടുംബവുമൊത്ത് പുറത്ത് പോയി ഭക്ഷണം കഴിക്കാം.
- ബന്ധുക്കളെ സുഹൃത്തുക്കളെയൊക്കെ വിളിച്ച് ഇടയ്‌ക്ക് ഒത്തുകൂടാം. ഭക്ഷണവും മറ്റും നൽകി സൽക്കരിക്കാം.
- വിരുന്നു പോകുന്നതും ശീലമാക്കുക. പോകുമ്പോൾ ഗിഫ്റ്റ് കൊടുക്കാൻ മറക്കരുത്.
- വീടാണ് കുട്ടികളുടെ പാഠശാല. അവരെ നല്ലതു പഠിപ്പിക്കുക. വീട്ടിൽ സ്നേഹവും സമാധാനവും നിറയും.
- വീട്ടിൽ ടിവി കാണുന്നതിനും നിശ്ചിത സമയം വയ്‌ക്കണം. വീട്ടിൽ വന്നാൽ സോഷ്യൽ മീഡിയയിൽ അധികം ചെലവഴിക്കാതെ കുടുംബാംഗങ്ങളുമായി ഇടപഴകണം.
- നിർണ്ണായക തീരുമാനങ്ങൾ പങ്കാളിയുമായി ചേർന്ന് എടുക്കുക. ഒരു കാര്യവും പങ്കാളിയോട് മറച്ച് വയ്‌ക്കരുത്.
- വീട്ടിൽ എല്ലാവരിലും സമ്പാദ്യശീലം വളർത്തുക. കുറിയിലും മറ്റും ചേരാം.
ബന്ധങ്ങളിൽ നിക്ഷേപിക്കാം
എപ്പോഴാണ് ആരാണ് ഉപകാരപ്പെടുക എന്ന് പറയാൻ കഴിയില്ല. അതിനാൽ ലാഭേച്‌ഛ കൂടാതെ സൗഹൃദങ്ങൾ പടുത്തുയർത്തുക. മാസത്തിലൊരിക്കല്ലെങ്കിലും കൂട്ടായ്മ സംഘടിപ്പിച്ചോ നേരിട്ട് പോയോ ഇവരുമായി ചങ്ങാതം പുതുക്കണം. സുഹൃത്തുക്കൾ ഉള്ളപ്പോൾ തന്നെ അപരിചിതരേയും സഹായിക്കാനുള്ള മനസ്സ് കാണിക്കുകയും വേണം.
പുതിയ കാര്യങ്ങൾ പഠിക്കാം
ജീവിതത്തിലെ മടുപ്പ് ഇല്ലാതാക്കാൻ ഒരു വഴിയേ ഉള്ളൂ. പുതിയ കാര്യങ്ങൾ പഠിക്കുക. ഡ്രൈവിംഗ് അറിയില്ലെങ്കിൽ അതു പഠിക്കാം. നീന്തൽ പഠിക്കാം. തുന്നൽ പഠിക്കാം. ഇങ്ങനെ നമ്മൾക്ക് അറിവില്ലാത്ത കാര്യങ്ങൾ ചെയ്യാം, പഠിക്കാം. അത് ജീവിതത്തിന് പുതിയ ഉൻമേഷം നൽകും. ഇതൊന്നുമല്ലെങ്കിൽ ഒരു പുതിയ കാര്യം ഒരാളെ പഠിപ്പിക്കുകയും ചെയ്യാം. ഉദാഹരണത്തിന് വീട്ടിലെ വയസ്സായ ഒരാളെ ഇന്‍റർനെറ്റ് ഉപയോഗിക്കാൻ പഠിപ്പിക്കാം. ഇതെല്ലാം നിങ്ങളെയും പുതുക്കി കൊണ്ടിരിക്കും.
പങ്കാളിയോട് ഒരിക്കലും പറയരുതാത്ത കാര്യങ്ങൾ
- നിങ്ങളുടെ ഡ്രസ്സിംഗ് സ്റ്റൈൽ ശരിയല്ല.
- നിങ്ങളെ കൊണ്ട് പറ്റില്ല, ഞാൻ അത് ചെയ്തോളാം.
- നിങ്ങൾ എന്നെ ഒട്ടും ശ്രദ്ധിക്കാറേയില്ല.
- കണ്ടോ ഞാൻ വല്ലാതെ വണ്ണം വച്ചിരിക്കുന്നു
- എനിക്ക് നിങ്ങളെ ഭർത്താവായി കിട്ടരുതായിരുന്നു.
- എനിക്ക് നിങ്ങളുടെ കൂട്ടുകാരെ ഇഷ്‌ടമല്ല
- എപ്പോഴാണ് ജോലി മാറുന്നത്?
- നിങ്ങൾക്ക് എന്താ ഭ്രാന്തുണ്ടോ?
- എന്നെ തൊടണ്ട, മാറി നിൽക്കൂ
- എന്‍റെ മുൻ ഭർത്താവ് എപ്പോഴും എന്‍റെ ഇഷ്‌ടത്തിനുള്ള സാരി വാങ്ങി തരുമായിരുന്നു.
- നിങ്ങൾക്ക് എന്‍റെ താൽപര്യങ്ങൾ സംരക്ഷിക്കാനറിയില്ല.
- നിങ്ങൾക്ക് എന്നോട് സ്നേഹമുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു.
- എന്‍റെ അമ്മയ്ക്ക് ഈ കല്ല്യാണം അന്നേ ഇഷ്‌ടമായിരുന്നില്ല.
- വേഷം കെട്ട് എന്‍റെ അടുക്കൽ വേണ്ട.
ഒഴിവാക്കേണ്ട കാര്യങ്ങൾ
- ഈഗോ
- ദേഷ്യം
- പശ്ചാത്താപം
- നെഗറ്റീവ് ചിന്തകൾ
- അമിതാസക്‌തി
- കള്ളം പറയുന്ന ശീലം
- തോറ്റു പോകുമെന്ന ഭയം
- വാക്ക് പാലിക്കാതിരിക്കൽ
- അലസ കൂട്ട് കെട്ടുകൾ
- അമിത വ്യയം
- പ്രതികാര മനോഭാവം
- അന്ധവിശ്വാസം