വിവാഹാനന്തരം ദമ്പതികൾ ഗർഭനിരോധന ഉപാധികളൊന്നുമില്ലാതെ ഒരു വർഷമെങ്കിലും സന്താനത്തിനു വേണ്ടി ശ്രമിച്ച ശേഷവും പരാജയപ്പെടുകയാണെങ്കിൽ അതിനെ പ്രാഥമിക വന്ധ്യത എന്നാണ് പറയുന്നത്. പൂർണ്ണ വളർച്ച എത്തുന്നതിനു മുമ്പേ സ്‌ഥിരമായി ഗർഭം അലസിപ്പോകുന്നതും വന്ധ്യത ആണ്.

സ്ത്രീകളുടെ അണ്ഡാശയത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന അണ്ഡവും പുരുഷൻ ഉൽപ്പാദിപ്പിക്കുന്ന ബീജവും അണ്ഡവാഹിനിക്കുഴലിൽ വച്ച് ഭ്രൂണമായിത്തീരുന്നു. ഭ്രൂണം പിന്നീട് ഗർഭാശയത്തിൽ വച്ച് വളർന്നാണ് ഗർഭസ്‌ഥശിശുവായി രൂപം പ്രാപിക്കുന്നത്. ഈ പ്രക്രിയക്ക് എവിടെയെങ്കിലും തടസ്സമുണ്ടാകുമ്പോഴാണ് വന്ധ്യത ഉണ്ടാകുന്നത്.

വന്ധ്യതാ ചികിത്സയിലെ പ്രധാനപ്പെട്ട കാര്യം ദമ്പതികളുടെ ശാരീരികമായ പരിശോധന ആണ്. ശുക്ലത്തിലെ ബീജാണുക്കളുടെ എണ്ണം, സഞ്ചാര ശേഷി, വൈകല്യങ്ങൾ ഇവ മനസ്സിലാക്കിയുള്ള ചികിത്സയാണ് പുരുഷ വന്ധ്യതയുടെ പരിഹാരത്തിന്‍റെ അടിസ്‌ഥാനം.

സ്ത്രീകളിലാകട്ടെ അണ്ഡോൽപ്പാദനം ഉണ്ടാകുന്നുണ്ടോ, അണ്ഡവാഹിനിക്കുഴലിലോ ഗർഭപാത്രത്തിലോ തടസ്സങ്ങളുണ്ടോ എന്നിവയാണ് പ്രധാനമായും നോക്കുന്നത്. ഇതിനായി ഹോർമോൺ നിർണ്ണയം, സ്കാനിംഗ്, എൻഡോമെട്രിയൽ ബയോപ്സി, ലാപ്റോസ്കോപ്പി തുങ്ങിയവയൊക്കെ ആവശ്യമായി വരും.

പുരുഷ വന്ധ്യതയിൽ ബീജാണക്കളുടെ എണ്ണമോ ഗുണനിലവാരമോ കുറഞ്ഞാൽ ബീജം കഴുകി അവയുടെ സാന്ദ്രതയും സഞ്ചാരശേഷിയും വര്‍ദ്ധിപ്പിച്ച് ഗർഭപാത്രത്തിനകത്തേക്ക് നിക്ഷേപിക്കുന്ന ചികിത്സയാണ് ഗർഭാശയാന്ത ബീജ നിക്ഷേപം അഥവാ ഇൻട്രായൂട്ടെറൈൻ ഇൻസെമിനേഷൻ. ഇതും പരാജയപ്പെടുമ്പോഴാണ് ടെസ്‌റ്റ് ട്യൂബ് ശിശു ചികിത്സയിലേക്ക് തിരിയേണ്ടി വരുന്നത്. യഥാർത്ഥത്തിൽ ഐവിഎഫ് ഐസിഎസ്ഐ (ഇക്സി) ചികിത്സ വന്ധ്യതാചികിത്സയിലെ നാഴികക്കല്ലാണ്. ഈ ചികിത്സ നടത്താൻ ആശുപത്രിയിൽ തങ്ങേണ്ട കാര്യമില്ല. മെഡിക്കൽ, സർജിക്കൽ ചികിത്സ വിഫലമാക്കുകയും സാധാരണ ഗർഭധാരണം സാധ്യമല്ലാതാകുകയും ചെയ്യുമ്പോഴാണ് അസിസ്റ്റഡ് റീപ്രൊഡക്‌ടീവ് ടെക്നോളജി ശിശു ചികിത്സ അവലംബിക്കുന്നത്.

ടെസ്‌റ്റ് ട്യൂബ് ശിശു ചികിത്സ വേണ്ടി വരുന്ന സാഹചര്യങ്ങൾ ഇതൊക്കെയാണ്.

  • അണ്ഡവാഹിനിക്കുഴലുകളിലെ അടവ്.
  • അണ്ഡവാഹിനിക്കുഴലിലെ കേടുപാടുകൾ നിമിത്തം അണ്ഡം വഹിക്കാൻ പറ്റാത്ത അവസ്‌ഥ.
  • ട്യൂബിലെ ഗർഭധാരണം കൊണ്ട് ട്യൂബ് നഷ്‌ടമായവർ.
  • സ്ത്രീ വന്ധ്യകരണ ശസ്ത്രക്രിയയ്ക്ക് ശേഷം വീണ്ടും സന്താനം ആഗ്രഹിക്കുന്നവർക്ക്
  • നിരന്തരം പരാജയപ്പെടുന്ന ഗർഭാശയാനന്തരം ബീജ നിക്ഷേപം.
  • പുരുഷ വന്ധ്യതയുടെ പ്രശ്നം പരിഹാരമാവുന്നില്ലെങ്കിൽ ഇക്സി ചികിത്സ വേണ്ടി വരും.
  • പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലാതെയുള്ള വന്ധ്യത.

ടെസ്റ്റ് ട്യൂബ് ചികിത്സയിലെ പ്രധാനപ്പെട്ട ചികിത്സാക്രമങ്ങൾ ഇവയൊക്കെയാണ്.

  • കൂടുതൽ അണ്ഡങ്ങൾ ഉൽപ്പാദിപ്പിക്കാൻ ഹോർമോൺ കുത്തി വയ്‌പ്പ്.
  • പാകമെത്തിയ അണ്ഡങ്ങൾ സ്കാനിംഗിലൂടെ പ്രത്യേക ഉപകരണം ഉപയോഗിച്ച് പുറത്തെടുക്കൽ.
  • ലാബിൽ വച്ച് ബീജസങ്കലനം.
  • ഭ്രൂണം ഗർഭപാത്രത്തിലേക്ക് നിക്ഷേപിക്കൽ.
  • 15-ാം ദിവസം ഗർഭധാരണം ഉണ്ടോയെന്ന് പരിശോധന.
और कहानियां पढ़ने के लिए क्लिक करें...