ജീവിതത്തിൽ വിജയം കൈവരിച്ച സ്ത്രീകൾ എന്നു വിളിക്കുന്ന ഏതാനും രാഷ്‌ട്രീയ നേതാക്കൾ നമുക്കുണ്ട്. ജയലളിത, മമതാ ബാനർജി, മായാവതി ഇങ്ങനെ പലരും ഉണ്ട് ഈ പട്ടികയിൽ. ഇവരുടെയെല്ലാം വ്യക്‌തി ജീവിതം പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാവും. ഇവരെല്ലാം അവിവാഹിതരാണ്. അവരുടെ ജീവിതത്തിൽ വിവാഹം എന്ന വാക്കിനു പോലും പ്രാധാന്യം നൽകിയിട്ടില്ല.

പലപ്പോഴും സ്ത്രീകൾ വൈകി വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും. വിവാഹം വേണ്ട എന്നു ചിന്തിക്കുന്നതും ഇക്കാലത്ത് അത്ര പുതിയ കാര്യമല്ല. ഇതിന്‍റെ പേരിൽ സമൂഹവും കുടുംബവും പെൺകുട്ടികളെ വേട്ടയാടുന്ന പതിവ് മുമ്പത്തെ അപേക്ഷിച്ച് കുറയുകയും ചെയ്‌തു. സിംഗിൾ ലൈഫ് തെരഞ്ഞെടുക്കുന്ന സ്ത്രീകൾക്ക് ജീവിത വിജയം നേടാൻ സഹായിക്കുന്ന 10 കാര്യങ്ങൾ ഇതാ.

കരിയറിൽ മുന്നേറാം

ബന്ധങ്ങൾ നില നിർത്താനും പൊരുത്തപ്പെട്ടു പോകാനും വേണ്ടി ധാരാളം സമയവും പ്രയത്നവും ഊർജ്‌ജവും വേണ്ടി വരിക സ്വാഭാവികമാണ്. സിംഗിൾ ആണെങ്കിൽ ഇത്തരം സമ്മർദ്ദം പൊതുവെ കുറവായിരിക്കും. സ്വന്തം എനർജിയും സമയവും ശ്രദ്ധയും എല്ലാം പ്രൊഫഷനിലും കരിയറിലും പൂർണ്ണമായി കേന്ദ്രീകരിക്കാൻ കഴിയും. അതിലൂടെ പ്രൊഡക്‌ടിവിറ്റി കൂട്ടുന്നു. ലേറ്റ് നൈറ്റ് മീറ്റിംഗ്, ബിസിനസ്സ് ഡിന്നർ, ഒഫീഷ്യൽ ടൂർ ഇവയ്ക്ക് പങ്കെടുക്കുന്നതിന് കൂടുതൽ സ്വാതന്ത്യ്രവും താൽപര്യവും ഉണ്ടാകും. സ്‌ഥാപനത്തിനു വേണ്ടി പൂർണ്ണമനസ്സോടെ ജോലി ചെയ്യാനും കഴിയുന്നു. അങ്ങനെ പ്രൊമോഷൻ സാധ്യതയും മറ്റുള്ളവരെക്കാൾ വർദ്ധിക്കുകയും ചെയ്യുന്നു.

ഇഷ്‌ടമുള്ളത് ചെയ്യാം

വിവാഹിതരായാൽ പങ്കാളിയുടെ ഇഷ്‌ടാനിഷ്ടങ്ങൾ പരിഗണിക്കേണ്ടി വരുന്നത് സ്വാഭാവികമാണ്. ഇഷ്‌ടമുള്ളത് ചെയ്യാൻ ഒട്ടും പ്രയാസമോ തടസമോ സിംഗിൾ ലൈഫിൽ ഉണ്ടാകില്ല. ജീവിതത്തിന്‍റെ ഓരോ വേളയും മനം നിറയെ ആസ്വദിക്കാനും ആഘോഷിക്കാനും സ്വന്തം തീരുമാനത്തിലൂടെ മാത്രമേ കഴിയൂ. കുറ്റബോധമില്ലാതെ ആരെയും ഭയക്കാതെ ജീവിതത്തിൽ മുന്നോട്ടു പോകാൻ കഴിയുമെന്നതാണ് സിംഗിൾ ലൈഫിന്‍റെ പ്രത്യേകത. കോളേജ് കാലത്തെ ജീവിതം പോലെ അടിച്ചു പൊളിക്കാൻ ഏതാനും കൂട്ടുകാർ കൂടി ഉണ്ടെങ്കിൽ രസം കൂടും. സ്വന്തം കാര്യം മാത്രമല്ല സ്വന്തം അച്‌ഛനമ്മമാരുടെ കാര്യം നോക്കാനും കൂടുതൽ സമയം ലഭിക്കും. എപ്പോഴും സന്തോഷമായിരിക്കാനും റിലാക്‌സ് ആവാനും ഇതു തന്നെ ധാരാളം.

ഫിറ്റ്, യംഗ്

സ്വന്തം കാര്യം നോക്കാൻ കൂടുതൽ സമയം കിട്ടുമെന്ന് പറഞ്ഞല്ലോ. അത് സൗന്ദര്യപരിചരണത്തിലും ലഭിക്കും. ആരോഗ്യം, ഡയറ്റ്, ബ്യൂട്ടി ഇതൊക്കെ യഥേഷ്ടം ശ്രദ്ധിക്കാൻ സമയം ലഭിച്ചാൽ കൂടുതൽ കാലം സുന്ദരിയായിരിക്കാം. അവിവാഹിതരുടെ ദീർഘ യൗവനത്തിന്‍റെ ഒരു രഹസ്യം ഇതാണ്. കരിയർ ഗേൾ ആകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്വയം ഫിറ്റും ഗ്ലാമറസും പ്രസൻറബിളും ആയിരിക്കണം.

ഇൻഡിപെൻഡന്‍റ്

വിവാഹം മാത്രമല്ല, മറ്റൊരു തരത്തിലുള്ള ബന്ധത്തിലും (പ്രണയം, ലിവ് ഇൻ റിലേഷൻഷിപ്പ്) ഏർപ്പെടാതിരിക്കുമ്പോൾ ദൈനംദിന ജീവിതത്തിന്‍റെ ഓരോ നിമിഷവും വളരെ സ്വാതന്ത്യ്രത്തോടെ ചെലവിടാൻ കഴിയും. മാത്രമല്ല മറ്റൊരാളുടെ സഹായം നിത്യേനയുള്ള ജീവിതത്തിൽ ഒന്നിലും ലഭിക്കാൻ സാധ്യത ഇല്ലാത്തതിനാൽ ആരെയും ആശ്രയിക്കാതെ എല്ലാം ചെയ്യാൻ ശീലിക്കുകയും ചെയ്യും.

ഏതു ഘട്ടവും സ്വീകാര്യം

സിംഗിൾ ഹുഡ് മാനസികമായി ശക്‌തി പകരും. സ്ട്രെസ് കൂടിയാൽ അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സ്വയം മനസ്സിലാക്കുകയും അതിന് സ്വയം തയ്യാറാവുകയും ചെയ്യുന്നു. ഒരു തരത്തിലും സ്വയം സന്തോഷത്തെ നഷ്‌ടപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നവരായിരിക്കും സിംഗിൾ പേഴ്സൺ. മുന്നിൽ എത്തുന്ന ഏതു വിഷയവും നിഷ്പക്ഷതയോടെ നോക്കിക്കണ്ട് സ്വീകരിക്കാൻ കഴിയുന്നു.

ഉറങ്ങാം കൊതി തീരെ

വിവാഹിതരായ സ്ത്രീകളെ അപേക്ഷിച്ച് അവിവാഹിത സ്ത്രീകൾക്ക് ഉറങ്ങാൻ കൂടുതൽ സമയം ലഭിക്കാറുണ്ട്. അവരുടെ സ്ലീപ്പിംഗ് റുട്ടീൻ തന്നെയാണ് അവരുടെ ശരീരത്തിന്‍റെയും ജോലിയുടെയും ഊർജ്‌ജസ്വലതയുടെ അടിസ്‌ഥാനം. ഭർത്താവിന്‍റെ പിണക്കം, അമ്മായിയമ്മയുടെ ദേഷ്യം ഇതൊന്നും കാണേണ്ടി വരുന്നില്ലാത്തതിനാൽ സ്ട്രെസ് ഫ്രീ സ്ലീപ്പ് ലഭിക്കുന്നു. തലച്ചോറിന് വേണ്ടത്ര ആരോഗ്യം ഇതിലൂടെ ലഭിക്കുകയും ചെയ്യുന്നു.

ലൈഫ്സ്റ്റൈൽ

ഇഷ്‌ടമുള്ള ലൈഫ്സ്റ്റൈൽ പിന്തുടരുന്നതിന് മറ്റാരുടെയും അനുവാദം വേണ്ടിവരില്ല. ഭക്ഷണ ശീലം, ഡ്രസ്സിംഗ്, വ്യായാമത്തിന്‍റെ ഷെഡ്യൂൾ ഇവയൊക്കെ സ്വന്തം സമയവും സൗകര്യവും നോക്കി ചെയ്യാൻ കഴിയും.

സാമ്പത്തിക പ്രതിസന്ധി കുറയും

ഉദ്യോഗസ്‌ഥ ദമ്പതികൾക്കിടയിൽ പലപ്പോഴും ഉണ്ടാകുന്ന എന്‍റെ പണം, നിന്‍റെ പണം എന്ന ചിന്തയും ഈഗോയും ഇടയ്ക്കിടെ കടന്നു വരും. വാദപ്രതിവാദങ്ങൾ കടുത്ത സമ്മർദ്ദം മനസ്സിലുണ്ടാക്കും. ഒറ്റയ്ക്കുള്ള ജീവിതത്തിൽ സ്വന്തം പണം സ്വന്തം ഇഷ്‌ട പ്രകാരം ചെലവഴിക്കാനുള്ള സ്വാതന്ത്യ്രം കൂടുതലുണ്ടാകും. എത്ര സേവ് ചെയ്തു, എത്ര ചെലവഴിച്ചു തുടങ്ങിയ ചോദ്യങ്ങളും ഉത്തരങ്ങളും സിംഗിൾ ലൈഫിൽ ഇല്ല. യഥേഷ്ടം ഷോപ്പിംഗ് ചെയ്യാം, ബ്യൂട്ടി പാർലറിൽ പോകാം, ബാങ്കിൽ നിക്ഷേപിക്കാം.

വേറിട്ട വ്യക്‌തിത്വം 

കരിയറിൽ സെറ്റിൽ ആയാൽ പിന്നെ സ്വന്തം ഹോബികളൊക്കെ പൊടിതട്ടി മിനുക്കിയെടുക്കാം. സമയമില്ലാത്തതുകൊണ്ടോ മറ്റോ പാതിവഴിയിൽ ഉപേക്ഷിച്ച പലആഗ്രഹങ്ങളും ഹോബികളും വീണ്ടും പുറത്തു കൊണ്ടു വരാം. വ്യക്‌തിത്വത്തിന് മാറ്റ് കൂട്ടാൻ ഇത് നല്ല മാർഗ്ഗമാണ്.

എപ്പോൾ വേണം ഹോളിഡേ?

 സിംഗിൾ ആയി ജീവിക്കുന്നതിന്‍റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്നാണ് നമുക്ക് ആവശ്യമുള്ളപ്പോൾ അവധി ആഘോഷിക്കാം എന്നത്. ഒരു സ്ഥലം തെരഞ്ഞെടുത്ത് കറങ്ങാൻ പോകാൻ മറ്റൊരാളുടെ സമയവും കാലവും സമ്മതവും കാത്തു നിൽക്കേണ്ടിവരില്ല. മഞ്ഞു മൂടിയ മലകളോ, സമുദ്ര തീരങ്ങളോ വിളിക്കുന്നുവെന്നു തോന്നിയാൽ ഉടനെ പോകാം ഒട്ടും മടിക്കേണ്ട. അറിയുക, ഹോളിഡേ ശരിക്കും സിംഗിൾ ലൈഫ്കാരുടെതാണ്.

और कहानियां पढ़ने के लिए क्लिक करें...