കുഞ്ഞുങ്ങളുടെ ലഞ്ച് ബോക്‌സിൽ രുചികരമായി എന്താണ് കരുതേണ്ടതെന്നതിനെപ്പറ്റി എല്ലാ അമ്മമാരും ആശങ്കപ്പെടുന്ന ഒരു കാര്യമാണ്. അതിന് കാരണവുമുണ്ട്. വീട്ടിൽ നിന്നും കൊടുത്തു വിടുന്ന ഭക്ഷണം പാതി കഴിച്ചോ കഴിക്കാതെയോ ആകും മിക്ക കുട്ടികളും സ്ക്കൂളിൽ നിന്നും തിരിച്ചു കൊണ്ടുവരിക. പതിവ് രുചി കഴിച്ചുള്ള മടുപ്പോ ഭക്ഷണത്തോടുള്ള താൽപര്യക്കുറവോ ആകാം ഇതിനുള്ള പ്രധാന കാരണങ്ങൾ.

പൊന്നോമനകൾക്കായി തയ്യാറാക്കുന്ന വിഭവങ്ങളിൽ സ്വാദും പോഷകങ്ങളും ഒരുപോലെ വേണമെന്നുണ്ടെങ്കിൽ കുഞ്ഞുങ്ങൾക്കിഷ്ടപ്പെടുന്ന രുചിക്കും പ്രാധാന്യം നൽകണം. എന്നും ഒരേ തരം ഭക്ഷണം കഴിക്കുക ഏതൊരാൾക്കും മടുപ്പുണ്ടാക്കുന്ന കാര്യമാണ്. എന്നും ഒരേ വിഭവം ടിഫിനിൽ കാണുന്ന കുഞ്ഞ് അതിൽ നിന്നും മുഖം തിരിക്കും. അതോടെ കുഞ്ഞിന്‍റെ ആരോഗ്യ കാര്യമോർത്ത് അമ്മമാർ കൂടുതൽ വേവലാതിപ്പെടും.

പക്ഷേ എന്നും കുട്ടികൾക്കിഷ്ടപ്പെടുന്ന ഭക്ഷണം ഒരുക്കി ടിഫിനിൽ കൊടുത്തു വിടുകയെന്നത് പ്രയാസമേറിയ കാര്യമാണ്. എന്നാൽ ഇവിടെ കൊടുത്തിരിക്കുന്ന ടിഫിൻ ഐഡിയകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ. ടെൻഷൻ അകന്നു കിട്ടും.

പ്രോട്ടീൻ ദോശ

ആട്ടമാവു കൊണ്ടുള്ള ചപ്പാത്തി തയ്യാറാക്കുന്നതിന് പകരം മൾട്ടിഗ്രെയിൻ മാവ് കൊണ്ട് മറ്റൊരു പരീക്ഷണം നടത്തി നോക്കിയാലോ?

മൾട്ടിഗ്രെയിൻ ആട്ട അല്ലെങ്കിൽ മുളപ്പിച്ച ചെറുപ്പയർ അല്ലെങ്കിൽ പലയിനം പരിപ്പുകളും ധാന്യങ്ങളും ചേർത്ത് തയ്യാറാക്കി നോക്കൂ. പ്രോട്ടീൻ ദോശ തയ്യാറാക്കാൻ എളുപ്പമാണ്. ഒരു വ്യത്യാസം മാത്രമേയുള്ളൂ. പലയിനം ധാന്യങ്ങൾ തലേന്ന് കുതിർത്ത് അരച്ച് വയ്ക്കണം. എന്ന് മാത്രമേയുള്ളൂ.

മാവ് തയ്യാറാക്കാൻ വെള്ളത്തിന്‍റെ സ്‌ഥാനത്ത് വെജിറ്റബിൾ സ്റ്റോക്ക് അല്ലെങ്കിൽ വെള്ളം ചേർത്ത തൈരോ ചേർത്താൽ മതി. ഇനി ഇതിൽ ചെറുതായി നുറുക്കിയ പച്ചക്കറികൾ, ഉപ്പ്, മസാല എന്നിവ ചേർത്ത് മിക്‌സഡ് ദോശ തയ്യാറാക്കാം. സോസിനൊപ്പം ടിഫിനിൽ കൊടുത്തുവിടുകയും ചെയ്യാം. കുട്ടികൾക്ക് ഇതിഷ്ടമാകും.

സ്വീറ്റ് വൈറ്റ് ഫിഗ്

നിങ്ങളുടെ പിഞ്ചോമനയ്ക്ക് മധുരം ഇഷ്‌ടമല്ലേ. ഇഷ്‌ടമാണെങ്കിൽ കൂടി ആർട്ടിഫിഷ്യൽ സ്വീറ്റ്നർ കൊണ്ട് തയ്യാറാക്കി മധുരം കൊടുക്കരുത്, ഇത് മധുരവും രുചിയുമുണ്ടെങ്കിലും ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യില്ല. മറിച്ച് അത് ആരോഗ്യത്തെ പ്രതീകൂലമായി ബാധിക്കും.

സ്വീറ്റ് വൈറ്റ് ഫിഗ് തയ്യാറാക്കാൻ ചീനച്ചട്ടിയിൽ ഫിഗ് (അത്തിപ്പഴം), പാൽ, തേങ്ങ നന്നായി അരച്ചതും ചേർത്ത് പാകം ചെയ്യുക. വെള്ളവും പാലും നന്നായി വറ്റും വരെ പാകം ചെയ്യണം. ഇനി ഇത് മിക്‌സറിലിട്ട് അരച്ച് പേസ്റ്റാക്കാം. പാനിൽ നൊയ്യൊഴിച്ച് പേസ്റ്റ് ഇട്ട് ഇളക്കുക. ഇനി ഇതിൽ എള്ള്, തേൻ, ഏലയ്ക്ക പൊടി, ബദാം നുറുക്കിയതുമിട്ട് അൽപനേരം ഇളക്കി ഫ്രൈ ചെയ്യാം.

തണുത്ത ശേഷം ഇത് ഉരുട്ടി ബോൾസ് തയ്യാറാക്കാം. ഓരോ ബോളിലും കശുവണ്ടി പരിപ്പ് ഒട്ടിച്ച് വയ്‌ക്കുക. സ്വീറ്റ് വൈറ്റ് ഫിഗ് തയ്യാർ. ടിഫിനിൽ സ്നാക്ക്സായി സ്വീറ്റ് വൈറ്റ് ഫിഗ് കുട്ടികൾക്ക് കൊടുത്തു വിടാം.

ചീസി റവ ഉപ്പുമാവ്

റവ കൊണ്ടും കുട്ടികൾക്കിഷ്ടമുള്ള വിഭവം ഉണ്ടാക്കാം. സാധാരണ റവ  ഉപ്പുമാവിൽ ചീസ്, പനീർ തുടങ്ങിയവ ഇട്ട് കുട്ടികൾക്കിഷ്ടപ്പെട്ട ഡിഷ് തയ്യാറാക്കാം. പനീർ മാത്രമല്ല ന്യൂടില്ല, ബ്രോക്കോലി, മുളപ്പിച്ച ധാന്യങ്ങൾ, ചെറുപ്പയർ, ചുവന്ന പരിപ്പ് അല്ലെങ്കിൽ ചോറ് വേവിച്ച് ചേർത്തും ഉപ്പുമാവ് സ്വാദിഷ്ടമാക്കാം.

കളർഫുൾ ആട്ട

ചപ്പാത്തിയോ പൊറോട്ടയോ തയ്യാറാക്കാൻ മാവ് വെള്ളം ചേർത്ത് കുഴയ്ക്കുന്നതിന് പകരമായി പരിപ്പ് വേവിച്ച വെള്ളമോ, പാലോ, വെജിറ്റബിൾ സ്റ്റോക്കോ, പച്ചക്കറി ജ്യൂസോ, പച്ചക്കറി അരച്ച പേസ്റ്റോ ചേർത്ത് കുഴച്ച് സ്വാദിഷ്ടമായ ചപ്പാത്തിയോ പൊറോട്ടയോ തയ്യാറാക്കാം.

പനീർ ഊത്തപ്പം

ദോശമാവു കൊണ്ടാണ് ഊത്തപ്പം തയ്യാറാക്കേണ്ടത്. ഊത്തപ്പം ടേസ്റ്റിയും പോഷകസമ്പന്നവുമാക്കാൻ ഇത് പ്രോട്ടീൻ സമ്പന്നമാക്കുക. ഊത്തപ്പത്തിനുള്ള മാവ് തയ്യാറാക്കുന്നതിന് റവയിൽ തൈര് ചേർത്ത് മാവ് തയ്യാറാക്കാം. ചെറുതായി നുറുക്കിയ പനീറും ഇഷ്‌ടപ്പെട്ട പച്ചക്കറികളും തയ്യാറാക്കി വയ്‌ക്കുക. മാവ് ചൂട് തവയിൽ കോരിയൊഴിച്ച് ദോശ പോലെയാക്കുക. രണ്ട് വശവും ഷാലോ ഫ്രൈ ചെയ്യാം. തയ്യാറായ ഊത്തപ്പത്തിൽ പനീറും പച്ചക്കറികളും ആവശ്യമെങ്കിൽ ചാട്ട്മസാലയും വിതറി എടുക്കുക. ടിഫിനിൽ ഊത്തപ്പത്തിനൊപ്പം പച്ച ചട്നിയോ തക്കാളി ചട്നിയോ കൊടുത്തുവിടാം.

കോൺ കബാബ്

ചോളത്തിന്‍റെ ഗുണഗണങ്ങളെക്കുറിച്ച് എല്ലാവർക്കും നന്നായി അറിയാവുന്ന കാര്യമാണല്ലോ. കുഞ്ഞുങ്ങൾക്ക് ചോളമലരിലുള്ള പോഷകങ്ങൾ കിട്ടണമെന്നുണ്ടെങ്കിൽ പലതരം വിഭവങ്ങളിൽ ചോളം ചേർത്ത് കുഞ്ഞുങ്ങൾക്ക് കൊടുക്കാം. കോൺ കബാബ് അത്തരത്തിലുള്ള നല്ലൊരു ചോയിസാണ്. അതിനായി പുഴുങ്ങിയ ഉരുളക്കിഴങ്ങിൽ തരിതരിയായി അരച്ച ചോള മലരുകൾ, ചീകിയെടുത്ത പനീർ, ചെറുതായി അരിഞ്ഞ പച്ചക്കറികൾ, ഇഷ്‌ടപ്പെട്ട സീസണിംഗ് എന്നിവ ചേർത്ത് ചെറിയ കബാബ് തയ്യാറാക്കി ഡീപ് ഫ്രൈ ചെയ്തെടുക്കാം. തയ്യാറാക്കിയ കോൺ കബാബ് ചട്നിക്കൊപ്പം കുട്ടികളുടെ ടിഫിനിൽ തയ്യാറാക്കി കൊടുത്തു വിടാം. എണ്ണയുടെ അളവ് പരമാവധി കുറയ്ക്കണമെന്നുണ്ടെങ്കിൽ കബാബ് നന്നായി പരത്തി ചൂട് പാനിൽ തിരിച്ചും മറിച്ചുമിട്ട് ഷാലോ ഫ്രൈ ചെയ്യാം.

ടാംഗി ഉപ്പുമാവ്

 തക്കാളിയുടെ പുളിപ്പും മധുരവും ചേർന്ന രുചി ഇഷ്‌ടപ്പെടുന്നവരാണല്ലോ കുട്ടികൾ. അങ്ങനെയാണെങ്കിൽ റവ ഉപ്പുമാവിൽ ചെറിയൊരു മാറ്റം വരുത്തി രുചി വൈവിധ്യമൊരുക്കാം. റവ ഉപ്പുമാവ് ഉണ്ടാക്കുന്ന സമയത്ത് വെള്ളത്തിന് പകരമായി തക്കാളി നീരോ പരിപ്പ് വേവിച്ച വെള്ളമോ വെജിറ്റബിൾ സ്റ്റോക്കോ ചേർക്കാം. സ്വാദ് കൂട്ടാൻ ഉപ്പും മസാലയും സീസണിംഗ് ചെയ്യാം. ഉപ്പുമാവ് നല്ല ക്രഞ്ചിയും ടേസ്റ്റിയുമായി തയ്യാറാക്കാൻ അതിൽ നട്ട്സ് നെയ്യിൽ വറുത്ത് ചേർക്കാം. ടാംഗോ ഉപ്പുമാവ് ടുമാറ്റോ കെച്ചപ്പിനൊപ്പം കുട്ടിയ്ക്ക് ടിഫിനിൽ കൊടുത്തു വിട്ടോളൂ.

और कहानियां पढ़ने के लिए क्लिक करें...