അമ്മ അന്നേ പറഞ്ഞതാണ് പെർമെനന്‍റ് ടാറ്റു ചെയ്യണ്ടാന്ന്. ഈ ഡ്രാഗൺ ടാറ്റു കാരണം നീ ഭാവിയിൽ സങ്കടപ്പെടുമെന്ന് അമ്മ പറഞ്ഞപ്പോൾ അന്ന് എനിക്കത് മനസ്സിലായില്ല. നാലു വർഷങ്ങൾക്കു ശേഷം ഒരു ഇന്‍റർനാഷണൽ എയർലൈൻസിൽ ജോലിയുടെ സുവർണ്ണാവസരം വന്നപ്പോഴാണ് ടെൻഷനായത്. ഈ ടാറ്റു കാരണം കരിയറിന്‍റെ ഏറ്റവും നല്ല അവസരം നഷ്‌ടപ്പെടുമോ?

ടാറ്റു ചെയ്‌ത് വെട്ടിലായ അനേകം പെൺകുട്ടികൾ ഉണ്ട്. അനുപമ അതിൽ ഒരാളെന്ന് മാത്രം. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യൻ യുവാക്കളുടെ ഹരമാണ് ടാറ്റു. സ്കിൻ സ്പെഷലിസ്‌റ്റുകൾ പറയുന്നത് പെർമെനന്‍റ് ടാറ്റു മുഴുവനായും നീക്കം ചെയ്യാൻ സാധിക്കില്ല എന്നാണ്. കാരണം അത് ശരീരത്തിൽ സ്‌ഥായിയാണ്. അത് മായ്ച്ചു കളയാൻ വലിയ പ്രയാസമാണ്. പക്ഷേ ടാറ്റു പൂർണ്ണമായി മായ്ച്ചു കളയാൻ ഗ്യാരന്‍റി നൽകുന്ന ചില സർജറികൾ ഉണ്ട്. ഇതെപ്പറ്റി രണ്ട് അഭിപ്രായവും നില നിൽക്കുന്നുണ്ട്. ചിലരിൽ ഇത് വർക്ക് ആകുമ്പോൾ ചിലരിൽ സാധ്യമാവാറുമില്ല.

ടാറ്റു മായ്ച്ചു കളയാനായി പല മാർഗ്ഗങ്ങളും പുതുതായി വന്നിട്ടുണ്ട്. ശരീരത്തിന് അതുണ്ടാക്കുന്ന പാർശ്വഫലങ്ങളെപ്പറ്റി പഠനങ്ങൾ വരുന്നതേയുള്ളൂ. അതിന്‍റെ ഫലം സാഹചര്യങ്ങൾക്ക് അനുസരിച്ചിരിക്കും. ടാറ്റുവിന്‍റെ വലുപ്പം, അതു ചെയ്‌തിരിക്കുന്ന സ്‌ഥാനം, വേദന സഹിക്കാനുള്ള ക്ഷമത, എങ്ങനെയുള്ള രീതിയിലാണ് ടാറ്റു ചെയ്‌തത്, എത്ര കാലമായി ടാറ്റു ശരീരത്തിലുണ്ട് തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുക്കേണ്ടി വരും.

അനുഭവ സമ്പത്തുള്ള ടാറ്റു ആർട്ടിസ്റ്റാണ് ചെയ്‌തതെങ്കിൽ അത് റിമൂവ് ചെയ്യാൻ വലിയ പ്രയാസം നേരിടില്ല. അല്ലാത്ത പക്ഷം സംഗതി കുറച്ച് പ്രയാസമാവും. കാരണം അവരുപയോഗിച്ച മഷി, ചെയ്യാനുപയോഗിച്ച രീതി, ടൂൾ എന്നിവ ശരിയായതല്ലെങ്കിൽ കൃത്യമായി നീക്കി കളയാൻ കഴിയില്ല. ശരീരത്തിൽ മഷി കൃത്യമായ അളവിൽ അല്ല നിറച്ചതെങ്കിൽ ബുദ്ധിമുട്ടാവും. പഴയകാല ടാറ്റുവിനേക്കാൾ പുതുതായി പച്ചകുത്തിയ ടാറ്റു മാച്ച് കളയാൻ വളരെ എളുപ്പമാണ്.

ടാറ്റു മാച്ച് കളയുന്ന പ്രക്രിയ

5 വർഷം മുമ്പ് ടാറ്റു മായ്ച്ച് കളയാൻ നിലവിൽ ഉണ്ടായിരുന്ന പ്രക്രിയ വളരെ വേദനാജനകമായിരുന്നു. ഇന്ന് ടെക്നോളജി മാറി. മാത്രമല്ല അന്ന് ചെലവും കൂടുതലായിരുന്നു. 100 ശതമാനം വിജയവും ലഭിക്കില്ലായിരുന്നു. ഇന്ന് പക്ഷേ സംഗതി മാറി. ലേസർ ടെക്നിക് കുറെ കൂടി ആധുനികമായിട്ടുണ്ട്. മാത്രമല്ല സുരക്ഷിതവുമാണ്. വേദനയില്ലാതെ ടാറ്റു മായ്ച്ചു കളയാനും സാധിക്കുന്നു. മുൻകൂട്ടി ഫലം പ്രവചിക്കാനും സാധിക്കും. കാരണം ടാറ്റുവിന്‍റെ പഴക്കവും മറ്റ് ഘടകങ്ങളും കണക്കിലെടുത്താണല്ലോ ചെയ്യുന്നത്.

ടാറ്റു മായ്ച്ച് കളയുന്നതിനും അതിൽ നിന്ന് മോചനം നേടുന്നതിനും പലകാരണങ്ങളും ഉണ്ട്. ടാറ്റു ചെയ്‌ത ശേഷം പലർക്കും അതൊരു ബാധ്യതയായി തോന്നാറുണ്ട്. അല്ലെങ്കിൽ കല്യാണ ആലോചനയോ ജോലി കാര്യമോ വരുമ്പോഴാവും അതിന്‍റെ പ്രയാസം മനസ്സിലാവുന്നത്. ഇനി അത്തരം പ്രശ്നങ്ങൾ ഈസിയായി കൈകാര്യം ചെയ്യാനാവും. ഏറ്റവും പുതിയ ലേസർ ടെക്നോളജി സുരക്ഷിതമാണ്.

ലേസർ റിമൂവൽ ടെക്നിക്

ടാറ്റു ചെയ്യാൻ ഉപയോഗിക്കുന്ന മഷി, മാംഗനീസ് തുടങ്ങിയ പദാർത്ഥങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന മിശ്രിതമാണ്. ചില ചുവന്ന മഷിയിൽ മെർക്കുറിയും അടങ്ങിയിട്ടുണ്ടാവും. ഈ ധാതുക്കൾ അടങ്ങിയതിനാലാണ് ടാറ്റു പെർമെനന്‍റ് ആവുന്നത്. അതിനാൽ ഇത്തരം ടാറ്റു നീക്കം ചെയ്യാനായി ആധുനിക ലേസർ ടെക്‌നിക് വേണ്ടി വരുന്നു.

ടാറ്റുവിന്‍റെ നിറം നീക്കാനായുള്ള വേദനരഹിത പ്രക്രിയ (ക്യൂ സ്വിച്ച് ലേസർ) ആണിത്. ബഹുവർണ്ണത്തിലുള്ള ടാറ്റു മായ്ച്ചു കളയുന്നതിനേക്കാൾ എളുപ്പത്തിൽ കറുപ്പ് നിറത്തിലുള്ള ടാറ്റു നീക്കം ചെയ്യാൻ സാധിക്കും. കറുപ്പ് മഷി പൂർണ്ണമായും മായ്ച്ചു കളയാനും കഴിയുന്നു. ഈ പ്രക്രിയയിൽ ലേസർ കിരണങ്ങൾ ചർമ്മത്തിനുള്ളിൽ പ്രവേശിച്ച് ടാറ്റുവിന്‍റെ മഷി വറ്റിച്ച് കളയുന്നു.

വിവിധ നിറങ്ങളിലുള്ള ടാറ്റുവാണെങ്കിൽ വിവിധ ലേസറുകൾ ഉപയോഗിക്കേണ്ടതായി വരും. ഓരോന്നിന്‍റെയും വിശേഷമായ തരംഗം ഉണ്ട്. അത് ഓരോന്നും യോജിക്കുന്നതായിരിക്കണം. ഉദാഹരണത്തിന് കറുത്ത മഷിക്ക് 1064 എൻഎം ഉള്ള നിശ്ചിത റേഡിയോ തരംഗങ്ങൾ ആവശ്യമാണ്. അത് ജോക്കി ക്യൂ സ്വിച്ച്ഡ് എൻട്രി വൈഎജി ലേസർ ആണ്. ചുവപ്പ് മഷി നീക്കം ചെയ്യാനായി ഉപയോഗിക്കുന്നത് 532 എൻഎം റേഡിയോ തരംഗമാണ്.

ടാറ്റു കണങ്ങൾ ലേസർ കിരണങ്ങളെ വലിച്ചെടുക്കുന്നു തുടർന്ന് ചൂടാവുന്നു. എന്നിട്ട് ചെറിയ കണികകളായി വിഘടിക്കുന്നു. ഇത്തരം ചെറുകണങ്ങളെ നമ്മുടെ ശരീരത്തിന്‍റെ പ്രതിരോധ സംവിധാനം സാവധാനം വലിച്ചെടുക്കുന്നു. ക്രമേണ ടാറ്റു മാഞ്ഞ് പോകുന്നു.

ചികിത്സക്കായി ചിലപ്പോൾ കുറെയധികം സിറ്റിംഗുകൾ വേണ്ടി വരാം. ചിലപ്പോൾ 2 മുതൽ 10 വരെ പ്രാവശ്യം പോകേണ്ടി വന്നേക്കാം. രണ്ടുമാസത്തിലൊരിക്കലേ ലേസർ ചെയ്യാനായി സാധിക്കുകയുള്ളൂ. വലിയ ടാറ്റു ആണെങ്കിൽ പൂർണ്ണമായും കളയാൻ ഒന്നര വർഷം വരെ എടുക്കും. അതായത് ചുരുങ്ങിയത് 5 സിറ്റിംഗ്.

ഒറ്റയടിക്ക് മായ്ക്കുകയല്ല

മിക്കവരും കരുതുന്നത് ടാറ്റു നീക്കം ചെയ്യാൻ മാത്രമാണ് ലേസർ ടെക്നിക് ഉപയോഗിക്കുന്നത് എന്നാണ്. ഇതുമാത്രമല്ല ടാറ്റുവിന്‍റെ നിറം മങ്ങിപ്പിക്കാനും കുറച്ച് കൊണ്ടുവരാനും ഈ ടെക്നിക് ഉപയോഗിക്കുന്നു. ടാറ്റു നീക്കുന്നതും ഇങ്ങനെയാണ്. അതിന്‍റെ നിറം കുറച്ച് കുറച്ച് കൊണ്ട് വരുന്നു. എന്നിട്ട് അവസാന സിറ്റിംഗാകുമ്പോഴേക്കും അത് പൂർണ്ണമായി മാഞ്ഞ് പോകുകയാണ് ചെയ്യുന്നത്. നിറം മാറ്റണമെങ്കിലോ കൂടുതൽ നൽകണമെങ്കിലോ ടാറ്റുവിന്‍റെ രൂപം മാറ്റണമെങ്കിലോ ഒക്കെ ലേസർ ടെക്‌നിക് കൊണ്ട് സാധിക്കും. സാധാരണയായി 3 മുതൽ 5 ആഴ്ച കൊണ്ട് പഴയത് മായ്ച്ച് കളഞ്ഞ് ചർമ്മത്തിൽ പുതിയ ടാറ്റു ചെയ്യാവുന്ന വിധത്തിലാകും.

ടാറ്റു നീക്കം ചെയ്യുക എന്ന് പറഞ്ഞാൽ മെല്ലെ മെല്ലെ നിറം മങ്ങിപ്പിക്കുക എന്ന ടെക്നിക്കാണ്. അല്ലാതെ ഒറ്റയടിക്ക് മായ്ച്ചു കളയുന്ന രീതിയല്ല. ടാറ്റുവിന്‍റെ ഓരോ ഭാഗം മാർക്ക് ചെയ്‌ത് നിറം മങ്ങാനുള്ള കാര്യങ്ങൾ ചെയ്യുന്നു. ഇതിന്‍റെ മുകളിൽ വേണമെങ്കിൽ പുതിയ ടാറ്റു ചെയ്യുകയുമാവാം. മായ്ച്ച സ്‌ഥലത്ത് അടയാളം ഒട്ടും തന്നെ ഉണ്ടാവുകയില്ല. അതിനാൽ പുതിയ മഷി കൊണ്ടുള്ള ടാറ്റു ഇടാനും ബുദ്ധിമുട്ടുണ്ടാവുകയില്ല.

പ്രയാസങ്ങൾ, പ്രയോജനങ്ങൾ

അശാസ്ത്രീയമായി ചെയ്ത ടാറ്റു നീക്കം ചെയ്താലും ചിലപ്പോൾ അവിടെ പാടുകൾ അവശേഷിക്കാം. ലേസർ പ്രക്രിയ വേദനാജനകമല്ല. എന്നാൽ തീർത്തും വേദനാരഹിതവുമല്ല. ഇതു ചെയ്യാനായി രോഗിക്ക് ആശുപത്രിയിൽ കിടക്കേണ്ടി വരില്ല. ഇത് വളരെ നോർമലായ ഒരു പ്രക്രിയയാണ്. ടാറ്റു നീക്കിയ ഇടം കുറച്ച് തിണർത്തു വരാം. ചുവന്ന നിറവും ഉണ്ടാവും. പക്ഷേ ഏതാനും മണിക്കൂറുകൾക്കകം അത് മാറും, ടാറ്റു മായ്ക്കേണ്ട ഭാഗത്ത് മരവിപ്പിക്കാനുള്ള ക്രീം തേച്ചതിനു ശേഷമാണ് ലേസർ ടെക്നിക്ക് അപ്ലെ ചെയ്യുന്നത്. മരവിപ്പിക്കുന്നതിനാൽ വേദനയുടെ കാഠിന്യം അറിയുകയില്ല.

ലേസർ പ്രക്രിയയ്ക്കുള്ള ചെലവ്

 ടാറ്റു ചെയ്യുന്നതിനു മുമ്പ് അത് വേണോ എന്ന് നന്നായി ആലോചിക്കുക. ടാറ്റു കുത്തുന്നതിനേക്കാൾ ചെലവാണ് നീക്കം ചെയ്യാൻ എന്ന് ഓർമ്മ വേണം. ടാറ്റു നീക്കം ചെയ്യാനുള്ള ചെലവ് ടാറ്റുവിന്‍റെ വലുപ്പം നിറം എന്നിവയെ ആശ്രയിച്ചിരിക്കും. ഒരു സിറ്റിംഗിന് ഏകദേശം മൂവായിരം രൂപ മുതൽ പതിനായിരം രൂപ വരെ ചെലവ് വരും. എക്സ്പർട്ടായിട്ടുള്ള വരെ കൊണ്ട് മാത്രം ടാറ്റു ചെയ്യിക്കാനും ശ്രമിക്കണം. വിദഗ്ദ്ധരായ സ്കിൻ സ്പെഷ്യലിസ്റ്റുകളെ കൊണ്ട് ടാറ്റു നീക്കം ചെയ്യിക്കുക. അല്ലെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടാകും. കല അവശേഷിക്കും.

और कहानियां पढ़ने के लिए क्लिक करें...