ഇന്നത്തെ കാലത്ത് സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് സാമാന്യം അറിവ് ഉണ്ടായിരിക്കേണ്ടത് ഓരോ വ്യക്‌തിയുടെയും ആവശ്യമാണ്.
സ്വന്തം ബാങ്ക് അക്കൗണ്ട്
സാമ്പത്തിക കാര്യങ്ങളിൽ കൃത്യതയുണ്ടാക്കാൻ ആദ്യമേ ചെയ്യേണ്ട സംഗതികളിലൊന്നാണ് സ്വന്തം ബാങ്ക് അക്കൗണ്ട്. ഉദ്യോഗം തേടുന്ന ആളാണെങ്കിലും വീട്ടമ്മയാണെങ്കിലും ശരി, ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കുന്നത് പ്രാഥമികമായ കാര്യമാണ്. ഉദ്യോഗസ്‌ഥയാണെങ്കിൽ തന്‍റെ വരുമാനം സുരക്ഷിതമായിരിക്കാൻ ബാങ്ക് അക്കൗണ്ട് ഇല്ലാതെ നിർവാഹമില്ല. ക്രെഡിറ്റ് കാർഡുകൾ സ്വന്തം പേരിൽ എടുത്തു വയ്ക്കുന്നതും ഗുണകരമാണ്. ക്രെഡിറ്റ് സ്കോർ ഉയർന്നിരുന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ വായ്പ എടുക്കേണ്ടി വന്നാൽ മുന്തിയ പരിഗണനയോടെ ലോൺ ലഭിക്കുകയും ചെയ്യും.
വലിയ തീരുമാനങ്ങളിൽ പങ്കുചേരാം
വീട്ടിലെ സാമ്പത്തിക കാര്യങ്ങൾ എല്ലാം പുരുഷന്‍റെ ചുമലിൽ വച്ചു കൊടുക്കുന്ന പതിവ് പൊതുവേ സ്ത്രീകൾക്കുണ്ട്. സ്വയം പണിയെടുത്ത് കിട്ടുന്ന വരുമാനം പോലും വിനിയോഗിക്കാൻ മടിക്കുന്ന സ്ത്രീകളും ധാരാളം. ബാങ്ക് അക്കൗണ്ട് ഉണ്ടായാലും എടിഎം ഉപയോഗിക്കാൻ മടിച്ച് കാർഡ് വീട്ടുകാരെ ഏൽപ്പിക്കുന്നവരുണ്ട്. സ്വന്തം സാമ്പത്തികാവശ്യങ്ങൾ നിർവഹിക്കാൻ മറ്റുള്ളവരുടെ സഹായം തേടുന്നവർക്ക് സ്വന്തം അക്കൗണ്ടിൽ എത്ര രൂപ ഉണ്ടെന്ന കാര്യം പോലും വ്യക്‌തമായി അറിയാനാവില്ല. വിശ്വാസം നല്ല കാര്യമാണ്. പക്ഷേ പണമിടപാടിൽ ജാഗ്രത പാലിക്കേണ്ടതും അനിവാര്യമാണ്. വീടു വാങ്ങൽ, ബീമപോളിസി ഇത്തരം കാര്യങ്ങളിൽ സാമ്പത്തിക വിദഗ്ധരിൽ നിന്ന് അഭിപ്രായം തേടാവുന്നതാണ്. നിർണായക ഘട്ടങ്ങളിലെ സാമ്പത്തിക ഇടപാടുകളിൽ പങ്കുചേരുന്നത് നിങ്ങളുടെ വ്യക്‌തിത്വത്തിന്‍റെ തിളക്കവും വർദ്ധിപ്പിക്കും.
വരവും ചെലവും
വീട്ടിലെ സാമ്പത്തികം ഭദ്രമാക്കാൻ വരവും ചെലവും എങ്ങനെയെന്ന ധാരണ വേണം. സ്വന്തം വരുമാനത്തിൽ നിന്ന് ചെലവാകുന്ന തുകയെ കുറിച്ചുള്ള അറിവും പ്രധാനമാണല്ലോ. അതിനാൽ വരവും ചെലവും കൃത്യമായി എഴുതി വയ്ക്കുന്നതിൽ യാതൊരു തെറ്റുമില്ല. എന്തെങ്കിലും സമ്പാദ്യത്തിലേക്ക് നീക്കി വയ്ക്കാൻ കഴിയുമോ എന്ന് അറിയണമെങ്കിൽ അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ കണക്കു വേണം. വരുമാനത്തേക്കാൾ ചെലവ് മാസം തോറും വരുന്നുണ്ടോ എന്നും പരിശോധിക്കണം.
കുട്ടികൾക്കു വേണ്ടി
കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കായി പണം സേവ് ചെയ്‌തു വയ്‌ക്കാൻ കഴിഞ്ഞാൽ ഭാവിയിൽ വലിയ ആശ്വാസമാകും. അത്രയേറെ പണച്ചെലവുള്ള സംഗതിയാണ് ഇക്കാലത്ത് വിദ്യാഭ്യാസം. എത്രയും ചെറുപ്പത്തിൽ സമ്പാദ്യം ആരംഭിക്കാമോ, അത്രയും നല്ലത്.
റിട്ടയർമെന്‍റ് കാലം
ജോലി ചെയ്‌തു കൊണ്ടിരിക്കുമ്പോൾ തന്നെ റിട്ടയർമെന്‍റ് കാലത്തെ കുറിച്ച് ചിന്തവേണം. വീട്ടുചെലവുകളുടെ തള്ളിക്കയറ്റത്തിൽ പലരും റിട്ടയർമെന്‍റ് ലൈഫിലേക്ക് സുരക്ഷിതമായ നിക്ഷേപം നീക്കി വയ്ക്കാൻ പലരും മറന്നു പോകും. അല്ലെങ്കിൽ കഴിയാതെ വന്നേക്കാം. സന്തോഷകരമായ വിശ്രമ ജീവിതം നയിക്കാൻ പണമില്ലാതെ പറ്റില്ലല്ലോ. റിട്ടയർമെന്‍റ് സമയത്ത് എത്ര നിക്ഷേപം വേണമെന്ന് സാമ്പത്തിക ഉപദേശകരോട് അഭിപ്രായം തേടാവുന്നതാണ്. ആരുടെയും ഔദാര്യം പറ്റാതെ മരണം വരെ കഴിഞ്ഞു കൂടാൻ ഇങ്ങനെ ചില മുൻകരുതലുകൾ വേണ്ടി വരും.
സമ്പാദ്യം നിക്ഷേപിക്കേണ്ട രീതി
എല്ലാ മാസത്തെയും ചെലവുകൾക്കു ശേഷം മിച്ചം വരുന്ന തുക നിക്ഷേപിക്കുമ്പോൾ ശരിയായ പദ്ധതികൾ തെരഞ്ഞെടുക്കണം. അതല്ലെങ്കിൽ പണം ഇരട്ടിക്കുകയില്ല. അനുയോജ്യമായ നിക്ഷേപ പദ്ധതികൾ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ചോദിച്ചു മനസ്സിലാക്കുക.
നിക്ഷേപത്തിന്‍റെ പുതുരീതികൾ
പരമ്പരാഗതമായി നമ്മുടെ നിക്ഷേപരീതികൾ ബാങ്കിൽ നിക്ഷേപിക്കുന്നതോ, പോസ്റ്റ് ഓഫീസ് സേവിംഗ്സോ, സ്വർണ്ണമോ ഒക്കെയാണ്. എന്നാൽ പണമുണ്ടാക്കാൻ വേറെയും മികച്ച വഴികൾ ഉണ്ടെന്ന് മനസ്സിലാക്കി വയ്ക്കുക. മ്യൂച്ചൽ ഫണ്ട്, ബോണ്ട്, ഇക്വിറ്റീസ് ഇവയൊക്കെ അതിൽ പെടുന്നു. ധനം ഇരട്ടിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരം നിക്ഷേപരീതികൾ അനുയോജ്യമാണ്. ഇന്‍റർനെറ്റിൽ ഇവയെക്കുറിച്ച് എല്ലാ വിവരങ്ങളും ലഭിക്കും. സ്വയം ഒരു ഐഡിയ കിട്ടാൻ ഇതു മതിയാകും. നല്ലൊരു നിക്ഷേപ പദ്ധതി കിട്ടിയാൽ അതെക്കുറിച്ച് ബന്ധപ്പെട്ടവരുമായി സംസാരിച്ച ശേഷം ആരംഭിക്കാവുന്നതാണ്.
വീടു വാങ്ങാൻ തിടുക്കം വേണ്ട
ജീവിതത്തിലെ ഏറ്റവും വലിയ കാര്യം വീടു വയ്ക്കുന്നതോ, വീടു വാങ്ങുന്നതോ ആണെന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. ഇഷ്‌ടപ്പെട്ട വീട് വാങ്ങാനുള്ള സാഹചര്യവും 10-15 വർഷത്തേക്ക് എളുപ്പത്തിൽ വായ്പയും കിട്ടുമെന്നതിനാൽ വായ്പയെടുത്ത് വീടുണ്ടാക്കുന്ന രീതി വ്യാപകമാണ്. പക്ഷേ ഇത് ശരിയായ തീരുമാനമില്ല. കരിയറിൽ ബ്രേക്ക് വരികയോ, വരുമാനം കുറയുകയോ ചെയ്‌താൽ ഇരട്ടി പ്രയാസമാകും. ജീവിത പങ്കാളി ആയതിനുശേഷം രണ്ടാൾക്കും വരുമാനമുണ്ടെങ്കിൽ വീടിനെകുറിച്ച് ചിന്തിക്കാവുന്നതാണ്.
പോളിസി
വീട്ടിലെ ഓരോ അംഗത്തിന്‍റെ പോളിസിയും ബേസിക് ടേം കവർ ചെയ്യാൻ കഴിയും. ഇതിൽ വീട്ടിലെ സ്ത്രീകളെ കൂടി ഉൾപ്പെടുത്താൻ പ്രേരിപ്പിക്കുക. പോളിസിയുടെ നിയമ വശങ്ങളെക്കുറിച്ച് മനസ്സിലാക്കി വയ്ക്കുകയും ചെയ്യണം.
ഓൺലൈൻ മാനേജിംഗ്
വീട്ടിലും ഓഫീസിലും ധാരാളം കാര്യങ്ങൾ ചെയ്യാനുള്ള ഒരാൾക്ക്, തന്‍റെ സാമ്പത്തികാവശ്യങ്ങൾ എല്ലാം ബാങ്കിലോ അതാത് കേന്ദ്രങ്ങളിലോ പോയി നിറവേറ്റാൻ കഴിഞ്ഞെന്ന് വരില്ല. ഈ കുറവ് പരിഹരിക്കാൻ ഇപ്പോൾ എളുപ്പമാണ്. ഇന്‍റർനെറ്റും ഓൺലൈൻ ഇടപാടുകളും സാധാരണമായ ഇക്കാലത്ത് ആ സൗകര്യം സുരക്ഷിതമായി വിനിയോഗിക്കാം.