വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നുവെന്നാണല്ലോ ചൊല്ല്. വിവാഹിതരാകുന്ന ആണിനേയും പെണ്ണിനേയും സംബന്ധിച്ച് ഈ ചൊല്ല് അന്വർത്ഥമാണ്. എന്നാൽ വിവാഹത്തിന്‍റെ പുതുമോടിയൊക്കെ കഴിഞ്ഞ് ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുമ്പോഴാണ് പല പ്രശ്നങ്ങളും ഉണ്ടാകുന്നത്. രണ്ട് കാഴ്ചപ്പാടുകളുടെ അന്തരവും വ്യത്യസ്ത ജീവിത സാഹചര്യങ്ങളുമൊക്കെ ഇത്തരം പ്രശ്‌നങ്ങൾക്ക് ആക്കം കൂട്ടാറുണ്ട്. അറേഞ്ച്ഡ് വിവാഹത്തിലാണെങ്കിൽ കാഴ്ചപ്പാട്, സ്വഭാവം എന്നിവയെക്കുറിച്ചൊന്നും പരസ്പരം ഒരു ധാരണയുമുണ്ടായിരിക്കണമെന്നില്ല. വിവാഹ ശേഷമായിരിക്കും പരസ്പരം വീട്ടുകാരെക്കുറിച്ചുമൊക്കെ ആണും പെണ്ണും കൂടുതൽ മനസിലാക്കുക. ഇന്നാണെങ്കിൽ ആണും പെണ്ണും തമ്മിൽ കണ്ടുമുട്ടി ഇഷ്ടപ്പെടുന്നതു കൊണ്ട് കുടുംബ സാഹചര്യങ്ങളെക്കുറിച്ച് ഇരുവർക്കും നല്ല ധാരണയുണ്ടായിരിക്കും.
ഒരു കുടക്കീഴിൽ 4 പേരുണ്ടെങ്കിൽ കാഴ്ചപ്പാടുകൾ തമ്മിലുള്ള അന്തരം ചെറുതും വലുതുമായ പ്രശ്നങ്ങൾ സൃഷ്ടിക്കാം. മുമ്പ് അത്തരം പ്രശ്നങ്ങളെ മറികടക്കാൻ ദമ്പതികൾക്ക് കഴിയുമായിരുന്നു. കുടുംബ ഭദ്രതയെ കരുതിയുള്ള വിട്ടു വീഴ്ചയുണ്ടാകുന്നതു കൊണ്ടായിരിക്കാം പണ്ട് അതൊന്നും അത്ര പ്രശ്നമായി തല പൊക്കാതിരുന്നത്.
പരസ്പര ധാരണ
ജനറേഷൻ ഗ്യാപ്, കാഴ്ചപ്പാടുകൾ അടിച്ചേൽപ്പിക്കുക, അമിതാധികാരം കാട്ടുക, അമിത പ്രതീക്ഷ, മുൻധാരണ, സാമ്പത്തികം, സ്നേഹം പങ്കിട്ട് പോകുന്നതിലുള്ള നീരസം എന്നിങ്ങനെയുള്ള കാരണങ്ങൾ ദാമ്പത്യത്തിൽ നീരളമുളവാക്കാം. ചില സാഹചര്യങ്ങളിൽ ഭർത്താവ് തന്നെ അമ്മായിയമ്മ – മരുമകൾ കലഹത്തിന് കാരണമാകുന്ന സ്‌ഥിതി വിശേഷവുമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ബന്ധങ്ങളെ ഊഷ്മളമാക്കുന്നതിന് സ്വന്തം ഉത്തരവാദിത്തങ്ങളെ മനസ്സിലാക്കി പ്രവർത്തിക്കുകയെന്നുള്ളതാണ്. അപ്പോൾ മാത്രമേ പങ്കാളിയുമായി മാനസിക ഐക്യത്തോടെയും പക്വതയോടെയും പ്രവർത്തിക്കാനാവൂ.
ദാമ്പത്യത്തിൽ പരസ്പര ബഹുമാനത്തിന് വലിയ സ്ഥാനമുണ്ട്. പങ്കാളി ചെയ്യുന്ന ഏത് നല്ല കാര്യത്തെയും പ്രോത്സാഹിപ്പിക്കുക. ഏത് കാര്യം ചെയ്യുന്നതിന് മുമ്പായി പങ്കാളിയുമായി കൂടിയാലോചിക്കാം. അഭിപ്രായങ്ങൾ ആരായാം. അഭിപ്രായങ്ങളെ മാനിക്കുക. രണ്ടുപേർക്കും സ്വീകാര്യമായ അഭിപ്രായങ്ങൾ സ്വീകരിക്കാം.
അകലം കുറയ്ക്കുക
ബന്ധങ്ങളിൽ മാധുര്യം നിറയ്ക്കാനുള്ള ഉത്തരവാദിത്തം ഒരാളുടേത് മാത്രമല്ല. മറിച്ച് ഇരുവർക്കുമുണ്ട്. ദാമ്പത്യത്തിൽ കലഹങ്ങളുണ്ടാകാം. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. അതെല്ലാം സ്വഭാവികം മാത്രമാണ്. എന്നിരുന്നാലും എത്ര പിണക്കമുണ്ടായാലും അത് അധികനേരം നീണ്ടു നിൽക്കരുത്. ഇരുവരും മുൻകയ്യെടുത്ത് പിണക്കം അവസാനിപ്പിക്കാം. അവിടെ ഈഗോയ്ക്ക് സ്‌ഥാനമില്ലെന്ന് ഓർക്കുക. പിണക്കം അടുത്ത ദിവസത്തേക്ക് നീളുകയാണെങ്കിൽ തീർച്ചയായും അത് കൂടുതൽ കുഴപ്പത്തിലേക്ക് നയിക്കും.
ചിന്തകളിൽ സുതാര്യത പുലർത്തുക
ശക്തമായ ആശയവിനിമയം ദാമ്പത്യ ജീവിതം അടിയുറച്ചതാക്കാൻ അനിവാര്യമായ കാര്യമാണ്. വ്യക്‌തികൾ ഡിജിറ്റൽ ലോകത്ത് മാത്രമായി ഒറ്റപ്പെട്ട് ഒതുങ്ങുന്നത് ദാമ്പത്യം ജീവിതത്തിന് വലിയ വിള്ളലുണ്ടാക്കും. ഇപ്പോൾ ഇത് കൂടിയിരിക്കുകയാണ്. അത്തരം അവസ്‌ഥ ജീവിതത്തിലുണ്ടാകാതെ നോക്കണം.
ദാമ്പത്യ ജീവിതം അടിയുറച്ചതാകാൻ സുതാര്യത ഏറ്റവും പ്രധാനമാണ്. ചെറുതും വലുതുമായ വിശേഷങ്ങൾ പങ്കാളിയുമായി പങ്കുവയ്ക്കുക. വീട്ടിലെ അന്തരീക്ഷം അയവുള്ളതാകാൻ ഇത്തരം പങ്കുവയ്ക്കലുകൾക്ക് കഴിയും. പരസ്പര വിശ്വാസത്തെ ഊട്ടിയുറപ്പിക്കും. വീട്ടിൽ ദമ്പതികൾ ഒരുമിച്ചുള്ളപ്പോൾ ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങി ഡിജിറ്റൽ മാധ്യമങ്ങളുടെ ഉപയോഗം തീരെ കുറയ്ക്കുക. സോഷ്യൽ മീഡിയയുടെ അമിതോപയോഗവും അതിന് അടിമപ്പെടുന്നതിനും കൂടാതെ ദാമ്പത്യ ജീവിതത്തിൽ വിവിധ പ്രതിസന്ധികൾ സൃഷ്ടിച്ചും കാണാറുണ്ട്. അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ളവരും സന്തുഷ്ടരുമായ ദമ്പതികളാകാം.
പങ്കാളിയെ മുറിവേൽപ്പിക്കുന്ന പദപ്രയോഗങ്ങൾ അരുത്. ചിലപ്പോൾ നിങ്ങൾ മനപൂർവ്വമല്ലാതെ പറയുന്ന വാക്കുകൾ പോലും പങ്കാളിയുടെ മനസ്സിനെ മുറിപ്പെടുത്താം.
മെന്‍റൽ പ്രൊട്ടസ്റ്റ് പാടില്ല
മരുമകൾക്ക് ഒരിക്കലും മകളാകാൻ കഴിയില്ലെന്ന ധാരണ മിക്കവരും വച്ചു പുലർത്തുന്ന ഒരു കാര്യമാണ്. അതുപോലെ അമ്മായിയമ്മയ്ക്ക് അമ്മയാകാൻ കഴിയില്ലെന്ന ധാരണ. ഇത്തരം നെഗറ്റീവ് ചിന്തകളെ മെന്‍റൽ പ്രൊട്ടസ്റ്റ് എന്ന് വിശേഷിപ്പിക്കാം. ഇത്തരം ധാരണകളെ തച്ചുടച്ച് പോസിറ്റീവായി ചിന്തിച്ചു നോക്കൂ… വലിയൊരു മാറ്റം തന്നെ ഗൃഹാന്തരീക്ഷത്തിൽ സൃഷ്ടിക്കാനാവും. ജീവിതം ഏറ്റവും സുഖകരമാകുന്ന അവസ്‌ഥ സ്വയമനുഭവിച്ചറിയാം.
കൗൺസിലിറിന്‍റെ സഹായം
ദാമ്പത്യ ജീവിതത്തിൽ ചില്ലറ പ്രശ്നങ്ങളും കലഹങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകുന്നത് സാധാരണമാണ്. തുറന്ന സംസാരത്തിലൂടെയും സ്നേഹപൂർവ്വമായ ഇടപഴകലിലൂടെയും അത്തരം ഭീതികൾ മറികടക്കാനാവും. എന്നാൽ പ്രശ്നം ഗുരുതരമാണെങ്കിൽ കുടുംബാംഗങ്ങൾ എല്ലാവരും കൗൺസിലറെ കണ്ട് വേണ്ട സഹായം സ്വീകരിക്കണം. മാനസികമായ അസ്വസ്ഥതയാണ് ഭൂരിഭാഗം ബന്ധങ്ങൾക്കിടയിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ തിരിച്ചറിയാൻ പലർക്കും കഴിയാതെ വരുന്നതിന് അത് കാരണമാകുന്നു.
അസുഖം വന്നാൽ ഡോക്ടറെ കണ്ട് പരിഹാരം തേടും പോലെ പ്രശ്നങ്ങൾ പരിഹരിക്കാനും ഉലഞ്ഞു പോയ ബന്ധങ്ങൾ ട്രാക്കിലാക്കാനും ഏതെങ്കിലും എക്സ്പെർട്ടിന്‍റെ സഹായം തേടുന്നതിൽ മടി കാട്ടരുത്. ഏതെങ്കിലും ഒരു അംഗം വിചാരിച്ചതു കൊണ്ട് സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുകയില്ല. മറിച്ച് സംയുക്തമായ ശ്രമമാണ് ആവശ്യം.
യാഥാസ്ഥിതികമായ കാഴ്ചപ്പാടുകൾ മാറ്റുക
ശാസ്ത്രവും അറിവുകളും ഇത്രയധികം പുരോഗമിച്ച സാഹചര്യത്തിൽ യാഥാസ്ഥിതികമായ മനോഭാവത്തിൽ നിന്നും പുറത്ത് കടക്കാൻ പരിശ്രമിക്കുകയാണ് വേണ്ടത്. പങ്കാളിയുടെ ജീവിത രീതികളെയും മാറ്റങ്ങളെയും സ്വീകരിക്കുക. സ്വന്തം കാഴ്ചപ്പാടിനെ മറ്റൊരാളിൽ അടിച്ചേൽപ്പിക്കുന്നത് ബന്ധങ്ങളിൽ കയ്പുരസം പടർത്തും.
ക്ഷമ കാട്ടുക, ആദരവ് പ്രകടിപ്പിക്കുക എന്നുള്ളത് പ്രായം കുറഞ്ഞവർക്ക് മാത്രമുള്ള കാര്യങ്ങളല്ല, മുതിർന്നവരും അതിന് തയ്യാറാകണം. അധികാരം കാട്ടുന്നതിലും അല്ലെങ്കിൽ കാഴ്ചപ്പാട് അടിച്ചേൽപ്പിക്കുന്നതിലും ഉപരിയായി ബന്ധങ്ങൾക്ക് മഹത്വം നൽകുകയാണെങ്കിൽ തീർച്ചയായും ദാമ്പത്യ ജീവിതം ഹൃദ്യമാകും.
ദാമ്പത്യ ബന്ധത്തിൽ ഊഷ്മളമായ സ്നേഹവും സ്വന്തമെന്ന വികാരവും, തുറന്ന ഇടപഴകലുമൊക്കെ ഉണ്ടാകാൻ ഇത്തിരി സമയമെടുക്കും. ജീവിച്ച് വളർന്ന സാഹചര്യവും കാഴ്ചപ്പാടുമൊക്കെ ഒരളവുവരെ ഇതിനെ സ്വാധീനിക്കുന്ന കാര്യങ്ങളാണ്. ശരിയായ സമയത്ത് ശരിയായ കാഴ്ചപ്പാട് ഏറ്റവുമാവശ്യമാണ്. ക്ഷമയും സഹിഷ്ണുതയുമാണാവശ്യം.