പരസ്പര സ്നേഹത്തോടെയും വിശ്വാസത്തോടെയും ഒന്നിച്ചു കഴിയാമെന്ന് സ്വയം തീരുമാനമെടുക്കുമ്പോഴാണ് നല്ല ദാമ്പത്യ ജീവിതം ആരംഭിക്കുന്നത്. പുരുഷനെ അപേക്ഷിച്ച് സ്ത്രീക്കൾക്കാണ് സാമൂഹിക സുരക്ഷിതത്വം കൂടുതൽ ആവശ്യമായിട്ടുള്ളത്. അതിനാൽ പെൺകുട്ടികളെ പ്രായപൂർത്തിയായാൽ ഉടനെ കല്യാണം കഴിച്ചു കൊടുക്കണമെന്ന് മാതാപിതാക്കൾ ആഗ്രഹിക്കുന്നു.
നൂറ്റാണ്ടുകളായി ഇതാണ് നാട്ടു നടപ്പും. നല്ല ചെറുക്കനെ കെട്ടിയാൽ സ്ത്രീയുടെ ജീവിതം സുരക്ഷിതമായി എന്ന് സമൂഹം കരുതുന്നു. അച്‌ഛനും ഭർത്താവും പിന്നെ മക്കളും സ്ത്രീയെ സംരക്ഷിച്ചു കൊള്ളും എന്നാണ് എല്ലാവരും കരുതുന്നത്.
ഇന്നും കല്യാണപ്രായം ചെറുക്കനും പെണ്ണിനും 22-23 ആണ്. ഈ പ്രായമാകുമ്പേഴേക്കും വിദ്യാഭ്യാസവും കഴിഞ്ഞ് ജോലിയൊക്കെ പലരും സമ്പാദിച്ചിട്ടുണ്ടാവും. കരിയറിസ്റ്റുകളായവർ പിന്നെയും ഒരഞ്ചു വർഷം കഴിഞ്ഞാവും വിവാഹ ജീവിതത്തെപ്പറ്റി ഗൗരവമായി ആലോചിക്കുക. രണ്ടുപേർ ഒന്നിച്ചു ജീവിക്കാൻ തുടങ്ങുമ്പോൾ സത്യത്തിൽ രണ്ട് കുടുംബങ്ങൾ ആണ് ഒന്നായി തീരുന്നത്. സാമൂഹിക ജീവിതത്തിലും ഈ ബന്ധങ്ങൾ വലിയ സ്വാധീനം ചെലുത്തുന്നു. ഒരാൾ വ്യക്‌തിപരമായും സാമൂഹികമായും വലിയ മാറ്റങ്ങൾക്ക് വിധേയമാവുന്നത് വിവാഹത്തോടെയാണെന്ന് ചുരുക്കം.
മറിച്ചു വയ്‌ക്കുന്നത് ആപത്ത്
ആർക്കൊപ്പമാണോ ജീവിതം തുടങ്ങാൻ പോകുന്നത് ആ വ്യക്‌തിയെപ്പറ്റി പൂർണ്ണമായി അറിഞ്ഞിരിക്കണം. സൗന്ദര്യം, ആരോഗ്യവതി, സൽസ്വഭാവി തുടങ്ങിയ ഗുണങ്ങൾ ഒക്കെയാണ് പെണ്ണിനെ സംബന്ധിച്ച് ആദ്യ പരിഗണനയിൽ വരുന്നത്. സൽസ്വഭാവിയാണോ, ജോലിയുണ്ടോ, സാമ്പത്തികം എന്നോക്കെയാവും ആദ്യം ചെറുക്കന്‍റെ കാര്യത്തിൽ ചോദിച്ചറിയുന്നത്. ഇത്തരം കാര്യങ്ങളിൽ പൂർണ്ണ തൃപ്തി വന്നാലാണല്ലോ വിവാഹം ഉറപ്പിക്കുന്നത്. ഇരുകൂട്ടരും അന്വേഷിച്ചറിയുന്നതും കൈമാറുന്നതുമായ കാര്യങ്ങൾ വച്ചാണ് ബന്ധം ഉറപ്പിക്കുന്നത്. ഇതിൽ പക്ഷേ എന്തെങ്കിലും ഏറ്റകുറച്ചിലുകൾ ഉണ്ടാവാതെ നോക്കണം.
ഒന്നും തന്നെ മറച്ച് വയ്‌ക്കാൻ പാടില്ല. ഇങ്ങനെ നിർദോഷമെന്ന് കരുതി മറച്ചു വയ്‌ക്കുന്ന കാര്യങ്ങൾ ഭാവിയിൽ ആപത്തായി തീരാറുണ്ട്. വിശ്വാസമാണ് ഒരു ബന്ധത്തിന് അടിത്തറയിടുന്നത്. അത് ഉലയുമ്പോൾ സ്വഭാവികമായും ബന്ധങ്ങൾക്ക് വിള്ളൽ വീഴും. അതിനാൽ എല്ലാ കാര്യങ്ങളും വളരെ സത്യസന്ധമായി ആദ്യമെ തന്നെ വെളിപ്പെടുത്തണം.
കവിത ചെയ്തതുപ്പോലെ.
കവിത കാണാൻ സുന്ദരിയാണ്. ബികോം വരെ പഠിച്ചിട്ടുണ്ട്. അവളടെ കല്യാണം വളരെ ആർഭാടമായാണ് നടന്നത്. വരൻ എൻഞ്ചീനിയർ ആയിരുന്നു. ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ആയിരുന്നു ജോലി. കവിതയുടെ അമ്മാവന്‍റെ അയൽവാസിയായിരുന്നു വരൻ. അദ്ദേഹം വഴിയാണ് ആലോചന വന്നത്. കവിത തന്‍റെ വിദ്യാഭ്യാസ യോഗ്യതയും മറ്റ് വിവരങ്ങളും ആദ്യമെ തന്നെ ചെക്കനോട് പറഞ്ഞിരുന്നു. അവളുടെ സത്യസന്ധതയും മനോഭാവവും കണ്ടിട്ടാണ് അതുവരെ എഞ്ചിനീയറെ മതി എന്ന് ശഠിച്ചിരുന്ന ചെറുക്കൻ കവിതയെ കല്യാണം കഴിക്കാൻ തീരുമാനം എടുത്തത്.
കല കരടായി മാറും
ആദ്യ രാത്രിയാണ് പക്ഷ കവിതയുടെ ഭർത്താവിന്‍റെ ശ്രദ്ധയിൽ ആ കാര്യം പെട്ടത്. കവിതയുടെ മുതുകിൽ ഒരു വലിയ വെള്ളപാണ്ട് ഉണ്ട്. ഈ കാര്യം കവിതയും വീട്ടുകാരും മറച്ച് വച്ചിരുന്നു. ഇപ്പോൾ ട്രീറ്റ്മെന്‍റ് നടക്കുന്നുണ്ടെന്ന് കവിത പറഞ്ഞിട്ടും ഭർത്താവത് കേൾക്കാൻ കൂട്ടാക്കിയില്ല. ഡോക്ടർ ഈ കല പൂർണ്ണമായും മാറും എന്ന് ഗ്യാരിന്‍റി കൊടുത്ത കാര്യവും കവിത പറഞ്ഞെങ്കിലും വിശ്വാസ വഞ്ചന കാട്ടിയതായാണ് ഭർത്താവിന് തോന്നിയത്.
എന്തുകൊണ്ട് ഇതു നേരത്തെ സൂചിപ്പിച്ചില്ല എന്നായിരുന്നു അയാളുടെ ദേഷ്യം. ഇപ്പോൾ അവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്. ആദ്യ രാത്രിയിൽ തന്നെ ബന്ധം പൊളിഞ്ഞു. അമ്മാവനും ബന്ധുക്കളും രഹസ്യമാക്കി വച്ചതു കൊണ്ടാണ് ദാമ്പത്യ ജീവിതം മുളപൊട്ടും മുമ്പേ തന്നെ തകർന്നു പോയത്. എല്ലാം സഹിക്കേണ്ടി വന്നത് കവിതയ്ക്കാണ്. നിർദോഷമായി കരുതിയ ഒരു സംഗതിയ്ക്ക് വലിയ വില കൊടുക്കേണ്ടി വന്നു.
വിശ്വാസം ചോർന്നു പോയാൽ
രാകേഷ് കഴിഞ്ഞ 10 വർഷമായി അമേരിക്കയിലാണ്. അദ്ദേഹത്തിന്‍റെ ആദ്യ വിവാഹം ഒരു അമേരിക്കൻ യുവതിയുമായിട്ടായിരുന്നു. അതിൽ ഒരു കുട്ടിയുമുണ്ട്. പക്ഷേ വിവാഹബന്ധം അധികനാൾ നീണ്ടുനിന്നില്ല. തന്‍റെ 6 വയസ്സായ മകനെ രാകേഷ് തനിക്കൊപ്പം നിറുത്തി. കുറച്ചു കഴിഞ്ഞ് തന്‍റെ പെങ്ങളുടെ കൂടെ കഴിയാനായി വിട്ടു. അതു കഴിഞ്ഞ് ഇന്ത്യയിലെത്തി.
രാകേഷ് വീണ്ടും വിവാഹിതനായി. പക്ഷേ രണ്ടാം വിവാഹം കഴിക്കുമ്പോൾ വധുവിന്‍റെ വീട്ടുകാരോട് ആദ്യ ഭാര്യയിൽ തനിക്കൊരു മകനുണ്ടെന്ന കാര്യം മറച്ചു വച്ചു. ഡിവോസിന്‍റെ പേപ്പറുകൾ കാണിച്ചു കൊടുത്തപ്പോഴും അതിൽ ഈ കാര്യങ്ങൾ ഉണ്ടായിരുന്നില്ല. സുജാതയ്ക്കും വീട്ടുകാർക്കും രാകേഷിനെ നന്നായി ബോധിച്ചിരുന്നു. വിവാഹശേഷം ഇരുവരും അമേരിക്കയിലേയ്‌ക്ക് താമസം മാറി അവിടെയെത്തി രണ്ട് മാസങ്ങൾക്ക് ശേഷം രാകേഷിന്‍റെ മകനെയും കൊണ്ട് അയാളുടെ പെങ്ങൾ അവരുടെ വീട്ടിലെത്തി. ഇനി തനിക്ക് കുഞ്ഞിനെ നോക്കാനാവില്ലെന്ന് അവൾ തുറന്നടിച്ചു.
സുജാതയുടെ മുന്നിൽ രാകേഷിന്‍റെ മുഖംമൂടി അഴിഞ്ഞു വീണു.
സുജാതയുടെ മനസ്സ് തകർന്നു പോയി. വിശ്വാസ വഞ്ചന അവർക്ക് ഒട്ടും സഹിക്കാനായില്ല. വീട്ടുകാരെയും തന്‍റെ ജീവിതത്തിലേയ്‌ക്ക് വന്ന ശാലീനമായ പെൺകുട്ടിയെയുമാണ് രാകേഷ് പറഞ്ഞ് പറ്റിച്ചത്. ഇത് വലിയൊരു ചതിയായി സുജാത കണ്ടു. ഒരു തരത്തിലും ക്ഷമിക്കാൻ അതു കൊണ്ട് തന്നെ അവർക്കായില്ല.
വിശ്വാസം ആണ് അടിത്തറ
വിവാഹത്തിനു മുമ്പും വിവാഹശേഷവും ഒരാൾ പുലർത്തുന്ന സത്യസന്ധതയാണ് ദാമ്പത്യ ജീവിതത്തിന്‍റെ വിജയം നിശ്ചയിക്കുന്നത്. വിശ്വാസ്യത നഷ്ടപ്പെടുമ്പോൾ ബന്ധങ്ങൾ ഇലയാൻ തുടങ്ങും. പിന്നെ യാതൊരു വിട്ടുവീഴ്ചയും നടക്കില്ല.
ഇടനിലക്കാരുടെ ആശ്വാസവാക്കുകളോ, കൗൺസിലിംഗിഗോ ഗുണം ചെയ്യില്ല. അതു നഷ്‌ടപ്പെടുന്ന അവസരത്തിൽ തന്നെയാണ് സംശയം ബലപ്പെടുന്നത്. എവിടെ പോകുന്നു. എന്തു ചെയ്യുന്നു. ആരുടെ കൂടെയാണിപ്പോൾ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉയരുകയും ചെയ്യും.
ദാമ്പത്യം പരസ്‌പരം വിശ്വാസത്തിന്‍റെ ചരടിലാണ് മുന്നോട്ട് നീങ്ങുക. അത് പൊട്ടി കഴിഞ്ഞാൽ പിന്നെ നിക്കകള്ളിയില്ലാതാവുന്നു. അപശുത്രികളും അപവാദങ്ങളും തന്നെ മുളപൊട്ടുന്നത് ഈ സന്ദർഭത്തിലാണ്. മുൻ പ്രണയകഥകളും മറ്റും ദാമ്പത്യത്തിൽ തമാശയായി കണ്ടവർ അതെല്ലാം പ്രത്യേക കാരണത്തിനു ശേഷം വലിയ അപരാധമായി കാണാൻ തുടങ്ങുന്നു.
നല്ല ബന്ധങ്ങളെപ്പോലും തെറ്റിധരിക്കുന്ന പങ്കാളിയെ സഹിക്കാനും പ്രയാസം നേരിടും. ഇതെല്ലാം കൂടി ആവുമ്പോൾ ദാമ്പത്യം എന്ന തോണിയ്ക്ക് ഓട്ട വീഴുകയും സംഭവം നടുകടലിൽ മുങ്ങുകയും ചെയ്യും.
അതിനാൽ വിവാഹിതരായവർ ആദ്യം ശ്രദ്ധിക്കേണ്ടത് ജീവിതത്തിൽ പങ്കാളിയോട് സത്യസന്ധത പുലർത്താനാണ്. രഹസ്യങ്ങൾ ഉണ്ടാവാം. അതില്ലാത്ത മനുഷ്യർ ഉണ്ടാവില്ല. പക്ഷേ തന്‍റെ ജീവിതത്തെ തകർക്കുന്ന രഹസ്യങ്ങൾ ഒന്നും തന്നെ കൊണ്ടു നടക്കരുത്. അത് സ്വയവും മറ്റുള്ളവർക്കും ബുദ്ധിമുട്ട് ഉണ്ടാകും. ശാരീരികവും മാനസ്സികവുമായ ആരോഗ്യത്തെയും അത് നശിപ്പിക്കുന്നു.
ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കാനോ മറച്ചു വയ്‌ക്കുന്ന കാര്യങ്ങൾ കൊണ്ട് സാധിക്കുകയുള്ളൂ. പ്രണയിക്കുന്നതോ നിർദോഷമായി എന്തെങ്കിലും സൗഹൃദത്തിൽ ചെന്ന് വീഴുന്നതോ ഒന്നും അല്ല അപകടം. എത്ര ഒളിപ്പിച്ചാലും ഒരുനാൾ പുറത്ത് വരുന്ന വലിയ സത്യങ്ങൾ. അത് ആണ് ദാമ്പത്യത്തിലെ നിങ്ങളുടെ വില്ലനാവുക. മുൻവിവാഹത്തിലെ കുഞ്ഞിന്‍റെ കാര്യം. അല്ലെങ്കിൽ രണ്ടാം ഭാര്യയുടെ കാര്യം തുടങ്ങിയ സംഗതികൾ ഒക്കെ മറച്ച് വയ്‌ക്കുന്നത് ആരായാലും പെറുക്കില്ല. അതിനാൽ ബന്ധങ്ങൾ ദൃഢമായി നിലനിൽക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എല്ലാ കാര്യങ്ങളും സുതാര്യമായിരിക്കാൻ ശ്രദ്ധിക്കണം. ഒളിച്ചും മറച്ചും നല്ല ബന്ധങ്ങൾ കെട്ടിപടുക്കാൻ ആവില്ലെന്ന സത്യം ഉൾകൊള്ളുക.