ഒരാളുടെ ജീവിതശൈലിയും സ്വഭാവങ്ങളും തന്നെയാണ് ആരോഗ്യത്തിൽ ആഴത്തിൽ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങൾ. ആരോഗ്യത്തോടെ ജീവിതം നയിക്കാൻ സഹായിക്കുന്ന ചില ശീലങ്ങളെക്കുറിച്ച് സരോജ് സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിലെ നിധി ധവാൻ പറയുന്ന ടിപ്സ് കേൾക്കൂ.

ജോഗിംഗും വ്യായാമവും

ദിവസവും വ്യായാമം ചെയ്യുക എന്നത് ഫിറ്റ്നസിന്‍റെ ആദ്യപാഠമാണ്. ഓട്ടവും നടത്തവും ശരീരം വിയർക്കാൻ സഹായിക്കും. അതിലൂടെ ടോക്സിനുകൾ പുറത്തേക്ക് പോകും. ഓട്ടത്തിലൂടെ മാംസപേശികൾക്ക് ബലം ലഭിക്കുന്നു. അങ്ങനെ ചർമ്മത്തിന് ഇറുക്കം ലഭിക്കുകയും ചുളിവുകൾ നീങ്ങുകയും ചെയ്യുന്നു.

തണുത്ത ശുദ്ധജലം

ശരീരത്തിലെ എനർജി ലെവൽ നിലനിർത്തുന്നതിനായി ദിവസത്തിന്‍റെ തുടക്കത്തിൽ ഒരു ഗ്ലാസ് ശുദ്ധജലം കുടിക്കുക. ശരീരത്തിന്‍റെ മെറ്റബോളിക് റേറ്റ് വർദ്ധിപ്പിക്കാൻ ഇതിലൂടെ കഴിയും. മുഴുവൻ ദിവസവും ശരീരം ഉണർവ്വോടെ പ്രവർത്തിക്കും. ഭക്ഷണശേഷം നാരങ്ങാ നീരും വെള്ളവും ചേർത്ത് അര ഗ്ലാസ് കഴിക്കുന്നത് ദഹനപ്രക്രിയ എളുപ്പമാക്കും.

ഗ്രീൻ ടീ, ബ്ലാക്ക് കോഫി

ഗ്രീൻ ടീയിലെ ആന്‍റി ഓക്സിഡന്‍റുകൾ ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാൻ സഹായിക്കുന്നു. ശരീരത്തിലെ അമിതമായ കൊഴുപ്പിനെ നിയന്ത്രിക്കുന്നു. അതിലൂടെ ഭാരം കുറയാനും സഹായിക്കുന്നു. തലവേദന ഇല്ലാതിരിക്കാനും ഗ്രീൻ ടീ ഉപയോഗം നല്ലതാണ്. പഞ്ചസാര ഇടാത്ത ബ്ലാക്ക് കോഫി കലോറി കുറയ്ക്കും. ഒപ്പം കാത്സ്യം, പൊട്ടാസ്യം ഇവ ശരീരത്തിന് നൽകുകയും ചെയ്യും.

ഉലാത്തൽ

രാവിലെ തന്നെ എഴുന്നേറ്റ് വ്യായാമത്തിന് സമയം കിട്ടിയില്ലെങ്കിൽ ഉലാത്തൽ നല്ലൊരു മാർഗ്ഗമാണ്. സമയം കിട്ടുമ്പോഴൊക്കെ നടന്നുനോക്കുക. ഉച്ചയ്ക്കും രാത്രിയും ഭക്ഷണശേഷം അൽപദൂരം നടക്കുന്നത് ദഹനത്തെ പ്രോത് സാഹിപ്പിക്കും.

ഭക്ഷണത്തിന് കൃത്യസമയം

ഭക്ഷണത്തിന് നിശ്ചിതമായ സമയക്രമം പാലിക്കുക. പ്രഭാതഭക്ഷണം 8-9 മണിക്കിടയിലാക്കുക. ഉച്ചഭക്ഷണം 1-2 മണിക്കിടയിലും ഡിന്നർ 7.30നും 8.30നും ഇടയിൽ കഴിക്കുക. ഇടയിലെ ഗ്യാപ് മൂലം നിങ്ങൾക്ക് വിശപ്പുണ്ടാകുകയും ചെയ്യും. ലഞ്ചിനും ഡിന്നറിനുമിടയിലെ ഇടവേള 5 മണിക്കൂറായാൽ ഇതിനിടയിൽ ലഘുഭക്ഷണം ആവാം.

7-8 മണിക്കൂർ ഉറക്കം

നല്ല ഉറക്കം ആരോഗ്യത്തിന് അനിവാര്യമാണ്. രാത്രി 10നും 6നും ഇടയിൽ പതിവായി ഉറങ്ങുന്നവർ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ ഫ്രഷ് ആയിരിക്കും. അവർക്ക് ക്ഷീണവും ടെൻഷനും കുറവായിട്ടും കണ്ടുവരുന്നു.

ഔട്ട്ഡോർ ഗെയിംസ്

ഇന്ന് ആളുകൾ കുട്ടികളെ മാളുകളിലെ ഗെയിമിംഗ് ഏരിയയിലാണ് കൊണ്ടുപോകാറുള്ളത്. ഇവിടെ മാനസികോല്ലാസം ലഭിക്കും. എന്നാൽ ശാരീരികമായ വികാസത്തിനും ആരോഗ്യത്തിനും ഇത് ഉപയോഗ്യമല്ല എന്നു മാത്രമല്ല നേരെ വിപരീതമാണ് ചെയ്യുക താനും. കുട്ടികളിൽ ശാരീരികമായ അദ്ധ്വാനം വരുന്ന കളികൾക്ക് പ്രോത്സാഹിപ്പിക്കണം. ബാറ്റ്മിന്‍റൺ, ഫുട്ബോൾ, വോളിബോൾ, കബഡി ഇവയൊക്കെ അതിന് യോജിച്ചവയാണ്.

കുടുംബത്തിനൊപ്പം സമയം

ദിവസത്തിൽ ഒരു മണിക്കൂർ കുടുംബത്തിനൊപ്പം ചെലവഴിക്കാൻ മാറ്റിവയ്ക്കണം. കുടുംബത്തിലെ അംഗങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കാൻ കൂടിയുള്ള സമയമാണിത്. ഒരു ബോണ്ടിംഗും പരസ്പരം ഉണ്ടാകും. അതിനാൽ വീട്ടിലായാലും പുറത്തായാലും കുറച്ചുസമയം കുടുംബമൊത്ത് ചെലവഴിക്കുക. സാധിക്കാത്തവർക്ക് ഫോണിലൂടെയും സംസാരിക്കാം.

3 ലിറ്റർ വെള്ളം

ദാഹം തീർക്കാൻ മാത്രമല്ല വെള്ളം. പല രോഗങ്ങൾക്കുള്ള ചികിത്സ കൂടിയാണ് ജലം. ദിവസവും 3 ലിറ്റർ വെള്ളം കുടിക്കാൻ മറക്കരുത്. ഇങ്ങനെ ചെയ്താൽ രോഗങ്ങൾ കുറയും. വയറിന്‍റെ പ്രശ്നങ്ങൾ ഇവരെ അലട്ടുകയുമില്ല. ചർമ്മം തിളങ്ങും. മുഖക്കുരുവും വരില്ല.

ചിരിക്കാം മനം നിറയെ

ചിരി ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. ചിരിക്കുമ്പോൾ ശാരീരികമായ തളർച്ചയ്ക്ക് കുറവ് സംഭവിക്കും. രോഗങ്ങളെ അകറ്റി നിർത്തുന്നു. പൊട്ടിച്ചിരിയിൽ ബ്ലഡ് സർക്കുലേഷൻ വർദ്ധിക്കും. ശരീരത്തിൽ ഓക്സിജൻ വർദ്ധിക്കുന്നു.

പഴങ്ങളും പച്ചക്കറിയും

പഴങ്ങളും പച്ചക്കറികളും അനുയോജ്യമായ അളവിൽ കഴിക്കേണ്ടത് ഏറ്റവും ആവശ്യമാണ്. കാൻസർ പോലുള്ള രോഗങ്ങൾ അകന്നു നിൽക്കാനും ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. ഫൈബറിനൊപ്പം വിറ്റാമിൻ എ, സി, ആന്‍റി ഓക്സിഡന്‍റ്സ് ഇതെല്ലാം നിറയെ അടങ്ങിയിരിക്കുന്നു.

പുകവലി വേണ്ട

പുകവലിക്കുന്നവരുടെ ശരീരത്തിനകത്തേക്ക് കയറുന്ന വിഷപദാർത്ഥങ്ങൾ നിമിത്തം ചർമ്മത്തിൽ ചുളിവുകൾ സംഭവിക്കുന്നു. അകാല വാർദ്ധക്യത്തിന് ഇടയാവുകയും ചെയ്യുന്നു. പുകവലിക്കുമ്പോൾ ശരീരത്തിലെ ഓക്സിജൻ കുറയുകയാണ് ചെയ്യുന്നത്. വന്ധ്യതയ്ക്കും കാരണമാകുന്നു.

ഏകാന്തത

ദിവസവും അരമണിക്കൂർ ഏകാന്തമായിരിക്കാൻ ശ്രമിക്കുക. സ്വയം മനസ്സിലാക്കാനുള്ള അവസരമാണത്. ശരിയായ തീരുമാനത്തിലെത്താൻ ഇടവേള സഹായിക്കും. ഏകാന്തത ആവോളം ലഭിക്കുന്നവർ അതു ലഭിക്കാത്തവരേക്കാൾ കൂടുതൽ ശാന്തരും സന്തുഷ്ടരും ആയിരിക്കും.

പോസ്ചർ ശ്രദ്ധിക്കാം

ഓഫീസിലായാലും വീട്ടിലായാലും ജോലി ചെയ്യുന്ന അവസരത്തിൽ ശരീരത്തിന്‍റെ പോസ്ചർ ശരിയായ രീതിയിലാവാൻ ശ്രദ്ധിക്കണം. ഇരിക്കുന്നതും എഴുന്നേൽക്കുന്നതും എല്ലാം കൃത്യമായി ചെയ്താൽ പുറംവേദന, കഴുത്തുവേദന, നടുവേദന തുടങ്ങിയ അവസ്ഥകൾ കുറയും. നേരെചൊവ്വേ ഇരിക്കാനും നിൽക്കാനും ശീലിക്കുന്നത് ഏറ്റവും മികച്ച ആരോഗ്യശീലമാണ്.

സോഡ ഒഴിവാക്കാം

സോഡ കഴിക്കുന്നത് പല്ലുകൾക്ക് മാത്രമല്ല കേടുണ്ടാക്കുന്നത്, അധികമായി അകത്തു ചെല്ലുമ്പോൾ റിഫൈൻഡ് ഷുഗർ കൂടി കലോറിയുടെ അളവും വർദ്ധിച്ച് പൊണ്ണത്തടിയ്ക്ക് കാരണമായേക്കാം. വൃക്കയ്ക്കും ഹാനികരമാണ്.

ഹെൽത്തി ഡയറ്റ്

ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഭക്ഷണം കഴിക്കാതിരിക്കുന്നത് ദോഷം ചെയ്യും. ഭക്ഷണത്തിൽ പ്രോട്ടീൻ, കാത്സ്യം, മറ്റു വിറ്റാമിനുകൾ ഇവ ലഭിക്കുന്ന തരത്തിൽ ഹെൽത്തി ഡയറ്റ് പ്ലാൻ ചെയ്യുക.

വൃത്തിയും വെടിപ്പും

ശരീരം ദിവസവും ക്ലീൻ ചെയ്യുന്നതും വീടും പരിസരവും വൃത്തിയാക്കുന്നതുപോലെ പ്രധാനപ്പെട്ട കാര്യമാണ്. വേനൽക്കാലത്തും മഴക്കാലത്തും ശരീരം വൃത്തിയാക്കേണ്ട രീതിയിൽ തന്നെ ചെയ്യുക. കുളി കഴിഞ്ഞാൽ ശരീരത്തിൽ തൈലമോ മോയിസ്ചുറൈസറോ പുരട്ടാം.

ഒരു ദിനം ഉപവാസം

ഫാസ്റ്റിംഗ് ചെയ്യുമ്പോൾ കോശങ്ങളിൽ ലെപ്റ്റിൻ എന്നുപേരുള്ള ഹോർമോൺ ഉൽപാദിപ്പിക്കുന്നു. നാം ഉപവസിക്കുന്ന സമയത്ത് കലോറി ലഭിക്കുന്നതിനായി ലെപ്റ്റിൻ ആക്ടീവാകുകയും ഭാരം കുറയുകയും ചെയ്യുന്നു. ശരീരത്തിൽ പോഷണങ്ങൾ ശരിയായ അളവിൽ വലിച്ചെടുക്കുന്നതിന് ഇടയ്ക്ക് ഉപവാസം നല്ലതാണ്.

കൈകഴുകൽ

ദിവസവും നാം പലതരം സാധനങ്ങൾ സ്പർശിക്കാറുണ്ട്. അതിനാൽ കൈകളിൽ അസംഖ്യം ബാക്ടീരിയകൾ ഒളിച്ചിരിക്കും. കൈ കഴുകാതെ ഭക്ഷണം കഴിക്കുന്ന ശീലം രോഗങ്ങൾ ക്ഷണിച്ചുവരുത്തും.

ഉറങ്ങും മുമ്പ് പല്ല് തേയ്ക്കൽ

രാവിലെ എഴുന്നേറ്റ് പല്ല് തേയ്ക്കുന്ന ശീലം എല്ലാവർക്കുമുണ്ട്. വൈകിട്ടും പല്ല് തേയ്ക്കുന്ന ശീലം ഉണ്ടാകുന്നത് പല്ലുകളുടെ ദീർഘകാല ആരോഗ്യത്തിനും ഉറപ്പിനും ഉത്തമമാണ്.

और कहानियां पढ़ने के लिए क्लिक करें...