ആരാണ് സോൾമേറ്റ്? പച്ചമലയാളത്തിൽ ഇതിന്‍റെ അർത്ഥം ആത്മസഖി എന്ന് വേണമെങ്കിൽ പറയാം. സോൾ മേറ്റ് ആരുമാകാം. സുഹൃത്ത്,  ബന്ധു,  ഇങ്ങനെ ഏതു ബന്ധവും സോൾമേറ്റിന്‍റെ ഗണത്തിൽ പെടുത്താം. ആ ബന്ധത്തിന്‍റെ സവിശേഷത എന്തായിരിക്കുമെന്ന് നോക്കാം. ഗാഢമായ മാനസിക ബന്ധം ആരോട് തോന്നുവോ അയാൾ തന്നെയാണ് സോൾമേറ്റ്. എന്തുകാര്യത്തിലും കൂടെ ഉണ്ടെന്ന് നമുക്ക് തോന്നും. പ്രോത്സാഹനം നൽകും. ആ ഒരൊറ്റ വ്യക്‌തിയുമായി ശാരീരികമായും മാനസികമായും വൈകാരികമായും ബന്ധിക്കപ്പെട്ടതു പോലെ അനുഭവപ്പെടും.

സോൾമേറ്റിനെ തിരിച്ചറിയാം

ആ വ്യക്‌തി കൂടെ ഉള്ളപ്പോൾ മനസിന് വളരെയേറെ സന്തോഷവും സൗഖ്യവും തോന്നും. മനസിലെ ദേഷ്യവും സങ്കടവുമെല്ലാം ആ ഒരു വ്യക്‌തിയുടെ സാന്നിധ്യത്താൽ അലിഞ്ഞ് പോകുന്നു. എന്തു കാര്യത്തിലും ഉത്സാഹം തോന്നുന്നു. ഇത് ഒരു മാജികൽ ഫീൽ ആണ്. ഒരാളുടെ സാന്നിധ്യത്തിനും ശബ്ദത്തിനും ഈ ഫീൽ നിങ്ങൾക്കു ലഭിക്കുന്നുണ്ടെങ്കിൽ സംശയിക്കേണ്ട, ആ ആൾ തന്നെയാണ് സോൾമേറ്റ്.

ഒരുപാട് നാൾ മുന്നേ അറിയുന്നവർ

ആദ്യമായിട്ടായിരിക്കും ഒരാളെ കാണുന്നത്. പക്ഷേ ഒട്ടും അപരിചിതത്വം തോന്നുകയില്ല. സംസാരിക്കാനും അടുത്തിടപഴകാനും മടി ഉണ്ടാവില്ല. ഒരുപാട് കാലമായി പരിചയമുള്ള ഒരാളെന്ന പോലെ പെരുമാറാൻ കഴിയും. നിയന്ത്രണങ്ങളില്ലാതെ ഏതു കാര്യവും പങ്കുവയ്ക്കാൻ കഴിയുന്നു. അവിശ്വാസം തോന്നില്ല.

ഇത്രനാൾ തേടിയത്

ഈ ആളെ ആയിരുന്നോ ഇത്രനാൾ തേടിക്കൊണ്ടിരുന്നത് എന്ന് തോന്നിപ്പോയേക്കാം. പ്രായം എത്രയായാലും ഏത് അവസ്‌ഥയിലായാലും ആകർഷണം തോന്നുന്നു. ഈ ഒരു കാര്യത്തിൽ വിവാഹിതരെന്നോ അവിവാഹിതരെന്നോ വ്യത്യാസമില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും അത്തരമൊരു ഫീൽ ഉണ്ടാകാത്തവർ വിരളമായിരിക്കും. ആ ഒരു വ്യക്‌തി മുന്നിൽ വന്നു സംസാരിക്കുമ്പോൾ, ഇത്രയും കാലം കാത്തിരുന്നത് ഇങ്ങനെ ഒരു വേള ആയിരുന്നു എന്ന് അനുഭവപ്പെടും. ജീവിതം സുരക്ഷിതവും പ്രതീക്ഷാ നിർഭരവുമായി മാറും. ഒരിക്കലും ആ വ്യക്‌തിയെ പിരിയില്ലെന്ന് മനസ് ഉറപ്പിക്കും. ആ വ്യക്തിക്കൊപ്പം ഏതു പ്രതിസന്ധിയും തരണം ചെയ്യാം എന്ന തോന്നൽ.

സോൾമേറ്റ് കൂടെയുണ്ടെങ്കിൽ എന്തിനും ആവേശമാണ്. വല്ലാത്തൊരു ധൈര്യമാണ്. ഏതു പ്രതിസന്ധിയും വെല്ലുവിളികളും പുഷ്പം പോലെ കയറി പോരും. ഇരുളാണ് ചുറ്റുമെങ്കിലും അതിനിടയിൽ ദീപം തെളിയിക്കുന്ന ഊർജ്ജപ്രവാഹമായി സോൾമേറ്റ് മാറിയിട്ടുണ്ടാകും.

സുരക്ഷിതമാണ് താൻ ആ കരങ്ങളിൽ

സ്വയം ആത്മവിശ്വാസമുള്ളവർക്കു പോലും തന്‍റെ സോൾമേറ്റിൽ വലിയ വിശ്വാസം ഉണ്ടാകും. ആൾക്കൊപ്പം താൻ സുർക്ഷിതയാണ് എന്ന തോന്നൽ ശക്തമായി ഉണ്ടാകും. ഏതോ അദൃശ്യമായ ചരട് തങ്ങളെ കൂട്ടിയിണക്കുന്നതായും ആ ശക്തിയിലൂടെ സുരക്ഷിതത്വം ഉറപ്പാവുന്നതായും തോന്നിയാൽ സംശയിക്കേണ്ട, ആ മഹാൻ, മഹതി തന്നെ നിങ്ങളുടെ സോൾമേറ്റ്.

സൗന്ദര്യം നിർബന്ധമില്ല 

യഥാർത്ഥ സ്നേഹം തൊലിപ്പുറമേയല്ല എന്നു കേട്ടിട്ടില്ലേ. ശാരീരികമായ ആകർഷണമല്ല സോൾമേറ്റിന്‍റെ അടിസ്‌ഥാനം. മാനസികവും വൈകാരികവുമായ ഒരുമയാണ് പ്രധാനം. അവിടെ സൗന്ദര്യത്തിന് വലിയ പ്രസക്തിയില്ല. രണ്ടു വ്യക്‌തികളായി ഒരിക്കലും തോന്നുകയുമില്ല. നീ ഞാൻ എന്ന സംഭാഷണങ്ങൾ പോലും ഉടലെടുക്കില്ല. എന്നാൽ തുടക്കത്തിൽ ആകർഷണം എല്ലാത്തരത്തിലും തോന്നിയാലും നാലുമാസത്തിനകം അതു കുറഞ്ഞു വന്നാൽ സോൾമേറ്റ് ആണെന്ന് കരുതാൻ പറ്റില്ല. സോൾമേറ്റിനൊപ്പമുള്ള ബന്ധം ഒരിക്കലും ഇല്ലാതായില്ല.

ഒന്നും നേടാനല്ല

ആ വ്യക്‌തിയുടെ പണം, പ്രശസ്തി, ഒന്നും സ്വയം ബാധിക്കുകയേയില്ല. എന്തെങ്കിലും നേടാനായിട്ടാണ് ഈ ബന്ധം എന്ന് ഒരിക്കലും കരുതില്ല. എന്നിട്ടും ജീവിതത്തിലെ അഭിവാജ്യഘടകമായി മാറുന്നു. ഒന്നും മിണ്ടാതെ മണിക്കൂറുകളോളം അടുത്തിരുന്നാലും ബോറടിക്കില്ല. എത്ര ദൂരെ ഇരുന്നാലും മനസ് കണക്ട് ചെയ്യുന്നതായും ഫീൽ ചെയ്യും. ഇതൊക്കെ തോന്നുന്ന ഒരാൾ നിങ്ങളുടെ ലൈഫിലുണ്ടോ? സംശയിക്കേണ്ട നിങ്ങളുടെ സോൾമേറ്റിനെ നിങ്ങൾ കണ്ടെത്തിക്കഴിഞ്ഞു.

और कहानियां पढ़ने के लिए क्लिक करें...