നിറമില്ലാത്ത എന്‍റെ ജീവിതത്തിന് മനോഹരമായ നിറം പകരുകയായിരുന്നു റോംഗ് കോൾ. മനോഹരമായ ഒരു പെയ്ൻറിംഗ് രൂപം കൊള്ളുന്നതുപോലെ. മടുപ്പിക്കുന്ന ജീവിതത്തിൽ നിന്നും പുറത്തു കടന്ന എന്‍റെ മനസ്സ് അപ്പോൾ വിശാലമായ ആകാശത്തിൽ ചിറകുകൾ ഉയർന്നു പറക്കുകയായിരുന്നു.
ഇതിനൊക്കെ കാരണക്കാരൻ ആ റോംഗ് കോൾകാരൻ വിനീതാണ്. എന്താണെന്ന് അറിയില്ല അയാളുടെ ശബ്ദത്തിന് എന്തോ ഒരു വശ്യതയുണ്ട്. ആഗ്രഹമില്ലാഞ്ഞിട്ടും കൂടി അയാളുടെ കോളിനായി കാത്തിരിക്കുമായിരുന്നു. അവന്‍റെ ഫോൺവിളി വരാത്തദിവസം എന്നെ സംബന്ധിച്ച് അസ്വസ്ഥതയുളവാക്കുന്ന ഒന്നായിരുന്നു. അവന്‍റെ ഓരോ കോളും എന്‍റെ ശരീരത്തിലെ കോടാനുകോടി കോശങ്ങളിൽ പുതിയ ഊർജ്‌ജം പകർന്നുകൊണ്ടിരുന്നു.
ഗുഡ്മോണിംഗ് തുടങ്ങി ഗുഡ് നൈറ്റ് വരെ എത്രയെത്ര കോളുകളാണ് അയാളുടേതായി വന്നത്. അയാളുടെ ഗാംഭീര്യമാർന്ന മുഴക്കമുള്ള ശബ്ദം എന്‍റെ ചെവികൾക്ക് ഷെഹ്നായി സ്വരം പോലെ തോന്നി. മധുരതരമായ സംഭാഷണങ്ങൾ മനസ്സിനെ ആനന്ദിപ്പിച്ചു. വിനീത് തന്‍റെ എല്ലാ കാര്യങ്ങളും പറയാൻ മടി കാട്ടിയില്ല. അയാളോട് സ്വന്തം കാര്യങ്ങൾ പറയാൻ ഉള്ളിൽ ആഗ്രഹിച്ചുവെങ്കിലും എന്‍റെ ഉള്ളിലെ അപകർഷതാബോധം എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചുകൊണ്ടിരുന്നു.
വിനീത് ഒരു ആർമി ഓഫീസറായിരുന്നു. കാലിൽ ശത്രു സൈന്യത്തിന്‍റെ വെടിയേറ്റതിനാൽ ഒരു കാൽ മുറിച്ചു കളയേണ്ടിവന്ന കാര്യം അയാൾ പറഞ്ഞിരുന്നു. അക്കാര്യം തുറന്ന് പറയുന്നതിൽ പോലും അയാൾക്കൊരു മടിയുമുണ്ടായിരുന്നില്ല. മറിച്ച് വളരെ അഭിമാനത്തോടെയാണ് പറഞ്ഞത്.
ഇപ്പോൾ രണ്ട് ദിവസായി കോൾ വന്നിട്ട്. ഈ രണ്ട് ദിവസം 2 വർഷം പോലെയാണ് തോന്നിയത്. വിനീതിന് എന്നോട് നല്ല ദേഷ്യമുണ്ടായിരുന്നു. തികച്ചും ന്യായമായതായിരുന്നു വിനീതിന്‍റെ ദേഷ്യം.
എന്‍റെ വാട്സാപ്പിൽ എന്‍റെയൊരു പ്രൊഫൈൽ പിക്ചർ ഇടണമെന്ന് മാത്രമായിരുന്നു അന്ന് വിനീത് ആവശ്യപ്പെട്ടത്. ആവശ്യത്തെ ഞാൻ കനത്ത രീതിയിൽ ശകാരിച്ചുകൊണ്ടാണ് നേരിട്ടത്.. പ്രൊഫൈൽ പിക്ചർ ഇടുകയോ ഇടാതിരിക്കുകയോ എന്‍റെയിഷ്ടമാണെന്ന് അന്ന് കർശനമായി പറഞ്ഞു. പോരാത്തതിന് അത് ആവശ്യപ്പെടാൻ നിങ്ങളാരാണെന്ന് ചോദിക്കുകയും ചെയ്തിരുന്നു. എന്‍റെ ദേഷ്യം തിരിച്ചറിഞ്ഞിട്ടാവണം വിനീത് നിശബ്ദനായി ഇരുന്നതേയുള്ളൂ.
വിനീത് ദിവസവും തന്‍റെ പ്രൊഫൈൽ ചിത്രങ്ങളായി ഇട്ടിരുന്ന ആർമി വേഷത്തിനുള്ള ചിത്രങ്ങൾ വളരെ മനോഹരങ്ങളായിരുന്നു. ആ വേഷം അയാൾക്ക് നന്നായി ഇണങ്ങിയിരുന്നു.
വിനീതിനെ സന്തുഷ്ടനാക്കാൻ എന്‍റെയും ചിത്രമിടാമെന്ന് വിചാരിച്ചു. ഫോട്ടോയിടുന്നതിന് മുമ്പായി നിലക്കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് ഞാൻ സ്വന്തം രൂപത്തിലൂടെ കണ്ണോടിച്ചു.
കണ്ണുകൾക്ക് താഴെയായി കറുത്ത നിഴൽപ്പാട്. അതിന് മുകളിലായി തടിച്ച ലെൻസുള്ള കണ്ണട, മുഖത്ത് അങ്ങിങ്ങായി നേർത്ത വരകൾ, കറുത്ത കുത്തു കൾ, ചാടിയ വയർ, ഇത്തിരി തടിച്ച അരക്കെട്ട്, തടിച്ച ചെറിയ മൂക്ക്, തലയിലെ മുടിയിഴകളിൽ നിന്നും എത്തിനോക്കുന്ന വെളുത്ത നരകൾ.. അയ്യേ, ഞാനെങ്ങനെ എന്‍റെ പടമിടും. അതാലോചിച്ചപ്പോൾ ഫോട്ടോയിടാനുള്ള ഉദ്യമം ഞാനുപേക്ഷിച്ചു.
എന്‍റെ ചിത്രം പ്രൊഫൈലാക്കാൻ കൂടി കൊള്ളുകില്ലെന്ന കാര്യം വിനീതിനെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കാനാണ്. ഒരു പക്ഷേ വിനീതിന് എന്‍റെ നിസ്സഹായവസ്ഥ മനസ്സിലാക്കാൻ പറ്റിയാൽ ദേഷ്യം കാട്ടുകയില്ല. ആ ദിവസം മുഴുവൻ നേരവും കയ്യിൽ ഫോണും പിടിച്ച് വിനീതിന്‍റെ കോളും വരുന്നത് കാത്തിരുന്നു.
പെട്ടെന്ന് മൊബൈലിൽ റിംഗ് മുഴങ്ങി. ഏതോ ജലതരംഗത്താളം മുഴങ്ങുന്നതുപോലെയാണ് എനിക്കിപ്പോൾ തോന്നിയത്. വിനീതിന്‍റെ നമ്പർ സ്ക്രീനിൽ തെളിഞ്ഞു. എന്‍റെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി.
ഒട്ടും താമസിക്കാതെ ഞാൻ ഫോൺ എടുത്തു. മറുവശത്ത് അതേ ഗാംഭീര്യം നിറഞ്ഞ ശാന്തമായ ശബ്ദം. കാതുകൾക്ക് ആ ശബ്ദം ആശ്വാസം പകർന്നു.
“എന്‍റെ കോൾ വെയിറ്റ് ചെയ്യുകയായിരുന്നുവല്ലേ” വിനീതിന്‍റെ കുസൃതി നിറഞ്ഞ ചോദ്യം കേട്ടപ്പോൾ അവൾക്ക് സങ്കോചം തോന്നി. അത് മറയ്ക്കാ നെന്നോണം അവൾ സ്വരം കടുപ്പിച്ചുകൊണ്ട് മറുപടി പറഞ്ഞു.
“ഇല്ലല്ലോ”
“എന്തിനാ സത്യം മൂടിവയ്ക്കുന്നത്. ഫോൺ കയ്യിലിരിക്കുകയായിരുന്നില്ലേ.. ഞാൻ വിളിച്ചയുടൻ ഫോൺ എടുത്തതോ… മാഡം ഇനിയെന്ത് തെളിവാണ് വേണ്ടത്” മറുതലയ്ക്കൽ വിനീതിന്‍റെ ഉച്ചത്തിലുള്ള ചിരി മുഴങ്ങി.
“ഇന്നലെയെന്താ ഫോൺ ചെയ്യാതിരുന്നത്?” ഇത്തിരി പരിഭവത്തോടെയായിരുന്നു ചോദ്യം.
“ഞാനെന്‍റ ഫുൾ ചെക്കപ്പ് ചെയ്യാൻ പോയതായിരുന്നു. അതിന് ഇത്തിരി സമയമെടുക്കുമേല്ലാ”
“എന്ത്പറ്റി?” അൽപം പരിഭ്രമത്തോടെയായിരുന്നു എന്‍റെ ചോദ്യം.
“ഒന്നുമില്ല, 40 പിന്നിട്ടാൽ പരിശോധനകളൊക്കെ വേണമല്ലോ. നീയും ചെക്കപ്പ് ചെയ്യണം കേട്ടോ” വിനീത് അവളെ സ്നേഹപൂർവ്വം ഉപദേശിച്ചു.
“മെഡിക്കൽ റിപ്പോർട്ട് കിട്ടിയോ? കുഴപ്പമൊന്നും ഇല്ലല്ലോ? ഒന്നും മറച്ച് വച്ചിട്ടില്ലല്ലോ?”
“റിപ്പോർട്ട് കിട്ടി. എല്ലാം നോർമലാണ് ബ്ലഡ് പ്രഷർ മാത്രമേ ഇത്തിരി കൂടിയിട്ടുള്ളൂ. അതിനുള്ള മെഡിസിൻ കഴിക്കുന്നുണ്ട്. വിഷമിക്കാനൊന്നുമില്ല” വിനീത് ചെറുചിരിയോടെ നിസാരമട്ടിൽ പറഞ്ഞു.
ഞാൻ അന്ന് രാത്രി തന്നെ ഒരു റോസാപ്പൂവ് വാട്സാപ്പിന്‍റെ പ്രൊഫൈൽ പിക്ചറാക്കിയിട്ടു. വിനീതിന് റോസാപ്പൂക്കൾ വളരെയിഷ്ടമാണ്. വാട്സാപ്പിൽ തങ്ങൾ തമ്മിലുള്ള സംഭാഷണം ഗുഡ്മോണിംഗിലും ഗുഡ്നൈറ്റിലും മാത്രമാണ് ഒതുങ്ങി നിന്നിരുന്നത്. സമയം ചിറകുകളുമായി പറന്നുകൊണ്ടിരുന്നു. ഒരു മാസം കഴിഞ്ഞു പോയതറിഞ്ഞേയില്ല. എന്‍റെ സ്വന്തം രൂപത്തെ കണ്ണാടിയിൽ കാണുമ്പോഴൊക്കെ ഞാൻ 16കാരിയെപ്പോലെ ലജ്‌ജിച്ചുപോകുമായിരുന്നു. കവിളുകൾ ചുവന്നു തുടുത്തു. മുഖം തിളങ്ങി.
ലതാജിയുടെ പാട്ട് കേൾക്കുമ്പോഴൊക്കെ ഞാനും അതിനൊപ്പം മൂളിത്തുടങ്ങി. ജീവിതത്തിലെ ഓരോ ചലനത്തിലും സംഗീതവും സ്നേഹവും നിറയുന്നതുപോലെ. ചിലപ്പോൾ ഞാനറിയാതെ കാലുകൾ നൃത്തച്ചുവടുകൾ വച്ചു. ഇതെന്താണ് എനിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരുപക്ഷേ വിനീതുമായുള്ള സൗഹൃദത്തിൽ നിന്നുണ്ടായ സന്തോഷം കൊണ്ടാവും.
ഒരു ദിവസം എന്നെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് വിനീത് എന്നെ പ്രതിസന്ധിയിലാക്കി. ആ ആവശ്യം ആവർത്തിച്ചപ്പോൾ ആലോചിച്ച് പറയാമെന്നായിരുന്നു എന്‍റെ മറുപടി. പക്ഷേ ഇനി വിനീത് വിളിച്ചാൽ എന്താണ് മറുപടി പറയണമെന്നതിനെപ്പറ്റി ഞാൻ ആലോചിച്ചിട്ടുപോലുമില്ലായിരുന്നു.
മൊബൈൽ റിംഗ് ചെയ്തു. ഒരു നിമിഷം ഞാൻ ഞെട്ടിത്തരിച്ചുപോയി. വിറയ്ക്കുന്ന കൈകളോടെ ഞാൻ ഫോൺ എടുത്തു. ഞാൻ ഹലോയെന്ന് പറയും മുമ്പേ വിനീത് സംസാരിച്ചു തുടങ്ങി.
“രാധി, നമ്മൾ കണ്ടുമുട്ടേണ്ട സമയമായിരിക്കുന്നു…ജീവിതത്തെ കുറിച്ച് നമുക്കൊന്നും പ്രവചിക്കാനാവില്ലല്ലോ. ഇന്ന് കാണുന്നയാൾ നാളെയുണ്ടാവില്ല്യ”
“അയ്യോ..അങ്ങനെയെന്താ പറയുന്നത്? എന്തെങ്കിലും?” വളരെ അസ്വസ്ഥതയോടെയാണ് ഞാൻ ചോദ്യം ചോദിച്ചത്.
“ഇല്ല. ഒന്നുമില്ല” വിനീത് ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഇത്രയും നമ്മൾ ഫോണിൽ മാത്രമല്ലേ സംസാരിച്ചത്. ഒരു വട്ടമെങ്കിലും നമ്മൾ കാണേണ്ടേ” വിനീത് സ്വയം തന്നെ സ്ഥലവും തീയതിയും തീരുമാനിച്ചു.
“ങ്ഹാ… രാധി ഒറ്റക്കാലുള്ള ഒരാൾ ഞാനല്ലാതെ വേറെ ആരുണ്ടാകാനാണ് അവിടെ”
“റോസ് നിറത്തിലുള്ള സാരിയണിഞ്ഞു വരണം. അങ്ങനെയാവുമ്പോൾ വേഗം തിരിച്ചറിയാൻ പറ്റും”
“റോസ് സാരിയോ?” ഞാൻ അദ്ഭുതത്തോടെ ചോദിച്ചു.
“റോസ് നിറത്തിലുള്ള സാരിയില്ലെങ്കിൽ മറ്റേതെങ്കിലും കളറിലുള്ളതും അണിയാം” വിനീത് പറഞ്ഞു.
“രാധി നാളെ 4 മണിയ്ക്ക് ഞാൻ നിന്നെ കാത്തുനിൽക്കും. ഇനി ഞാൻ ഫോൺ ചെയ്യില്ല. നാളെ നേരിട്ട് കണ്ട് സംസാരിക്കും”
തിരിച്ച് മറുപടി എന്തെങ്കിലും പറയും മുമ്പ് വിനീത് ഫോൺ കട്ട് ചെയ്തു. വിനീതിന് ഇതെന്തു പറ്റി എന്തുകൊണ്ടാ കാണണമെന്ന് വാശിപിടിക്കുന്നത്? ഞാൻ പറയുന്നത് കേൾക്കാനുള്ള സാവകാശം പോലും കാട്ടിയില്ലല്ലോ… സ്വന്തം കാര്യമല്ലാതെ…
റോസ് സാരി എന്നെ ഭൂതകാലത്തെ ഒരു ഓർമ്മയിലേക്ക് നയിച്ചു.
ഏതോ ചെറുക്കൻ എന്നെ പെണ്ണ് കാണാൻ വരുന്നുവെന്നും പയ്യന്‍റെ പേര് മനോജ് എന്നാണെന്നും എഞ്ചിനീയറാണെന്നും ഒരിക്കൽ അമ്മ ഒരു റോസ് സാരി തന്നുകൊണ്ട് പറഞ്ഞു.
“ഈ സാരി അണിഞ്ഞാൽ നീ കൂടുതൽ സുന്ദരിയായി തോന്നും”
അമ്മയെ ആരാണ് പറഞ്ഞ് മനസ്സിലാക്കുക. നമുക്കുള്ള നിറവും രൂപവും നല്ല നിറത്തിലുള്ള വസ്ത്രമണിഞ്ഞതുകൊണ്ട് മാറുമോ?
മുഖത്ത് ഫേഷ്യലിടാനായി കടലമാവും തൈരും ചേർത്ത മിശ്രിതവും അമ്മ എന്നെ ഏൽപ്പിച്ചു. പാവം എന്‍റെ അമ്മ എങ്ങനെയെങ്കിലും എന്നെ ആരെങ്കിലും ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചാൽ എനിക്കൊരു ജീവിതാകുമല്ലോയെന്നായിരുന്നു അമ്മയുടെ കണക്കുകൂട്ടൽ. വൈകുന്നേരം മനോജും മനോജിന്‍റെ മാതാപിതാക്കളും കൂടി എന്നെ കാണാൻ വന്നു. അതേ ആവർത്തനം. ഞാൻ ട്രേയിൽ എല്ലാവർക്കുമുള്ള ചായയുമായി ചെന്ന് കാഴ്ചവസ്തുവായി നിന്നു. ഒപ്പം എന്‍റെ കുഞ്ഞനുജത്തി ഉമയും എന്നെ അനുഗമിച്ചു.
മനോജ് എന്നെ നോക്കി ഒന്ന് രണ്ട് ചോദ്യങ്ങൾ ചോദിച്ചു. അതിനിടെ മനോജ് അടുത്തിരിക്കുകയായിരുന്ന സ്വന്തം അച്ഛന്‍റെ ചെവിയിൽ എന്തോ രഹസ്യം പറഞ്ഞു. എന്നെ കാണാൻ വന്നതായിരുന്നുവെങ്കിലും ഉമയിലായിരുന്നു അയാളുടെ കണ്ണ്. അയാളുടെ ശരീരഭാഷയിൽ നിന്നും എനിക്ക് കാര്യം പിടികിട്ടിയിരുന്നു.
മനോജിന്‍റെ അച്ഛൻ അമ്മയോടായി പറഞ്ഞു. “മോന് ഇളയമകളെയാണ് ഇഷ്ടമായത്. താൽപര്യമാണെങ്കിൽ നമുക്ക് ആലോചിച്ച് കൂടെ”
വല്ലാത്ത ഒരു കിതപ്പോടെ എഴുന്നേറ്റ് അമ്മ അവരുടെ ആവശ്യത്തെ നിഷ്കരുണം തള്ളി. “മൂത്തവളുടെ കല്യാണം കഴിഞ്ഞിട്ടെ ഞങ്ങൾ ഇളയവളുടെ കല്യാണത്തെപ്പറ്റി ചിന്തിക്കുന്നുള്ളൂ” അമ്മ കൈകൂപ്പിക്കൊണ്ട് അവരോട് പുറത്തുപോകാൻ ആവശ്യപ്പെട്ടു.
അമ്മ വാശിയിലായിരുന്നു. പക്ഷേ ഞാനമ്മയെ പറഞ്ഞ് സമാധാനിപ്പിച്ചു. ആരുടെയാണോ കല്യാണം നടക്കുക അതങ്ങ് നടത്തുക വളരെ പാടുപെട്ടാണ് ഞാനെന്‍റെ ശ്രമത്തിൽ വിജയിച്ചത്. അങ്ങനെ ഉമയുടെയും മനോജിന്‍റെയും വിവാഹം നടത്തി.
എനിക്ക് അപ്പോഴേക്കും വിവാഹത്തോട് വെറുപ്പായി തുടങ്ങിയിരുന്നു. ഇനി ജീവിതത്തിൽ വിവാഹമേ വേണ്ടായെന്ന് തീരുമാനിച്ചു. എന്നെ പ്രദർശിപ്പാക്കാൻ ഞാൻ ആഗ്രഹിച്ചില്ല. അമ്മ വിവാഹത്തിനായി എന്നെ കുറേ നിർബന്ധിച്ചെങ്കിലും ഞാനെന്‍റെ വാശിയിൽ തന്നെ ഉറച്ചുനിന്നു. പഠനം പൂർത്തിയാക്കിയശേഷം ഞാനൊരു സ്ക്കൂളിൽ അദ്ധ്യാപികയായി ചേർന്നു. എന്‍റെ വിവാഹമെന്ന സ്വപ്നവും പേറി അമ്മ ലോകത്തോട് വിടപറഞ്ഞു.
ഞാൻ ഏത് ഭൂതകാലത്തിൽ നിന്നാണോ ഓടിയൊളിക്കാൻ ഇഷ്ടപ്പെട്ടിരുന്നത് അതേ ഭൂതകാലം വീണ്ടും ചിറക് വിടർത്തി എന്‍റെ മുന്നിൽ വന്നു നിൽക്കുകയാണ്.
മെബൈൽ റിംഗ് ചെയ്തത് കേട്ട് ഞാൻ ഓർമ്മകളിൽ നിന്നും ഞെട്ടിയെഴുന്നേറ്റു. ഫോണിന്‍റെ മറുതലയ്ക്കൽ ഇളയ അനുജത്തി ഉമയായിരുന്നു.
“ചേച്ചിയ്ക്ക് സുഖമാണോ! ചേച്ചിയോട് സംസാരിച്ചിട്ട് കുറച്ച് ദിവസമായില്ലേ… ഇപ്പോൾ അവധിക്കാലമല്ലേ ചേച്ചി. കുറച്ച് ദിവസത്തേക്ക് ഇങ്ങോട്ടേക്ക് വന്നൂടെ… ചേച്ചിയ്ക്കത് ഒരു ചേഞ്ചാകുമല്ലോ… ചേച്ചിയെന്താ ഒന്നും മിണ്ടാത്തത്?”
“സംസാരിക്കാൻ സമയം തന്നാലല്ലേ എനിക്ക് സംസാരിക്കാൻ പറ്റൂ” അവളുടെ ചോദ്യം കേട്ട് എനിക്ക് ചിരി വന്നു.
എന്‍റെ വിവാഹം നടക്കാത്തതിന് താനാണ് കാരണക്കാരിയെന്നാണ് ഉമ വിശ്വസിച്ചിരുന്നത്. അതുകൊണ്ട് അവൾ മുറയ്ക്ക് എന്നെ വിളിച്ച് എന്‍റെ വിശേഷങ്ങൾ ആരാഞ്ഞിരുന്നു. അമ്മയുടെ മരണശേഷം അവളുടെ ഫോൺവിളിയും കുറഞ്ഞുവന്നു.
സമയം 3 മണിയായിരിക്കുന്നു. മനസ്സില്ലാമനസ്സോടെ എഴുന്നേറ്റ് വിനീതിനെ കാണാൻ തയ്യാറായി.
ഒരു ഓട്ടോയിൽ കയറി വിനീത് പറഞ്ഞയിടത്ത് ഇറങ്ങി. എന്‍റെ കണ്ണുകൾ ഉദ്വേഗത്തോടെ വിനീതിനെ തെരഞ്ഞുകൊണ്ടിരുന്നു. പക്ഷേ അദ്ദേഹത്തെ കണ്ടെത്താൻ അധികനേരമെടുത്തില്ല. എന്‍റെ അഭിമുഖമായുള്ള ഇരിപ്പിടത്തിൽ വിനീത് ഇരിക്കുന്നു! അടുത്തു തന്നെ ക്രച്ചസ് ചാരി വച്ചിരുന്നു. കയ്യിൽ ഫ്രഷ് റോസാ പുഷ്പങ്ങൾ!
അടുത്തു കണ്ട ഒരു മരത്തിന് പിന്നിൽ മറഞ്ഞുനിന്നുകൊണ്ട് ഞാൻ വിനീതിനെ സൂക്ഷിച്ചുനോക്കി. ഈ പ്രായത്തിലും അദ്ദേഹം എത്രമാത്രം സുന്ദരനാണ്. വെളുത്തനിറം, വലിയ ആകർഷകമായ കണ്ണുകൾ, ഒത്ത ഉയരം, കറുത്തമുടിയിൽ അങ്ങിങ്ങായി വെളുത്ത നര കയറിയിട്ടുണ്ട്. അയാളുടെ നിഷ്കളങ്കത്വത്തെ അത് എടുത്ത് കാട്ടുന്നുണ്ട്. വിനീതിനെ കണ്ടതോടെ എന്‍റെ മനസ്സിൽ അടക്കിവച്ചിരുന്ന അപകർഷതാബോധം വീണ്ടും നാമ്പെടുത്തു തുടങ്ങി. മനസ്സിൽ വിചിത്രങ്ങളായ ചിന്തകൾ കുത്തിയൊലിച്ചു. വിനീത് എന്നെ കണ്ടാൽ ഒരുപക്ഷേ എന്തായിരിക്കും ചിന്തിക്കുക? ഈ സ്ത്രീയെ കാണാനാണോ താൻ ഇത്രയും നാൾ അക്ഷമയോടെ കാത്തിരുന്നതെന്നല്ലേ അയാൾ അപ്പോൾ ചിന്തിക്കുക. അഴകോ ആകൃതിയോ ഇല്ലാത്ത ഒരു രൂപം.
വേണ്ടാ… വേണ്ടാ… വിനീതിന്‍റെ മുന്നിൽ എനിക്ക് പോകാനാവില്ല. ഒരിക്കൽ കൂടിയുള്ള തിരസ്ക്കരണം എനിക്ക് സഹിക്കാനാവില്ല. അതിനാൽ ഭാരിച്ച മനസ്സോടെ വിനീതിനെ കാണാതെ തന്നെ ഞാൻ വീട്ടിൽ മടങ്ങിയെത്തി. വിനീതിന് അത് ദേഷ്യമുണ്ടാക്കുമെന്ന് എനിക്കറിയാമായിരുന്നു. വീട്ടിലെത്തിയയുടൻ മൊബൈൽ മുഴങ്ങി തുടങ്ങി. പതിയെ ഞാൻ പേഴ്സിൽ നിന്നും ഫോൺ എടുത്തു. നെഞ്ചിടിപ്പ്! ദ്രുതഗതിയിലുള്ള മിടിപ്പ് എനിക്കപ്പോൾ അസഹ്യമായി തോന്നി. പതിഞ്ഞ ശബ്ദത്തിൽ ഹലോയെന്ന് പറഞ്ഞയുടൻ വിനീത് ദേഷ്യത്തോടെ പ്രതികരിച്ചു.
“നിങ്ങളെന്താ വരാതിരുന്നത്?” ഞാനതിന് മറുപടിയെന്നോണം പതിഞ്ഞശബ്ദത്തിൽ ഒരു നുണ പറഞ്ഞു.
“അയൽവക്കത്തെ ഒരു സ്ത്രീയ്ക്ക് ആക്സിഡന്‍റായി. ഞാൻ അവിടെ പോയതായിരുന്നു” വിനീത് വലിയ ദേഷ്യത്തിലാണെന്ന് എനിക്ക് മനസ്സിലായിരുന്നു. ഒരു പക്ഷേ എന്‍റെ ജീവിതത്തിലെ ഏറ്റവും നല്ലൊരു സുഹൃത്തിനെയാവും എനിക്കിന്ന് നഷ്ടമാകാൻ പോകുക. അതോർത്തപ്പോൾ എന്‍റെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. കവിളുകളിലൂടെ കണ്ണുനീർ ചാലുകൾ നിർദ്ദയം ഒലിച്ചിറങ്ങി.
രാവിലെ എഴുന്നേറ്റയുടൻ വാട്സാപ്പ് എടുത്തുനോക്കി. പതിവിന് വിപരീത മായി വിനീതിന്‍റെ ഗുഡ്മോണിംഗ് സന്ദേശം അന്നുണ്ടായിരുന്നില്ല. എന്നും മാറ്റിയിടാറുള്ള പ്രൊഫൈൽ പിക്ചറിലും അന്ന് മാറ്റമുണ്ടായില്ല. അന്നത്തെ ദിവസം ഒരു തവണ പോലും വിനീത് വാട്സാപ്പ് പോലും നോക്കിയതേയില്ല. വിനീതിന്‍റെ ഫോൺകോളും കാത്ത് ആ ദിവസം കടന്നുപോയി. ഇപ്പോൾ രാത്രിയും കടന്നുപോയിരിക്കുന്നു. രാവിലെ എഴുന്നേറ്റയുടൻ ഏറ്റവുമാദ്യം വിനീതിനെ ഫോണിൽ വിളിച്ച് ക്ഷമ ചോദിക്കണമെന്ന് ഞാൻ മനസ്സിലുറപ്പിച്ചു. വിനീതിനെ എങ്ങനെയെങ്കിലും മനസ്സിലാക്കി പിണക്കം മാറ്റണം. അയാൾ ഫോൺ ചെയ്തില്ലെങ്കിലെന്ത്? എനിക്ക് വിനീതിനെ വിളിക്കാമല്ലോ.
രാത്രി എങ്ങനെയൊക്കെയോ കഴിച്ചുകൂട്ടി. രാവിലെ എഴുന്നേറ്റയുടൻ വാട്സാപ്പ് തുറന്നുനോക്കി. കണ്ണട വയ്ക്കാത്തതുകൊണ്ട് മങ്ങൽ.. വിനീത് പ്രൊഫൈൽ പിക്ചർ മാറ്റിയിട്ടുണ്ട്. കൂടെ ഒരു മെസേജും അയിച്ചിട്ടുണ്ട്. എന്‍റെ കണ്ണുകൾ തിളങ്ങി. പുതു ജീവൻ കൈവന്നതുപോലെ. കിടക്കയ്ക്ക് വശത്തായുള്ള സ്റ്റൂളിന് മുകളിൽ നിന്നും തിടുക്കപ്പെട്ട് ഞാൻ കണ്ണടയെടുത്ത് വച്ചശേഷം പ്രൊഫൈൽ പിക്ക്സും ചെയ്തുനോക്കി. ഇതെന്താ? വിനീതിന്‍റെ ഫോട്ടോയ്ക്ക് പകരം പൂക്കളുടെ ഹാരം? എന്‍റെ ഹൃദയം ശക്‌തമായി മിടിക്കാൻ തുടങ്ങി. പെട്ടെന്ന് താഴെയുള്ള സന്ദേശം വായിച്ചു. അദ്ദേഹം ഹൃദയാഘാതത്താൽ മരണപ്പെട്ടിരിക്കുന്നു. ഇന്ന് വൈകുന്നേരമാണ് സംസ്കാരച്ചടങ്ങ്!
അതിൽ കൂടുതൽ വായിക്കാൻ എനിക്ക് ധൈര്യമുണ്ടായില്ല. കണ്ണുകളിലൂടെ ഉറഞ്ഞുകൂടിയ സങ്കടഭാരം. ഹൃദയം നുറുങ്ങി പോകുന്ന വേദന. എന്‍റെയുള്ളിൽ നിന്നുയർന്ന നിലവിളി മുറിക്കുള്ളിലെ ഏകാന്തതയിൽ ലയിച്ചുചേർന്നു. വിനീതിന് എന്നെ അങ്ങനെ ഉപേക്ഷിച്ച് പോകാനാവില്ല. ഒരു വട്ടം മടങ്ങി വരാമോ പ്ലീസ്… ഞാൻ റോസ് നിറത്തിലുള്ള സാരി അണിഞ്ഞ് വരാം. നമുക്ക് കണ്ണിൽ നോക്കിയിരുന്ന് സംസാരിക്കാം” തകർന്ന മനസ്സോടെ ഞാൻ പൊട്ടിക്കരഞ്ഞുകൊണ്ടിരുന്നു. ആരും കാണാനോ കേൾക്കാനോ ഇല്ലാതെ ആരുടെയും സാന്ത്വന സ്പർശനമോ ആശ്വസിപ്പിക്കലുമില്ലാതെ… ഞാൻ ഉറക്കെ ഉറക്കെ കരഞ്ഞു. എന്‍റെ ഭൂതകാലം വീണ്ടും ചിറകുവിടർത്തി എന്നെ മുട്ടിവിളിച്ചുകൊണ്ടിരുന്നു.
വീണ്ടും അതെ… നിറങ്ങളില്ലാത്ത ജീവിതം… വീടിനകത്തെ ഭയാനകമായ ശൂന്യത. നിർജ്‌ജീവമായ മൊബൈൽ… പൊടിപടലങ്ങൾ പറ്റിപ്പിടിച്ച ടിവി.. എല്ലാം മുമ്പത്തെപ്പോലെയായി തീർന്നു. ഇതിനെല്ലാം കാരണക്കാരി… ഈ ഞാൻ മാത്രമല്ലേ.