പ്രബിൻ… പത്താം ക്ലാസിൽ പഠിക്കുമ്പോഴെ സിനിമയെ പ്രണയിച്ച് തുടങ്ങിയ പയ്യൻ… തീവ്രമായ ആ അഭിനയ മോഹം അന്നത്തെ ആ കൊച്ചുപയ്യനെ പിന്നീട് വർഷങ്ങൾക്കിപ്പുറം സീരിയൽ നടനാക്കി. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്ത് വരുന്ന ചെമ്പരത്തി എന്ന സീരിയലിലൂടെ പ്രേക്ഷക മനസിൽ ഇഷ്ടതാരമായി ഇടം നേടിയിരിക്കുകയാണ് തൃശൂർ സ്വദേശിയായ പ്രബിൻ. ചെമ്പരത്തിയിൽ അഖിലാണ്ഡേശ്വരിയുടെ രണ്ടാമത്തെ മകനായ അരവിന്ദ് കൃഷ്ണൻ… (അനിയൻ കുഞ്ഞ്) പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയത് ചുരുങ്ങിയ സമയം കൊണ്ടാണ്. കുസൃതിയും തമാശയും നിറഞ്ഞ അരവിന്ദ് കൃഷ്ണനിലൂടെ ഈ താരം പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരിക്കുന്നു. ഒപ്പം സോഷ്യൽ മീഡിയയിൽ താരത്തിന് ആരാധകരേറെയുമുണ്ട്.
സീരിയലിലാണ് തുടക്കമെങ്കിലും സിനിമയെ ഒരുപാടിഷ്ടപ്പെടുന്ന പ്രബിൻ അഭിനയകലയെക്കുറിച്ചും തന്‍റെ സ്വപ്നങ്ങളെക്കുറിച്ചും ഗൃഹശോഭയുമായി പങ്കുവയ്ക്കുന്നു.
ചെമ്പരത്തിയിലെ അരവിന്ദ് എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസ്സിലിടം നേടിയിരിക്കുന്നുവല്ലോ…
അരവിന്ദ് എന്ന കഥാപാത്രമായി ഞാൻ രണ്ടരവർഷമായി ജീവിക്കുകയാണ്. വളരെ കുറച്ച് വ്യത്യാസങ്ങളെയുള്ളൂ ഞാനും അരവിന്ദനും തമ്മിൽ. ഞാൻ കുറച്ചു കൂടി സീരിയസാണെന്ന് പറയാം. അരവിന്ദ് അത്ര പക്വതയുള്ള ആളല്ല. ആ വീട്ടിലെ ഏറ്റവും ഇളയ മകനാണ്. എല്ലാവരുടെയും വാത്സല്യമേറ്റ് ജീവിക്കുന്ന പോരായ്മകളും നല്ലതുമൊക്കെയുള്ള ഒരു കഥാപാത്രം. തുല്യരാണെന്നുള്ള കാഴ്ചപ്പാടാണ് അരവിന്ദനിലുള്ള പോസിറ്റിവിറ്റി. അമ്മയെയായാലും വേലക്കാരിയെയായാലും ഒരേയളവിൽ സ്നേഹിക്കുന്നയാളാണ്. അരവിന്ദന് അസൂയയില്ല. എന്നാൽ എനിക്ക് ഇതൊക്കെ ഉണ്ടാകാം ഇല്ലാതിരിക്കാം. ടോട്ട്ലി ആ കഥാപാത്രമാകാൻ എനിക്ക് വലിയ പ്രയാസമുണ്ടായില്ല.
ഐശ്വര്യ, യവനിക ഗോപാലകൃഷ്ണൻ തുടങ്ങിയ താരനിരക്കൊപ്പമുള്ള അഭിനയം. എന്താണ് അവർക്കൊപ്പമുള്ള അനുഭവങ്ങൾ?
ഐശ്വര്യ മാം (നടി ഐശ്വര്യ) എനിക്ക് ഏറ്റവും വലിയൊരു സെലിബ്രിറ്റിയാണ്. ചെറുതായിരുന്നപ്പോൾ മാഡത്തിന്‍റെ നരസിംഹം പോലെയുള്ള സിനിമ കണ്ടിട്ടുള്ളതു കൊണ്ട് എന്നെ സംബന്ധിച്ച് വലിയൊരു നടിയാണ്. മാഡത്തിനെ കാണുമ്പോൾ എക്സൈറ്റ്മെന്‍റാണ്. അവരിൽ നിന്നൊക്കെ കുറേ കാര്യങ്ങൾ പഠിക്കാനുണ്ട്. അവർ മാത്രമല്ല യവനിക ഗോപാലകൃഷ്ണൻ സജന ചന്ദ്രൻ എന്നിങ്ങനെയുള്ള താരങ്ങളിൽ നിന്നും ഒരുപാടു പഠിക്കാനുണ്ട്. ഐശ്വര്യ മാഡം വളരെ പ്രൊഫഷണലാണ്. ഇപ്പോൾ അഖിലാണ്ഡേശ്വരിയായി താരാ മാഡം ആണ് വരുന്നത്. താരാ മാഡത്തിനോട് കുറച്ചു കൂടി അമ്മ ഫീലുണ്ട്. ഓഫ് സ്ക്രീനിലായാലും താരാമ്മേ എന്നാണ് ഞാൻ വിളിക്കുക. പിന്നെ എനിക്ക് ഐശ്വര്യ മാമിൽ നിന്നും വിലമതിക്കാനാവാത്ത ഒരു അംഗീകാരവും കിട്ടിയിരുന്നു. ഒരു ഷോട്ടിൽ അമ്മ മകന് ചോറ് കൊടുക്കുന്ന രംഗമുണ്ടായിരുന്നു. വളരെ മനോഹരമായ രംഗം. ആ ഷോട്ടെടുത്ത് കഴിഞ്ഞപ്പോൾ ഐശ്വര്യ മാഡം എന്നെ അഭിനന്ദിക്കുകയുണ്ടായി. യു ആർ എ ബോൺ ആക്ടർ എന്നൊക്കെ പറഞ്ഞു. കൂടെ അഭിനയിക്കുന്നവരുടെ അഭിനന്ദനം കിട്ടുകയെന്നത് എന്നെ സംബന്ധിച്ച് വളരെ വലിയ കാര്യം തന്നെയാണ്.
ചെമ്പരത്തി സീരിയലിന്‍റെ ഭാഗമായതെങ്ങനെയാണ്
അഭിനയ കലയോടുള്ള ഇഷ്ടം സ്ക്കൂളിൽ പഠിക്കുമ്പോഴെ ഉണ്ടായിരുന്നു. 10-ാം ക്ലാസ് ആയപ്പോഴാണ് മുന്നോട്ട് എന്ത് ചെയ്യണമെന്ന എന്‍റെ മനസിൽ രൂപപ്പെട്ടത്. ഒരു ആക്ടർ ആവണമെന്നതായിരുന്നു ലക്ഷ്യം. ഞാൻ എംബിഎ ചെയ്തത് കൊച്ചിയിലാണ്. സിനിമയിലേക്കുള്ള അവസരങ്ങൾക്കു വേണ്ടി പരിശ്രമിക്കാമല്ലോ എന്നോർത്താണ് കൊച്ചിയിൽ ഉപരിപഠനത്തിന് എത്തുന്നത്. എംബിഎ പഠനം പൂർത്തിയായി ഫൈനൽ എക്സാം നടക്കുന്ന സമയത്തായിരുന്നു ചെമ്പരത്തിയുടെ ഓഡിഷൻ. 9 മണി തുടങ്ങി ഒരു മണി വരെയാണ് എക്സാം. ഞാൻ 11-15 ആയതോടെ എക്സാം എഴുതി കഴിഞ്ഞിരുന്നു. എന്‍റെയൊരു കൂട്ടുകാരൻ ഹരീഷ് അവനും സിനിമാ പ്രേമിയാണ്. അവനും എന്‍റെ കൂടെ ഓഡീഷന് വന്നു. അവനെയെനിക്ക് മറക്കാനാവില്ല. എനിക്ക് വേണ്ടി ത്യാഗം ചെയ്തവനാണ് അവൻ. എക്സാം എഴുതി കഴിഞ്ഞ് ഓഡീഷന് പോകുന്ന കാര്യം ഇൻവിജിലേറ്ററെ അറിയിച്ചപ്പോൾ പറ്റില്ലായെന്ന് പറഞ്ഞു. സമയം കഴിഞ്ഞേ പോകാവൂ. പക്ഷേ ഞങ്ങൾ പ്രിൻസിപ്പാളിനെ കണ്ട് കാര്യം പറഞ്ഞു. എന്നെ അദ്ഭുതപ്പെടുത്തി കൊണ്ട് അദ്ദേഹം പോകാൻ അനുവദിച്ചു. എംബിഎ പൂർത്തിയായി രണ്ടാഴ്ച കഴിഞ്ഞ് എന്നെ സെലക്റ്റ് ചെയ്തെന്ന വിവരമറിയിച്ചു കൊണ്ട് ജനാർദ്ദനൻ സാറിന്‍റെ (ഡയറക്ടർ) കോൾ വന്നു. അങ്ങനെ ആ സന്തോഷം ഞാൻ അമ്മയേയും വേണ്ടപ്പെട്ടവരേയും അറിയിച്ചു. അന്ന് കോളേജിലെ പ്രിൻസിപ്പാൾ പറഞ്ഞ കാര്യം എക്സാമിന് ഇൻവിജിലേറ്ററായി വന്ന സാറ് എന്നോട് പിന്നീട് പറയുകയുണ്ടായി. “പോട്ട്റേ… അവൻ നാളെ നല്ലൊരു നടനായാൽ നമ്മുടെ കോളേജിന് നല്ലൊരു പേരാകുമല്ലോയെന്ന്.”
എംബിഎ പഠനം കഴിഞ്ഞാൽ നല്ലൊരു പ്രൊഫഷനിലെത്താം. എന്നാൽ അഭിനയരംഗം അങ്ങനെയല്ല. റിസ്കിയാണെന്ന ചിന്ത വീട്ടിൽ ഉണ്ടായിരുന്നോ?
കുട്ടിക്കാലം തുടങ്ങിയെ അഭിനയ മോഹം ഉണ്ടല്ലോ. 10-ാം ക്ലാസ് ആയപ്പോഴാണ് ആക്ടിംഗ് എന്നതിന്‍റെ പർപ്പസിനെപ്പറ്റി ഞാൻ കൂടുതൽ ചിന്തിക്കുന്നത്. ആക്ടർ എന്നതിലപ്പുറമായി എന്തെങ്കിലും ചെയ്യണമെന്ന തീവ്രമായ തോന്നൽ ഉണ്ടായി.
എംബിഎ പഠിക്കുന്ന സമയത്ത് കുട്ടികളെല്ലാവരും ജോബ് പ്ലേസ്മെന്‍റിന് പേര് കൊടുത്തപ്പോൾ ഞാൻ മാത്രം പേര് കൊടുത്തില്ല. എല്ലാവർക്കും നല്ല ജോലി കിട്ടി. എനിക്ക് ഒരു അഭിനേതാകണമെന്നത് മാത്രമായിരുന്നു ആഗ്രഹം. അമ്മയുടെയുള്ളിലും ചിലപ്പോൾ എന്‍റെ തീരുമാനത്തിൽ ഭയം തോന്നിയിരിക്കാം. പക്ഷേ അമ്മ എനിക്ക് ഫുൾ സപ്പോർട്ട് തന്നു. അവന് ആത്മവിശ്വാസമുണ്ടെങ്കിൽ ചെയ്യട്ടെയെന്ന ഉറച്ച നിലപാട് സ്വീകരിച്ചു. പിന്നെ ഓരോന്ന് പറഞ്ഞ് മകന് പ്രഷർ കൊടുക്കണ്ട എന്നതായിരുന്നു അമ്മയുടെ തീരുമാനം. പക്ഷേ ഇപ്പോൾ അമ്മ ഭയങ്കര ഹാപ്പിയാണ്.
വീട്ടിൽ ആരൊക്കെയുണ്ട്?
തൃശൂർ വടക്കാഞ്ചേരിയിലാണ് എന്‍റെ വീട്. അച്‌ഛൻ ചെറുപ്പത്തിലെ മരിച്ചു. ഞാനും അമ്മയും മാത്രമേയുള്ളൂ. അമ്മ ഗവൺമെന്‍റ് സർവീസിലാണ്.
കോളേജ് പഠനക്കാലത്ത് കലാരംഗങ്ങളിൽ സജീവമായിരുന്നോ?
കോളേജ് പഠനം മൈസൂറിലായിരുന്നു. അവിടെ ഭാഷ കന്നഡയാണല്ലോ. കന്നഡ പറയാനറിയാം. പക്ഷേ കലാപരമായ രംഗങ്ങളിൽ സജീവമായിരുന്നില്ല. ചെറിയ നാടകങ്ങൾ ചെയ്യുക, മൈം ഷോ, മിമിക്സ് ഒക്കെ ആയിരുന്നു എന്‍റെ സ്ക്കൂൾ ഓർമ്മകൾ. പക്ഷേ എംസിഎ പഠനക്കാലത്ത് മോണോആക്ടിൽ എനിക്ക് ഫസ്റ്റ് കിട്ടി. തെന്നാലി എന്ന പടത്തിൽ കമൽഹാസൻ ചെയ്ത ഒരു രംഗം അവതരിപ്പിച്ചതിനായിരുന്നുവത്.
എന്തായിരുന്നു ചെമ്പരത്തിയിലെ ഫസ്റ്റ് ഷോട്ട്? ഭയം തോന്നിയിരുന്നോ?
ആദ്യം ചെയ്ത ഷോട്ട് ഓർക്കുമ്പോൾ ദാ ഇപ്പോഴും ചിരി വരും. ഒരു പെൺകുട്ടിയുടെ കൈ ഉഴിഞ്ഞു കൊടുക്കുന്നതായിരുന്നു ഫസ്റ്റ് ഷോട്ട്. സത്യം പറഞ്ഞാൽ അന്നു വരെ ഞാൻ ഒരു പെൺകുട്ടിയുടെയും കൈ പിടിക്കുക പോലും ചെയ്തിട്ടില്ല. “എടാ നീ ഇതുവരെ പെൺകുട്ടിയുടെ കൈപിടിച്ചിട്ടില്ലേ. നീ കറക്ടായ് ചെയ്യ്” എന്നൊക്കെ പറഞ്ഞപ്പോൾ എന്‍റെ കൈയും കാലും വിറയ്ക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞാൻ കൈ പിടിച്ചു. (പ്രബിൻ ചിരിക്കുന്നു). ചെമ്പരത്തിയുടെ ഡയറക്ടർ, ആയ ജനാർദ്ദനൻ സാർ എന്‍റെ ആക്ടിംഗ് കരിയറിലെ ഗുരുവാണെന്ന് പറയാം. സാറ് പക്കാ പ്രൊഫഷ്ണലാണ്. ആക്ടിംഗിനും കട്ടിംഗിനും ഇടയിൽ ഷോട്ട് ശരിയായില്ലെങ്കിൽ സാറ് വഴക്കു പറയും. പക്ഷേ അത് കഴിഞ്ഞാൽ പാവം മനുഷ്യനാണ്. അത്രയും വലിയൊരു ക്രൂവിന്‍റെ മുന്നിൽ അഭിനയിക്കുകയെന്നത് അന്നത്തെ സമയത്ത് ചാലഞ്ചിംഗ് ആയിരുന്നു.
പുതിയ പ്രൊജക്റ്റുകൾ
സീരിയൽ ഒന്ന് രണ്ട് ഓഫറുകൾ വന്നിരുന്നു. പക്ഷേ സ്വീകരിച്ചില്ല ചെമ്പരത്തിയുടെ ഷെഡ്യൂളുമായി പോവുകയാണ്. അതിന്‍റെ ഇടയിൽ സിനിമ വന്നാൽ ചെയ്യാം എന്നാണ് വിചാരിക്കുന്നത്. അതിനിടയിൽ സീരിയൽ വന്നാൽ അഡ്ജസ്‌റ്റ് ചെയ്യാൻ പറ്റില്ലല്ലോ. ഒരു സീരിയൽ കഴിഞ്ഞ് അടുത്ത സീരിയൽ വന്നാൽ തീർച്ചയായും സ്വീകരിക്കും.
അമ്മ അഭിനയം കണ്ട് വിമർശിക്കാറുണ്ടോ?
അമ്മ നല്ല അഭിപ്രായം മാത്രമേ പറയാറുള്ളൂ. എന്‍റെ അഭിനയത്തിലെ പോരായ്മകൾ പറയണമെന്ന് ഞാൻ പറയാറുണ്ട്. നന്നായിട്ടേയുള്ളൂയെന്നേ അമ്മ പറയൂ. നല്ല സപ്പോർട്ട് ആണ്. പിന്നെ മറ്റ് താരങ്ങളുടെ അഭിനയത്തെക്കുറിച്ചൊക്കെ പറയും. അമ്മ ഒരു ക്രിട്ടിക്ക് അല്ല.
പുറത്ത് പോകുമ്പോൾ എല്ലാവരും തിരിച്ചറിയുന്നുണ്ടോ?
തുടക്ക സമയത്ത് ആരെങ്കിലും എന്നെ ശ്രദ്ധിക്കുന്നുണ്ടോ നോക്കുന്നുണ്ടോ എന്നൊക്കെ ശ്രദ്ധിക്കുമായിരുന്നു. പലരോടും അങ്ങോട്ട് കയറി പരിചയപ്പെടും. അപ്പോഴെങ്കിലും ഞാനെന്താണ് ചെയ്യുന്നതെന്ന് അവർ ചോദിക്കുമെന്ന് വിചാരിക്കും. എവിടെ (ചിരിക്കുന്നു). സീരിയൽ വന്ന് ഒരു മാസം കഴിഞ്ഞപ്പോൾ എല്ലാവരും തിരിച്ചറിയാൻ തുടങ്ങി. ആൾക്കാർ എന്നെ ഇഷ്ടപ്പെടുക, തിരിച്ചറിയുക എന്നതൊക്കെ എനിക്ക് വലിയ എക്സൈറ്റ്മെന്‍റാണ്.
അഭിനയം മാറ്റി നിർത്തിയാൽ ഇഷ്ടപ്പെടുന്ന ഹോബീസ്
ഇഷ്ടമുള്ളത് 2 കാര്യമാണ്. ഒന്ന് വായന. രണ്ടാമത്തേത് കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുക. അതിൽ കുറച്ച് വിചിത്രമായ കാര്യവുമുണ്ട്. ഇങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ഞാൻ സ്വയം സംസാരിച്ചു കൊണ്ടിരിക്കും. അതായത് സ്വയം ഇന്‍റർവ്യൂ ചെയ്യുക. ഈ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ, വ്യക്‌തിപരമായ കാര്യങ്ങൾ, നാളെ എന്നോട് ചോദിക്കാവുന്ന ചോദ്യങ്ങൾ ഞാൻ സ്വയം ചോദിച്ച് സ്വയം മറുപടി പറയും. ചിലപ്പോൾ അതിൽ കടുകട്ടി ചോദ്യങ്ങളും ഉണ്ടാവും. ഇതൊക്കെ ഒറ്റയ്ക്കുള്ളപ്പോഴെ ചെയ്യൂ. പിന്നെ സിനിമ കാണാറുണ്ട്. ആക്ടേഴ്സിന്‍റെ ഇന്‍റർവ്യൂസ് കാണും. അതിൽ എനിക്ക് പ്രചോദനമാകാവുന്ന കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കാറുണ്ട്.
ഫിറ്റ്നസ് ഫ്രീക്കാണോ
അത്ര മസിൽമാനൊന്നുമല്ല ഞാൻ. പക്ഷേ ശരീരം ശ്രദ്ധിക്കുന്നയാളാണ്. അതുപോലെ ഭക്ഷണം ഒരുപാടിഷ്ടപ്പെടുന്നയാളാണ്. വിഷമിച്ചിരിക്കുന്ന സമയത്ത് എന്‍റെ മുന്നിൽ ബിരിയാണി കൊണ്ട് വന്ന് വച്ചാൽ ഞാൻ വളരെ ഹാപ്പിയാകും. ഭക്ഷണത്തെ റസ്പെക്ട് ചെയ്യുന്നയാളാണ്. ഇത് പറഞ്ഞപ്പോഴാണ് മറ്റൊരു രസകരമായ കാര്യം ഓർമ്മ വന്നത്. പണ്ട് ഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്ത് കോളേജ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുമ്പോൾ ഇവിടുത്തെ കപ്പലണ്ടി കട പോലെ വഴിയോര കടകളിൽ ചില്ലി ചിക്കനും ചിക്കൻ ഫ്രൈയുമൊക്കെ നിരത്തി വച്ചിരിക്കും. നല്ല ചുവപ്പ് നിറത്തിൽ അത് കാണുമ്പോൾ കൊതിയടക്കാനാവില്ല. ഒരു ദിവസം ഞാൻ പോയി അത് മേടിച്ചു കൊണ്ടുവന്ന് ഹോസ്റ്റലിലിരുന്ന് കഴിച്ചു. ശേഷം വാഷ്റൂമിൽ പോയി വായയിൽ വിരലിട്ട് ഛർദ്ദിച്ച് കളഞ്ഞു. ആ സമയത്ത് ശ്വാസം മുട്ടിയ പോലെയായിരുന്നു. മൂക്കിലൂടെയും വായയിലൂടെയുമൊക്കെ ഭക്ഷണാവശിഷ്ടങ്ങൾ പുറത്തു വരുന്നു. ശരിക്കും മരിച്ചു പോകുമെന്ന് വരെ തോന്നി. അന്നൊക്കെ വയറ് ചാടരുത്. അഥവാ ഇത്തിരി വണ്ണം വന്നാൽ ആകെ കോൺഷ്യസ് ആകുമല്ലോ ആ ഒരു ജാഗ്രതയിലായിരുന്നു ഇങ്ങനെ കാട്ടി കൂടിയത്. എനിക്കതിന്‍റെ രുചിയറിഞ്ഞാൽ മാത്രം മതിയായിരുന്നു. ഇപ്പോൾ കഴിക്കാറില്ലെന്നല്ല. ബിരിയാണിയൊക്കെ കഴിച്ചാൽ ഞാൻ അന്ന് രാത്രി ഭക്ഷണം ഒഴിവാക്കി ഫിറ്റ്നസ് മെയിന്‍റയിൻ ചെയ്യാൻ ശ്രമിക്കും.
ഫാഷൻ കോൺഷ്യസാണോ
വ്യക്‌തി ജീവിതത്തിൽ നല്ല രീതിയിൽ വസ്ത്രം ധരിക്കണം എന്ന ചിന്താഗതിക്കാരനാണ്. ക്യാമറയ്ക്ക് മുന്നിൽ മാത്രം ആക്ടറാകണം. അല്ലാത്തപ്പോൾ നാട്ടിലായാൽ ഞാൻ മുണ്ട് ധരിച്ച് നടക്കുന്നയാളാണ്. മറ്റൊരു വ്യക്‌തിയുടെ ഫാഷൻ അനുകരിച്ച് ട്രെന്‍റാക്കി നടക്കുന്നതിനോട് താൽപര്യമില്ല. നമ്മൾ സ്വയം കൊണ്ടുവരുന്നതാകണം ട്രെന്‍റ്.
സിനിമയിൽ ഇഷ്ടപ്പെട്ട നടന്മാർ ആരൊക്കെയാണ്? അവരുടെ അഭിനയ ശൈലി ശ്രദ്ധിക്കാറുണ്ടോ?
മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവരാണല്ലോ സൂപ്പർ സ്റ്റാറുകൾ. രണ്ടുപേരും ക്ലാസ് ആക്ടേഴ്സാണ്. പൂരത്തിന് നെറ്റിപ്പട്ടം കെട്ടി ഗജവീരനെ കാണുമ്പോഴുള്ള ഒരാന ചന്തമുണ്ടല്ലോ അതാണ് മോഹൻലാൽ സാറിന്‍റെ അഭിനയം. വിസ്മയത്തോടെ നമ്മൾ നോക്കി നിൽക്കുന്ന പ്രഭയാണ് അദ്ദേഹത്തിന്‍റെ അഭിനയം കാഴ്ച വയ്ക്കുന്നത്. യൂണിക് ആക്ടർ. മമ്മൂക്കയെക്കുറിച്ച് പറയുകയാണെങ്കിൽ നമുക്ക് ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് കണ്ടു പഠിക്കാനുണ്ട്. സൗണ്ട് മോഡുലേഷൻ, കഥാപാത്രത്തിലേക്ക് മാറുന്ന രീതി, ഫിറ്റ്നസിന് കാട്ടുന്ന അർപ്പണം എന്നിവയൊക്കെ നമ്മളെ അതിശയിപ്പിക്കും. രണ്ടുപേരും രണ്ട് സ്ക്കൂളാണ്. തുടക്കകാർക്ക് അവരിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. അവരെപോലെ തന്നെ എന്നെ വിസ്മയം കൊള്ളിച്ച പല നടന്മാരുമുണ്ട്. തിലകൻ, ശങ്കരാടി, ഒടുവിൽ ഉണ്ണികൃഷ്ണൻ, നെടുമുടി… ഇവരൊക്കെ സ്ക്രീനിൽ ജീവിക്കുകയായിരുന്നില്ലേ. എന്നെ സംബന്ധിച്ച് വലിയൊരു നടനാകണമെന്നതിലുപരിയായി ആളുകളുടെ മനസിൽ കയറിപ്പറ്റുന്നതരം നടനാവണം എന്നതാണ് ആഗ്രഹം. അയൽവീട്ടിലെ ഒരാൾ എന്ന ഫീൽ തോന്നിപ്പിച്ചിട്ടുള്ളവരാണ് ജയറാം, ദീലിപ് മുതലായവർ. ഒടുവിൽ ഉണ്ണികൃഷ്ണൻ വലിയൊരു അഭിനേതാവാണ്. അദ്ദേഹത്തിന്‍റെ സ്ക്രീൻ പെർഫോമൻസ് കാണുമ്പോൾ അയൽവീട്ടിലെ മാമനാണ് എന്ന് തോന്നി പോകും. എനിക്ക് അങ്ങനെയൊരു നടനാവാനാണ് ഇഷ്ടം. മോർ ദാൻ ബിയോണ്ട് ദി ആക്ടർ. ചെറിയ കുഞ്ഞുങ്ങളെ തൊട്ട് വയസ്സായ അമ്മൂമ്മമാരെ വരെ സ്വാധീനിക്കുന്ന തരത്തിൽ ഉള്ള നടനാവണം അതാണ് എനിക്കിഷ്ടം. ഒരു കുഞ്ഞ് കുട്ടി വന്ന് എന്നെ ഇഷ്ടപ്പെടുന്നു വെന്ന് പറയുന്നതാവും എന്നെ സംബന്ധിച്ച് ഏറ്റവും വലിയ അംഗീകാരം. ഒട്ടും കളങ്കമില്ലാത്ത മനസിനെ സ്വാധീനിക്കാൻ കഴിയുക. മനസിൽ തൊടുന്ന കഥാപാത്രമായി ജീവിക്കുകയെന്നത് ഒരു നടനെ സംബന്ധിച്ച് വലിയൊരു അനഗ്രഹമാണ്. അതാണ് ഞാൻ ആഗ്രഹിക്കുന്നത്. തമിഴിൽ കമൽഹാസൻ, സൂര്യ എന്നിവരുടെ അഭിനയമാണ് എന്നെ ഏറെ സ്വാധീനിച്ചത്. സൂര്യയുടെ വാരണം ആയിരം എന്ന സിനിമ എന്‍റെ ജീവിതത്തിൽ പ്രതീക്ഷ തന്ന സിനിമയാണ്.
സിനിമയിൽ ചെയ്യാൻ ഇഷ്ടപ്പെടുന്ന കഥാപാത്രം
ഒരു ട്രാൻസ്ജെന്‍ററിന്‍റെ ക്യാരക്ടർ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. യഥാർത്ഥത്തിൽ സമൂഹം അവരെ തെറ്റായ രീതിയിലല്ലേ കാണുന്നത്. അവർ ട്രാൻസ്ജെന്‍ററായത് അവരുടെ തെറ്റു കൊണ്ടല്ലല്ലോ. അവരുടെ അവസ്‌ഥ തുറന്നു കാട്ടുന്ന രീതിയിൽ അവരുടെ ജീവിതം അവതരിപ്പിക്കണം. ഒരു ട്രാൻസ്ജെന്‍ററിനെ കാണുമ്പോൾ രണ്ടാമതൊന്ന് കൂടി നോക്കുന്ന അവസ്‌ഥ മാറി നമുക്കൊപ്പമുള്ള ജെന്‍ററായി അംഗീകരിക്കപ്പെടുന്ന കാഴ്ചപ്പാട് സമൂഹത്തിൽ വരത്തക്ക രീതിയിൽ ട്രാൻസ്ജെന്‍റർ കഥാപാത്രത്തെ അവതരിപ്പിക്കണം എന്നാഗ്രഹമുണ്ട്.
മറക്കാനാവാത്ത അനുഭവം
എല്ലാ വിഷുവിനും എന്‍റെ നാട്ടിൽ കലാപരിപാടികൾ നടത്താറുണ്ട്. നാട്ടുകാർ എല്ലാവരും ചേർന്നാണ് കലാപരിപാടി അവതരിപ്പിക്കുക. നാടകം, മിമിക്സ്, ഡാൻസ് അങ്ങനെ പല കലാപരിപാടികളും ഉണ്ടാവും. കഴിഞ്ഞ 22-23 വർഷമായി പതിവ് തെറ്റാതെ സ്റ്റേജിൽ പെർഫോം ചെയ്യുന്നയാളായിരുന്നു ഞാൻ. എന്നാൽ കഴിഞ്ഞ 3-4 വർഷമായിട്ട് എനിക്ക് പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതെയായി. ഡാൻസായാലും ഡ്രാമയായാലും ശരി ഞാൻ എന്തിലെങ്കിലും പങ്കെടുക്കും. ഈ കലാപരിപാടികൾ കാണാൻ സ്ത്രീകളുടെ കൂട്ടത്തിൽ അമ്മയും അമ്മൂമ്മയും ഉണ്ടാവും. അവർ പരിപാടികളൊക്കെ കണ്ടുകൊണ്ടിരിക്കും. പക്ഷേ ചെമ്പരത്തി സീരിയലിൽ അഭിനയിച്ച് തുടങ്ങിയ ശേഷം എന്‍റെ ലൈഫിൽ മറക്കാൻ പറ്റാത്ത ഒരനുഭവമുണ്ടായി.
എന്‍റെ നാട്ടിൽ ഞാൻ പെർഫോം ചെയ്‌തിരുന്ന അതേ സ്റ്റേജിൽ എന്നെ ചീഫ് ഗസ്റ്റായി ക്ഷണിച്ച് സ്വീകരണം തന്നതായിരുന്നു മറക്കാനാവാത്ത അനുഭവം. ഇത്രയും കാലം ആ വേദിയിൽ കലാപരിപാടികൾ അവതരിപ്പിച്ചിരുന്ന ഞാൻ അവിടെ പെർഫോമം ചെയ്‌ത കുട്ടികൾക്ക് സമ്മാനം കൊടുക്കുക… ഞാൻ ശരിക്കും ഇമോഷ്ണലായിയെന്ന് പറയാം. ഇതെല്ലാം കഴിഞ്ഞ് ഞാൻ വീട്ടിലെത്തിയപ്പോൾ അമ്മയെന്നെ കെട്ടിപ്പിടിച്ചു. പരിപാടി കണ്ടു കൊണ്ടിരുന്ന അമ്മ സന്തോഷം കൊണ്ട് കരയുകയായിരുന്നുവെന്ന് പിന്നീട് പലരും പറഞ്ഞ് ഞാനറിഞ്ഞു.
ഇനിയെനിക്ക് എന്ത് അംഗീകാരങ്ങൾ കിട്ടിയാലും ശരി എന്‍റെ അമ്മ എന്നെ ആശ്ലേഷിച്ചതിന്‍റെയത്രയും സന്തോഷം നൽകുമെന്ന് തോന്നുന്നില്ല. അമ്മയുടെ വാത്സല്യം നിറഞ്ഞ ആ ആശ്ലേഷമാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം, അനുഗ്രഹവും.