ക്ലോക്കിൽ സൂചി അഞ്ച് മുപ്പത് എന്ന് കാണിച്ചപ്പോഴേ ഇറങ്ങിയതാണ്. കൃത്യം ഗേറ്റിലെത്തിയപ്പോൾ അന്നു ഫുൾ ഡേ ലീവിലായിരുന്ന എംഡി ഒരു ദിവസം മുഴുവനും നിർത്താതെ ചെയ്‌താലും തീരാത്ത അത്ര പണിയുമായിട്ട് മുൻപിൽ. അതും ഇന്നു തന്നെ തീർക്കേണ്ടതാണത്രേ. “താൻ ഇറങ്ങിയാരുന്നോ?” ഒരു വളിച്ച ചിരിയുമായിട്ട് അയാളുടെ ചോദ്യം കേട്ടപ്പോൾ കൊല്ലാനുള്ള ദേഷ്യമാണ് തോന്നിയത്. പക്ഷേ പറ്റില്ലല്ലോ തന്‍റെ പണി ഇതായിപ്പോയില്ലേ, പിന്നെ ഒന്നര മണിക്കൂർ നിർത്താതെ ലെറ്റർ ഡ്രാഫ്റ്റിംഗ്, അതും ആ ബോറന്‍റെ ക്യാബിനിൽ.

ഒരു വിധത്തിൽ ചടങ്ങു കഴിച്ച് പുറത്തുചാടിയപ്പോൾ നേരം ഏഴുമണി. ഈ സമയം സാധാരണ ഒന്നുരണ്ടു കടകളെങ്കിലും ഉണ്ടാവേണ്ടതാണ്. പക്ഷേ, ഇന്നങ്ങനെയല്ലല്ലോ ഗതികെട്ട ഈ ജന്മം താമസിച്ചിറങ്ങിയതല്ലേ, അതുകൊണ്ട് ഒരൊറ്റ കട പോലും തുറന്നിട്ടില്ല. സാരിത്തുമ്പ് പൊക്കിക്കുത്തി ഇടംവലം നോക്കാതെ നടപ്പുതുടങ്ങി. ഭാഗ്യം, ലൈറ്റ് പണി മുടക്കിയിട്ടില്ല. അത്രയും നന്നായി. വഴി അവസാനിക്കുന്നിടത്താണ് ബസ്‌സ്‌റ്റോപ്പ്. സ്ട്രീറ്റ് ലൈറ്റിന്‍റെ വെളിച്ചത്തിൽ വേഗത്തിൽ മുന്നോട്ടു നടന്നു. തൊട്ടെതിർ വശത്ത് തന്നേക്കാൾ വേഗത്തിൽ ഒരു ബാഗും തൂക്കിപ്പിടിച്ചോടുന്ന ചുരിദാർ അപ്പോഴാണ് ശ്രദ്ധിച്ചത്. ഈ കാലക്കേട് തനിക്കു മാത്രമല്ല. ഒരു ചെറിയ ചിരിയിൽ അത് ഒതുക്കി നടപുമത്സരം വീണ്ടും തുടർന്നു.

ബസ്‌‌സ്റ്റോപ്പിലേക്കടുക്കാറായപ്പോൾ ഒരു വണ്ടി പുറപ്പെടാൻ തയ്യാറായി നിൽക്കുന്നത് അവർ കണ്ടു. “അയ്യോ, ആ വണ്ടിയല്ലേ അത്?” അറിയാതെ നാവിൽ നിന്നു വീണ വാക്കിനൊപ്പം ഒരു മരണപ്പാച്ചിലായിരുന്നു പിന്നീട് അതിനടുത്തേക്ക്.

“ദേവമാത തന്നെയാണോ ചേച്ചി?” കൂടെ ഓടുന്നതിനിടയിൽ ചുരിദാർ ചോദിച്ചു.

“അതെയെതെ” ബോർഡ് ഒന്നൂടെ വ്യക്തമായപ്പോൾ അവൾ പറഞ്ഞു. വണ്ടി നീങ്ങിത്തുടങ്ങിയിരുന്നു.

“ഓ… രക്ഷയില്ല ചേച്ചീ, അതു പോയി.” ചുരിദാർ ഓട്ടം നിർത്തി.

നിർത്താതെ ഓടിയിട്ടും വണ്ടിപോയി. കിതച്ച് കിതച്ച് ശ്വാസം വിടാൻ പോലുമാകാതെ രണ്ടുപേരും റോഡിന്‍റെ അരികിൽ കുത്തിയിരുന്നു പോയി.

“ഒരു കാര്യോം ഇല്ലാണ്ട് വെറുതേ ഓടി.” ബാഗ് നേരെയിട്ട് പുതിയ കഥാപാത്രം പറഞ്ഞു.

“ഇനീപ്പോ ഏഴേമുക്കാലിനല്ലേ വണ്ടിയുള്ളൂ ” ചോദ്യഭാവത്തിൽ അവർ പെൺകുട്ടിയെ നോക്കി. “അതെയതെ, ദേവമാത പോയാ പിന്നെ ഏഴമ്പത്.” അവൾ അവരെ പിടിച്ചെഴുന്നേൽപ്പിച്ചിട്ട് പറഞ്ഞു.

“എന്താ പേര്?” വേച്ച് വേച്ച് അടുത്ത വെയ്റ്റിംഗ് ഷെഡിലെത്തി ഇരുമ്പു പൈപ്പിൽ ചാരി നിൽക്കുമ്പോൾ അവർ പെൺകുട്ടിയോട് ചോദിച്ചു.

“അനിത ചേച്ചീടെയോ?”

“എന്‍റെ പേര് ഷൈനി നിങ്ങടെ കമ്പനിടെ ഇടതുവശത്താ ഞങ്ങളുടെ ഓഫീസ്. അല്ല സാധാരണ അഞ്ചിനു കഴിയാറുള്ളതല്ലേ, ഇന്നെന്തുപറ്റി?” ഷൈനി ചോദിച്ചു.

“കാലക്കേടെന്നല്ലാതെ എന്തു പറയാനാ, രണ്ടാമത്തെ വാൻ ഡെലിവറിയെടുക്കാൻ വന്നപ്പോ മൂന്ന് പായ്ക്കറ്റിൽ എന്തോ തകരാറ്, പിന്നെ അതഴിച്ച് ഒന്നൂടെ തിട്ടപ്പെടുത്തേണ്ടി വന്നു” അവൾ പറഞ്ഞു.

സംഭവം പാഴ്സൽ സർവീസാണ്. അനിതയെപ്പോലെ മൂന്നാല് പെൺകുട്ടികൾ ഓഫീസിൽ ഉണ്ട്. ഡെലിവറി വാനിൽ മിക്കവാറും ആൺകുട്ടികളാണ്, പക്ഷേ, പാഴ്സൽ സീൽ ചെയ്‌ത് എല്ലാം കൃത്യമായി ആളുകളുടെ മേൽവിലാസത്തിൽ എത്തുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ജോലി ഓഫീസിൽ ഇരിക്കുന്നവർക്കും.

“നല്ല ബുദ്ധിമുട്ടുള്ള ജോലിയാ ഇത്, അല്ലേ?” ഷൈനി ചോദിച്ചു.

“കുറച്ച്, അങ്ങനെ നോക്കിയാ ഏതു ജോലിയാ മെച്ചം” അനിത സ്വയം ചോദിച്ചു.

“ടൗണിൽ തന്നെയാണോ വീട്?”

ഷൈനി തന്‍റെ സ്‌റ്റോപ്പിൽ നിൽക്കുന്ന ഓരോ ആളുകളേയും ശ്രദ്ധിച്ചു കൊണ്ട് ചോദിച്ചു. വീടിനടുത്തുള്ള ഒരാളെങ്കിലും സാധാരണ ഉണ്ടാവാറുണ്ട്. അതായിരുന്നു കാര്യം.

“അല്ല, ഫോർട്ടിനടുത്ത് ഒരു വനിതാ ഹോസ്‌റ്റലിൽ അഡ്മിഷൻ കിട്ടി.

പക്ഷേ..” അനിത പാതിയിൽ നിർത്തി.

“പക്ഷേ,” ഷൈനി അവളെ നോക്കി.

“ഒന്നൂല്ല, ഏഴ്‌മണി കഴിഞ്ഞാ പിന്നെ അവിടെ കേറ്റില്ല അത്രതന്നെ” അവൾ പറഞ്ഞു.

“ഓ… പെൺപിള്ളേർ ഏഴ് മണി കഴിഞ്ഞ് ടൗണിൽ ഇറങ്ങിയാൽ മാനം ഇടിഞ്ഞു വീഴും അല്ലേ?” ഷൈനിക്ക് അത് കേട്ടപ്പോൾ ചെറിയദേഷ്യം തോന്നി. “നിങ്ങൾക്ക് ധൈര്യമില്ലാഞ്ഞിട്ടാ. സമരം ചെയ്യണം. ഇതിനൊക്കെ എതിരേ, ആവശ്യത്തിനും അനാവശ്യത്തി നുംസമരം ചെയ്യാൻ ഒരുപാട് പേരിവിടുണ്ട്. ഇതൊക്കെയാണ് ചോദ്യം ചെയ്യേണ്ടത്.” ഷൈനി തന്‍റെ എതിർപ്പ് തുറന്നു പറഞ്ഞു.

“ആ.. അതുപോട്ടെ, ഈ റൂട്ടിൽ എവിടെയാ ഇറങ്ങേണ്ടത്?” അവർ അനിതയോട് ചോദിച്ചു.

“ശരാവതി. അവിടെ ഒരു ബന്ധുവുണ്ട്. കുറച്ച് കേറിപ്പോണം.”

“ഡോണ്ട് വറി, എന്‍റെ സ്‌ഥലമാ അത്. ഞാൻ കൊണ്ടാക്കാം” ഷൈനി പറഞ്ഞു.

കണ്ണു മഞ്ഞളിപ്പിക്കുന്ന രീതിയിൽ ഹെഡ്‌ലൈറ്റിന്‍റെ വെട്ടം മുഖത്തു വീണപ്പോൾ അവർ അങ്ങോട്ടേക്ക് നോക്കി. തങ്ങൾക്ക് പോകേണ്ട വണ്ടിയല്ല. പക്ഷേ, സൂചികുത്താൻ ഇടയില്ലാത്ത വണ്ണം ആളെ നിറച്ച് ഒരു വണ്ടി മുക്കി മൂളി അവിടെ വന്നു നിന്നു.

അകത്ത് ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടുന്ന ആളുകൾ. ആ സ്‌റ്റോപ്പിൽ നിന്നും കുറേ പേർ കൂടി വണ്ടിയിലേക്ക് കയറി. ഇപ്പോൾ നില അതീവ പരിപകരം. നടു ഒടിയാറായ ബസ് വീണ്ടും യാത്ര തുടർന്നു.

വണ്ടിയുടെ ദയനീയമായ യാത്ര കണ്ട രണ്ടുപേരുടേയും പുരികം വളഞ്ഞതു. “ഇനി നമ്മുടെ വണ്ടിയുടെ വരവ് ഏതു കോലത്തിലാവുമോ?” അവർ പരസ്‌പരം നോക്കി. ഏഴ് അമ്പതിന്‍റെ വണ്ടി പിന്നെയും താമസിച്ചു. അതും പത്തു മിനിറ്റ്. മുമ്പ് പോയ വണ്ടിയേക്കാൾ പരിതാപകരമാണ് അതിന്‍റെ അവസ്‌ഥ യാതൊരു കരുണയുമില്ലാതെ ആളുകളെ കുത്തിനിറച്ചുള്ള അതിന്‍റെ വരവ് കണ്ട്: ചോദ്യഭാവത്തിൽ അനിത ഷൈനിയെ നോക്കി. ‘കേറണോ? ‘

“കേറാതെ മറ്റൊരു വഴിയുമില്ല. അടുത്ത വണ്ടി എട്ടരക്കാണ്” ഷൈനി പറഞ്ഞു.

അര മണിക്കൂറിന്‍റെ കാര്യമാല്ലയുള്ളൂ. ശരാവതി വരെ കമ്പിയിൽ തൂങ്ങി ഒരു സർക്കസ്, അത് ജീവിതത്തിന്‍റെ ഭാഗമായിത്തീർന്ന കുറേപ്പേർ, അതിൽ നമ്മളും, അവർ മനസ്സിൽ വിചാരിച്ചു.

വണ്ടി വീണ്ടും നിരങ്ങി നീങ്ങിത്തുടങ്ങി. ഷൈനിയുടെ നിൽപ് വാതിൽപ്പടിയിലാണ്. അകത്തേക്കു കയറാനാവുന്നില്ല. അനിത മെലിഞ്ഞിട്ടാണ്. അതുകൊണ്ട് അവൾക്ക് കയറിപ്പോകാനായി. ഒരു കമ്പിയിൽ എത്തിപ്പിടിച്ച് അവൾ ഷൈനിയുടെ ബാഗിനായി കൈനീട്ടി.

“ബാൾ ഞാൻ പിടിക്കാം ചേച്ചീ” അവൾ പറഞ്ഞു.

ഒരു വിധത്തിൽ ബാഗ് അവളെ ഏൽപിച്ച് ഷൈനി പടിയിൽ നിന്ന് യാത്ര തുടർന്നു.

ശരാവതി അടുക്കാറായപ്പോൾ മുമ്പിൽ ഒരു ബഹളം, സ്ത്രീകൾ തിങ്ങി നിറഞ്ഞ മുൻഭാഗത്താണ് ബഹളം, ധൃതിയിൽ ഷൈനിയും അനിതയും കയറിയത് ഏറ്റവും പിന്നിലെ വാതിലിൽ ആയിരുന്നു. മുൻഭാഗത്തെ ബഹളമാണ് ഇപ്പോൾ എല്ലാവരും ശ്രദ്ധിക്കുന്നത്. ഒരു സ്ത്രീ തൊട്ടുപിന്നിൽ നിൽക്കുന്ന കാക്കിഷർട്ടുകാരനോട് കയർക്കുന്നു.

‘ഓ.. അതു തന്നെ’ ഒരു സ്ഥിരം സംഭവം, പ്രത്യേകിച്ച് ഈ സമയത്ത് തിരക്കുള്ള ഒരു ബസിൽ. ഷൈനിക്ക് കാര്യം പിടികിട്ടി. കമ്പിയിൽ പിടിച്ച് എത്തി വലിഞ്ഞ് നോക്കുന്ന കാഴ്‌ചക്കാരിൽ ചിലരും അയാളോട് കയർത്തു തുടങ്ങി.

വണ്ടി ശരാവതി ജംഗ്ഷനിൽ നിർത്തി. ഒരു ചെറിയ നാൽക്കവല. “ഹാവൂ, അങ്ങനെ ഒരു വിധത്തിൽ എത്തി.’ ആശ്വാസത്തോടെ നിലം തൊട്ട ഷൈനിയുടെ കണ്ണുകൾ ആദ്യം പോയത് ടാക്സി സ്‌റ്റാന്‍റിലേക്കായിരുന്നു. ഒരു രക്ഷയുമില്ല. മെർക്കുറി ലാമ്പിന്‍റെ മഞ്ഞ വെളിച്ചം മാത്രം.

‘കൊഴഞ്ഞതല്ലോ ചേച്ചീ’ പിന്നിലെ ശബ്ദം കേട്ട് ഷൈനി തിരിഞ്ഞു നോക്കി. സത്യത്തിൽ അനിതയുടെ കാര്യം ഇതിനിടയിൽ മറന്നിരുന്നു.

“ഇനിയിപ്പോ എന്തു ചെയ്യും?”

“എന്താ ചെയ്യുക. നടക്കുക തന്നെ” ശരാവതി ജംഗ്ഷനിൽ നിന്ന് വടക്കുഭാഗത്തേക്ക് നീണ്ടു കിടക്കുകയാണ് കാൽവരി മൗണ്ട് റസിഡൻസ് കോളനി, കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന ഒരു റോഡ് അതിന്‍റെ ഒത്ത നടുക്കുകൂടിയുണ്ട്. വണ്ടിയില്ലാത്ത സ്ഥ‌ിതിക്ക് ഇനി നടപ്പു തന്നെ ശരണം.

“അല്ല തനിക്ക് എവിടെയാ പോവേണ്ടത്.” ഷൈനി അനിതക്കു നേരെ തിരിഞ്ഞു. ഉത്തരം അവൾ പറയുന്നതിനു മുൻപ് പിൻഭാഗത്ത് ഒരു ബഹളം കേട്ട് അവർ തിരിഞ്ഞു നോക്കി.

അവർ വന്ന ബസ് അപ്പോഴും പോയിട്ടില്ല. അതിനുള്ളിലെ ബഹളം എല്ലാപരിധിയും കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ കാക്കിഷർട്ടുകാരൻ വണ്ടിയുടെ പിൻഭാഗത്താണ്. അയാൾ എല്ലാവരേയും ചീത്ത വിളിച്ചുകൊണ്ടിരിക്കുന്നു. ഒടുവിൽ മൂന്നാല് പേർ ചേർന്ന് അയാളെ റോഡിലേക്ക് തള്ളിയിട്ടു.

റോഡിൽ കമിഴ്ന്നു വീണ അയാൾ പിടഞ്ഞെഴുന്നേറ്റു. കാൽ നിലത്തുറക്കാത്ത അവസ്‌ഥയിലാണ്. ബസ് വീട്ടപ്പോൾ അതിന്‍റെ പുറത്തടിച്ച് അയാൾ അലറി.

“അമ്മേ…” രണ്ടുപേരും കൈവിരലുകൾ ചെവിയിലേക്കിട്ട് പരസ്‌പരം നോക്കി. കേട്ടാലറയ്ക്കുന്ന അസഭ്യമാണ് അയാൾ വിളിച്ചു പറയുന്നത്. എത്രയും വേഗം വീട്ടിലെത്തിയാൽ മതി എന്നായിരുന്നു വേഗത്തിൽ നടക്കുമ്പോൾ അവരുടെ മനസ്സിൽ.

കുറേ ദൂരം പിന്നിട്ടു കഴിഞ്ഞു. വെളിച്ചം മങ്ങിത്തുടങ്ങിയിരുന്നു. മെർക്കുറി ലാമ്പിന്‍റെ പരിധിയിൽ നിന്നും പഴ ഇലക്ട്രിക് ബൾബിന്‍റെ പ്രഭ മാത്രമുള്ള ഒരു സ്ഥ‌ലത്തെത്തിയപ്പോൾ അവർ തിരിഞ്ഞു നോക്കി.

‘അയ്യോ അയാൾ..’ അനിത പാതിയിൽ നിർത്തി. കളി കാര്യമാവുകയാണ്. ഏന്തി വലിഞ്ഞായാലും കാക്കിഷർട്ടുകാരൻ അവരെ പിൻതുടരുന്നുണ്ടായിരുന്നു. കാലുകൾക്ക് അറിയാതെ വേഗത കൂടി അയാൾ അത്ര വേഗത്തിൽ പിൻതുടരില്ല എന്നായിരുന്നു ധാരണ. പക്ഷേ എന്തോ ഒന്നുറപ്പിച്ച മട്ടിൽ അയാൾ അടുത്തടുത്ത് വന്നപ്പോൾ പരിഭ്രമം ഭീതിയായി മാറി, പിന്നെ പ്രാണനു വേണ്ടിയുള്ള ഒരോട്ടമായിരുന്നു. പേപിടിച്ചതു പോലെ അയാൾ അവർക്കു പിന്നാലെയും. ഒരു ഘട്ടത്തിൽ അനിതയുടെ കൈ ഷൈനിയിൽ നിന്നും വേർപെട്ടു.

അവർ നടന്നിരുന്ന ഷെപ്പേർഡ് സ്ട്രീറ്റ് അനിതയ്ക്ക് പരിചയമുള്ളതല്ല. ഒരു വളവിൽ വച്ച് ഇടത്തുവശത്തേക്ക് തിരിയുന്ന റോഡിലേക്ക് അനിത തിരിഞ്ഞോടി.

അപ്പോൾ മാത്രമാണ് അയാളുടെ ലക്ഷ്യം അവളാണ് എന്ന് മനസ്സിലായത്. ഇരുവരും കാഴ്ചയിൽ നിന്നു മറഞ്ഞു കഴിഞ്ഞു. ഇടതുവശത്തെ വഴി കായലിന്‍റെ ഭാഗത്തേക്കുള്ളതാണ്. നേരെയുള്ള വഴിയ കുറേദൂരം പോയിരുന്ന ഷൈനി തിരികെയെത്തിയപ്പോൾ രണ്ടു കറുത്ത പൊട്ടുപോലെ അവർ അകലെയെത്തിയിരുന്നു.

പക്ഷേ, നോക്കി നിൽക്കാനാവില്ല. ഷൈനി ഉറപ്പിച്ചു. ഓടിക്കിതച്ച് അവർക്കൊപ്പമെത്തിയ നിമിഷം കായൽക്കരയിലെ ഒരു സിമന്‍റ് ബഞ്ചിൽ കണ്ട കാഴ്ച‌ അവളുടെ ശരീരത്തെ നിശ്ചലമാക്കി. കേട്ടുപഴകിയ എന്നാൽ കേട്ടു മാത്രം പരിചയമുള്ള ഒരു ദുരന്തം ഇതാ തന്‍റെ കണ്മുമ്പിൽ അതും ഇത്ര നേരം തനിക്കൊപ്പം ഉണ്ടായിരുന്നവൾ പക്ഷേ, അടുത്ത നിമിഷം അവൾ സ്വബോധം വീണ്ടെടുത്തു.

‘ആലോചിക്കാൻ സമയമില്ല.’ അവളുടെ കണ്ണുകൾ ചുറ്റും പരതി. കായൽക്കരയിൽ ആരുടെയൊക്കെയോ ആഘോഷത്തിന്‍റെ ശേഷിപ്പായി കിടന്നിരുന്ന ബിയർ ബോട്ടിലിൽ കണ്ണുകൾ ഉടക്കി. ‘അതു തന്നെ… അതു തന്നെ വഴി.’ കുപ്പിയുടെ കഴുത്തിൽ വലതുകൈ മുറുക്കിപ്പിടിച്ച് ഷൈനി അവർക്കു പിന്നിലെത്തി, സുഹൃത്തിന്‍റെ മുകളിലേക്ക് കമഴ്ന്നു കിടന്നിരുന്ന അയാളുടെ തലക്കു തന്നെ അതുകൊണ്ടടിച്ചു.

തലയുടെ പിൻഭാഗത്തു നിന്നും രക്തമൊഴുകി. ഒന്നു നിലവിളിക്കുക പോലും ചെയ്യാതെ അയാൾ മറിഞ്ഞുവീണു സിമന്‍റു ബഞ്ചിലാകെ ചുടുരക്‌തം അയാളുടെ ബോധം മറഞ്ഞു കഴിഞ്ഞു. അയാളെ ശ്രദ്ധിക്കാതെ ഷൈനി അനിതയുടെ അടുത്തെത്തി.

ഇല്ല, അനക്കമില്ല. എന്നാൽ ശ്വാസമുണ്ട്. തന്‍റെ ബാഗ് ഉപേക്ഷിച്ച് രണ്ടു കൈകൾ കൊണ്ടും അവളെ ഉയർത്താൻ ഒരു ശ്രമം നടത്തിനോക്കി. ഇല്ല സാധ്യമല്ല. അടുത്ത വീടുകളിലേക്ക് സഹായത്തിനായി അവളുടെ കണ്ണുകൾ പരതി. ഒരു പ്രയോജനവുമില്ല. ആളുകൾ കതകുകൾ അടച്ച് രാത്രി ജീവിതം ടിവിക്ക് മുന്നിൽ തീർക്കുകയാണ്.

കോർപ്പറേഷൻ മാലിന്യം കൊണ്ടു പോകുന്ന ഒരു കൊച്ചു പിടിവണ്ടി കുറച്ചകലെയായി അവർ കണ്ടു. മറ്റൊന്നും ചിന്തിച്ചില്ല. ബോധം നശിച്ചു കിടന്നിരുന്ന പെൺകുട്ടിയെ ഒരുവിധത്തിൽ അതിലേക്ക് വലിച്ചുകയറ്റി. പിന്നീട് അടുത്ത ജംഗ്ഷനിലേക്ക് ഒരു സാഹസിക യാത്ര. വീഴ്ചയിൽ അവളുടെ തലപൊട്ടി രക്തം ഒരുപാട് വാർന്നു പോയിരുന്നു. വഴിയേ പോയിരുന്ന റിക്ഷാക്കാർ ആരും തന്നെ നിർത്താൻ കൂട്ടാക്കിയില്ല. ഒടുവിൽ ചരക്കിറക്കി മടങ്ങുന്ന ഒരു ലോറി നിർത്തി, അതിൽ കയറി നേരെ ആശുപത്രിയിലേക്ക്…

അത്യാസന്ന നിലയിൽ പ്രഥമ ശുശ്രൂഷ നൽകുന്ന മുറിയുടെ പുറത്ത് നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി, അകത്തെ വിവരങ്ങൾ അറിയാൻ മനസ്സ് വെമ്പുന്നു. ഒരിടത്ത് ഇരിപ്പുറക്കാതെ ഷൈനി അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

“ആരാ പേഷ്യന്‍റിന്‍റെ കൂടെ വന്നത്?” ഇടയ്ക്ക് ഡ്യൂട്ടി നഴ്‌സ് പുറത്തു വന്ന് ചോദിച്ചു.

“ഞ… ഞാനാ…” വിക്കി വിക്കി ഷൈനി പറഞ്ഞു.

“കുഴപ്പമൊന്നുമില്ല ചെറിയ മുറിവേ ഉള്ളൂ. പക്ഷേ, ഈ മരുന്ന് ഉടനെ വാങ്ങണം. ഇവിടെ ഫാർമസിയിൽ കിട്ടും.”

“എന്തു വേണമെങ്കിലും വാങ്ങാം.” മരുന്നു വാങ്ങാനായി ഷൈനി പുറത്തേക്കു പോയി. അപ്പോൾ ഒരു കൊടുങ്കാറ്റ് അടിച്ചു തീർന്ന ശാന്തത അവരുടെ മുഖത്തുണ്ടായിരുന്നു.

പിറ്റേദിവസത്തെ പത്രത്തിൽ ആദ്യം നോക്കിയത് അജ്ഞാത മൃതദേഹങ്ങൾ വല്ലതുമുണ്ടോ എന്നായിരുന്നു. ‘ഇല്ല, അയാൾ ചത്തിട്ടില്ല. അത്രയും ആശ്വാസം.’ പക്ഷേ, അനിത ഇപ്പോഴും ആശുപത്രിയിലാണ്. രാവിലെ അവളെ കാണാൻ പോവണം. അതാണ് ആദ്യത്തെ ജോലി. പിന്നെ ഓഫീസിലേക്ക്. ഷൈനി ആശുപത്രിയിൽ എത്തിയതിനു ശേഷമാണ് അനിതയെ വാർഡിലേക്ക് മാറ്റിയത്. ഒന്നാം വാർഡിൽ ഏറ്റവും അങ്ങേ അറ്റത്തെ ഒഴിഞ്ഞ ബെഡ്‌ഡിലേക്ക് ഷൈനിയുടെ തോളിൽ കയ്യിട്ട് അവൾ നടന്നു.

“താൻ വീട്ടിൽ വിളിച്ചു പറഞ്ഞുവോ?” നടക്കുന്നതിനിടയിൽ ഷൈനി പതിയെ അവളോടു ചോദിച്ചു.

“എങ്ങനെ പറയാൻ? എന്‍റെ മൊബൈൽ പോയില്ലേ” അവൾ വിതുമ്പി. അധികം അവളെ വിഷമിപ്പിക്കേണ്ട. ഇപ്പോൾ ആവശ്യം വിശ്രമമാണ്. ഷൈനി പിന്നീട് കൂടുതലെന്നും സംസാരിച്ചില്ല.

ഒരു വിധത്തിൽ അവർ ബെഡ്ഡിന്‍റെ അരികിലെത്തി. തൊട്ടടുത്ത ബെഡ്‌ഡിൽ മൂന്നുപേർ ചാരിനിൽപ്പുണ്ട്. അത്ര മെച്ചമല്ലാത്ത ഒരു കൈലിയും ബ്ലൗസും ധരിച്ച് പ്രായമായ ഒരു സ്ത്രീ അവരുടെ മക്കളെന്നു തോന്നിക്കുന്ന അനിതയുടെ പ്രായമുള്ള രണ്ടു പെൺകുട്ടികൾ, അവർ അനിതയേയും ഷൈനിയേയും മാറിമാറി നോക്കി.

“എന്തു പറ്റിയതാ?” പ്രായമായ സ്ത്രീ അവരോടു ചോദിച്ചു. ആ ചോദ്യത്തിനു മുന്നിൽ അവർ ഒന്നു പരുങ്ങി. പിന്നെ ഒരേ സ്വരത്തിൽ പറഞ്ഞു.

“വീണതാ, ബസിൽ നിന്ന്.”

“ഇപ്പോഴത്തെ കുട്ടികളുടെ ഒരു കാര്യം. ഒന്നിനും ശ്രദ്ധയില്ല” അവർ തന്‍റെ മക്കളെ നോക്കിപ്പറഞ്ഞു. ക്ഷീണം കൊണ്ടാവണം. അനിത ബെഡ്ഡിൽ കണ്ണടച്ചു കിടന്നു. തൊട്ടടുത്ത് ആളുകൾ ഉള്ളത് നന്നായെന്ന് ഷൈനി മനസ്സിലോർത്തു. പക്ഷേ, അപ്പോഴും തൊട്ടപ്പുറത്തെ രോഗി ആരെന്ന് അവർക്ക് മനസ്സിലായില്ല.

“എന്തു പറ്റി, ആർക്കാ രോഗം?” ഷൈനി അവരോട് ചോദിച്ചു.

ഒരു നിമിഷം, അവരുടെ മുഖം മാറി, “ഓ, അതൊന്നും പറയണ്ട. കുട്ട്യോളുടെ അച്ഛനാ അത്. മൂവന്തിയായാൽ നാല് കാലിലാ. ഇന്നലെ എങ്ങാണ്ട് തലയടിച്ചു വീണു. രാവിലെ ആരോ ഇവിടെ കൊണ്ടാക്കിയിട്ട് വിളിച്ച് പറഞ്ഞു. ഇപ്പം മൂത്ത മോടെ കൂടെ കുളിക്കാൻ പോയേക്കുവാ, പുറത്തെ ബാത്ത്റൂമിൽ.”

പറഞ്ഞ സമയം കൊണ്ട് മൂത്തമകളുടെ തോളിൽ പിടിച്ച് അയാൾ അങ്ങോട്ടേക്ക് വന്നു. ഒരു നിമിഷം ജീവിതത്തിൽ ഇനി ഒരിക്കലും മറക്കാൻ കഴിയാത്ത ആ മുഖം കണ്ട് ഞെട്ടിപ്പോയ ഷൈനി അനിതയെ നോക്കി, ഇല്ല അവൾ കണ്ണടച്ചു തന്നെ കിടക്കുകയാണ്. പക്ഷേ, അയാൾ അവളെ കണ്ടിരുന്നു. അവരെ തിരിച്ചറിഞ്ഞ നിമിഷം ജാള്യതയോ ഭീതിയോ നിഴലിച്ച മുഖം വെട്ടിത്തിരിച്ച് കട്ടിലിന്‍റെ അങ്ങേത്തലയ്ക്കൽ അയാൾ പുറം തിരിഞ്ഞിരുന്നു. പക്ഷേ, ഭാര്യ അപ്പോഴും നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു.

“നോക്കിയേ, നമ്മുടെ ബിന്ദുന്‍റെ പ്രായം, ദേണ്ടെ, ബസിൽ നിന്നും വീണു കിടക്കുന്നു. ഞാൻ പറയുവാരുന്നു. രാത്രിയൊക്കെ പോവുമ്പോ ശ്രദ്ധിക്കണമെന്ന്.” അവർ തുടരുമ്പോഴും മുഖം തരാതെയിരിക്കുന്ന അയാളെ ഒന്നു ശരിക്ക് കാണാനുള്ള ശ്രമത്തിലായിരുന്നു ഞാൻ…

और कहानियां पढ़ने के लिए क्लिक करें...