വാരാന്ത്യത്തിൽ എന്ത് ചെയ്യണം? എന്ന് ചിന്തിക്കുന്നവരാണോ നിങ്ങൾ? ആഴ്ച്ച മുഴുവൻ ജോലിത്തിരക്കിലായിരുന്നതിനാൽ ശനിയാഴ്ചയും ഞായറാഴ്ചയും കിടന്നുറങ്ങി വിശ്രമിക്കുന്നവരാണ് മിക്കവരും. ചിലർ ഷോപ്പിംഗിനായി മാളുകളിലേക്ക് പോകും. മണിക്കൂറുകളോളം അവിടെയുമിവിടെയും അലഞ്ഞുതിരിഞ്ഞ് തിക്കിലും തിരക്കിലും സമയം ചെലവഴിച്ച് ഇരട്ടി ക്ഷീണവുമായി വീട്ടിലെത്തും. മറ്റ് ചിലരാകട്ടെ ടെലിവിഷനു മുന്നിലോ മൊബൈൽ ഫോണിലോ ആയിരിക്കും ദിവസം മുഴുവനും ചെലവഴിക്കുക. പക്ഷേ തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകാനൊരുങ്ങുമ്പോൾ മനസ്സിൽ ഒരു ചോദ്യമുയരും. “ഇത്രയും വിശ്രമിച്ചിട്ടും എന്തുകൊണ്ടാണ് ഇപ്പോഴും ക്ഷീണം തോന്നുന്നത്?”
കാരണം വിശ്രമമെന്നത് എല്ലായ്പ്പോഴും വെറുതെയിരിക്കുകയെന്നതല്ല. മനസ്സിന് വിശ്രമം നൽകാൻ ശരീരത്തെ സജീവമാക്കേണ്ടതുണ്ട്. ഓഫീസിലെ ജോലിത്തിരക്കിനിടയിൽ മനസ്സിനാണ് ഏറ്റവും കൂടുതൽ തളർച്ചയനുഭവപ്പെടുക. അതുകൊണ്ട് വരാന്ത്യങ്ങളിൽ ശരീരവും കുറച്ചുകൂടി സജീവമാക്കുന്നതാണ് നല്ലത്. ശരീരത്തിന് അൽപം അധ്വാനം നൽകൂ. അതാണ് യഥാർത്ഥ റിലാക്സേഷൻ. വീട്ടിലെ ചെറിയ ജോലികൾ ചെയ്യുക, അലമാര അടുക്കി പെറുക്കി വയ്ക്കുക, മുറി വൃത്തിയാക്കുക, ചെടികളെ പരിപാലിക്കുക, ഇഷ്ടമുള്ള ഭക്ഷണം പാകം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ഇതിനുള്ള മികച്ച വഴികളാണ്. ഇത്തരം ജോലികൾ ചെയ്യുമ്പോൾ ശരീരം സജീവമാകുന്നതിനൊപ്പം നാളുകളായി മാറ്റിവെച്ചിരുന്ന പല ജോലികളും ആഗ്രഹങ്ങളും പൂർത്തിയാക്കിയല്ലോ എന്ന സംതൃപ്തിയും സന്തോഷവും മനസ്സിന് ലഭിക്കും. അപ്പോൾ ഈ വാരാന്ത്യത്തിൽ പരീക്ഷിക്കാവുന്ന ചില കാര്യങ്ങൾ നോക്കാം.
അലമാരയും മുറിയും അടുക്കി പെറുക്കാം
ജോലിക്ക് പോകുന്നതുകൊണ്ട് സ്വാഭാവികമായും അലമാര അലങ്കോലപ്പെട്ട് കിടക്കാനുള്ള സാധ്യത കൂടുതലായിരിക്കും. എടുത്ത വസ്ത്രങ്ങൾ ശരിയായി മടക്കിവെയ്ക്കാതിരിക്കുക, മേക്കപ്പ് സാധനങ്ങൾ വാരിവലിച്ചിടുക, ഉപയോഗിക്കാത്ത വസ്ത്രങ്ങൾ അലങ്കോലപ്പെട്ട് കിടക്കുക. എന്നിങ്ങനെയുള്ള സാഹചര്യങ്ങൾ ഉണ്ടാകാം. വാരാന്ത്യത്തിൽ കുറച്ച് സമയം അതിനായി മാറ്റിവയ്ക്കാം.
വസ്ത്രങ്ങൾ ഉപയോഗത്തിനനുസരിച്ച് ക്രമീകരിക്കുക
ഏറെ നാളായി ഉപയോഗിക്കാത്ത വസ്ത്രങ്ങൾ മാറ്റിവയ്ക്കുക. ഷർട്ട്, ചുരിദാർ, കുർത്ത, പാന്റ്, ജീൻസ്, സാരി, ഇന്നേഴ്സ് തുടങ്ങിയവ വെവ്വേറെയായി കൃത്യമായി ഇസ്തിരിയിട്ട് ഹാങ്കറിൽ തൂക്കിയിടുകയോ പായ്ക്കുകളിൽ ക്രമീകരിച്ച് വയ്ക്കുകയോ ചെയ്യാം.
ടീ-ഷർട്ട്, നൈറ്റ് ഡ്രസ്സ്, ഷോർട്സ്, ടൗവൽ തുടങ്ങിയ നിത്യോപയോഗ വസ്ത്രങ്ങൾ മടക്കിയോ റോൾ ചെയ്തോ ഷെൽഫിൽ എളുപ്പം എടുക്കാവുന്ന വിധത്തിൽ ഭംഗിയായി വയ്ക്കാം. കാലാവസ്ഥ മാറ്റമനുസരിച്ച് ആവശ്യമില്ലാത്ത വസ്ത്രങ്ങൾ പായ്ക്ക് ചെയ്ത് മാറ്റിവയ്ക്കുന്നതാണ് ഉചിതം. അടുത്ത ആഴ്ച ഓഫീസിൽ ധരിക്കാനുള്ള വസ്ത്രങ്ങൾ ഓരോന്നും മുൻകൂട്ടി തിരഞ്ഞെടുത്ത് വയ്ക്കാം. സമയം ലാഭിക്കാൻ ഇത് സഹായകരമാണ്. അലമാര വൃത്തിയാക്കുന്നതിലൂടെ പ്രവൃത്തി ദിവസങ്ങളിൽ രാവിലെയുണ്ടാകുന്ന തിരക്കും ടെൻഷനും ഒഴിയുകയും ചെയ്യാം.
മുറിയ്ക്ക് പുത്തനുണർവ്വ് നൽകാം
വാരാന്ത്യത്തിൽ ചെയ്യുന്ന ചെറിയൊരു ക്ലീനിംഗ് സെഷൻ മുറിയുടെ മാത്രമല്ല മനസ്സിന്റെയും ഭാവം മാറ്റും.
മുഷിഞ്ഞ ബെഡ് ഷീറ്റും പില്ലോ കവറുകളും മാറ്റുക, തലയിണകളും കുഷ്യനുകളും വെയിലത്തിടുക, മേശപ്പുറത്തുള്ള അനാവശ്യ സാധനങ്ങൾ മാറ്റി അടുക്കിപെറുക്കി വയ്ക്കു ക. ചാർജറുകളും എക്സ്റ്റൻഷൻ കോഡുകളും കൃത്യമായി ഫോൾഡ് ചെയ്ത് അതാതിടത്ത് സൂക്ഷിക്കുക. മുറിയിൽ അലക്ഷ്യമായി ഇട്ടിരിക്കുന്ന ചെരിപ്പുകൾ, ഷൂസ്, ബാഗുകൾ എന്നിവ അതാത് സ്ഥാനത്ത് വയ്ക്കാം. ജനൽ, ഫർണിച്ചർ, മേശ തുടങ്ങിയവയിലെ പൊടി തുടച്ച് വൃത്തിയാക്കാം. വൃത്തിയുള്ള ചുറ്റുപാട് മനസ്സിനും ശരീരത്തിനും ഒരുപോലെ സന്തോഷവും സമാധാനവും നൽകും.
ചെടികളോടൊപ്പം കുറച്ചുസമയം
വീട്ടിൽ ചെടികളുണ്ടെങ്കിൽ അവയെ പരിപാലിക്കാൻ വാരാന്ത്യം ഉപയോഗപ്പെടുത്താം. ചെടികൾക്ക് വെള്ളമൊഴിക്കുക, ഉണങ്ങിയ ഇലകൾ നീക്കം ചെയ്യുക, ആവശ്യമായ വെട്ടിനിർത്തുക. ചെടിച്ചട്ടിയിലെയോ ചെടികളുടേയോ ചുവട്ടിലുള്ള ഉണങ്ങിയ ഇലകൾ മാറ്റുക, മണ്ണിളക്കി വളമിടുക, ബാൽക്കണി വൃത്തിയാക്കുക തുടങ്ങിയ ചെറിയ ജോലികൾ ചെയ്യുന്നത് തന്നെ മനസ്സിന് നല്ല മാറ്റവും സന്തോഷവും നൽകും. മണ്ണിനോടും ചെടികളോടുമൊപ്പം കുറച്ച് സമയം ചെലവഴിക്കുന്നത് തിരക്കേറിയ ജീവിതത്തിൽ നിന്നുണ്ടാകുന്ന മാനസിക സമ്മർദ്ദത്തിന് നല്ലൊരു അളവിൽ അയവുണ്ടാക്കും. വലിയ ജോലികൾ ചെയ്യാൻ താൽപര്യമില്ലെങ്കിൽ ചെറിയൊരു ചെടി നട്ടുപിടിപ്പിക്കുന്നതുപോലും നല്ലൊരു വീക്കെൻഡ് ആക്റ്റിവിറ്റിയാണ്.
അടുക്കളയിലുമാകാം ചെറിയ പരീക്ഷണം
പാചകം ഇഷ്ട്ടപ്പെടുന്നവർക്ക് വാരാന്ത്യം അതിനായി മാറ്റിവയ്ക്കാം. ആഴ്ച മുഴുവനും സമയം കിട്ടാതെ പോയതു കൊണ്ട് ഉണ്ടാക്കാൻ കഴിയാതിരുന്ന ഇഷ്ടവിഭവം തയ്യാറാക്കുകയോ പുതിയൊരു റെസിപ്പി പരീക്ഷിക്കുകയോ ചെയ്യാം. അതോടൊപ്പം അടുത്ത ആഴ്ചയിലെ പാചകം എളുപ്പമാക്കാനുള്ള ചില തയ്യാറെടുപ്പുകളും മുൻകൂട്ടി നടത്താം. പച്ചക്കറികൾ കഴുകി അരിഞ്ഞ് കണ്ടെയ്നറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. തക്കാളി അരച്ച് ഗ്രേവി തയ്യാറാക്കി സിപ്ലോക്ക് ബാഗുകളിലാക്കി സൂക്ഷിക്കാം. മുട്ട കറി, പരിപ്പ്, കടല, രാജ്മ, ചിക്കൻ കറി തുടങ്ങിയ വിഭവങ്ങൾ തയ്യാറാക്കുമ്പോൾ ഈ തക്കാളി പ്യൂരി ഉപയോഗപ്പെടുത്തുന്നത് ദിവസേനയുള്ള പാചകസമയം ലാഭിക്കാൻ സഹായിക്കും. അതുപോലെ വെളുത്തുള്ളി, ഇഞ്ചി മുതലായവ തൊലികളഞ്ഞു വൃത്തിയാക്കി അരച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ആവശ്യമുള്ള കറികളിൽ അവ അനായാസം ഉപയോഗിക്കുകയും ചെയ്യാം.
വാരാന്ത്യത്തിൽ ഒരു മണിക്കൂർ നേരം ഇത്തരം തയ്യാറെടുപ്പുകൾക്കായി മാറ്റിവയ്ക്കുന്നത് പ്രവൃത്തി ദിവസങ്ങളിലെ തിരക്ക് കുറയ്ക്കും.
ഫോണിന് ഇടവേള നൽകാം
ഓഫീസ് കമ്പ്യൂട്ടർ, ലാപ്ടോപ്പ്, മൊബൈൽ ഫോൺ…. ആഴ്ച മുഴുവനും നമ്മുടെ കണ്ണുകളും തലച്ചോറും സ്ക്രീനുകൾക്ക് മുന്നിലാണ്. അതിനാൽ വാരാന്ത്യത്തിൽ കുറച്ചു സമയം ഡിജിറ്റൽ ഡിറ്റോക്സിന് മാറ്റിവയ്ക്കാം. സോഷ്യൽ മീഡിയ സ്ക്രോളിംഗും വെബ്സീരീസ് കാണുന്നതും കുറയ്ക്കുന്നതിനായി ഫോൺ കുറച്ച് മണിക്കൂറുകളിലേക്ക് മാറ്റിവയ്ക്കാം. പകരം പുസ്തകം വായിക്കാം. സംഗീതം കേൾക്കാം. കുടുംബാംഗങ്ങളുമായി സംസാരിക്കുകയോ കുട്ടികൾക്കൊപ്പം കളിക്കുകയോ ചെയ്യാം. ഫോണിൽ നിന്ന് അൽപ്പം അകന്ന് നിൽക്കുന്നത് മനസ്സിനും കണ്ണുകൾക്കും ഒരുപോലെ വിശ്രമം നൽകും.
പ്രകൃതിയിലൂടെ നടക്കാം
വാരാന്ത്യം മുഴുവൻ വീട്ടിനുള്ളിൽ തന്നെ കഴിയേണ്ടതില്ല. അതേസമയം തിരക്കേറിയ മാളുകളിലും മറ്റും പോയി ശരീരത്തെ കൂടുതൽ ക്ഷീണിപ്പിക്കേണ്ടതുമില്ല. രാവിലെയോ വൈകുന്നേരമോ ശാന്തമായ ഒരു പാർക്കിലോ പ്രകൃതിരമണീയമായ സ്ഥലത്തോ 30-45 മിനിറ്റ് നടക്കാം. താൽപര്യമുണ്ടെങ്കിൽ യോഗ, ലളിതമായ സ്ട്രെച്ചിംഗ്, ബാഡ്മിന്റൺ, നീന്തൽ തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങളിലും മറ്റും ഏർപ്പെടാം. വ്യായാമം മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉറക്കത്തിന്റെ ഗുണനിലവാരം കൂട്ടാനും സഹായിക്കും.
കുടുംബത്തോടൊപ്പം സ്ക്രീൻ ഫ്രീ ടൈം
വീക്കെൻഡ് കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള അവസരം കൂടിയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുമിച്ച് കളിക്കാൻ കഴിയുന്ന ബോർഡ് ഗെയിമുകൾ തിരഞ്ഞെടുക്കാം. അല്ലെങ്കിൽ ഒരുമിച്ചിരുന്ന് ആഴ്ചയിലെ വിശേഷങ്ങൾ പങ്കുവയ്ക്കാം. ഈ ആഴ്ച എന്താണ് ഏറ്റവും സന്തോഷം നൽകിയ കാര്യം?” അടുത്ത ആഴ്ച് എന്തൊക്കെയാണ് പ്ലാൻ? എന്നിങ്ങനെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാം. ജോലിയും ഉത്തരവാദിത്തങ്ങളും മറന്ന് കുറച്ചു സമയം കുടുംബത്തിനൊപ്പം ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് മനസ്സിന് വലിയൊരു റീചാർജാണ് പകരുക. വീക്കെൻഡ് എന്നാൽ മറ്റൊരു ഓട്ടപ്പാച്ചിലാകരുത്.
പത്ത് കാര്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി വീക്കെന്റിൽ അതെല്ലാം പൂർത്തിയാക്കണമെന്ന് നിർബന്ധമില്ല. വിശ്രമം ആവശ്യമായ ദിവസമാണെങ്കിൽ നന്നായി ഉറങ്ങുകയും ശരീരത്തിന് വിശ്രമം നൽകുകയും ചെയ്യാം. വീക്കെൻഡ് മുഴുവൻ നിഷ്ക്രിയമായി ചെലവഴിക്കുകയോ മറ്റൊരു തിരക്കുള്ള ദിവസമാക്കി മാറ്റുകയോ ചെയ്യാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഇഷ്ടമുള്ള ഭക്ഷണം പാകം ചെയ്യാം. ചെടികളോടൊപ്പം സമയം ചെലവഴിക്കാം. കുറച്ച് ദൂരം നടക്കാം. പ്രിയപ്പെട്ടവരുമായി സംസാരിക്കാം. ഫോൺ അൽപ്പസമയം മാറ്റിവയ്ക്കാം. ഇതൊക്കെയേ വേണ്ടൂ മനസ്സ് ഊർജ്ജസ്വലമാക്കാൻ. മനസ്സിന് വിശ്രമം വേണമെങ്കിൽ ശരീരത്തെ സ്നേഹത്തോടെ സജീവമാക്കൂ.
ആഴ്ച മുഴുവനും നമ്മളെ പിന്തുടർന്ന സമ്മർദ്ദം ഒറ്റ ദിവസം കൊണ്ട് പൂർണ്ണമായി ഇല്ലാതാകണമെന്നില്ല. വാരാന്ത്യത്തിലെ ചെറിയ ശീലങ്ങൾ അടുത്ത ആഴ്ചയെ കൂടുതൽ ഊർജ്ജത്തോടെയും സന്തോഷത്തോടെയും നേരിടാൻ നമ്മെ സഹായിക്കും. വലിയ പ്ലാനുകളൊന്നും വേണ്ട. ചെറിയ കാര്യങ്ങൾ മാത്രം മതി. വീട്ടിൽ ചില്ലറ അടുക്കിപെറുക്കലുകശൾ നടത്തി മനസ്സൊന്ന് തുറക്കാം. ശരീരമൊന്ന് ചലിപ്പിക്കാം… പിന്നെ പുതിയൊരു ആഴ്ചയെ പുഞ്ചിരിയോടെ വരവേൽക്കാം.





