‘ചാഹുംഗ മെം തുജെ…’
നേർത്ത ഗാനം ശ്രവിച്ചുകൊണ്ട് ഉരുളക്കിഴങ്ങ് കറിയും പൂരിയും കഴിക്കുകയായിരുന്നു ഞാൻ. ഇടക്ക് ഉഴുന്നും കടല പരിപ്പും ചേർത്ത മഞ്ഞച്ച ചാറുള്ള ഉരുളക്കിഴങ്ങ് കറി സ്വർണ്ണനിറമുള്ള പൊള്ളം പൊന്തിയ പൂരിയോടൊപ്പം കഴിക്കുക ഏറെ രുചികരമാണ്.
ഈ കടയിൽ വല്ലപ്പോഴും വരാറുണ്ട്. റാഫി ആരാധകനാണ് ഈ കൊച്ചു കടയുടെ ഉടമ. ഇവിടെ വന്നാൽ റാഫിയുടെ മനോഹര ഗാനങ്ങൾ ശ്രവിച്ച് പൂരി കഴിക്കാം. പൂരിയും കറിയും മാത്രമേ ഇവിടുണ്ടാകാറുള്ളൂ.
കൂട്ടിന് നാരങ്ങനീർ ചേർത്ത കട്ടൻ ചായയും രാവിലെ മുതൽ രാത്രി വരെ എപ്പോൾ ചെന്നാലും അതു ലഭ്യമാണ്.
മെലിത്ത് നേർത്ത വിരലുകളുള്ള, വെളുത്ത വസ്ത്രം മാത്രം ധരിക്കുന്ന, വർഷങ്ങളുടെ ജീവിതാനുഭവങ്ങളുടെ അടയാളം പേറുന്ന ബൂരിഭയ്യയുടെ ചരിത്രം നാട്ടുകാർക്കും ഏറെ അറിവില്ല. താമസം ആ കടയിൽ തന്നെയൊറ്റക്ക്. കടയിൽ തിരക്ക് കൂടിയാൽ സഹായത്തിന് ഒരു പയ്യൻ വന്നുനിൽക്കും.
നാട്ടിലെ പഴയ ആളുകൾക്ക് ചൊടിയും ചുണയും ഉള്ള വിശേഷാവസരങ്ങളിൽ ആദ്യാവസാനക്കാരനായ പഴയ ഭയ്യയെ ഓർമ്മയുണ്ട്. അന്നത്തെ അയാളുടെ പഴയ കടയിൽ നിന്നും വ്യത്യസ്തമായി കടയ്ക്ക് മുൻവശം ഒരു ചായ്പ് വന്നതൊഴിച്ചാൽ അന്നും ഇന്നും കാര്യമായ വ്യത്യാസമില്ല.
അവിടെ നിത്യഹരിതനായി ഭയ്യ തുടരുന്നു. പഴമക്കാരുടെ ഓർമ്മയിൽ ഒരിക്കൽ മാത്രമേ ഭയ്യ കട അടച്ചുള്ളൂ. റാഫിയുടെ മരണ ദിവസം… ഒരാഴ്ചയോളം അന്ന് കട അടഞ്ഞുകിടന്നു. അന്ന് മരണച്ചടങ്ങുകൾ കാണാൻ ഭയ്യ ബോംബെയിലേക്ക് വണ്ടി കയറി. ചടങ്ങുകൾ വീക്ഷിക്കാനും റാഫിയെ അവസാനമായി ഒന്നുകാണുവാനും എത്തിയ പതിനായിരങ്ങളിൽ ഒരാളായി ഭയ്യ മാറി.
പിന്നീടുള്ള റാഫിയുടെ ഓർമ്മദിവസങ്ങളിലും ബൂരിഭയ്യയുടെ കട അടഞ്ഞു കിടന്നു… പിന്നീട് ഭയ്യ തന്നെയാണ് പറഞ്ഞത്, റാഫിയുമായി നേരിട്ടുള്ള പരിചയവും ഭയ്യക്കുണ്ടായിരുന്നുവെന്ന്. നിധിപോലെ സൂക്ഷിച്ചിരുന്ന റാഫിയുമൊന്നിച്ചുള്ള ഒരു പഴയ ഫോട്ടോ ഒരിക്കൽ ഭയ്യ കാണിച്ചുതരികയും ചെയ്തു.
പൊള്ളിച്ചെടുത്ത രണ്ട് പൂരി കൂടി പ്ലേറ്റിലാക്കി ബൂരിഭയ്യ കൊണ്ടുവന്നു. കൊണ്ടുവന്നയുടൻ ഞാൻ ആ സ്വർണ്ണ പൊള്ളത്തിൽ കൈത്തലം അമർത്തി. പൊള്ളം അമർന്നു. കൈവിരലുകൾക്കിടയിലൂടെ ചൂട് ഉൾക്കൊണ്ട ആവി പൊന്തി.
പൊള്ളത്തിന്‍റെ അടരുകൾ അടർത്തിയെടുത്ത് കുറുകിയ ചാറിൽ മുക്കിക്കഴിക്കുമ്പോൾ പാട്ട് മാറി. പഴയ ടേപ്പ് റെക്കോർഡിന്‍റെ ടേപ്പിൽ പതിപ്പിച്ച റാഫിയുടെ ശബ്ദം…
‘ബഹാരോ ഫൂൽ ബർസാവോ, മേരാ മെഹബൂബ് ആയാ ഹെ…’ ‘വസന്തമേ പൂക്കൾ വർഷിക്കൂ… എന്‍റെ പ്രിയതമ വന്നിരിക്കുന്നു… എന്‍റെ പ്രിയതമ വന്നിരിക്കുന്നു….’
പരുക്കനല്ലാത്ത പൂരി ആസ്വദിച്ച് കഴിച്ചുതീർത്തു. ഒരു പ്ലേറ്റ് കൂടി കഴിക്കണമെന്നു ആഗ്രഹിച്ചെങ്കിലും പിന്നീടാകമെന്നു നിശ്ചയിച്ചു. റാഫി ആരാധകനു പണം കൊടുത്തു. ഇനി ഉടനെത്തന്നെ വില്ലിയങ്കിളിനെ കാണണം.
വില്ലിയങ്കിളിനെ ഫോൺ ചെയ്ത് വീട്ടിലുണ്ടെന്ന് ഉറപ്പുവരുത്തി. കണ്ടു സംസാരിക്കാനായി പുറത്തിറങ്ങിയപ്പോൾ റാഫിയുടെ ഗാനവീചികൾ അകന്നകന്നു ശമിച്ചിരുന്നു.
പുറത്ത് നേരിയ വെളിച്ചമുള്ള വെയിലുണ്ട്. ആ വെയിലിന്‍റെ ആലസ്യത്തിൽ മയങ്ങിക്കിടക്കുന്ന വഴിത്താരയും പരിസരവും.
നരച്ച ഇലകൾ വീണുകിടന്ന നടപ്പാതയിലൂടെ ഞാൻ നടക്കുമ്പോൾ തലേന്നത്തെ സാഹസിക കൃത്യത്തെക്കുറിച്ചുള്ള ഓർമ്മ മനസ്സിൽ വന്നുനിറഞ്ഞു. തലേന്ന് ഉറക്കമൊഴിഞ്ഞതിന്‍റെ ക്ഷീണം ഇപ്പോഴും ഒഴിഞ്ഞുപോയിട്ടില്ല.
വില്ലിയങ്കിളിന്‍റെ ഉറക്കം കെടുത്തുന്ന റബർതോട്ടത്തിലെ ആളൊഴിഞ്ഞ ആ വീട്ടിലേക്കാണ് ജോമിയോടൊപ്പം നടത്തിയ യാത്ര. വീട്ടിൽ പ്രേതബാധയുണ്ടെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു പ്രേതവേട്ടക്കാരനും കൂടിയായ ജോമി.
നെഗറ്റീവ് എനർജിയുടെ വലിയ തോതിലുള്ള ഒരു ഒത്തുചേരൽ ആ പ്രദേശത്തുണ്ട് എന്ന സാധ്യത ജോമി ഉറപ്പിച്ചുപറഞ്ഞു. ഞാൻ പറഞ്ഞ സംഭവങ്ങൾ ശ്രദ്ധയോടെ കേട്ടതിനുശേഷമായിരുന്നു ജോമിയുടെ അത്തരമൊരു നിഗമനം.
പണ്ടെങ്ങോ നടന്ന ഇത്തരം ഒരു അനുഭവവും അവൻ എന്നോട് പങ്കുവച്ചു. പ്രേതസാന്നിധ്യം തിരിച്ചറിയുന്ന ഉപകരണങ്ങളുടെ ഒരു കൈബാഗിലൊതുങ്ങുന്ന ശേഖരവും ജോമിയുടെ കൈവശമുണ്ടായിരുന്നു.
അങ്ങനെ പരേതാത്മാക്കൾ ഉണരുന്നയിടത്തേക്ക്, പരേതാത്മാക്കൾ ഉണരുന്ന സമയം കണക്കാക്കി, ഞാൻ കഷ്ടപ്പെട്ട് ലോൺ തിരിച്ചടച്ചു കൈപ്പറ്റിയ പഴയ കേക്ക് വണ്ടിയിൽ ജോമിയോടൊപ്പം ഞാൻ പ്രേതവേട്ടക്ക് ഇറങ്ങി.
മങ്ങിയ കേക്ക് വണ്ടിയുടെ മഞ്ഞച്ച ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തിൽ ദൂരെ നിന്നുതന്നെ, റബർതോട്ടത്തിനിടയിൽ എങ്കോണിച്ചു നിൽക്കുന്ന വീട് ദൃശ്യമായിരുന്നു. ഇലകൾ പോയ റബർമരങ്ങളുടെ ഒരുപാട് നിഴൽരൂപങ്ങൾ പ്രേതരൂപങ്ങളെപ്പോലെ കാറ്റിൽ ആടിക്കളിച്ചു.
മുനിഞ്ഞുകത്തുന്ന മിന്നാമിന്നിക്കൂട്ടങ്ങളും ചീവീടുകളുടെ ഒച്ചയും പഴകിയ ഗന്ധവും ഉൾക്കൊണ്ടുകൊണ്ട് ഞങ്ങൾ മുന്നോട്ട് നടന്നു.
ചെങ്കുത്തായ പാതയോരത്ത് കേക്ക് വണ്ടി പാർക്കുചെയ്യാൻ തെല്ലു കഷ്ടപ്പെടേണ്ടിവന്നു. വണ്ടി ഒരുവേള ഉരുണ്ടു താഴെ പോകുമോ എന്നുപോലും സംശയിച്ചു.
അങ്ങനെ തലയിൽ ഘടിപ്പിച്ച ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ചുകൊണ്ട് ഞങ്ങൾ ഞങ്ങളുടെ മുന്നോട്ടുള്ള പ്രയാണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം ജോമിയുടെ ഒപ്പം നടത്തിയ ചർച്ചാവേളയിൽ ഈ പ്രദേശത്തെ ചുറ്റിപ്പറ്റി ഏറെക്കാലം മുൻപ് പ്രചാരത്തിലിരുന്ന കഥ ജോമി പറഞ്ഞത് എനിക്ക് ഓർമ്മവന്നു.
നെഗറ്റീവ് എനർജിയുടെ ഒരു കൂടാരമാണ് ഈ പ്രദേശം എന്ന് ജോമി ഉറപ്പിച്ചുപറഞ്ഞത് ആ കഥ മുൻനിർത്തിയായിരുന്നു.
കൊളോണിയൻ വാഴ്ചക്കാലത്തെ ഉന്നതകുലജാതരായ ഇംഗ്ലീഷുകാരുടെ ശവമടക്കുകേന്ദ്രമായിരുന്നു ഈ റബർതോട്ടത്തിനുമപ്പുറത്തുള്ള പറമ്പ്. കാലക്രമേണ ചില വിചിത്രവും ദുരൂഹവുമായ കാരണങ്ങളാൽ ആ പറമ്പും അടുത്തുള്ള പള്ളിയും ആരും തിരിഞ്ഞുനോക്കാതെയായി.
പള്ളിയും കാലാന്തരത്തിൽ ദ്രവിച്ച് മണ്ണടിഞ്ഞു. ക്ഷുദ്രജീവികളുടെ വിഹാരകേന്ദ്രമായി.
പിന്നീട് കാലങ്ങൾക്കുശേഷം ആ പറമ്പ് വാങ്ങി കൃഷിക്കുയോജിച്ചതാക്കാൻ തീരുമാനിച്ച നിക്കോൾ സായിപ്പ് ദുരൂഹ കാരണങ്ങളാൽ മൃതിയടഞ്ഞു.
മൃതിയടഞ്ഞ രീതി വിചിത്രമായിത്തോന്നി. കവിളിൽ ഏതോ ക്ഷുദ്രജീവി കടിച്ചുണ്ടായ ചെറിയ പരു പഴുത്ത് കവിളുമുഴുവൻ വ്യാപിച്ച് കൊടിയ വേദന തിന്നാണ് അയാൾ മൃതിയടഞ്ഞത്!
തുടർന്ന് അയാളുടെ അനന്തിരവൻ ആ പ്രദേശം ഒരു ഫാമാക്കാൻ നിശ്ചയിച്ച് അതിനുവേണ്ട പദ്ധതികൾ തയ്യാറാക്കി. പദ്ധതികൾ പുരോഗമിക്കവേ ഒരുനാൾ അയാൾ ക്ഷൗരം ചെയ്യുമ്പോൾ താടിക്ക് താഴെ ചെറിയ മുറിവ് ഏൽക്കുകയും ആ മുറിവ് കരിയാതെ വ്രണമായി പടർന്ന് അയാൾ കിടപ്പിലാവുകയും ചെയ്തു.
നരകയാതന അനുഭവിച്ച ആ കിടപ്പിനൊടുവിൽ നിക്കോൾ സായിപ്പിന്‍റെ അനന്തിരവനും അകാലമൃത്യുവിന് കീഴ്പ്പെട്ടു.
ഈച്ചയേക്കാൾ അല്പം വലിയ കറുത്ത ഷട്പദങ്ങൾ മുഖം മുഴുവൻ കാർന്നുതിന്ന നിലയിലായിരുന്നു ശവശരീരത്തിന്‍റെ കിടപ്പ്.
ആ ഇടക്ക് ഫാംഹൗസിനായി പല ഇടങ്ങളിൽ കുഴിയെടുത്ത പണിക്കാർ ഭയചകിതരായി ഒരു വിവരം മാനേജരെ അറിയിച്ചു. അസാമാന്യ വലുപ്പമുള്ള ഒരു അസ്ഥികൂടമായിരുന്നു അവർ പ്രദേശത്തെ ഒരു കോണിൽ കുഴിയെടുത്തപ്പോൾ കണ്ടത്.
ഒരു സ്ത്രീയുടേതെന്ന് മനസ്സിലാക്കാവുന്ന ആ അസ്ഥികൂടത്തിന്‍റെ കഴുത്തിനിരുവശത്തും മൂർച്ചയേറിയ അരിവാൾ കഴുത്ത് ലാക്കാക്കി ഘടിപ്പിച്ചിരുന്നു.
കാൽത്തളയിടുന്നിടത്ത് ഇരുമ്പുവളയം ഘടിപ്പിച്ച് ചങ്ങല വഴി കുഴിമാടത്തിലെ കരിങ്കല്ലിൽ ഉറപ്പിച്ചിരുന്നു.
ഒരു കാരണവശാലും അവർ ഉയിർത്തെഴുന്നേൽക്കരുത് എന്നുറപ്പിക്കുന്നവിധമുള്ള പ്രാകൃത ശവസംസ്കാരം. ദുഷ്ടശക്തികൾ അസ്ഥികൂടത്തിൽ കുടിയേറി ശവമടക്കപ്പെട്ട സ്ത്രീ ഉയിർത്തെഴുന്നേറ്റ് ശല്യം ചെയ്യരുത്. അതുതന്നെയായിരിക്കും ഇത്തരം ‘മുൻകരുതലുകളുടെ’ ലക്ഷ്യം.
ആ കുഴിമാടവും കറുത്ത ക്ഷുദ്രജീവികളുടെ വിഹാരകേന്ദ്രമായിരുന്നു.
ഏതായാലും ഫാംഹൗസിന്‍റെ നിർമ്മാണാർത്ഥം ആ പ്രദേശത്ത് ടെന്‍റടിച്ച് താമസിച്ചിരുന്ന തൊഴിലാളികൾ പലതരം ദുരനുഭവങ്ങൾ നേരിട്ടതിനാൽ അവിടം ഉപേക്ഷിച്ചുപോയി.
തോട്ടം മാനേജർ പറങ്കിപ്പുണ്ണ് ബാധിച്ച നിസ്സഹായതയിൽ ജീവൻ ഒടുക്കി. അങ്ങനെ ദുരന്തപ്പെരുമഴയിൽ ആ പ്രദേശത്തെക്കുറിച്ച് സംസാരിക്കാൻ തന്നെ ജനങ്ങൾ ഭയപ്പെട്ടുതുടങ്ങി.
കാലഘട്ടവും തലമുറകളും ഒരുപാട് മാറിയിട്ടും ഇന്നും ആ പ്രദേശം ആരുടെയും നോട്ടമെത്താതെ കാടുപിടിച്ച് കിടക്കുന്നു.
ആ പ്രദേശത്തിന്‍റെ ഇപ്പോഴത്തെ അവകാശി ആരെന്ന് വില്ലേജ് ഓഫീസിലെ സുഹൃത്ത് വഴി ഒരു അന്വേഷണം നടത്തിയപ്പോൾ അറിഞ്ഞത് ഐസക്ക് വില്യംസ് എന്നയാളുടെ പേരിലാണെന്നാണ്!
എന്തുകൊണ്ടാണ് വില്ലിയങ്കിൾ ആ വിശാലമായ സ്ഥലം മുഴുവൻ തന്‍റെ സ്വന്തമാണെന്ന് എന്നോട് പറയാഞ്ഞത് എന്നാലോചിച്ച് ആശയക്കുഴപ്പത്തിൽ അകപ്പെടാൻ ഞാൻ ഇഷ്ടപ്പെട്ടില്ല.
തലമുറകൾ കൈമാറി ഒടുവിൽ അലങ്കാരചെടി കച്ചവടക്കാരനായ വില്ലിയങ്കിളിന്‍റെ കൈവശം ആ ദുരൂഹമായ പ്രദേശം വന്നുചേർന്നു. അതുകൊണ്ടായിരിക്കുമോ വില്ലിയങ്കിളിന്‍റെ ദുരനുഭവങ്ങൾ?
ഏതായാലും ഭയാനകത പ്രതീക്ഷിച്ച് റബർതോട്ടത്തിലെത്തിയ ഞങ്ങളെ കാത്തിരുന്നത്രസകരമായ ഒരു വസ്തുതയായിരുന്നു.
ആ വസ്തുത കണ്ടെത്താൻ ഏറെ നേരം ആ പരിസരങ്ങളിൽ പരതേണ്ടിവന്നെന്നുമാത്രം.
വല്ലപ്പോഴും ഉള്ള ആൾപാർപ്പിന്‍റെ സൂചനകൾ, പൊട്ടിയ സിറിഞ്ച് എന്നിവയായിരുന്നവിടെ നടന്നിരുന്ന വസ്തുതകൾ ഊഹിച്ചെടുക്കാൻ വേണ്ട തെളിവുകൾ നൽകിയിരുന്നത്.
ഏതായാലും ജോമിയുടെ ഉപകരണങ്ങൾ ആ പ്രദേശത്ത് പ്രേതബാധയുള്ളതിന്‍റെ ലക്ഷണങ്ങളൊന്നും കാണിച്ചില്ല.
ഇനി ചെയ്യേണ്ടത് പോലീസിൽ പരാതിപ്പെടുക. അവിടെ പ്രേതബാധയല്ല, ലഹരി ബാധയെന്ന് പോലീസിനെ ബോധ്യപ്പെടുത്തുക. ഇത്തരം ബാധകൾ പോലീസുതന്നെ ഒഴിപ്പിച്ചോളും.
ജോമി പറഞ്ഞ സംഭവപരമ്പരകളുടെ സത്യാവസ്ഥ എന്തായിരിക്കാം?
“അക്രോമെഗലി” എന്നുപേരുള്ള ഒരു ശാരീരികാവസ്ഥയുണ്ട്. ഒരു രോഗമാണത്. സാധാരണ മനുഷ്യരുമായി താരതമ്യം ചെയ്യുമ്പോൾ അസാധാരണമായ ശരീരവലുപ്പം കൈവരിക്കുന്ന രോഗാവസ്ഥയാണ് അക്രോമെഗലി.
എല്ലുകളുടെ ക്രമരഹിതമായ വളർച്ച അസാമാന്യമായ ശരീരവലുപ്പം രോഗബാധിതർക്കു കൈവരുന്നു. സാമാന്യ മനുഷ്യരുള്ള സമൂഹത്തിൽ ഇത്തരക്കാർ അതുകൊണ്ടുതന്നെ വേറിട്ടുനിൽക്കുന്നു.
ബന്ധനസ്ഥയായി ശവമടക്കു ചെയ്യപ്പെട്ട ആ സ്ത്രീക്കും ആ രോഗാവസ്ഥയായിരുന്നിരിക്കണം.
അക്കാലത്തെ സമൂഹത്തിലെ മനുഷ്യരിൽ നിന്നും വേറിട്ട ശാരീരിക പ്രകൃതമുള്ള ആ സ്ത്രീ പഴയകാലത്ത് നാട്ടിൽ നടന്നിരുന്ന എല്ലാ പ്രശ്നങ്ങൾക്കും കുറ്റാരോപിതയായിരുന്നിരിക്കണം.
നാട്ടുകാരും പ്രമാണിമാരും ചേർന്ന് ദുര്‍മന്ത്രവാദം ആരോപിച്ച് ആ പാവം സ്ത്രീയുടെ ജീവൻ എടുത്തതായിരിക്കാം…





