മൊബൈൽ ഫോൺ തുടർച്ചയായി റിംഗ് ചെയ്യുന്നു…. ആരാവും ഇങ്ങനെ വിളിക്കുന്നത്? അസ്വസ്‌ഥതയോടെ മമത സ്‌കൂട്ടർ നിർത്തി. സംശയിച്ചത് ശരിയായിരുന്നു, അത് മുത്തശ്ശി വിളിക്കുന്നതായിരുന്നു. നിരാശയോടെ മമത ഫോൺ കട്ട് ചെയ്‌ത് യാത്ര തുടർന്നു.
“എന്തിനാണ് എന്നെ വിളിച്ച് ശല്യപ്പെടുത്തുന്നത്? നിങ്ങൾ ദിവസം മുഴുവൻ വെറുതെ ഇരിക്കുകയായിരിക്കും..പക്ഷേ എനിക്ക് ഒരു ജോലിയുണ്ട്… അതും ഒരു സ്വകാര്യ സ്‌ഥാപനത്തിലാ ണ്. എന്‍റെ അച്ഛന്‍റെ കമ്പനിയല്ല, എനിക്ക് ഇഷ്‌ടമുള്ളത് ചെയ്യാൻ…” അര മണിക്കൂറിനുശേഷം മമത വീട്ടിലേക്ക് എത്തിയപ്പോൾ മുത്തശ്ശിയോട് ദേഷ്യപ്പെട്ടു.
“നീ ക്ലോക്ക് നോക്കു? രാത്രി 10 മണിയായി…ഞാൻ പിന്നെ വിഷമിക്കില്ലേ?” മുത്തശ്ശി ഗൗരി അവളുടെ കൈ പിടിച്ച് ക്ലോക്കിനടുത്തേക്ക് കൊണ്ടുപോയി.
“ഇങ്ങനെ ക്ലോക്ക് നോക്കി ബന്ധിക്കാൻ ഞാൻ കുഞ്ഞു കുട്ടിയല്ല… പിന്നെ മുത്തശ്ശി? എത്ര കാലം ഞാൻ നിങ്ങളെ നോക്കുംന്നാണ്?” എന്‍റെ ജീവിതകാലം മുഴുവൻ നിങ്ങളെ നോക്കിയേക്കാം എന്ന ഉത്തരവാദിത്തം ഞാൻ ഏറ്റെടുത്തിട്ടില്ല… എനിക്ക് സമാധാനമായി ജീവിക്കണം… മുത്തശ്ശിക്ക് അമ്മായിയുടെ വീട്ടിൽ പോയിക്കൂടെ..” മമത ദേഷ്യത്തോടെ വിളിച്ചു പറഞ്ഞു. അവൾക്ക് മുത്തശ്ശിയുടെ പെരുമാറ്റം കണ്ടപ്പോൾ വെറുപ്പ് തോന്നി. അവൾ കൈ തട്ടിമാറ്റി. ഗൗരിക്ക് വേദന തോന്നി. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. നിശബ്ദമായി കട്ടിലിൽ കിടന്നു. മമത ഇങ്ങനെ പെരുമാറുമെന്ന് അവർ പ്രതിക്ഷിച്ചിരുന്നില്ല. ശരീരത്തേക്കാൾ വേദനിച്ചത് അവരുടെ മനസ്സായിരുന്നു.
“കഴിഞ്ഞ പത്ത് വർഷമായി ഞാൻ എന്‍റെ ഹൃദയത്തോട് ചേർത്തുവെച്ച അതേ മമതയാണിത്.” എന്‍റെ മകനെയും മരുകളെയും അപകടത്തിൽ നഷ്‌ടപ്പെട്ടത്തിനുശേഷം അവരുടെ അവസാനത്തെ ഈ ഓർമ്മക്കുറിപ്പ് സൂക്ഷിച്ചുവെക്കാൻ ഞാൻ എന്‍റെ ജീവിതം ചെലവഴിച്ചു, ഇപ്പോൾ, എനിക്ക് വയസായപ്പോൾ ഞാൻ അവൾക്ക് ഒരു ഭാരമായി തോന്നാൻ തുടങ്ങിയിരിക്കുന്നു..” ഗൗരി രാത്രി മുഴുവൻ അതൊക്കെ ഓർത്ത് ചിന്തിച്ചു കരഞ്ഞു. അവർ ഭക്ഷണംപോലും കഴിച്ചിരുന്നില്ല. മമത അത് കാര്യമാക്കിയില്ല.
രാവിലെ ഗൗരി മകൾ രമയെ വിളിച്ച് രാത്രിയിലെ സംഭവങ്ങൾ വിവരിച്ചു. രമ ഉടൻ തന്നെ ഫോണിലൂടെ മമതയെ വിളിച്ചു വഴക്ക് പറഞ്ഞു. പക്ഷേ മമതയും അങ്ങോട്ട് ശകാരിച്ചു. കോപാകുലയായ രമ ഉച്ചകഴിഞ്ഞ് വീട്ടിലെത്തി ഗൗരിയെക്കൂടെ കൊണ്ടുപോയി. ഇതായിരുന്നു മമതയും ആഗ്രഹിച്ചത്. ഇപ്പോൾ അവൾ പൂർണ്ണമായും സ്വതന്ത്രയായിരുന്നു. അവൾക്കും ലോകേഷിനും ഇടയിൽ ഒരു തടസ്സവും ഉണ്ടാകില്ല. അവൾക്ക് അവനോടൊപ്പം സ്വതന്ത്രമായി കറങ്ങാം. ലോകേഷിനെ കുറിച്ച് ഓർത്തപ്പോൾ തന്നെ അവളുടെ കവിളുകൾ ചുവന്നു. ലോകേഷാണ് അവളുടെ ബോസ്. 40 വയസ്സുള്ള ലോകേഷിന്‍റെയും 25 വയസ്സുള്ള മമതയുടേയും പ്രണയം പ്രായം നോക്കുന്നില്ലല്ലോ. എങ്ങനെയോ അത് സംഭവിക്കുന്നു…
ലോകേഷ് വിവാഹിതനാണ്, പക്ഷേ ഭാര്യയെ നഗരത്തിൽ അയാൾ കൂടെ നിർത്താറില്ല. ഗ്രാമത്തിലുള്ള മാതാപിതാക്കളെ ഭാര്യയാണ് പരിപാലിക്കുന്നത്. ലോകേഷിന് രണ്ട് കുട്ടികളുണ്ട്. പക്ഷേ മമതയ്ക്ക് അവരുമായി ഒരു ബന്ധവുമില്ല. ലോകേഷിനോട് അവൾക്ക് പ്രണയ ഭ്രാന്താണ്. ലോകേഷിന്‍റെ ആലിംഗനത്തിൽ നിന്ന് മോചിതയായി ഓഫീസിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ അവൾക്ക് അവനെ വിട്ടുപിരിയാൻ പോലും വിഷമം തോന്നുന്നു. കാരണം അവൻ ഒരു ഭ്രാന്തനെപ്പോലെ അവളെ തുറിച്ചുനോക്കും.
മമതയോടൊപ്പം രാത്രി ചെലവഴിക്കാനുള്ള ആഗ്രഹം അയാൾ പലതവണ പ്രകടിപ്പിച്ചിട്ടുണ്ട്, പക്ഷേ മുത്തശ്ശി കാരണം അവൾക്ക് അത് അംഗീകരിക്കാൻ കഴിഞ്ഞില്ല. പക്ഷേ ഇപ്പോൾ അവൾ മുത്തശ്ശി എന്ന ആ ചങ്ങല വലിച്ചെറിഞ്ഞു. ലോകേഷിന്‍റെ അടുത്തേക്ക് പോകുന്നതിൽ നിന്ന് അവളെ തടയാൻ യാതൊന്നിനും കഴിയില്ല. അവൾ ഓഫീസിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ പ്രണയഭരിതനായ ലോകേഷ് അവളുടെ കൈ പിടിച്ച് തന്നിലേക്ക് വലിച്ചടുപ്പിക്കും. എന്നാൽ മുത്തശ്ശി വീട്ടിൽ ഉണ്ടല്ലോ എന്നോർത്ത് അവൾ എങ്ങനെയും രാത്രി വീട്ടിലെത്തുകയായിരുന്നു. എന്നാൽ ഇന്ന് മുതൽ താൻ സ്വാതന്ത്ര്യം നേടിയിരിക്കുന്നു.
അന്ന് രാവിലെ മമത തന്‍റെ വീട്ടിലേക്ക് വരുന്നത് കണ്ട് ലോകേഷ് ഞെട്ടി. അവൾ തന്നെ അന്വേഷിച്ച് വന്നതാണല്ലോ. അയാൾ ഞെട്ടിപ്പോയി. കാരണം വീട്ടിൽ ഒരു സ്ത്രീ ഉണ്ടായിരുന്നു… മമതയെ കണ്ട് ആ സ്ത്രീ ചോദ്യഭാവത്തോടെ ലോകേഷിനെ നോക്കി.
“ഇത് മമത. അവൾ ഡൽഹിയിൽ നിന്നാണ്… ഇന്ന് ഓഫീസിൽ ഒരു മീറ്റിംഗ് ഉണ്ട്. ഞാൻ അവളോട് നേരെ വീട്ടിലേക്ക് വരാൻ പറഞ്ഞു. മമത, ഇത് മാലതി എന്‍റെ ഭാര്യ-” ലോകേഷ് സാഹചര്യം ശാന്തമാക്കാൻ ശ്രമിച്ചു, പക്ഷേ അവന്‍റെ വാക്കുകൾ ഭയത്താൽ ഇടറി. ഇങ്ങനെ ഒരു അപ്രതീക്ഷിത സാഹചര്യം മമതയ്ക്ക് സഹിക്കാനായില്ല. അവൾക്ക് വളരെയധികം അപമാനം തോന്നി. എങ്ങനെയോ രണ്ട് മണിക്കൂർ അവിടെ ചെലവഴിച്ചു. തുടർന്ന് ലോകേഷിനൊപ്പം കാറിൽ കയറി. അവളുടെ മാനസികാവസ്‌ഥ വളരെ മോശമായിരുന്നു.
“ഹേയ് നീ എന്താ ചെയ്തത്… വീട്ടിലേക്ക് വരുന്നതിന് മുമ്പ് നീ എന്നോട് പറയണമായിരുന്നു.” ലോകേഷ് അവളുടെ മാനസികാവസ്‌ഥ ശാന്തമാക്കാൻ ശ്രമിച്ചു. മമത നിശബ്ദയായി.
“മാലതി ഒരു സാധാരണ ഗ്രാമീണ സ്ത്രീയാണ്, അല്ലെങ്കിൽ ഒരു ബഹളം ഉണ്ടാകുമായിരുന്നു.” ലോകേഷ് വീണ്ടും സംഭാഷണം ആരംഭിക്കാൻ ശ്രമിച്ചു. മമത പുറത്തേക്ക് നോക്കി മിണ്ടാതെയിരുന്നു. ഓഫീസ് എത്തി. ലോകേഷ് കാർ പാർക്ക് ചെയ്തു.
“വൈകുന്നേരം എന്നെ കാത്തിരിക്കൂ, ഞാൻ നിന്നെ വീട്ടിൽ ഇറക്കാം.” ലോകേഷ് അവളുടെ കവിളിൽ തലോടാൻ ശ്രമിച്ചു. പക്ഷേ മമത അവൻ കൈ തട്ടി മാറ്റി. അവൾക്ക് ജോലി ചെയ്യാൻ ഒട്ടും തോന്നിയില്ല. ലോകേഷിനോടുള്ള നീരസമാണോ? തങ്ങളുടെ ബന്ധത്തിൽ വിള്ളലുണ്ടായോ? അവൾക്ക് ഒന്നും തീരുമാനിക്കാൻ കഴിഞ്ഞില്ല. അവൾ ലോകേഷിനെ സ്നേഹിച്ചു, പക്ഷേ മാലതിയുടെ സാന്നിധ്യം അംഗീകരിക്കാൻ കഴിഞ്ഞില്ല. മാലതിയെക്കുറിച്ച് അവൾക്ക് അറിയാമായിരുന്നു. പിന്നെ എന്തിനാണ് അവളുടെ ഹൃദയത്തിൽ വേദന അനുഭവപ്പെടുന്നത്?
“ഇന്ന് നീ ഇവിടെ നിൽക്കുമോ?” ലോകേഷിന്‍റെ ശബ്ദം കേട്ട് മമത ഞെട്ടി. മറ്റേതെങ്കിലും ദിവസമായിരുന്നെങ്കിൽ അവന്‍റെ അഭ്യർത്ഥന അവൾ തമാശയായി കാണുമായിരുന്നു. പക്ഷേ ഇന്ന് അവളുടെ ആവേശം പൂർണ്ണമായും മങ്ങി.”
“ഞാൻ നിന്നെ വീട്ടിൽ വിടാം.” ലോകേഷ് പറഞ്ഞു. മമത നിശബ്ദം പിന്തുടർന്നു. അവർ വീട്ടിലെത്തിയ ഉടനെ ദിവസം മുഴുവൻ തടഞ്ഞുവെച്ചിരുന്ന കണ്ണുനീർ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവൾ പൊട്ടിക്കരയാൻ തുടങ്ങി. ലോകേഷ് അവളെ മുറുകെ പിടിച്ചു. മമതയ്ക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു, പക്ഷേ അവൾ വാക്കുകൾ കിട്ടാതെ വിഷമിച്ചു. അവൾ കരഞ്ഞുകൊണ്ടിരുന്നു, ലോകേഷ് അവളുടെ പുറകിൽ തഴുകിക്കൊണ്ടിരുന്നു. അവളുടെ മുടിയിലൂടെ കൈകൾ ഓടിച്ചു. അവളെ ചുംബിച്ചു. വേദനയും മാനസിക വേദനയും കൊണ്ട് ഒടുവിൽ അവരുടെ ശരീരം ഒന്നായത് എപ്പോഴാണെന്ന് ഇരുവർക്കും അറിയില്ലായിരുന്നു.
“കേൾക്കു മമതാ, സ്നേഹബന്ധം വളരെ ലോലമാണ്. മാലതിക്ക് ഒരു സംശയവും ഉണ്ടാകരുത്. നമ്മൾ വളരെ ശ്രദ്ധിക്കണം. ഞാൻ പറയുന്നത് നിനക്ക് മനസ്സിലാകും. അവൾ ഇവിടെ ഉള്ളിടത്തോളം കാലം, എനിക്ക് മെസ്സേജ് അയയ്ക്കുകയോ വിളിക്കുകയോ ചെയ്യരുത്. അത്യാവശ്യമെങ്കിൽ വാട്ട്സ്ആപ്പിൽ മാത്രം സന്ദേശം അയക്കുക.” ലോകേഷ് വസ്ത്രം ധരിക്കുമ്പോൾ അവൾക്ക് നിർദ്ദേശങ്ങൾ നൽകി.
രാത്രി മുഴുവൻ മമത തന്‍റെ ബന്ധത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു. ചിലപ്പോൾ ലോകേഷ് പറഞ്ഞത് ശരിയാണെന്ന് അവൾ കരുതി, ചിലപ്പോൾ അവൾ ലോകേഷിന്‍റെ പ്രണയത്തെ സംശയിച്ചു. ചിലപ്പോൾ അവൻ യഥാർത്ഥ അവസ്‌ഥയിൽ അവൾക്ക് സഹതാപം തോന്നി. ചിലപ്പോൾ അവൾക്ക് മാലതിയോട് സഹതാപവും സ്വയം അഭിമാനവും തോന്നി. ചിലപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഈ ആശയക്കുഴപ്പത്തിൽ രാത്രി കടന്നു പോയി. പ്രഭാതം വന്നപ്പോൾ, അവളുടെ കൈ സഹജമായി മൊബൈൽ ഫോണിനായി നീണ്ടു. എല്ലാ ദിവസവും രാവിലെ ലോകേഷിന് ഒരു “ഗുഡ് മോർണിംഗ് സന്ദേശം അയയ്ക്കുന്നത് അവളുടെ ശീലമായിരുന്നു. പക്ഷേ ഇന്നലെ രാത്രിയിൽ അയാൾ പറഞ്ഞത് ഓർത്തപ്പോൾ അവൾ കൈകൾ പിൻവലിച്ചു. അവൾക്ക് സ്വയം കുടുങ്ങിപ്പോയതായി തോന്നി. പിന്നെ മനസ്സിനെ നിയന്ത്രിച്ചുകൊണ്ട് അവൾ ഓഫീസിലേക്ക് പോകാൻ ഒരുങ്ങി തുടങ്ങി.
മാലതി നഗരത്തിൽ താമസിച്ചിരുന്നിടത്തോളം കാലം മമതയും ലോകേഷും തമ്മിലുള്ള ബന്ധം സന്തോഷത്തിന്‍റെയും ദുഃഖത്തിന്‍റെയും ഒരു അവസ്‌ഥയായി തുടർന്നു. ലോകേഷ് ഭാര്യയോടൊപ്പം ചെലവഴിച്ച സമയം മമതയ്ക്ക് വെറുപ്പായിരുന്നു. അത് അവളുടെ സ്നേഹത്തിന് അപമാനമായി തോന്നി. ദിവസങ്ങളോളം അവൾ ദേഷ്യപ്പെടുകയും ദുഃഖിക്കുകയും ചെയ്യുമായിരുന്നു. ഇടയിൽ ഒരു ദിവസം ലോകേഷ് അവളുടെ അപ്പാർട്ട്മെന്‍റിൽ വരും, രണ്ടോ നാലോ മണിക്കൂർ അവളോടൊപ്പം ചെലവഴിക്കും, അവളെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. തന്‍റെ പ്രണയത്തെക്കുറിച്ച് അവളെ ബോധ്യപ്പെടുത്തും. മമത സന്തോഷിക്കും ഈ കഥ ആവർത്തിച്ചു കൊണ്ടിരുന്നു.
നാലുമാസങ്ങൾക്ക് ഒടുവിൽ ശഷം മാലതി ഗ്രാമത്തിലേക്ക് മടങ്ങിയപ്പോൾ മമത ആശ്വാസത്തിന്‍റെ നെടുവീർപ്പിട്ടു. ഇനി ലോകേഷിനെ നിയന്ത്രിക്കാൻ അവർ ഇല്ലല്ലോ. അവൻ പൂർണ്ണമായും മമതയുടേതാണ്. രാത്രിയിലെ ഫോൺകോളുകളും ചാറ്റുകളും പുനരാംരംഭിച്ചു. പലപ്പോഴും അവരുടെ സംഭാഷണങ്ങൾ വീഡിയോ കോളുകളിൽ അവസാനിച്ചു. മുമ്പത്തെപ്പോലെ ലോകേഷ് മമതയെ സ്നേഹം കൊണ്ട് പൊതിഞ്ഞു. മമത അത് തന്‍റെ വിജയമായി കണ്ട് അതിയായി സന്തോഷിച്ചു.
ഇന്ന് മമത വളരെ സന്തോഷവതിയായിരുന്നു. ഈ മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ചയായിരുന്നു അവളുടെ ജന്മദിനം. ലോകേഷിനൊപ്പം ഒരു അവിസ്മരണീയ സായാഹ്‌നം ചെലവഴിക്കാൻ മമത വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. ഈ പ്രത്യേക ദിവസം തങ്ങളുടെ ബന്ധത്തെ സാധൂകരിക്കുന്നതിനെ കുറിച്ച് ലോകേഷുമായി സംസാരിക്കണമെന്ന് പോലും അവൾ തീരുമാനിച്ചു. ലോകേഷ് നിരസിക്കില്ലെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു. അടുത്ത ശനിയാഴ്ചയ്ക്കായി മമത ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
ഒടുവിൽ ദിവസം വന്നു. മമത പ്രതീക്ഷിച്ചതുപോലെ വെള്ളിയാഴ്ച് രാത്രി 12 മണിക്ക് ലോകേഷ് വിളിച്ചു. “ഹലോ മമത… എനിക്ക് ഇപ്പോൾ ഗ്രാമത്തിലേക്ക് പോകണം. മാലതി പടിക്കെട്ടിൽ നിന്ന് വീണു. അവൾക്ക് കാലിന് പരിക്കേറ്റിരിക്കുന്നു. ദയവായി ഓഫീസ് ശ്രദ്ധിക്കൂ..” ലോകേഷ് പറഞ്ഞുകൊണ്ട് ഫോൺ വച്ചു.
മമത ഞെട്ടിപ്പോയി. ലോകേഷ് വിളിച്ച മൊബൈൽ ഫോണിലേക്ക് അവൾ ഉറ്റുനോക്കുകയായിരുന്നു. അവളുടെ എല്ലാ സ്വപ്നങ്ങളും തകർത്തു.
“ലോകേഷ് എന്‍റെ പ്രണയത്തെ ഒരു കളിയായി കണക്കാക്കിക്കൊണ്ടിരുന്നു, അല്ലെങ്കിൽ ഞാൻ അവന്‍റെ കളിയെ പ്രണയമായി കണക്കാക്കിക്കൊണ്ടിരുന്നു. ലോകേഷിന്‍റെ പ്രണയത്തിനായി ഞാൻ എന്നെത്തന്നെ ത്യാഗം ചെയ്താലും, എനിക്ക് അവനെ നിയമപരമായി ലഭിക്കില്ല. ഞങ്ങളുടെ ബന്ധവും ഒഴിവുസമയത്തെയോ ആവശ്യത്തെയോ ആശ്രയിച്ചിരിക്കുന്നു. അവന്‍റെ പ്രഥമ പരിഗണന ഇപ്പോഴും മാലതിയാണ്. അവന് പ്രായോഗികമായി ചിന്തിക്കാൻ കഴിയുമെങ്കിൽ ഞാൻ എന്തിനാണ് വികാരങ്ങൾക്ക് അടിമപ്പെടുന്നത്. ഞാനും അങ്ങനെ ആവണം. അവൻ എന്നെ ഉപയോഗിക്കുകയാണെങ്കിൽ ഞാൻ പ്രാക്‌ടിക്കൽ ആകണം…” കോപവും അപമാനവും കൊണ്ട് ജ്വലിച്ച മമത ഉറച്ച തീരുമാനമെടുത്തു.
പത്ത് ദിവസത്തിനുശേഷം ഗ്രാമത്തിൽ നിന്ന് തിരിച്ചെത്തിയ ലോകേഷ് നേരെ മമതയുടെ അപ്പാർട്ട്മെന്‍റിലേക്ക് പോയി. മമത ഓഫീസിൽ നിന്ന് തിരിച്ചെത്തിയതേയുള്ളൂ. അവനെ കണ്ടയുടനെ മമത അവന്‍റെ കൈകൾ ചേർത്ത് കെട്ടിപ്പിടിച്ചു.
“ഇപ്പോൾ മാലതിക്ക് എങ്ങനെയുണ്ട്.” അവൾ ചോദിച്ചു.
“കുഴപ്പമില്ല കാൽ ഉളുക്കി. പറയൂ നീ ഇവിടെ ഒറ്റയ്ക്ക് എന്താണ് ചെയ്‌തത്?” ലോകേഷിന്‍റെ കൈകൾ അവളുടെ മുടിയിലൂടേയും പുറകിലുടേയും ഇഴഞ്ഞു.
“ലോകേഷ് കേൾക്കൂ എനിക്ക് ഒരു ആപ്പിൾ ഫോൺ വേണം. എന്തായാലും എന്‍റെ ജന്മദിനത്തിൽ നീ എന്നേന്നോടൊപ്പം ഉണ്ടായിരുന്നില്ല അതിന് നിങ്ങൾ ശിക്ഷ അനുഭവിക്കേണ്ടിവരും?” മമത പറഞ്ഞു.
“ശരി. ഇപ്പോൾ നമുക്ക് ഓർഡർ ചെയ്യാം. പക്ഷേ ആദ്യം, എനിക്ക് കുറച്ച് കേക്ക് തരൂ…” ലോകേഷ് പ്രണയപൂർവ്വം പറഞ്ഞു. മമതയെ സ്വന്തമാക്കാൻ അയാൾ കൂടുതൽ ആഗ്രഹിക്കുകയായിരുന്നു. അയാൾ അവളെ കൂടുതൽ മുറുകെ പിടിച്ചു.
“വേണ്ട വേണ്ട. ആദ്യം സമ്മാനം, പിന്നെ കേക്ക്..” മമത അവനെ പതുക്കെ തള്ളിമാറ്റി
“നിന്‍റെ ഇഷ്ടംപോലെ ആദ്യം നമുക്ക് മൊബൈൽ ഫോൺ ഓർഡർ ചെയ്യാം.” ലോകേഷ് നാടകീയമായി കുമ്പിട്ടു പറഞ്ഞു, മമത പൊട്ടിച്ചിരിച്ചു.
പതുക്കെ, മമത ലോകേഷിന്‍റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പുതിയ സ്കൂട്ടർ, വിലകൂടിയ ഗാഡ്‌ജെറ്റുകൾ, വജ്രാഭരണങ്ങൾ, മറ്റ് ആഡംബരങ്ങൾ എന്നിവ വാങ്ങികൊണ്ടിരുന്നു. ഒരു പോഷ് ഫ്ളാറ്റ് വാങ്ങാനും അവൾ ആഗ്രഹിച്ചു.
“ലോകേഷ്, ഫ്ളാറ്റിലെ സൊസൈറ്റി അംഗങ്ങൾ നിങ്ങൾ ഇവിടെ വരുന്നത് ചോദ്യം ചെയ്യുന്നു… ഫ്ളാറ്റ് ഉടമ എനിക്ക് അന്ത്യശാസനം നൽകിയിരിക്കുന്നു. ദയവായി ഗ്രീൻ ഹൗസ് സൊസൈറ്റിയിൽ എനിക്ക് ഒരു ഫ്ളാറ്റ് വാങ്ങി തരൂ… നിങ്ങൾ ഡൗൺ പേയ്മെന്‍റ് അടച്ചാൽ മതി. ഞാൻ അത് തവണകളായി അടയ്ക്കാം..” ഒരു രാത്രി മമത അടുത്ത കാര്യം കൂടി ആവശ്യപ്പെട്ടു. ഫ്ളാറ്റിന്‍റെ താക്കോൽ കിട്ടിയപ്പോൾ, മമത തന്‍റെ വിജയത്തിൽ സന്തോഷിച്ചു. അന്ന് 40 വയസ്സുള്ള ലോകേഷിന് ഇപ്പോൾ 45 വയസ്സായി. മാലതിയുടെ നിർബന്ധത്തിന് വഴങ്ങി ലോകേഷ് തന്‍റെ മകനെ സിറ്റി കോളേജിൽ ചേർത്തു. ഇക്കാരണത്താൽ മമതയുമായുള്ള അവന്‍റെ ഇടപെടലുകൾ അൽപ്പം കുറഞ്ഞിരുന്നു. ഈ ദിവസങ്ങളിൽ ഓഫീസിൽ വന്ന വിശാലിനോടുള്ള മമതയുടെ ചായ‌്‍വ് അയാൾ ശ്രദ്ധിക്കാൻ തുടങ്ങി.
“വിശാലുമായി എന്താ ബന്ധം?” ലോകേഷ് ഒടുവിൽ ഒരു ദിവസം പ്രകോപിതനായി പറഞ്ഞു.
“ഞാൻ എപ്പോഴെങ്കിലും നിന്നോട് മാലതിയെക്കുറിച്ച് ഒരു ചോദ്യം ചോദിച്ചിട്ടുണ്ടോ?” മമത പ്രതികരിച്ചു.
“അവൾ എന്‍റെ ഭാര്യയാണ്.”
“ഒരുപക്ഷേ നാളെ ഞാനും വിശാലിന്‍റെ ഭാര്യയാകും.”
“എന്തൊരു വിഡ്ഢിത്തമാണ് നീ പറയുന്നത്? നിനക്ക് എങ്ങനെ അങ്ങനെ ചിന്തിക്കാൻ പോലും കഴിയും? ലോകേഷ് അസ്വസ്ഥനായി.
“നീയും അതുതന്നെ ചെയ്തു. നിന്‍റെ പ്രണയം വെറും യാദൃശ്‌ചികമായിരുന്നു. പിന്നെ എന്തിനാണ് എന്നെ വിശ്വാസവഞ്ചനയുടെ പേരിൽ കുറ്റപ്പെടുത്തുന്നത്?”
“മാലതിയേയും എന്നെയും കുറിച്ച് നിനക്ക് എല്ലാം അറിയാമായിരുന്നു. കാര്യങ്ങൾ പുറത്തായാൽ സമൂഹത്തിൽ എന്‍റെ വില പോവില്ലേ എന്‍റെ വീട് നശിപ്പിക്കപ്പെടില്ലേ?”
“നീ അത് ചെയ്യുമ്പോൾ നിന്‍റെ കുടുംബത്തെ രക്ഷിക്കാനാണ്. ഞാൻ അത് ചെയ്താൽ വെറും സമയം പാഴാക്കാലാണെന്ന് പറയുകയും ചെയ്യുന്നു? വൗ… വൗ… നിന്‍റെ ഇരട്ടത്താപ്പ്…” മമത നാടകീയമായി കൈകൊട്ടി പറഞ്ഞു.
“ഞാൻ വിശാലിനോട് സത്യം പറയും.” ലോകേഷ് തന്‍റെ ട്രംപ് കാർഡ് എറിഞ്ഞു.
“തീർച്ചയായും പറയൂ പക്ഷേ ഈ തീജ്വാല മാലതിയിലേക്ക് എത്തില്ലേ? ഇത്രയും നേരം നീ രക്ഷിക്കാൻ ശ്രമിച്ച കുടുംബം ഛിന്നഭിന്നമാകില്ലേ? എന്‍റെ കാര്യമോ. വിശാൽ പോയാൽ മറ്റൊരാൾ വരും… പക്ഷേ നീ എങ്ങനെ മാലതിയെ തിരികെ കൊണ്ടുവരും?” മമത ചിരിച്ചു.
ലോകേഷ് പരാജയപ്പെട്ട ഒരു ചൂതാട്ടക്കാരനെപ്പോലെ പിൻവാങ്ങി. ലോകേഷ് പോയതിനുശേഷം മമത വളരെ അസ്വസ്ഥയായി. ദുഃഖത്തിന്‍റെയും നിസ്സഹായതയുടേയും വേദന അവളുടെ ഹൃദയത്തെ നിരന്തരം പിടികൂടി.
“ഞാൻ എന്തു ചെയ്യണം? എന്‍റെ ഹൃദയം ആശ്വസിപ്പിക്കാൻ ഞാൻ ആരോട് സംസാരിക്കണം? ആരോട് എന്‍റെ ഹൃദയം തുറക്കണം?” ഇതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ട് അവൾ വിശാലിനെ വിളിച്ചു. കോൾ മിസ് ചെയ്‌തു. രണ്ടോ മൂന്നോ തവണ ശ്രമിച്ചിട്ടും വിശാൽ എടുത്തില്ല. അപ്പോഴേക്കും ഒരു എസ്എംഎസ് അലർട്ട് മുഴങ്ങി. “ഞാൻ എന്‍റെ കുടുംബത്തോടൊപ്പമാണ്… വീണ്ടും വിളിച്ച് എന്നെ ശല്യപ്പെടുത്തരുത്… ഞാൻ ഫ്രീയാകുമ്പോൾ വിളിക്കാം.” വിശാലിന്‍റെ സന്ദേശം വായിച്ച് മമത പൊട്ടിക്കരഞ്ഞു.
വിശാലിന്‍റെ പ്രണയവും ഒരു ഒഴിവുസമയ സംഭവമായി മാറി.. അവനും അവളെ ഓർക്കുന്നത് അവന് ആവശ്യമുള്ളപ്പോഴോ ഒഴിവുസമയം ലഭിക്കുമ്പോഴോ മാത്രമാണ്. പക്ഷേ എന്തിനാണ് അവനെ മാത്രം? ഞാനും അതേ കാര്യം തന്നെ ചെയ്യുകയായിരുന്നു. ഒരു ഒഴിവുസമയ വിനോദം. ലോകത്തിലെ എല്ലാ ബന്ധങ്ങളും ഇങ്ങനെയാണ് മമതയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“നീ ലോകത്തിന്‍റെ വഴികൾ പഠി ച്ചു. അല്ലേ? പിന്നെ എന്തിനാണ് ഈ പരാതി?” അവളുടെ ഉള്ളിൽ നിന്ന് ഒരു ശബ്ദം ഉയർന്നു.
അതെ ഞാൻ പഠിച്ചു. പക്ഷേ ഭൗതിക കാര്യങ്ങൾക്ക് പിന്നാലെ പോയി എനിക്ക് മടുത്തു. നിസ്വാർത്ഥ സ്നേഹത്തിന്‍റെ തണുത്ത തണലിൽ കുറച്ചുനേരം ഇരുന്ന് വിശ്രമിക്കാൻ ഞാൻ ആഗ്രഹിക്കുന്നു…
“മുത്തശ്ശി അതെ, അത് മുത്തശ്ശിയാണ്. അവർ എന്നെ നിസ്വാർത്ഥമായി സ്നേഹിച്ചു… എന്നെ വളർത്താൻ അവർ തന്‍റെ ജീവിതം മുഴുവൻ ത്യജിച്ചു.. പക്ഷേ ഞാൻ എന്താണ് ചെയ്തത്? പാലിൽ കലർന്ന ഈച്ചയെപ്പോലെ വലിച്ചെറിഞ്ഞു?” മുത്തശ്ശിയോടുള്ള തന്‍റെ പെരുമാറ്റം ഓർത്ത് മമതയ്ക്ക് പശ്ചാത്താപം തോന്നി.
“ഇല്ല, മുത്തശ്ശി എന്നോട് ക്ഷമിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്..” മമതയുടെ ഹൃദയം പറഞ്ഞു.
“നീ ലോകേഷിനേയും വിശാലിനേയും വിശ്വസിച്ചു അല്ലേ..” ഉള്ളിൽ നിന്ന് എതിർപ്പിന്‍റെ ഒരു ശബ്ദം ഉയർന്നു.
“അത് പ്രണയമായിരുന്നില്ല, ഒരു കരാറായിരുന്നു… സ്നേഹത്തിനു പകരമായി നമുക്കെല്ലാവർക്കും പരസ്പരം ചില പ്രതീക്ഷകളുണ്ടായിരുന്നു. പക്ഷേ മുത്തശ്ശി ഒരിക്കലും എന്നിൽ നിന്ന് ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. സമയമോ ആവശ്യമോ ഇല്ലാതിരുന്നപ്പോഴും അവർ എന്നെ എപ്പോഴും പിന്തുണച്ചു. ഞാൻ നാളെ പോയി മുത്തശ്ശിയെ കൂട്ടി വരും.
മുത്തശ്ശി എന്നോടൊപ്പം വരുമോ ഇല്ലയോ എന്നറിയില്ല. എങ്കിലും ആ സ്നേഹം എനിക്ക് വേണം. മമത മനസ്സിൽ ഉറപ്പിച്ചു.





