ഓണം അടുത്തെത്തുമ്പോൾ കേരളത്തിന് ഒരു പ്രത്യേക ഗന്ധമുണ്ട്. പുതുവസ്ത്രങ്ങളുടെ മണം, അടുക്കളയിലെ പായസത്തിന്‍റെ സുഗന്ധം, മഴ നനഞ്ഞ മണ്ണിന്‍റെ ഗന്ധം. അതിനിടയിൽ വീട്ടുമുറ്റങ്ങളിലൊക്കെ പരക്കുന്ന പൂക്കളുടെ സുഗന്ധം, എന്നാൽ ആ സുഗന്ധം എവിടെ നിന്നാണ് വരുന്നതെന്ന് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, പൂക്കളത്തിൽ വിരിയുന്ന മഞ്ഞ ചെണ്ടുമല്ലിയും ബന്തിയും വെള്ള ജമന്തിയും ചുവന്ന റോസും. ഇവയിൽ പലതും കേരളത്തിൽ ജനിച്ചവയല്ല. അവ നൂറുകണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചെത്തുന്ന അതിഥികളാണ്. ആ യാത്രയുടെ തുടക്കം തമിഴ്നാട്ടിലെ തോവളയും ഹോസൂറും നിന്നൊക്കെയാണ്. ഓണം സീസണിൽ കേരളത്തിലേക്ക് എത്തുന്ന പൂക്കളുടെ വലിയൊരു പങ്കും തമിഴ്‌നാട് നിന്നാണ്.
പരമ്പരാഗത ഗ്രാമം ആയ തോവളയ്ക്ക് പുറമേ ഹൊസൂർ, ദിണ്ടിഗൽ, സത്യമംഗലം, മേട്ടുപ്പാളയം, ഊട്ടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് പൂക്കൾ എത്തുന്നത്. ഓണക്കാലത്ത് ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉള്ള പൂക്കൾ ചെണ്ടു മല്ലി, വാടാമല്ലി, ജമന്തി, അരളി, റോസ്, ട്യൂബ് റോസ് എന്നിവയാണ്. കേരളത്തിലും പൂക്കൾ കൃഷി ചെയ്യുന്നുണ്ടെങ്കിലും ഓണക്കാലത്തെ വൻ ആവശ്യകത നിറവേറ്റാൻ അത് മതിയാകാറില്ല. അതിനാൽ ദിവസേന നൂറു കണക്കിന് ടൺ പൂക്കൾ ലോറിയിലൂടെ തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലെ വിവിധ പൂക്കച്ചവട കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നു.
മല്ലിപ്പൂമണം പേറും തോവാള
മുൻകാലങ്ങളിൽ പ്രത്യേകിച്ച് കേരളത്തിന്‍റെ തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് എത്തുന്ന പൂക്കളുടെ പ്രധാന ഉറവിടമായിരുന്നു തോവാള. മല്ലിപ്പൂ കൃഷിക്ക് ഏറെ പ്രശസ്തമാണ് തോവാള. റോസ്, ചെണ്ടുമല്ലി, ശെവന്തി തുടങ്ങിയ പൂക്കളും ഇവിടെ കൃഷി ചെയ്യുന്നു. കേരളവുമായി അതിർത്തി പങ്കിടുന്നതിനാൽ പൂക്കൾ വളരെ വേഗത്തിൽ കേരള വിപണിയിലെത്തിക്കാനാകും. ഓണം, വിഷു, വിവാഹ സീസൺ, ക്ഷേത്രോത്സവങ്ങൾ എന്നിവയിലൊക്കെ ഇവിടെ നിന്ന് വലിയ തോതിൽ പൂക്കൾ കേരളത്തിലേക്ക് കൊണ്ടുവരാറുണ്ട്. എന്നാൽ ഇന്ന് സ്‌ഥിതി കുറച്ച് മാറിയിട്ടുണ്ട്. കേരളത്തിലേക്ക് എത്തുന്ന പൂക്കളുടെ ആകെ അളവിൽ ഹൊസൂർ ഉൾപ്പെടെയുള്ള തമിഴ്നാട്ടിലെ വലിയ പൂക്കൃഷി മേഖലകളുടെ പങ്ക് വർദ്ധിച്ചിട്ടുണ്ട്. അതിനാൽ ഇപ്പോൾ ഏറ്റവും കൂടുതൽ പൂക്കൾ എത്തുന്നത് ഹൊസൂർ, ദിണ്ടിഗൽ, കൃഷ്ണഗിരി തുടങ്ങിയ മേഖലകളിൽ നിന്നാണ്. എന്നിരുന്നാലും തോവാള ഇന്നും കേരളത്തിന് പ്രധാനപ്പെട്ട ഒരു പരമ്പരാഗത പൂ കച്ചവട കേന്ദ്രമാണ്. കൂടാതെ ഒരു ഭൂപ്രദേശത്തിന്‍റെ ചരിത്രവും പ്രകൃതിയും മനുഷ്യരുടെ അധ്വാനവും ചേർന്ന് രൂപപ്പെടുത്തിയ ഒരു കാർഷിക സംസ്കാ രമാണ്. എന്തുകൊണ്ടാണ് തോവാള പൂക്കളുടെ നാടായത്? തോവാള സ്‌ഥിതി ചെയ്യുന്നത് പശ്ചിമഘട്ടം മലനിരകളുടെ അടിവാരത്താണ്. ഈ പ്രദേശത്തിന്‍റെ മണ്ണും കാലാവസ്‌ഥയും പൂക്കൃഷിക്ക് അനുയോജ്യമാണ്. നല്ല നീർവാർച്ചയുള്ള ചുവന്ന മണ്ണ്. വർഷം മുഴുവൻ താരതമ്യേന മിതമായ കാലാവസ്‌ഥ, ജലസേചന സൗകര്യങ്ങൾ. ശക്‌തമായ സൂ ര്യപ്രകാശവും ആവശ്യത്തിന് ഈർപ്പവും.
ഈ ഘടകങ്ങൾ ചേർന്നപ്പോൾ പൂച്ചെടികൾക്ക് വളരെ നല്ല വളർച്ച ലഭിച്ചു. രാജാക്കന്മാരുടെ കാലം മുതൽ ഇവിടെ പൂക്കൃഷി ഉണ്ട്. കന്യാകുമാരി പ്രദേശം ഒരു കാലത്ത് തിരുവിതാംകൂർ രാജ്യ ഭരണത്തിന്‍റെ ഭാഗമായിരുന്നു. ക്ഷേത്രാരാധനയ്ക്കും രാജകൊട്ടാരങ്ങൾക്കും ദിനംപ്രതി വലിയ അളവിൽ പൂക്കൾ ആവശ്യമായിരുന്നു. ആ ആവശ്യമാണ് തോവാളയിലെ പൂക്കൃഷിയെ പ്രോത്സാഹിപ്പിച്ചത്. പിന്നീട് വിവാഹങ്ങൾ, ഉത്സവങ്ങൾ, ക്ഷേത്രങ്ങൾ, വിപണികൾ എന്നിവയുടെ ആവശ്യകത വർദ്ധിച്ചതോടെ കർഷകർ നെൽകൃഷിയേക്കാൾ കൂടുതൽ ലാഭം ലഭിക്കുന്ന പൂക്കൃഷിയിലേക്ക് മാറിത്തുടങ്ങി.
തോവാളയെ ഇന്ത്യയിലാകെ പ്രശസ്തമാക്കിയത് പ്രധാനമായും മല്ലി പ്പൂവാണ്. ഇവിടെ വിരിയുന്ന മല്ലിപ്പൂവിന് ശക്തമായ സുഗന്ധവും നല്ല ഗുണനിലവാരവും ഉള്ളതിനാൽ കേരളത്തിലും തമിഴ്‌നാട്ടിലും വലിയ ആവശ്യക്കാരുണ്ടായി. പിന്നീട് ചെണ്ടുമല്ലി, ശെവന്തി, റോസ്, അരളി തുടങ്ങിയവയും വ്യാപകമായി കൃഷി ചെയ്യാൻ തുടങ്ങി. തോവാളയിൽ നിന്ന് കേരള അതിർത്തിയിലേക്ക് ദൂരം വളരെ കുറവായതിനാൽ പുലർച്ചെ പറിച്ച പൂക്കൾ മണിക്കൂറുകൾക്കകം തിരുവനന്തപുരം, കൊല്ലം, കൊച്ചി എന്നിവിടങ്ങളിലെ വിപണികളിൽ എത്തിക്കാൻ കഴിഞ്ഞു. അതുകൊണ്ട് തന്നെ പതിറ്റാണ്ടുകളായി കേരളത്തിലെ വിവാഹങ്ങൾക്കും ക്ഷേത്രോത്സവങ്ങൾക്കും ഓണത്തിനും തോവാളയിലെ പൂക്കൾ ഒരു സ്‌ഥിരസാന്നിധ്യമായി.
ഇന്ന് ഹൊസൂർ, ദിണ്ടിഗൽ തുടങ്ങിയ മേഖലകൾ വലിയ തോതിലുള്ള വാണിജ്യപൂക്കൃഷിയിൽ മുന്നിലെത്തിയിട്ടുണ്ടെങ്കിലും തോവാള ഇന്നും സുഗന്ധ പൂക്കളുടെ പ്രധാന കേന്ദ്രമാണ്. പ്രത്യേകിച്ച് മല്ലിപ്പൂവും ക്ഷേത്രാവശ്യങ്ങൾക്കുള്ള പൂക്കളും ഇവിടെ നിന്ന് വലിയ തോതിൽ വിപണിയിലെത്തുന്നു.
ഓണത്തിരക്കിൽ തമിഴ്‌നാട്
ഓണം കേരളത്തിൽ ആണെങ്കിലും യഥാർത്ഥത്തിൽ ഓണം ആദ്യം എത്തുന്നത് തമിഴ്നാട്ടിലാണ് എന്ന് തന്നെ പറയണം. കേരളത്തിൽ ഓണത്തിനുള്ള കൗണ്ട്ഡൗൺ തുടങ്ങുന്നതിന് വളരെ മുമ്പ് ഏറ്റവും വലിയ പൂകൃഷി ക്രേന്ദ്രമായ ഹൊസൂരിലെ കർഷകരുടെ മനസ്സിൽ ഓണം എത്തിക്കഴിഞ്ഞിരിക്കും. ഏത് ദിവസം വിത്തിടണം, എപ്പോൾ പൂവിടും, ഓണക്കാലത്ത് ഏത് നിറമാണ് കൂടുതൽ അന്വേഷിക്കുക ഇതെല്ലാം കണക്കുക്കൂട്ടിയാണ് കൃഷി. ഹൊസൂരി ലെ പൂക്കൃഷി ആയിരക്കണക്കിന് കർഷകരുടേയും കൂലിത്തൊഴിലാളികളുടേയും വ്യാപാരികളുടേയും ഉപജീവനമാണ്. ഒരു നല്ല ഓണക്കാലം അവർക്കൊരു നല്ല വർഷമാകാം. അതുപോലെ കനത്ത മഴയോ അസഹ്യമായ ചൂടോ ഒരു സീസൺ മുഴുവൻ നഷ്ടപ്പെടുത്തുകയും ചെയ്യും. സൂര്യൻ ഉദിക്കും മുമ്പേ പൂ വയലുകളിൽ അവരുടെ ജീവിതം തുടങ്ങും.
തണുപ്പ് മാറും മുമ്പേ പൂക്കൾ പറിച്ചെടുക്കണം. പൂവ് പൂർണമായി വിരിയുന്നതിന് മുമ്പാണ് പലതും ശേഖരിക്കുന്നത്. അപ്പോഴാണ് ദൂരയാത്ര ചെയ്താലും പുതുമ നിലനിൽക്കുക. ചെണ്ടുമല്ലിയുടെ മഞ്ഞപ്പാടങ്ങൾ, ശൈവന്തിയുടെ വെളുത്ത നിരകൾ, റോസാപ്പൂക്കളുടെ ചുവന്ന തോട്ടങ്ങൾ അവ കാണാൻ മാത്രമല്ല അവർക്ക് ജീവിക്കാൻ കൂടിയാണ് വളർത്തുന്നത്. പൂക്കൾ പറിക്കുന്ന ഓരോ കൈയിലും ഒരു പ്രതീക്ഷയുണ്ട്. കാരണം ആ ദിവസം കിട്ടുന്ന വിലയാണ് കുടുംബത്തിന്‍റെ വരുമാനം നിശ്ചയിക്കുന്നത്.
നിറങ്ങളുടെ വിപണി
പൂക്കൾ വയലിൽ നിന്ന് നേരെ മൊത്ത വിപണിയിലേക്ക് എത്തും. അവിടെ സമയം വളരെ വിലപ്പെട്ടതാണ്. കർഷകർ പൂക്കൊട്ടകളുമായി എത്തുന്നു. വ്യാപാരികൾ ഗുണനിലവാരം നോക്കുന്നു. വില നിശ്ചയിക്കുന്നു. ചുമട്ടുതൊഴിലാളികൾ പൂക്കൾ വേഗത്തിൽ ലോറികളിലേക്ക് മാറ്റുന്നു.
ഓണം അടുത്തെത്തും തോറും ഈ തിരക്ക് ഇരട്ടിയാകും. കേരളത്തിൽ നിന്ന് കൂടുതൽ ഓർഡറുകൾ എത്തും. ചില ദിവസങ്ങളിൽ പൂക്കളുടെ വില പലമടങ്ങ് ഉയരും. എന്നാൽ അതേ സമയം പൂക്കളുടെ ലഭ്യതയും കാലാവസ്‌ഥയും ആ വിലയെ പെട്ടെന്ന് മാറ്റിമറിക്കാനും കഴിയും. ലോറികളിൽ ശ്രദ്ധാപൂർവം അടുക്കിവെച്ച പൂക്കൾ ദേശീയപാതയിലൂടെ കേരളത്തിലേക്ക് തിരിക്കും. രാത്രി മുഴുവൻ ഓടുന്ന ഈ വാഹനങ്ങൾ പുലർച്ചയോടെ പാലക്കാട്, എറണാകുളം, തിരുവന്തപുരം, കോഴിക്കോട് തുടങ്ങിയ വിപണികളിൽ എത്തും. അവിടെ നിന്ന് പൂക്കൾ ചെറുകിട കച്ചവടക്കാരുടെ കൈകളിലേക്കും, പൂക്കടകളിലേക്കും, വഴിയോര വിൽപ്പനക്കാരിലേക്കും, ഒടുവിൽ നമ്മുടെ വീടികളിലേക്കും എത്തുന്നു…





