ദീർഘനേരം നിലനിൽക്കുന്നതും പുതുമയുള്ളതും പ്രകൃതിദത്തവുമായ ഷേഡുകൾ, മാറ്റ് മേക്കപ്പ് ഉൽപ്പന്നങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത അതാണ്. പൗഡർ ബേസ്‌ഡായ മാറ്റ് മേക്കപ്പ് ഉൽപ്പന്നങ്ങൾ എണ്ണ രഹിതമാണ്. ക്രീമി, ഗ്ലോസി സൗന്ദര്യവർദ്ധക വസ്തുക്കളിൽ നിന്ന് വ്യത്യസ്തമായി അവ എണ്ണമയമുള്ളതായി തോന്നുകയോ തിളക്കമുള്ള പ്രഭാവം സൃഷ്‌ടിക്കുകയോ ചെയ്യുന്നില്ല. വളരെ മൃദുവും മിനുസമാർന്നതുമാണ് അവയുടെ ഘടന. പ്രയോഗിക്കുമ്പോൾ മുഖം ഫ്രഷ് ആയി കാണപ്പെടുകയും ചെയ്യും.
വ്യത്യസ്‌ത മാറ്റ് മേക്കപ്പ് ഉൽപ്പന്നങ്ങൾ
ലിപ്സ്റ്റിക്കിലോ ഐലൈനറിലോ മാത്രം ഒതുങ്ങുന്നതല്ല മാറ്റ് സൗന്ദര്യവർദ്ധക വസ്തുക്കൾ. മാറ്റ് ഫൗണ്ടേഷനുകൾ, പ്രൈമറുകൾ, മാറ്റ് ഫിനിഷ് പൗഡറുകൾ, ഐലൈനറുകൾ, ഐഷാഡോകൾ, മസ്കാര, ലിപ്‌സ്‌റ്റിക്കുകൾ, ലിപ് ലൈനറുകൾ, ബ്ലഷറുകൾ, നെയിൽ പോളിഷുകൾ എന്നിവ വിപണിയിൽ ലഭ്യമാണ്. അതും മിനിറ്റുകൾക്കുള്ളിൽ സൗന്ദര്യം വർദ്ധിപ്പിക്കാൻ കഴിയുന്ന മാറ്റ് ഫിനിഷോടെ.
സവിശേഷതകൾ
ദീർഘനേരം നിലനിൽക്കും: പൗഡർ ബേസ്‌ഡായതുകൊണ്ട് മാറ്റ് സൗന്ദര്യവർദ്ധക വസ്തുക്കൾ എളുപ്പത്തിൽ മങ്ങി പോവുകയില്ല. പെട്ടെന്ന് മങ്ങി പോകുന്ന ക്രീമി, ഗ്ലോസി സൗന്ദര്യവർദ്ധക വസ്തുക്കളിൽ നിന്ന് വ്യത്യസ്‌തമായി പ്രയോഗ ശേഷം മാറ്റ് സൗന്ദര്യ വർദ്ധകങ്ങൾ വേഗത്തിൽ ചർമ്മത്തിൽ ഉറയ്ക്കുകയും ദീർഘനേരം നിലനിൽക്കുകയും ചെയ്യുന്നു.
ഫ്രഷ് ലുക്ക്: മാറ്റ് സൗന്ദര്യവർദ്ധക വസ്‌തുക്കളിൽ മിനറൽ ഓയിൽ അല്ലെങ്കിൽ പെട്രോളിയം ജെൽ അടങ്ങിയിട്ടില്ല. അതിനാൽ അവയുടെ നിറത്തിന് വേഗത്തിൽ മങ്ങലേൽക്കുകയുമില്ല. അതുകൊണ്ട് ഇത് എല്ലായ്പ്പോഴും ഫ്രഷ് ആയി കാണപ്പെടും.
യംഗ് ഇഫക്റ്റ്: മാറ്റ് സൗന്ദര്യവർദ്ധക വസ്തുക്കൾ പുരട്ടുന്നത് കണ്ണുകൾക്കും ചുണ്ടുകൾക്കും ചുറ്റുമുള്ള നേർത്ത വരകളും ചുളിവുകളും എളുപ്പത്തിൽ മറയ്ക്കും. അതേസമയം ഗ്ലോസിയായ സൗന്ദര്യവർദ്ധക വസ്‌തുക്കൾ ചുളിവുകൾ കൂടുതൽ പ്രകടമാക്കും.
വെൽവെറ്റ് ഫിനിഷ്: തിളങ്ങുന്ന സൗന്ദര്യവർദ്ധക വസ്‌തുക്കൾക്ക് പെട്ടെന്ന് മനോഹരമായ പ്രഭാവം സൃഷ്ടിക്കാൻ കഴിയും. എന്നാൽ മാറ്റ് മേക്കപ്പ് ഉൽപ്പന്നത്തിന്‍റെ വെൽവെറ്റ് ഫിനിഷ് മുഖത്തിന് മൃദുവും ആകർഷകവുമായ രൂപം പകരും.
ലൈറ്റ് വെയ്‌റ്റ്: മാറ്റ് മേക്കപ്പ് ഉൽപ്പന്നങ്ങൾ ലൈറ്റ് വെയ്റ്റാണ്. ഗ്ലോസിയായ സൗന്ദര്യവർദ്ധക വസ്തുക്കളിൽ നിന്ന് വ്യത്യസ്തമായി അവ പ്രയോഗിക്കുന്നതുകൊണ്ട് മേക്കപ്പ് ഹെവിയായി തോന്നുകയില്ല.
പ്രകൃതിദത്ത ഷേഡുകൾ: ഓയിലിയായ മേക്കപ്പ് ഉൽപ്പന്നങ്ങൾ സ്വാഭാവിക ഷേഡുകളേക്കാൾ മങ്ങിയതായി കാണപ്പെടാം. എന്നാൽ മാറ്റ് സൗന്ദര്യവർദ്ധക വസ്‌തുക്കളുടെ ഷേഡുകൾ കൂടുതൽ തീക്ഷ്‌ണമായതിനാൽ ഇത് പൂർണ്ണമായും സ്വാഭാവികമായ രൂപം നൽകും.
ഒട്ടിപ്പിടിക്കില്ല: മാറ്റ് മേക്കപ്പ് ഉൽപ്പന്നങ്ങൾ ഒട്ടിപ്പിടിക്കില്ല. അപ്ലൈ ചെയ്തതിന് തൊട്ടുപിന്നാലെ തടവി നോക്കിയാലും അവ ഇളകി വരികയുമില്ല. അതേ സമയം ഗ്ലോസിയായതോ ക്രീം നിറത്തിലുള്ളതോ ആയ സൗന്ദര്യവർദ്ധക വസ്‌തുക്കൾ കാഴ്ച്ചയിൽ ഒട്ടിപ്പിടിച്ചിരിക്കുന്നതായി തോന്നും.
ടച്ച്-അപ്പുകൾ വേണ്ട: ദീർഘനേരം കഴിഞ്ഞ് മേക്കപ്പിന്‍റെ ഷേഡ് മങ്ങുമ്പോൾ ടച്ച് അപ്പുകൾ ആവശ്യമായി വരാം. എന്നാൽ മാറ്റ് മേക്കപ്പ് പ്രയോഗിച്ചു കഴിഞ്ഞാൽ മണിക്കൂറുകളോളം അത് അതേപടി നിലനിൽക്കും.
പ്രയോഗിക്കാൻ എളുപ്പമാണ്: മാറ്റ് സൗന്ദര്യവർദ്ധക വസ്‌തുക്കളുടെ മറ്റൊരു ഗുണം അവ ആർക്കും സ്വയം പ്രയോഗിക്കാമെന്നതാണ്. അതിന് കുറച്ച് കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്ന് മാത്രം. മാത്രവുമല്ല മേക്കപ്പ് വിദഗ്ദ്ധന്‍റെ സഹായം ആവശ്യമില്ല.
എല്ലാ സീസണുകളിലും: ശൈത്യകാലത്ത് ക്രീം അടിസ്‌ഥാനമാക്കിയുള്ള മേക്കപ്പ് ഉൽപ്പന്നങ്ങളും വേനൽക്കാലത്ത് വെള്ളം അടിസ്ഥാനമാക്കിയുള്ള മേക്കപ്പ് ഉത്പ്പന്നങ്ങളും ഉപയോഗിക്കാം. എന്നാൽ പൗഡർ അടിസ്ഥാനമാക്കിയുള്ള മാറ്റ് സൗന്ദര്യവർദ്ധക വസ്‌തുക്കൾ എല്ലാ സീസണുകളിലും ഉപയോഗിക്കാമെന്നതാണ് പ്രത്യേകത.
ഹൈ ഡെഫനിഷൻ: മാറ്റ് സൗന്ദര്യവർദ്ധക വസ്തുക്കൾ മുഖത്തിന്‍റെ സവിശേഷതകൾ ശക്‌തമായി എടുത്തു കാണിക്കും. ഉദാഹരണത്തിന്, നേർത്ത ചുണ്ടുകളുള്ളവർക്ക് മാറ്റ് ലിപ്സ്‌റ്റിക് ഉപയോഗിക്കാം. ചെറിയ കണ്ണുകളുള്ളവർക്ക് മാറ്റ് ഐലൈനറും ഐഷാഡോയും ലുക്ക് നൽകും.
സെൽഫി സ്‌റ്റൈൽ: മേക്കപ്പ് ടെക്സചർ കൃത്യമായ നിലയിലാണെങ്കിൽ ഫോട്ടോഗ്രാഫുകൾ മനോഹരമായി കാണപ്പെടും. എണ്ണമയമുള്ളതും തിളക്കമുള്ളതുമായ മേക്കപ്പ് മുഖത്തിന് ഓയിലി പ്രഭാവം നൽകും. മാത്രവുമല്ല അത് ഫോട്ടോകളിൽ വ്യക്തമായി കാണാനും കഴിയും. എന്നാൽ മാറ്റ് മേക്കപ്പ് ഉൽപ്പന്നങ്ങളുടെ ഇഫക്റ്റ് ഫോട്ടോകളിൽ പോലും ആകർഷകമായി കാണപ്പെടും. നോർമൽ, ഡ്രൈ, എണ്ണമയമുള്ള ചർമ്മ തരങ്ങൾക്കെല്ലാം മാറ്റ് സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ അനുയോജ്യമാണ്. എണ്ണമയമുള്ള ചർമ്മക്കാർക്ക് ഇതൊരു അനുഗ്രഹമാണ്. തിളങ്ങുന്നതും ക്രീമിയുമായ സൗന്ദര്യവർദ്ധക വസ്‌തുക്കൾ എണ്ണമയമുള്ള ചർമ്മത്തിന് അനുയോജ്യമല്ല. അവ പൂർണ്ണമായും വ്യാപിക്കുകയും ഒട്ടിപ്പിടിക്കുകയും ചെയ്യും. മാറ്റ് മേക്കപ്പ് ഉൽപ്പന്നങ്ങൾ എണ്ണ ആഗിരണം ചെയ്യുന്നതിനാൽ എണ്ണമയമുള്ള ചർമ്മത്തിൽ നിന്നു അധിക എണ്ണ പൂർണ്ണമായും ആഗിരണം ചെയ്യും. ഇതുമൂലം മേക്കപ്പ് ബേസ് നന്നായി സജ്ജമാവുകയും ദീർഘനേരം നിലനിൽക്കുകയും ചെയ്യും.





