പശ്ചിമഘട്ടത്തിന്‍റെ പച്ചപ്പിനുള്ളിൽ മഞ്ഞും മഴയും ചേർന്ന ചെറിയയൊരു സ്വർഗ്ഗഭൂമിയാണ് സാപുതാര. ഗുജറാത്തിന്‍റെ ഏക ഹിൽ സ്റ്റേഷനെന്ന വിശേഷണവുമായി പ്രകൃതിയുടെ നിസ്സംഗസൗന്ദര്യം ചാർത്തിയ ഈ മലനാട്ടിലേക്കുള്ള യാത്ര മനസ്സിലെന്നും മായാത്ത ഓർമ്മകളായി നിറഞ്ഞുനിൽക്കുന്നു.
ഗുജറാത്തിലെ മനോഹരമായ ഹിൽ സ്‌റ്റേഷനാണ് സാപുതാര.. “പാമ്പുകളുടെ വാസസ്‌ഥലം” എന്നാണ് സാപുതാര കൊണ്ട് അർത്ഥമാക്കുന്നത്. പുലർകാലത്തെ തണുത്ത കാറ്റിനൊപ്പം സാപുതാരയിലേക്കുള്ള യാത്രയാരംഭിക്കുമ്പോൾ തന്നെ വഴിയോരങ്ങളിലെ പച്ചപ്പ് നിറഞ്ഞ കാടുകളും വളവുകളും മനസിൽ ഉല്ലാസം നിറയ്ക്കുകയായിരുന്നു. മരച്ചില്ലകളിലൂടെ പെയ്തിറങ്ങിയ മഴത്തുള്ളികളും ദൂരെ മേഘങ്ങൾക്കുള്ളിൽ മറഞ്ഞുനിൽക്കുന്ന മലനിരകളുടെ ഗാംഭീര്യം നിറഞ്ഞ കാഴ്ചകളും അതിമനോഹരമായിരുന്നു. ഓരോ വളവ് പിന്നിടുമ്പോഴും പ്രകൃതി പുതിയ ചിത്രങ്ങൾ വരച്ചുകാട്ടുന്നപോലെയായിരുന്നു ഓരോ കാഴ്ചകളും. ട്രെക്കിംഗിനും സാഹസികതയ്ക്കും വെള്ളച്ചാട്ടങ്ങൾക്കും പച്ചപ്പണിഞ്ഞ വിശാലമായ താഴ്വരകൾക്കും പേരു കേട്ട ഗുജറാത്തിലെ ഏക ഹിൽ സ്‌റ്റേഷനാണ് സാപുതാര.
ഗ്രാമീണ നാഗരിക ജീവിതോല്ലാസങ്ങൾ നിറഞ്ഞു നിൽക്കുന്ന സാപുതാരയിലെ സ്വച്ഛസുന്ദരമായ അന്ത രീക്ഷം ആരേയും മോഹിപ്പിക്കും. സാപുതാരയിലെത്തിയപ്പോൾ ആദ്യം മനസിനെ ആകർഷിച്ചത് അവിടുത്തെ ശാന്തതയായിരുന്നു. നഗര ജീവിതത്തിന്‍റെ തിരക്കും ബഹളങ്ങളുമൊക്കെ ഒഴിഞ്ഞ് പക്ഷികളുടെ സ്വരങ്ങളും കാറ്റിന്‍റെ സംഗീതവും മാത്രം നിറഞ്ഞു നിൽക്കുന്ന ഇടം. തടാകത്തിനരികിലെ ചെറുവഴികളിലൂടെ നടന്നപ്പോൾ തണുത്ത കാറ്റ് മുഖത്തെ തഴുകി കടന്നുപോയി. തടാകത്തിലൂടെയുള്ള ബോട്ടുയാത്ര പ്രകൃതിയോട് കൂടുതൽ അടുത്തുചേരുന്ന അനുഭവമായി. ശാന്തമായ ജലാശയത്തിൽ പ്രതിഫലിച്ച മലനിരകളും മഞ്ഞുമൂടിയ ആകാശവും ചേർന്ന മനോഹര കാഴ്ച ചിത്രകാരൻ ക്യാൻവാസിനെ ഓർമ്മിപ്പിക്കുന്നതായിരുന്നു.
കുടുംബത്തോടൊപ്പം ആസ്വദിക്കാം
അവധിക്കാലത്തിലെ ഏക ലക്ഷ്യം കഴിയുന്നത് ആസ്വദിക്കുക എന്നാണല്ലോ. വർഷത്തിലെ എല്ലാ തിരക്കുകൾക്കും അവധി പറഞ്ഞ് എല്ലാ ആശങ്കകളും ക്ഷീണവും കഴുകിക്കളയാൻ കഴിയുന്നത്ര മനോഹരമായ ഒരിടം തന്നെയാണിത്. സാപുതാരയിലെ മേഘങ്ങൾ എപ്പോഴാണ് മഴയായി പെയ്‌തിറങ്ങുന്നതെന്നറിയില്ല. ഇടയ്ക്കിടെ പെയ്യുന്ന ചാറ്റൽ മഴ താഴ്വരയൊക്കെ പച്ചപ്പിന്‍റെ സമൃദ്ധികൊണ്ട് നിറയ്ക്കുകയാണ്. എവിടെ നിന്ന് നോക്കിയാലും മലകളും താഴ്വരകളും വൃക്ഷങ്ങളും കാറ്റും ആകാശം നിറഞ്ഞുനിൽക്കുന്ന മേഘങ്ങളും മാത്രം.. ഒക്കെയും ചേർന്ന കാഴ്‌ചകൾ കൊടും ചൂടിൽ മനസ്സിനും ശരീരത്തിനും ഒരുപോലെ ആശ്വാസം പകരുകയാണ്.
സാഹികതയും വിനോദവും
ഇടതൂർന്ന വനങ്ങൾക്കിടയിൽ സ്‌ഥിതി ചെയ്യുന്ന ഈ ചെറിയ വിനോദസഞ്ചാര കേന്ദ്രത്തിൽ സാഹസികത ആഗ്രഹിക്കുന്നവർക്ക് സിപ്പ് റൈഡിംഗ്, പാരാഗ്ലൈഡിംഗ്, മൗണ്ടൻ ബൈക്കിംഗ്, പർവതാരോഹണം എന്നിവയ്ക്കുള്ള സൗകര്യങ്ങളുണ്ട്. മലകൾക്കിടയിൽ സിപ്പ് ട്രെക്കിംഗും ലഭ്യമാണ്. ഇടതൂർന്ന വനങ്ങളിലൂടെ ഗുജറാത്തിലെ ഈ ഗോത്ര മേഖലയിലേക്ക് സഞ്ചരിക്കുകയെന്നത് ആവേശകരമായ പ്രതീതിയാണുർത്തിയത്. മലഞ്ചെരിവുകളിലൂടെ കടന്നുപോകുമ്പോൾ അങ്ങിങ്ങായി കാണുന്ന ചെറിയ വെള്ളച്ചാട്ടങ്ങൾ നമ്മെ ആവേശഭരിതരാക്കും. തടാകങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ട്രെക്കിംഗ്, സാഹസികത എന്നിവയൊക്കെ ഒരുമിക്കുന്ന സാപുതാര യുവാക്കളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.
ഗോത്ര ജീവിതം
സാപുതാരയെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനും ഗോത്ര സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും ഗുജറാത്ത് ടൂറിസം അഭി നന്ദനീയമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ആദിവാസി ഭവനങ്ങൾ തിരഞ്ഞെടുത്ത് അവയെ വിനോദ സഞ്ചാര സൗഹൃദ കേന്ദ്രങ്ങളാക്കുകയും അവരുടെ വീടുകളിൽ ടോയ്‌ലറ്റുകൾ സ്‌ഥാപിച്ചു നൽകുകയും ചെയ്തിട്ടുണ്ട്. ഗോത്ര ജീവിതവും സംസ്കാരവും വിനോദസഞ്ചാരികളെ മനസ്സിലാക്കിക്കുന്നതിനായി ഗോത്രവർഗക്കാർക്ക് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്. അവിടുത്തെ ആദിവാസി സംസ്ക്കാരം അടുത്തറി യാൻ സാധിച്ചത് യാത്രയ്ക്ക് വേറിട്ടൊരു അനുഭവമായി. കൈത്തറി ഉൽപ്പന്നങ്ങളും നാട്ടുഭക്ഷണങ്ങളുടെ രുചിയും സാപുതാരയുടെ പ്രത്യേകതകളിലൊന്നാണ്. മഴയാസ്വദിച്ചുകൊണ്ട് കുടിച്ച ആവി പറക്കുന്ന ചൂടൻ മസാല ചായയുടേയും ചെറു പലഹാരങ്ങളുടേയും രുചി നാവിൽ ഇന്നും തങ്ങി നിൽക്കുന്നു. മഹാരാഷ്ട്ര-ഗുജറാത്ത് അതിർത്തിയിലാണ് സാപുതാര സ്ഥിതി ചെയ്യുന്നത്. നാസിക്കിൽ നിന്നും ഷിർദ്ദിയിൽ നിന്നും വെറും 70-75 കിലോമീറ്റർ അകലെയാണ് സാപുതാര, രജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കാൻ എത്തുന്നുണ്ട്. സമ്പൂർണ്ണ വെജിറ്റേറിയൻ പ്രദേശമാണിത്. നോൺ-വെജിറ്റേറിയൻ കട കണ്ടുപിടിക്കാൻ വളരെയധികം പ്രയാസപ്പെടേണ്ടി വരും. ഈയൊരു പ്രത്യേകതകൊണ്ട് വെജിറ്റേറിയൻ സിറ്റി എന്നും ഇത് അറിയപ്പെടുന്നുണ്ട്.
മറ്റ് ആകർഷണങ്ങൾ
പാമ്പുകളുടെ ഇടം എന്നാണല്ലോ സാപുതാര എന്ന പേർ സൂചിപ്പിക്കുന്നത്. ഒരുപക്ഷേ ഇടതൂർന്ന വനങ്ങൾ ഉള്ളതിനാലാവാം അങ്ങനെ അറിയപ്പെടുന്നതെന്ന് തോന്നുന്നു. അതെ, വിനോദസഞ്ചാരികൾക്കായി ഇവിടെയൊരു സർപ്പ ക്ഷേത്രം തന്നെയുണ്ട്. പ്രണയിക്കുന്നവർക്കായി റൊമാന്‍റിക് ഡേറ്റ് സ്പോട്ട് പോലെ തോന്നിക്കുന്ന ഒരു തടാകവുമുണ്ട്. മഴയാസ്വദിച്ചുകൊണ്ടുള്ള ബോട്ടിംഗ് പ്രണയാതുരമായ അന്തരീക്ഷമൊരുക്കുന്നു. നയാഗ്ര വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന ഗിര വെള്ളച്ചാട്ടം അൽപ്പം അകലെയാണ് സ്ഥിതി ചെയ്യുന്നത്. അവിടെ എത്തിച്ചേരണമെങ്കിൽ ഇടതൂർന്ന വനങ്ങളിലൂടെയുള്ള റോഡ് മാർഗ്ഗം കടന്നുപോകണം.
സൂര്യാസ്തമയം കാണാനായി പോയ വ്യൂ പോയിന്‍റ് യാത്രയിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നായിരുന്നു. പതിയെ ചുവപ്പണിഞ്ഞ് അസ്‌തമിക്കുന്ന സൂര്യനെ നോക്കി നിന്നപ്പോൾ സമയം പോലും നിശ്ചലമായതുപോലെ… താഴ്‌വരകളിലൂടെ ഒഴുകിയെത്തുന്ന തണുത്ത കാറ്റും ദൂരെയുള്ള മരങ്ങളുടെ നിഴലുകളും മനസ്സിൽ വശ്യമായ സമാധാനം നിറയ്ക്കുകയായിരുന്നു. സാപുതാരയോട് യാത്രപറഞ്ഞിറങ്ങുമ്പോൾ മനസ്സിൽ ചെറിയൊരു സങ്കടം നിറഞ്ഞു. മനോഹരമായ പ്രകൃതിയുടെ മടിത്തട്ടിൽ ചിലവഴിച്ച ദിവസങ്ങൾ ജീവിതത്തിൽ എക്കാലവും ഓർമ്മയായി നിറഞ്ഞു നിൽക്കും. ഇനിയും മടങ്ങി ചെല്ലാൻ തോന്നുന്നയിടം. സാപുതാര വെറുമൊരു വിനോദസഞ്ചാരകേന്ദ്രമല്ല, മനസ്സിനെ പ്രകൃതിയോട് വീണ്ടും ബന്ധിപ്പിക്കുന്നൊരു അനുഭവമാണത്.
എങ്ങനെ എത്തിച്ചേരാം
സൂററ്റ്, നാസിക്, ഷിർദ്ദി എന്നി വിടങ്ങളിൽ നിന്നും സാപുതാരയിൽ എത്തിച്ചേരാം. ഏറ്റവും അടുത്തുള്ള വിമാനത്താവളം സൂററ്റാണ്. ബാഗായിലേക്കും അവിടെ നിന്നും സാപുതാരയിലേക്കും നാരോ-ഗേജ് ട്രെയിൻ മാർഗ്ഗം യാത്ര ചെയ്യാം.





