ഇന്ത്യ പോലുള്ള രാജ്യത്ത് ഭക്ഷണം കേവലം പോഷകാഹാരത്തിന്‍റെ ഉറവിടം മാത്രമല്ല മറിച്ച് സംസ്കാരത്തിന്‍റെയും കുടംബാരോഗ്യത്തിന്‍റെയും പ്രതീകവും കൂടിയാണ്. എന്നിരുന്നാലും ഭക്ഷണത്തിൽ മായം ചേർക്കൽ എന്നത് ഗുരുതരവും ഭീതിദവുമായ പ്രശ്നമായി ഉയർന്നിരിക്കുകയാണ്.
ഭക്ഷ്യ സുരക്ഷാ പരിശോധനാ കേന്ദ്രം
ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ഭക്ഷണത്തിൽ മായം ചേർക്കലുമായി ബന്ധപ്പെട്ട കേസുകൾക്കിടയിൽ മായം കണ്ടെത്തുന്നതിനായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഇപ്പോൾ എല്ലാ വീടുകളേയും ഭക്ഷ്യ സുരക്ഷാ പരിശോധനാ കേന്ദ്രമാക്കി മാറ്റുകയാണ്. സ്മാർട്ട് ഉപകരണങ്ങളും പുതിയ സാങ്കേതികവിദ്യയും ഉപയോഗിച്ച് വീട്ടിൽ ഭക്ഷണം എങ്ങനെ സുരക്ഷിതമാക്കാമെന്ന് മനസ്സിലാക്കാം.
നമ്മുടെ ഭക്ഷണം ശരിക്കും സു രക്ഷിതമാണോ? ഉത്സവ വേളകളിൽ മായം ചേർത്ത പാൽ, മധുരപലഹാരങ്ങൾ സുഗന്ധവ്യഞ്ജനങ്ങൾ, എണ്ണ എന്നിവയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ഇടയ്ക്കിടെ ഉയർന്നുവരുന്നതു സാധാരണമായിരിക്കുകയാണ്. അതിനാൽ ഭക്ഷ്യ സുരക്ഷ സർക്കാർ പരിശോധനകളിൽ മാത്രമായി പരിമിതപ്പെടുത്താതെ എല്ലാ വീട്ടിലും അത് എത്തിച്ചേരേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ സാങ്കേതികവിദ്യയ്ക്ക് ഈ ദിശയിൽ കാര്യമായ മാറ്റം വരുത്താൻ കഴിയും.
മായം ചേർക്കൽ മറഞ്ഞിരിക്കുന്ന അപകടം
മായം ചേർത്ത ഭക്ഷണം കഴിക്കുന്നത് ചിലപ്പോൾ ഉടനടി രോഗമോ അസ്വസ്‌ഥതയോ ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്. പക്ഷേ അതിന്‍റെ ദീർഘകാല ഫലങ്ങൾ കൂടുതൽ അപകടകരമാണ്. പേപ്പർ പ്രോയുടെ സ്ഥാപകനായ ധ്രുവ് തോമർ പറയുന്നത്, പാലിൽ യൂറിയ, ഡിറ്റർജന്‍റ് അല്ലെങ്കിൽ സിന്തറ്റിക് ചേരുവകൾ ചേർക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുപോലെ സുഗന്ധവ്യഞ്ജനങ്ങളിൽ കൃത്രിമ നിറങ്ങൾ ചേർക്കുക, മധുരപലഹാരങ്ങളിൽ രാസവസ്തുക്കൾ, ഗുണനിലവാരമില്ലാത്ത എണ്ണ, കൃത്രിമ നിറങ്ങൾ എന്നിവ ചേർക്കുക ഇവയൊക്കെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തുന്നു. ഈ പ്രശ്നം വലിയ നഗരങ്ങളിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നില്ല. വ്യാപകമായി ഇത് എല്ലായിടത്തുമുണ്ട്. ചെറിയ നഗരങ്ങളിലെ പരിമിതമായ നിരീക്ഷണ സംവിധാനങ്ങളും അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
സാങ്കേതികവിദ്യയിലൂടെ പരിഹാരം
ഇക്കാര്യത്തിൽ ഓരോ ഉപഭോക്താവിനും സ്വന്തമായി എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഉത്തരം അതെ എന്നാണ്. ലബോറട്ടറികളിൽ നിന്ന് പുതിയ ഭക്ഷ്യ പരിശോധന സാങ്കേതികവിദ്യകൾ പൊതുജനങ്ങളുടെ കൈകളിലേക്ക് എത്താൻ തുടങ്ങിയിരിക്കുന്നുവെന്നതാണ് ആശ്വാസകരമായ കാര്യം. പാലിലും മറ്റ് ഭക്ഷ്യവസ്തുക്കളിലും ചേർത്തിരിക്കുന്ന മായം മിനിറ്റുകൾക്കുള്ളിൽ പ്രാഥമികമായി കണ്ടെത്താൻ കഴിയുന്ന റാപ്പിഡ് ടെസ്‌റ്റ് കിറ്റുകൾ ഇന്ന് ലഭ്യമാണ്. ഈ കിറ്റുകൾ അനായാസം ഉപയോഗിക്കാൻ കഴിയും. ഇതിന് പ്രത്യേക സാങ്കേതിക പരിജ്‌ഞാനം ആവശ്യമില്ല.
മൊബൈൽ ആപ്ലിക്കേഷനുകളും
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ഉപഭോക്താക്കൾക്ക് ഉൽപ്പന്ന ഗുണനിലവാരം, ഉറവിടം, സർട്ടിഫിക്കേഷൻ എന്നിവയെക്കുറുച്ചുള്ള വിവരങ്ങൾ നൽകുന്നു. ഒപ്പം ക്യൂആർ കോഡ് സ്കാൻ ചെയ്യാനും എളുപ്പമാണ്. ഭാവിയിൽ എഐ അധിഷ്ഠിത സാങ്കേതികവിദ്യയും സ്‌മാർട്ട് ഉപകരണങ്ങളും വീട്ടിൽ കൂടുതൽ കൃത്യമായ പരിശോധന പ്രാപ്‌തമാക്കും.
ഓരോ വീടിനും ഭക്ഷ്യ സുരക്ഷാ പരിശോധനാ കേന്ദ്രമാകാം
സാങ്കേതികവിദ്യ ശരിയായി സ്വീകരിച്ചാൽ ഓരോ വീടിനും ചെറിയ പരിശോധനാ യൂണിറ്റായി മാറാം. ഇതിനർത്ഥം സർക്കാർ ഏജൻസികളുടെ പങ്ക് അപ്രത്യക്ഷമാകുമെന്നല്ല, മറിച്ച് അത് മേൽനോട്ട സംവിധാനമായി പ്രവർത്തിക്കുമെന്നാണ്. ഉപഭോക്താക്കൾ ഇക്കാര്യത്തിൽ അവബോധം നേടുകയും പരിശോധിക്കാനുള്ള മാർഗങ്ങൾ അവർക്ക് ലഭ്യമാക്കുകയും ചെയ്യുമ്പോൾ മായം ചേർക്കുന്നവർക്ക് അതൊരു ഭീഷണിയായി മാറും.
ഉപഭോക്താക്കൾ എന്തു ചെയ്യണം?
- വിശ്വസനീയ ബ്രാൻഡുകളിൽ നിന്നോ വിൽപ്പനക്കാരിൽ നിന്നോ ഭക്ഷണം വാങ്ങുക.
- അമിതമായി വിലകുറഞ്ഞ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കുക.
- ഉൽപ്പന്ന ലേബലുകൾ, നിർമ്മാണ തീയതികൾ, സർട്ടിഫിക്കേഷനുകൾ എന്നിവ കൃത്യമായി പരിശോധിക്കുക.
- സാധ്യമെങ്കിൽ ദ്രുത പരിശോധന കിറ്റുകൾ ഉപയോഗിക്കുക.
- സംശയാസ്പദമായ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക.
കൂട്ടായ ഉത്തരവാദിത്തം
ഭക്ഷ്യ സുരക്ഷ എന്നത് സർക്കാരിന്‍റെയോ വ്യവസായത്തിന്‍റെയോ മാത്രം ഉത്തരവാദിത്തമല്ല. അത് ഉപഭോക്‌താക്കളുടേയും ഉൽപാദകരുടേയും നിയന്ത്രണ ഏജൻസികളുടേയും കൂട്ടുത്തരവാദിത്തവും കൂടിയാണ്. ഈ ത്രികോണ ഘടകങ്ങളെ ശക്തിപ്പെടുത്തുന്നതിന് സാങ്കേതിക വിദ്യയ്ക്ക് ഫലപ്രദമായ ഉപകരണമാകാൻ കഴിയും.
ഓരോ വീടും ജാഗ്രത പാലിച്ചാൽ മാത്രമേ സുരക്ഷിത ഭക്ഷണത്തിലേക്കുള്ള യഥാർത്ഥ മാറ്റം സാധ്യമാകൂ. എല്ലാത്തിനുമുപരി ആരോഗ്യകരമായ സമൂഹം സുരക്ഷിത ഭക്ഷണത്തിൽ നിന്നാണ് ആരംഭിക്കുന്നതെന്ന വസ്തുതയും മറക്കാതിരിക്കുക.





