ബേസിൽ ഫ്രൈഡ് റൈസ്

ചേരുവകൾ

ചോറ് (ബസുമതി)- 1 ബൗൾ

പച്ച-ചുവപ്പ് കാപ്സികം ചെറുതായി അരിഞ്ഞത് ആവശ്യാനുസരണം

കോൺ- 1 ടീസ്‌പൂൺ

വെളുത്തുള്ളി- 5 അല്ലി നന്നായി അരിഞ്ഞത്

ബ്രോക്കോലി- 3,4 കഷ്ണങ്ങൾ

ബേബി കോൺ- 3, 4 ടീസ്പൂൺ

കാരറ്റ്- 1 അരിഞ്ഞത്

റിഫൈൻഡ് ഓയിൽ- ആവശ്യാനുസരണം

മാഗി മസാല- 1 പാക്കറ്റ്

അലങ്കരിക്കാൻ അൽപം ബേസിൽ ഇലകൾ അല്ലെങ്കിൽ പുതിന ഇലകൾ

ഉപ്പ് രുചിക്കനുസരിച്ച്

തയ്യാറാക്കുന്ന വിധം

ബ്രോക്കോലി, ബേബി കോൺ, കാരറ്റ് എന്നിവ ചെറിയ കഷ്‌ണങ്ങളാക്കി മുറിച്ച് ബ്ലാഞ്ച് ചെയ്യുക. ഒരു പാനിൽ എണ്ണ ചൂടാക്കി പച്ച-ചുവപ്പ്കാപ്സികവും വെളുത്തുള്ളിയും വഴറ്റുക. ചോറ്, ബ്ലാഞ്ച് ചെയ്ത പച്ചക്കറികൾ, പച്ചമുളക് എന്നിവ ഒരുമിച്ച് ചേർത്ത് വേവിക്കുക. ശേഷം മാഗി മസാലയും ഉപ്പും ചേർത്ത് അൽപനേരം കൂടി വേവിക്കാം. ഒടുവിലായി ബേസിൽ ഇലകൾ കൊണ്ടലങ്കരിച്ച് ബേസിൽ ഫ്രഡ് റൈസ് വിളമ്പുക.

ഷാഹി കബാബ്

ചേരുവകൾ

ന്യൂട്രില പൊടി- അരക്കപ്പ്

കടല പരിപ്പ്- 3 ടേബിൾ സ്‌പൂൺ

വേവിച്ചുടച്ച ഉരുളക്കിഴങ്ങ്- കാൽക്കപ്പ്

ബ്രെഡ് സ്ലൈസ്- 1

പാൽ- 1 ടേബിൾ സ്‌പൂൺ

ചാട്ട് മസാല- അര ടീസ്പൂൺ

ഗരം മസാല- കാൽ ടീസ്‌പൂൺ

ഇഞ്ചി, വെളുത്തുള്ളി പേസ്‌റ്റ്- 1 ടീസ്പൂൺ

സുഗന്ധ വ്യഞ്ജനങ്ങൾ പൊടിച്ചത്- 1 ടീസ്‌പൂൺ

ജീരകം- 1 ടീസ്പൂൺ

കുരുമുളക്- 4 എണ്ണം

ഗ്രാമ്പു- 2 എണ്ണം

ഏലയ്ക്കാ- 1

കറുവപ്പട്ട- 1 ചെറിയ കഷ്ണം

വറുക്കാൻ ആവശ്യമായ എണ്ണ

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കടലപരിപ്പ് അരമണിക്കൂർ നേരം ചൂടുവെള്ളത്തിൽ കുതിർക്കുക. ന്യൂട്രില പൊടി രണ്ട് തവണ വെള്ളത്തിൽ നന്നായി കഴുകിയ ശേഷം 2 കപ്പ് ചൂടുവെള്ളത്തിൽ 1 ടീസ്‌പൂൺ പാൽ ചേർത്ത് അതിൽ ന്യൂട്രില അര മണിക്കൂർ കുതിർക്കുക. ശേഷം കടല പരിപ്പിൽ നിന്നും വെള്ളം ഊറ്റിക്കളയുക. പ്രഷർ കുക്കറിൽ കടലപരിപ്പും ന്യൂട്രിലയും ഇട്ട ശേഷം അരക്കപ്പ് വെള്ളവുമൊഴിക്കുക. ജീരകം, കുരുമുളക്, ഗ്രാമ്പൂ, ഏലയ്ക്ക, കറുവപ്പട്ട, ഉപ്പ് എന്നിവ ചേർത്ത് അടച്ച് ഒരു വിസിൽ വരുംവരെ വേവിച്ച് 3 മിനിറ്റ് കുറഞ്ഞ തീയിൽ വയ്ക്കുക. തുടർന്ന് തീ ഓഫ് ചെയ്യുക. പ്രഷർ പോയ ശേഷം കുക്കർ തുറക്കുക. വെള്ളമുണ്ടെങ്കിൽ അൽപനേരം കൂടി ഉയർന്ന ഫ്ളെയിമിൽ വറ്റിക്കുക. ചേരുവ തണുത്ത ശേഷം മിക്‌സറിലിട്ട് അടിച്ചെടുക്കുക. ബാക്കിയുള്ള ചേരുവകൾ ചേർത്ത് കുഴച്ച് ചെറിയ കബാബുകൾ തയ്യാറാക്കുക. നോൺസ്‌റ്റിക്ക് പാനിൽ എണ്ണ ചൂടാക്കി കബാബ് തിരിച്ചും മറിച്ചുമിട്ട് സ്വർണ്ണനിറമാകുന്നതുവരെ വറുത്തെടുക്കുക. ചട്‌ണി അല്ലെങ്കിൽ സോസ് ഉപയോഗിച്ച് ഈ പോഷകസമൃദ്ധമായ കബാബുകൾ കഴിക്കാൻ രുചികരമാണ്.

റൊട്ടി റോൾ

ചേരുവകൾ

നേർത്ത റൊട്ടികൾ (ചപ്പാത്തി)- 4,5 എണ്ണം

സോയാ തരിതരിയായി പൊടിച്ചത്- കാൽ കപ്പ്

വേവിച്ച ഗ്രീൻ പീസ്- 1 ടേബിൾ സ്‌പൂൺ

തക്കാളി പ്യൂരി- 1 ടേബിൾ സ്‌പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ‌്- 1 ടീസ്‌പൂൺ

പച്ചമുളക് പേസ്‌റ്റ്- അര ടീ‌സ്പൂൺ

മുളക് പൊടി- അര ടീസ്‌പൂൺ

മാഗി മസാല മാജിക്- 1 ടീസ്‌പൂൺ

ചില്ലി പനീർ മസാല- 1 ടീസ്‌പൂൺ

ബ്രെഡ്ക്രംസ്- ഒരു ബൗൾ

മുട്ട അല്ലെങ്കിൽ അരിമാവ് ആവശ്യത്തിന്

വറുക്കാൻ ആവശ്യമായ എണ്ണ

ഉപ്പ് രുചിക്കനുസരിച്ച്

തയ്യാറാക്കുന്ന വിധം

സോയാ തരി ചൂടുവെള്ളത്തിൽ അൽപനേരം കുതിർക്കുക. ശേഷം വെള്ളം നന്നായി ഊറ്റിക്കളയാം. പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്‌റ്റ് എന്നിവ വഴറ്റുക. തക്കാളി പ്യൂരി ചേർക്കുക. വെള്ളം വറ്റുന്നതുവരെ വഴറ്റുക. തുടർന്ന് എല്ലാ മസാലകളും ചേർത്ത് അൽപനേരം വഴറ്റാം. കുതിർത്ത സോയയും ഗ്രീൻപീസും ചേർത്ത് വെള്ളം തളിച്ച് മൂടിവെച്ച് 2 മിനിറ്റ് വേവിക്കുക. തുടർന്ന് തുറന്ന് വച്ച് സോയ ചേരുവ ഉയർന്ന തീയിൽ വറുക്കുക, വെള്ളം വറ്റുന്നതുവരെ ഇളക്കുക. റൊട്ടിയിൽ ചെറിയ അളവിൽ ഈ ഫില്ലിംഗ് നിറച്ച് ആവശ്യമുള്ള ആകൃതിയിൽ റോൾ ചെയ്യുക. അരി മാവിൽ മുക്കി ടോപ്പിൽ ബ്രെഡ്ക്രംസ് പുരട്ടി ചൂട് എണ്ണയിലിട്ട് വറുക്കുക. ഇത് സോസിനൊപ്പമോ ചട്‌ണിക്കൊപ്പമോ കഴിക്കാം.

തന്തൂരി കുൽച്ച

ചേരുവകൾ

മൈദ- 2 കപ്പ് തൈര്- 3 ടേബിൾ സ്‌പൂൺ

പഞ്ചസാര- 1 ടീസ്‌പൂൺ

ഉപ്പ്- ആവശ്യത്തിന്

ബേക്കിംഗ് പൗഡർ- അര ടീസ്‌പൂൺ

ബേക്കിംഗ് സോഡ- കാൽ ടീസ്‌പൂൺ

എണ്ണ-നെയ്യ്- 2 ടേബിൾ സ്‌പൂൺ

ഇളം ചൂടുവെള്ളം- കുഴയ്ക്കാൻ

മുകളിൽ പുരട്ടാൻ വെണ്ണ- 2 ടേബിൾ സ്‌പൂൺ

വെളുത്തുള്ളി ചെറുതായി അരിഞ്ഞത്- 1 ടേബിൾ സ്‌പൂൺ

മല്ലിയില അരിഞ്ഞത്- അൽപം

കസൂരി മേത്തി (ആവശ്യമെങ്കിൽ) അൽപം

തയ്യാറാക്കുന്ന വിധം

വലിയ ബൗളിൽ മൈദ, ഉപ്പ്, പഞ്ചസാര, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ എന്നിവ ചേർത്ത് മിക്‌സ് ചെയ്യുക. ഇതിലേക്ക് തൈരും എണ്ണയും ചേർക്കുക. ഇളം ചൂടുവെള്ളം അൽപാൽ പമായി ഒഴിച്ച് മാവ് നന്നായി കുഴയ്ക്കുക. മാവിന്‍റെ മുകളിൽ അൽപം എണ്ണ പുരട്ടി 2 മണിക്കൂർ നേരം മൂടിവയ്ക്കുക. മാവ് പൊങ്ങിവന്നാൽ ചെറിയ നാരങ്ങ വലിപ്പത്തിൽ ഉരുളകളാക്കുക. ചപ്പാത്തിപോലെ അൽപം കട്ടിയോടെ ഓവൽ ഷേപ്പിൽ പരത്തുക. മുകളിൽ കൈകൊണ്ട് അൽപം വെള്ളം പുരട്ടുക. തവ ചൂടാക്കിയശേഷം വെള്ളം പുരട്ടിയ ഭാഗം തവയിൽ ഒട്ടിച്ച് വയ്ക്കുക. കുറച്ച് സമയം കഴിയുന്നതോടെ കുൽച്ച പൊങ്ങിത്തുടങ്ങും. ഇനി തവ തലകീഴായി ഗ്യാസ് തീയ്ക്ക് മുകളിൽ പിടിച്ച് തന്തൂരി സ്റ്റൈലിൽ ചുട്ടെടുക്കാം. മുകളിൽ വെണ്ണ പുരട്ടി വെളുത്തുള്ളി അരിഞ്ഞതും മല്ലിയിലയും വിതറുക.

കുറിപ്പ്: ആവശ്യമെങ്കിൽ ഉരുളക്കിഴങ്ങ് മസാലയോ പനീറോ ഉള്ളി മസാലയോ സ്‌റ്റഫ് ചെയ്ത‌്‌ കുൽച്ച തയ്യാറാക്കാം.

മില്ലറ്റ് മേഥി പൊറോട്ട

ചേരുവകൾ

മില്ലറ്റ് ആട്ട (ചാമ, ബജ്റ, റാഗി ഇവയിൽ ഏതെങ്കിലും)- 2 കപ്പ്

ഉലുവയില അരിഞ്ഞത്- അരക്കപ്പ്

ഇഞ്ചി ചെറുത് അരിഞ്ഞത്

പച്ചമുളക് അരിഞ്ഞത്

തൈര്- കാൽ കപ്പ്

എണ്ണ- 2 ടീസ്പൂൺ

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ മില്ലറ്റ് പൊടിയിട്ട ശേഷം അതിലേക്ക് അരിഞ്ഞ ഉലുവയില, സവാള, പച്ചമുളക്, ഇഞ്ചി, മുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകം, ഉപ്പ് എന്നിവ ചേർക്കുക. തുടർന്ന് തൈരും ഒരു ടേബിൾ സ്‌പൂൺ എണ്ണയും ചേർത്ത് കൈകൊണ്ട് ഇളക്കി ചേർക്കുക. ശേഷം അൽപാൽപമായി വെള്ളമൊ ഴിച്ച് ചപ്പാത്തിമാവിനേക്കാൾ അൽപം മൃദുവായി മാവ് കുഴച്ചെടുക്കുക. 15 മിനിറ്റ് നേരം മാവ് മൂടി വെയ്ക്കുക. മാവ് ചെറിയ ഉരുളകളാക്കി അൽപം പൊടി വിതറി ചപ്പാത്തിപോലെ വട്ടത്തിൽ പരത്തുക. ആവശ്യമെങ്കിൽ മുകളിൽ അൽപം എണ്ണ പുരട്ടി മടക്കി വീണ്ടും പൊറോട്ട ലെയറായി പരത്താം.

തവ ചൂടാക്കി പരത്തിയ പൊറോട്ട ഇട്ട് ഇരുവശവും എണ്ണയോ നെയ്യോ പുരട്ടി ഗോൾഡൻ നിറമാകുന്നത് വരെ ചുട്ടെടുക്കുക. തൈര്, പനീർ കറി, ഉരുളക്കിഴങ്ങ് കറി എന്നിവയ്‌ക്കൊപ്പം മില്ലറ്റ് മേഥി പൊറോട്ട കഴിക്കാം.

ഗ്രീൻ ഫ്രൈഡ് റൈസ്

ചേരുവകൾ

ബസ്മതി അരി/ ജീരകശാല അരി- 2 കപ്പ് വേവിച്ചത്

ബ്രൊക്കോലി- 6 കഷ്‌ണങ്ങൾ ബ്ലാഞ്ച് ചെയ്‌തത്

മല്ലിയില- അര കപ്പ്

പുതിനയില- അര കപ്പ്

പച്ചമുളക്- 2 മുതൽ 3 വരെ

ഇഞ്ചി- 1 ചെറിയ കഷ്ണം

വെളുത്തുള്ളി- 4 അല്ലി അരിഞ്ഞത്

സവാള- 1 എണ്ണം നീളത്തിൽ അരിഞ്ഞത്

ക്യാപ്സിക്കം- 1 എണ്ണം കഷ്‌ണങ്ങളാക്കിയത്

ബീൻസ് കഷ‌ണങ്ങൾ- കാൽ കപ്പ്

ഗ്രീൻ പീസ്- കാൽ കപ്പ്

കുരുമുളകുപൊടി- അര ടീസ്‌പൂൺ

ഗരംമസാല- കാൽ ടീസ്‌പൂൺ

ഉപ്പ് ആവശ്യത്തിന്

നാരങ്ങാനീര്- 1 ടീസ്‌പൂൺ

എണ്ണ, ബട്ടർ- 2 ടേബിൾ ‌സ്പൂൺ

ഗ്രീൻ മസാല പേസ്‌റ്റ്

മല്ലിയില, പുതിനയില, പച്ചമുളക്, ഇഞ്ചി, വെളു ത്തുള്ളി എന്നിവ കുറച്ച് വെള്ളം ചേർത്ത് മിക്‌സിയിൽ അരച്ചെടുക്കുക. ഇതാണ് ഈ ഫ്രൈഡ് റൈസിൻറ സ്പെഷ്യൽ ഗ്രീൻ മസാല.

തയ്യാറാക്കുന്ന വിധം

വേവിച്ച അരി ഒട്ടിപ്പിടിക്കാതെ തണുപ്പിച്ച് വെയ്ക്കുക. പാനിൽ എണ്ണ-ബട്ടർ ചൂടാക്കി സവാളയിട്ട് വഴറ്റുക. ശേഷം ക്യാപ്സിക്കം, ബീൻസ്, ഗ്രീൻ പീസ് എന്നിവയിട്ട് വഴറ്റുക. ഇനി അരച്ച ഗ്രീൻ പേസ്‌റ്റ് ചേർത്ത് പച്ച മണം മാറുന്നതുവരെ 2,3 മിനിറ്റ് നേരം വഴറ്റുക. ഇതിലേക്ക് ഉപ്പ്, കുരുമുളക് പൊടി, ഗരംമസാല ചേർക്കുക. തുടർന്ന് വേവിച്ച ചോറ് ചേർത്ത് നന്നായി ടോസ് ചെയ്യുക. ചോറ് പൊടിയാതെ പതുക്കെ ഇളക്കണം. അവസാനം നാരങ്ങാനീര് ചേർത്ത് മിക്സ് ചെയ്യുക. ഗ്രീൻ ഫ്രൈഡ് റൈസ് റെഡി. ചിക്കൻ 65, റൈത്ത, പനീർ ചില്ലി എന്നിവയ്‌ക്കൊപ്പം കഴിക്കാൻ രുചികരമാണ്.

और कहानियां पढ़ने के लिए क्लिक करें...