മുറുക്ക്

ചേരുവകൾ

അരിപ്പൊടി- 2 കപ്പ്

ഉഴുന്നുപൊടി- അര കപ്പ്

ജീരകം അല്ലെങ്കിൽ എള്ള്- 1 ടീസ്‌പൂൺ

വെണ്ണ- 1 ടീസ്‌പൂൺ

കായം- ഒരു നുള്ള്

ഉപ്പ്- ആവശ്യത്തിന്

വെള്ളം- ആവശ്യത്തിന്

എണ്ണ- വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അരിപ്പൊടിയും ഉഴുന്ന് പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിലേക്ക് ജീരകം അല്ലെങ്കിൽ എള്ള്, കായം, ഉപ്പ്, വെണ്ണ എന്നിവ കൂടി ചേർക്കുക. കുറെശ്ശേ വെള്ളമൊഴിച്ച് ചപ്പാത്തി മാവുപോലെ നല്ല സോഫ്റ്റ് ആയി കുഴച്ചെടുക്കുക. മുറുക്കിന്‍റെ അച്ചിൽ മാവ് നിറച്ച് ചൂടായ എണ്ണയിലേക്ക് സ്പൈറൽ രൂപത്തിലോ വട്ടത്തിലോ മുറുക്ക് തയ്യാറാക്കി ഇടുക. മുറുക്ക് മിതമായ തീയിൽ ഗോൾഡൻ നിറമാകുന്നത് വരെ വറുക്കുക. ക്രിസ്‌പിയും രുചികരവുമായ മുറുക്ക് തയ്യാർ.

ചീട (കളിയടക്ക)

ചേരുവകൾ

ഇടിയപ്പം പൊടി അല്ലെങ്കിൽ വറുത്ത അരിപ്പൊടി- 2 കപ്പ്

തേങ്ങ- ഒരു കപ്പ്

വറുത്ത ഉഴുന്ന് പൊടി- ഒന്നര ടേബിൾ സ്‌പൂൺ

കുരുമുളക്- അര ടീസ്‌പൂൺ

ജീരകം- അര ടീസ്പൂൺ

കായം- 1 ടീസ്പൂൺ

വെണ്ണ- 1 ടീസ്പൂൺ

എള്ള്- 1 ടീസ്‌പൂൺ

ഉപ്പ്- ആവശ്യത്തിന്

വറുക്കാൻ ആവശ്യമായ എണ്ണ

തയ്യാറാക്കുന്ന വിധം

അരിപ്പൊടിയും ഉഴുന്ന് പൊടിയും ചേർത്ത് നന്നായി മിക്സ‌് ചെയ്യുക. തുടർന്ന് തേങ്ങ ചിരകിയത് കുരുമുളകും ജീരകവും ഉപ്പും കായവും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഈ അരപ്പ് നേരത്തെ തയ്യാറാക്കി വച്ച അരിപ്പൊടിയിൽ ചേർത്ത് വെള്ളം കുറെശ്ശേ ഒഴിച്ച് കുഴയ്ക്കുക. ഒപ്പം എള്ളും ചേർക്കുക. മാവ് രുചിച്ചു നോക്കി ആവശ്യമെങ്കിൽ ഉപ്പ് ചേർത്ത് നന്നായി മിക്സ‌് ചെയ്യുക. ഉരുളകളാക്കാൻ കഴിയുന്ന വിധത്തിൽ വെണ്ണ കൂടി ചേർത്ത് മാവ് മൃദുവായി കുഴച്ചെടുക്കുക. തുടർന്ന് കയ്യിൽ എണ്ണ പുരട്ടി മാവ് ചെറിയ ഉരുളകളാക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഈ ഉരുളകൾ സ്വർണ്ണ നിറമാകുന്നത് വരെ വറുക്കുക. വറുത്ത ചീട ടിഷ്യൂ പേപ്പറിൽ നിരത്തി വച്ച് അധിക എണ്ണ നീക്കം ചെയ്യാം. ക്രിസ്പിയും രുചികരവുമായ ചീട തയ്യാർ. ചായക്കൊപ്പം കഴിക്കാൻ മികച്ച സ്നാക്കാണിത്.

കാരസേവ

ചേരുവകൾ

കടലമാവ്- 2 കപ്പ്

അരിപ്പൊടി- അര കപ്പ്

കായം- അര ടീസ്‌പൂൺ

മുളകുപൊടി- കാൽ ടീസ്‌പൂൺ അല്ലെങ്കിൽ ഒരു ടീ‌സ്പൂൺ

കുരുമുളക് ചതച്ചത്- അര ടീസ്‌പൂൺ

ജീരകം തരിയായി പൊടിച്ചത്- അര ടീസ്‌പൂൺ

അയമോദകം- രണ്ട് മൂന്ന് നുള്ള്

ഉപ്പ്- ആവശ്യത്തിന്

നെയ്യ്- 2 ടീസ്പൂൺ

ഇളം ചൂട് വെള്ളം- 1 കപ്പ്

കറിവേപ്പില- ഒന്ന് രണ്ട് തണ്ട്

തയ്യാറാക്കുന്ന വിധം

പരന്ന പാത്രത്തിൽ കടലമാവ്, അരിപ്പൊടി, മുളകുപൊടി, കുരുമുളക്, ജീരകം, കായം, അയമോദകം, ചൂടാക്കിയ നെയ്യ്, ആവശ്യത്തിന് ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. തുടർന്ന് ഇളം ചൂട് വെള്ളം കുറേശ്ശേ ഒഴിച്ച് മാവ് നേരിയ അയവോടെ കുഴച്ചെടുക്കുക. ഉപ്പും എരിവും പരിശോധിച്ച് നോക്കിയിട്ട് ആവശ്യമുണ്ടെങ്കിൽ മാവിൽ ചേർക്കാം. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കറിവേപ്പില മൊരിച്ചെടുത്ത് മാറ്റി വയ്ക്കുക. ഇനി കാരസേവ അച്ചിൽ മാവ് നിറച്ച് ചൂടായ എണ്ണയിലേക്ക് നേരിട്ട് പ്രസ്സ് ചെയ്‌ത്‌ കാരസേവ ശ്രദ്ധയോടെ ഇടുക. തീ കുറച്ച് വച്ച് സ്വർണ്ണനിറമാകുന്നത് വരെ വറുക്കുക. കാരസേവയിൽ കറിവേപ്പില വറുത്തത് കൈ കൊണ്ട് പൊടിച്ച് ചേർക്കാം. കുരുമുളക് ടേസ്റ്റുള്ള ക്രിസ്പി കാരസേവ തയ്യാർ. ചായയോടൊപ്പം കഴിക്കാൻ വളരെ രുചികരമാണ്.

और कहानियां पढ़ने के लिए क्लिक करें...