രാമൻ നായരുടെ ശവസംസ്കാരം നടക്കാൻ പോകുകയാണ്. ചിത കത്തിക്കുന്നതിന് മുമ്പ് കർമ്മാചാര്യൻ മൂന്നു പ്രാവശ്യം വിളിച്ചു ചോദിച്ചു.
“ഇനി ആരെങ്കിലും പരേതന്‍റെ മുഖം കാണാനുണ്ടോ?”
മൂന്നാമത്തെ വിളിച്ച് ചൊല്ലലിന് മുമ്പ് ആചാര്യൻ പറഞ്ഞു. “പരേതന്‍റെ മുഖം മൂടികെട്ടാൻ പോകുകയാണ് ആർക്കും കാണേണ്ട ഈ സമയം വീട്ടിനുള്ളിൽ നിന്നും പൊട്ടിക്കരച്ചിൽ ഉയർന്നു.
പെട്ടെന്ന് ഗേറ്റ് തള്ളി തുറന്ന് ഒരു സ്ത്രീ ഓടി വന്നു. “മുഖം മൂടല്ലേ… എനിക്കൊന്നു കാണണം…”
എല്ലാവരും ചോദ്യഭാവത്തിൽ അവരെ നോക്കി. പ്രായം ചെന്നവർ പതുക്കെ അടുത്ത് നിൽക്കുന്നവരോട് പറഞ്ഞു. “രാമൻ നായരുടെ ആദ്യ ഭാര്യയാ ലീലാവതി.”
അച്‌ഛന്‍റെ മരണം സഹിക്കാനാകാതെ നിന്ന ദേവനും മനുവും ദേഷ്യത്തോടെ ലീലാവതിയെ തടഞ്ഞു.
“വേണ്ട നിങ്ങൾ ഞങ്ങളുടെ അച്‌ഛൻ മുഖം കാണേണ്ട. മുഖം മൂടണം ആചാര്യാ..”
“പക്ഷേ അത് ആചാരലംഘനമാണ് അവരൊന്ന് കണ്ട് പൊയ്ക്കോട്ടെ.”
“മരിച്ചാലും ഞങ്ങളുടെ അച്ഛന്‍റെ സ്വസ്‌ഥത കെടുത്താൻ വന്നിരിക്കുകയാണ് നിങ്ങൾ അല്ലെ.” മനുവിന്‍റെ ചോദ്യം ലീലാവതിയുടെ മനസ്സിലേയ്ക്ക് കൂരമ്പുകളായി തറച്ചു കയറി. കരഞ്ഞു കൊണ്ട് ലീലാവതി “മക്കളെ ഈ അമ്മയോട് ക്ഷമിക്കൂ. എനിക്ക് വരാതിരിക്കാൻ കഴിഞ്ഞില്ല.” ഇത് കേട്ട് ദേവൻ കയർത്തു.
“മക്കളോ? ആരുടെ മക്കൾ? ജന്മം നൽകി എന്ന് വച്ച് ആരും അമ്മ ആകുന്നില്ല, താലി കെട്ടി എന്ന് കരുതി ഭാര്യയും ആകുന്നില്ല.”
ഇത്രയും ആയപ്പോൾ ആചാര്യൻ തടഞ്ഞു.
“ഇത് പട്ടടയാ, പരേതൻ ആത്മശാന്തിക്കായി പ്രാർത്ഥനയോടെ എല്ലാവരും നിശബ്ദരാകൂ. ദേവാ, ചിത കത്തിക്കൂ.”
“ഇവർ ഇവിടുന്ന് പോകാതെ ഞാൻ ചിത കത്തിക്കില്ല.” മനുവും ചേട്ടനെ പിന്താങ്ങി.
“ദയവായി നിങ്ങൾ കർമ്മവിഘ്നം ഉണ്ടാക്കല്ലെ.”
അർദ്ധമനസ്സോടെ ഗേറ്റ് കടക്കുന്നതുവരെ നാത്തൂൻ തന്‍റെ അടുക്കലേയ്ക്ക് വരുമെന്ന് ലീലാവതി വിചാരിച്ചു. പക്ഷേ എല്ലാവരും തന്നെ മറന്ന് കഴിഞ്ഞിരിക്കുന്നു. ഒരു കാരണവർ മുന്നോട്ട് വന്ന് പറഞ്ഞ് ചെയ്യുന്ന കർമ്മത്തിന് ഫലം വേണം. ലീലാവതി മനസ്സിൽ പറഞ്ഞു.
“താൻ തന്നെയാണ് ഈ അവസ്‌ഥയ്ക്ക് കാരണക്കാരി”
കാർ സ്റ്റാർട്ട് ചെയ്തു കൊണ്ട് ഡ്രൈവർ ചോദിച്ചു. “ഈ ആട്ടും തുപ്പും കേൾക്കാനാണോ മാഡം രണ്ട് മണിക്ക് വണ്ടിയും പിടിച്ച് വന്നത്, അല്ലേലും പുകഞ്ഞ കൊള്ളി പുറത്തല്ലേ?”
ഇത്രയും ആയപ്പോൾ ലീലാവതിയുടെ സർവ്വ നിയന്ത്രണങ്ങളും വിട്ടു. അവർ പൊട്ടിക്കരഞ്ഞു. രാമേട്ടന്‍റെ അമ്മയ്ക്ക് സുഖമില്ലാതെ ആയപ്പോൾ എന്‍റെ അഞ്ച് പവന്‍റെ മാല പണയപ്പെടുത്തിയതുമുതലാണ് ഞങ്ങൾ തമ്മിൽ കലഹം തുടങ്ങിയത്. ഈ അവസരം മുതലെടുത്ത് ഊതി പെരുപ്പിച്ച് വിവാഹമോചനംവരെ എത്തിച്ചത് ആങ്ങള മധുവും അമ്മാവൻ മണിയുമാണ്.
അമ്മ നേരത്തെ മരിച്ചു. അച്ഛൻ കരൾ രോഗം ബാധിച്ച് അവശതയിലും. മധുവിന് അച്ഛനെ എന്നെ ഏൽപ്പിച്ച് വിദേശത്ത് പോകണം, ഇത് മനസ്സിലാക്കി അച്ഛൻ പറഞ്ഞു നീ രാമൻ നായരുമായി വിവാഹമോചനത്തിനായി മധുവിന്‍റെ വാക്ക് കേട്ട് ഒരുങ്ങരുത്. രാമൻ നായർ നല്ലവനാണ്. നീ രണ്ട് കുട്ടികളുടെ അമ്മയാണ്. ഞാൻ ഇനി അധികകാലം ജീവിച്ചിരിക്കില്ല. മധു അവന്‍റെ കാര്യം നോക്കും നീ ഒറ്റപ്പെടും.”
കോടതി വളപ്പിൽ കുട്ടികളുമായി രാമേട്ടൻ നിൽപ്പുണ്ടായിരുന്നു. എന്നെ കണ്ടതും നാലുവയസ്സുള്ള മനു അമ്മേ എന്ന് വിളിച്ച് എന്‍റെ അടുത്തേയ്ക്ക് വരാൻ നോക്കി. രാമേട്ടൻ അവനെ തടഞ്ഞു. എട്ട് വയസ്സുള്ള ദേവനാണെങ്കിൽ നിറകണ്ണുകളോടെ കോടതി വരാന്തയിൽ നിന്നതേയുള്ളു.
കോടതിക്കുള്ളിലേയ്ക്ക് കടക്കുന്നതിന് മുമ്പ് ഫോൺ റിങ് ചെയ്യാൻ തുടങ്ങി.
“രാമേട്ടനാണ്, ഞാൻ മധുവിനോട് കാൾ എടുക്കട്ടെയെന്ന് ചോദിച്ചു. അവന്‍റെ കുമ്പസാരം ഞാനും കൂടി കേൾ ക്കട്ടെയെന്ന് പറഞ്ഞിട്ട് എന്നോട് ഫോൺ ലൗഡ് സ്‌പീക്കറിൽ ഇടാൻ പറഞ്ഞതനുസരിച്ച് ഞാൻ മനസ്സില്ലാമനസ്സോടെ ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു.
“ലീലേ എനിക്ക് നിന്‍റെ സ്വർണ്ണമോ സ്വത്തോ ഒന്നും വേണ്ട. കണ്ടില്ലേ നമ്മുടെ മക്കളുടെ സങ്കടം മറ്റുള്ളവരുടെ ചരടുവലിയിൽ തകരുന്നത് നമ്മുടെ കുട്ടികളാണ്.” എനിക്ക് സങ്കടം അടക്കാൻ കഴിഞ്ഞില്ല, ഞാൻ പൊട്ടിക്കരഞ്ഞു. ഇതുകണ്ട് മധു ഫോൺ തട്ടിപ്പറിച്ചെടുത്തിട്ട് എടോ രാമൻ നായരെ തന്‍റെ കുമ്പസാരം മതിയാക്ക്. എന്‍റെ പെങ്ങൾക്ക് നിന്നോടൊപ്പം ഒരു ജീവിതം ഇല്ലെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. എന്നിട്ട് കുട്ടികളുടെ സംരക്ഷണം ചേച്ചി ഏറ്റെടുക്കരുത് രാമൻ നായർക്ക് നല്ല ജോലി ഉണ്ടല്ലോ, അയാൾ അവരെ പോറ്റിക്കൊള്ളും. ചേച്ചിക്ക് വരുമാനം ഒന്നും ഇല്ലാത്തതുകൊണ്ട് ജീവനാശം വേണമെന്ന് പറയണം, പണയപ്പെടുത്തിയ അഞ്ച് പവൻ മാലയും വേണമെന്ന് പറയണം എന്നെല്ലാം ഉപദേശിച്ചു.
കോടതിയിൽ അപ്രകാരം അറിയിച്ചപ്പോൾ എല്ലാം രാമേട്ടൻ സമ്മതിച്ചു. കോടതിയിൽ നിന്നും പുറത്ത് വന്നപ്പോൾ മക്കളെ ഒരു നോക്ക് കാണാൻ ആശിച്ചുവെങ്കിലും മധു ഒന്നിനും സമ്മതിച്ചില്ല. വിവാഹ മോചനം നടന്നെന്ന് അറിഞ്ഞപ്പോൾ അച്‌ഛൻ അതീവ ദുഃഖിതനായിതീർന്നു. പിന്നീട് ഒരു മാസത്തിനുള്ളിൽ മരിച്ചു. മധുവിനെ വിദേശത്ത് കൊണ്ട് പോകാമെന്ന് പറഞ്ഞ് പണം വാങ്ങിയ ആൾ വിസ തട്ടിപ്പിൽ ജയിലിലായി. ബാങ്കിൽ നിന്നെടുത്ത ലോൺ അടയ്ക്കാൻ കഴിയാതെ വന്നപ്പോൾ ജപ്തിക്കുള്ള നടപടിയായി മധുവിന്‍റെ വീടും സ്‌ഥലവും വിൽക്കേണ്ടി വന്നു.
പതുക്കെ മധു മദ്യപാനം തുടങ്ങി. നിത്യവൃത്തിക്ക് വകയില്ലാതെ വന്നപ്പോൾ ഞാൻ സമുദായ നേതാക്കളെ കണ്ട് ഞങ്ങളുടെ ദുരവസ്‌ഥ പറഞ്ഞു. അവർ എനിക്ക് ഒരു ചിട്ടി കമ്പനിയിലും മധുവിന് ഒരു ഫാക്‌ടറിയിലും ജോലി തരപ്പെടുത്തി. ഒരു ദിവസം മണിയങ്കിൾ എന്നോട് ചോദിച്ചു. ലീലേ മധുവിന് ഒരു കുടുബമൊക്കെ വേണ്ടേ? ഒരു നല്ല ആ ലോചന വന്നിട്ടുണ്ട്. ഞാൻ സമ്മതിച്ചുവെങ്കിലും സ്വന്തമായി വീടും വസ്തുവും നല്ല വരുമാനവും ഇല്ലെന്ന് പറഞ്ഞ് അവർ വിവാഹത്തിന് സമ്മതിച്ചിട്ടില്ല.
ഒരു ദിവസം മണിയങ്കിൾ ഓഫീസിൽ വന്ന് എന്നെ പുറത്തേക്ക് വിളിച്ചു. കൂടെ ഒരു അപരിചിതനും ഉണ്ടായിരുന്നു. ഇതാണ് ഞാൻ പറഞ്ഞ കുട്ടിയുടെ അച്ഛൻ. നിന്‍റെ പേരിലുള്ള വീടും വസ്തുവും മധുവിന്‍റെ പേരിൽ എഴുതി കൊടുത്താൽ ഇവർ വിവാഹത്തിന് സമ്മതമാണെന്ന് പറയുന്നു എന്ന് മണിയങ്കിൾ സൂചിപ്പിച്ചു. എന്തുപറയണമെന്ന് അറിയാതെ ഞാൻ നിൽക്കുമ്പോൾ അവൾക്കതിൽ എതിർപ്പൊന്നുമുണ്ടാവില്ല എന്ന് ഞാൻ അപ്പോഴേ പറഞ്ഞില്ലേ എന്ന് അങ്കിൾ അദ്ദേഹത്തോട് പറഞ്ഞിട്ട് അങ്കിൾ തന്നെ എന്നോടായി ഉണ്ടോ? എന്ന ഒരു ചോദ്യവും. എന്‍റെ മൗനം സമ്മതമായി എടുത്തിട്ട് അങ്കിൾ, പിന്നെ ലീലേ വൈകുന്നേരം ഞാൻ വരാം നീ ആധാരം എടുത്ത് വച്ചേക്കണം എന്ന് പറഞ്ഞു. അവർ പോയി കഴിഞ്ഞപ്പോൾ ഓഫീസിലെ മാഡം ചോദിച്ചു, ലീലേ നിന്‍റെ മുഖം മ്ലാനമായിരിക്കുന്നല്ലോ എന്ത് പറ്റി?
ഞാൻ എല്ലാം തുറന്ന് പറഞ്ഞപ്പോൾ മാഡം ഉപദേശിച്ചു. ലീലേ നീ ഒരിക്കലും സമ്മതിക്കരുത്. നീ പെരുവഴിയിലാകും. മധു ഒരു മധ്യദ്യപാനിയാണ് എല്ലാം നശിപ്പിക്കും.
പക്ഷെ മാഡം ഞാൻ എന്ത് ചെയ്യും എന്ന് ചോദിച്ച് എന്‍റെ നിസ്സാഹായാവസ്‌ഥ വെളിപ്പെടുത്തിയപ്പോൾ എല്ലാം ഞാൻ പറഞ്ഞു തരുന്നതുപോലെ ചെയ്താൽ മതിയെന്ന് പറഞ്ഞ് ചില നിർദ്ദേശങ്ങൾ എനിക്ക് തന്നു.
വൈകുന്നേരം മധുവും മണിയങ്കിളും ആധാരമെഴുത്തുകാരനുമായി വന്നു. ഞാൻ അലമാരിയൊക്കെ തപ്പുന്നതായി അഭിനയിച്ചിട്ട് പരിഭ്രമത്തോടെ അത് ഇവിടെ കാണുന്നില്ല എന്ന് പറഞ്ഞു. അവൻ ദേഷ്യത്തോടെ വന്ന് അലമാരിയിൽ നിന്നും എല്ലാം വാരിവലിച്ച് ഇട്ടു.
ചേച്ചി ഒന്നാലോചിക്ക്. പെട്ടെന്ന് ഞാൻ പറഞ്ഞു.
എടാ വിവാഹം കഴിഞ്ഞിവിടെ വന്ന ദിവസം അത് രാമേട്ടനെ ഏൽപ്പിച്ചായിരുന്നു. ഒമ്പത് വർഷം മുമ്പുള്ള കാര്യം അല്ലെ. ഞാൻ മറന്നുപോയി. വിവാഹമോചനത്തിന് മുമ്പായി നീയും എന്നെ ഓർമ്മിപ്പിച്ചില്ലല്ലോ?
ഇനി ഇവന്‍റെ വിവാഹം നടക്കില്ല. അമ്മാവൻ പറഞ്ഞു. അന്ന് മധു പതിവിൽ കൂടുതൽ മദ്യപിച്ചാണ് എത്തിയത്. ചെറുതായി എന്നെ ഉപദ്രവിക്കുകയും ചെയ്‌തു. ഞാൻ പ്രസിഡന്‍റിനെ കണ്ട് അച്‌ഛന്‍റെ പേരിലുള്ള അഞ്ച് സെന്‍റ് സ്‌ഥലത്ത് പഞ്ചായത്തിന്‍റെ ഭവന പദ്ധതിക്ക് അപേക്ഷിച്ചു. എന്‍റെ കുറച്ച് സ്വർണ്ണവും കൂടി വിറ്റ് അവനൊരു വീട് വച്ച് കൊടുത്തപ്പോൾ ബന്ധുക്കളും അയൽപക്കക്കാരും തന്നെ രഹസ്യമായും പരസ്യമായും കുറ്റപ്പെടുത്തി. ആ രാമൻ നായരുടേയും മക്കളുടേയും ശാപമാണ് ഈ വിഷമതകൾക്ക് ഹേതു എന്ന് അവർ പറഞ്ഞു.
അതിനൊന്നും ഞാൻ പ്രതികരിച്ചി ല്ല. വർഷങ്ങൾ കൊഴിഞ്ഞുകൊണ്ടേയിരുന്നു. ഒരു ദിവസം മാഡം പറഞ്ഞു രാമൻ നായർ ഭർത്താവ് മരിച്ച ഒരു പെൺകുട്ടിയുള്ള ശാരദ ടീച്ചറെ വിവാഹം കഴിച്ചുവെന്നും ആ സ്ത്രീ സ്വന്തം മക്കളെ പോലെയാണ് നിന്‍റെ മക്കളെ സ്നേഹിക്കുന്നതെന്നും.
മാഡം തുടർന്നു. എന്‍റെ സഹോദരന്‍റെ കൂട്ടുകാരൻ രാമൻ നായരുടെ ഓഫീസിലെ സ്റ്റാഫ് ആണ്. ദേവൻ ഇപ്പോൾ പാലക്കാട് എഞ്ചിനിയറിങ് കോളേജിലാണ് പഠിക്കുന്നത്. അവിടെയാണല്ലോ മണിയങ്കിളിന്‍റെ മൂത്തമകൾ രേണു ചേച്ചിയുടെ മകൻ വിനുവും. രേണു ചേച്ചിയോട് ദേവന്‍റെ ഫോൺ നമ്പർ വാങ്ങി തരാൻ പറഞ്ഞു. ആദ്യം സമ്മതിച്ചില്ല. പക്ഷേ വീണ്ടും വീണ്ടും ഞാൻ ചോദിച്ചപ്പോൾ വാങ്ങി തന്നു. ആദ്യം സമ്മതിച്ചില്ല. പക്ഷേ ഞാനാണ് വാങ്ങി തന്നത് എന്ന് പറയരുത് എന്ന് അഭ്യർത്ഥിച്ചിരുന്നതിനാൽ ഇല്ല ചേച്ചി ഞാൻ ആരോടും പറയില്ല എന്ന് ഉറപ്പും കൊടുത്തു.
വൈകുന്നേരം പലതവണ വിളിക്കാൻ ശ്രമിച്ചുവെങ്കിലും പക്ഷേ അവൻ എങ്ങനെ പ്രതികരിക്കുമെന്നറിയാത്തതുകൊണ്ട് വിളിച്ചില്ല. ഒടുവിൽ എന്തും വരട്ടെയെന്ന് വിചാരിച്ച് മോനെ ഞാൻ നിന്‍റെ അമ്മ ലീലാവതിയാ.
എന്‍റെ അമ്മയുടെ പേര് ശാരദ എന്നാണ്. നിങ്ങളെ എനിക്കറിയില്ല റോങ് നമ്പർ.
പിന്നൊരിക്കലും ഞാൻ അവനെ വിളിച്ചിട്ടില്ല. അരുന്ധതി മാഡം ഒരു അപകടത്തിൽ മരിച്ചതോടുകൂടി രാമേട്ടനെയും കുട്ടികളേയും കുറിച്ച് പിന്നീടൊന്നുമറിയാൻ കഴിഞ്ഞില്ല. എന്‍റെ കുട്ടികളേയും രാമേട്ടനേയും ഒരിക്കൽ കൂടി കാണാൻ കഴിയണമെയെന്ന് ഇഷ്ട ദൈവമായ ഗുരുവായൂരപ്പനോട് പ്രാർത്ഥിച്ചു. നാലമ്പലദർശനത്തിന് പോയപ്പോൾ ഗുരുവായൂരപ്പനെ തൊഴാൻ ക്യൂ നിന്നപ്പോൾ രേണുചേച്ചിയെ കണ്ടു. ചേച്ചി മേൽപത്തൂർ മണ്ഡപത്തിലേയ്ക്ക് ചൂണ്ടി പറഞ്ഞു. ഭഗവാൻ നിന്‍റെ പ്രാർത്ഥന കേട്ടു. രാമേട്ടനും മക്കളും അവരുടെ ഭാര്യമാരും അവിടെ നിൽക്കുന്നു. ലീല കൃഷ്ണനോട് കൈകുപ്പി പറഞ്ഞു. എന്‍റെ പ്രാർത്ഥന കേട്ടല്ലൊ ഇനി മരിച്ചാലും വേണ്ടില്ല.
ഇന്നലെ ഉച്ചയൂണ് കഴിഞ്ഞ് വിശ്രമിക്കാൻ തുടങ്ങുമ്പോൾ പപ്പേട്ടൻ വിളിച്ചു. അപ്പോഴാണ് പപ്പേട്ടൻ ഓപ്പറേഷൻ കഴിഞ്ഞ് വന്ന ശേഷം വിളിച്ചില്ലല്ലോ എന്ന് പെട്ടെന്ന് ഓർത്തത്. ഈയിടെയായി പലതും മറന്നുപോകുന്നു.
“പപ്പേട്ടന് സുഖമല്ലേ?”
അതൊന്നും കുഴപ്പമില്ല നീ പത്രം വായിച്ചോ ചരമ കോളത്തിൽ രാമൻ നായരുടെ മരണവാർത്ത ഉണ്ട്. നാളെ പന്ത്രണ്ട് മണിക്കാണ് ശവദാഹം. പാലക്കാട്ടുള്ള തറവാട്ടിൽ വച്ചാണ്. അല്ല നീ പോകുന്നില്ലെ?
ഞാൻ എന്തിന് പോകണം?
ലീലേ ഞാൻ പറയുന്നത് നീ പോകണമെന്നാണ്
പപ്പേട്ടനെന്താ ഭ്രാന്തുണ്ടോ? അവരെന്നെ ആട്ടിയിറക്കണം അല്ലേ?
എന്നാലും നീ പോകണം ഞാൻ ഇത് പറയാൻ കാരണമുണ്ട്. പ്രീ ഓപ്പറേറ്റീവ് വാർഡിൽ ഓപ്പറേഷൻ കാത്തു കിടക്കുമ്പോൾ എന്‍റെ തൊട്ടടുത്തുള്ള രോഗി വേദനിക്കുന്നത് കണ്ട് സുഹൃത്തെ നല്ല വേദന ഉണ്ടോ എന്ന് ഞാൻ ചോദിച്ചു. അപ്പോഴയാൾ തലയാട്ടി കൊണ്ട് എന്‍റെ മുഖത്തേയ്ക്ക് നോക്കി.
അയ്യോ ഇത് രാമൻ നായരല്ലേ…
അതെ നിങ്ങൾക്ക് എങ്ങനെ എന്നെ അറിയാം?
എടോ ഞാൻ ലീലാവതിയുടെ കരയോഗം സെക്രട്ടറി ആയിരുന്ന പത്മനാഭനാണ്.
ലീലാവതി എന്ന് കേട്ടപ്പോൾ അയാൾ വേദന മറന്ന് നിന്‍റെ കാര്യങ്ങളൊക്കെ ചോദിച്ചു. ഞാൻ എല്ലാം ചുരു ക്കി പറഞ്ഞു. അയാളുടെ കണ്ണുകൾ ഈറനണിയുന്നത് ഞാൻ കണ്ടു. മരിക്കുന്നതിന് മുമ്പ് അവളെ ഒന്നുകൂടി കാണാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ നടക്കുമെന്ന് തോന്നുന്നില്ല. ഓപ്പറേഷൻ കഴിഞ്ഞ് ഹോസ്‌പിറ്റലിൽ നിന്നും പോകും മുമ്പ് അവളെ ഇവിടെ വരുത്തി നിങ്ങളുടെ ആഗ്രഹം സാധിച്ചു തരാമെന്ന് ഞാൻ പറഞ്ഞിരുന്നു.
എന്‍റെ ഓപ്പറേഷൻ വിജയ സാദ്ധ്യത അഞ്ച് ശതമാനം മാത്രമാണ്. അവളോട് പറയണം എന്‍റെ ഉള്ളിന്‍റെ ഉള്ളിൽ അവളോടുള്ള സ്നേഹം എന്നും ഉണ്ടായിരുന്നുവെന്ന്. പിന്നെന്തോ കൂടി പറയാൻ തുടങ്ങവെ അപ്പോഴേക്കും അയാളുടെ സ്ട്രെച്ചർ, ഓപ്പറേഷൻ തീയേറ്ററിലേയ്ക്ക് നീങ്ങിക്കഴിഞ്ഞിരുന്നു.
രാമൻ നായർ പറഞ്ഞ കാര്യങ്ങൾ പപ്പേട്ടനിൽ നിന്നറിഞ്ഞതോടെയാണ് ലീലാവതി കാർ ഇടപാട് ചെയ്‌ത് വെളുപ്പിന് തന്നെ യാത്ര പുറപ്പെട്ടത്. എല്ലാവരാലും അപമാനിക്കപ്പെട്ടെങ്കിലും തന്‍റെ രാമേട്ടന്‍റെ ആത്മാവ് ഇപ്പോഴും തന്നോടൊപ്പം ഉണ്ടെന്ന് തന്നെ അവൾ ഉറച്ചു വിശ്വസിച്ചു. ആ വിശ്വാസം ശരിയാണെന്ന് തോന്നിക്കും വിധം മടക്കയാത്രയിൽ ഏതോ ഒരദൃശ്യ ശക്തിയുടെ തലോടലിൽ അറിയാതെ തന്നെ ഒരു സുഷുപ്തിയിലേക്ക് പതിയെ ലീലാവതി ആണ്ടുപോയിക്കൊണ്ടിരുന്നു.





