ബ്രോക്കോലി ചെഡ്ഡാർ കട്ലെറ്റ്
ചേരുവകൾ
എണ്ണ 20 മില്ലി
വെണ്ണ 30 ഗ്രാം
ബ്ലാഞ്ച് ചെയ്ത ബ്രോക്കോലി, വേവിച്ച ഉരുളക്കിഴങ്ങ്, ചെഡ്ഡാർ ചീസ് 40 ഗ്രാം
പച്ചമുളക് അരിഞ്ഞത് 8 ഗ്രാം
മുളകുപൊടി 2 ഗ്രാം
ഇഞ്ചി അരിഞ്ഞത് അൽപം
വെളുത്തുള്ളി അരിഞ്ഞത് 8 ഗ്രാം
ജീരകപ്പൊടി 1 ഗ്രാം
ഗരം മസാല 2 ഗ്രാം
തയ്യാറാക്കുന്ന വിധം
ഒരു സ്റ്റെയിൻലെസ്സ് സ്റ്റീൽ പാനിൽ എണ്ണയും വെണ്ണയും ഒഴിച്ച് മീഡിയം ഫ്ളെയിമിൽ വയ്ക്കുക. ശേഷം ജീരകം, വെളുത്തുള്ളി അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്, പച്ചമുളക്, മഞ്ഞൾപ്പൊടി എന്നിവ വഴറ്റുക. അതിന് ശേഷം വേവിച്ച് മഷ് ചെയ്ത ഉരുളക്കിഴങ്ങ്, അരിഞ്ഞ ബ്രോക്കോലി, ചെഡ്ഡാർ ചീസ് ചീകിയത് എന്നിവ ബൈൻഡിങ്ങിനായി ചേർക്കുക. ശേഷം ജീരകപ്പൊടി, മുളകുപൊടി, ഗരം മസാല എന്നിവ നന്നായി മിക്സ് ചെയ്യുക. തുടർന്ന് ചേരുവ ഉപയോഗിച്ച് വെജ് ടിക്കികൾ തയ്യാറാക്കുക. സൗകര്യമനുസരിച്ച് ഓരോ പ്ലേറ്റിലും 4 ടിക്കികൾ വീതം തയ്യാറാക്കാം. ഇത് ഓവനിൽ വച്ചോ തവയിൽ വച്ചോ മൊരിഞ്ഞു കിട്ടുന്നതുവരെ ബേക്ക് ചെയ്തെടുക്കാം. ഒരു പ്ലേറ്റിൽ വാഴയില വച്ചശേഷം ടിക്കി മനോഹരമായി വയ്ക്കുക. അതിനുമീതെ സവാള അരിഞ്ഞതും ചീകിയ ചെഡ്ഡാർ ചീസും ടൊമാറ്റോ സോസും ഒഴിച്ച് സെർവ്വ് ചെയ്യാം.
കാരറ്റ് ഹൽവ ക്രംബിൾ
കാരറ്റ് ഹൽവ ഒരു പരമ്പരാഗത ഇന്ത്യൻ മധുരപലഹാരമാണ്. എന്നാൽ വേറിട്ട രുചിയിൽ തയ്യാറാക്കുന്ന രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ടാർട്ട് ക്രസ്റ്റ്, ക്രീമി വാനില ഐസ് ക്രീം, ബദാം നുറുക്കുകൾ എന്നിവയ്ക്കൊപ്പം ഈ വിഭവം സെർവ്വ് ചെയ്യാം.
ചേരുവകൾ
കാരറ്റ് ചെറുതായി ഗ്രേറ്റ് ചെയ്തത് 2 കപ്പ്
പാൽ ഒരു കപ്പ്
പഞ്ചസാര അര കപ്പ്
നെയ്യ് കാൽ കപ്പ്
ഏലയ്ക്ക പൊടി 1 ടീസ്പൂൺ
കറുവപ്പട്ട അര ടീസ്പൂൺ
ജാതിയ്ക്ക് പൊടി കാൽ ടീസ്പൂൺ
ടാർട്ട് വീട്ടിൽ തയ്യാറാക്കിയതോ കടയിൽ നിന്ന് വാങ്ങിയതോ ഉപയോഗിക്കാം
ഗാർണിഷിംഗിന്
വാനില ഐസ്ക്രീം
ബദാം അരിഞ്ഞത്
പഞ്ചസാര, വെണ്ണ
തയ്യാറാക്കുന്ന വിധം
കാരറ്റ് നന്നായി വേവുംവരെ പാലിലിട്ടു പാകം ചെയ്യുക. ഇനി അതിൽ പഞ്ചസാര, നെയ്യ്, ഏലയ്ക്ക, കറുവപ്പട്ട, ജാതിക്ക എന്നിവ ചേർക്കുക. ചേരുവ കുറുകി വരും വരെ പാകം ചെയ്യാം. ഇത് ഒരോ ടാർട്ട് ക്രസ്റ്റിൽ നിറച്ച് മുകളിൽ ഐസ് ക്രീം, ബദാം അരിഞ്ഞത് ചേർക്കുക. ആവശ്യമെങ്കിൽ മുകളിൽ നട്സ്, ഏലയ്ക്കാപ്പൊടി, കുങ്കുമ നാരുകൾ എന്നിവ വിതറി സെർവ്വ് ചെയ്യാം.
ഘേവർ
ചേരുവകൾ
മൈദ 142 ഗ്രാം
വെള്ളം 285 മില്ലി
നെയ്യ് 30 മില്ലി
പഞ്ചസാര 145 ഗ്രാം
വെള്ളം 60 മില്ലി
കുങ്കുമ നാരുകൾ 2-3 എണ്ണം
ക്രീം 60 എംഎൽ
മിൽക്ക് മെയ്ഡ് 20 ഗ്രാം
കസ്റ്റാർഡ് ആപ്പിൾ
പ്യൂരി 20 ഗ്രാം
ഏലയ്ക്കാപ്പൊടി ഒരു നുള്ള്
ടോപ്പിംഗിന്
അത്തിപ്പഴ ജെൽ
അത്തപ്പഴം 50 ഗ്രാം
തയ്യാറാക്കുന്ന വിധം
മൈദാ, വെള്ളം, നെയ്യ്, പഞ്ചസാര, കസ്റ്റാർഡ് ആപ്പിൾ പ്യൂരി, ഏലയ്ക്ക പൊടി, ക്രീം എന്നിവ ചേർത്ത് ബാറ്റർ തയ്യാറാക്കുക. കുങ്കുമ നാരുകൾ വെള്ളത്തിൽ കലർത്തി മാവിൽ ചേർക്കുക. ആവശ്യാനുസരണം കൂടുതൽ വെള്ളം ചേർക്കുക. ഇനി ഒരു സ്റ്റീൽ കണ്ടെയ്നർ അല്ലെങ്കിൽ ഒരു മോൾഡ് എടുക്കുക. നെയ്യ് ഒഴിച്ച് നന്നായി ചൂടാക്കുക. ഒരു ഗ്ലാസിൽ 50 മില്ലി ബാറ്റർ നിറച്ച് വയ്ക്കുക. നിറച്ചു വച്ച മാവ് മോൾഡിന്റെ മധ്യഭാഗത്ത് തുടർച്ചയായ ത്രെഡ് പോലെ ഒഴിക്കുക. ഈ മാ വ് സെറ്റ് ആയ ശേഷം മധ്യഭാഗത്ത് രൂപപ്പെട്ട ദ്വാരത്തിൽ മറ്റൊരു ഗ്ലാസ് മാവ് കൂടി ഒഴിക്കുക. ഇത് നന്നായി സെറ്റ് ആയ ശേഷം സ്ക്വീവർ ഉപയോഗിച്ച് ശ്രദ്ധയോടെ ഘേവർ പാത്രത്തിൽ നിന്നും എടുക്കുക. വിസ്താരമേറിയ പാത്രത്തിൽ ഒഴിച്ച് വച്ചിരിക്കുന്ന നല്ല ചൂടുള്ള പഞ്ചസാര സിറപ്പിൽ ഘേവർ മുക്കിയെടുത്തുമാറ്റി അയൺ മെഷിൽ വയ്ക്കുക. ഇത് അധിക സിറപ്പിനെ നീക്കം ചെയ്യാൻ സഹായിക്കും. തുടർന്ന് ഘേവർ തണുത്ത ശേഷം മുകളിൽ ടോപ്പിംഗിനായി അത്തിപഴ ജെൽ, അത്തിപ്പഴം എന്നിവ ഫിൽ ചെയ്യാം. ആവശ്യമെങ്കിൽ പഞ്ചസാര സിറപ്പ് മുകളിൽ ഒഴിക്കാം. തുടർന്ന് ഭംഗിയായി നട്സ് വിതറി ഘേവർ മുറിച്ച് സെർവ്വ് ചെയ്യാം.
വാട്ടർ ചെസ്റ്റ് നട്ട്, സ്വീറ്റ് കോൺ ടിക്കിസ്
ചേരുവകൾ
നെയ്യ് 20 ഗ്രാം
മഞ്ഞൾപ്പൊടി 2 ഗ്രാം
സ്വീറ്റ് കോൺ ക്രഷ് ചെയ്തത് 200 ഗ്രാം
മുളകുപൊടി 3 ഗ്രാം
ചീസ് അരിഞ്ഞത് 20 ഗ്രാം
പച്ച ഉള്ളിത്തണ്ട് അരിഞ്ഞത് 5 ഗ്രാം
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ഉരുളിയിൽ നെയ്യ് ഒഴിക്കുക. നെയ്യ് ചൂടായ ശേഷം മഞ്ഞൾ ചേർത്ത് വഴറ്റുക. തുടർന്ന് പൊടിച്ച ചോളം ചേർത്ത് കുറച്ച് നേരം വഴറ്റുക. അതിനുശേഷം അരിഞ്ഞ ചെസ്റ്റ് നട്ട്, ഉള്ളി തണ്ട്, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് കുറച്ച് നേരം കൂടി വഴറ്റുക. ഇനി ഈ ചേരുവ അൽപം തണുത്ത ശേഷം ടിക്കികൾ തയ്യാറാക്കി മുകളിൽ മാതള അല്ലി വിതറിയിട്ട ശേഷം മസ്റ്റർഡ് സോസിനൊപ്പം സെർവ്വ് ചെയ്യാം.





