സോഷ്യൽ മീഡിയ മെസേജിംഗ് ആപ്പുകൾ, ഡേറ്റിംഗ് വെബ്സൈറ്റുകൾ എന്നിവ പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഇന്ന് പ്രണയ ബന്ധങ്ങൾ വളരാൻ സഹായിക്കുന്ന ഇടങ്ങളായി മാറുകയാണ്. പ്രണയത്തിന് ഇത്തരം സങ്കേതങ്ങൾ പുതിയ രൂപം പകരുകയാണ്. ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറം ആളുകളെ ബന്ധപ്പെടാൻ ഇത് അനുവദിക്കുന്നു. ഇതിലൂടെ രണ്ട് വ്യക്‌തികൾ തമ്മിൽ പങ്കിടുന്ന താൽപ്പര്യങ്ങളും വൈകാരികതയും അവർക്കിടയിൽ ശക്തമായ ബന്ധത്തിന് അടിത്തറയേകുന്നു. ഓൺലൈൻ പ്രണയങ്ങളിൽ ചിലത് അർത്ഥവത്തായതും പിന്തുണയ്ക്കാവുന്നതുമാകാമെങ്കിലും വെർച്വൽ ബന്ധങ്ങൾ എല്ലായ്പ്പോഴും യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കണമെന്നില്ല. അതുകൊണ്ട് അക്കാര്യത്തിൽ സത്യസന്ധത, വിശ്വാസ്യത, ജാഗ്രത എന്നിവ ആവശ്യമാണ്. പരസ്‌പരമുള്ള കൂടിക്കാഴ്ചകളിലൂടെയും മനസ്സിലാക്കലുകളിലൂടെയും വേണം ഇത്തരം ബന്ധങ്ങളിലുള്ള യാഥാർഥ്യങ്ങളെ വിലയിരുത്താൻ. അങ്ങനെയുള്ള തിരിച്ചറിവിലൂടെ ഓൺലൈൻ പ്രണയത്തിന് യഥാർത്ഥ ബന്ധമായി വളരാൻ കഴിയും.

പ്രണയത്തെക്കുറിച്ചുള്ള നനുത്ത ചിന്തകൾക്കുപോലും നമ്മുടെ ഭാവനകളെ പ്രണയ പക്ഷികളെപ്പോലെ പറത്തി വിടാൻ കഴിയുമെന്നാണ് കവികൾ പറയുന്നത്. എന്നാലത് സത്യസന്ധവും യഥാർത്ഥവുമായ പ്രണയത്തെ ആഗ്രഹിക്കുന്നവരിലാണെന്ന് മാത്രം. എന്നാൽ ഇതിന് നേർവിപരീതമായി ചിന്തിക്കുന്നവരുടെ ലക്ഷ്യങ്ങൾ മറ്റു പലതുമാകാം. വഞ്ചന, ബ്ലാക്ക്‌മെയിലിംഗ്, ധനാപഹരണം, ലൈംഗിക ചൂഷണം എന്നിങ്ങനെ പല ലക്ഷ്യങ്ങൾ വച്ചുപുലർത്തുന്നവരും പ്രണയത്തെ മറയാക്കി ഓൺലൈൻ സങ്കേതങ്ങളിലൂടെ ഇരകളെ തേടി വരാം. അതിനാൽ പ്രണയിക്കും മുമ്പ് ജാഗ്രത പാലിക്കുക.

ഇതൊക്കെയാണെങ്കിലും വെർച്വൽ പ്രണയം അതിന്റെ ഉച്ചസ്‌ഥായിലാണ് ഇന്ന്. സോഷ്യൽ പ്ലാറ്റ്ഫോമുക ളുമായി ബന്ധപ്പെടാത്ത ആൺകുട്ടികളോ പെൺകുട്ടികളോ ഇന്നില്ല. യുവാക്കളുടെ ഹൃദയങ്ങളിൽ പ്രണയത്തിന്റെ തീപ്പൊരി ജ്വലിക്കുന്നത് തന്നെ സോഷ്യൽ പ്ലാറ്റ്ഫോമുകളിലൂടെയാണെന്ന് പറയാം.

“പ്രണയം അന്ധമാണ്” എന്നാണ് പൊതുവെയുള്ള വയ്പ്പ്. അത് ചില ബന്ധങ്ങളിൽ ഏറെക്കുറെ ശരിയുമാണ്. എന്നാൽ ഇനി മുതൽ ഇക്കാര്യത്തിൽ ഒരു തിരുത്ത് ആവശ്യമാണ്. പ്രണയിക്കുന്നതിൽ തെറ്റൊന്നുമില്ല. പ്രണയമെന്നത് സ്വാഭാവികമായ പ്രക്രിയയാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരായി ആരുമുണ്ടാവില്ല.

ഇന്ന് ഡിജിറ്റൽ സോഷ്യൽ മീഡിയകളുടെ യുഗമാണ്. പ്രണയത്തിന്റെ പേരിൽ ചൂഷണങ്ങൾ ഏറിയ സ്‌ഥിതിക്ക് യുവാക്കൾ ഇക്കാര്യത്തിൽ കുറച്ചുകൂടി ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.

  • സോഷ്യൽ പ്ലാറ്റ്ഫോം വഴി ഒരാളുമായി ബന്ധം സ്‌ഥാപിക്കുമ്പോൾ അയാളോടോ അവളോടോ സംസാരിക്കുമ്പോൾ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ മറുവശത്തുള്ളയാൾക്ക് നൽകാതിരിക്കുകയെന്നതാണ്.
  • സംഭാഷണം ക്രമേണ മുന്നോട്ട് കൊണ്ടുപോകുക. പക്ഷെ മണിക്കൂറുകളോളം അത് ദീർഘിപ്പിക്കരുത്.
  • വീട്ടിൽ ആരൊക്കെയുണ്ടെന്ന വിവരം ആദ്യം തന്നെ പറയരുത്.
  • ആശയവിനിമയത്തിലൂടെ അവൻ- അവളുടെ കാഴ്ചപ്പാടുകളെക്കുറിച്ച് അറിയാനും മനസ്സിലാക്കാനും ശ്രമിക്കുക.
  • മൊബൈൽ നമ്പർ ലഭിച്ചതിനുശേഷം ദിവസവും അവന്-അവൾക്ക് ഗുഡ് മോർണിംഗ്, ഗുഡ് നൈറ്റ് അല്ലെങ്കിൽ മറ്റ് സന്ദേശങ്ങൾ അയക്കുന്നത് ഒഴിവാക്കാം.
  • 3-4 ദിവസത്തെ പരിചയം വച്ച് മൊബൈൽ നമ്പർ കൈമാറരുത്. മറുവശത്തുള്ളയാൾ ഫോൺ നമ്പർ ആവശ്യപ്പെട്ട് നിങ്ങളെ ശല്യപ്പെടുത്താൻ തുടങ്ങിയേക്കാം.
  • ഫോട്ടോ നൽകുന്നതും ഒഴിവാക്കുക. ഫോട്ടോ ചിലപ്പോൾ ദുരുപയോഗം ചെയ്യപ്പെടാം. അതുപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
  • പരിചയപ്പെട്ട് വിശ്വാസം വന്നശേഷം മാത്രം മൊബൈൽ നമ്പർ നൽകുക
  • നമ്പർ കിട്ടിയതിനുശേഷം അവൻ-അവളോട് മണിക്കൂറുകളോളം സംസാരിക്കുന്നത് ഒഴിവാക്കുക. അങ്ങനെ സംഭവിച്ചാൽ നിങ്ങളെ ഒരു ടൈം പാസ് ആയി കണക്കാക്കാൻ സാധ്യതയുണ്ട്.
  • പൂർണ്ണമായ വിശ്വാസം വന്നശേഷം മാത്രമേ കൂടിക്കാഴ്ച്ചയ്ക്ക് ഒരുങ്ങാവൂ.
  • സൗഹൃദത്തിനുശേഷം പ്രണയത്തിനും വിവാഹത്തിനും പദ്ധതിയുണ്ടെങ്കിൽ തീർച്ചയായും വീടിനെക്കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിയുക.
  • ഇരുവരുടേയും മാതാപിതാക്കളെ പരസ്പരം പരിചയപ്പെടുത്തുക.
  • ഇരുവരുടേയും വീട്ടുകാർ പരസ്‌പരം അറിഞ്ഞിരിക്കുന്നത് കൂടുതൽ ഗുണകരമാകും. ബന്ധം കൂടുതൽ സുതാര്യമാകും.
  • കുടുംബത്തിന്റെ പെരുമാറ്റ രീതിയിൽ അസന്തുഷ്‌ടി തോന്നുന്ന പക്ഷം മുന്നോട്ടുള്ള തീരുമാനത്തിൽ ജാഗ്രത പുലർത്താം.

വിവാഹമെന്നത് ജീവിതത്തിൽ എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനമാണ്. അത് വൈകാരികമായി എടുക്കുന്ന തീരുമാനമാവരുത്. തിടുക്കവും പാടില്ല. ശ്രദ്ധാപൂർവ്വം ആലോചിച്ച ശേഷം വിവാഹകാര്യത്തിൽ തീരുമാനമെടുക്കാം. സത്യസന്ധവും യഥാർത്ഥവുമായ സ്നേഹവും അർപ്പണവുമാണ് സന്തോഷകരമായ ജീവിതത്തിന്റെ അടിത്തറ എന്നോർക്കുക.

और कहानियां पढ़ने के लिए क्लिक करें...