മെഹറുബായ്ക്ക് അന്ന് 14 വയസ്സായിരുന്നു. സ്കൂളിൽ നിന്ന് കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോൾ അന്ന് തന്റെ സ്‌കൂളിലെ അവസാന ദിനമാണെന്ന് അവൾ ഓർത്തതേയില്ല. അമ്മയുടെ മുഖത്തെ അപരിചിതമായ ഗൗരവം കണ്ട് അവൾ അന്ധാളിച്ചു. അച്‌ഛന്റെ മൗനം വാക്കുകളേക്കാൾ ഭാരം ഉള്ളതായിരുന്നു. “നിന്റെ വിവാഹം നിശ്ചയിച്ചു.“ ആ വാക്കുകൾ അവളുടെ കാതിൽ ഇടിമുഴക്കംപോലെ മുഴങ്ങിക്കൊണ്ടിരുന്നു. ചോദ്യങ്ങൾക്കും എതിർപ്പിനും ഒരു പ്രസക്തിയും ഇല്ല എന്നറിയാവുന്നതിനാൽ അവൾ നിശബ്ദയായി നിന്നതേ ഉള്ളൂ.
വിവാഹത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും സങ്കൽപ്പങ്ങളും ആ ബാലഹൃദയത്തിൽ എത്തി നോക്കിയിട്ട് പോലും ഇല്ലായിരുന്നു. വിവാഹം ഒരു സ്വപ്നമായിരുന്നില്ല അവൾക്ക് അത് മറ്റുള്ളവർ അവളുടെ മേൽ എഴുതിയ ഒരു വിധിയായിരുന്നു. മൈലാഞ്ചിയുടെ നിറം ഉണങ്ങുന്നതിന് മുമ്പേ ദുരിതത്തിന്റെ ഘോഷയാത്ര തുടങ്ങിയെന്ന് ആദ്യത്തെ ആഴ്ചകളിൽ തന്നെ അവൾ മനസ്സിലാക്കി. ആ വീട്ടിൽ ചിരിക്കുന്നത് പോലും കുറ്റമാണ്. ഭർത്താവിന്റെ കണ്ണുകളിൽ അവൾ കണ്ടത് സ്നേഹമല്ല മറിച്ച് കാമവും അധികാരവുമായിരുന്നു. എല്ലാം സഹിച്ചാൽ എല്ലാം ശരിയാകും എന്ന അമ്മയുടെ ഉപദേശം അവളുടെ ദിനചര്യയായി മാറി. രാത്രികൾ എന്നും അവളെ ഭയപ്പെടുത്തുന്നതായിരുന്നു. പകലുകൾ ശ്വാസം എടുക്കാനുള്ള ഇടവേളയും. അവളുടെ വേദനകൾ ആരും കേൾക്കാതെയായി. അന്നൊരു രാത്രിയിൽ മദ്യപിച്ച് ലെക്ക് കെട്ട് ആരുടേയോ സ്‌കൂട്ടറിന്റെ പുറകിൽ ഇരുന്നുവന്ന അയാൾ ഒരു മൃഗമായി മാറുകയായിരുന്നു. അവളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്തത്തിൽ കുളിച്ചു കിടക്കുന്ന മെഹ്റുവിനെ എടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലെ വെളിച്ചത്തിൽ കണ്ണ് തുറക്കുമ്പോൾ അവൾക്കറിയില്ലായിരുന്നു ഇത് അവളുടെ കഥയുടെ അവസാനമാണോ അതോ ആദ്യ അധ്യായത്തിന്റെ തുടക്കമാണോ എന്ന്. കണ്ണാടിയിൽ സ്വന്തം മുഖം കണ്ട് അവൾ ഭയന്നുപോയി.
ആശുപത്രിയിലെ വെളുത്ത ചുവരുകൾ മെഹ്റുവിന് പുതിയ ലോകമായിരുന്നു. അവൾക്ക് അവിടെ ഓരോ നിമിഷവും വേദനയുടെ നിമിഷങ്ങൾ ആയിരുന്നു. അവൾ കണ്ണാടിയെ ഒഴിവാക്കാൻ തുടങ്ങി. മുഖത്ത് കെട്ടിയിരുന്ന വെളുത്ത തുണി അവളുടെ ആത്മധൈര്യം ചോർന്നു പോകാതിരിക്കാനുള്ള മറയായിരുന്നു. അത് നീക്കാൻ തന്നെ അവൾ ഭയപ്പെട്ടു. ആശുപത്രിയിലെ ഡോക്‌ടർമാർ അവൾക്ക് മനോധൈര്യം കൊടുത്തുകൊണ്ടേയിരുന്നു. ശസ്ത്രക്രിയകളെക്കുറിച്ചും അതിന്റെ സാധ്യതകളേക്കുറിച്ചും അവർ അവളോട് സംസാരിച്ചു. അവളുടെ മനസ്സിൽ ഒരു ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇനി എനിക്ക് സാധാരണ ജീവിതം നയിക്കാൻ ആകുമോ? അവളുടെ അമ്മ അവളുടെ അടുത്ത് തന്നെ ഇരുന്നു. കണ്ണിൽ കുറ്റബോധത്തോടെ ചില ബന്ധുക്കൾ വന്നു കണ്ടു. ചിലർ വന്നില്ല. വന്നവർ കരുണയോടെ അവളെ നോക്കി. രാത്രികളിൽ അവൾ ഉറങ്ങിയില്ല. ഓർമ്മകൾ അവളെ ഉറങ്ങാൻ അനുവദിച്ചില്ല.
നേഴ്സ് അവളുടെ അടുക്കൽ ചെന്നിരുന്നു ചെറു ചിരിയോടെ ചോദിച്ചു.
“നിനക്ക് ഭയമുണ്ടോ? ആ ചോദ്യം കേട്ട് അവൾ ആദ്യമായി കരഞ്ഞു ശബ്ദമില്ലാതെ അടക്കിപ്പിടിച്ച കരച്ചിൽ.
അവർ തുടർന്നു… “നിന്റെ ഭയത്തെ തോൽപ്പിച്ചാൽ നീ വീണ്ടും ജനിക്കും”
ആ വാക്കുകൾ അവളുടെ ഉള്ളിൽ ഒരു തിരി കൊളുത്തി. മുഖത്തെ ശസ്ത്രക്രിയകൾ തുടങ്ങി വേദന അവളുടെ കൂടപ്പിറപ്പായി മാറി. ഓരോ തുന്നലിലും അവളുടെ ഹൃദയം പറയുന്നുണ്ടായിരുന്നു ഇത് എന്റെ മുഖം മാത്രമല്ല എന്റെ ജീവിതവും മാറ്റുന്നു. ഒരു ദിവസം അവൾ കണ്ണാടിയുടെ മുമ്പിൽ കുറച്ചു നേരം നോക്കിനിന്നു. കൈകാൽ വിറച്ചെങ്കിലും അവൾ നോട്ടം മാറ്റിയില്ല. ആ കണ്ണാടിയിൽ ഒരു പുതിയ മെഹറുബയെ അവൾ കണ്ടു. തകർന്നെങ്കിലും തോറ്റിട്ടില്ലാത്ത മെഹ്റുബ ഇനി അക്രമം സഹിക്കില്ല, എങ്ങോട്ടും ഒളിച്ചോടില്ല എന്ന് അവൾ ഒരു തീരുമാനം എടുത്തിരുന്നു.
ആശുപത്രി മുറിയിൽ അക്ഷരങ്ങൾ വീണ്ടും അവളുടെ സുഹൃത്തുക്കളായി. വാക്കുകൾ അവൾക്ക് ശക്തി നൽകി. കേസ് ഫയൽ ചെയ്യണമെന്ന് അവൾ തീരുമാനിച്ചു.
അതുകേട്ട് വീട്ടുകാർ എതിർത്തു. സമൂഹമെന്ത് പറയും… ജീവിതം ഇനിയും ദുഷ്‌കരമാകും എന്ന മുന്നറിയിപ്പുകളും… അവൾ ആദ്യമായി ഇതിനെല്ലാം എതിരെ പ്രതികരിച്ചു. ഇതിലപ്പുറം കഷ്ടത ഞാൻ അനുഭവിച്ചു കഴിഞ്ഞു. ആ നിമിഷം തന്നിലെ ശക്‌തി അവൾക്ക് മനസ്സിലായി ആശുപത്രിയിൽ നിന്ന് പുത്തിറങ്ങിയ മെഹർ ആ പഴയ കുട്ടി ആയിരുന്നില്ല.
മുഖത്ത് മുറിവുകളുടെ അടയാങ്ങൾ… മനസ്സിൽ ഭയത്തിന്റെ നിഴലുകൾ… പക്ഷേ കാലുകൾക്ക് മുന്നോട്ട് നടക്കാനുള്ള ധൈര്യം ഉണ്ടായിരുന്നു അവൾക്ക്.
ആശുപത്രിക്കവാടം കടന്നിറങ്ങിയ മെഹറുബ ഒരുപാട് മാറിയിരുന്നു. വീട്ടിലേക്കുള്ള യാത്രയിൽ പുറത്തേക്ക് നോക്കിയിരുന്ന അവളുടെ മനസ്സിൽ ആളുകൾ ഇനി എന്നെ എങ്ങനെയായിരുക്കും നോക്കുക. എന്ന ചോദ്യം ചോദിച്ചുകൊണ്ടിരുന്നു. നാട്ടുകാരുടേയും അയൽവാസികളുടേയും നോട്ടത്തിനും ചോദ്യങ്ങൾക്കും അവൾ നേരിട്ട് ഉത്തരം നൽകാൻ തുടങ്ങി. മുഖം മറയ്ക്കുന്ന തുണി പതിയെ മാറ്റി പുറം വാതിൽ കടക്കാൻ അവളുടെ കാലുകൾ വിറച്ചു. പക്ഷേ പതിയെ ഭയത്തെ പിന്നിലാക്കി അവൾ മുന്നോട്ടു നടന്നു. പഠനത്തിൽ അവൾ അഭയം തേടി. വായനശാലയിൽ മണിക്കൂറുകളോളം ചിലവഴിച്ചു. നിയമ പുസ്തകങ്ങൾ, സ്ത്രീകളുടെ ജീവിതകഥകൾ, നീതിയെ കുറിച്ചുള്ള ലേഖനങ്ങൾ എല്ലാം അവളുടെ മൗനത്തിന് ശക്തി പകർന്നു.
ഭർതൃ പീഡനത്തെക്കുറിച്ച് പൊതുപരിപാടിയിൽ സംസാരിക്കുന്ന ഒരു സ്ത്രീയെ പരിചയപ്പെട്ടു അവരുടെ ശബ്ദത്തിൽ അവൾ തന്റെ സ്വന്തം ഹൃദയമിടിപ്പ് കേട്ടു. അന്ന് രാത്രി അവൾ ഉറങ്ങിയിട്ടില്ല. ഇനി ഞാൻ മൗനമായിരിക്കില്ല എന്നവൾ തീരുമാനിച്ചു. പേലീസ് സ്‌റ്റേഷൻ വരാന്തയിൽ പരാതി നൽകുവാൻ നിൽക്കുമ്പോൾ പഴയ ഭയം വീണ്ടും വന്നെങ്കിലും അവൾ പിന്മാറിയില്ല. ഓരോ ചോദ്യത്തിനും അവൾ മറുപടി പറഞ്ഞു. വിറയലോടെയെങ്കിലും സത്യസന്ധതയോടെ. ചിലർ അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ പതറിയില്ല. മാധ്യമങ്ങൾ അവളുടെ കഥ അന്വേഷിച്ചു വന്നു. ആദ്യ അഭിമുഖത്തിൽ അവളുടെ ശരീരം വിറച്ചു പക്ഷേ ക്യാമറയുടെ മുമ്പിൽ അവൾ പറഞ്ഞു ഇത് എന്റെ മാത്രം കഥയല്ല നിങ്ങളിൽ ഓരോരുത്തരുടേയും കഥയാണ്. നിശബ്ദരായിരിക്കുന്ന പല സ്ത്രീകളുടേയും കഥയാണ്.
അന്ന് അവൾക്ക് അവളുടെ മുഖത്തെ മുറിവുകളെക്കുറിച്ച് ലജ്ജിക്കേണ്ടതില്ലെന്ന് മനസ്സിലായി. അവ അതിജീവനത്തിന്റെ അടയാളങ്ങൾ ആണെന്ന് അവൾ തിരിച്ചറിഞ്ഞു.





