അരുൺ അസ്വസ്ഥമായ മനസ്സോടുകൂടി മുറിയിൽ കൂടി അങ്ങോട്ടും, ഇങ്ങോട്ടും നടന്നു. കുറച്ചു മാസങ്ങളായി മനസ്സമാധാനം പോയിട്ട്. ബന്ധുക്കളുടേയും നാട്ടുകാരുടേയും മുന്നിൽ താനിപ്പോൾ പെണ്ണുപിടിയനാണ്. എന്നാൽ ഒരു തെറ്റും ചെയ്തിട്ടില്ല. പക്ഷേ ഈ ജന്മത്തിൽ ഇങ്ങനെ അനുഭവിക്കാൻ ആയിരിക്കും വിധി.
ഒരു വർഷം മുമ്പ് ഫേസ്ബുക്കിലൂടെ ആണ് വിജിയെ പരിചയപ്പെടുന്നത്. അവളുടെ ഫേസ്ബുക്ക് പോസ്‌റ്റുകളും മെസ്സേജുകളും തന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് അവൾ നേരിട്ട് കാണണമെന്ന് പറഞ്ഞപ്പോൾ കാണാൻ പോയത്. അന്ന് ഒരുപാട് സംസാരിച്ചു മനസ്സിന് വല്ലാത്ത സന്തോഷം തോന്നി. നല്ലൊരു സുഹൃത്തിനെ കിട്ടിയല്ലോ… എന്തൊരു പക്വതയാണ് അവൾക്ക് പിന്നീടങ്ങോട്ടു എല്ലാ ദിവസങ്ങളും വിശേഷങ്ങൾ ചോദിച്ച് മെസ്സേജ് അയക്കുമായിരുന്നു. അങ്ങനെ മാസങ്ങൾ കടന്നുപോയി…
ഒരു ദിവസം അമ്മയ്ക്ക് പെട്ടെന്ന് ഒരു ഓപ്പറേഷൻ വേണമെന്ന് പറഞ്ഞ് അവൾ വിളിച്ചു. രണ്ടുലക്ഷം രൂപ വേണം അരുണിനൊന്നു സഹായിക്കാൻ പറ്റുമോ? രണ്ടാഴ്ച്‌ച കഴിഞ്ഞേ പൈസ കിട്ടുള്ളു അപ്പോൾ തിരിച്ചു തരാം എന്ന് പറഞ്ഞു. ഒരു പ്രൈവറ്റ് ജോലിക്കാരനായ ഞാൻ ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ച പൈസയിൽ നിന്നും രണ്ടു ലക്ഷം രൂപ അവൾക്ക് കൊടുത്തു. മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നി… എന്തോ… വലിയ കാര്യം ചെയ്‌ത പ്രതീതി…
പതിയെ പതിയെ വിജിയുടെ മെസ്സേജുകൾ കുറഞ്ഞുവന്നു. ആദ്യമൊന്നും സംശയം തോന്നിയിരുന്നില്ല. അമ്മയ്ക്ക് അസുഖം ആയതിനാൽ വിഷമത്തിലാണെന്ന് വിചാരിച്ചു. രണ്ടാഴ്‌ച കഴിഞ്ഞ് തരാം എന്ന് പറഞ്ഞ പൈസ നാലുമാസം ആയിട്ടും തന്നില്ല. അതുകൊണ്ടുതന്നെ എന്തൊക്കെയോ സംശയം തോന്നി. അവളെക്കുറിച്ച് അന്വേഷിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് അറിയുന്നത്. അവൾ പലരേയും ഇതേ മാതിരി പറ്റിച്ചിട്ടുണ്ടെന്ന്. അത് തനിക്ക് വല്ലാത്തൊരു ഷോക്ക് ആയിരുന്നു. അവൾ എത്ര നന്നായിട്ടാണ് തന്നോട് സംസാരിച്ചിട്ടുള്ളത്. ഒരിക്കലും ഇങ്ങനൊരു പെണ്ണാണെന്ന് കരുതിയില്ല.
എന്തായാലും അവളുടെ പക്കൽ നിന്നും പൈസ തിരിച്ചുപിടിക്കണമെന്ന് അരുൺ തീരുമാനിച്ചു. ഇത്രയും കാലമുള്ള തന്‍റെ അധ്വാനത്തിന്‍റെ ഫലമാണ്. അവൾ ജോലി ചെയ്യുന്ന സ്‌ഥലം കണ്ടുപിടിച്ചു. ആദ്യം ഒക്കെ അവൾ നല്ല രീതിയിൽ സംസാരിച്ചു. പൈസയുടെ കാര്യം ചോദിച്ചപ്പോൾ അവളുടെ സ്വഭാവം മാറി. അവൾ ഒച്ച എടുക്കാൻ തുടങ്ങി. ആൾക്കാർ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടപ്പോൾ താൻ വേഗം തിരിച്ചു പോന്നു. പിറ്റേദിവസം അവളെ താൻ പീഡിപ്പിച്ചെന്നും പറഞ്ഞ് കേസ്സും കൊടുത്തു. രണ്ട് മൂന്ന് മാസത്തോളം കേസ്സിന്‍റെ പിന്നാലെ ആയിരുന്നു. അവസാനം താൻ നിരപരാധി ആണെന്ന് പോലീസിന് ബോധ്യപ്പെട്ടു. പക്ഷേ നാട്ടിൽ എല്ലാവരും തന്നെ മോശക്കാരനായാണ് കാണുന്നത്.
“മോനേ…” അമ്മയുടെ വിളി കേട്ട് അരുൺ പൂമുഖത്തേക്ക് വന്നു. “അമ്മാവൻ വന്നിട്ട് കുറച്ചു നേരമായി നീ അവിടെ എന്തെടുക്കുകയാ…?”
അമ്മാവൻ അരുണിന്‍റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു. “നീ നിരപരാധിയായിരിക്കാം… പക്ഷേ നാട്ടിൽ ഇപ്പോഴും നീ എന്തോ തെറ്റ് ചെയ്ത മാതിരിയാണ്. ആഹ്… നാട്ടിൻ പുറം അല്ലേ…”
ഇതുകേട്ടപ്പോൾ അരുണിന് വല്ലാത്ത നീരസം തോന്നി.
“ഇത് പറയാനാണോ അമ്മാവൻ വന്നത്?”
“അല്ല നിനക്കൊരു ആലോചനയുമായി വന്നതാണ്. ഇനിയിപ്പോ ചീത്ത പേരുകൊണ്ട് നടക്കുമോ എന്നൊന്നും അറിയില്ല.”
“എന്‍റെ മോൻ തെറ്റൊന്നും ചെയ്തിട്ടില്ല ഏട്ടനവനെ കുറ്റക്കാരനാക്കേണ്ടാ….”
“എന്‍റെ ജാനകിയെ ഞാൻ ഉള്ള കാര്യം പറഞ്ഞെന്നേ ഉള്ളൂ എന്നോടാർക്കും നീരസം തോന്നേണ്ട കാര്യമില്ല. ങാ… അതൊക്കെ പോട്ടെ… എന്‍റെ കൂട്ടുകാരന്‍റെ മോളാ… നല്ല കുട്ടിയാ പക്ഷേ ഇവന്‍റെ അതേ പ്രായമാ ഇരുപത്തിയെട്ടു വയസ്സ്.”
“ഒരേ പ്രായത്തിലുള്ള പെണ്ണോ? രണ്ടു വയസ്സെങ്കിലും കുറവ് വേണ്ടേ..?” ജാനകിയമ്മ ചോദിച്ചു
“ഇന്നത്തെ കാലത്ത് അതൊന്നും പ്രശ്‌നമില്ല ജാനകിയേ..”
“മോനെ നീയൊരു കാര്യം ചെയ്യ് നാളെ ഒരുങ്ങിക്കോ നമുക്ക് അത്രടം വരെ പോവാം.”
“ഏട്ടൻ അവരോട് ഇവന്‍റെ കാര്യം എല്ലാം പറഞ്ഞില്ലേ…?”
“ഇല്ല ജാനകിയേ… ഞാനായിട്ട് ഒന്നും പറഞ്ഞിട്ടില്ല. അവർ അറിഞ്ഞു ചോദിക്കുമ്പോൾ പറയാം”.
പിറ്റേദിവസം അരുൺ സുഹൃത്ത് മഹേഷിനേയും കൂട്ടി അമ്മാവനോടൊപ്പം പെണ്ണുകാണാൻ പോയി. അവനു വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു. ചെയ്യാത്ത കാര്യത്തിനാണെങ്കിലും തന്‍റെ ചീത്തപ്പേര് അറിഞ്ഞാലോന്നോർത്ത്. പെൺകുട്ടി ചായയുമായി വന്നു. അവളെ എവിടെയോ കണ്ട പരിചയം.
“സംസാരിക്കണമെങ്കിൽ സംസാരിക്കാം വലത്തേ മുറിയിലേക്ക് പൊയ്‌കൊള്ളൂ.” അവളുടെ അച്ഛൻ പറഞ്ഞു. വല്ലാത്തൊരു ടെൻഷനോടു കൂടി അരുൺ മുറിയിലേക്ക് പോയി
അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു…
“എന്നെ മനസ്സിലായോ… ?”
“എവിടേയോ കണ്ട മാതിരി ഓർമ്മ കിട്ടുന്നില്ല.” അരുൺ വിക്കി വിക്കി പറഞ്ഞു. “എട്ടാം ക്ലാസ് മുതൽ പ്ലസ് വരെ നമ്മൾ ഒന്നിച്ചാണ് പഠിച്ചത്.”
“ഇപ്പോൾ ഓർക്കുന്നുണ്ടോ…?”
“ആ എനിക്ക് പെട്ടെന്ന് മനസ്സിലായില്ല. ഇപ്പോൾ ഓർമ്മ വന്നു.”
അരുണിന് അതിശയമായിരുന്നു ക്ലാസിൽ അധികം ഒന്നും സംസാരിക്കാത്ത കുട്ടിയായിരുന്നു നിത്യ. ഇപ്പോൾ എത്ര സ്മാർട്ട് ആയിട്ടാണ് സംസാരിക്കുന്നത്.
“എങ്ങനെ? എന്നെ പറ്റുമോ…?” അവൾ ചോദിച്ചു. അവളുടെ പെട്ടെന്നുള്ള ചോദ്യത്തിന് മുന്നിൽ അരുൺ ഒന്ന് പതറി.
“എനിക്ക്… ഒരു കാര്യം പറയാനുണ്ട്.” അരുൺ നന്നായി വിയർക്കുന്നുണ്ടായിരുന്നു.
അവൻ സംസാരിക്കാൻ തുടങ്ങുമ്പോഴേയ്ക്കും നിത്യ ഇടപെട്ടു.
“ഒന്നും പറയണ്ട എനിക്ക് എല്ലാ കാര്യവും അറിയാം ഇനി അതൊക്കെ മറന്നേക്കൂ.” അവളുടെ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ നിന്നും വല്ലാത്തൊരു ഭാരം ഇറങ്ങിപ്പോയ പോലെ തോന്നി.
“ഞാൻ പത്താം ക്ലാസ് മുതൽ വൺ വേ പ്രേമത്തിൽ തന്‍റെ പുറകെ ഉണ്ടായിരുന്നു.”
“കല്യാണത്തെക്കുറിച്ച് വീട്ടുകാർ പറഞ്ഞപ്പോൾ ആദ്യം തന്‍റെ മുഖമാണ് ഓർമ്മവന്നത്. ജോലി കിട്ടിയിട്ട് വീട്ടുകാരോട് പറയാം എന്ന് വിചാരിച്ചു.”
അവളുടെ വാക്കുകൾ കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം അരുണിന് തോന്നി… തന്‍റെ ജീവിത സഖി ഇവൾ തന്നെയെന്നവൻ മന്ത്രിച്ചു…





