കാറിൽ നിന്നും ഇറങ്ങി ഹോട്ടിലിന്‍റെ ഗസ്റ്റ് പാർലറിലേക്ക് നടന്നടുക്കുന്ന പരമേശ്വരൻ സൂര്യവംശിയെ കൈലാസനാഥ് നോക്കിനിന്നു. അജാനുബാഹുവായ അദ്ദേഹത്തിന്‍റെ കയ്യിൽ പിടിച്ചിരിക്കുന്ന വെള്ളിയിൽ തീർത്ത ഗരുഡൻ തല പിടിപ്പിച്ച കനത്ത വാക്കിംഗ് സ്‌റ്റിക്ക് ഒരിക്കലും അദ്ദേഹത്തിന് നടക്കാൻ താങ്ങായിട്ടുള്ളതല്ല. പിന്നെ… കറുത്ത ക്രിസ്‌റ്റൽ കല്ലുകൾ പതിച്ച ഗരുഡന്‍റെ കണ്ണുകൾ പരമേശ്വരൻ സൂര്യവംശിയുടെ കൈവിരലുകൾക്കിടയിലൂടെ തിളങ്ങി. കൈകൾ കൂപ്പി അദ്ദേഹത്തെ വണങ്ങി ആർമി ഓഫീസർ കൈലാസ നാഥ് സ്വാഗതം ചെയ്തു. വിശാലമായ റിസപ്ഷൻ ഏരിയയിൽ അങ്ങിങ്ങായി നിൽക്കുന്ന പോലീസുകാരെ നോക്കി സൂര്യവംശി മന്ദഹസിച്ചു. പിന്നെ തുറന്നു പിടിച്ച ലിഫ്റ്റിലേക്ക് കയറി ഹോട്ടലിൽ തനിക്കായി കൈലാസ നാഥ് ഒരുക്കിയ പതിനൊന്നാം നിലയിലെ 111-കെ-1 സ്യൂട്ടിലേക്ക് കയറി. പിറകെ കൈലാസ നാഥും സൂര്യവംശിയുടെ സഹായി ഋഷികേശനും മുറിയിലേക്ക് കടന്നു.
“ഋഷി, തനിക്കായി ഒരുക്കിയ മുറിയിൽ പോയി കുളിയും വിശ്രമവും കഴിഞ്ഞ് മൂന്ന് മണിക്ക് ഇവിടെ വരിക. കൈലാസ നാഥ് താങ്കളും പരിവാരങ്ങളും അപ്പോൾ ഇവിടെ ഉണ്ടാകണം.” സൂര്യവംശിയുടെ കനത്ത ശബ്ദം അവി ടെ മുഴങ്ങി.
കൈലാസ നാഥ് നിശബ്ദനായി പുറത്തിറങ്ങി. വലിയ റിസ്‌ക് ആണ് ഏറ്റെടുത്തിരിക്കുന്നത്. പുറത്തറിഞ്ഞാൽ അത് അപവാദവും സൈന്യത്തിന്‍റെ ബലഹീനതയുമായി തെറ്റിദ്ധരിക്കപ്പെടും പക്ഷേ ഇതല്ലാതെ ഒരു മാർഗ്ഗം കാണുന്നില്ല. സുര്യവംശി വെറുമൊരു താന്ത്രികനോ മന്ത്രവാദിയോ അല്ല. അസാധാരണമായ പാണ്ഡിത്യം അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയിരിക്കുന്നു. മനുഷ്യമനസ്സിലേക്ക് ചെന്നുകയറാനും ഉള്ളറകളിലെ രഹസ്യങ്ങൾ പുറത്തേക്ക് വാരിയിടാനും അസാമാന്യമായ പാടവമുണ്ട്. ഇതിനുമുമ്പ് ബ്രിട്ടനിലെ ഒരു രാജകുമാരിയുടെ മരണകാരണം കേവലം ഒരു സുഗന്ധവ്യാപാരിയിൽ നിന്ന് പുറത്തെടുത്തതും സൂര്യവംശി ആയിരുന്നു. അതുപോലെ ഒരു അറേബ്യൻ കപ്പൽ കാണാതായ കാരണവും അദ്ദേഹം കണ്ടെത്തി ലോകത്തെ വിസ്‌മയിപ്പിച്ചു.
കൃത്യം മൂന്നുമണിക്ക് വാതിലിൽ പതിയെ തട്ടി ഋഷികേശനും പിറകെ കൈലാസനാഥനും വേറെ രണ്ടുപേരും കൂടി ആദരവോടെ തലകുനിച്ചു വന്ദിച്ചു കൊണ്ട് കയറി വന്നു.
സൂര്യവംശിയുടെ കണ്ണുകൾ ഏതാനും സെക്കന്‍റുകൾ അടഞ്ഞിരുന്നു. പക്ഷേ പെട്ടെന്ന് തുറന്ന ആ മിഴികൾ കൈലാസ നാഥിന്‍റെ നെഞ്ചിൽ തറഞ്ഞുനിന്നു. ജടുതിയിൽ അദ്ദേഹത്തിന്‍റെ കനത്ത ആജ്‌ഞ മുഴങ്ങി. “ലഫ്റ്റനന്‍റ് ജനറൽ താങ്കൾ പോലും സുരക്ഷിതനല്ല ഈ മുറിയിൽ. താങ്കളുടെ കോട്ടിൽ പിടിപ്പിച്ചിരിക്കുന്ന മൂന്നാമത്തെ കുടുക്ക് ഒരു ക്യാമറയാണ്.” കൈലാസ് നാഥ് പെട്ടെന്ന് കോട്ട് അഴിച്ചെടുത്തു. ശരിയാണ് കുഞ്ഞു ലെൻസിന്‍റെ തിളക്കത്തോടെ ഒരു ബട്ടൺ. അദ്ദദഹം അത് പോലീസ് കോൺസ്‌റ്റബിൾ വഴി ഡോബികളുടെ അലക്ക് കേന്ദ്രത്തിലേക്ക് അയച്ചു. “അപരാധിയെ കണ്ടെത്തുക. ബന്ധിയാക്കുക.”
വാതിലിനപ്പുറം നിൽക്കുന്ന തന്‍റെ അംഗരംക്ഷകരെ അദ്ദേഹം വിളിച്ചു. സുര്യവംശി അമർത്തി ചിരിച്ചു.
“നമുക്ക് നമ്മുടെ പണികൾ തുടങ്ങാം. കണ്ടില്ലേ അവർ താങ്കളുടെ യൂണിഫോമിൽ കുത്തിപിടിച്ച് പണി തുടങ്ങി കഴിഞ്ഞു.”
“ശരി” സൂര്യവംശിയുടെ കണ്ണുകൾ ക്ക് മുന്നിൽ ആ ദൃശ്യം വന്നുനിന്നു.
“അവൻ എവിടെ ഉണ്ട്.”
കൈലാസ നാഥ് മറുപടി കൊടുത്തു “അവൻ കംപ്ലീറ്റ് സുരക്ഷാസേനയുടെ കീഴിൽ ഈ ഹോട്ടലിൽ പതിനേഴാം നിലയിലെ ഏഴാമത്തെ സ്യൂട്ടിൽ ഉണ്ട്.”
“വളരെ നന്നായി. സായുധസേനയോടും ഡോക്ടർമാരോടും മറ്റുമുള്ള അവന്‍റെ പ്രതികരണം എങ്ങനെ?”
“ക്ഷമിക്കണം സൂര്യവംശിജി. അവൻ പ്രതികരിക്കുന്നുണ്ട്. ഒരുഘട്ടം കഴിഞ്ഞു സഹകരിക്കാനും തുടങ്ങിയതാണ്. പക്ഷേ…”
ഇർഷാദ് മുഹമ്മദ് തുടർന്ന് പറഞ്ഞു “സന്ധ്യയായാൽ അവന്‍റെ രീതികൾ മാറുന്നു. അങ്ങ് നേരിട്ട് കണ്ടറിയുക. ടൂറിസം മിനിസ്റ്റർക്കും ലഫ്റ്റനന്‍റ് കൈലാസ നാഥ് സാറിനും ഉറപ്പുണ്ട് താങ്കൾക്ക് മാത്രമേ ഒരു സൊലൂഷൻ കണ്ടെത്താനാവു എന്ന്.”
അശോക് സിംഗ് കൂട്ടിച്ചേർത്തു.
“പുറത്താരും അറിയാതെ ആണ് താങ്കളെ ഇവിടെ എത്തിച്ചത്. അറിഞ്ഞാലത് ഭരണഘടനക്ക് തന്നെ മോശമല്ലേ.” സൂര്യവംശിയുടെ മുഖത്ത് ക്രോധം നിറഞ്ഞു.
“സൂര്യവംശിയുടെ ചുവടുവയ്‌പ് മോശം കാര്യമാണ് എന്ന് അല്ലെ? കൈലാസ നാഥ് അവഹേളനം സഹിക്കില്ല. തിരിച്ച് പോകണം അതിനു വേണ്ടത് ചെയ്യുക.”
അദ്ദേഹം തന്‍റെ ചുമൽ വസ്ത്രം പതിയെ സോഫയുടെ കൈവരിയിലേക്കിട്ടു. അശോക് സിംഗ് പെട്ടെന്ന് കൈകൂപ്പി മാപ്പിരന്നു.
“ക്ഷമിക്കണം..എന്നെപ്പോലെ ഒരാൾ അറിയാതെ വല്ലതും പറഞ്ഞുപോയാൽ മഹാമനസ്‌കതയോടെ അങ്ങു വേണം പൊറുത്തുതരാൻ… പ്ലീസ്…”
കൈലാസ് നാഥനും അശോക് സിംഗിന് വേണ്ടി മാപ്പിരന്നു. കണ്ണുകളിൽ ജ്വലിക്കുന്ന അഗ്നിജ്വാലകൾ അൽപം അണഞ്ഞപ്പോൾ സൂര്യവംശി പറഞ്ഞുതുടങ്ങി…
“ഒരു മഹാസ്‌ഥാനത്തിരിക്കുന്ന പ്രധാനമന്ത്രിയുടെ സെക്രട്ടറിയാണ് താങ്കൾ. ഓരോ വാക്കും മനസ്സിന്‍റെ ഉലയിലിട്ട് പൊന്നുപോലെ ഊതിക്കാച്ചിവേണം പുറത്തെടുക്കാൻ. എന്നിൽ വിശ്വസിക്കുന്ന നിങ്ങളെ പ്രശ്‌നങ്ങളിൽ നിന്നും രക്ഷപ്പെടുത്തുക എന്നതാണ് എന്‍റെ ധർമ്മം. അത് ഞാൻ ചെയ്തിരിക്കും.”
അദ്ദേഹം ഋഷികേശനെ ഒന്ന് നോക്കി. അയാൾ പെട്ടെന്ന് ഫ്ളാസ്ക്കിൽ നിന്നും ഏലക്കയും കറുവപ്പട്ടയും ചേർത്ത് തിളപ്പിച്ച വെള്ളം സ്‌ഫടിക ഗ്ലാസ്സിലേക്ക് പകർന്നു നീട്ടി.
“ഇനിയും തുടക്കം മുടങ്ങിയ സ്ഥിതിക്ക് ഈ യാമം കഴിയട്ടെ. എന്നിട്ട് നമുക്ക് ഇറങ്ങാം. ലഫ്റ്റനന്‍റ് താങ്കൾക്ക് ഈ അപകടത്തെ കുറിച്ച് ഇനി എന്തെങ്കിലും പറയാനുണ്ടോ?”
കൈലാസ നാഥ് വാക്കിംഗ് സ്റ്റിക്കിലെ ഗരുഡിന്‍റെ തലയിൽ താളംപിടിക്കുന്ന സൂര്യവംശിയുടെ വിരലുകളിലേക്ക് നോക്കി പറഞ്ഞു തുടങ്ങി.
“പകൽ അവൻ ശാന്തനാണ് പക്ഷേ ദിവസവും ഓരോ വൈവിധ്യമുള്ള കഥകളാണ് അവൻ പറയുന്നത്. ദില്ലിയിലെ ഇന്ദിരാഗാന്ധി ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്നും ഏപ്രിൽ മാസം 20നാണ് അതിരഥ് മൽഹോത്ര എന്ന അവനും സഹോദരി ആരതി ഗോമസും യുകെയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്‌തത്. കൃത്യം 2.30ന് അവർ ചെക്കിൻ ചെയ്തു. അവരെ എയർപോർട്ടു വരെ അനുഗമിച്ചത് അങ്കിൾ എന്ന് പറയുന്ന സന്ദീപ് മൽഹോത്രയും ഭാര്യ വസുധയും ആയിരുന്നു. ഒരു പഴയ ഷെവർലെ ഇംപാല കാറിലാണ് അവർ വന്നത്.
സുര്യവംശി ഇടയ്ക്ക് ചോദിച്ചു.
“മൽഹോത്രയും ഗോമസും അങ്ങോട്ട് ചേരുന്നില്ലല്ലോ ജനറലേ.” അതിലെ നർമ്മം ആസ്വദിച്ചു ചിരിയോടെ കൈലാസ നാഥ് തുടർന്നു.
“വാസുദേവ് ദരിദ്രനായ ഒരു പോസ്റ്റ്മാനായിരുന്നു. കടുത്ത ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടാൻ മുത്ത രണ്ട് ആൺമക്കൾ ചെറുപ്പത്തിൽ മതം മാറി കുവൈത്തിലേക്ക് പോയിരുന്നു. അവർ അവിടെ സെറ്റിൽഡ് ആണ്. ആരതി മൽഹോത്ര എയർഹോസ്‌റ്റസ്സാണ്. അവൾ ഒരു ആഗ്ലോ ഇന്ത്യൻ എഞ്ചിനീയറെ ഏതാനും മാസം മുമ്പ് വിവാഹം കഴിച്ചാണ് ആരതി ഗോമസ് ആയത്. ഏതോ കൂട്ടുകാർ വഴി നാലുവർഷം മുമ്പാണ് അതിരഥ് മൽഹോത്ര യുകെയിൽ എത്തുന്നതും അവിടെ ഒരു രാസവള കമ്പനിയിൽ ജോലിക്ക് കയറുന്നതും. ഇത്തവണ ആരതികൂടി അവനോടൊപ്പം യുകെയിലേക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്തു.”
“എന്നിട്ട് ആരതി എവിടെ?”
സൂര്യവംശിയുടെ ആ ചോദ്യത്തിന് ഇർഷാദ് മുഹമ്മദ് ആണ് ഉത്തരം കൊടുത്തത്.
“ആരതിയും അതിരഥും ഒന്നിച്ചാണ് ഫ്ളൈറ്റിൽ കയറിയത്. അടുത്തടുത്ത സീറ്റുകളിൽ. പക്ഷേ അതിനുമുമ്പ് തന്‍റെ മടിയിൽ വെച്ചിരുന്ന ഒരു ലതർ ബാഗിന് മുകളിൽ അവന്‍റെ കൈവിരലുകൾ അമിതമായ ടെൻഷനോടെ ചലിക്കുന്നത് എയർപോർട്ടിലെ കോഫി കൗണ്ടറിലെ വിളമ്പുകാരൻ ശ്രദ്ധിച്ചിരുന്നു. അത് അവൻ അപകടത്തിന് ശേഷം പോലീസിനോട് പറയുകയുണ്ടായി.”
“എന്തായിരുന്നു ആ ബാഗിൽ…. തിരിച്ചറിഞ്ഞുവോ.”
സൂര്യവംശിയുടെ നീട്ടിയ കൈയിലേക്ക് ഋഷികേശ് രണ്ട് മൂന്ന് ഏലക്കതരികൾ വെച്ചുകൊടുത്തു. അത് അദ്ദേഹം വായിലേക്കിട്ടു. കൈലാസനാഥ് അദ്ദേഹത്തിന്‍റെ ചോദ്യത്തിന് മറുപടി നൽകി.
“തിരിച്ചറിയുക ഉണ്ടായില്ല. പക്ഷേ അപകടസ്ഥലത്തുനിന്ന് ഒരു മുക്കാൽ ഭാഗത്തോളം കരിഞ്ഞ ലതർബാഗിന്‍റെ അവശിഷ്ടം ലഭിക്കുകയുണ്ടായി. അതിന്‍റെ ഉള്ളിൽ കുരുങ്ങിയ ഒരു സ്വർണ്ണമാലയും ഉണ്ടായിരുന്നു. അത് തന്‍റേതല്ല എന്നാണ് അതിരഥ് പറയുന്നത്.”
“നമുക്ക് അവനെ നേരിട്ട് കാണാം.”
സൂര്യവംശി എഴുന്നേറ്റു. ഋിഷികേശ് ഒരു ചെറിയ ബാഗ് കയ്യിലെടുത്തു.
“ഇപ്പോൾ അത് വേണ്ട ഋഷി.” സൂര്യവംശി തടഞ്ഞു. അവർ പുറത്തിറങ്ങി ലിഫ്റ്റിനു നേരെ നടന്നു.
പതിനേഴാം നിലയിലെ ഏഴാം നമ്പർ സ്യൂട്ട് ആയിരുന്നു അവരുടെ ലക്ഷ്യം. വാതിക്കൽ നിന്നിരുന്ന രണ്ട് പേലീസുകാരിൽ ഒരാൾ ലോക്ക് തുറന്നു മെയിൻ വാതിൽ തുറന്നു. അതിനപ്പുറം കനത്ത ഇരുമ്പ് കമ്പികളാൽ പണിത ഒരു ഉരുക്ക് വാതിൽ കൂടി ഉണ്ടായിരുന്നു. അതും തുറന്ന് അവർ അകത്തേക്ക് നടന്നു. രണ്ട് സെക്കന്‍റ് പുറത്ത് നിന്ന ശേഷം സൂര്യവംശി അകത്തേക്ക് ചുവടു വച്ചു.
പെട്ടെന്ന് നൂറായിരം കടവാതിൽ പക്ഷികൾ ഒന്നിച്ച് പറന്നകലുന്ന ചിറകടിയൊച്ചകൾ ഭയാനകമായി അവിടെ മുഴങ്ങി പതിയെ ഇല്ലാതായി. എല്ലാവരും കൈകൾ തലയിൽ വെച്ച് താഴെ ഇരുന്നുപോയി. പക്ഷേ അപ്പോഴും കട്ടിലിൽ കിടക്കുന്ന ആൾ ഒരു അനക്കവും ഇല്ലാതെ അതേപടി ഇളംനീല പുതപ്പിനുള്ളിൽ സുഖനിദ്രയിലാണ്.
“ഇതെന്താ എല്ലാവരും താഴെ ഇരുന്നത്. ഭയപ്പെട്ടുപോയോ? സാരമില്ല നമ്മൾ അഥവാ ഞാൻ വന്നത് അവർക്ക് അലോഹ്യമായിക്കാണും. അതാണ് പുറത്തേക്ക് മാറിയത്.”
കട്ടിലിനടുത്തേക്ക് കസേര നീക്കിയിട്ട് സൂര്യവംശി അതിലേക്കിരുന്നു.
“ഇത് ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു അനുഭവം. എന്തായിരുന്നു ആ ശബ്ദം?”
അപ്പോഴേക്ക് കൈലാസ നാഥ് തന്‍റെ റിവോൾവർ പുറത്തെടുത്തു കഴിഞ്ഞിരുന്നു. കിടക്കുന്ന ആൾക്ക് കാവൽ നിന്ന നാലു പട്ടാളക്കാരും അലേർട്ടായി.
“ലഫ്റ്റനന്‍റ് അത് വിട്ടുകളയൂ. ഇനിയും നമ്മുടെ വിഷയം ഈ കിടക്കുന്ന അത്ഭുതമനുഷ്യനാണ്. അദ്ദേഹത്തെ ഉണർത്തു.”
കാവൽക്കാരിലൊരാൾ പതിയെ മുന്നോട്ട് വന്ന് കിടക്കയിലേക്ക് കുനിഞ്ഞു.
“ഹലോ മൽഹോത്ര… അതിരഥ് മൽഹോത്ര താങ്കൾക്ക് വിസിറ്റർ ഉണ്ട്. എഴുന്നേൽക്കൂ.”
അയാൾ പുതപ്പ് നീക്കി ചുറ്റും നോക്കി. പിന്നെ ആർത്തനാദത്തോടെ സുര്യവംശിയെ തുറിച്ച് നോക്കി എഴുന്നേറ്റ് ഓടാൻ ശ്രമിച്ചു. വലത് കൈയും കട്ടിലുമായി ഘടിപ്പിച്ച ഇരുമ്പ് ചങ്ങലയും കൂടെ ഒന്ന് തേങ്ങിക്കരഞ്ഞു.”
“തും കോൻ ഹെ? ജാവോ ഇഥർസേ ജാവോ” അതിരഥ് അലറി.
“യു.. .യു ആർ എ ഡെവിൾ… ഓഫീസേർസ്… ദിസ് മാൻ ഈസ് എ ഡെവിൾ..”
അകത്തെ മുറികളിൽ ഒന്നിൽ നിന്നും ഇറങ്ങിവന്ന ഡോക്‌ടർ റോബർട്ട് ഡിസൂസ പെട്ടെന്ന് മൽഹോത്രയുടെ അടുത്തെത്തി.
“ഡോണ്ട് വറി മൽഹോത്ര… ഹി ഈസ് ഓൾസോ എ ഡോക്ടർ… ഫ്രം കേരള… ഔർ ഫ്രണ്ട്. സൂര്യവംശി.”
അത്രയും സമയം മൽഹോത്രയുടെ രൂപഭാവങ്ങൾ ശ്രദ്ധിച്ചിരുന്ന സൂര്യവംശി തന്‍റെ വലത് കൈയുടെ തള്ളവിരൽ ഉയർത്തി മൽഹോത്രയുടെ തടിച്ച പുരികങ്ങളുടെ ഇടയിൽ മൃദുവായി അമർത്തി. പക്ഷേ അയാൾ കിടന്നു നിലവിളിച്ചു.
“മൽഹോത്ര… നിങ്ങളെ ഞാൻ അഗസ്ത്യൻ എന്ന് വിളിച്ചോട്ടെ.”
മൽഹോത്രക്കൊപ്പം ഓഫീസേർസും അമ്പരന്നു. ഇതേതാണ് പുതിയ കഥാപാത്രം അഗസ്ത‌്യൻ… സൂര്യവംശി തുടർന്നു.
“അഗസ്ത്യൻ, താങ്കൾ വടക്കൻ കേരളത്തിലെ സ്നേഹധാര എന്ന ഹിന്ദുമതപഠനശാലയിൽ ഹിന്ദുമതവും വേദങ്ങളും ഐതീഹ്യങ്ങളും പഠിക്കാനായി മൂന്ന് വർഷങ്ങൾ ചിലവഴിച്ചിരുന്നു.”
അതിരഥന്‍റെ കണ്ണുകൾ പറയുകയാണ്. “ഐ ഡോൺട് നൊ ഹു ഈസ് അഗസ്ത്യൻ.”
സൂര്യവംശിയുടെ മുഖത്ത് കള്ളച്ചിരി വിടർന്നു.
“ഓകെ… നിങ്ങൾ അഗസ്ത്യനെ അറിയില്ല. പക്ഷേ റഹ്‌മത്തുള്ള അബിബിനെ അറിയുമോ… രാമേശ്വരം ക്ഷേത്രത്തിൽ വച്ച് അഗസ്ത്യന് ഹിന്ദു ദീക്ഷ നൽകുന്നതിന് മുമ്പ് ഗുരു ബ്രഹ്‌മാസ്‌മിയെ തേടിവന്ന കച്ച് സ്വദേശി റഹ്മത്തുള്ള അബീബ്… അറിയുമോ.”
മൽഹോത്ര സ്വതന്ത്രമായിരുന്ന തന്‍റെ ഇടത്ത് കൈ കൊണ്ട് സൂര്യവംശിയെ ആക്രമിക്കാൻ തുനിഞ്ഞു. പെട്ടെന്ന് പട്ടാളക്കാർ ചാടിവീണു.
(തുടരും)





