ബംഗാളിനും രാജ്യത്തിനും വേണ്ടി അഭിമാന നേട്ടങ്ങൾ കൈവരിക്കാനുള്ള തീവ്രശ്രമത്തിലാണ് സിൻഡ്രല്ല. ഇത്തവണ അടുത്ത ഒളിമ്പിക്‌സിൽ സ്വർണ്ണ മെഡൽ നേടുക എന്നതാണ് സിൻഡ്രല്ലയുടെ ലക്ഷ്യം.
എങ്ങനെയായിരുന്നു ടേബിൾ ടെന്നീസിലേക്കുള്ള കടന്നു വരവ്?
നാലു വയസ്സുള്ളപ്പോഴാണ് ഞാൻ ആദ്യമായി ടേബിൾ ടെന്നീസ് റാക്കറ്റ് പിടിക്കുന്നത്. എന്‍റെ അച്ഛന് ടേബിൾ ടെന്നീസ് ബാറ്റ് ഉണ്ടായിരുന്നു. അത് ഉപയോഗിച്ച് കളിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. മണിക്കൂറുകളോളം ചുവരിൽ പന്ത് അടിച്ചു കളിച്ചിരുന്നു. അങ്ങനെയായിരുന്നു പരിശീലനത്തിന്‍റെ തുടക്കം. പിന്നീട് എന്‍റെ മാതാപിതാക്കൾ എന്നെ ഒരു പ്രാദേശിക ടേബിൾ ടെന്നീസ് ക്ലബ്ബിൽ ചേർത്തു. നീന്തൽ, പെയിന്‍റിംഗ്, പാട്ട്, നൃത്തം എന്നിവയ്ക്കൊപ്പം, ടേബിൾ ടെന്നീസും പരിശീലിച്ചു. എട്ട് വയസ്സുള്ളപ്പോൾ പ്രാദേശിക ടേബിൾ ടെന്നീസ് ടൂർണമെന്‍റിൽ പങ്കെടുക്കുകയും ചാമ്പ്യനാകുകയും ചെയ്‌തു. കുട്ടികളുടെ ടൂർണമെന്‍റായതിനാൽ ലിംഗ വ്യത്യാസം ഉണ്ടായിരുന്നില്ല. ഞാൻ ആൺകുട്ടികളോടും പെൺകുട്ടികളോടും മത്സരിച്ചു. ആ ടൂർണമെന്‍റ് അക്ഷരാർത്ഥത്തിൽ എന്‍റെ ജീവിതം മാറ്റിമറിക്കുകയായിരുന്നു.
സ്പോർട്സ് കരിയർ ആരംഭിക്കാൻ പ്രേരിപ്പിച്ച ഘടകം?
പരിശീലകരായ സൗമ്യദീപ് റോയ് സാറിന്‍റെയും പാത്മി ഘട്ടക്കിന്‍റെയും കീഴിൽ 9 വയസ്സുള്ളപ്പോഴാണ് ഞാൻ പരിശീലനം ആരംഭിക്കുന്നത്. അവരുടെ പരിശീലനം എന്‍റെ ടേബിൾ ടെന്നീസ് യാത്രയിൽ വഴിത്തിരിവായി. അവരുടെ പ്രോത്സാഹനവും മാർഗനിർദേശവും പോസിറ്റീവ് മനോഭാവവുമൊക്കെ എന്‍റെ ആത്മവിശ്വാസത്തെ ശക്തിപ്പെടുത്തി. പ്രൊഫഷണൽ അത്ലറ്റ് ആകണമെന്ന ആഗ്രഹം അങ്ങനെയാണ് മനസിലുദിക്കുന്നത്. എന്നിലുള്ള അവരുടെ വിശ്വാസം സ്വപ്നങ്ങൾ കാണാനും കായികരംഗത്ത് എന്നെത്തന്നെ പൂർണ്ണമായും സമർപ്പിക്കാനുമുള്ള ആത്മവിശ്വാസം നൽകി. അന്താരാഷ്ട്ര പരിശീലകൻ വാങ്‌മന്യു ഇപ്പോൾ എന്‍റെ ഗുരുക്കന്മാരിൽ ഒരാളാണ്.
എങ്ങനെയാണ് കായിക ലോകത്ത് നേട്ടങ്ങൾ കൈവരിച്ചത്?
ലോക ടേബിൾ ടെന്നീസ് യൂത്ത് ഇവന്‍റുകളിൽ നിരവധി തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര തലത്തിൽ 7 സ്വർണ്ണം, 8 വെള്ളി, 7 വെങ്കലം എന്നിവ നേടിയിട്ടുണ്ട്. അടുത്തിടെ കാഠ്മണ്ഡുവിൽ നടന്ന ദക്ഷിണേഷ്യൻ റീജിയണൽ ചാമ്പ്യൻ ഷിപ്പിൽ സീനിയർ ടീം ഇനത്തിൽ ടീം ഇന്ത്യയ്ക്കായി സ്വർണ്ണ മെഡലും നേടി. ആഭ്യന്തര സർക്യൂട്ടിൽ ദേശീയ റാങ്കിംഗ് ഇവന്‍റുകളിൽ നിരവധി പോഡിയം ഫിനിഷുകൾ നേടി സ്‌ഥിരമായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. “അണ്ടർ 17 ഗേൾസ് സിംഗിൾസിൽ 2023 ദേശീയ ചാമ്പ്യനായി. സീനിയർ നാഷണൽസിൽ 2024 വെങ്കല മെഡൽ നേടി. വർഷത്തിലെ ഏറ്റവും മികച്ച “മാസ്‌റ്റർ ഡിവേൾഡ് ട്രോഫിയും എനിക്ക് ലഭിച്ചു. അടുത്തിടെ “കൽക്കട്ട ജേണലിസ്‌റ്റ് ക്ലബ്” എനിക്ക് വെള്ളി മെഡൽ നൽകി.
നിലവിൽ “അണ്ടർ 17”, “അണ്ടർ 19” പെൺകുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തും വനിതാ വിഭാഗത്തിൽ ഒമ്പതാം സ്‌ഥാനത്തും ആണ് ഞാൻ. അന്താരാഷ്ട്ര തലത്തിൽ എന്‍റെ ലോക റാങ്കിംഗ് 15 (അണ്ടർ 17 സ്ത്രീകൾ) 25 (അണ്ടർ 19 സ്ത്രീകൾ) 182 (സ്ത്രീകൾ) എന്നിങ്ങനെയാണ്.
വെല്ലുവിളികൾ നേരിട്ടിട്ടുണ്ടോ?
ഏതൊരു കായികതാരത്തെ സംബന്ധിച്ച് കഠിനമായ പോരാട്ടം എപ്പോഴും കളിക്കളത്തിലല്ല സംഭവിക്കുന്നത് മറിച്ച് പരിക്കുകളിൽ നിന്ന് കരകയറുന്നതിലാണ്. വളരെ ചെറുപ്പത്തിൽ തന്നെ എനിക്ക് ഇത് അനുഭവപ്പെട്ടിട്ടുണ്ട്. 11 വയസ്സുള്ളപ്പോൾ ഒരു ഫിറ്റ്നസ്സ് സെഷനിൽ എന്‍റെ വലതു കൈത്തണ്ട ഒടിഞ്ഞു. ശാരീരികമായി മാത്രമല്ല മാനസികമായും അസ്വസ്‌ഥതയും ഉത്കണ്ഠയും നിസ്സഹായതയും തോന്നി. എന്നാൽ ആ ഘട്ടം ക്ഷമയുടേയും സ്ഥിരോത്സാഹത്തിന്‍റെയും തിരിച്ചടിയുടേയും പ്രാധാന്യം എന്നെ പഠിപ്പിച്ചു. ഇന്നും ചെറിയ പരിക്കുകൾ എന്നെ പരീക്ഷിക്കാറുണ്ട്. മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാൻ ചിലപ്പോൾ എനിക്ക് മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോകേണ്ടിവരും. അത്തരം നിമിഷങ്ങളിൽ തിരിച്ചടികൾ താൽക്കാലികമാണെന്ന് ഞാൻ എന്നെത്തന്നെ ഓർമ്മിപ്പിക്കുന്നു. പക്ഷേ അവയെ മറികടക്കാനുള്ള ഇച്ഛാശക്തി എന്നെ ശക്തയും ശുഭാപ്തി വിശ്വാസിക്കാരിയുമാക്കി.
അന്താരാഷ്ട്ര തലത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് പതിവായി അന്താരാഷ്ട്ര പ്രകടനങ്ങൾ നടത്തേണ്ടതിന്‍റെ ആവശ്യകതയാണ് കരിയറിൽ നേരിടുന്ന ഏറ്റവും വലിയ സമ്മർദ്ദം. സാമ്പത്തികമായി അത് വെല്ലുവിളി നിറഞ്ഞതാണ്. ദുഷ്‌കരമായ അത്തരം സമയങ്ങളിൽ ധനുക്ക ധൻസേരി ഗ്രൂപ്പിലെ സി കെ ധനുക്ക മുന്നോട്ട് വന്ന് എന്നെ സഹായിച്ചിട്ടുണ്ട്. ഓസ്ട്രിയയിലേക്ക് ഉന്നത പരിശീലനത്തിനായി പോകാനായാലും അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനായാലും ഏറ്റവും പുതിയ പരിശീലന ഉപകരണങ്ങൾ വാങ്ങാനായാലും ധനുക്ക സർ എല്ലാ ക്രമീകരണങ്ങളും ചെയ്തു തരാറുണ്ട്. ഇപ്പോൾ ഒ.ജി ക്യൂ (ഒളിമ്പിക് ഗോൾഡ് ക്വസ്റ്റ്)യെക്കുറിച്ച് എനിക്ക് കൂടുതൽ ആത്മവി ശ്വാസം തോന്നുന്നു. എന്‍റെ സ്വപ്നത്തിലേക്ക് അടുക്കാൻ എന്നെ സഹായിക്കുന്നതിൽ ധനുക്ക സർ, ഒ.ജി.ക്യു എന്നിവർ നിർണായക പങ്ക് വഹിക്കുന്നു.
ഭാവിയിൽ ലക്ഷമിടുന്ന കാര്യങ്ങൾ എന്തെല്ലാമാണ്?
ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടുക എന്നതാണ് ഏറ്റവും വലിയ സ്വപ്നം. പക്ഷേ പടിപടിയായി ആ ലക്ഷ്യത്തിലെത്തുക എന്നതാണ് ആദ്യ ലക്ഷ്യം. യൂത്ത് ഏഷ്യൻ ഗെയിംസ്, ഐടിടിഎഫ് യൂത്ത് വേൾഡ് ചാമ്പ്യൻ ഷിപ്പ്, യൂത്ത് ഒളിമ്പിക്സ് എന്നിവയിൽ മെഡലുകൾ നേടണം. അതിനുശേഷം ഏഷ്യൻ ഗെയിംസിലും ഒളിമ്പിക് ഗെയിംസിലും പോഡിയം ഫിനിഷുകൾ നേടുക. ഒടുവിൽ ലോകത്തിലെ ഒന്നാം നമ്പർ ആകുക. അതോടൊപ്പം കഴിയുന്നത് തവണ സീനിയർ ദേശീയ ചാമ്പ്യനാകാനും ഞാൻ ആഗ്രഹിക്കുന്നു.
വരാനിരിക്കുന്ന ടൂർണമെന്‍റുകൾ ഏതൊക്കെയാണ്?
ആഭ്യന്തര തലത്തിലുള്ള ദേശീയ ചാമ്പ്യൻഷിപ്പുകൾക്കൊപ്പം നാല് ദേശീയ റാങ്കിംഗ് ടൂർണമെന്‍റുകളിലും പങ്കെടുക്കുന്നുണ്ട്. അണ്ടർ-17, അണ്ടർ -19, വനിതാ ടീം എന്നീ മൂന്ന് വിഭാഗങ്ങളിലും പങ്കെടുക്കണം. അന്താരാഷ്ട്ര ഷെഡ്യൂളിനെ സംബന്ധിച്ചിടത്തോളം, അമേരിക്കയിലും ബഹ്റിനിൽ നടക്കുന്ന ഗെയിംസിലും പങ്കെടുക്കണം. നവംബർ അവസാനം റൊമാനിയയിൽ നടക്കുന്ന ലോക യൂത്ത് ചാമ്പ്യൻഷിപ്പോടെ വർഷം അവസാനിക്കും. ആഭ്യന്തര കലണ്ടർ അനുസരിച്ച് ഒക്ടോബർ മധ്യത്തിൽ മോണ്ടിനെഗ്രോയിൽ നടക്കുന്ന രണ്ട് ഡബ്യൂറ്റിറ്റി ഇവന്‍റുകളുമുണ്ട്.
കായികരംഗത്തേക്ക് കടന്നുവരുന്ന കുട്ടികൾക്ക് നൽകുന്ന സന്ദേശം?
വിജയം ഒറ്റ രാത്രി കൊണ്ട് സംഭവിക്കുന്നതല്ല. മറ്റുള്ളവർ വിശ്രമിക്കുമ്പോൾ നിങ്ങൾ പരിശീലനത്തിനായി ചെലവഴിക്കുന്ന മണിക്കൂറുകൾക്ക് നിങ്ങളെ സ്വപ്ന ലക്ഷ്യങ്ങളിലേക്ക് നയിക്കാൻ കഴിയും. മെഡൽ നേടുക മാത്രമല്ല ഒരു കായിക പ്രേമിയാകുക. എന്നാൽ പരാജയം അവസാനമല്ലെന്ന് ഓർമ്മിക്കുക. പരാജയം നിങ്ങളെ ശക്തരാക്കുന്ന പാഠങ്ങൾ പഠിപ്പിക്കുന്നു. സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുക എന്നതാണ് ഏറ്റവും വലിയ ബഹുമതി. ഓരോ പരിശീലന സെഷനും ആ സ്വപ്നത്തിലേക്കുള്ള ചുവടുവയ്പ്പാണ്. സ്പോർട്‌സിന് വ്യക്തിത്വം വളർത്താനും വിജയത്തെയും പരാജയത്തെയും പോസിറ്റീവായി സ്വീകരിക്കാൻ പഠിപ്പിക്കാനും കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ മുന്നോട്ട് പോകുക, അച്ചടക്കം പാലിക്കുക. സ്വയം വിശ്വസിക്കുക. കൂടാതെ മറ്റുള്ളവരെയും പ്രചോദിപ്പിക്കുക.
മാതാപിതാക്കളുടെ പിന്തുണയെപ്പറ്റി പറയാമോ?
എന്‍റെ ഏറ്റവും വലിയ ശക്തി മാതാപിതാക്കളാണ്. തുടക്കം മുതൽ തന്നെ അവർ എന്‍റെ സ്വപ്നങ്ങളെ വിശ്വസിക്കുകയും സാധ്യമായ എല്ലാ വഴികളിലും എന്നെ പിന്തുണയ്ക്കുകയും ചെയ്തു. കഠിനമായ സമയങ്ങളിൽ പോലും അത് ഒരു പരിക്കാണെങ്കിൽ അല്ലെങ്കിൽ പഠനവുമായി ബന്ധപ്പെട്ട കാര്യമാണെങ്കിൽ കൂടിയും അതിനെ സന്തുലിതമായ നിലയിൽ കൊണ്ടുപോകാൻ അവർ എപ്പോഴും എന്‍റെ കൂടെ നിന്നു. എന്നെ പ്രചോദിപ്പിച്ചു. ഒരിക്കലും ഒറ്റയ്ക്കാവാൻ അനുവദിച്ചില്ല. ഇതുവരെ ഞാൻ നേടിയതെല്ലാം മാതാപിതാക്കളുടെ നിരന്തരമായ ത്യാഗം, പ്രോത്സാഹനം, നിരുപാധിക സ്നേഹം എന്നിവ മൂലമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
പഠനവും കളിയും എങ്ങനെയാണ് ഒരുമിച്ച് കൊണ്ടു പോകുന്നത്?
എട്ടാം ക്ലാസ് വരെ ടേബിൾ ടെന്നീസ് പരിശീലനത്തോടൊപ്പം ഞാൻ പതിവായി സ്‌കൂളിൽ പോയിരുന്നു. എന്നാൽ എന്‍റെ കളിയുടെ നിലവാരം കൂടിയപ്പോൾ രണ്ടും തമ്മിലുള്ള സന്തുലിതാവസ്‌ഥ നിലനിർത്തുന്നത് വലിയ ബുദ്ധിമുട്ടായി മാറി. എന്നിരുന്നാലും വിദ്യാഭ്യാസം ഒരുപോലെ പ്രധാനമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നതിനാൽ ടൈം മാനേജ്മെന്‍റിലൂടെയാണ് എല്ലാം കൈകാര്യം ചെയ്യുന്നത്. ഞാൻ ഇപ്പോൾ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ഇഷ്ടഭക്ഷണം, സൗഹൃദം?
എനിക്ക് ഫുച്ക്കാ (പാനിപ്പൂരി ഗോൾഗപ്പ) കഴിക്കാൻ ഇഷ്ടമാണ്. അതുപോലെ ഗ്രേവി ചിക്കനും ചിക്കൻ സ്റ്റ്യൂവും. പക്ഷേ കൂടുതലും വേവിച്ച പച്ചക്കറികളാണ് കഴിക്കുന്നത്. പരിശീലന സമയത്ത് മുട്ട, വാഴപ്പഴം, ഡ്രൈ ഫ്രൂട്‌സ് എന്നിവ കഴിക്കാറുണ്ട്. ആഗ്രഹമുണ്ടെങ്കിൽ പോലും കൂട്ടുകാരുമായി സമയം ചെലവഴിക്കാൻ സാധിക്കാറില്ല. സമയ പരിമിതിയാണ് പ്രശ്നം.
ദേശീയ നേട്ടങ്ങൾ
2025
ദേശീയ റാങ്കിംഗ് ടൂർണമെന്‍റ് വഡോദര: U-17 ഗേൾസ് സിംഗിൾസിൽ സ്വർണ്ണം, U-19 ഗേൾസ് സിംഗിൾസിൽ സ്വർണ്ണം
2024- 2025
ജൂനിയർ, യുത്ത് നാഷണൽ: U-19 പെൺകുട്ടികളുടെ ടീം മത്സരം -സ്വർണം
ദേശീയ റാങ്കിംഗ് ടൂർണമെന്‍റ്, ബംഗ്ലൂരു: U-17 ഗേൾസ് സിംഗിൾസ്- സ്വർണ്ണം, U-19 ഗേൾസ് സിംഗിൾസ്- വെങ്കലം,
ദേശിയ റാങ്കിംഗ് ടൂർണമെന്‍റ്, ഗോവ: U-17 പെൺകുട്ടികളുടെ സിംഗിൾസ്-സ്വർണ്ണം
ദേശീയ റാങ്കിംഗ് ടൂർണമെന്‍റ്, തിരുവനന്തപുരം: U-17 ഗേൾസ് സിംഗിൾസ്-സ്വർണ്ണം, U-19 ഗേൾസ് സിംഗിൾസ്- സ്വർണ്ണം
സീനിയർ നാഷണൽ: വനിതാ സിംഗിൾസ്
2023-2024
ജൂനിയർ ആന്‍റ് യൂത്ത് നാഷണൽസ്: U-17 ഗേൾസിംഗിൾസ്- സ്വർണ്ണം, U-19 ഗേൾസ് ഡബിൾസ്- വെള്ളി
ദേശീയ റാങ്കിംഗ് ടൂർണമെന്‍റ്, ഹൈദരാബാദ്: U-15 പെൺകുട്ടികളുടെ സിംഗിൾസ്-സ്വർണ്ണം
ദേശീയ റാങ്കിംഗ് ടൂർണമെന്‍റ്, പഞ്ചകുല: U-15 പെൺകുട്ടികളുടെ സിംഗിൾസ്- സ്വർണ്ണം
ദേശീയ റാങ്കിംഗ് ടൂർണമെന്‍റ്, വഡോദര: U-15 ഗേൾസ് സിംഗിൾസ്- സ്വർണ്ണം, U-17 ഗേൾസ് സിംഗിൾസ്- സ്വർണ്ണം, U-19 ഗേൾസ് സിംഗിൾസ്- സ്വർണ്ണം
ദേശീയ റാങ്കിംഗ് ടൂർണമെന്‍റ്, വിജയവാഡ: U-17 പെൺകുട്ടികളുടെ സിംഗിൾസിൽ -സ്വർണ്ണം
അന്താരാഷ്ട്ര നേട്ടങ്ങൾ
2025
ദക്ഷിണേഷ്യൻ മേഖലാ ചാമ്പ്യൻഷിപ്പ്, കാഠ്മണ്ഡു: സീനിയർ ടീം- സ്വർണ്ണം
WTT യംഗ് കണ്ടൻഡേഴ്‌സ്, മെറ്റ്സ്: U-17 ഗേൾസ് സിംഗിൾസ്- വെള്ളി
WTT യംഗ് കണ്ടൻഡേഴ്‌സ്, പ്രിസ്റ്റിന: LU-17 ഗേൾസ് സിംഗിൾ- വെങ്കലം, U-19 ഗേൾസ് ഡബിൾസ്- വെള്ളി
2024
WTT യൂത്ത് കണ്ടൻഡേഴ്‌സ്, ദാമൻ: U-15 ഗേൾസ് സിംഗിൾസ്- വെങ്കലം, U-17 ഗേൾസ് സിംഗിൾ-വെള്ളി
WTT യൂത്ത് കണ്ടൻഡേഴ്സ്‌സ്, ലിഗ്നാനോ, ഇറ്റലി: LU-15 ഗേൾസ് സിംഗിൾസ്- സ്വർണ്ണം, U-17 ഗേൾസ് സിംഗിൾസ്- വെങ്കലം
WTT യൂത്ത് കണ്ടൻഡേഴ്സ്‌സ്, സ്‌റ്റോംബലേലി- U-17 പെൺകുട്ടികളുടെ സിംഗിൾസ്- വെങ്കലം
WTT യൂത്ത് കണ്ടൻഡേഴ്സ്‌സ്, ദോഹ: U-19 ഗേൾസ് സിംഗിൾസ്- വെങ്കലം, U-15 ഗേൾസ് ഡബിൾസ്- വെള്ളി, U-15 മിക്സഡ് ഡബിൾസ്- വെള്ളി
സൗത്ത് ഏഷ്യൻ യുത്ത് ടേബിൾ ടെന്നീ സ് ചാമ്പ്യൻഷിപ്പ്, ശ്രീലങ്ക: U-15 ഗേൾസ് സിംഗിൾസ്- സ്വർണ്ണം, U-15 ഗേൾസ് ടീം- സ്വർണ്ണം, U-15 മിക്സഡ് ഡബിൾസ്- സ്വർണ്ണം
WTT യൂത്ത് കണ്ടൻഡേഴ്സ്‌സ്, അൾജീരിയ: U-15 പെൺകുട്ടികളുടെ സിംഗിൾ സ്- സ്വർണ്ണം, U-17 മിക്സഡ് ഡബിൾസ്- വെങ്കലം
യൂത്ത് കണ്ടൻഡേഴ്സ്‌സ്, ലിമ: U-15 ഗേൾസ് സിംഗിൾസ്- വെള്ളി, U-15 ഗേൾസ് ഡബിൾസ്- വെള്ളി, U-15 മിക്സഡ് ഡബിൾസ്- സ്വർണ്ണം
WTT യൂത്ത് കണ്ടൻഡേഴ്സ്‌സ്, ടുണീഷ്യ: U-15 പെൺകുട്ടികളുടെ സിംഗിൾസ്- വെള്ളി





