ഷീനാമ്മ കണ്ണാടിയിൽ കണ്ട തന്‍റെ പ്രതിരൂപത്തെ ചാഞ്ഞും ചെരിഞ്ഞും നോക്കി. ശരീരഭംഗിക്ക് അൽപം ഉടവുതട്ടിയിട്ടുണ്ട്. ഈയിടെയായി രാവിലെ എണീറ്റുള്ള നടക്കാൻ പോക്കങ്ങു കുറഞ്ഞു. രാവിലെ മഴയാണേൽ പിന്നെ പറയുവേം വേണ്ട. നടുവേദന വിടാതെ പിന്തുടരുന്നത് കൊണ്ട് മുറ്റമടിക്കാൻ മാത്രം ഒരാളെ അടുത്തിടെ കുര്യച്ചായൻ ഏർപ്പാടാക്കിയിരുന്നു. “സൂസന്ന” അല്ലറ ചില്ലറ പണിയും ജാതിക്കാ പെറുക്കും ഒക്കെ കഴിഞ്ഞു വീട്ടിൽ പോകുമ്പോൾ കൂടുതലുള്ള വിഭവത്തിന്‍റെ ഒരു പങ്ക് കൊടുത്തു വിടും. ഇവിടെ വിശേഷാൽ എന്തെങ്കിലുമാണേൽ മാത്രം.

ചിക്കൻ 65 ആണ് ഷീന അസ്സലായി ഉണ്ടാക്കാറുള്ളത്. ആ കൈപ്പുണ്യം ഒന്ന് വേറെ തന്നെയാണ്. അതിൽ ഒരു പങ്ക് അടുത്ത വീട്ടിലെ ജയന്തിക്ക് കൊടുത്തിട്ടേ അവർ കഴിക്കൂ. അവിടുത്തെ കുഞ്ഞുങ്ങൾക്ക് കൊടുത്തില്ലേൽ എന്ത് വിചാരിക്കുന്നൊരു തോന്നൽ. റയാൻ മോനിവിടെ ഉണ്ടെങ്കിൽ എന്നും പരാതിയാ അവന്. “ഈയമ്മ ഉണ്ടാക്കുന്നത് അയാലോക്കക്കാർക്ക് വേണ്ടിയാണോ അതോ ഇവിടെ ഉള്ളോർക്കാണോന്ന്. പിള്ളേരില്ലാത്തപ്പോ മിച്ചം വരുന്നത് കേറിയും ഇറങ്ങിയും താൻ തന്നെ കഴിച്ചു തീർക്കും.

അഞ്ചു കിലോയാ ഇപ്പോൾ തൂക്കം കൂടിയത്. ഈ മാസം നാലു കല്യാണം, രണ്ടു മാമോദീസ, ഒരു കേറിത്താമസം എന്നിവ വന്നു. നല്ല സുഖമായിട്ടങ്ങു കഴിച്ചു. ഇന്നലെ ലാബിൽ പോയി നോക്കിയപ്പോ ആകെ അന്ധാളിച്ചു പോയി. എത്രയാ കൊളസ്ട്രോൾ കൂടിയത്. പരി പാടിക്ക് പോയാൽ അതിനു വിളിച്ചവരു ടെ കാശ് വെറുതെ കളയണ്ടല്ലോ എന്നോർത്ത് മൂക്കു മുട്ടെ കഴിക്കും, അതിപ്പോ ഇങ്ങനേമായി.

മുറ്റമടിച്ചു കയറി വന്ന സൂസന്നയെ ആദ്യമായി കാണുന്ന പോലെ ഷീന നോക്കിപ്പോയി. തെല്ലും ദുർമ്മേദസ്സില്ല. രണ്ടു വീട്ടിലെ പണി ചെയ്തും തൊഴിലുറപ്പിനു പോയുമൊക്കെ ഭർത്താവില്ലാത്ത കുറവറിയിക്കാതെ മക്കളെപ്പോറ്റുന്നു.

“എന്താ ചേച്ചി… ഇങ്ങനെ മിഴിച്ചു നോക്കുന്നേ?” ചിന്തയിൽ നിന്നുണർന്ന് പെട്ടെന്ന് സ്‌ഥലകാല ബോധം വണ്ടെടുത്തു.

“ഞാനേ… എന്തൊക്കെയോ ഓർത്തിരുന്നു പോയി സൂസേ. എത്ര പെട്ടെന്നാ സമയം കടന്നു പോയത്. ഇച്ചിരി വ്യായാമം ഒക്കെ ചെയ്യണോന്നു ഞാൻ എന്നും ഓർക്കും. കുര്യച്ചായനാണേൽ എന്നും രാവിലെ നടക്കാൻ പോകും അങ്ങേര് നാൾ കഴിയും തോറും ചെറുപ്പമായി വരുന്നു. അപ്പുറത്തെ ജയന്തി ഏതാണ്ട് “സുംബ” ഡാൻസ് ഒക്കെ കളിക്കാൻ പോകും. എന്നേം വിളിച്ചതാന്നേ. ഈ തടീം വെച്ച് എനിക്ക് പത്തടി നടക്കാൻ പോലും പറ്റില്ല പിന്നാ.”

“അതൊക്കെ വെറുതെ തോന്നുവാ ചേച്ചി. വിചാരിച്ചാൽ എല്ലാം നടക്കും. ഞാൻ അപ്പോൾ പത്താം തരം തുല്യതാ പരീക്ഷ എഴുതാൻ പോവാ. അന്ന് പത്തിൽ തോറ്റേപ്പിന്നെ മടിയായിരുന്നു. ഇച്ചിരി ശമ്പളം കൂട്ടിക്കിട്ടുന്ന ഏതു പണിയും ചെയ്യാൻ എനിക്ക് മനസ്സുണ്ട്. രാവിലെയും വൈകുന്നേരവും ഇവിടെയും വരുന്നുണ്ട്. ചേച്ചി ജയന്തിയുടെ കൂടെ രണ്ടു ദിവസം പോയി നോക്കിക്കേ. ആദ്യം ഉള്ള ഈ ബുദ്ധിമുട്ടൊക്കെ പമ്പ കടക്കും.” അവളുടെ വാക്കുകൾ പകർന്ന ആത്മവിശ്വാസം ഷീനക്ക് അത്ര ചെറുതായിരുന്നില്ല.

ഡിഗ്രിക്കാരിയായ താൻ എന്തൊരു അലസ ജീവിതമാണ് നയിച്ചത് എന്നോർക്കുമ്പോൾ ഇപ്പോ ഒരുതരം കുറ്റബോധവും. അല്ലെങ്കിലും സൂസന്ന പറയും പാലെ പത്തു കാശ് സ്വന്തമായി ഉണ്ടാക്കുന്നതിന്‍റെ വില ഒന്ന് വേറെ തന്നെ .

ഹെന്ന ചെയ്തിരുന്ന മുടിയിൽ ആദ്യമായ് ഫോണിലെ ഇൻസ്റ്റാ പരസ്യം കണ്ട് തേച്ച ഡൈ ഉണ്ടാക്കിയ പൊല്ലാപ്പ് ചെറുതല്ല. മുഖത്ത് നിറയെ കുരുക്കൾ. ചെന്നിയിലും, നല്ല വേദനയുമുണ്ട്. മരുന്ന് വാങ്ങി മെല്ലെ കുറഞ്ഞു തുടങ്ങി. എന്ത് ചെയ്യാനാ. ആ ഹെന്ന തന്നെ മതിയായിരുന്നു. പുറത്തേക്ക് ഇറങ്ങാനുള്ള മടി ഈയിടെയായി കൂടിയിരിക്കുന്നു. ഇപ്പോൾ ആകെ നര കൂടു കൂട്ടിയ ശിരസ്സ്. അടുത്തിടെ കേടായ അണപ്പല്ലുകളെടുത്തിട്ട് വെപ്പു പല്ലുറപ്പിച്ചു. ഏതാണ്ട് ഇംപ്ലാന്‍റ് ഒക്കെ ഉണ്ടത്രേ. അതിന് പൂത്ത കാശാകും. കെട്ടിയോനോട് ചോദിച്ചാൽ ഒരു പക്ഷേ സമ്മതിച്ചേനെ. പിള്ളേരെ പഠിപ്പിക്കാൻ തന്നെ എത്ര ചെലവാക്കി. ഇനി കെട്ടിക്കണേലോ ജീവിതകാലം മുഴുവൻ കഷ്‌ടപ്പെട്ടത് മുടക്കണം. ആ അതിലല്ലേ ഈ കഷ്ടപ്പാടൊക്കെ, രോഗദുരിതങ്ങൾ വന്ന് അവരെ ബുദ്ധിമുട്ടിക്കാൻ ഇടവരുത്തരുതേ കർത്താവേ എന്നൊരു പ്രാർത്ഥന മാത്രമേ ഉള്ളൂ. ഇൻഷുറൻസ് ഒക്കെ ഉള്ളതാ ആകെ ഒരു ബലം.

ബിസിനസ് ഒക്കെ നഷ്‌ടത്തിലാണ് എന്ന് ഈയിടെയും ഇച്ചായൻ പറയുന്നത് കേട്ടു. ടൗണിലെ പച്ചക്കറികടയിൽ നിന്നുള്ള വരുമാനമല്ലേ ഉള്ളു. പിന്നെ തരക്കെടില്ലാത്ത വീടും ഇച്ചിരി സ്‌ഥലവും. ഭർത്താവിനോട് എല്ലാത്തിനും കൈ നീട്ടണ്ടേ? മൂന്നാല് ദിവസമായി സൂസന്ന വരാഞ്ഞപ്പോ വെറുതെ ഒന്ന് വിളിച്ചു നോക്കി. പനി വന്ന് ഇനി വല്ല കിടപ്പോ മറ്റോ ആണോ?

“ചേച്ചി എന്‍റെ ഒരു കൂട്ടുകാരി വഴി എനിക്ക് ദുബായിൽ ഒരു ഡോക്ടറുടെ വീട്ടിൽ ജോലി കിട്ടി. അതിന്‍റെ ഓരോ ആവശ്യങ്ങൾക്ക് ഓടി നടക്കുവാ ഞാൻ. ഇവിടെ കിടന്നു തുഴയുന്നതിലും ഭേദമാ. തന്നേമല്ല പിള്ളേരൊക്കെ ഹോസ്‌റ്റലിലായ കൊണ്ട് ഒരു സമാധാനം ഉണ്ട്. ഇനി വേറെ ആരെയെങ്കിലും മുറ്റമടിക്കാൻ നോക്കിക്കോ കേട്ടോ.” കുശലാന്വേഷണം ഒക്കെ കഴിഞ്ഞിട്ടും അക്കാര്യത്തിൽ എന്തോ ഒരു തൃപ്ത‌ിക്കുറവ് തോന്നി.

ശ്ശോ… എന്തൊരു കഷ്ടം. നേരത്തെ തന്നെ അവൾ അറിഞ്ഞിട്ടും മനഃപൂർവ്വം എന്നോട് പറയാഞ്ഞതായിരിക്കുമോ? ഓരോരുത്തരുടെ ജീവിതം അവരല്ലേ തീരുമാനിക്കുന്നത് കുറ്റം പറയരുതല്ലോ? കഴിഞ്ഞ ദിവസം ഒരു ഒത്തു കല്യാണം കൂടി വരുന്ന വഴി ടൗണിൽ വെച്ച് പഴയ കൂട്ടുകാരി ലക്ഷ്‌മിക്കുട്ടിയെ കണ്ടു. ബസ്റ്റാൻഡിലേക്ക് നടക്കും വഴിയിൽ കാർ കൊണ്ട് വന്നു നിർത്തി അവൾ ഒരു കടയിൽ കയറാൻ തുടങ്ങുവായിരുന്നു.

എത്ര കാലമായി പരസ്പരം കണ്ടിട്ട്. അവൾക്ക് മനസ്സിലായത് പോലും ഇല്ല. മുഖത്താണെങ്കിൽ ഒരുതരം അവജ്‌ഞ. നമ്മുടെ രൂപവും ഭാവവും സാഹചര്യങ്ങളും എന്നും ഒരേ പോലെ ഇരിക്കില്ലല്ലോ. മൂന്നു വർഷം എത്രയോ ഹൃദയരഹസ്യങ്ങൾ കൈ മാറി ഇരുന്നവരാ. എന്തുമാത്രം സങ്കടം വന്നെന്നോ. സ്വയം പരിചയപ്പെടുത്തേണ്ടി വന്നു.

“ഡീ മോളെ ഞാൻ ഷീനാ വില്ല്യംസ്. കോളേജിൽ ഒപ്പം പഠിച്ച ഓർമ്മയില്ലേ?”

“ഓ നീയാണോ? എനിക്ക് മനസ്സിലായതേയില്ല കോട്ടോ. ആളാകെ മാറിപ്പോയല്ലോ.” വളരെ പ്രയാസപ്പെട്ട് ഒരു ചിരി വരുത്തി തന്‍റെ കയ്യിൽ പിടിച്ചു.

“ഞാനേ അൽപം തിരക്കിലാ. മോൾ വൈകുന്നേരത്തെ ഫ്ളൈറ്റിനു എബ്രോഡ് പോണു, കാണാട്ടോ” എന്ന് പറഞ്ഞു ഷോപ്പിംഗ് മാളിനുള്ളിലേക്ക് അവൾ ഊളിയിട്ടു. നര കയറിയ ഈ മധ്യവയസ്ക തന്‍റെ സഹപാഠി ആണെന്ന് പറയാനും അംഗീകരിക്കാനും ആയമ്മയ്ക്ക് കുറച്ചിലാവും. ആ പോണൊരു പോട്ടെ… അല്ല പിന്നെ.

വല്ലാണ്ട് വിയർക്കുന്നുണ്ട്. സൂര്യൻ ഉച്ചിയിൽ കത്തി ജ്വലിക്കുന്നു. ബസിൽ കയറിയിരുന്നു ടിക്കറ്റ് എടുത്തു. അത് പുറപ്പെടാൻ ഇനിയും പത്തു മിനിറ്റ് കൂടിയുണ്ട്. കുര്യച്ചൻ വരാഞ്ഞത് കഷ്ടമായി. സാധനം എടുക്കാൻ പോയത് കൊണ്ട് തന്നെ തനിയെ പറഞ്ഞു വിട്ടു. മോളുടെ കൂട്ടുകാരിയുടെ ചേച്ചിയുടെ കല്യാണമാണ് അവൾക്ക് വരാൻ പറ്റില്ലല്ലോ. വിളിച്ചതല്ലേ മമ്മി എങ്കിലും പോയേ പറ്റൂന്ന് നിർബന്ധം അവൾക്ക്. അലസമായി ഇരുന്നു കണ്ണടഞ്ഞു പോയി.

“ഇച്ചിരി നീങ്ങിയിരിക്കൂ…” ഒരു യുവതിയാണ്. അവൾക്ക് ഇടമൊരുക്കിക്കഴിഞ്ഞപ്പോൾ അടുത്ത ചോദ്യം.

“ആന്‍റി ഞാൻ സൈഡിൽ ഇരുന്നോട്ടെ?”

“ഉം” ഒന്ന് മൂളി.

അഴകളവുകൾ തികഞ്ഞ കുട്ടി. ഇരുന്നപാടെ അവൾ ഇയർ പോഡ്സ് ചെവിയിൽ തിരുകി. പിന്നെ ഒന്നും ശ്രദ്ധിക്കാതെ ഫോണിൽ മുഴുകി. ഇപ്പോഴത്തെ യുവതലമുറ പുറം കാഴ്‌ചകൾ ശ്രദ്ധിക്കുന്നേയില്ല. എന്തിന് യുവത്വത്തെ പറയുന്നു? എല്ലാ മനുഷ്യരും ഇപ്പോൾ ഇങ്ങനെ തന്നെ. കേവലം യാന്ത്രികമായ ജീവിതം. മരണ വീട്ടിൽ പോലും അവരുടെ ശ്രദ്ധ മൊബൈൽ ചതുരത്തിൽ ആയിരിക്കും.

ശരീരത്തിന്‍റെ ക്ഷീണം മനസ്സിനെ ബാധിച്ചതിനാലാണോ എന്തോ മെനോപോസ് അവസ്ഥകൾ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. കുറച്ചു സമയം കിട്ടുമ്പോൾ കിടന്നു മയങ്ങാനാണ് തനിക്കിഷ്ടം. മക്കൾ വീട്ടിലില്ലാത്തതിന്‍റെ ശൂന്യത എത്രയോ വലുതാണ്. അവരെത്തുമ്പോഴാണ് മനസ്സ് നിറഞ്ഞു ചിരിക്കുന്നത് പോലും.

തീരെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ പോലും ഈയിടെയായി ഭയം തോന്നിപ്പിക്കുന്നു. ജീവിതം ഒരു തുരങ്കത്തിനുള്ളിലേക്ക് കടക്കുന്ന പോലെ. ഒന്ന് പുറത്ത് കടക്കാനാണ് പാട്. വല്ലാത്ത വീർപ്പുമുട്ടൽ. ഒറ്റപ്പെടൽ. ഇറങ്ങാനുള്ള സ്റ്റോപ്പ് ആകുന്നു. കുര്യച്ചായനെ കടയിൽ കേറി കണ്ടിട്ട് പോകാം. ബസിറങ്ങി എതിർവശത്തുള്ള കടയിലേക്ക് ക്രോസ്സ് ചെയ്യുന്നതിനിടയിൽ എവിടെ നിന്നോ വേഗത്തിൽ വന്ന ഒരു ബൈക്ക് ഇടിച്ചു തെറിപ്പിച്ചതും, ശക്തിയായി തല ഇടിച്ചതും വലതു കാൽ പറിഞ്ഞു പോകുന്ന വേദനയും ശബ്ദവും മാത്രം അവസാന ഓർമ്മയിൽ ഉണ്ട്.

പിന്നെ ഓർമ്മ വന്നപ്പോൾ കുറേ മെഷീനുകൾക്കും ഡ്രിപ്പുകൾക്കും ഇടയിലായിരുന്നു. ആകെയുള്ളത് വേദന മാത്രം. ഇവിടെ കിടക്കാൻ തുടങ്ങിയിട്ട് എത്ര നേരമായെന്നോ തന്‍റെ അവസ്‌ഥ എന്തെന്നോ പോലും അറിയുന്നുണ്ടായിരുന്നില്ല. ശരീരം ഓപ്പറേഷന് വിധേയമായത് മോൾ പറഞ്ഞാണറിഞ്ഞത്. തിരിച്ചൊന്നും പ്രതികാരിക്കാനാവാതെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. കാലിന് നല്ല പൊട്ടലുണ്ട്. കൈക്ക് വെച്ചു കെട്ടുണ്ട്. പിന്നെ ഒന്ന് രണ്ട് ചെറിയ മുറിവുകളും. തന്‍റെ ദേഹം തുടച്ചു വൃത്തിയാക്കുകയും മാലിന്യങ്ങൾ നീക്കം ചെയ്യുകയും ഒക്കെ ചെയ്യുന്ന നഴ്‌സുമാരെ കാണുമ്പോൾ വല്ലാതെ സങ്കടം വരും. സ്വയം ചെയ്യേണ്ട കാര്യങ്ങൾക്ക് മറ്റുള്ളവരുടെ സഹായം തേടേണ്ടി വരുന്ന അവസ്ഥയാണ് ഏറ്റവും ദയനീയം.

ഒന്ന് രണ്ട് ദിവസം അമ്മ ഒപ്പം വന്നു നിന്നെങ്കിലും കാലിനു നീര് വെച്ച് അതിന് വയ്യാണ്ടായി. ലിറ്റി മോൾക്കാണെങ്കിൽ പരീക്ഷക്കാലം. “മമ്മിയെ ഇങ്ങനെ കണ്ടിട്ട് ഞാൻ എങ്ങനെ പോകും?”

എന്ന് അവൾ ചോദിച്ചു. പപ്പാ ലിറ്റി മോളെ സമാധാനിപ്പിച്ചു. “ഇവിടുത്തെ കാര്യങ്ങൾ ഓർത്തു മോൾ വിഷമിക്കേണ്ട. ഒക്കെ പപ്പാ നോക്കിക്കൊള്ളാം. നീ ധൈര്യമായി പൊക്കോ. പോയി പരീക്ഷക്ക് പഠിക്ക്. ഇതോർത്തിരുന്നു മാർക്കെങ്ങാനും കുറഞ്ഞാലുണ്ടല്ലോ… ആ ഞാൻ പറഞ്ഞേക്കാം.” തികട്ടി വന്ന കരച്ചിൽ അടക്കി വെച്ച് ഷീന മുഖം ചെരിച്ചു കിടന്നു. “മമ്മീ… മമ്മി പറയ്. ഞാൻ പോണോ?”

“പപ്പാ പറഞ്ഞത് കേട്ടില്ലേ മോളെ കൊച്ച് വീട്ടിലോട്ട് ചെല്ല്. എന്നിട്ട് കോളേജിലേക്ക് പോ.”

മനസ്സില്ലാ മനസ്സോടെ അവൾ ഹോ‌സ്റ്റലിലേക്ക് തിരിച്ചു പോയി. പിന്നെ കുര്യാച്ചൻ ആയിരുന്നു എല്ലാത്തിനും. ആശുപത്രിയിൽ നിന്ന് വീട്ടിൽ വന്നു കഴിഞ്ഞു ഒരു ഹോംനഴ്‌സിനെ വെച്ചെങ്കിലും അതിനൊരു വീറും വൃത്തിയുമില്ല. എപ്പോഴും ഫോണും ചുരണ്ടി ഇരിക്കും. ആശുപത്രിയിൽ ഒത്തിരി പൈസ ചെലവായല്ലോ എന്നോർത്ത് ഷീനക്ക് സങ്കടം. എല്ലാം ഇങ്ങേര് തനിയെ കൂട്ടിയാൽ കൂടണ്ടേ. എന്തായാലും പതിനഞ്ച് ദിവസം കഴിഞ്ഞപ്പോൾ അവരെ പറഞ്ഞു വിട്ടു.

“ഇനി നിന്നെ നോക്കാൻ ഞാൻ മാത്രം മതി.” എന്ന പ്രസ്‌താവനയോടെ കുര്യൻ ആ ജോലി ഏറ്റെടുത്തു. സാമ്പത്തിക ഭാരം അത്രക്ക് വലുതാണ്. സ്വയം ചെയ്യുമ്പോ അത്രയും സമാധാനം എന്ന് ഓർത്തിട്ടാവും. ബന്ധുക്കൾ ഒക്കെ രണ്ടു പേർക്കും ഉണ്ടെങ്കിലും വെറും ഫോണിൽ കൂടിയുള്ള അന്വേഷണം മാത്രമേ ഉള്ളൂ. ഒരു നേരത്തെ ആഹാരം പോലും ആരും തരില്ല. കടയിൽ പോക്കും വീട്ടുജോലികളും കൂടി അങ്ങേര് പൊറുതി മുട്ടുന്നത് കണ്ടിട്ട് ഷീനക്ക് എന്തെന്നില്ലാത്ത ഒരു വിഷമം. മുഖത്ത് തോർത്ത് മറച്ച് കയ്യിൽ ഗ്ലൗസ് ഇട്ട് തനിക്ക് ബെഡ് പാൻ വെയ്ക്കുന്ന ആദ്യ ദിവസങ്ങളിൽ ഒരു മനം പിരട്ടലോടെ വാഷ്റൂമിലേക്ക് ഓടുന്ന ഭർത്താവിനെ കണ്ടിട്ട് വല്ലാതെ നെഞ്ചു പിടഞ്ഞു. ആശുപത്രിയിൽ വെച്ച് ഒരു ദിവസം നേഴ്സ് തന്‍റെ ശരീരം വൃത്തിയാക്കുന്നത് കണ്ട് അറപ്പോടെ നിന്ന സ്വന്തം മകളെ അറിയാതെ ഓർത്തു പോയി. ആഹാരം കഴിക്കാൻ ഒക്കെ വല്ലാണ്ട് മടി തോന്നിത്തുടങ്ങി. ഇടയ്ക്ക് എങ്ങാനും വയറ്റിൽ നിന്ന് പോകണമെന്ന് തോന്നിയാലോ?

ഷീനയുടെ ഭാവമാറ്റം മനസ്സിലായിട്ടാണോ എന്തോ ഒരു ദിവസം കുര്യച്ചൻ അവളോട് പറഞ്ഞു. “എന്‍റെ ഷീനാ… നീ ഇങ്ങനെ ഒന്നും കഴിക്കാണ്ടിരുന്നാൽ എങ്ങനെയാ? ഞാൻ ഇതൊക്കെ ചെയ്യേണ്ടി വരുമെന്നോർത്താണോ നീ ഇങ്ങനെ പട്ടിണി കിടക്കുന്നെ? മനുഷ്യനല്ലേ ചിലപ്പോൾ ആദ്യമായ് ചെയ്യുമ്പോ ഒരു ഓക്കാനവും പരിചയക്കുറവും ഒക്കെയുണ്ട്. വേറാരാ ചെയ്തു തരാൻ ? നീ ഒന്നും ഓർത്തു വിഷമിക്കല്ലേ.” നിറഞ്ഞ കണ്ണുകൾ കാണാതിരിക്കാൻ മുഖം തിരിച്ചു കിടന്ന ഭാര്യയെ നെറുകയിൽ തലോടി അയാൾ ആശ്വസിപ്പിച്ചു. എത്ര കർക്കശക്കാരനെന്ന് കരുതിയ ആളാണ്. ഈ മനുഷ്യന്‍റെ ഉള്ളിൽ സ്നേഹത്തിന്‍റെ ഇത്രയും തെളിനീരുറവ ഒളിഞ്ഞു കിടപ്പുണ്ടായിരുന്നെന്ന് ആരറിഞ്ഞു?

എന്‍റെ മാതാവേ സ്വന്തം പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാനെങ്കിലുമുള്ള ഒരു രോഗശാന്തി വേഗം എനിക്ക് തരണേ. കുറച്ചു ദിവസം കൊണ്ട് തന്നെ ആദ്യം ബുദ്ധിമുട്ട് ആയിരുന്ന കാര്യങ്ങൾ ഒക്കെ കുര്യച്ചന് ഒരു ശീലമായി തുടങ്ങി. കൂട്ടുകാരുമൊത്ത് സൊറ പറഞ്ഞു വൈകുന്നേരം താമസിച്ചു വന്നിരുന്ന ആൾ ഉച്ചക്ക് ഭക്ഷണം കൊടുക്കാനും നാലുമണിക്ക് ഡയപ്പർ മാറ്റി വൃത്തിയാക്കാനും ഒക്കെ ഓടി വരും. ഒന്നോരണ്ടോ ദിവസം വരാൻ വൈകി. ഭക്ഷണം കഴിക്കാഞ്ഞത് കൊണ്ടല്ല ഡയപ്പർ നനഞ്ഞു വല്ലാതെ വിഷമിച്ച് പോയി. അന്ന് കുറേ സോറി ഒക്കെ പറഞ്ഞു. എത്ര മാത്രം കരുതലോടെയാണ് തന്നെ നോക്കുന്നതെന്ന് ഷീന അതിശയിച്ചു.

അടുത്ത വീട്ടിലെ ജയന്തി ഇടക്കൊക്കെ മതിലിന്‍റെ അരികിൽ വന്നു നിന്ന് സംസാരിച്ചിരുന്നതാ. ഇപ്പോൾ വരാറേയില്ല. മൊബൈൽ ഫോൺ ഉള്ളതാണ് ഏക ആശ്വാസം. കുര്യച്ചൻ പോയി കഴിഞ്ഞാൽ ഷീന ഒറ്റക്കാണെന്നും കിടപ്പിൽ ആണെന്നും അറിയാവുന്നതാണ് എന്നിട്ടും. ആ അവഗണന ഉണ്ടാക്കിയ മാനസിക പ്രയാസം ചില്ലറ ഒന്നുമല്ല. ഒരു വിശേഷം വന്നാൽ വീട്ടിൽ ഉണ്ടാക്കിയ വിഭവങ്ങളുടെ പങ്കുമായി ഓടി നടന്നു കൊണ്ട് കൊടുത്തിരുന്ന തനിക്ക് ഒരു ഗ്ലാസ് വെള്ളം അനത്തിത്തരാൻ വേറാരും ഇല്ല എന്നത് ഒരു വലിയ തിരിച്ചറിവാണ്.

ദിവസങ്ങൾ കടന്നു പോകെ ഷീനയുടെ പ്രസരിപ്പൊക്കെ പോയി. ഈ കിടപ്പ് എന്തൊരു ബുദ്ധിമുട്ടാണ്. തുറന്നിട്ട ജനാലയിലൂടെ കടന്നു വരുന്ന വെളിച്ചം തന്‍റെ മനസ്സിലും കൂടി പ്രകാശം പരത്താത്തത് എന്തേ? ഒറ്റയ്ക്ക് ഇരിക്കുന്ന നേരങ്ങളിൽ വല്ലാതെ വീർപ്പു മുട്ടുന്നു. ഇടയ്ക്ക് മോൾ വന്നു. എന്നാലും പപ്പയുടെ അത്ര നോട്ടം പോരാ. പിന്നെ അവൾ കൊച്ചല്ലേ എന്ന് കരുതി ഷീന സമാധാനിച്ചു. അവളും കൂടി പോയിക്കഴിഞ്ഞു. വിഷാദം ചേക്കേറിത്തുടങ്ങി. ഈയിടെയായി ഷീനയുടെ മുഖം വാടിയത് കുര്യച്ചൻ ശ്രദ്ധിക്കാതെ ഇരുന്നില്ല. ഇത്തവണ ഡോക്ടറെ കാണാൻ പോയപ്പോൾ വാക്കർ വാങ്ങാൻ ഒരു നിർദേശം കിട്ടി. വീടിനുള്ളിൽ ഒക്കെ സഞ്ചരിക്കാമെന്ന് ആയപ്പോ ഷീനക്ക് എന്തെന്നില്ലാത്ത സന്തോഷം. പക്ഷേ കൈക്ക് ഒത്തിരി ബലം കൊടുക്കാൻ വയ്യാ. മുറിവൊക്കെ ഏതാണ്ട് കരിഞ്ഞു. എത്തിച്ചാടി അടുക്കളയിലും സ്വീകരണ മുറിയിലുമൊക്കെ ആയി ദിവസങ്ങൾ കഴിച്ചു.

മൂന്നു മാസങ്ങൾക്കു ശേഷം കാൽ സ്വതന്ത്രമായി. ഇടയ്ക്കു ചില വ്യായാമമൊക്കെ പറഞ്ഞു തന്നിട്ടുണ്ട് ഡോക്ട‌ർ. എന്തായാലും തന്‍റെ ഒപ്പം ആരൊക്കെ ഉണ്ടെന്ന് നന്നായി മനസിലായി. മനുഷ്യരൊക്കെ എത്ര സ്വാർത്ഥരാണ്. എന്തും കിട്ടിക്കൊണ്ടേയിരിക്കുമ്പോൾ മാത്രമേ അവർക്ക് നമ്മോട് സ്നേഹം ഉണ്ടാവൂ. അത് പണമോ വസ്തുക്കളോ മറ്റെന്തു തന്നെ ആയാലും.” പണ്ട് അമ്മ പറയുന്നത് കേട്ടിട്ടുണ്ട്

“ഈശോയെ എന്നെ ആദ്യം വിളിക്കണേ ഇല്ലെങ്കിൽ ഈ മനുഷ്യൻ പോയിക്കഴിഞ്ഞു ഞാൻ എന്ത് ചെയ്യും?” എന്ന് അമ്മയുടെ പ്രാർത്ഥന പക്ഷേ ദൈവം കേട്ടില്ല. ഇന്നും ഒറ്റയ്ക്കാണ് അമ്മ. ഷീനക്കും അതേ പ്രർത്ഥിക്കാനുള്ളൂ.

“എന്നെ നോക്കാൻ ഈ ആളുള്ളപ്പോൾ തന്നെ ഞാൻ മരിക്കണേന്ന്.” അത്ര മാത്രം ആ കരുതൽ സ്നേഹം അനുഭവിച്ചതാണ്.

ഇന്ന് ഷീനക്ക് എന്തെന്നില്ലാത്ത ഒരു ഉത്സാഹം തോന്നി. കുര്യച്ചൻ ഉച്ചക്ക് വന്നപ്പോ ചിക്കൻ കൊണ്ട് വന്നിട്ടുണ്ട്. വൈകിട്ട് ഒരു സർപ്രൈസ് കൊടുത്താലോ? എന്നും വഴിപാട് പോലെ വല്ലതും കഴിക്കുന്നു എന്നല്ലാതെ സന്തോഷത്തോടെ വെച്ചു വിളമ്പിയിട്ട് എത്ര നാളായി? വൈകിട്ട് കുര്യച്ചൻ വന്നപ്പോൾ വീട്ടിൽ ഹൃദ്യമായ ഒരു സുഗന്ധം. നേരെ അടുക്കളയിലോട്ട് ചെന്നു. ഷീന തന്നെ ആണ് ഒക്കെ ചെയ്തെന്ന് തോന്നുന്നു. മുഖത്ത് ഒരു തെളിച്ചം ഉണ്ട്. അവിടെ നല്ല ഭക്ഷണം പാകമായിരിക്കുന്നു. പക്ഷേ ചെറിയ പാത്രത്തിൽ. അപ്പവും സ്‌റ്റുവും റൈസും പിന്നെ ചിക്കൻ 65ഉം അതും വളരെ കുറച്ച്. എന്നും വലിയ തോതിൽ ഉണ്ടാക്കുന്ന ഇവൾക്കെന്തുപറ്റി?

“ആഹാ… വന്നോ? മേൽ കഴുകി വാ വിളമ്പാം.”

“ഇന്നെന്താ അപ്പുറത്തെ വീട്ടിൽ കൊടുക്കുന്നില്ലേ?”

“പിന്നെ ഞാൻ ആർക്കും കൊടുക്കുന്നില്ല. ഇവിടെ ഇത്രയും ദിവസം കിടന്നിട്ട് എനിക്ക് ആരും ഒന്നും തന്നില്ലല്ലോ. ഇതു നമുക്ക് മാത്രം ഉള്ളതാ.”

കുര്യച്ചൻ അറിയാതെ ചിരിച്ചു പോയി. വീടിന്‍റെ പരിസരത്ത് നിറഞ്ഞ ചിക്കൻ മണം അടുത്ത മതിലിന്‍റെ അതിരുകൾ ഭേദിച്ചു കടന്നു.

और कहानियां पढ़ने के लिए क्लिक करें...