വർഷത്തിലെ ആ പത്തു ദിനങ്ങൾ… ചിങ്ങമാസത്തിലെ അത്തം മുതൽ തിരുവോണം വരെ ഉള്ള ഓണം ആഘോഷ ദിനങ്ങളിൽ മുടി നിറയെ മുല്ലപ്പൂ ചൂടി പരമ്പരാഗത കസവ് സാരി ഉടുത്തു മലയാളി വനിതകൾ ആവേശഭരിതരായി ഒരുങ്ങുന്നത് ജാതിമതങ്ങൾക്കതീതമായ സുന്ദരമായ കാഴ്ചയാണ്..

സമൃദ്ധിയുടെയും പാരമ്പര്യത്തിന്‍റെയും സീസണൽ ആഘോഷം മാത്രമല്ല ഓണം. സ്ത്രീകളുടെ സാംസ്കാരിക ആവിഷ്കാരത്തിനും നേതൃത്വത്തിനും സമൂഹനിർമ്മാണത്തിനുമുള്ള ശക്തമായ ഒരു വേദി കൂടിയാണ് ഓണം. സ്ത്രീകൾ പ്രധാന പങ്കുവഹിക്കുന്ന ഒരു സാംസ്കാരിക ഇടമായി ഓണം പരിണമിച്ചത് ഇന്നും ഇന്നലെയുമല്ല. നിറങ്ങളുടെ സർഗ്ഗാത്മകതയുടെ ഒരുമയുടെ ഉത്സവ കൂട്ടായ്‌മ. കേരളത്തിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും വിദേശത്ത് പോലും ഓണാഘോഷത്തെ ഇത്രയും ജനപ്രിയമാക്കുന്നത് സ്ത്രീകളുടെ പങ്കാളിത്തം തന്നെയാണ്.

വനിതകളുടെ നേതൃത്വം

പത്തുദിനങ്ങൾ മുറ്റങ്ങളെ ദീപ്തമാക്കുന്ന ഓണപ്പൂക്കളത്തിന്‍റെ വിസ്‌മയം മുതൽ തിരുവാതിരകളിയുടെ ലാസ്യഭാവത്തിൽ വരെ ഓണം സ്ത്രീകൾക്ക് തങ്ങളുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കാനും ആഘോഷിക്കാനും അവസരം നൽകുന്നു. അതിനാൽ തന്നെ സ്‌കൂളുകളിലും ജോലിസ്‌ഥലങ്ങളിലും, കമ്മ്യൂണിറ്റി സെന്‍ററുകളിലും വീടുകളിലും സ്ത്രീകൾ പൂക്കളം തീർക്കാൻ നേതൃത്വം നൽകുന്നത് പതിവ് കാഴ്ച്ചയാണ്. ആഘോഷത്തിന്‍റെ ഭാഗമായി തിരുവാതിരയും കൈകൊട്ടിക്കളിയും അടക്കമുള്ള നൃത്തങ്ങൾ പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു.

ഇപ്പോൾ കേരളത്തിൽ എല്ലാ പ്രായത്തിലുള്ളവരും വ്യാപകമായി പഠിച്ചു അവതരിപ്പിക്കുന്ന ഡാൻസ് ഇനമാണ് കൈകൊട്ടിക്കളി. ഇതിന് ആരാധകർ ഏറെ ആണ്. അതുകൊണ്ട് പാരമ്പര്യത്തിനപ്പുറം ഓണം സ്ത്രീകൾക്ക് അവരുടെ കുടുംബങ്ങളിലും സ്‌ഥാപനങ്ങളിലും സമൂഹങ്ങളിലും നേതൃത്വപരമായ റോളുകളിലേക്ക് ചുവടുവെക്കാനുള്ള അവസരം കൂടി നൽകുന്നുണ്ട്. എവിടെ നോക്കിയാലും അറിയാം ഓണാഘോഷങ്ങൾക്ക് പിന്നിലെ പ്രധാന സംഘാടകരാണ് സ്ത്രീകൾ. വീട്ടിൽ ആയാലും ഓഫീസിൽ ആയാലും കലാപരിപാടികൾ ആസൂത്രണം ചെയ്യുക, സദ്യ ഒരുക്കുക വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളെ ഒന്നിപ്പിക്കുകയും അപ്പാർട്ടുമെന്‍റുകൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, സംഘടനകൾ, ക്ലബ്ബുകൾ ഇവിടങ്ങളിലെല്ലാം സദ്യകൾ, സാംസ്കാരിക പരിപാടികൾ, മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിന്‍റെ ചുമതലയും സ്ത്രീകൾ ഏറ്റെടുക്കുന്നു. കേരളത്തിന് അകത്തും പുറത്തും ഇത് തുടരുന്നു.

ഓണാഘോഷങ്ങളുടെ ആസൂത്രണവും നിർവ്വഹണവും സ്ത്രീകളെ ടീം വർക്ക്, ഇവന്‍റ് മാനേജ്മെന്‍റ്, പൊതുവേദിയിൽ പ്രസംഗം എന്നിവയിൽ കഴിവുകൾ വികസിപ്പിക്കാനും സഹായിക്കുന്നു. ഇവ വെറും ഉത്സവത്തിന് മാത്രം ആയ കഴിവുകളായി ചുരുക്കി കാണേണ്ട. ജോലി, സംരംഭകത്വം, രാഷ്ട്രീയം എന്നിവയുൾപ്പെടെ ജീവിതത്തിന്‍റെ മറ്റ് മേഖലകളിൽ ആത്മവിശ്വാസവും പങ്കാളിത്തവും വർദ്ധിപ്പിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. കേരളത്തിലെ ഗ്രാമങ്ങളിലായാലും ഗൾഫ്, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ മലയാളി സമൂഹങ്ങളിലായാലും ഇന്ത്യൻ സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു മാർഗ്ഗമായി ഓണത്തെ ഉപയോഗിക്കുന്നു. തലമുറകൾക്കും സാമൂഹിക വിഭജനങ്ങൾക്കും അതീതമായി ഓണം ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നു. ഐക്യ ബോധം വളർത്തുന്നു.

ഓണം നാളിൽ സംഘടിപ്പിക്കുന്ന സമൂഹ സദ്യകൾ സമൃദ്ധി ആഘോഷിക്കുക മാത്രമല്ല എല്ലാവരെയും ഉൾക്കൊള്ളുക എന്ന മഹത്തായ ആശയം നടപ്പാക്കുകയും ചെയ്യുന്നു.

കുടുംബശ്രീ അടക്കം സ്ത്രീകൾ നയിക്കുന്ന സ്വയം സഹായ ഗ്രൂപ്പുകളും സഹകരണസ്‌ഥാപനങ്ങളും ഓണം വിപണികളിൽ എല്ലാവർഷവും സ്‌റ്റാളുകൾ നടത്തിവരുന്നുണ്ട്. കരകൗശല വസ്തു‌ക്കൾ, അച്ചാറുകൾ, സാരികൾ, ലഘുഭക്ഷണങ്ങൾ എന്നിവ ഇതിലൂടെ വിൽക്കുന്നു. അതുവഴി സാമ്പത്തിക ശാക്തീകരണത്തിനുള്ള വേദികൾ സൃഷ്ടിക്കുന്നു. പല സന്ദർഭങ്ങളിലും സാമൂഹിക വിഷയങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും കമ്മ്യൂണിറ്റി പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനും പ്രാദേശിക കലാകാരന്മാരെയും കരകൗശല വിദഗ്‌ധരെയും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു അവസരമായി ഓണം മാറുന്നു. അങ്ങനെ ഓണം എന്ന ആഘോഷത്തെ ഒരു പ്രസ്ഥാനമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഓണം കേരളത്തിൽ മാത്രമായി ഒതുങ്ങുന്നില്ല. ലോകമെമ്പാടും മലയാളികൾ താമസിക്കുന്നിടത്തെല്ലാം ഓണം വളരെ ആവേശത്തോടെയാണ് ആഘോഷിക്കുന്നത്. സ്ത്രീകൾ എപ്പോഴും ഈ ആഘോഷങ്ങളുടെ കേന്ദ്രബിന്ദുവാണ്.

സാങ്കേതിക വിദ്യയുടെ ആവിർഭാവവും സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിച്ചു എന്ന് പറയാം. കോവിഡ്-19 പാൻഡെമിക് സമയത്ത് പോലും ഓൺലൈൻ നൃത്ത മത്സരങ്ങൾ, പാചകക്കുറിപ്പ് പങ്കിടൽ, കവിതാ വായന എന്നിങ്ങനെ വെർച്വൽ ഓണാഘോഷങ്ങൾ സംഘടിപ്പിക്കുന്നതിലും പങ്കെടുക്കുന്നതിലും സ്ത്രീകൾ തന്നെയാണ് മുൻപന്തിയിൽ ഉണ്ടായിരുന്നത്.

ഓണം ഇന്ന് ഒരു പുരാതന സുവർണ്ണ കാലഘട്ടത്തിന്‍റെ ഓർമ്മ മാത്രമല്ല. അത് ശാക്തീകരണത്തിന്‍റെയും ഐക്യത്തിന്‍റെയും ഉത്സവമാണ്. സ്ത്രീകൾ അതിന്‍റെ ഹൃദയമിടിപ്പ് ആണ്. നേതൃത്വം ഏറ്റെടുത്തും, സമൂഹങ്ങളെ ഒരുമിപ്പിച്ചും സ്ത്രീകൾ ഓണത്തെ ഒരു ആചാരത്തിനപ്പുറം പകരം വെയ്ക്കാനില്ലാത്ത ഒരു ആഘോഷമാക്കി മാറ്റിക്കഴിഞ്ഞു.

പൂക്കളത്തിലെ ഓരോ ഇതളിലും വാഴയിലയിലെ ഓരോ വിഭവത്തിലും ചെണ്ടയുടെ ഓരോ സ്പന്ദനത്തിലും തുഴയുടെ ഓരോ ഓളത്തിലും പോലും ആ സന്തോഷം ആഴത്തിൽ അനുഭവപ്പെടുന്നു. ആഴത്തിൽ ആഘോഷിക്കപ്പെടുന്നു.

സമാധാനത്തിന്‍റെയും സമൃദ്ധിയുടെയും സുവർണ്ണ കാലഘട്ടമായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന മഹാബലിയുടെ തിരിച്ചുവരവിനെയാണ് ഓണം അടയാളപ്പെടുത്തുന്നത്. മലയാള മാസമായ ചിങ്ങത്തിൽ അതായത് ഓഗസ്‌റ്റ് സെപ്റ്റംബർ മാസത്തിൽ ആഘോഷിക്കുന്ന ഓണം കഥകളി, വള്ളംകളി, പുലിക്കളി, പൂക്കളം തുടങ്ങിയ പരമ്പരാഗത രീതികളിലൂടെ കേരളത്തിന്‍റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം പ്രദർശിപ്പിക്കുന്ന ഒരു വിളവെടുപ്പ് ഉത്സവമാണ്.

വാഴയിലയിൽ വിളമ്പുന്ന ഓണസദ്യ ഐക്യത്തെയും സമൃദ്ധിയെയും പ്രതീകപ്പെടുത്തുന്നു. പ്രാദേശിക വേരുകൾക്കപ്പുറം ഒരുമയുടെ മൂല്യം പ്രോത്സാഹിപ്പിക്കുന്നതിനാൽ ഓണത്തിന് ദേശീയ പ്രാധാന്യമുണ്ട്. ഇന്ത്യയുടെ വൈവിധ്യത്തെയും കാർഷിക പാരമ്പര്യങ്ങളും ഉത്സവങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയും കൂടി ഇത് പ്രതിഫലിപ്പിക്കുന്നു.

പൊന്നോണപൂക്കളം

പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷത്തിനായി നാടും നഗരവുമെല്ലാം അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. എവിടെയും പൂവും പൂക്കളും നിറപ്പകിട്ടും മാത്രം. നാടും നഗരവും ആഹ്ളാദരവങ്ങൾ കൊണ്ട് നിറയുന്നു. അത്തം മുതൽ തിരുവോണ നാളുവരെ ഓരോ വീട്ടുമുറ്റത്തും നിറയുന്ന വർണ്ണാഭമായ പൂക്കളം. അതിലുമുണ്ട് രസകരമായ മത്സരം. ഏറ്റവും നല്ല പൂക്കളം തീർക്കാൻ, അപ്പുറത്തെ വീട്ടിലെ പൂക്കളത്തേക്കാൾ മനോഹരമായ പൂക്കളം ഒരുക്കാൻ. കേരളക്കരയിലെ ഓരോ വീട്ടുമുറ്റത്തും പൂക്കളമൊരുക്കാൻ ജമന്തി, സീനിയ, താമര, വാടാമല്ലി, തുടങ്ങിയ പേരറിയാത്ത നിരവധി ഇനം പൂക്കളുമായി പുഷ്‌പ വിപണിയും സജീവമാണ്.

ഓണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങുന്നതുപോലെ വീടുകളും അണിഞ്ഞൊരുങ്ങുന്നു. ആളുകൾ വീട് വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്യുന്നു. അങ്ങനെ ഓണത്തെ വരവേൽക്കാനുള്ള ഉത്സാഹവും ആവേശവുമാണ് എവിടെയും.

കെങ്കേമം ഓണസദ്യ

ഓണം കേരളത്തിന്‍റെ ഏറ്റവും വലിയ ഉത്സവമാണ്. അതിന്‍റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഓണസദ്യ. വിഭവസമൃദ്ധിയോടെ ഒരുക്കപ്പെടുന്ന പായസം, കൂട്ടുകറി, തോരൻ, അവിയൽ, സാമ്പാർ, മെഴുക്കുപുരട്ടി, ഓലൻ, രസം, കിച്ചടി, പച്ചടി, അച്ചാർ, ഇഞ്ചിത്തൈര്, പഴം, ശർക്കരപുരട്ടി, ഉപ്പേരി അങ്ങനെ നീളുന്നു ഓണസദ്യയുടെ രുചിപെരുമ. ഓണസദ്യയിലെ ഓരോ വിഭവത്തിനുമുണ്ട് അതിന്‍റെതായ പ്രാധാന്യം. അതോടൊപ്പം ഇവയിലൊന്നും ഒരു വിട്ടു വീഴ്ച്ചയും പാടില്ലെന്ന നിർബന്ധവും ഓരോ മലയാളിയ്ക്കുമുണ്ട്. പരമ്പരാഗത രീതിയിലാണ് ഈ വിഭവങ്ങളെല്ലാം ഓരോ അടുക്കളയിലും ഒരുങ്ങുന്നത്. രുചിപ്പെരുമ കൊണ്ടും വാഴയിലയിലുള്ള സദ്യ വിളമ്പലിന്‍റെ പ്രത്യേകത കൊണ്ടും ഓണസദ്യ ലോക പ്രശസ്തം തന്നെ. ഓണദിനത്തിൽ കുടുംബാംഗങ്ങൾ ഒത്തു കൂടുന്ന അതുല്യ നിമിഷത്തിൽ സദ്യയാണ് ഉത്സവാഘോഷത്തിന്‍റെ കൊഴുപ്പ് കൂട്ടുന്നത്. വിശേഷിച്ച് തിരുവോണനാളിൽ…

ഓണം കഴിഞ്ഞുള്ള ദിവസങ്ങളായ അവിട്ടം, ചതയം എന്നിവയും പ്രധാനമാണ്. ഓണത്തോടനുബന്ധിച്ചുള്ള ഘോഷയാത്രകൾ, ആചാരങ്ങൾ, സാംസ്കാരിക പരിപാടികൾ, സർക്കാരിന്‍റെ ആഭിമുഖ്യത്തിലുള്ള പരിപാടികൾ എന്നിവയെല്ലാം തന്നെ ഓണാഘോഷത്തിന് കൊഴുപ്പേകുന്നു. ഓണം വെറും ആചാരങ്ങളുടെ മാത്രം ആഘോഷമല്ല. കേരളത്തിന്‍റെ സമ്പന്നമായ പൈത്യകത്തിന്‍റെ ഒരു പ്രതിഫലനവും കൂടിയാണ്.

നെറ്റിപ്പട്ടം കെട്ടിയ ആനകൾ, നാടോടി കലകൾ, ഫ്ളോട്ടുകൾ എന്നിവ ഉൾക്കൊള്ളുന്ന മഹത്തായ അത്തചമയ ഘോഷയാത്ര, വള്ളംകളി, പുലികളി, തിരുവാതിര, കൈകൊട്ടിക്കളി, തുമ്പിതുള്ളൽ തുടങ്ങിയ നാടിന്‍റെ തനിമ പേറുന്ന സവിശേഷ കലാരൂപങ്ങൾ ഒക്കെയും ഓണക്കാലത്തെ ഗംഭീരമാക്കുന്നു.

കുട്ടായ്മയുടെ ആഘോഷം

ഓണം ഇന്ന് ഒരു ആഗോള ആഘോഷമായി മാറിയിരിക്കുന്നു. ഉത്സവ ചൈതന്യം പുനരുജ്‌ജീവിപ്പിക്കാൻ സാംസ്‌കാരിക പരിപാടികൾ, വിരുന്നുകൾ, ഗെയിമുകൾ എന്നിവയൊക്കെ സംഘടിപ്പിച്ചാണ് ലോകമെമ്പാടുമുള്ള മലയാളി സമൂഹങ്ങൾ ഓണം ആഘോഷിക്കുന്നത്. പ്രവാസികൾക്കിത് കൂട്ടായ്‌മയുടെയും കൂടി ആഘോഷമാണ്.

ഇത്തരം ഉത്സവങ്ങൾ മാനസികാ രോഗ്യത്തിന് ഗുണം ചെയ്യും. തിരക്കുപിടിച്ച ജീവിത സഹചര്യത്തിൽ സന്തോഷവും സമാധാനവും അനുഭവിക്കാനുള്ള അവസരങ്ങളാണ് ഉത്സവങ്ങൾ ഒരുക്കുന്നത്. സാംസ്ക്കാരിക പ്രാധാന്യത്തിനപ്പുറം ഉത്സവങ്ങൾ നമ്മുടെ മാനസികാ രോഗ്യത്തിന് അഗാധമായ ഗുണങ്ങൾ നൽകുന്നു. മാനസിക സമ്മർദ്ദം ഒഴിവാക്കുന്നതിലും പോസിറ്റിവിറ്റി പ്രസരിപ്പിക്കുന്നതിലും അവ നിർണായക പങ്ക് വഹിക്കുന്നുണ്ട്. എല്ലാ വെല്ലുവിളികളെയും അവഗണിച്ച് ജീവിതം ആസ്വദിക്കാനും ഒത്തുചേരലിനുമുള്ള അവസരങ്ങാണ് ഓരോ ഉത്സവകാലവും നമുക്ക് നൽകുന്ന അമൂല്യങ്ങളായ നന്മകൾ. ജീവിതകാലം മുഴുവനും നിലനിൽക്കുന്ന നല്ല ഓർമ്മകളാണ് ഓരോ ഓണക്കാലവും സമ്മാനിക്കുന്നത്.

സുന്ദരൻ ഞാനും സുന്ദരി നീയും

എല്ലാവരും ഏറ്റവും മികച്ചതായി കാണപ്പെടാൻ ആഗ്രഹിക്കുന്ന സമയം കൂടിയാണ് ഈ ഉത്സവകാലം. ആഘോഷത്തിന്‍റെ ഭാഗമായി ഫോട്ടോ- വീഡിയോ എടുക്കലും മറ്റും ഇപ്പോൾ സർവ്വ സാധാരണമായതിനാൽ പ്രായഭേദമന്യേ എല്ലാവരും സൗന്ദര്യ പരിപാലനവും മറ്റും ഈ സമയത്ത് കൃത്യമായി നടത്തുന്നതും പതിവുള്ള കാഴ്ചകളാണ്. ബ്യൂട്ടി സലണുകളിൽ തിരക്ക് വർദ്ധിക്കുന്നു. ഈ സമയത്ത് ഏറെപ്പേരും ഫെയ്‌സ് മാസ്ക്കുകൾ, പെഡിക്യൂർ, മാനിക്യൂർ നെയിൽ പോളിഷ്, ഹെന്ന എന്നിങ്ങനെയുള്ള സൗന്ദര്യവർദ്ധക പരിചരണങ്ങൾ ആഘോഷത്തിന്‍റെ ഭാഗമായി തകൃതിയായി നടത്തും. പ്രത്യേകിച്ചും ചെറുപ്പക്കാർ. ക്ലെൻസിങ്, ടോണിംഗ്, മോയ്‌സ്ചറൈസിംഗ് എന്നിവയൊക്കെ മനസ്സിനും ശരീരത്തിനും ശാന്തതയും സന്തോഷവും പകരുന്ന ഉപാധികളാണ്. ബാഹ്യസൗന്ദര്യം മെച്ചപ്പെടുന്നതിനനുസരിച്ച് മനസ്സ് പ്രതീക്ഷ നിർഭരമാകും. പ്രത്യേകിച്ചും കലാലയങ്ങളിലാണ് ഓണാഘോഷത്തിന്‍റെ തിമിർപ്പും ഊർജ്ജവും നിറഞ്ഞു നിൽക്കുന്നത്. അതിനായി വിദ്യാർത്ഥികളും അധ്യാപകരും മുൻകൂട്ടിതന്നെ തയ്യാറെടുപ്പുകൾ ചെയ്തു തുടങ്ങും. സൗന്ദര്യ പരിചരണവുമൊക്കെ അതിന്‍റെ ഭാഗമായി ഉണ്ടാകും. ഓണാഘോഷത്തിന് പാരമ്പര്യതനിമയും ആധുനികതയും കൂട്ടിയിണക്കിയുള്ള വസ്ത്ര സങ്കൽപങ്ങളോടാണ് യൂത്തിന് താൽപര്യം. ആധുനിക സ്പർശം നൽകി തയ്യാറാക്കിയിട്ടുള്ള ദാവണിയും സെറ്റ് സാരിയുമൊക്കെ ഓണക്കാലത്തു നിറഞ്ഞു നിൽക്കുന്ന ഫാഷൻ വേഷങ്ങളാണ്. മൊത്തത്തിൽ മനസ്സിനും ശരീരത്തിനും ആവേശം പകരുകയാണ് ഓരോ ഓണക്കാലവും.

ഹാപ്പിനെസ്സ് തെറാപ്പി

ഉത്സവാന്തരീക്ഷം സ്ട്രെസ് ഹോർമോണുകളെ കുറയ്ക്കുന്നു. ഉത്സവത്തിനായി തയ്യാറെടുക്കൽ, വീടൊരുക്കൽ, സൗന്ദര്യ പരിചരണം, ഹെയർ സ്‌റ്റൈലിംഗ്, ഷോപ്പിംഗ്, പുതിയ വസ്ത്രങ്ങൾ ധരിക്കൽ, മെഹന്തി ഇടൽ തുടങ്ങിയ വലുതും ചെറുതുമായ ഏതൊരു ഒരുക്കവും പോലും ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. മനസ്സിനെയും ശരീരത്തെയും അത് ചെറുപ്പമുള്ളതാക്കും.

വീട് അലങ്കരിക്കൽ, ഉത്സവ വേളകളിൽ ആഘോഷങ്ങൾക്കായി തയ്യാറെടുക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നമ്മുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കും. ഇത്തരം ജോലികൾ ചെയ്യുമ്പോൾ നമ്മൾ ക്ഷീണിതരാകുമെങ്കിലും അവ മനസ്സിനും ശരീരത്തിനും പകരുന്ന പുത്തൻ ഉണർവ്വം ഊർജ്ജവും വിവരണാതീതമാണ്. ഒപ്പം സ്ട്രെസ് ഹോർമോണുകളുടെ അളവ് കുറയുകയും ചെയ്യും.

ആഘോഷങ്ങളിൽ പൂർണ്ണമനസ്സോടെ പങ്കെടുക്കുന്നത് ഒരു തെറാപ്പി പോലെ പ്രവർത്തിക്കുന്നുവെന്ന് അറിയാൻ കഴിയും. മേക്കപ്പ് അല്ലെങ്കിൽ ഹോം ഡെക്കറേഷൻ ചെയ്യുന്നത് ഉത്കണ്ഠ ഇല്ലാതാക്കുമെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. മനസ്സിലെ സമ്മർദ്ദം കുറയ്ക്കുകയും നെഗറ്റീവ് ചിന്തകൾ വരാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ശുഭ പ്രതീക്ഷ

ഓരോ ഉത്സവക്കാലവും മനസ്സിൽ പ്രതീക്ഷയും പോസിറ്റീവ് ചിന്തയും നിറയ്ക്കും. ഈയൊരു ആവേശവും പ്രതീ ക്ഷയും മാനസികാരോഗ്യം മെച്ചപ്പെടുത്തും. എപ്പോഴും ഒരേ റൂട്ടിനിൽ ചലിച്ചുകൊണ്ടിരിക്കുന്ന ദിനചര്യയിൽ നിന്ന് മാറിയുള്ള ആഹ്ളാദകരമായ ഒരു ഇടവേളയാണ് ഇത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ കഴിയാതെ പലപ്പോഴും പല കാരണങ്ങൾകൊണ്ടും ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്നവരുണ്ട്. അതുപോലെ ഒന്നിനും സമയമില്ലാതെ എപ്പോഴും തിരക്കിലാകുന്നവരുമുണ്ട്. അത്തരക്കാരെ സംബന്ധിച്ച് ഉത്സവകാലങ്ങൾ പകരുന്ന സന്തോഷവും സമാധാനവും വളരെ വലുതാണ്. ഉത്സവകാലത്തെ കുടുംബ ഒത്തുചേരലുകൾ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു. സൗഹൃദങ്ങളെ അടിയുറച്ചതാക്കുന്നതിൽ ഇത്തരം ആഘോഷങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

ആഘോഷങ്ങൾക്ക് പുതുമ പകരാം

പഴയ ആചാരങ്ങൾക്കനുസരിച്ച് ഉത്സവങ്ങൾ എപ്പോഴും ഒരു രീതിയിൽ ആഘോഷിക്കണമെന്നോ എല്ലാ കാര്യങ്ങളും പഴയ രീതിയിൽ ചെയ്യണമെന്നോ നിർബന്ധമില്ല. പുതിയ രീതിയിലും ഉത്സവങ്ങൾ ആഘോഷിക്കാൻ പുതുതലമുറ തയ്യാറാണ്.

വ്യത്യസ്‌തമായ എന്തെങ്കിലും ചെയ്യുന്നത് ആഘോഷത്തിന് പുതുമ പകരും. എല്ലാ തവണയും സ്വന്തം വീട്ടിൽ ഉത്സവങ്ങൾ ആഘോഷിക്കുന്നതിനു പകരമായി ഇത്തവണ ഏതെങ്കിലും ബന്ധുവിന്‍റെ വീട്ടിൽ ഒത്തുചേർന്ന് ഓണം ആഘോഷിക്കാം. അല്ലെങ്കിൽ ഇത്തവണ പുതിയ എന്തെങ്കിലും വാങ്ങാം. കാർ അല്ലെങ്കിൽ വീട്ടുപകരണങ്ങൾ സ്വന്തമാക്കുന്നത് ആഘോഷത്തെ അവിസ്മരണീയമാക്കും. പണികഴി ഞ്ഞ പുതിയ വീട്ടിലേക്ക് താമസമാക്കുന്നതും ആഘോഷത്തിന് പത്തരമാറ്റ് തിളക്കം പകരും.

ഇതുമാത്രമല്ല വിശേഷപ്പെട്ട ദിവസത്തിൽ ആരോരുമില്ലാത്തവർക്ക് സന്തോഷം നൽകുന്നതും ആഘോഷത്തിന് ഇരട്ടി മാധുര്യം നൽകും. ഏതെങ്കിലും അനാഥാലയമോ വൃദ്ധസദനമോ സന്ദർശിച്ച് സദ്യയും വസ്ത്രവും നൽകി അവിടെയുള്ള അഗതികൾക്കൊപ്പം ഓണം ആഘോഷിക്കാം.

പ്രിയപ്പെട്ടവർക്ക് ഓണക്കോടി

കുടുംബങ്ങൾ ഒത്തുചേരുകയും ഹൃദയങ്ങൾ ഒന്നിക്കുകയും ചെയ്യുമ്പോൾ ഓണത്തലേന്ന് സമ്മാനങ്ങളും ഓണക്കോടിയും നൽകുന്നത് ബന്ധങ്ങളെ ശക്തിപ്പെടുത്തുന്ന അർത്ഥവത്തായ ഒരു പ്രവൃത്തിയായി മാറുന്നു. ഇത് ഭതികതയെക്കുറിച്ചല്ല മറിച്ച് നമ്മുടെ ജീവിതം മികച്ചതാക്കുന്ന ആളുകളോടുള്ള കരുതൽ, സ്മരണ, മതിപ്പ് എന്നിവ പ്രകടിപ്പിക്കുന്നതിനാണ്. പ്രിയപ്പെട്ടവർ ക്ക് സമ്മാനം നൽകി അവരുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ കഴിയുന്ന ഒരു അവസരമാണ് ഓരോ ഉത്സവക്കാലവും നൽകുന്നതെന്ന് ഓർക്കുക. അത്തരത്തിൽ നമുക്ക് ചുറ്റുമുള്ളവരുടെ ജീവിതംകൂടി മികച്ചതാക്കാൻ കഴിയും. സമ്മാനം ലഭിക്കുന്ന ആളുടെ മുഖത്തുണ്ടാകുന്ന സന്തോഷവും സംതൃപ്‌തിയും എത്രമാത്രമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. അതിനായി വലിയ പണം മുടക്കേണ്ടതുമില്ല. വിലയേറിയ എന്തെങ്കിലും വാങ്ങേണ്ട ആവശ്യവുമില്ല. നിങ്ങൾ അവരെ എത്രമാത്രം പരിഗണിക്കുന്നുവെന്ന് സ്നേഹിക്കുന്നുവെന്ന് അടയാളപെടുത്തുകയാണ് ഓരോ സമ്മാനവും. അതുവഴി പ്രിയപ്പെട്ടവർ നിങ്ങളെ എക്കാലവും ഓർത്തുവയ്ക്കും. സമ്മാനം അവരുടെ ഇഷ്‌ടവും താൽപര്യവുമനുസരിച്ചായാൽ സന്തോഷത്തിന് ഇരട്ടി മധുരമായിരിക്കും ഉണ്ടാകുക.

സമൃദ്ധിയുടെയും ഐക്യത്തിന്‍റെയും പ്രതീകമായ ഓണത്തെ ജാതിമത ഭേദമന്യേ ജീവിതത്തിന്‍റെ നാനാ തുറകളിലുമുള്ള ആളുകൾ ഒരേ മനസ്സോടെയാണ് വരവേൽക്കുന്നത്. മാവേലി നാടുവാണീടും കാലം… മാനുഷരെല്ലാവരും ഒന്നുപോലെ ആമോദത്തോടെ വസിക്കും കാലം എന്ന നന്മയുടെ പാഠമാണ് ഓരോ ഓണക്കാലവും നമ്മെ ഓർമ്മപ്പെടുത്തുന്നത്. ഓണസദ്യയുടെ രുചിമേളം, വർണ്ണാഭമായ പൂക്കളങ്ങൾ, പരമ്പരാഗത കളികൾ, സംഗീതം, നൃത്തം എന്നിവയെല്ലാം മലയാള പൈതൃകത്തിന്‍റെ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്നു. ബന്ധങ്ങളെ വിലമതിക്കാനും കാഴ്ച്ചപ്പാടുകളും മൂല്യങ്ങളും ഉയർത്തിപ്പിടിക്കാനും സന്തോഷം പ്രസരിപ്പിക്കാനുമുള്ള മനോഹരമായ സമയമാണിത്.

തയ്യാറാക്കിയത്- എം കെ ഗീത, പ്രീത കെ ജി

और कहानियां पढ़ने के लिए क्लिक करें...