ഓട്ടോറിക്ഷ മുറ്റത്ത് വന്നുനിൽക്കുന്ന ശബ്ദം കേട്ടിട്ടാവണം അടുക്കളയിൽ നിന്നും അമ്മ തിടുക്കപ്പെട്ട് കോലായിലേക്ക് വരുന്നത് ഹരികൃഷ്ണൻ കണ്ടു.

“ങാ നീയായിരുന്നോ?” എന്ന ചോദ്യവും പിറകെ വന്നു.

“ഇന്ന് ഓഫീസ് അവധിയാ.. രണ്ടാം ശനിയുടെ. ഇവിടന്ന് എന്‍റെ കൊറച്ച് സാധനങ്ങൾ കൊണ്ടുപോകാനുണ്ട്. അതിനാ ഞാൻ..”

“അപ്പോ ഹേമ വന്നില്ലേ?”

“ഇല്ല ടൗണിൽ പോയിരിക്ക്യാ. എന്തൊക്കെയോ വാങ്ങാനുണ്ടെന്ന്.. അമ്മുവിനേം രമ്യേം കൂട്ടി.” അയാൾ അതും പറഞ്ഞുകൊണ്ട് വരാന്തയിലേക്ക് കയറി. ഉടനെ വന്നു അമ്മയുടെ അടുത്ത ചോദ്യം.

“നെനക്കെന്താ സുകൂലേ ഹരീ… കണ്ണും മൊകോക്കെ വല്ലാതിരിക്ക്?”

ഹരികൃഷ്ണൻ മറുപടിയും പെട്ടെന്നുണ്ടായി.

“അതമ്മേ രാത്രീല് നല്ല തല വേദനയായിരുന്നു. പഴയ മൈഗ്രേൻ… ശരിക്കൊറങ്ങില്ല്യ. ഇപ്പോ കൊഴപ്പുല്യ.”

അതും പറഞ്ഞ് അമ്മയുടെ മുഖത്തു നിന്നും കണ്ണെടുത്ത് അയാൾ വരാന്തയിലെ കസേരയിൽ ചാരിയിരുന്നു. കൂട് മാറിയ കിളി വീണ്ടും തന്‍റെ പഴയ കൂട്ടിലേക്ക് വന്നുകയറിയതിന്‍റെതായ ഒരു പരുങ്ങലോടെ അയാളങ്ങനെ ഇരിക്കുമ്പോൾ…

“നെനക്ക് കുടിക്കാനെന്തെങ്കിലും എടുക്കാം.” എന്നും പറഞ്ഞ് അമ്മ അകത്തേക്ക് കയറിപ്പോയി. ഇവിടുന്ന് ഏതാനും കിലോമീറ്ററുകൾക്കപ്പുറം അയാൾ ഒരു പുതിയ വീടുവച്ച് താമസം തുടങ്ങിയിട്ട് രണ്ടു ദിവസം ആകുന്നതേയുള്ളൂ. ഇന്ന് അവധി ആയതിനാലും കുടുംബ വീട്ടിൽ നിന്ന് ചില അതാവശ്യ സാധനങ്ങൾ എടുക്കാനുള്ളതു കൊണ്ടും അമ്മ വിളമ്പിത്തരുന്ന ഉച്ചയൂണ് കഴിക്കാനുള്ള കൊതികൊണ്ടും വന്നിരിക്കയാണ്. അയാളുടെ ഭാര്യ ഹേമയാകട്ടെ ചില വീട്ടുസാധനങ്ങളും മറ്റും വാങ്ങുന്നതിനായി പ്ലസ്‌ടുക്കാരി മകളെയും സ്വന്തം അനിയത്തി രമ്യയേയും കൂട്ടി ടൗണിലെ സുപ്പർ മാർക്കറ്റിൽ പോയിരിക്കുന്നു.

അമ്മ കൊണ്ടുവന്ന “സംഭാരം” വാങ്ങിക്കുടിച്ച് ഹരികൃഷ്‌ണൻ തെക്കെ മുറ്റത്തും പറമ്പിലുമായി അഞ്ചാറ് ചാൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഏറെ വർഷങ്ങൾക്കുശേഷം തറവാട്ടിൽ തിരിച്ചെത്തിയ ഒരാളുടെ കൗതുകത്തോടെയും ആവേശത്തോടെയുമാണ് രണ്ടുനാൾ മുമ്പ് പുതിയ വീട്ടിലേക്ക് മാറിപ്പോയ ഹരികൃഷ്ണൻ ആ വീട്ടുപരിസരം മുഴുവൻ കണ്ടുനടന്നത്.

അപ്പോഴേക്കും അമ്മ ഉണ്ണാൻ വിളിച്ചു. അയാൾ മുറ്റത്തെ പൈപ്പിൽ നിന്ന് കൈ കഴുകി അടുക്കളയിലേക്ക് നടന്നു.

ചുരുങ്ങിയനേരം കൊണ്ട് തനിക്കായി അമ്മ തയ്യാറാക്കിയ ഊണ് വിഭവങ്ങൾ മേശപുറത്ത് നിരത്തിയിരിക്കുന്നു. കൺ നിറയെ അയാളത് കണ്ടു. കുത്തരിയുടെ ചോറ്. പപ്പായ ഉപ്പേരി. കടുമാങ്ങ അച്ചാർ. പരിപ്പും മുരിങ്ങയിലയും ചേർത്തുണ്ടാക്കിയ ഒഴിച്ചുകറി. പപ്പടം, മോര്… പിന്നെ തനിക്കേറ്റവും ഇഷ്ടമുള്ള കയ്പ്‌പക്കാ കൊണ്ടാട്ടം.

തന്നോടുള്ള അമ്മയുടെ സ്നേഹ വാത്സല്യം മുഴുവനും ആ മേശപ്പുറത്ത് ഇത്തിരി വട്ടത്തിൽ… പാത്രത്തിൽ നിന്നും ഓരോ ഉരുള വാരിത്തിന്നുമ്പോഴും ഹരികൃഷ്ണൻ കണ്ണുകൾ ഈറനണിയുകയായിരുന്നു. ഊണ് കഴിഞ്ഞതും അയാൾ നേരെ ചെന്നത് രണ്ടു ദിവസം മുമ്പുവരെ താൻ കിടന്നുറങ്ങിയ പത്തുമുപ്പതു വർഷം തന്‍റെ സാമ്രാജ്യമായിരുന്ന മുറിയിലേക്കാണ്. ചില പ്രധാന വസ്‌തുക്കൾ ഇവിടുന്ന് പുതിയ വീട്ടിലേക്കു കൊണ്ടു പോകേണ്ടതുണ്ട്. മുറിയിലെ പഴയ ഇരുമ്പ് ഷെൽഫിൽ അടുക്കി കെട്ടിവച്ചിരിക്കുന്ന പഴയ മാസികകൾ കുറച്ച് പത്ര കട്ടിങ്ങുകൾ താൻ എഴുതിയ കവിതകൾ അച്ചടിച്ചുവന്ന മാസികകളും വാരാന്തപ്പതിപ്പുകളും. കോളേജ് പഠന കാലത്ത് സുഹൃത്തുക്കൾ അയച്ചിട്ടുള്ള കുറച്ചു കത്തുകൾ… പിന്നെയുള്ളത് താൻ ഈ വീട്ടിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ചില ലൊട്ടുലൊടുക്ക് സാധനങ്ങളാണ്. ഷേവിംഗ് സെറ്റ്, ടൂത്ത് ബ്രഷ്, കുളിക്കാൻ ഉപയോഗിക്കുന്ന തോർത്ത്, പേന, ലെറ്റർ പാഡ്, രണ്ട് മൂന്ന് പഴയ ഡയറി കൾ ഒരു മൊബൈൽ ചാർജർ. അങ്ങനെയങ്ങനെ കുറേ വസ്തുക്കൾ. ഇവിടുത്തെ എണ്ണമയമുള്ള പഴയ തോർത്തുകൊണ്ട് തോർത്തിയാലേ കുളിച്ചെന്ന തോന്നൽ തനിക്കുണ്ടാവൂ എന്നാലോചിച്ചപ്പോൾ ഹരികൃഷ്ണന് ഉള്ളിൽ ചിരിവന്നു.

ഒരു ബിഗ്ഷോപ്പറിലും മറ്റൊരു കവറിലും അയാൾ കിട്ടിയതെല്ലാം കുത്തി നിറച്ചു. ഇടയ്ക്ക് അമ്മ അടുക്കളയിൽ നിന്ന് എന്തൊക്കെയോ വിളിച്ചു ചോദിക്കുന്നും മറ്റുമുണ്ടായിരുന്നു. തനിക്ക് പുതിയ വീട്ടിലേക്ക് തന്നുവിടാനുള്ള ഓരോരോ സാധനങ്ങൾ പരതിയെടുക്കുകയാണ് പാവം. അത്യാവശ്യം വേണ്ടതൊക്കെ എടുത്തുവെച്ച് മുറിയിൽ നിന്നും പുറത്ത് കടന്നു. അപ്പോൾ കുളി മുറിയുടെ പുറത്ത് വരാന്തയിൽ അമ്മ നിൽക്കുന്നുണ്ടായിരുന്നു. കയ്യിൽ ഒരു കോപ്പയിൽ ഉച്ചഭക്ഷണത്തിന്‍റെ ബാക്കി മുറ്റത്തുള്ള കോഴികൾക്ക് വിതറിക്കൊടുക്കുകയാണ്. അമ്മയുടെ കയ്യിൽനിന്നും ചിതറി വീഴുന്ന വറ്റുകൾ കൊത്തിപ്പെറുക്കാൻ മത്സരിച്ചോടുന്ന കോഴികളെ നോക്കി ഏതാനും നിമിഷങ്ങൾ അയാൾ അവിടത്തന്നെ നിന്നു പോയി.

കുട്ടിക്കാലത്ത് ഞങ്ങൾ മൂന്നു മക്കൾക്കും അമ്മ ഉരുളയാക്കി ചോറ് വായിൽ വച്ചുതരുന്നതും. അനിയൻ എന്തെങ്കിലുമൊരു കാരണമുണ്ടാക്കി വാശിപിടിച്ച് പിണങ്ങിപ്പോകുന്നതും. അയാളും അനിയത്തിയും അവനെ ചൊടിപ്പിക്കാൻ ചുണ്ടുകൊണ്ട് കോക്രി കാട്ടിയതും എല്ലാം അയാൾക്ക് ഇപ്പോൾ ഓർമ്മയിലേക്ക് തികട്ടി വന്നു.

അനിയൻ ബിടെക് കഴിഞ്ഞ് ഗൾഫിലേക്ക് പോയി. വിവാഹശേഷം കുടുംബവുമൊത്ത് അവിടെ കഴിയുന്നു. ബിരുദ പഠനം പൂർത്തിയാക്കിയ അനിയത്തി മിലിട്ടറി ഉദ്യോഗസ്‌ഥനായ ഭർത്താവിനോടും മക്കളോടുമൊപ്പം ഇപ്പോൾ രാജസ്ഥാനിൽ…

ഹരികൃഷ്ണൻ ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു അച്‌ഛൻ മരണം. വർഷങ്ങളായിട്ട് ഈ വീട്ടിൽ അമ്മയോടൊപ്പം അയാളും കുടുംബവുമാണ്. ഇനിയങ്ങോട്ട് ഇവിടെ അമ്മ തനിച്ച്.

സ്വന്തമായി പുതിയ ഒരു വീട് അയാൾ ആഗ്രഹിച്ചതല്ല. പക്ഷേ ഹേമയുടെ നിർബ്ബന്ധം വാശി. അയാൾക്ക് വഴങ്ങേണ്ടിവന്നു. ബാങ്ക് ലോണും പിഎഫ് അഡ്വാൻസും.. പിന്നെ അവളുടെ ഓഹരി വിറ്റു കിട്ടിയ കുറച്ച് തുകയും. അങ്ങനെ മൂന്ന് വർഷത്തെ കഠിനാധ്വാനം. പുതിയ കോഴികൾക്ക് അന്നം കൊടുക്കുന്ന അമ്മയുടെ പിറകിലൂടെ ഹരികൃഷ്‌ണൻ മുറ്റത്തിറങ്ങി.

നേരെ കണ്ണുകൾ ചെന്നത് മുറ്റത്തോട് ചേർന്നു നിൽക്കുന്ന വടുകപ്പുളി മരത്തിലേക്കാണ്. വർഷങ്ങളായി നന്നായി കായ്‌ഫലം തരുന്ന മരം. എങ്കിലും ഇക്കൊല്ലം കായ്കൾ കുറച്ചേയുള്ളൂ. വിളഞ്ഞ് പാകമായിത്തുടങ്ങിയിട്ടില്ല. കുട്ടിക്കാലത്ത് തങ്ങളുടെ വിശപ്പും ദാഹവും ഒരു പരിധിവരെ പരിഹരിച്ചിരുന്ന ദയാനിധിയായിരുന്നല്ലോ ഈ മരം എന്ന് അപ്പോൾ നന്ദിയോടെ അയാൾ ഓർത്തു. കിണറിനടുത്തേക്ക് അയാൾ പതുക്കെ നടന്നു. മഴ മാറിയിട്ടും പുല്ല് വളർന്ന് കിണർ പരിസരം ആകെ വൃത്തികേടായിട്ടുണ്ട്. മുമ്പൊക്കെ അമ്മ തന്നെ അതെല്ലാം പറിച്ചു കളയുമായിരുന്നു. ഇപ്പോൾ നടുവേദനയും മുട്ടു വേദനയും എല്ലാം കൂടി. ഒന്നിനും വയ്യാതായിരിക്കുന്നു അമ്മയ്ക്ക്. അതാലോചിച്ചപ്പോൾ അയാൾക്ക് വിഷമം തോന്നി.

തേപ്പ് സിമൻറ് പലേടത്തും അടർന്നു മാറി ചെങ്കല്ല് തെളിഞ്ഞു കാണുന്ന കിണറിന്‍റെ ഫ്ളാറ്റ്ഫോമിലേക്ക് കയറി. കിണറിനുള്ളിലേക്ക് അയാൾ ഏന്തിവലിഞ്ഞ് നോക്കി. സ്ഫ‌ടികസമാനമായ തെളിനീർ. നീല നിറം. ഗ്രാമവിശുദ്ധി വിളംബരം ചെയ്യുന്ന ഈ തറവാട്ടുകിണറും ഇനി തന്‍റെ നഷ്ടങ്ങളുടെ പട്ടികയിലാണ്. പുതിയ പൊറുതി സ്‌ഥലത്തേക്ക് ഒരിക്കലും എടുത്തുകൊണ്ടുപോകാൻ പറ്റാത്ത ഒരു സ്നേഹകുംഭം. അതാണ് ഈ കിണർ. ഏത് കഠിനമായ വേനലിലും അടിത്തട്ടിൽ വറ്റാത്ത നീരുറവ കാത്തുസൂക്ഷിച്ച് ഈ കരുണാമയി ഞങ്ങൾക്കായി ചുരത്തി. എത്രയോ അനുഭവിച്ചതാണ് ആ സ്നേഹം. അമ്മയുടെ സ്നേഹം പോലെ.. അയാൾ പിന്നെയും കുറച്ചുനേരം എന്തൊക്കെയോ ആലോചിച്ചങ്ങനെ… പെട്ടെന്ന് വേറെന്തോ ചിന്തയിൽ കിണറിനടുത്തുനിന്നും ഹരികൃഷ്ണൻ മടങ്ങി. ഹേമയും മറ്റും ഇപ്പോൾ ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തും. അതിനും മുമ്പായി തനിക്ക്… അയാൾ വരാന്തയിലേക്ക് തിരിച്ചു കയറുമ്പോൾ അവിടെ അമ്മ ഉണ്ടായിരുന്നില്ല. മുറ്റത്ത് അമ്മയുടെ സ്നേഹം അനുഭവിച്ചുകൊണ്ട് ഓടി നടന്നിരുന്ന ആ കോഴികളും.

और कहानियां पढ़ने के लिए क्लिक करें...