ഞാനൊരു ഫെമിനിസ്റ്റാണ്. സ്ത്രീകളെക്കുറിച്ച് എന്തു പറഞ്ഞാലും എനിക്ക് വികാരം വരും. വീടിനുള്ളിൽ വേണം ഫെമിനിസം ആദ്യം നടപ്പിലാക്കേണ്ടത് എന്ന അജണ്ടയുടെ പ്രാരംഭ നടപടിയെന്ന നിലയ്ക്കാണ് കഴിഞ്ഞ സൺഡേ മുതൽ ചില കൽപ്പനകൾ ഒക്കെ തുടങ്ങിയത്. സ്വന്തം തുണി സ്വയം കഴുകി മടക്കി വെക്കണം. കഴിച്ച പാത്രം കഴുകി വെക്കണം. മൂന്നാമത്തെ കൽപ്പന കുറച്ച് കടുപ്പം കൂടിയതാണ്. ഇടയ്ക്ക് വല്ലപ്പോഴും വീട് തൂക്കണം. പെണ്ണ് തൂത്താൽ മാത്രമേ വീട് വൃത്തിയാവൂ എന്നില്ല. ആര് തൂത്താലും അഴുക്ക് പോകും.
“ഇതൊക്കെ എന്നോട് മാത്രം പറയുന്നത് എന്തിനാണ് അച്‌ഛനോട് കൽപ്പിക്കാത്തത് എന്താണ്? ചെറുക്കന് പിടിച്ച മട്ടില്ല. അച്ഛനെ എനിക്ക് കിട്ടിയപ്പോഴേക്കും മൂത്തു നരച്ചു പോയി.”
“അമ്മേ എന്നു മുതലാണ് അമ്മ ഫെമിനിസ്‌റ്റ് ആയത്.”
“കൃത്യമായി പറയുകയാണെങ്കിൽ ഇന്നലെ രാത്രി 10 മണിക്ക്.”
“എന്തു സംഭവിച്ചു?”
“ഇന്നലെ അഗതാ ക്രിസ്റ്റി എന്ന എന്‍റെ കൂട്ടുകാരി പറഞ്ഞു. അവൾ ഫെമിനിസത്തിലേക്ക് നടക്കുകയാണ്. അപ്പോൾ ഞാനും ചിന്തിച്ചു വഴിമാറി നടക്കണം. ഓരേ വഴി തന്നെ എന്നും നടക്കണ്ട. പ്രഖ്യാപിത നയങ്ങളിൽ അടുത്തത് ഭർത്താവിനോടുള്ള നിവേദനമാണ്. എനിക്ക് പെൻഷൻ അനുവദിക്കണം.”
“ഇപ്പോഴോ?”
“അതെ ഇതുവരെ ചെയ്ത എല്ലാ ജോലിക്കും ശമ്പളം നിങ്ങൾ തന്നിട്ടില്ല. ഇനി പെൻഷൻ എങ്കിലും വേണം. ഒരു യന്ത്രത്തെപ്പോലെ അലക്കുക തൂക്കുക തുടയ്ക്കുക വെക്കുക വിളമ്പുക ഇതൊക്കെ എത്രകാലമായി ഞാൻ ചെയ്യുന്നു. കിടപ്പറ പങ്കിടുന്നു.”
“കഴിഞ്ഞ ആഴ്ച്‌ച വാങ്ങിച്ച പട്ടുസാ രിയുടെ വില അറിയാമോ?” ഭർത്താവ് ചോദിച്ചു.
“ഞാൻ ഭൗതിക വസ്‌തുക്കളുടെ വില സൂക്ഷിക്കാറില്ല. ഒരു കാര്യം ചെയ്യാം. ഞാൻ വീട്ടുപണികൾ എല്ലാം ചെയ്യാം. പകരം ഇന്നുമുതൽ ശ്രീമതി പുറത്തുപോയി ജോലി ചെയ്യണം. ലോൺ മുതൽ എല്ലാ ബാധ്യതകളും അടക്കണം. എനിക്ക് നീ പെൻഷൻ തന്നാൽ മതി.”
അയാൾ മന്ദഹസിച്ചു. കണ്ണടക്കുള്ളിൽ നിന്ന് കണ്ണ് പുറത്തേക്ക് ഇറങ്ങി വരുന്നു. ആകാംക്ഷ കൂടുമ്പോൾ കണ്ണ് കാട്ടുന്ന ചില വേലത്തരങ്ങൾ…
“നാരി ശക്തി സ്ത്രീ അവകാശങ്ങളെക്കുറിച്ചുള്ള എന്‍റെ പ്രബന്ധമാണ്. ഇത് ടൈപ്പ് ചെയ്ത് പ്രിന്‍റ് എടുത്ത് കൊണ്ടു വരണം. ഓഫീസിലുള്ള പയ്യനെ കൊണ്ട് ചെയ്യിപ്പിച്ചാൽ മതി. എനിക്ക് ടൗൺ ഹാളിൽ വനിതാ ദിനത്തിൽ അവതരിപ്പിക്കാൻ ഉള്ളതാണ്.”
ടൈപ്പ് ചെയ്യുമ്പോൾ പയ്യൻ സാറിന്‍റെ മുഖത്തേക്ക് നോക്കി. “ഇതെന്തൊരു മനുഷ്യൻ” ഇങ്ങേരെക്കുറിച്ചല്ലേ അവർ ഇതൊക്കെ എഴുതി വച്ചിരിക്കുന്നത്. ഇയാൾക്ക് ഭാര്യയെ ഭയം ആയിരിക്കും. ഇവിടെ ഈറ്റപ്പുലി. വീട്ടിൽ തറ തുടയ്ക്കുന്നു, പാത്രം കഴുകുന്നു, പട്ട് സാരി തേക്കുന്നു. ടൈപ്പ് ചെയ്ത് മാറ്റർ കൊണ്ടു കൊടുത്തപ്പോൾ സാറിന്‍റെ പരബ്രഹ്‌മം പോലുള്ള ഇരിപ്പ് കണ്ട് പയ്യൻസിന് കലി വന്നു.
“സാറേ… ഇതൊക്കെ പ്രസിദ്ധീകരിക്കപ്പെടില്ലേ? എന്നാലും ഇങ്ങനെയൊക്കെ എഴുതാൻ പാടുണ്ടോ? സാറിന് മോശമല്ലേ.”
സാർ ചിരിച്ചു. “എടോ ഇതൊക്കെ പ്രസിദ്ധീകരിക്കണം. കട്ടിലിൽ ശയിക്കാനുള്ള ശയനോപകരണമല്ല സ്ത്രീ. പിന്നെന്താ മക്കളെ പെറ്റുകൂട്ടുന്ന പേറ്റിച്ചിയല്ലെന്ന്. എത്ര മനോഹരമായ സങ്കൽപ്പങ്ങൾ. ഇതിൽ എവിടെയെങ്കിലും വനിതാ റിസർവേഷൻ ബില്ലിനെ കുറിച്ച് പരാമർശിച്ചിട്ടുണ്ടോ? അതില്ല. സ്ത്രീകൾക്ക് എന്നാണ് ആദ്യമായി വോട്ടവകാശം കി ട്ടിയതെന്ന് പറഞ്ഞിട്ടുണ്ടോ? അതൊന്നും ഇല്ല. മുലക്കരം എന്നൊരു കരത്തിനെതിരെ സ്ത്രീകൾ നടത്തിയ പ്രക്ഷോഭത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ? അറ്റ്‌ലീസ്‌റ്റ് തുണിക്കടകളിൽ ഇരിക്കാനുള്ള അവകാശത്തെക്കുറിച്ച് സെയിത്സ് ഗേൾസ് നടത്തിയ കാലിക പ്രക്ഷോഭത്തെക്കുറിച്ച് പരാമർശമുണ്ടോ? അതൊന്നും ഇല്ല. പിന്നെയെന്താ ഉള്ളത്? പയ്യൻസിന് പിടി കിട്ടുന്നില്ല. സ്വന്തം ജീവിതത്തിന്‍റെ നേർപാതിയെ താറടിക്കുക. പുരുഷ വിദ്വേഷം ആളിക്കത്തിക്കുക. മനുഷ്യർ എന്ന നിലയിൽ കിട്ടേണ്ട തുല്യ വേതനത്തെക്കുറിച്ച് എന്തെങ്കിലും ഉണ്ടോ? ഇല്ല പുരുഷവിദ്വേഷ ജൽപനങ്ങൾ ഇഞ്ചോട് ഇഞ്ച് ഉണ്ട്. ഇതൊക്കെ ആളുകൾ വായിക്കണം സ്വന്തം ജൈവീകതയെക്കുറിച്ച് പ്രത്യുൽപാദന ധർമ്മങ്ങളെക്കുറിച്ച് ഇത്ര വില കുറച്ച് സ്ത്രീ തന്നെ പറയുമ്പോൾ അത് വായിക്കപ്പെടേണ്ടതല്ലേ?”
“എന്നാലും എന്‍റെ സാറേ.”
“കാര്യം എന്‍റെ ഭാര്യ തന്നെ എന്നാലും മോരെന്താ മുതിരയെന്താ എന്ന് മനസ്സിലാക്കാതെ ഏതിനും ഫെമിനിസം പറയരുത് അതൊക്കെ ആഴത്തിലുള്ള ചിന്താധാരയാണ്. വിഷയത്തിന്‍റെ ഗൗരവത്തെ മറന്ന് ചാപല്യങ്ങൾ കാട്ടി ചിരിപ്പിക്കാൻ ഉള്ള വക ഉണ്ടാക്കുന്നു. ഇനി ഞാൻ പറഞ്ഞത് കേട്ടില്ലെങ്കിൽ പത്രം കത്തിക്കും. ശ്രീമതിയുടെ ഭീഷണി.
“എന്താണ് ഇത്ര പറയാനുള്ളത്.”
“അവൾക്ക് ഒരു പുരുഷന് മുന്നിൽ താലി കെട്ടാൻ തലകുനിക്കാൻ വയ്യെന്ന് അതൊരു അടിമച്ചങ്ങലായാണെന്ന്”
“എന്നാൽ അവൾ കുനിക്കണ്ട.. അങ്ങോട്ട് ഒരു മാല ഇട്ടു കൊടുക്കാൻ പറ.”
“നിങ്ങളുടെ തമാശ കേൾക്കാനുള്ള മാനസിക അവസ്‌ഥയിൽ അല്ല ഞാൻ പെണ്ണിന് വയസ്സ് 28 കഴിഞ്ഞു. ഇപ്പോ പഠിത്തം കഴിഞ്ഞു ജോലിയും കിട്ടി. “
“അവൾ തിരഞ്ഞെടുത്ത പയ്യൻ അല്ലേ? പിന്നെ എന്താണ് പ്രശ്നം?”
“കല്യാണം വേണ്ട ലിവിങ് ടുഗതർ മതിയെന്ന്.
“പിന്നെ അതേ അവൾക്ക് കുട്ടികൾ വേണ്ട എന്ന്. നന്നായി എന്‍റെ മകളുടെ ആ കാഴ്ചപ്പാടിനോട് എനിക്ക് മതിപ്പ് തന്നെ. ജനസംഖ്യ വർദ്ധിച്ച ചൈനയെ മറി കടക്കാൻ ഒരുങ്ങുന്ന ഇന്ത്യ മഹാരാജ്യത്തിലെ പ്രജ എന്ന നിലയിൽ അവളുടെ ദേശ സ്നേഹത്തെ ഞാൻ മാനിക്കുന്നു.”
“ദേശസ്നേഹം മണ്ണാങ്കട്ട. കുട്ടികളൊക്കെ ജോലിത്തിരക്കിൽ ഒരു ബർഡൻ ആണെന്ന്. അതുകൊണ്ട് ഈ പ്രായത്തിൽ അണ്ഡം ഭ്രൂണ ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യുമെന്ന്. കുഞ്ഞുങ്ങൾ വേണമെന്ന് തോന്നുമ്പോൾ ഗർഭപാത്രത്തിൽ ഇൻസർട്ട് ചെയ്യാമെന്ന്.”
“അപ്പോൾ അച്ഛൻ കഥാപാത്രം വേണ്ട. അതിനുള്ള വസ്തു ഭ്രൂണ ബാങ്ക് നൽകുമായിരിക്കും.”
“അതൊന്നും എനിക്കറിയില്ല. എന്നായാലും ഈ ഏർപ്പാട് അത്ര കൊള്ളില്ല.” അമ്മയ്ക്ക് ഇക്കാര്യത്തിൽ ഉറച്ച നിലപാട് വന്നിരിക്കുന്നു. അഗതാ ക്രിസ്‌റ്റിയുടെ നിലപാടിൽ അവൾ വെള്ളം ചേർത്ത് തുടങ്ങിയിരിക്കുന്നു. ഗാഥ ഞങ്ങളുടെ പൊന്നോമന പുത്രി വാതിലിനരികിൽ മറഞ്ഞുനിന്ന് ഞങ്ങളുടെ ചർച്ച സാകൂതം വീക്ഷിക്കുകയായിരുന്നു. സമയമാകുമ്പോൾ ഇടപെടാൻ അവസരം കൊതിക്കുന്ന റഫറിയെ പോലെ.
“അച്‌ഛാ ഇന്നത്തെ കാലത്ത് ജീവിതം ജീവിക്കുക അത്ര നിസ്സാരമല്ല. പ്രമോഷനൊക്കെ നേടിയെടുത്ത് ജീവിതം ഒന്ന് സെറ്റിൽ ആയിട്ട് കുഞ്ഞുങ്ങൾ ആകുന്നതാണ് സെയ്ഫ്.”
“അതെ അമ്മൂമ്മയാകേണ്ട പ്രായത്തിൽ അമ്മയാവുക.” അച്‌ഛൻ വിടാനുള്ള മട്ടില്ല.
“നീ കൊച്ചായിരുന്നപ്പോൾ നിന്‍റെ പിന്നാല അമ്മ പാർക്കിലൂടെ ഓടുമായിരുന്നു. നിനക്ക് വേണ്ടിയാണ് അവൾ ജോലിക്ക് പോകണ്ടെന്നു വച്ചത്. ഇന്ന് ആ ജോലി തുടരുകയാണെങ്കിൽ മിനിമം ഒരു ബാങ്ക് മാനേജരെങ്കിലും ആയേനെ എന്‍റെ ശ്രീമതി. പക്ഷേ ഒരിക്കൽപോലും അമ്മ അതിൽ പരാതി പറയുന്നത് കേട്ടിട്ടില്ല.”
“അച്‌ഛാ അത് അന്തകാലം. 5000 രൂപയ്ക്ക് മാസ ചെലവ് കഴിഞ്ഞ കാലം. ഇന്ന് അങ്ങനെയാണോ?”
ശരിയാണ് മോള് പറഞ്ഞത്. അയാൾ ഓർത്തു. തന്‍റെ വിവരമില്ലായ്‌മ കുട്ടികളുടെ ജീവിതത്തിൽ സൃഷ്‌ടിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് ബോധവാനായതുകൊണ്ട് അയാൾ പത്രത്തിലേക്ക് തലതാഴ്ത്തി ഒരു കൂപമണ്ഡുകത്തെ പോലെ ഇരുന്നു.
അമ്മയും മകളും തമ്മിലുള്ള സംഭാഷണം ഡൈനിംഗ് റൂമിന് വെളിയിലേക്ക് കേൾക്കാം. അമ്മ ഉച്ചഭാഷിണിക്ക് മുന്നിലാണെന്ന് വിചാരിച്ചോ എന്തോ? വനിതാദിനാവേശം ഉന്മത്തയാക്കിയോ.
“നീ കണ്ടിട്ടുള്ള അച്‌ഛനല്ല അച്‌ഛൻ ജോലികൾ സഹായിക്കാത്തതിന് ഞാൻ അച്‌ഛനെ കുറ്റം പറഞ്ഞിട്ടുണ്ട്. അത് ഭാര്യ എന്ന നിലയിൽ എന്‍റെ അവകാശമാണ്. പക്ഷേ ഞാൻ ഒന്നു വീണാൽ എന്‍റെ അരികിലിരിക്കാൻ ആ മനുഷ്യൻ ഉണ്ടായിരുന്നു എന്നും.”
“ഈ കുടുംബത്തിന്‍റെ ഭാരം കഴുതയെപ്പോലെ ഒറ്റയ്ക്ക് വലിച്ചു എന്ന് ഞാ ൻ പറയുന്നില്ല. പക്ഷേ നമ്മുടെ ഒരാവശ്യങ്ങൾക്കും കുറവ് വന്നിട്ടില്ല ഗാഥേ…”
“അതിന് നിങ്ങളുടെ കാലത്ത് സ്ത്രീകൾക്ക് എന്ത് ആവശ്യമാണുള്ളത്. ഉടുക്കാൻ തുണി, കുളിക്കാൻ സോപ്പ് അതിനപ്പുറം എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടോ? ഒരു മനുഷ്യജീവി എന്ന നിലയിൽ സ്വന്തം ആഗ്രഹങ്ങളോട് നീതിപുലർത്താതെ എന്നും ഒരു അടിമയെപോലെ പേരിന് ഒരു ഭാര്യ.”
“അതെ പേരിന് ഒരു ഭാര്യയാണ്. പക്ഷേ നെറ്റിയിൽ കുങ്കുമം ഉള്ളിടത്തോളം കാലം ആ പേരിൽ ഞാൻ തന്നെ ഉണ്ടാകും. അത്തരമൊരു ഉറപ്പ് നിനക്ക് ലിവിംഗ് പാർട്‌ണറിൽ നിന്ന് കിട്ടുമോ?”
“ഓ നരച്ചു മടുത്ത് പഴം തുണിപോലുള്ള കുടുംബജീവിതം. പൊലിപ്പിച്ചു പറയാം അത്രമാത്രം.”
“ഒരു പ്രായം കഴിയുമ്പോൾ പഴം തുണിയാണ് ഉടുക്കാൻ സുഖം മോളെ. ശരീരത്തിന്‍റെ ആവശ്യങ്ങളും മനസ്സിന്‍റെ ആവശ്യങ്ങളും ലഘുവായി തുടങ്ങുന്ന ഒരു പ്രായമുണ്ട്. അക്കാലത്ത് വാരിപ്പുതയ്ക്കാൻ ഒരു പഴം തുണി എങ്കിലും കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് എന്‍റെ മോള് ആഗ്രഹിക്കാൻ ഇടവരരുത്.”
“ആഹാ ഇതാര് നിലവിളക്കിലെ ആന്‍റിയോ.. അമ്മേ മെലോഡ്രാമ കളിക്കരുത്. ഇത് ഞാനും മനുവും ഒന്നിച്ചെടുത്ത തീരുമാനമാണ്. പരസ്‌പരം ഒരു പരിധിയിൽ കവിഞ്ഞ് അഡ്‌ജസ്റ്റ് ചെയ്യാനൊന്നും ഞങ്ങളെക്കൊണ്ടാവില്ല. ഞങ്ങൾ ഒരേ പ്രൊഫഷൻ സെയിം സ്‌റ്റാറ്റസ്സ്. ഭാര്യയും ഭർത്താവുമായാൽ അധികാരം അവകാശം കമ്മിറ്റ്‌മെന്‍റ് അങ്ങനെ പലതും കടന്നുവരും. ഉള്ള ജീവിതം അടിച്ചുപൊളിക്കുക. ഇന്നാണ് ജീവിക്കേണ്ടത്. നാളെ ഉണ്ടാവുമോ എന്ന് ആർക്കറിയാം.”
“ഈ കാലവും കടന്നുപോകും. വാർദ്ധക്യത്തിൽ ഒരു തുണ അത് ഉണ്ടാവുമോ ഗാഥേ?”
“അമ്മാ ഇനി റോബോട്ടുകളുടെ കാലമാണ്. നമുക്ക് താങ്ങാവുന്ന നിരക്കിൽ ഒക്കെ അവൈലബിൾ ആവും. ഒരു പെറ്റും റോബോട്ടും മതിയല്ലോ കൂട്ടിന്. ഹ്യൂമൻ ബീയിംഗ്‌സ് റിസ്ക്കാണ്. ഇമോഷൻ ഈഗോ ചുമരുകൾക്കുള്ളിൽ ശ്വാസം മുട്ടും.”
“നോക്കൂ.. ജപ്പാനിൽ ഒരാൾ റോബോയെ പ്രണയിച്ച് വിവാഹം കഴിക്കാനൊരുങ്ങുന്നു. വിശ്വസിക്കൂ. ലോകം മാറിയമ്മാ ഒരുപാട്. ഒരു കാര്യം അച്‌ഛനോട് പറഞ്ഞേക്കു.. സ്വർണം എന്നും വെഡിംഗ് എന്നും പറഞ്ഞ് കാശ് കളയണ്ട. ടു ബെഡ്റൂം ഫ്ളാറ്റ് മതി. ഇനിയുള്ളകാലം ലോൺ അടച്ച് ജീവിതം കളയണ്ടല്ലോ. 50 ലക്ഷത്തിന് കൂനത്തറയിൽ നല്ല ഫ്ളാറ്റ് കിട്ടുമെന്നാണ് മനു പറഞ്ഞത്. അതാവുമ്പോൾ അവന്‍റെ പോക്ക് വരവും സൗകര്യമാണ്. എനിക്കും സമ്മതം. വെറുതെ കുറേ ഭൂമി കാത്ത് സൂക്ഷിച്ചിട്ടെന്ത് കാര്യം.”
മകളുടെ ബുദ്ധിശക്തിയിൽ അമ്മക്കത്ര മതിപ്പ് തോന്നുന്നില്ല. ഈയിടെയായിട്ട് അങ്ങനെയാണ് ചേരുംപടി ചേർക്കാനാവുന്നില്ല ഒന്നും തന്നെ. പൂരിപ്പിക്കാനാവാത്ത പദപ്രശ്നം പോലെ ജീവിതം അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്നു. വീട്ടുകാർ കണ്ട് തീരുമാനിച്ച് ആർഭാടമായി നടത്തിയതാണ് ചേച്ചിയുടെ മകൾ അനന്തവല്ലിയുടെ വിവാഹം. അനന്തവല്ലി ഗാഥയെപ്പോലെയല്ല ഒതുങ്ങിയ പ്രകൃതം. പഴയ സിനിമയിലെ ജലജയെപ്പോലെ വല്ലി ചേച്ചി എന്ന് ഗാഥ കളിയാക്കും. ഒന്നിനോടും വലിയ മമതയില്ല. എന്തിനോടും പെട്ടെന്ന് അഡ്‌ജഡാവും. പ്രത്യേകിച്ച് കാരണമൊന്നും പറഞ്ഞില്ല. വീട്ടിൽ വന്ന് നിൽപ്പായി. കുട്ടികളില്ലാത്ത പ്രശ്നം ഉണ്ട്. അതിന് എന്തൊക്കെ ട്രീറ്റ്‌മെന്‍റ് ഉണ്ട്. അഞ്ചു വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഒരു സൂട്ട്കെയ്‌സിൽ കൊള്ളുന്ന സാധനങ്ങളുമായി വന്നിറങ്ങിയപ്പോഴും വലിയ ആധി കണ്ടില്ല. ഒരിക്കൽ ഒരു കല്ല്യാണ വിശേഷം പറഞ്ഞപ്പോൾ വല്ലി ചോദിച്ചു.
“ചെറിയമ്മേ ഗാഥക്കുട്ടിയും അപ്പൂട്ടനും ഇല്ലെങ്കിൽ ചെറിയച്‌ഛന് ചെറിയമ്മയെ മടുക്കുമോ ദാമ്പത്യത്തിന്‍റെ ത്രില്ല് കുറച്ച് കഴിഞ്ഞാ പോകുംന്ന് പിന്നെ കുഞ്ഞുങ്ങളാണ് ജീവിതം തളിർപ്പിക്കാന്ന് പറയുന്നത് ശരിയാണോ”
“അങ്ങനെയൊന്നുമില്ല. വല്ലി മോൾക്ക് ദത്തെടുക്കാമായിരുന്നില്ലേ?”
“അത് എനിക്കു മാത്രം തോന്നിയിട്ട് കാര്യമില്ലല്ലോ. ഒരാവേശത്തിന് പോന്നതല്ല. ഒരിധകപ്പറ്റാണെന്ന് തോന്നി. നിസ്സാര കാര്യങ്ങൾക്ക് എപ്പോഴും യുദ്ധം ചെയ്യുന്നത് എപ്പഴാന്നറിയോ. ഉള്ളിൽ വെറുപ്പ് നുരഞ്ഞ് പതയുമ്പോ ചെയ്ത നന്മകളൊന്നും കാണില്ല. ഡൈവോഴ്‌സ് വരെയൊന്നും കാത്തില്ല. പുതിയ ആലോചനകളുടെ ബഹളം. ഏട്ടത്തീടെ കുട്ടികൾ എടക്ക് വിളിക്കും. പുതിയ അമ്മായി റൂമിൽ കയറ്റില്ല. സിനിമക്ക് കൂട്ടണില്ല. എനിക്കവിടെ സ്വന്തമായി ഒരു റൂം ഇല്ലായിരുന്നല്ലോ എന്ന് അപ്പഴാ ഞാനോർത്തത്. സ്വന്തമായി ഒരിടം സൃഷ്‌ടിക്കാൻ കഴിഞ്ഞില്ല. എത്ര പെട്ടന്നാ ഹരിയേട്ടൻ പുതിയ ജീവിതത്തോട് ഇണങ്ങിയത്.
വെയില് മൂത്താൽ സൈനസ്സ് വരും എന്ന് പറഞ്ഞ് വേഗം ഇറങ്ങി. കേട്ട വിശേഷങ്ങൾ വല്ലിയോട് ചിലപ്പോ പറഞ്ഞ് പോകും. ഹരി ഡീ അഡിക്ഷൻ സെന്‍ററിലാണ്. പുതിയ ജീവിതം ഇണക്കിച്ചേർക്കാൻ ഉള്ള ശ്രമത്തിൽ പുതിയ ശീലവും കൂട്ടുകെട്ടും. വേണ്ട മുറിഞ്ഞത് മുറിഞ്ഞു. ഓർമകളെ കാടും പടലവും വെട്ടി ഒരിടത്ത് ഒതുക്കി ഇട്ട് ചുരുട്ടി കൂട്ടി കത്തിക്കണം. ഇടയ്ക്ക് വല്ലാണ്ട് ശല്യപ്പെടുത്തുന്നു. മൈക്കിന് മുന്നിൽ നിൽക്കുമ്പോ പഠിച്ചതും വായിച്ചതുമായ കാര്യങ്ങൾ സീതാലക്ഷ്മി പാടെ മറന്നു. മുന്നിലിരിക്കുന്ന ആൾക്കൂട്ടത്തെ മറന്നു.
അഗത ക്രിസ്‌റ്റി ഒരു കുറിപ്പ് തന്നു. സ്‌റ്റേജിൽ കയറും മുമ്പ്. പീഢനത്തിനിരയായ കുഞ്ഞു പെൺകുട്ടികളുടെ ചിത്രം. ഇരകളെ പീഡിപ്പിക്കുന്നതിന്‍റെ വ്യത്യസ്‌ത ചിത്രങ്ങൾ. അവന്മാരെ കത്തിക്കണം പച്ചക്ക്. കുറിപ്പിൽ കുനാകുനാ എഴുതിയിട്ടുണ്ട്.
ഒരമ്മൂമ്മയുടെ മടിയിൽ കൊച്ചു പെൺകുട്ടിയിരിപ്പുണ്ട്. ആ കണ്ണിലേക്ക് നോക്കി അവൾ സംസാരിച്ചു. ഒരാളും ഒരാൾക്കും എതിരില്ല. ലിംഗനീതിയെക്കുറിച്ച് പറയുമ്പോൾ ജൈവികമായ അസമത്വങ്ങളെക്കുറിച്ച് പറയണം. സമത്വത്തിന്‍റെ പാഠങ്ങൾ പഠിക്കേണ്ടത് കുടുംബങ്ങളിൽ നിന്നാണ്. ഇനി വീടുകൾ ഉണ്ടാകുമോ. കുടുംബം എന്ന വ്യവസ്‌ഥ ഉണ്ടാകുമോ. എനിക്ക് പറയാനുള്ളത് തച്ചുടക്കലിന്‍റെ നീതി ശാസ്ത്രമല്ല. നമ്മുടെ ആൺമക്കൾ നമ്മുടേത് തന്നെ. പെൺകുഞ്ഞുങ്ങളും. അവർക്ക് സഹവർത്തിത്വത്തിന്‍റെ സമാന്തരപാഠങ്ങൾ എവിടെ നിന്ന് ലഭിക്കും. ഉയിരില്ലാത്ത വാർപ്പു കെട്ടിടങ്ങൾ വീടാകുന്നതെങ്ങനെ. അച്ചടിച്ച പ്രബന്ധം കാറിലിരിക്കുകയാണല്ലോ സീത ലക്ഷ്‌മി ബുദ്ധിമുട്ടുമോ? വിശ്വനാഥൻ കർത്ത കാറിനരികിലേക്ക് പോകുമ്പോൾ ആരോ അരികിൽ നിന്ന് പറയുന്നു. ഹ്യുമനിസ്‌റ്റായ ഫെമിനിസ്റ്റ്. പെട്ടന്നയാൾ നിന്നു. ഇസത്തിൽ വെള്ളം ചേർക്കാതെ സംശുദ്ധമായി അവൾ സംസാരിക്കുന്നു. ഇനി കുറിപ്പടികഷായം വേണ്ട. സന്ധ്യക്കെന്തിന് സിന്ദൂരം ഒരു മൂളിപ്പാട്ട് പാടിയാലോ….